ഉദാരമായി നൽകുന്നത് സന്തോഷം കൈവരുത്തുന്നു
സ്നേഹവാനായ ഒരു ക്രിസ്തീയ മേൽവിചാരകൻ എന്ന നിലയിൽ സഹക്രിസ്ത്യാനികളെ സംബന്ധിച്ച് അത്യുത്തമ താത്പര്യങ്ങളാണ് അപ്പൊസ്തലനായ പൗലൊസിന് ഉണ്ടായിരുന്നത്. (2 കൊരിന്ത്യർ 11:28) അതുകൊണ്ട്, പൊതുയുഗം ഒന്നാം നൂറ്റാണ്ടിലെ 50-കളുടെ മധ്യത്തിൽ, യഹൂദയിലെ ദരിദ്ര ക്രിസ്ത്യാനികൾക്കായി ഒരു ധനശേഖരം നടത്തിയ അവസരത്തെ ഔദാര്യം സംബന്ധിച്ച മൂല്യവത്തായ ഒരു പാഠം പഠിപ്പിക്കാൻ അവൻ ഉപയോഗിച്ചു. മനസ്സോടെ കൊടുക്കുന്നതിനെ യഹോവ വളരെയധികം വിലമതിക്കുന്നു എന്ന സംഗതിയെ പൗലൊസ് പിൻവരുന്ന പ്രകാരം ഊന്നിപ്പറഞ്ഞു: “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.”—2 കൊരിന്ത്യർ 9:7.
വളരെ ദരിദ്രരെങ്കിലും ഉദാരമനസ്കർ
ഒന്നാം നൂറ്റാണ്ടിലെ മിക്ക ക്രിസ്ത്യാനികളും സാമൂഹികമായി ഉയർന്ന നിലയിൽ ഉള്ളവർ ആയിരുന്നില്ല. അവരിൽ ‘ബലവാന്മാർ ഏറെ ഇല്ലായിരുന്നു’ എന്ന സംഗതി പൗലൊസ് ശ്രദ്ധിച്ചു. അവർ ‘ലോകത്തിൽ ബലഹീനരും’ “നികൃഷ്ട”രുമായിരുന്നു. (1 കൊരിന്ത്യർ 1:26-28) ഉദാഹരണത്തിന്, മക്കദോന്യയിലെ ക്രിസ്ത്യാനികൾ ‘മഹാദാരിദ്ര്യത്തിലും’ ‘കഠിന പരിശോധനയിലും’ ആയിരുന്നു. എന്നിട്ടും, “വിശുദ്ധന്മാരുടെ സഹായത്തി”നുവേണ്ടി പണപരമായ സംഭാവന ചെയ്യാനുള്ള പദവിക്കായി എളിമയുണ്ടായിരുന്ന ആ വിശ്വാസികൾ യാചിച്ചു. പൗലൊസ് സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച്, അവർ നൽകിയത് അവരുടെ “പ്രാപ്തിക്കു മീതെ” ആയിരുന്നു!—2 കൊരിന്ത്യർ 8:1-4.
എന്നാൽ, അത്തരം ഉദാരമായ നൽകലിനെ എന്തുമാത്രം കൊടുത്തു എന്നതിന്റെ അടിസ്ഥാനത്തിലല്ല വിധിച്ചിരുന്നത്. പകരം, പ്രേരണ, പങ്കുവെക്കാനുള്ള മനസ്സൊരുക്കം, ഹൃദയസ്ഥിതി എന്നിവയൊക്കെ ആയിരുന്നു പ്രധാനം. സംഭാവന ചെയ്യുന്നതിൽ മനസ്സും ഹൃദയവും ഉൾപ്പെട്ടിരിക്കുന്നുവെന്നു പൗലൊസ് കൊരിന്തിലെ ക്രിസ്ത്യാനികളോട് സൂചിപ്പിച്ചു. അവൻ പറഞ്ഞു: “നിങ്ങളെക്കുറിച്ചു മക്കദോന്യരോടു പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാൻ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേർക്കും ഉത്സാഹകാരണമായിത്തീർന്നിരിക്കുന്നു.” ഉദാരമായി നൽകാൻ അവർ ‘ഹൃദയത്തിൽ നിശ്ചയിച്ചിരുന്നു.’—2 കൊരിന്ത്യർ 9:2, 7.
