യുവജനങ്ങൾ ചോദിക്കുന്നു . . .
മാതാപിതാക്കൾ എന്റെ വിവാഹത്തെ എതിർക്കുന്നുവെങ്കിലോ?
ലാക്കീഷയും കാമുകനും വിവാഹിതരാകുന്നതിനെപ്പറ്റി ചിന്തിക്കുകയാണ്. എന്നാൽ അവളുടെ അമ്മ സമ്മതിക്കുന്നില്ല. “ഇക്കൊല്ലം എനിക്ക് 19 വയസ്സു തികയും, പക്ഷേ 21 വയസ്സാകട്ടെ എന്നാണ് മമ്മി പറയുന്നത്.”
നിങ്ങൾ വിവാഹം കഴിക്കാൻ പരിപാടിയിടുന്നെങ്കിൽ മാതാപിതാക്കളും അതിൽ സന്തോഷിക്കണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം മാത്രം. നിങ്ങൾ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന വ്യക്തിയെ മാതാപിതാക്കൾക്ക് ഇഷ്ടമില്ലെങ്കിൽ അത് നിങ്ങളെ വിഷമിപ്പിച്ചേക്കാം. നിങ്ങൾ എന്തു ചെയ്യണം? അവരുടെ ആഗ്രഹങ്ങളെ തൃണവൽഗണിച്ചുകൊണ്ട് വിവാഹ പരിപാടികളുമായി മുമ്പോട്ടു പോകുകയാണോ വേണ്ടത്?a
മാതാപിതാക്കളുടെ സമ്മതമില്ലെങ്കിൽപ്പോലും നിയമാനുസൃതം വിവാഹം കഴിക്കാൻ പ്രായമായിട്ടുണ്ടെങ്കിൽ അങ്ങനെ ചെയ്യാൻ നിങ്ങൾ പ്രേരിതരായേക്കാം. എന്നാൽ ഒരുവന്റെ മാതാപിതാക്കളോട് ആദരവും ബഹുമാനവും കാണിക്കുന്നതിന് ബൈബിൾ പ്രായപരിധി കൽപ്പിക്കുന്നില്ല. (സദൃശവാക്യങ്ങൾ 1:8) അവരുടെ വികാരങ്ങളെ അവഗണിക്കുന്നെങ്കിൽ അവരുമായുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടാൻ നിങ്ങൾ ഇടയാക്കിയേക്കാം, ഒരുപക്ഷേ ദീർഘകാലത്തേക്കുപോലും. തന്നെയുമല്ല, നിങ്ങളുടെ വിവാഹത്തെ എതിർക്കുന്നതിന് മാതാപിതാക്കൾക്കു തക്കതായ കാരണവുമുണ്ടായിരുന്നേക്കാം.
പ്രായമായിട്ടില്ല എന്നുവെച്ചാൽ എന്താണ്?
ഉദാഹരണത്തിന്, നിങ്ങൾക്കു വിവാഹപ്രായമായിട്ടില്ലെന്നാണോ മാതാപിതാക്കൾ പറയുന്നത്? ഇത്ര വയസ്സ് ആയാലേ വിവാഹം കഴിക്കാവൂ എന്നൊന്നും ബൈബിൾ പറയുന്നില്ല. എന്നാൽ വിവാഹം കഴിക്കുന്നതിനു മുമ്പ് ഒരു വ്യക്തി, താരുണ്യത്തെ തുടർന്ന് ലൈംഗികമോഹങ്ങൾ മൂർധന്യത്തിലെത്തുന്ന “നവയൗവനം പിന്നിട്ടിരി”ക്കേണ്ടതാണെന്ന് അത് നിർദേശിക്കുന്നു. (1 കൊരിന്ത്യർ 7:36, NW) കാരണം? അത്തരം യുവജനങ്ങളിൽ, വൈകാരിക പക്വതയും ആത്മനിയന്ത്രണവും വിവാഹജീവിതം കൈകാര്യം ചെയ്യുന്നതിന് അനിവാര്യമായിരിക്കുന്ന ആത്മീയഗുണങ്ങളും വികാസംപ്രാപിച്ചുവരുന്നതേയുള്ളൂ.—1 കൊരിന്ത്യർ 13:11; ഗലാത്യർ 5:22, 23 എന്നിവ താരതമ്യം ചെയ്യുക.
