സന്തോഷപൂർവം കൊടുക്കുന്നവരെ യഹോവ സ്നേഹിക്കുന്നു
“അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.”—2 കൊരിന്ത്യർ 9:7.
1. ദൈവവും ക്രിസ്തുവും സന്തോഷമുള്ള ദാതാക്കളായിരുന്നിട്ടുള്ളതെങ്ങനെ?
ആദ്യമായി സന്തോഷപൂർവം കൊടുത്തത് യഹോവയായിരുന്നു. അവൻ സന്തോഷപൂർവം തന്റെ ഏകജാതനായ പുത്രന് ജീവൻ കൊടുക്കുകയും ദൂതൻമാരെയും മനുഷ്യവർഗ്ഗത്തെയും അസ്തിത്വത്തിലേക്ക് വരുത്തുന്നതിന് അവനെ ഉപയോഗിക്കുകയും ചെയ്തു. (സദൃശവാക്യങ്ങൾ 8:30, 31; കൊലോസ്യർ 1:13-17) ദൈവം നമുക്ക് ജീവനും ശ്വാസവും നമ്മുടെ ഹൃദയങ്ങളെ നല്ല സന്തോഷംകൊണ്ടു നിറച്ചുകൊണ്ട് സകലവും നൽകി, അവയിൽ ആകാശത്തുനിന്നുള്ള മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും ഉൾപ്പെടുന്നു. (പ്രവൃത്തികൾ 14:17; 17:25) തീർച്ചയായും, ദൈവവും അവന്റെ പുത്രനായ യേശുക്രിസ്തുവും സന്തോഷമുള്ള ദാതാക്കളാണ്. അവർ നിസ്വാർത്ഥമായ ആത്മാവോടെ സന്തോഷപൂർവം കൊടുക്കുന്നു. യഹോവ “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാന്തക്കവണ്ണം” മനുഷ്യവർഗ്ഗലോകത്തെ അത്രക്ക് സ്നേഹിച്ചു. യേശു പിറുപിറുപ്പുകൂടാതെ ‘അനേകർക്കുവേണ്ടി ഒരു മറുവിലയായി തന്റെ ദേഹിയെ കൊടുത്തു.’—യോഹന്നാൻ 3:16; മത്തായി 20:28.
2. പൗലോസ് പറയുന്നതനുസരിച്ച്, ഏതു തരം ദാതാവിനെ ദൈവം സ്നേഹിക്കുന്നു?
2 അതുകൊണ്ട് ദൈവത്തിന്റെയും ക്രിസ്തുവിന്റെയും ദാസൻമാർ സന്തോഷമുള്ള ദാതാക്കളായിരിക്കണം. അങ്ങനെയുള്ള കൊടുക്കൽ ക്രി.വ. ഏതാണ്ട് 55-ൽ എഴുതപ്പെട്ട കൊരിന്തിലെ ക്രിസ്ത്യാനികൾക്കുള്ള തന്റെ രണ്ടാമത്തെ ലേഖനത്തിൽ അപ്പോസ്തലനായ പൗലോസിനാൽ പ്രോൽസാഹിപ്പിക്കപ്പെട്ടു. പ്രത്യക്ഷത്തിൽ, യഹൂദ്യയിലും യെരൂശലേമിലുമുണ്ടായിരുന്ന ദരിദ്രരായ ക്രിസ്ത്യാനികളെ വിശേഷാൽ സഹായിക്കാൻ സ്വമേധയാ ആയും സ്വകാര്യമായും കൊടുത്ത പണപരമായ സംഭാവനകളെ പരാമർശിച്ചുകൊണ്ട് പൗലോസ് ഇങ്ങനെ പറഞ്ഞു: “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:7; റോമർ 15:26; 1 കൊരിന്ത്യർ 16:1, 2; ഗലാത്യർ 2:10) കൊടുക്കുന്നതിനുള്ള അവസരങ്ങളോട് ദൈവജനം എങ്ങനെ പ്രതികരിച്ചിരിക്കുന്നു? കൊടുക്കൽ സംബന്ധിച്ചുള്ള പൗലോസിന്റെ ബുദ്ധിയുപദേശത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാൻ കഴിയും?
മനസ്സൊരുക്കമുള്ള ഹൃദയങ്ങളാൽ പ്രേരിതരാകുന്നു
3. ഇസ്രായേല്യർ യഹോവയുടെ ആരാധനക്കുവേണ്ടിയുള്ള സമാഗമന കൂടാരത്തിന്റെ നിർമ്മാണത്തെ എത്രത്തോളം പിന്താങ്ങി?
3 മനസ്സൊരുക്കമുള്ള ഹൃദയങ്ങൾ തങ്ങളേത്തന്നെയും തങ്ങളുടെ വിഭവങ്ങളെയും ദിവ്യോദ്ദേശ്യത്തിന്റെ പിന്തുണക്കുവേണ്ടി കൊടുക്കാൻ ദൈവജനത്തെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്, മോശയുടെ നാളിലെ ഇസ്രായേല്യർ യഹോവയുടെ ആരാധനക്കുവേണ്ടിയുള്ള സമാഗമനകൂടാരത്തിന്റെ നിർമ്മാണത്തെ സന്തോഷപൂർവം പിന്തുണച്ചു. ചില സ്ത്രീകളുടെ ഹൃദയങ്ങൾ കോലാട്ടിൻരോമം നൂൽക്കുന്നതിന് അവരെ പ്രേരിപ്പിച്ചു, അതേസമയം, ചില പുരുഷൻമാർ കരകൗശലവിദഗ്ദ്ധരായി സേവിച്ചു. ജനം പൊന്നും വെള്ളിയും മരവും തുണിയും മററു വസ്തുക്കളും സ്വമേധയാ “യഹോവക്ക് സംഭാവന” കൊടുത്തു. (പുറപ്പാട് 35:4-35) സംഭാവനചെയ്യപ്പെട്ട വസ്തുക്കൾ “സകല പ്രവൃത്തിയും ചെയ്വാൻ വേണ്ടുവോളവും അധികവും ഉണ്ടായിരിക്ക”ത്തക്കവണ്ണം അവർ അത്രമാത്രം ഔദാര്യമുള്ളവരായിരുന്നു.—പുറപ്പാട് 36:4-7.
