അധ്യായം 20
ദുരിതാശ്വാസശുശ്രൂഷ
1, 2. (എ) യഹൂദ്യയിലെ ക്രിസ്ത്യാനികൾ നേരിട്ട സാഹചര്യം എന്തായിരുന്നു? (ബി) അന്ത്യോക്യയിലെ ക്രിസ്ത്യാനികൾ യഹൂദ്യയിലുള്ളവരോടു സ്നേഹം കാണിച്ചത് എങ്ങനെ?
ഏതാണ്ട് എ.ഡി. 46-നോട് അടുത്ത സമയം. യഹൂദ്യ ക്ഷാമത്തിന്റെ പിടിയിലാണ്. അവിടെ ആകെ അവശേഷിക്കുന്ന കുറച്ച് ധാന്യത്തിനോ തീ പിടിച്ച വിലയും. അത്രയും പണം കൊടുത്ത് അതു വാങ്ങാനുള്ള ശേഷി അവിടത്തെ ജൂതക്രിസ്ത്യാനികൾക്കില്ലതാനും. ആവശ്യത്തിനു ഭക്ഷണമില്ല. വൈകാതെ എല്ലാവരും മുഴുപ്പട്ടിണിയിലാകും. എന്നാൽ യഹോവയുടെ കരങ്ങളേകുന്ന സംരക്ഷണം അവർ അനുഭവിച്ചറിയാൻപോകുകയായിരുന്നു. അതും ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ ആരും ഇതേവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത രീതിയിൽ. അവിടെ എന്തു സംഭവിച്ചു? നമുക്കു നോക്കാം.
2 യരുശലേമിലെയും യഹൂദ്യയിലെയും ജൂതക്രിസ്ത്യാനികളുടെ അവസ്ഥയെക്കുറിച്ച് അറിഞ്ഞ സിറിയയിലെ അന്ത്യോക്യയിലുള്ള ക്രിസ്ത്യാനികൾ തങ്ങളുടെ സഹവിശ്വാസികൾക്കുവേണ്ടി പണം ശേഖരിച്ചു. അവിടെയുള്ള ജൂതക്രിസ്ത്യാനികളും ജനതകളിൽപ്പെട്ട ക്രിസ്ത്യാനികളും അതിൽ പങ്കുചേർന്നു. യരുശലേം സഭയിലെ മൂപ്പന്മാരുടെ കൈയിൽ ആ ദുരിതാശ്വാസധനം എത്തിക്കാൻ അവർ തങ്ങളുടെ ഇടയിൽനിന്ന് ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള രണ്ടു പുരുഷന്മാരെ, ബർന്നബാസിനെയും ശൗലിനെയും, തിരഞ്ഞെടുത്തു. (പ്രവൃത്തികൾ 11:27-30; 12:25 വായിക്കുക.) യഹൂദ്യയിലുള്ളവർക്കു ശരിക്കും സഹായം വേണ്ടിയിരുന്ന ഒരു സമയമായിരുന്നു അത്. അന്ത്യോക്യയിലെ തങ്ങളുടെ സഹോദരങ്ങൾ കാണിച്ച ആ സ്നേഹം അവരെ എത്രമാത്രം സ്പർശിച്ചുകാണുമെന്ന് ഓർത്തുനോക്കൂ!
3. (എ) അന്ത്യോക്യയിലെ ക്രിസ്ത്യാനികൾ വെച്ച മാതൃക ഇക്കാലത്തും ദൈവജനം അനുകരിക്കുന്നത് എങ്ങനെ? ഒരു ഉദാഹരണം നൽകുക. (“ആധുനികകാലത്ത് നമ്മൾ വിപുലമായ തോതിൽ നടത്തിയ ആദ്യത്തെ ദുരിതാശ്വാസപ്രവർത്തനം” എന്ന ചതുരവും കാണുക.) (ബി) ഈ അധ്യായത്തിൽ ഏതെല്ലാം ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും?
3 രേഖകളനുസരിച്ച്, ലോകത്തിന്റെ മറ്റൊരു കോണിൽ താമസിക്കുന്ന ക്രിസ്ത്യാനികൾക്കു സഹക്രിസ്ത്യാനികൾ ദുരിതാശ്വാസം എത്തിച്ചുകൊടുത്തതിന്റെ ആദ്യത്തെ ഉദാഹരണമാണ് ഒന്നാം നൂറ്റാണ്ടിലെ ആ സംഭവം. ഇന്നു നമ്മൾ അന്ത്യോക്യയിലെ ആ സഹോദരങ്ങൾ വെച്ച മാതൃക അനുകരിക്കുന്നു. മറ്റൊരു ദേശത്തുള്ള സഹാരാധകർ ദുരന്തത്തിന് ഇരയായതായോ പരിശോധനകൾ നേരിടുന്നതായോ വിവരം കിട്ടുമ്പോൾ നമ്മൾ പെട്ടെന്ന് അവരുടെ തുണയ്ക്കെത്തുന്നു.a നമ്മുടെ ശുശ്രൂഷയുടെ മറ്റു വശങ്ങളുമായി ദുരിതാശ്വാസപ്രവർത്തനങ്ങൾ എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കാൻ ദുരിതാശ്വാസശുശ്രൂഷയോടു ബന്ധപ്പെട്ട മൂന്നു ചോദ്യങ്ങൾ നമ്മൾ ചർച്ച ചെയ്യും. ദുരിതാശ്വാസപ്രവർത്തനങ്ങളെ നമ്മൾ ശുശ്രൂഷയുടെ ഭാഗമായി കാണുന്നത് എന്തുകൊണ്ട്? അത്തരം പ്രവർത്തനങ്ങളുടെ ലക്ഷ്യം എന്താണ്? ദുരിതാശ്വാസശുശ്രൂഷ നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
ദുരിതാശ്വാസപ്രവർത്തനം എങ്ങനെയാണു ‘വിശുദ്ധസേവനമാകുന്നത്?’