20 വയസ്സുള്ള ഡേൽ വിവാഹിതനാകാൻ തീരുമാനിച്ചു. എന്നാൽ മാതാപിതാക്കൾ എതിർത്തപ്പോൾ അവനാകെ വിഷമമായി. “എനിക്ക് വിവാഹപ്രായമായിട്ടില്ലെന്നും അനുഭവജ്ഞാനമില്ലെന്നും അവർ പറഞ്ഞു,” അവൻ പറയുന്നു. “ഞങ്ങൾ വിവാഹിതരാകാൻ സജ്ജരാണെന്നും വിവാഹത്തിനുശേഷം എല്ലാം താനേ പഠിച്ചെടുക്കാമെന്നും ഞാൻ കരുതി. പക്ഷേ ഞാൻ വികാരത്തിന്റെ പുറത്തല്ല ഇത് ചെയ്യുന്നതെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾ ആഗ്രഹിച്ചു. അവർ എന്നോട് ഒട്ടേറെ കാര്യങ്ങൾ ചോദിച്ചു. ദൈനംദിന തീരുമാനങ്ങൾ, സാമ്പത്തിക ചെലവുകൾ, ഭൗതികവും വൈകാരികവും ആത്മീയവുമായി കുടുംബത്തിനു വേണ്ടി കരുതുന്നതിലെ വാസ്തവികത എന്നിവയെല്ലാം കൈകാര്യം ചെയ്യാൻ ഞാൻ സജ്ജനാണോ? ഒരു പിതാവാകാൻ ഞാൻ സജ്ജനാണോ? ആശയവിനിയമം നടത്താൻ ഞാൻ വാസ്തവമായും പഠിച്ചിട്ടുണ്ടോ? ഒരു ഇണയുടെ ആവശ്യങ്ങൾ എന്താണെന്ന് എനിക്ക് ശരിക്കും മനസ്സിലായിട്ടുണ്ടോ? പ്രായപൂർത്തിയായ മറ്റൊരാളെ പരിപാലിക്കാൻ തുടങ്ങുന്നതിനുമുമ്പ് പ്രായപൂർത്തിയായ ഒരാളെന്നനിലയിൽ ഞാൻ എന്നെത്തന്നെ അറിയേണ്ടതുണ്ടെന്ന് അവർക്കു തോന്നി.”
“കാത്തിരിക്കാൻ ഇഷ്ടമില്ലായിരുന്നെങ്കിലും പക്വത പ്രാപിക്കാൻവേണ്ട സമയം ലഭിക്കേണ്ടതിന് ഞങ്ങൾ വിവാഹം നീട്ടിവെച്ചു. ഒടുവിൽ നല്ലൊരു അടിസ്ഥാനമിട്ടിട്ടാണ് ഞങ്ങൾ വിവാഹജീവിതത്തിലേക്കു പ്രവേശിച്ചത്. പരസ്പരം നൽകാൻ ഞങ്ങൾക്ക് ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു.”
പ്രശ്നം മതപരമായ ഭിന്നതകളാണെങ്കിൽ
താൻ തിരഞ്ഞെടുത്ത മതവിശ്വാസം പങ്കുവെക്കാത്ത ഒരാളുമായി ടെറി പ്രണയത്തിലായി. അവർ രഹസ്യമായി കോർട്ടിങ് നടത്തി. വിവാഹിതരാകാനുള്ള തീരുമാനം വീട്ടിലറിയിച്ചപ്പോൾ അമ്മ സമ്മതിച്ചില്ല. അവൾക്കാകെ വിഷമമായി. “അമ്മ എന്നോട് ഇങ്ങനെ ചെയ്യരുതാത്തതാണ്. അമ്മയും മകളുമെന്നനിലയിലുള്ള ഞങ്ങളുടെ ബന്ധത്തിന് ഉലച്ചിൽ തട്ടരുതെന്നാണ് എന്റെ ആഗ്രഹം.”