4. ദാവീദും മററുള്ളവരും എന്തു മനോഭാവത്തോടെ ആലയത്തിനുവേണ്ടി സംഭാവന ചെയ്തു?
4 നൂററാണ്ടുകൾക്കുശേഷം, ദാവീദ്രാജാവ് തന്റെ പുത്രനായ ശലോമോൻ നിർമ്മിക്കേണ്ടിയിരുന്ന യഹോവയുടെ ആലയത്തിനുവേണ്ടി വമ്പിച്ച സംഭാവന കൊടുത്തു. ദാവീദ് ‘ദൈവത്തിന്റെ ഭവനത്തിൽ പ്രമോദിച്ചതുകൊണ്ട്’ അവൻ തന്റെ “പ്രത്യേക സ്വത്തായ” പൊന്നും വെള്ളളിയും കൊടുത്തു. പ്രഭുക്കൻമാരും പ്രമാണിമാരും മററു ചിലരും ‘യഹോവക്കുള്ള ഒരു ദാനംകൊണ്ട് കൈ നിറച്ചു.’ എന്തായിരുന്നു ഫലം? എന്തിന്, “അങ്ങനെ ജനം മനഃപൂർവം കൊടുത്തതുകൊണ്ട് അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവമായിട്ടായിരുന്നു അവർ യഹോവക്കു കൊടുത്തത്.” (1 ദിനവൃത്താന്തം 29:3-9) അവർ സന്തോഷമുള്ള ദാതാക്കളായിരുന്നു.
5. ഇസ്രായേല്യർ നൂററാണ്ടുകളിലെല്ലാം സത്യാരാധനയെ എങ്ങനെ പിന്താങ്ങി?
5 നൂററാണ്ടുകളിലെല്ലാം സമാഗമനകൂടാരത്തെയും പിന്നീട് ആലയങ്ങളെയും അവിടത്തെ പൗരോഹിത്യപരമായ സേവനത്തെയും ലേവ്യരുടെ സേവനത്തെയും പിന്തുണക്കുന്നതിനുള്ള പദവി ഇസ്രയേല്യർക്കുണ്ടായിരുന്നു. ദൃഷ്ടാന്തത്തിന്, തങ്ങൾ ദൈവത്തിന്റെ ആലയത്തെ അവഗണിക്കരുതെന്നുള്ള അറിവോടെ നെഹെമ്യാവിന്റെ നാളിൽ യഹൂദൻമാർ നിർമ്മലാരാധന നിലനിർത്തുന്നതിന് സംഭാവനകൾ കൊടുക്കാൻ തീരുമാനിച്ചു. (നെഹെമ്യാവ് 10:32-39) സമാനമായി ഇന്ന് യഹോവയുടെ സാക്ഷികൾ യോഗസ്ഥലങ്ങൾ നിർമ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും സത്യാരാധനയെ പിന്താങ്ങുന്നതിനും സന്തോഷപൂർവം സ്വമേധയാ സംഭാവനകൾ കൊടുക്കുന്നു.
6. സന്തോഷത്തോടെയുള്ള ക്രിസ്ത്യാനികളുടെ കൊടുക്കലിന്റെ ദൃഷ്ടാന്തങ്ങൾ നൽകുക.
6 ആദിമക്രിസ്ത്യാനികൾ സന്തോഷപൂർവം കൊടുക്കുന്നവർ ആയിരുന്നു. ഉദാഹരണത്തിന്, ഗായോസ് രാജ്യതാത്പര്യങ്ങൾക്കായി സഞ്ചരിക്കുന്നവർക്ക് ആതിഥ്യമരുളിയതിൽ “ഒരു വിശ്വസ്തവേല” ചെയ്യുകയായിരുന്നു, അങ്ങനെതന്നെ ഇപ്പോൾ യഹോവയുടെ സാക്ഷികൾ വാച്ച്ററവർ സൊസൈററി അയക്കുന്ന സഞ്ചാര മേൽവിചാരകൻമാർക്ക് ആതിഥ്യമരുളുന്നു. (3 യോഹന്നാൻ 5-8) സഭകളിലേക്ക് സഞ്ചരിക്കുന്നതിന് ഈ സഹോദരൻമാരെ സഹായിക്കുന്നതിനും അവർക്ക് ആതിഥ്യമരുളുന്നതിനും കുറെ ചെലവുണ്ട്, എന്നാൽ ഇത് ആത്മീയമായി എത്ര പ്രയോജനകരമാണ്!—റോമർ 1:11, 12.
7. ഫിലിപ്പിയർ തങ്ങളുടെ ഭൗതികവിഭവങ്ങളെ എങ്ങനെ ഉപയോഗിച്ചു?
7 സഭകൾ മൊത്തത്തിൽ രാജ്യതാത്പര്യങ്ങൾ പുരോഗമിപ്പിക്കുന്നതിന് തങ്ങളുടെ ഭൗതിക വിഭവങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ഫിലിപ്പിയിലെ വിശ്വാസികളോട് പൗലോസ് പറഞ്ഞു: “തെസ്സലോനീക്യയിലും എന്റെ ബുദ്ധിമുട്ടു തീർപ്പാൻ നിങ്ങൾ ഒന്നുരണ്ടുവട്ടം അയച്ചുതന്നുവല്ലോ. ഞാൻ ദാനം ആഗ്രഹിക്കുന്നുവെന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന ഫലമത്രേ ആഗ്രഹിക്കുന്നത്.” (ഫിലിപ്പിയർ 4:15-17) ഫിലിപ്പിയർ സന്തോഷപൂർവം കൊടുത്തു, എന്നാൽ അത്തരം സന്തോഷപൂർവകമായ കൊടുക്കലിനു പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
സന്തോഷപൂർവകമായ കൊടുക്കലിന് പ്രേരിപ്പിക്കുന്നത് എന്ത്?