‘ഹൃദയം അവരെ പ്രേരിപ്പിച്ചു’
ഔദാര്യമായി കൊടുത്തതിന്റെ ഒരു മുൻകാല ദൃഷ്ടാന്തം അപ്പൊസ്തലനായ പൗലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കാം, പൗലൊസിന്റെ നാളുകൾക്ക് 15-ൽപ്പരം നൂറ്റാണ്ടുകൾക്കു മുമ്പ് മരുഭൂമിയിൽ വെച്ചാണ് അത് നടന്നത്. ഇസ്രായേലിന്റെ 12 ഗോത്രങ്ങൾ ഈജിപ്തിലെ അടിമത്തത്തിൽനിന്നു വിടുവിക്കപ്പെട്ടിരുന്നു. സീനായ് മലയുടെ അടിവാരത്തിൽ എത്തിയ അവരോട്, ആരാധനയ്ക്കായി ഒരു സമാഗമനകൂടാരം പണിയാനും അതിനെ ആരാധനയ്ക്കുള്ള ഉപകരണങ്ങളെക്കൊണ്ട് സജ്ജമാക്കാനും യഹോവ കൽപ്പിച്ചു. അതിനു ധാരാളം വിഭവങ്ങൾ വേണ്ടിവരുമായിരുന്നതുകൊണ്ട് മുഴു ഇസ്രായേലിനോടും സംഭാവന നൽകാൻ ആവശ്യപ്പെട്ടു.
ആ ഇസ്രായേല്യർ എങ്ങനെയാണു പ്രതികരിച്ചത്? “ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പര്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകലശുശ്രൂഷക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവെക്കു വഴിപാടു കൊണ്ടുവന്നു.” (പുറപ്പാടു 35:21) ഇസ്രായേൽ ജനത ഉദാരമായി സംഭാവന ചെയ്തോ? തീർച്ചയായും! അതു സംബന്ധിച്ച് മോശയ്ക്ക് പിൻവരുന്ന റിപ്പോർട്ട് ലഭിച്ചു: “യഹോവ ചെയ്വാൻ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു.”—പുറപ്പാടു 36:5.
അക്കാലത്ത് ഇസ്രായേല്യരുടെ സാമ്പത്തിക നില എന്തായിരുന്നു? അവർ, ‘കഠിന വേലകളാൽ പീഡനം അനുഭവിക്കുകയും’ ‘കയ്പേറിയ ജീവിതം’ അഥവാ “കഷ്ടത” നിറഞ്ഞ ജീവിതം നയിക്കുകയും ചെയ്തിരുന്ന ദുരിതമനുഭവിക്കുന്ന അടിമകളായിരുന്നത് വളരെക്കാലം മുമ്പായിരുന്നില്ല. (പുറപ്പാടു 1:11, 14; 3:7; 5:10-18) അപ്പോൾ അവർ സമ്പന്നരായിരുന്നിരിക്കാൻ ഇടയില്ല. ഇസ്രായേല്യർ തങ്ങളുടെ അടിമ ദേശത്തുനിന്ന് ആടുകളും കന്നുകാലികളും സഹിതമാണു പുറപ്പെട്ടത് എന്നത് ശരിതന്നെ. (പുറപ്പാടു 12:32) എങ്കിലും, അത് അധികം ഇല്ലായിരുന്നിരിക്കാം. കാരണം, ഈജിപ്തിൽനിന്ന് പുറപ്പെട്ടശേഷം താമസിയാതെ അവർ തങ്ങൾക്കു തിന്നാൻ ഇറച്ചിയോ ഭക്ഷണമോ ഇല്ല എന്നു പരാതിപ്പെടുകയുണ്ടായി.—പുറപ്പാടു 16:3.