എന്നാൽ ആ ബന്ധത്തിന് ഉലച്ചിൽ തട്ടാൻ ഇടയാക്കുന്നത് ആരായിരുന്നു? ടെറിയുടെ അമ്മ ക്രൂരമായോ ന്യായബോധമില്ലാതെയോ പെരുമാറുകയായിരുന്നോ? അല്ല, ക്രിസ്ത്യാനികൾ “കർത്താവിൽ വിശ്വസിക്കുന്ന”വരെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന ബൈബിൾ ബുദ്ധ്യുപദേശം മുറുകെപ്പിടിക്കുക മാത്രമാണ് അവർ ചെയ്തത്. (1 കൊരിന്ത്യർ 7:39) വാസ്തവത്തിൽ ബൈബിൾ ഇങ്ങനെ കൽപ്പിക്കുന്നു: “അവിശ്വാസികളുമായി അസമമായി കൂട്ടിയോജിപ്പിക്കപ്പെടരുത്.” (2 കൊരിന്ത്യർ 6:14, 15, NW) എന്തുകൊണ്ട്?
സന്തുഷ്ടവും വിജയപ്രദവുമായ വിവാഹജീവിതത്തിനുവേണ്ട സുപ്രധാനമായ ഘടകമാണ് മതപരമായ യോജിപ്പ് എന്നതാണ് ഒരു കാരണം. മിശ്രവിവാഹങ്ങളിൽ സാധാരണമായ സമ്മർദങ്ങളും പിരിമുറുക്കങ്ങളും മിക്കപ്പോഴും വിവാഹമോചനത്തിൽ കലാശിക്കുന്നതായി വിദഗ്ധർ പറയുന്നു. എങ്കിലും ഒരു വ്യക്തിക്ക് സമ്മർദത്തിനു വഴങ്ങി തന്റെ മതവിശ്വാസങ്ങളിൽ വിട്ടുവീഴ്ച കാണിക്കുകയോ അവ പാടേ ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വന്നേക്കാമെന്നതാണ് അതിനെക്കാൾ പ്രധാനപ്പെട്ട കാരണം. ഇനി, അവിശ്വാസിയായ ഇണ നിങ്ങളുടെ ആരാധനാപരമായ കാര്യങ്ങളിൽ ഇടപെടുന്നില്ലെന്നുതന്നെയിരിക്കട്ടെ. എങ്കിലും ഉറച്ചു വിശ്വസിക്കുന്ന കാര്യങ്ങൾ അയാളുമായി അല്ലെങ്കിൽ അവളുമായി പങ്കിടാൻ സാധിക്കാത്തതിലുള്ള ഹൃദയവേദനയുമായി നിങ്ങൾക്ക് കഴിഞ്ഞുകൂടേണ്ടിവരും. വിവാഹജീവിതത്തിൽ ആനന്ദം കൈവരിക്കാനുള്ള സൂത്രവാക്യമാണിതെന്നു തോന്നുന്നുണ്ടോ?
അതുകൊണ്ട് ടെറിക്ക് പ്രയാസകരമായ ഒരു തീരുമാനമെടുക്കേണ്ടിവന്നു. “ഞാൻ യഹോവയാം ദൈവത്തെ സ്നേഹിക്കുന്നു. പക്ഷേ അദ്ദേഹത്തെ നഷ്ടപ്പെടുത്താനും എനിക്ക് മനസ്സുവരുന്നില്ല.” നിങ്ങൾക്ക് രണ്ട് തോണിയിലും കാലുവെക്കാൻ സാധിക്കില്ല. ദൈവികനിലവാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയും അതോടൊപ്പം അവന്റെ പ്രീതിയും അനുഗ്രഹവും നേടുകയും സാധ്യമല്ല.
ഒരുപക്ഷേ ഒരു സഹക്രിസ്ത്യാനിയെ വിവാഹം കഴിക്കുന്നതിനെപോലും നിങ്ങളുടെ മാതാപിതാക്കൾ എതിർത്തെന്നുവരാം. വിശ്വാസികളോട് അസമമായി കൂട്ടിയോജിപ്പിക്കപ്പെടാൻ സാധിക്കുമോ? ഉവ്വ്, ആ വ്യക്തിക്ക് നിങ്ങളുടെ അതേ ആത്മീയ ലാക്കുകളോ അർപ്പണമനോഭാവമോ ഇല്ലെങ്കിൽ. അത്തരമൊരു സാഹചര്യമാണെങ്കിലോ ആ വ്യക്തി സ്വന്തം സഭയിലെ സഹോദരങ്ങളാൽ “നല്ല സാക്ഷ്യംകൊണ്ടയാൾ” അല്ലെങ്കിലോ അയാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ മാതാപിതാക്കൾക്ക് ഉത്കണ്ഠ തോന്നുക സ്വാഭാവികമാണ്.—പ്രവൃത്തികൾ 16:2.