8. ദൈവത്തിന്റെ ആത്മാവ് സന്തോഷമുള്ള ദാതാക്കളായിരിക്കാൻ അവന്റെ ജനത്തെ പ്രേരിപ്പിക്കുന്നുവെന്ന് നിങ്ങൾ എങ്ങനെ തെളിയിക്കും?
8 യഹോവയുടെ പരിശുദ്ധാത്മാവ് അഥവാ പ്രവർത്തനനിരതമായ ശക്തി സന്തോഷമുള്ള ദാതാക്കളായിരിക്കാൻ തന്റെ ജനത്തെ പ്രേരിപ്പിക്കുന്നു. യഹൂദ്യക്രിസ്ത്യാനികൾ ഞെരുക്കത്തിലായിരുന്നപ്പോൾ അവരെ ഭൗതികമായി സഹായിക്കാൻ ദൈവത്തിന്റെ ആത്മാവ് മററു വിശ്വാസികളെ പ്രേരിപ്പിച്ചു. അങ്ങനെയുള്ള സംഭാവനകൾ കൊടുക്കുന്നതിൽ തങ്ങളുടെ പരമാവധി ചെയ്യാൻ കൊരിന്തിലെ ക്രിസ്ത്യാനികളെ പ്രോൽസാഹിപ്പിക്കുന്നതിന് പൗലോസ് മാസിഡോണിയായിലെ സഭകളുടെ ദൃഷ്ടാന്തം ഉദ്ധരിച്ചു. മാസിഡോണിയായിലെ വിശ്വാസികൾ പീഡനവും ദാരിദ്ര്യവും അനുഭവിക്കുകയായിരുന്നെങ്കിലും അവർ തങ്ങളുടെ യഥാർത്ഥ പ്രാപ്തിക്കതീതമായി കൊടുത്തുകൊണ്ട് സഹോദരസ്നേഹം പ്രകടമാക്കി. അവർ കൊടുക്കലിന്റെ പദവിക്കുവേണ്ടി യാചിക്കുകപോലും ചെയ്തു! (2 കൊരിന്ത്യർ 8:1-5) ദൈവത്തിന്റെ ഉദ്ദേശ്യം മുഴുവനായി ധനികരുടെ സംഭാവനകളെ ആശ്രയിക്കുന്നില്ല. (യാക്കോബ് 2:5) രാജ്യപ്രസംഗവേലയുടെ ചെലവുവഹിക്കലിന്റെ മുഖ്യാധാരം സാമ്പത്തികമായി ദരിദ്രരായ അവന്റെ സമർപ്പിത ദാസൻമാരായിരുന്നിട്ടുണ്ട്. (മത്തായി 24:14) എന്നിരുന്നാലും അവർ തങ്ങളുടെ ഔദാര്യം നിമിത്തം കഷ്ടപ്പെടുന്നില്ല, എന്തുകൊണ്ടെന്നാൽ ഈ വേലയിലെ തന്റെ ജനത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി പരാജയമെന്യേ ദൈവം കരുതുന്നുണ്ട്. അതിന്റെ തുടർച്ചയുടെയും വർദ്ധനവിന്റെയും പിന്നിലെ ശക്തി അവന്റെ ആത്മാവാണ്.
9. വിശ്വാസവും പരിജ്ഞാനവും സ്നേഹവും സന്തോഷപൂർവകമായ കൊടുക്കലിനോട് ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
9 സന്തോഷപൂർവകമായ കൊടുക്കൽ വിശ്വാസത്താലും പരിജ്ഞാനത്താലും സ്നേഹത്താലും പ്രേരിപ്പിക്കപ്പെടുന്നു. പൗലോസ് പറഞ്ഞു: “എന്നാൽ വിശ്വാസം, വചനം, പരിജ്ഞാനം, പൂർണ്ണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം, ഇങ്ങനെ എല്ലാററിലും നിങ്ങൾ മുന്തിയിരിക്കുന്നതുപോലെ ഈ ധർമ്മകാര്യത്തിലും മുന്തിവരുവിൻ. ഞാൻ കല്പനയായിട്ടല്ല, മററുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്റെ പരമാർത്ഥതയും ശോധന ചെയ്യേണ്ടതിനത്രേ പറയുന്നത്.” (2 കൊരിന്ത്യർ 8:7, 8) വിശേഷിച്ച് കൊടുക്കുന്നയാളിന് പരിമിതമായ വരുമാനമുള്ളപ്പോൾ, യഹോവയുടെ ഉദ്ദേശ്യത്തിന് സംഭാവനചെയ്യൽ ദൈവത്തിന്റെ ഭാവി കരുതലുകളിലുള്ള വിശ്വാസമാവശ്യമാക്കിത്തീർക്കുന്നു. വർദ്ധിച്ച അറിവുള്ള ക്രിസ്ത്യാനികൾ യഹോവയുടെ ഉദ്ദേശ്യത്തിന് സേവ ചെയ്യാൻ ആഗ്രഹിക്കുന്നു. അവനോടും അവന്റെ ജനത്തോടും വർദ്ധിച്ച സ്നേഹമുള്ളവർ അവന്റെ ഉദ്ദേശ്യത്തെ പുരോഗമിപ്പിക്കാൻ തങ്ങളുടെ വിഭവങ്ങൾ സന്തോഷപൂർവം ഉപയോഗിക്കുന്നു.
10. യേശുവിന്റെ ദൃഷ്ടാന്തം സന്തോഷപൂർവം കൊടുക്കാൻ ക്രിസ്ത്യാനികളെ പ്രേരിപ്പിക്കുന്നുവെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
10 യേശുവിന്റെ മാതൃക സന്തോഷപൂർവം കൊടുക്കാൻ ക്രിസ്ത്യാനികളെ പ്രേരിപ്പിക്കുന്നു. സ്നേഹത്തിൽനിന്ന് കൊടുക്കാൻ കൊരിന്ത്യരെ പ്രോൽസാഹിപ്പിച്ച ശേഷം പൗലോസ് പറഞ്ഞു: “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നനായിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നരാകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.” (2 കൊരിന്ത്യർ 8:9) സ്വർഗ്ഗത്തിൽ മററ് ഏതൊരു പുത്രനെക്കാളും ധനികനായിരുന്നിട്ടും യേശു അതെല്ലാം വിട്ടുകളയുകയും മനുഷ്യജീവൻ സ്വീകരിക്കുകയും ചെയ്തു. (ഫിലിപ്പിയർ 2:5-8) എന്നിരുന്നാലും ഈ നിസ്വാർത്ഥ വിധത്തിൽ ദരിദ്രനായിത്തീർന്നുകൊണ്ട് യേശു യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിന് സംഭാവന ചെയ്യുകയും തന്റെ ജീവനെ ഒരു മറുവിലയാഗമായി അതിനെ സ്വീകരിക്കുന്ന മനുഷ്യരുടെ പ്രയോജനത്തിനുവേണ്ടി അർപ്പിക്കുകയും ചെയ്തു. യേശുവിന്റെ മാതൃകക്ക് അനുയോജ്യമായി നാം മററുള്ളവരെ സഹായിക്കുകയും യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിന് സംഭാവനചെയ്യുകയും ചെയ്യേണ്ടതല്ലേ?
11, 12. നല്ല ആസൂത്രണത്തിന് നമ്മെ സന്തോഷമുള്ള ദാതാക്കളാക്കാൻ കഴിയുന്നതെങ്ങനെ?
11 നല്ല ആസൂത്രണം സന്തോഷപൂർവകമായ കൊടുക്കൽ സാദ്ധ്യമാക്കുന്നു. പൗലോസ് കൊരിന്ത്യരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളത് ചരതിച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം.” (1 കൊരിന്ത്യർ 16:1, 2) സമാനമായി സ്വകാര്യമായും സ്വമേധയാ ആയുമുള്ള ഒരു വിധത്തിൽ ഇന്ന് രാജ്യവേലയെ പുരോഗമിപ്പിക്കുന്നതിനാഗ്രഹിക്കുന്നവർ ആ ഉദ്ദേശ്യത്തിനുവേണ്ടി തങ്ങളുടെ വരുമാനത്തിൽ കുറെ മാററിവെക്കുന്നത് നന്നായിരിക്കും. അങ്ങനെയുള്ള നല്ല ആസൂത്രണത്തിന്റെ ഫലമായി, വ്യക്തികളായ സാക്ഷികൾക്കും കുടുംബങ്ങൾക്കും സഭകൾക്കും സത്യാരാധനയെ പുരോഗമിപ്പിക്കുന്നതിന് സംഭാവനകൾ കൊടുക്കാൻ കഴിയും.
12 സംഭാവനചെയ്യുന്നതിനുള്ള ആസൂത്രണങ്ങൾ നടപ്പിലാക്കുന്നത് നമ്മെ സന്തോഷമുള്ളവരാക്കും. യേശു പറഞ്ഞതുപോലെ “സ്വീകരിക്കുന്നതിലുള്ളതിനേക്കാൾ കൂടുതൽ സന്തോഷം കൊടുക്കുന്നതിലുണ്ട്.” (പ്രവൃത്തികൾ 20:35, NW) അതുകൊണ്ട് യെരൂശലേമിലേക്ക് പണമയക്കുന്നതിനുള്ള തങ്ങളുടെ ഒരു വർഷം പഴക്കമുണ്ടായിരുന്ന ആസൂത്രണം നടപ്പിലാക്കാനുള്ള പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിച്ചതിനാൽ കൊരിന്ത്യർക്ക് തങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. “ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും” എന്ന് അവൻ പറഞ്ഞു. തനിക്കുള്ളതനുസരിച്ച് ഒരാൾ സംഭാവനകൾ കൊടുക്കുമ്പോൾ അവ അത്യന്തം വിലമതിക്കപ്പെടണം. നാം ദൈവത്തിൽ ആശ്രയിക്കുന്നുവെങ്കിൽ, അധികമുള്ളവർ പാഴാക്കുന്നവരായിരിക്കാതെ ഔദാര്യമുള്ളവരായിരിക്കാനും അധികമില്ലാത്തവർക്ക് തന്നെ സേവിക്കുന്നതിനുള്ള ശക്തിയും പ്രാപ്തിയും കുറച്ചുകളയുന്ന അപര്യാപ്തത ഇല്ലാതിരിക്കാനും അവന് കാര്യങ്ങൾ ക്രമീകരിക്കാൻ കഴിയും.—2 കൊരിന്ത്യർ 8:10-15.
കൊടുക്കലിന്റെ ശ്രദ്ധാപൂർവകമായ കൈകാര്യം
13. സംഭാവനകൾ സംബന്ധിച്ച പൗലോസിന്റെ മേൽനോട്ടത്തിൽ കൊരിന്ത്യർക്ക് വിശ്വാസമുണ്ടായിരിക്കാൻ കഴിഞ്ഞതെന്തുകൊണ്ട്?