ഇത്തരമൊരു സാഹചര്യത്തിൽ, സമാഗമനകൂടാരത്തിന്റെ പണിക്കായി സംഭാവന ചെയ്ത വിലയേറിയ വസ്തുക്കൾ എവിടെനിന്നാണ് ഇസ്രായേല്യർക്കു ലഭിച്ചത്? അവരുടെ മുൻ യജമാനന്മാർ ആയിരുന്ന ഈജിപ്തുകാരിൽനിന്ന്. ബൈബിൾ പറയുന്നു: “യിസ്രായേൽമക്കൾ . . . മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.” “അവർ ചോദിച്ചതൊക്കെയും [ഈജിപ്തുകാർ] അവർക്കു കൊടുത്തു.” ഈജിപ്തുകാരുടെ ഔദാര്യപ്രവൃത്തി ഫറവോനിൽനിന്നല്ല, യഹോവയിൽനിന്നുള്ള ഒരു അനുഗ്രഹമായിരുന്നു. ദിവ്യനിശ്വസ്ത രേഖ പറയുന്നു: “യഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവർ ചോദിച്ചതൊക്കെയും അവർ [ഇസ്രായേല്യർക്ക്] കൊടുത്തു.”—പുറപ്പാടു 12:35, 36.
ഇസ്രായേല്യർക്ക് അപ്പോൾ എന്തു തോന്നിക്കാണുമെന്നു ചിന്തിച്ചുനോക്കുക. തലമുറകളായി അവർ കടുത്ത അടിമത്തവും ദാരിദ്ര്യവും അനുഭവിച്ചിരുന്നു. സ്വതന്ത്രരായ അവർ ഇപ്പോൾ സമ്പന്നരുമാണ്. അതിൽ ഒരു ഭാഗം സംഭാവനയായി നൽകുന്നതു സംബന്ധിച്ച് അവർക്ക് എന്തു തോന്നുമായിരുന്നു? അത് സമ്പാദിച്ചത് തങ്ങളാണെന്നും അതുകൊണ്ടുതന്നെ അത് സൂക്ഷിച്ചുവെക്കാനുള്ള അവകാശമുണ്ടെന്നും അവർ ചിന്തിച്ചിരിക്കാം. എന്നിരുന്നാലും, ശുദ്ധാരാധനയെ പിന്തുണയ്ക്കാനായി സാമ്പത്തിക സംഭാവന നൽകാനുള്ള ആഹ്വാനം ലഭിച്ചപ്പോൾ യാതൊരു മടിയോ പിശുക്കോ കാണിക്കാതെ അവർ അത് അനുസരിച്ചു! ഈ ഭൗതിക വസ്തുക്കളെല്ലാം യഹോവ നിമിത്തമാണ് ലഭിച്ചത് എന്ന സംഗതി അവർ മറന്നുകളഞ്ഞില്ല. അതുകൊണ്ട് അവർ, തങ്ങളുടെ സ്വർണവും വെള്ളിയും വളർത്തുമൃഗങ്ങളെയും ധാരാളമായി നൽകി. അവർ ‘നല്ല മനസ്സുള്ളവർ’ ആയിരുന്നു. അവരുടെ ‘ഹൃദയത്തിൽ ഉത്സാഹവും താത്പര്യവും തോന്നിയിരുന്നു.’ അത് യഥാർഥമായും ‘യഹോവയ്ക്കുള്ള സ്വമേധാദാനങ്ങളായിരുന്നു.’—പുറപ്പാടു 25:1-9; 35:4-9, 20-29; 36:3-7.
നൽകാനുള്ള മനസ്സൊരുക്കം
സംഭാവനയുടെ അളവിൽനിന്ന് ദാതാക്കളുടെ ഔദാര്യത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കണമെന്നില്ല. ഒരിക്കൽ യേശു, ആളുകൾ ആലയഭണ്ഡാരത്തിൽ പണമിടുന്നതു നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ധനികർ അനേക നാണയങ്ങൾ ഇട്ടെങ്കിലും ദരിദ്രയായ ഒരു വിധവ മൂല്യം വളരെ കുറഞ്ഞ ചെറിയ രണ്ടു നാണയങ്ങൾ ഇടുന്നതു കണ്ടപ്പോൾ യേശുവിന് മതിപ്പു തോന്നി. അവൻ പറഞ്ഞു: “ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു . . . ഇവളോ തന്റെ ഇല്ലായ്മയിൽനിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.”—ലൂക്കൊസ് 21:1-4; മർക്കൊസ് 12:41-44.