വർഗീയ, സാംസ്കാരിക ഭിന്നതകളുടെ കാര്യമോ?
ലിന്നിന്റെ മാതാപിതാക്കൾ അവളുടെ വിവാഹത്തെ എതിർത്തത് വേറൊരു കാരണംകൊണ്ടാണ്: മറ്റൊരു വർഗത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിക്കാനാണ് അവൾ ആഗ്രഹിച്ചത്. ഇതു സംബന്ധിച്ച് ബൈബിളിന്റെ വീക്ഷണമെന്താണ്? “ദൈവത്തിന്നു മുഖപക്ഷമില്ല” എന്നും “അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി” എന്നും അത് നമ്മോടു പറയുന്നു. (പ്രവൃത്തികൾ 10:34, 35; 17:26) മനുഷ്യർക്കെല്ലാം പൊതുവായ ഉത്ഭവമാണുള്ളത്, ദൈവത്തിന്റെ ദൃഷ്ടിയിൽ എല്ലാവർക്കും തുല്യസ്ഥാനമാണുള്ളത്.
എല്ലാ വിവാഹിത ദമ്പതികൾക്കും “ജഡത്തിൽ കഷ്ടത” ഉണ്ടെങ്കിലും വ്യത്യസ്ത വർഗങ്ങളിൽപ്പെട്ട ദമ്പതികൾ മറ്റു വെല്ലുവിളികളെയും അഭിമുഖീകരിച്ചേക്കാം. (1 കൊരിന്ത്യർ 7:28) കാരണം? വിദ്വേഷപൂരിതമായ ഇന്നത്തെ ലോകത്തിൽ, മനുഷ്യവർഗങ്ങളെക്കുറിച്ചുള്ള ദൈവികവീക്ഷണം പലരും അംഗീകരിക്കുന്നില്ല. ചില പാശ്ചാത്യരാജ്യങ്ങളിൽ വ്യത്യസ്ത വർഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം സർവസാധാരണമാണെങ്കിലും ചില പ്രദേശങ്ങളിൽ അത്തരക്കാർക്ക് ശക്തമായ മുൻവിധിയെ നേരിടേണ്ടി വരുന്നു. അതുകൊണ്ട്, നിങ്ങൾ അത്തരം സമ്മർദങ്ങളെ കൈകാര്യം ചെയ്യാറായിട്ടില്ലെന്ന് മാതാപിതാക്കൾ ഭയപ്പെട്ടേക്കാം.
“അത് ഞങ്ങൾക്കു താങ്ങാവുന്നതിലുമധികമായിരിക്കുമെന്ന് എന്റെ മാതാപിതാക്കൾ വിചാരിച്ചു,” ലിൻ സമ്മതിക്കുന്നു. എന്നാൽ ലിൻ ബുദ്ധിപൂർവം പ്രവർത്തിച്ചു. അവൾ അവരുടെ വികാരങ്ങളെ മാനിച്ചു, വിവാഹത്തിലേക്ക് അവൾ എടുത്തുചാടിയില്ല. മാതാപിതാക്കൾ ലിന്നിന്റെ പക്വത നിരീക്ഷിക്കുകയും അവൾ സ്നേഹിച്ചിരുന്ന പുരുഷനുമായി നന്നായി പരിചയത്തിലാകുകയും ചെയ്തപ്പോൾ ഈ വിവാഹത്തിന്റെ സമ്മർദങ്ങളെ അവൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് അവർക്കുറപ്പായി. ലിൻ പറയുന്നു: “ഞങ്ങൾ ഇരുവരും സന്തുഷ്ടരായിരിക്കുമെന്ന് ഉറപ്പായപ്പോൾ ഞങ്ങളുടെ വിവാഹം നടത്തിത്തരാൻ അവർക്കു സന്തോഷമായിരുന്നു.”