13 ഞെരുക്കമുണ്ടായിരുന്ന വിശ്വാസികൾക്ക് സാമ്പത്തികാശ്വാസം കിട്ടാനും പ്രസംഗവേലയിൽ കൂടുതൽ ഊർജ്ജിതമായി ഏർപ്പെടാനും കഴിയത്തക്കവണ്ണം പൗലോസ് സംഭാവനാക്രമീകരണത്തിന്റെ മേൽനോട്ടം വഹിച്ചെങ്കിലും അവനോ മറുള്ളവരോ തങ്ങളുടെ സേവനത്തിനുവേണ്ടി യാതൊരു പണവും സ്വീകരിച്ചില്ല. (2 കൊരിന്ത്യർ 8:16-24; 12:17, 18) പൗലോസ് ഏതെങ്കിലും സഭയുടെ മേൽ സാമ്പത്തികഭാരം വരുത്തിക്കൂട്ടുന്നതിനു പകരം അവന്റെ സ്വന്തം ഭൗതികാവശ്യങ്ങൾ സാധിക്കുന്നതിന് അവൻ ജോലിചെയ്തു. (1 കൊരിന്ത്യർ 4:12; 2 തെസ്സലോനീക്യർ 3:8) സംഭാവനകൾ അവനെ ഏൽപ്പിച്ചപ്പോൾ കൊരിന്ത്യർ ദൈവത്തിന്റെ ആശ്രയയോഗ്യനും കഠിനവേലക്കാരനുമായ ഒരു ദാസനെ അവ ഭരമേൽപ്പിക്കുകയായിരുന്നു.
14. സംഭാവനകളുടെ ഉപയോഗം സംബന്ധിച്ച് വാച്ച്ററവർ സൊസൈററിക്ക് എന്തു രേഖയുണ്ട്?
14 ആയിരത്തിഎണ്ണൂററി എൺപത്തിനാലിലെ വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ സ്ഥാപനം മുതൽ യഹോവയുടെ രാജ്യവേലക്കുവേണ്ടി അതിനെ ഭരമേൽപ്പിച്ചിട്ടുള്ള സകല സംഭാവനകളുടെയും ആശ്രയയോഗ്യനായ മേൽനോട്ടക്കാരനാണ് അതെന്ന് സംഭാവനചെയ്യുന്നവർക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. അതിന്റെ ചാർട്ടർ അനുസരിച്ച്, സകല ജനങ്ങളുടെയും ഏററവും വലിയ ആവശ്യം, ആത്മീയകാര്യങ്ങൾക്കായുള്ള ആവശ്യം, നിറവേററുന്നതിന് സൊസൈററി കഠിനശ്രമം ചെയ്യുന്നു. ബൈബിൾ സാഹിത്യത്തിന്റെ രൂപത്തിലും എങ്ങനെ രക്ഷപ്രാപിക്കാമെന്നുള്ള പ്രബോധനത്തിന്റെ രൂപത്തിലും ഇതു ചെയ്യപ്പെടുന്നു. ഇന്ന് യഹോവ തന്റെ വികസിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിലേക്കുള്ള ചെമ്മരിയാടുകളുടെ കൂട്ടിച്ചേർപ്പിനെ ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യപ്രസംഗവേലക്കായുള്ള സംഭാവനകളുടെ ജ്ഞാനപൂർവകമായ ഉപയോഗത്തിന്റെമേലുള്ള അവന്റെ അനുഗ്രഹം ദിവ്യാംഗീകാരത്തിന്റെ വ്യക്തമായ തെളിവാണ്. (യെശയ്യാവ് 60:8, 22) അവൻ സന്തോഷപൂർവം കൊടുക്കുന്നവരുടെ ഹൃദയങ്ങളെ തുടർന്നു പ്രേരിപ്പിക്കുമെന്ന് ഞങ്ങൾക്ക് ദൃഢവിശ്വാസമുണ്ട്.
15. ഈ മാസിക ചിലപ്പോഴൊക്കെ സംഭാവനകളെക്കുറിച്ചു പറയുന്നതെന്തുകൊണ്ട്?
15 സൊസൈററി ചിലപ്പോഴൊക്കെ ലോകവ്യാപക രാജ്യപ്രസംഗവേലക്ക് സ്വമേധയാസംഭാവനകൾ കൊടുക്കുന്നതിന് വായനക്കാർക്കുള്ള പദവി സംബന്ധിച്ച് അവരെ ജാഗരൂകരാക്കുന്നതിന് ഈ പത്രികയുടെ പംക്തികൾ ഉപയോഗിക്കാറുണ്ട്. ഇത് ഒരു പണാഭ്യർത്ഥനയല്ല, പിന്നെയോ തങ്ങളെ ദൈവം അഭിവൃദ്ധിപ്പെടുത്തുന്നതനുസരിച്ച് “സുവാർത്തയുടെ വിശുദ്ധവേല”യെ പിന്തുണക്കുന്നതിനാഗ്രഹിക്കുന്നവർക്കെല്ലാമുള്ള ഓർമ്മിപ്പിക്കലാണ്. (റോമർ 15:16, NW; 3 യോഹന്നാൻ 2) സംഭാവനചെയ്യപ്പെടുന്ന സകല പണവും സൊസൈററി യഹോവയുടെ നാമത്തെയും രാജ്യത്തെയും പ്രസിദ്ധമാക്കത്തക്കവണ്ണം ഏററവും മിതവ്യയപരമായ വിധത്തിൽ ഉപയോഗിക്കുന്നു. സകല സംഭാവനകളും നന്ദിപൂർവം സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ദൈവരാജ്യസുവാർത്ത വ്യാപിപ്പിക്കാൻ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ദൃഷ്ടാന്തത്തിന്, ഈ മുഖാന്തരങ്ങളാൽ മിഷനറി പ്രവർത്തനങ്ങൾ അനേകം രാജ്യങ്ങളിൽ നിലനിർത്തപ്പെടുകയും ബൈബിൾപരിജ്ഞാനത്തിന്റെ വിതരണത്തിൽ മർമ്മപ്രധാനമായ അച്ചടിസൗകര്യങ്ങൾ സ്ഥാപിച്ചു നടത്തിക്കൊണ്ടുപോകുകയും വികസിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ലോകവ്യാപക വേലക്കുവേണ്ടിയുള്ള സംഭാവനകൾ ബൈബിളുകളും ബൈബിളോൻമുഖപ്രസിദ്ധീകരണങ്ങളും, അതുപോലെതന്നെ, ഓഡിയോ വീഡിയോ കാസററുകളും ഉല്പാദിപ്പിക്കുന്നതിന്റെ വർദ്ധിച്ചുവരുന്ന ചെലവുകൾ വഹിക്കുന്നതിന് ഉപയോഗിക്കപ്പെടുന്നു. അങ്ങനെയുള്ള വിധങ്ങളിൽ രാജ്യതാത്പര്യങ്ങൾ സന്തോഷമുള്ള ദാതാക്കളാൽ പുരോഗമിപ്പിക്കപ്പെടുന്നു.