കൊരിന്തിലെ ക്രിസ്ത്യാനികളോടുള്ള പൗലൊസിന്റെ വാക്കുകൾ യേശുവിന്റേതിനോടു ചേർച്ചയിൽ ആയിരുന്നു. ദരിദ്രരായ സഹക്രിസ്ത്യാനികളുടെ സഹായാർഥം സംഭാവന ചെയ്യുന്നതു സംബന്ധിച്ച് പൗലൊസ് പറഞ്ഞു: “ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.” (2 കൊരിന്ത്യർ 8:12) അതേ, സംഭാവന എന്നത് മത്സരത്തിനോ താരതമ്യത്തിനോ ഉള്ള ഒരു വിഷയമല്ല. തന്റെ പ്രാപ്തിക്കൊത്തവണ്ണമാണ് ഒരു വ്യക്തി നൽകുന്നത്, ഉദാരമായി നൽകാനുള്ള മനോഭാവത്തിൽ യഹോവ സംപ്രീതനാണ്.
യഥാർഥത്തിൽ, സർവത്തിന്റെയും ഉടമയായ ദൈവത്തെ സമ്പന്നനാക്കാൻ ആർക്കും കഴിയില്ലെങ്കിലും, അവന്റെ ആരാധകർക്ക് അവനോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരവും പദവിയുമാണ് സംഭാവന കൊടുക്കലിലൂടെ ലഭിക്കുന്നത്. (1 ദിനവൃത്താന്തം 29:14-17) മറ്റുള്ളവരെ കാണിക്കാനോ സ്വാർഥ ലക്ഷ്യങ്ങൾക്കോ വേണ്ടി അല്ലാതെ, സത്യാരാധനയെ ഉന്നമിപ്പിക്കുക എന്ന ഉചിതമായ മനോഭാവത്തോടെ സംഭാവന ചെയ്യുമ്പോൾ നമുക്കു സന്തോഷവും ദൈവാനുഗ്രഹവും ലഭിക്കുന്നു. (മത്തായി 6:1-4) യേശു പറഞ്ഞു: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.” (പ്രവൃത്തികൾ 20:35, NW) യഹോവയുടെ സേവനത്തിനായി നമ്മുടെ ഊർജം ചെലവിട്ടുകൊണ്ടും സത്യാരാധനയെ ഉന്നമിപ്പിക്കുന്നതിനും അർഹരായവരെ പിന്തുണയ്ക്കുന്നതിനും വേണ്ടി നമ്മുടെ ഭൗതിക വിഭവങ്ങളിൽ കുറച്ച് നീക്കിവെച്ചുകൊണ്ടും നമുക്ക് ആ സന്തോഷത്തിൽ പങ്കുപറ്റാനാകും.—1 കൊരിന്ത്യർ 16:1, 2.
നൽകാനുള്ള മനസ്സൊരുക്കം ഇക്കാലത്ത്
“രാജ്യത്തിന്റെ ഈ സുവിശേഷം” ലോകമെമ്പാടും ഘോഷിക്കപ്പെടുന്നതിൽ ഇന്ന് യഹോവയുടെ സാക്ഷികൾ പുളകിതരാണ്. (മത്തായി 24:14) 20-ാം നൂറ്റാണ്ടിന്റെ ഒടുവിലത്തെ ഒരു പതിറ്റാണ്ടുകാലത്ത്, 30,00,000 പേർ യഹോവയാം ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകം എന്ന നിലയിൽ സ്നാപനമേറ്റു, ഏതാണ്ട് 30,000-ത്തോളം പുതിയ സഭകളും രൂപീകൃതമായി. യഥാർഥത്തിൽ യഹോവയുടെ സാക്ഷികളുടെ സഭകളിൽ മൂന്നിലൊന്നു രൂപം കൊണ്ടത് കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിലാണ്! തങ്ങളുടെ അയൽക്കാരെ സന്ദർശിച്ച് യഹോവയുടെ ഉദ്ദേശ്യങ്ങൾ അറിയിക്കാനായി തങ്ങളുടെ ഊർജവും സമയവും ചെലവിടുന്ന ആത്മാർഥരായ ക്രിസ്തീയ സ്ത്രീപുരുഷന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വർധനവിൽ അധികവും. ഇനിയും, തങ്ങളുടെ വീട് വിട്ട് വിദൂര ദേശങ്ങളിലേക്കു പോയി രാജ്യപ്രസംഗ വേലയിൽ സഹായിക്കുന്ന മിഷനറിമാരുടെ പ്രവർത്തനമാണ് കുറെ വർധനവിനു കാരണം. ഈ വർധനവുകളുടെ ഫലമായി പുതിയ സർക്കിട്ടുകൾ രൂപീകരിക്കുകയും പുതിയ സർക്കിട്ട് മേൽവിചാരകന്മാരെ നിയമിക്കുകയും ചെയ്യേണ്ടത് ആവശ്യമായിത്തീർന്നിരിക്കുന്നു. ഇതിനുപുറമേ, സുവാർത്താ പ്രസംഗത്തിനും വ്യക്തിപരമായ പഠനത്തിനുമായി കൂടുതൽ ബൈബിളുകൾ ആവശ്യമായി വന്നിരിക്കുന്നു. ധാരാളം സാഹിത്യങ്ങളും ആവശ്യമായിത്തീർന്നിരിക്കുന്നു. പല രാജ്യങ്ങളിലും ബ്രാഞ്ചോഫീസുകൾ വികസിപ്പിക്കുകയോ പുതിയവ പണിയുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. യഹോവയുടെ ജനത്തിന്റെ സ്വമേധയാ സംഭാവനകളാലാണ് കൂടുതലായ ഈ ആവശ്യങ്ങളൊക്കെ നിർവഹിക്കപ്പെടുന്നത്.
രാജ്യഹാളുകൾ ആവശ്യം
യഹോവയുടെ സാക്ഷികളുടെ എണ്ണത്തിലെ ഈ വർധനവിനോടൊപ്പം വ്യക്തമായിത്തീർന്നിരിക്കുന്ന ഒരു സംഗതി രാജ്യഹാളുകളുടെ ആവശ്യമാണ്. 2000-ാമാണ്ടിന്റെ ആദ്യഘട്ടത്തിൽ നടത്തിയ സർവേകൾ കാണിക്കുന്നത്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വികസ്വര രാജ്യങ്ങളിൽ 11,000 രാജ്യഹാളുകളുടെ ആവശ്യമുണ്ടെന്നാണ്. അംഗോളയുടെ കാര്യമെടുക്കുക. വർഷങ്ങളായി അവിടെ ആഭ്യന്തരയുദ്ധം നടക്കുന്നുണ്ടെങ്കിലും, രാജ്യപ്രസാധകരുടെ എണ്ണത്തിൽ ഓരോ വർഷവും 10 ശതമാനത്തോളം വർധനവുണ്ട്. എന്നിരുന്നാലും, ആഫ്രിക്കയിലെ ഈ വലിയ രാജ്യത്തുള്ള 675 സഭകളിൽ ഭൂരിഭാഗവും തുറസ്സായ സ്ഥലങ്ങളിലാണ് യോഗത്തിനായി കൂടിവരുന്നത്. ആ രാജ്യത്ത് ആകെയുള്ള 22 രാജ്യഹാളുകളിൽ 12 എണ്ണത്തിന് മാത്രമേ ഏതെങ്കിലും തരത്തിലുള്ള മേൽക്കൂര ഉള്ളൂ.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. തലസ്ഥാന നഗരിയായ കിൻഷാസിൽ 300-ഓളം സഭകൾ ഉണ്ടെങ്കിലും, പത്ത് രാജ്യഹാളുകളേ ഉള്ളൂ. ഈ രാജ്യത്ത് മൊത്തം 1,500-ലധികം രാജ്യഹാളുകളുടെ അടിയന്തിര ആവശ്യമുണ്ട്. പൂർവ യൂറോപ്യൻ രാജ്യങ്ങളിലെ ത്വരിത വളർച്ച നിമിത്തം, നൂറുകണക്കിന് രാജ്യഹാളുകളുടെ ആവശ്യമുണ്ടെന്ന് റഷ്യയും യൂക്രെയിനും റിപ്പോർട്ട് ചെയ്യുന്നു. ലാറ്റിൻ അമേരിക്കയിലെ ത്വരിത വളർച്ച ബ്രസീലിൽ ശ്രദ്ധേയമാണ്. അഞ്ചുലക്ഷത്തിലധികം സാക്ഷികളുള്ള ബ്രസീലിൽ കൂടുതൽ രാജ്യഹാളുകൾ ആവശ്യമുണ്ട്.