ചിലപ്പോൾ വർഗമായിരിക്കില്ല, സംസ്കാരമായിരിക്കും പ്രശ്നം. ജീവിതരീതിയും പ്രതീക്ഷകളും ഭക്ഷണം, സംഗീതം, വിനോദം എന്നിവയിലെ അഭിരുചികളും നിങ്ങളുടേതിൽനിന്നു വളരെ വിഭിന്നമായിരിക്കുന്ന ഒരാളോടൊപ്പം ജീവിക്കുന്നത് കുറച്ചു കഴിയുമ്പോൾ ബുദ്ധിമുട്ടായിത്തീരുമെന്ന് മാതാപിതാക്കൾ ചിന്തിച്ചേക്കാം. സാഹചര്യം എന്തായിരുന്നാലും വ്യത്യസ്ത വർഗത്തിലോ സംസ്കാരത്തിലോ പെട്ട ഒരാളെ വിവാഹം കഴിക്കുന്നത് വലിയ വെല്ലുവിളികൾ ഉയർത്തിയേക്കാം. അവ നേരിടാൻ നിങ്ങൾ തയ്യാറാണോ?
മാതാവിന്റെയോ പിതാവിന്റെയോ എതിർപ്പ് അന്യായമായി തോന്നുമ്പോൾ
നിങ്ങളുടെ മാതാപിതാക്കളുടെ എതിർപ്പ് ഒട്ടും ന്യായയുക്തമല്ലാത്തതായി തോന്നുന്നെങ്കിലോ? ഫെയ്ത്ത് എന്നു പേരുള്ള ഒരു യുവതി അവളുടെ അമ്മയെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: “മമ്മി ഒട്ടേറെ പ്രാവശ്യം വിവാഹമോചനം നേടിയിട്ടുണ്ട്. വിവാഹം കഴിച്ച വ്യക്തിയെ അറിഞ്ഞുവരുമ്പോഴേക്കും വളരെ വൈകിപ്പോയിരിക്കുമെന്നാണ് മമ്മി പറയുന്നത്. വിവാഹജീവിതത്തിൽ ഞാൻ സന്തുഷ്ടയായിരിക്കില്ലെന്ന് മമ്മി ഉറപ്പിച്ചുകഴിഞ്ഞു.” പലപ്പോഴും, വിജയപ്രദമായ വിവാഹജീവിതം നയിച്ചിട്ടില്ലാത്ത മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളുടെ വിവാഹത്തെ ശുഭപ്രതീക്ഷയോടെ കാണാൻ കഴിഞ്ഞെന്നുവരില്ല. ചില സാഹചര്യങ്ങളിൽ മകന്റെയോ മകളുടെയോ വിവാഹത്തെ എതിർക്കുന്നതിനു പിന്നിലെ മാതാപിതാക്കളുടെ ആന്തരം ചോദ്യംചെയ്യത്തക്കതായിരിക്കാം. കാരണം മകന്റെ അല്ലെങ്കിൽ മകളുടെ ജീവിതത്തിന്മേലുള്ള പിടിവിട്ടുപോകാതിരിക്കാനായിരിക്കാം അവരങ്ങനെ ചെയ്യുന്നത്.
മാതാപിതാക്കൾ നിങ്ങളുടെ ന്യായവാദം ശ്രദ്ധിക്കാൻ മനസ്സുകാട്ടുന്നില്ലെങ്കിലോ? യഹോവയുടെ സാക്ഷികൾക്കിടയിലാണെങ്കിൽ കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പിലാക്കാൻ സഭാമൂപ്പന്മാരുടെ സഹായം അഭ്യർഥിക്കാവുന്നതാണ്. ആരുടെയും പക്ഷംപിടിക്കാതെ, സൗമ്യതയോടും ശാന്തതയോടുംകൂടെ ഫലപ്രദമായ രീതിയിൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ അവർക്ക് കുടുംബാംഗങ്ങളെ സഹായിക്കാനാകും.—യാക്കോബ് 3:18.