നിർബന്ധത്താലല്ല
16. യഹോവയുടെ സാക്ഷികളിൽ അധികംപേർ ഭൗതികമായി സമ്പന്നരല്ലെങ്കിലും, അവരുടെ സംഭാവനകൾ വിലമതിക്കപ്പെടുന്നതെന്തുകൊണ്ട്?
16 യഹോവയുടെ സാക്ഷികളിൽ അധികംപേർ ഭൗതികമായി സമ്പന്നരല്ല. രാജ്യതാത്പര്യങ്ങൾ പുരോഗമിപ്പിക്കുന്നതിന് അവർ എളിയ തുകകൾ നൽകിയേക്കാമെങ്കിലും അവരുടെ സംഭാവനകൾ പ്രാധാന്യമർഹിക്കുന്നു. ദരിദ്രയായ ഒരു വിധവ ഒരു ആലയഭണ്ഡാരത്തിൽ തുച്ഛവിലയുള്ള രണ്ട് നാണയങ്ങൾ ഇടുന്നത് യേശു കണ്ടപ്പോൾ അവൻ പറഞ്ഞു: “എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്നല്ലോ വഴിപാട് ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽനിന്നു തനിക്കുള്ള ഉപജീവനം മുഴുവൻ ഇട്ടിരിക്കുന്നു.” (ലൂക്കോസ് 21:1-4) അവളുടെ ദാനം ചെറുതായിരുന്നെങ്കിലും അവൾ സന്തോഷമുള്ള ഒരു ദാതാവായിരുന്നു—അവളുടെ സംഭാവന വിലമതിക്കപ്പെട്ടു.
17, 18. രണ്ടു കൊരിന്ത്യർ 9:7-ലെ പൗലോസിന്റെ വാക്കുകളുടെ സാരമെന്ത്, “സന്തോഷമുള്ള” എന്ന് വിവർത്തനംചെയ്തിരിക്കുന്ന ഗ്രീക്ക് പദത്താൽ എന്തു സൂചിപ്പിക്കപ്പെടുന്നു?
17 യഹൂദ്യക്രിസ്ത്യാനികൾക്കുവേണ്ടിയുള്ള ദുരിതാശ്വാസപ്രവർത്തനത്തെക്കുറിച്ച് പൗലോസ് ഇങ്ങനെ പറഞ്ഞു: “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:7) അപ്പോസ്തലൻ സെപ്ററുവജിൻറു ഭാഷാന്തരത്തിലെ സദൃശവാക്യങ്ങൾ 22:8ന്റെ ഒരു ഭാഗത്തെ പരാമർശിച്ചിരിക്കാം, അതിങ്ങനെ പറയുന്നു: “സന്തോഷപൂർവം കൊടുക്കുന്നവനെ ദൈവം അനുഗ്രഹിക്കുന്നു; അവന്റെ പ്രവൃത്തികളുടെ കുറവിന് വേണ്ടത് പ്രദാനംചെയ്യുകയും ചെയ്യും.” (ദി സെപ്ററുവജിൻറ് ഭാഷാന്തരം, ചാൾസ് തോംസൺ പരിഭാഷപ്പെടുത്തിയത്.) പൗലോസ് “അനുഗ്രഹിക്കുന്നു” എന്നതിന്റെ സ്ഥാനത്ത് “സ്നേഹിക്കുന്നു” എന്നു വെച്ചു. എന്നാൽ ഒരു ബന്ധമുണ്ട്, എന്തെന്നാൽ അനുഗ്രഹങ്ങളുടെ ഒരു കൊയ്ത്ത് ദൈവസ്നേഹത്തിൽനിന്ന് സംജാതമാകുന്നു.
18 സന്തോഷത്തോടെ കൊടുക്കുന്നവൻ കൊടുക്കുന്നതിൽ യഥാർത്ഥത്തിൽ സന്തുഷ്ടനാണ്. എന്തിന്, 2 കൊരിന്ത്യർ 9:7ൽ (NW) “സന്തോഷമുള്ള” എന്ന് വിവർത്തനംചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിൽനിന്നാണ് “ഹിലേറിയസ്” എന്ന ഇംഗ്ലീഷ്പദം വരുന്നത്! ഇത് ചൂണ്ടിക്കാട്ടിയശേഷം, പണ്ഡിതനായ ആർ. സി. എച്ച് ലെൻസ്കി ഇങ്ങനെ പറഞ്ഞു: “ദൈവം സന്തോഷഹൃദയമുള്ള, പ്രമോദമുള്ള, സന്തുഷ്ടനായ ദാതാവിനെ സ്നേഹിക്കുന്നു . . . കൊടുക്കുന്നതിനുള്ള മറെറാരു അവസരം അയാളെ സ്വാഗതംചെയ്യുമ്പോൾ [അയാളുടെ] വിശ്വാസം പുഞ്ചിരികളാൽ പുഷ്പചക്രമണിയിക്കപ്പെടുന്നു.” അത്തരം സന്തോഷപ്രദമായ ആത്മാവുള്ള ഒരാൾ പിറുപിറുപ്പോടെയോ നിർബന്ധത്താലോ അല്ല കൊടുക്കുന്നത്, എന്നാൽ അയാളുടെ ഹൃദയം അയാളുടെ കൊടുക്കലിലുണ്ട്. രാജ്യതാത്പര്യങ്ങളുടെ കൊടുക്കൽ സംബന്ധിച്ച് നിങ്ങൾ അത്ര സന്തോഷവാനാണോ?