ഇതുപോലുള്ള രാജ്യങ്ങളിലെ ആവശ്യങ്ങൾ നിറവേറ്റാനായി, രാജ്യഹാൾ നിർമാണത്തിനുള്ള ഒരു ത്വരിത പദ്ധതി യഹോവയുടെ സാക്ഷികൾ നടപ്പിലാക്കിവരികയാണ്. ഈ പദ്ധതിയെ സാമ്പത്തികമായി പിന്തുണയ്ക്കുന്നത് ലോകവ്യാപക സഹോദരവർഗത്തിന്റെ സ്വമേധയാ സംഭാവനകളാണ്. അതിന്റെ ഫലമായി അങ്ങേയറ്റം ദരിദ്രമായ സഭകൾക്കുപോലും ഉചിതമായ ആരാധനാ കേന്ദ്രങ്ങൾ ലഭ്യമാകും.
പുരാതന നാളിലെ ഇസ്രായേല്യരെ പോലെ, ആത്മാർഥ ഹൃദയരായ ക്രിസ്ത്യാനികൾക്കും തങ്ങളുടെ ‘വിലയേറിയ വസ്തുക്കൾകൊണ്ട് യഹോവയെ ബഹുമാനിക്കുന്നതിനാൽ,’ വളരെയധികം നേട്ടം കൈവരിക്കാനാകും. (സദൃശവാക്യങ്ങൾ 3:9, 10, NW) സ്വമേധയാ ഉള്ള ഈ കൊടുക്കലിൽ പങ്കുപറ്റാൻ പ്രേരിതരായിരിക്കുന്ന എല്ലാവരോടും നന്ദി രേഖപ്പെടുത്താൻ യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ആഗ്രഹിക്കുന്നു. എന്നെന്നും വർധിച്ചുകൊണ്ടിരിക്കുന്ന രാജ്യതാത്പര്യങ്ങളെ പിന്തുണയ്ക്കാൻ തക്കവണ്ണം യഹോവയുടെ ആത്മാവ് തന്റെ ജനത്തിന്റെ ഹൃദയങ്ങളെ തുടർന്നും പ്രചോദിപ്പിക്കുമെന്നതിൽ നമുക്ക് ഉത്തമ ബോധ്യമുണ്ടായിരിക്കാം.
ലോകവ്യാപകമായുള്ള വികസനം മുന്നേറവെ, സന്തോഷത്തോടെയും മനസ്സൊരുക്കത്തോടെയും നമ്മുടെ ഊർജവും സമയവും വിഭവങ്ങളും നൽകുന്നതിനുള്ള അവസരങ്ങൾക്കായി നമുക്ക് തുടർന്നും നോക്കിപ്പാർത്തിരിക്കാം. അത്തരമൊരു കൊടുക്കൽ മനോഭാവത്തിൽനിന്ന് ലഭിക്കുന്ന യഥാർഥ സന്തോഷം നാമേവരും അനുഭവിക്കാൻ ഇടയാകട്ടെ.
[29-ാം പേജിലെ ചതുരം]
“ഇത് ജ്ഞാനപൂർവം ഉപയോഗിക്കുക!”
“ഞാൻ ഒരു പത്തുവയസ്സുകാരനാണ്. പുസ്തകങ്ങൾ ഉണ്ടാക്കാനുള്ള കടലാസോ മറ്റ് സാമഗ്രികളോ വാങ്ങാൻ വേണ്ടിയാണ് ഞാൻ ഈ പണം അയയ്ക്കുന്നത്.”—സിൻഡി.
“കൂടുതൽ പുസ്തകങ്ങൾ അച്ചടിക്കാൻ വേണ്ടിയാണ് ഞാൻ ഈ പണം അയയ്ക്കുന്നത്. എന്റെ ഡാഡിയെ സഹായിച്ചുകൊണ്ടാണ് ഞാൻ ഈ പണം ഉണ്ടാക്കിയത്. അതുകൊണ്ട് ഇത് ജ്ഞാനപൂർവം ഉപയോഗിക്കുക!”—പാം, ഏഴു വയസ്സ്.