സമാധാനം അന്വേഷിക്കൽ
സാമ്പത്തികപ്രശ്നങ്ങളോ നിങ്ങളുടെ ഇണയാകാൻ പോകുന്ന ആളിന്റെ വ്യക്തിത്വമോ പോലുള്ള മറ്റു പല ഘടകങ്ങളും മാതാപിതാക്കളുടെ എതിർപ്പിനു കാരണമായേക്കാം. എയ്ഡ്സിന്റെയും മറ്റ് ലൈംഗികരോഗങ്ങളുടെയും ഈ യുഗത്തിൽ നിങ്ങളുടെ പ്രതിശ്രുതവരനോ വധുവോ ക്രിസ്ത്യാനിയായിത്തീരുന്നതിനുമുമ്പ് കുത്തഴിഞ്ഞ ജീവിതം നയിച്ചിട്ടുള്ള ഒരു വ്യക്തിയാണെങ്കിൽ മാതാപിതാക്കൾക്ക് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠ തോന്നുക തികച്ചും ഉചിതമാണ്.b
മാതാപിതാക്കളോടൊപ്പം കഴിയുന്നിടത്തോളം കാലം അവർക്ക് നിങ്ങളുടെ മേലുള്ള അധികാരത്തെ അംഗീകരിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്. (കൊലൊസ്സ്യർ 3:20) അതല്ല, നിങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാണെങ്കിലും സ്വന്തമായ തീരുമാനമെടുക്കാൻ പ്രായമായെങ്കിലും മാതാപിതാക്കളുടെ താത്പര്യങ്ങളെ തിടുക്കത്തിൽ തള്ളിക്കളയരുത്. ശ്രദ്ധിക്കാൻ സന്നദ്ധത കാട്ടുക. (സദൃശവാക്യങ്ങൾ 23:22) വിവാഹത്തിന്റെ ഭവിഷ്യത്തുകളെ ശ്രദ്ധാപൂർവം തൂക്കിനോക്കുക.—ലൂക്കൊസ് 14:28 താരതമ്യം ചെയ്യുക.
അങ്ങനെ ചെയ്തശേഷവും നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. ആ തീരുമാനത്തിന്റെ മുഴു ഉത്തരവാദിത്വവും നിങ്ങൾ വഹിക്കേണ്ടിവരും. (ഗലാത്യർ 6:5) മാതാപിതാക്കളുടെ കാഴ്ചപ്പാട് കണക്കിലെടുക്കാൻ നിങ്ങൾ എല്ലാ ശ്രമവും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ തീരുമാനത്തെ വിമുഖതയോടെയാണെങ്കിലും പിന്തുണയ്ക്കാൻ അവർ പ്രേരിതരാകും. എന്നാൽ അവർ തുടർന്നും എതിർപ്പുകൾ ഉന്നയിക്കുകയാണെങ്കിൽ അവരോടു നീരസപ്പെടുകയോ ദേഷ്യപ്പെടുകയോ ചെയ്യരുത്. ഓർക്കുക: നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളുടെ ഭാവി സന്തുഷ്ടിയെക്കുറിച്ച് അവർ ചിന്തയുള്ളവരാണ്. അവരുമായി സമാധാനത്തിലാകാൻ ശ്രമിക്കുക. നിങ്ങൾ വിജയപ്രദമായ ഒരു വിവാഹജീവിതം നയിക്കുമ്പോൾ ഒരുപക്ഷേ അവരുടെ മനോഭാവത്തിന് അയവു വന്നേക്കാം.
മറിച്ച്, മാതാപിതാക്കൾക്കു പറയാനുള്ളതെല്ലാം കണക്കിലെടുത്ത് നിങ്ങളെയും നിങ്ങൾ വിവാഹം കഴിക്കാൻ അതിയായി ആഗ്രഹിക്കുന്ന ആ വ്യക്തിയെയും പഠിച്ചശേഷം മാതാപിതാക്കൾ പറഞ്ഞതുതന്നെയായിരുന്നു ശരി എന്ന ഞെട്ടിക്കുന്ന നിഗമനത്തിലാണ് എത്തിച്ചേരുന്നതെങ്കിൽ അതിശയിക്കരുത്.
[അടിക്കുറിപ്പുകൾ]
a വിവാഹ ഇണയെ സ്വയം തിരഞ്ഞെടുക്കുന്ന സമ്പ്രദായമുള്ള ദേശങ്ങളിലെ യുവജനങ്ങളെ ഉദ്ദേശിച്ചുള്ളതാണ് ഈ ലേഖനത്തിലെ വിവരങ്ങൾ.
b ഉണരുക!യുടെ 1994 മാർച്ച് 22 ഇംഗ്ലീഷ് ലക്കത്തിലെ “എയ്ഡ്സുള്ളവരെ സഹായിക്കൽ” എന്ന ലേഖനം കാണുക.
[21-ാം പേജിലെ ചിത്രം]
നിങ്ങൾക്കു വിവാഹപ്രായമായിട്ടില്ലെന്ന് നിങ്ങളുടെ മാതാപിതാക്കൾക്കു തോന്നിയേക്കാം