19. ആദിമ ക്രിസ്ത്യാനികൾ എങ്ങനെ സംഭാവനകൾ കൊടുത്തു?
19 ആദിമക്രിസ്ത്യാനികൾ കാണിക്കശേഖരപ്പാത്രങ്ങൾ കൊണ്ടുനടക്കുകയോ മതപരമായ ഉദ്ദേശ്യങ്ങൾക്കുവേണ്ടി തങ്ങളുടെ വരുമാനത്തിന്റെ പത്തിലൊന്നു കൊടുത്തുകൊണ്ട് ദശാംശംകൊടുക്കൽ ആചരിക്കുകയോ ചെയ്തില്ല. പകരം, അവരുടെ സംഭാവനകൾ തികച്ചും സ്വമേധയാ ആയിരുന്നു. ക്രി.വ. ഏതാണ്ട് 190-ൽ ക്രിസ്ത്യാനിത്വത്തിലേക്ക് പരിവർത്തിക്കപ്പെട്ട തെർത്തുല്യൻ ഇങ്ങനെ എഴുതി: “ഞങ്ങൾക്ക് ഭണ്ഡാരമുണ്ടെങ്കിലും അത് വിലകൊടുക്കേണ്ട ഒരു മതമെന്നപോലെ രക്ഷവാങ്ങാനുള്ള പണം കൊണ്ടുള്ളതല്ല. ഓരോരുത്തനും ഇഷ്ടപ്പെടുന്നുവെങ്കിൽ, പ്രതിമാസ ദിവസത്തിൽ അയാൾ ഒരു ചെറിയ സംഭാവന ഇടുന്നു; എന്നാൽ അത് അയാൾക്ക് പ്രസാദകരമാണെങ്കിൽ മാത്രമാണ്, അയാൾക്ക് പ്രാപ്തിയുണ്ടെങ്കിൽ മാത്രവും; എന്തെന്നാൽ നിർബന്ധമില്ല; എല്ലാം സ്വമേധയാ ആണ്.”—അപ്പോളജി (ഇംഗ്ലീഷ്), അദ്ധ്യായം XXXIX
20, 21. (എ) ഈ മാസികയുടെ ആരംഭകാലത്തെ ഒരു ലക്കം ദൈവകാര്യത്തെ സാമ്പത്തികമായി പിന്തുണക്കുന്നതിന്റെ പദവിയെക്കുറിച്ച് എന്തു പറഞ്ഞു, ഇത് ഇപ്പോൾ പോലും ബാധകമാകുന്നതെങ്ങനെ? (ബി) നാം യഹോവയെ നമ്മുടെ വിലയേറിയ വസ്തുക്കൾ കൊണ്ട് ബഹുമാനിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
20 യഹോവയുടെ ആധുനിക നാളിലെ ദാസൻമാരുടെ ഇടയിൽ സ്വധേയായുള്ള കൊടുക്കൽ എല്ലായ്പ്പോഴും പതിവായിരുന്നു. എന്നിരുന്നാലും, ചില സമയങ്ങളിൽ, ചിലർ സംഭാവനകൾ കൊടുത്തുകൊണ്ട് ദൈവത്തിന്റെ കാര്യത്തിന് പിന്തുണ കൊടുക്കാനുള്ള പദവിയെ പൂർണ്ണമായി പ്രയോജനപ്പെടുത്തിയിട്ടില്ല. ഉദാഹരണത്തിന് 1883 ഫെബ്രുവരിയിൽ ഈ മാസിക ഇപ്രകാരം പറഞ്ഞു: “ചിലർ മററുള്ളവർക്കുവേണ്ടി വളരെയധികം പണപരമായ ഭാരം വഹിക്കുകയാണ്, തന്നിമിത്തം അമിതജോലിയാലും ക്ഷീണത്താലും അവരുടെ സാമ്പത്തിക കരുത്ത് ചുരുങ്ങുകയാണ്, അങ്ങനെ അവരുടെ ഉപയോഗക്ഷമതക്ക് കോട്ടം തട്ടുന്നു; എന്നാൽ അതു മാത്രമല്ല, . . . സാഹചര്യത്തെ പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ലാത്തവർ ആ ദിശയിലുള്ള അനുഷ്ഠാനത്തിന്റെ കുറവിനാൽ നഷ്ടമനുഭവിക്കുകയുമാണ്.”