“ചുഴലിക്കൊടുങ്കാറ്റ് അടിച്ചതിൽ എനിക്ക് സങ്കടമുണ്ട്. നിങ്ങൾക്കു കുഴപ്പമൊന്നുമില്ലെന്നു ഞാൻ വിചാരിക്കുന്നു. എന്റെ കുടുക്കയിൽ ആകെയുള്ളതാണ് ഇത് [2 യു.എസ്. ഡോളർ].”—അല്ലിസൺ, നാലു വയസ്സ്.
“എന്റെ പേര് റൂഡി. എനിക്ക് 11-ഉം എന്റെ സഹോദരൻ റാഫയ്ക്ക് 6-ഉം എന്റെ സഹോദരി ജൂഡിത്തിന് രണ്ടരയും വയസ്സുണ്ട്. [യുദ്ധബാധിത പ്രദേശത്തെ] നമ്മുടെ സഹോദരങ്ങളെ സഹായിക്കാനായി ഞങ്ങളുടെ പോക്കറ്റ് മണിയിൽ കുറെ മൂന്നു മാസമായി മാറ്റിവെച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ശേഖരിച്ച 20 ഡോളർ ഞങ്ങൾ ഇപ്പോൾ അയയ്ക്കുകയാണ്.”
“[ചുഴലിക്കൊടുങ്കാറ്റിന് ഇരകളായ] സഹോദരങ്ങളെ പ്രതി എനിക്ക് ദുഃഖമുണ്ട്. ഡാഡിയോടൊപ്പം ജോലി ചെയ്ത് ഞാൻ 17 ഡോളർ ഉണ്ടാക്കിയിട്ടുണ്ട്. ഏത് ആവശ്യത്തിനുവേണ്ടിയും നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.”—മാക്ലിൻ, എട്ടു വയസ്സ്.
[31-ാം പേജിലെ ചതുരം]
ചിലർ കൊടുക്കാൻ തിരഞ്ഞെടുക്കുന്ന വിധങ്ങൾ
ലോകവ്യാപക വേലയ്ക്കുള്ള സംഭാവനകൾ
“സൊസൈറ്റിയുടെ ലോകവ്യാപക വേലയ്ക്കുള്ള സംഭാവനകൾ—മത്തായി 24:14” എന്ന ലേബലുള്ള സംഭാവനപ്പെട്ടികളിൽ ഇടുന്നതിന് അനേകർ ഒരു തുക നീക്കിവെക്കുകയോ ബജറ്റിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നു. ഓരോ മാസവും സഭകൾ ഈ തുക പ്രാദേശിക ബ്രാഞ്ച് ഓഫീസിലേക്ക് അയയ്ക്കുന്നു.
സ്വമേധയാ സംഭാവനകൾ The Watch Tower Bible and Tract Society of India, H-58 Old Khandala Road, Lonavla 410 401, Maharashtra എന്ന വിലാസത്തിലോ നിങ്ങളുടെ രാജ്യത്തെ സൊസൈറ്റിയുടെ ഓഫീസിലേക്കോ അയയ്ക്കാവുന്നതാണ്. കൂടാതെ, ആഭരണങ്ങളും വിലയേറിയ മറ്റു വസ്തുക്കളും സംഭാവനയായി നൽകാവുന്നതാണ്. ഈ സംഭാവനകളോടൊപ്പം അവ ഒരു നിരുപാധിക ദാനമാണെന്നു വ്യക്തമായി പ്രസ്താവിക്കുന്ന ഹ്രസ്വമായ ഒരു കത്തും ഉണ്ടായിരിക്കണം.
ധർമപ്രവർത്തനങ്ങൾക്കായി സംഭാവനചെയ്യൽ
നിരുപാധിക ദാനമായും സോപാധിക സംഭാവനയായും പണം നൽകുന്നതിനു പുറമേ, ലോകവ്യാപക രാജ്യസേവനത്തിന്റെ പ്രയോജനത്തിനായി വേറെയും കൊടുക്കൽ രീതികൾ ഉണ്ട്. പിൻവരുന്നവ അതിൽപ്പെടുന്നു:
ഇൻഷ്വറൻസ്: ലൈഫ് ഇൻഷ്വറൻസ് പോളിസിയുടെ ഗുണഭോക്താവായി വാച്ച്ടവർ സൊസൈറ്റിയുടെ പേര് വെക്കാവുന്നതാണ്.