21 ഇന്ന് മഹാപുരുഷാരം യഹോവയുടെ സ്ഥാപനത്തിലേക്ക് ഒഴുകിവരുമ്പോഴും ദൈവവേല പൂർവ യൂറോപ്പിലേക്കും മുമ്പ് നിയന്ത്രണമുണ്ടായിരുന്ന പ്രദേശങ്ങളിലേക്കും വികസിക്കുമ്പോഴും അച്ചടിശാലകളുടെയും മററു സൗകര്യങ്ങളുടെയും ആവശ്യം വർദ്ധിക്കുകയാണ്. കൂടുതൽ ബൈബിളുകളും മററ് പ്രസിദ്ധീകരണങ്ങളും അച്ചടിക്കേണ്ടതുണ്ട്. അനേകം ദിവ്യാധിപത്യ പദ്ധതികൾ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നു; എന്നിരുന്നാലും, മതിയായ പണമുണ്ടായിരുന്നെങ്കിൽ ചില പണികൾ കൂടുതൽ പെട്ടെന്ന് നീങ്ങുമായിരുന്നു. തീർച്ചയായും, ആവശ്യമുള്ളത് ദൈവം കരുതുമെന്ന് നമുക്ക് വിശ്വാസമുണ്ട്, തങ്ങളുടെ ‘വിലയേറിയ വസ്തുക്കൾ കൊണ്ട് യഹോവയെ ബഹുമാനിക്കുന്നവർ’ അനുഗ്രഹിക്കപ്പെടുമെന്ന് നമുക്കറിയാം. (സദൃശവാക്യങ്ങൾ 3:9, 10) തീർച്ചയായും, “ധാരാളമായി വിതെക്കുന്നവൻ ധാരാളമായി കൊയ്യും.” യഹോവ ‘സകല തരം ഔദാര്യത്തിനും നമ്മെ സമ്പന്നരാക്കും,’ നമ്മുടെ സന്തോഷകരമായ കൊടുക്കൽ അവന് അനേകർ നന്ദിയും സ്തുതിയും കൊടുക്കാനിടയാക്കും.—2 കൊരിന്ത്യർ 9:6-14.
ദൈവത്തിന്റെ ദാനങ്ങൾക്കായി നന്ദി പ്രകടിപ്പിക്കുക
22, 23. (എ) ദൈവത്തിന്റെ അവർണ്ണനീയമായ സൗജന്യദാനം എന്താണ്? (ബി) നാം യഹോവയുടെ ദാനങ്ങളെ വിലമതിക്കുന്നതുകൊണ്ട് നാം എന്തു ചെയ്യണം?
22 അഗാധമായ നന്ദിയാൽ പ്രേരിതനായി പൗലോസ് തന്നെ “പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം” എന്നു പറഞ്ഞു. (2 കൊരിന്ത്യർ 9:15) അഭിഷിക്തക്രിസ്ത്യാനികളുടെയും ലോകത്തിന്റെയും പാപങ്ങൾക്കുവേണ്ടിയുള്ള ഒരു പ്രസാദയാഗമെന്ന നിലയിൽ യേശു പറഞ്ഞുതീരാത്ത സൗജന്യദാനത്തിന്റെ അടിസ്ഥാനവും സരണിയുമാണ്. (1 യോഹന്നാൻ 2:1, 2) ആ ദാനം യേശുക്രിസ്തുമുഖാന്തരം ഭൂമിയിലെ തന്റെ ജനത്തോടു കാണിച്ചിരിക്കുന്ന “അതിമഹത്തായ ദൈവകൃപ”യാണ്, അത് അവരുടെ രക്ഷക്കും യഹോവയുടെ മഹത്വത്തിനും സംസ്ഥാപനത്തിനുമായി പെരുകുകയാണ്.—2 കൊരിന്ത്യർ 9:14.
23 യഹോവയുടെ അവർണ്ണനീയമായ സൗജന്യദാനത്തോടും തന്റെ ജനത്തിനുവേണ്ടിയുള്ള ആത്മീയവും ഭൗതികവുമായ മററനേകം ദാനങ്ങളോടുമുള്ള നമ്മുടെ അഗാധമായ നന്ദി അവനിലേക്കു പോകുന്നു. എന്തിന്, നമ്മോടുള്ള നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ നൻമ വളരെ അത്ഭുതകരമായിരിക്കുന്നതുകൊണ്ട് അത് മാനുഷികമായ ആശയപ്രകാശനപ്രാപ്തികൾക്കതീതമാണ്! തീർച്ചയായും അത് സന്തോഷമുള്ള ദാതാക്കളായിരിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. ആ സ്ഥിതിക്ക്, ഹൃദയംഗമമായ വിലമതിപ്പോടെ, ഉദാരമതിയായ നമ്മുടെ ദൈവത്തിന്റെ ഉദ്ദേശ്യത്തെ പുരോഗമിപ്പിക്കാൻ നമ്മാൽ കഴിയുന്നതെല്ലാം നമുക്ക് ചെയ്യാം, അവനാണല്ലോ ഒന്നാമനും പ്രമുഖനുമായ സന്തോഷവാനാം ദാതാവ്! (w92 1/15)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ മനസ്സൊരുക്കമുള്ള ഹൃദയങ്ങൾ എന്തു ചെയ്യുന്നതിന് യഹോവയുടെ ജനത്തെ പ്രേരിപ്പിച്ചു?
◻ എന്താണ് സന്തോഷപൂർവകമായ കൊടുക്കലിന് പ്രോൽസാഹിപ്പിക്കുന്നത്?
◻ വാച്ച്ററവർ സൊസൈററിക്ക് കിട്ടുന്ന സംഭാവനകളെല്ലാം അത് എങ്ങനെ ഉപയോഗിക്കുന്നു?
◻ ദൈവം ഏതു തരം ദാതാവിനെ സ്നേഹിക്കുന്നു, നാം അവന്റെ അനേകം ദാനങ്ങളോട് എങ്ങനെ നന്ദി പ്രകടമാക്കണം?
[15-ാം പേജിലെ ചിത്രം]
സമാഗമനകൂടാരം നിർമ്മിക്കപ്പെട്ടുകൊണ്ടിരുന്നപ്പോൾ, ഇസ്രായേല്യർ ഉത്സാഹപൂർവം വേലചെയ്യുകയും യഹോവക്ക് ഉദാരമായ സംഭാവനകൾ കൊടുക്കുകയും ചെയ്തു
[18-ാം പേജിലെ ചിത്രം]
ദരിദ്രയായ വിധവയുടേതുപോലെയുള്ള സംഭാവനകൾ വിലമതിക്കപ്പെടുന്നു, പ്രാധാന്യമർഹിക്കുകയും ചെയ്യുന്നു