ബാങ്ക് അക്കൗണ്ടുകൾ: പ്രാദേശിക ബാങ്ക് വ്യവസ്ഥകൾക്കു ചേർച്ചയിൽ, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, അല്ലെങ്കിൽ വ്യക്തിപരമായ പെൻഷൻ അക്കൗണ്ടുകൾ എന്നിവ വാച്ച്ടവർ സൊസൈറ്റിയിൽ ട്രസ്റ്റ് ആയി അല്ലെങ്കിൽ മരണത്തിങ്കൽ സൊസൈറ്റിക്കു ലഭിക്കാവുന്നത് ആയി ഏൽപ്പിക്കാവുന്നതാണ്.
സ്റ്റോക്കുകളും ബോണ്ടുകളും: സ്റ്റോക്കുകളും ബോണ്ടുകളും വാച്ച്ടവർ സൊസൈറ്റിക്ക് നിരുപാധിക ദാനമായി നൽകാവുന്നതാണ്.
സ്ഥാവര വസ്തുക്കൾ: വിൽക്കാവുന്ന സ്ഥാവര വസ്തുക്കൾ ഒരു നിരുപാധിക ദാനമായിട്ടോ ദാതാവിന് മരണംവരെ അവിടെ താമസിക്കാൻ കഴിയത്തക്കവിധം ദാതാവിന് ആയുഷ്കാല അവകാശം നിലനിറുത്തിക്കൊണ്ടോ വാച്ച്ടവർ സൊസൈറ്റിക്കു ദാനം ചെയ്യാവുന്നതാണ്. ഏതെങ്കിലും സ്ഥാവര വസ്തു സൊസൈറ്റിക്ക് ആധാരം ചെയ്യുന്നതിനു മുമ്പ് സൊസൈറ്റിയുമായി ബന്ധപ്പെടണം.
വിൽപ്പത്രങ്ങളും ട്രസ്റ്റുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്തുവകകളോ പണമോ വാച്ച്ടവർ സൊസൈറ്റിക്ക് അവകാശമായി നൽകാവുന്നതാണ്. അല്ലെങ്കിൽ, ഒരു ട്രസ്റ്റ് ക്രമീകരണത്തിന്റെ ഗുണഭോക്താവായി സൊസൈറ്റിയുടെ പേര് വെക്കാവുന്നതാണ്. അങ്ങനെ ചെയ്യാൻ താത്പര്യപ്പെടുന്നെങ്കിൽ 1925-ലെ ഇന്ത്യൻ പിന്തുടർച്ചാവകാശനിയമത്തിന്റെ 118-ാം വകുപ്പിലെ പിൻവരുന്ന ഭാഗം ദയവായി ശ്രദ്ധിക്കുക: “മരുമകനോ മരുമകളോ അടുത്ത ബന്ധുക്കളോ ഉള്ള ഒരാൾക്കു തന്റെ കൈവശമുള്ള ഏതെങ്കിലും സ്വത്ത് മതപരമോ ധർമസംഘടനാപരമോ ആയ ഉപയോഗത്തിന് ഔസ്യത്തായി നൽകാനുള്ള അധികാരമില്ല. അഥവാ അങ്ങനെ നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ, അയാളുടെ മരണത്തിന് കുറഞ്ഞത് 12 മാസം മുമ്പെങ്കിലും അതിനായി ഒരു വിൽപ്പത്രം എഴുതി ഉണ്ടാക്കുകയും തുടർന്ന് ആറു മാസത്തിനുള്ളിൽ അത്, ജീവിച്ചിരിക്കുന്ന ഒരാളുടെ വിൽപ്പത്രം ഭദ്രമായി സൂക്ഷിക്കാൻ നിയമം അനുശാസിക്കുന്ന എവിടെയെങ്കിലും നിക്ഷേപിക്കുകയും ചെയ്യേണ്ടതാണ്.”