4. ക്രിസ്തീയശുശ്രൂഷയെക്കുറിച്ച് പൗലോസ് കൊരിന്തിലുള്ളവരോട് എന്താണു പറഞ്ഞത്?
4 ക്രിസ്ത്യാനികളുടെ ശുശ്രൂഷയുടെ രണ്ടു വശങ്ങളെക്കുറിച്ച് കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്തിൽ പൗലോസ് വിശദീകരിച്ചു. പൗലോസിന്റെ ആ കത്ത് അഭിഷിക്തക്രിസ്ത്യാനികളെ ഉദ്ദേശിച്ചുള്ളതായിരുന്നെങ്കിലും ഇന്ന് ആ വാക്കുകൾ ക്രിസ്തുവിന്റെ ‘വേറെ ആടുകൾക്കും’ ബാധകമാണ്. (യോഹ. 10:16) നമ്മുടെ ശുശ്രൂഷയുടെ ഒരു ഭാഗം “അനുരഞ്ജനത്തിന്റെ ശുശ്രൂഷ”യാണ്. പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനമാണ് അത്. (2 കൊരി. 5:18-20; 1 തിമൊ. 2:3-6) രണ്ടാമത്തെ ഭാഗമോ? സഹാരാധകർക്കുവേണ്ടി നമ്മൾ ചെയ്യുന്ന ഒരു ശുശ്രൂഷ അതിൽപ്പെടുന്നു. “ദുരിതാശ്വാസശുശ്രൂഷ” എന്ന ആ ശുശ്രൂഷയെക്കുറിച്ച് പൗലോസ് പ്രത്യേകം പറയുകയുണ്ടായി. (2 കൊരി. 8:4) “അനുരഞ്ജനത്തിന്റെ ശുശ്രൂഷ,” “ദുരിതാശ്വാസശുശ്രൂഷ” എന്നീ രണ്ടു പദപ്രയോഗങ്ങളിലെയും “ശുശ്രൂഷ” എന്ന വാക്കു വന്നിരിക്കുന്നതു ഡിയാക്കോണിയ എന്ന ഗ്രീക്കുപദത്തിന്റെ ഒരു രൂപത്തിൽനിന്നാണ്. ഇക്കാര്യം ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
5. പൗലോസ് ദുരിതാശ്വാസപ്രവർത്തനത്തെ ശുശ്രൂഷ എന്നു വിളിച്ചതിന്റെ പ്രാധാന്യം എന്താണ്?
5 ആ രണ്ടു പ്രവർത്തനങ്ങളെയും കുറിക്കാൻ ഒരേ ഗ്രീക്കുവാക്ക് ഉപയോഗിച്ചതിലൂടെ, ക്രിസ്തീയസഭയിൽ നിർവഹിക്കപ്പെടുന്ന ശുശ്രൂഷയുടെ മറ്റു രൂപങ്ങളോടൊപ്പം ദുരിതാശ്വാസപ്രവർത്തനത്തെയും പൗലോസ് ഉൾപ്പെടുത്തുകയായിരുന്നു. മുമ്പ് പൗലോസ് ഇങ്ങനെ പറഞ്ഞിരുന്നു: “ശുശ്രൂഷകൾ പലവിധമുണ്ട്. എന്നാൽ കർത്താവ് ഒന്നുതന്നെയാണ്. പ്രവർത്തനങ്ങൾ പലവിധമുണ്ട്. . . . എന്നാൽ ഇവയെല്ലാം ഒരേ ആത്മാവിന്റെ പ്രവർത്തനങ്ങളാണ്.” (1 കൊരി. 12:4-6, 11) സഭയിൽ നിർവഹിക്കപ്പെടുന്ന വിവിധശുശ്രൂഷകളെ പൗലോസ് ‘വിശുദ്ധസേവനത്തോടു’ ബന്ധപ്പെടുത്തിയും സംസാരിക്കുകയുണ്ടായി.b (റോമ. 12:1, 6-8) തന്റെ സമയത്തിന്റെ ഒരു ഭാഗം “വിശുദ്ധർക്കു ശുശ്രൂഷചെയ്യാൻ” വിട്ടകൊടുക്കേണ്ടതാണെന്നു പൗലോസിനു തോന്നിയതിൽ അതിശയിക്കാനില്ല.—റോമ. 15:25, 26, അടിക്കുറിപ്പ്.
6. (എ) ദുരിതാശ്വാസപ്രവർത്തനം നമ്മുടെ ആരാധനയുടെ ഭാഗമായിരിക്കുന്നത് എങ്ങനെ? (ബി) ലോകമെങ്ങും നമ്മൾ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നത് എങ്ങനെയെന്നു വിശദീകരിക്കുക. (“ദുരന്തം ആഞ്ഞടിക്കുമ്പോൾ!” എന്ന ചതുരം കാണുക.)
6 ദുരിതാശ്വാസപ്രവർത്തനം തങ്ങളുടെ ശുശ്രൂഷയുടെയും തങ്ങൾ യഹോവയ്ക്കു നൽകുന്ന ആരാധനയുടെയും ഭാഗമായിരിക്കുന്നത് എങ്ങനെയെന്നു കാണാൻ പൗലോസ് കൊരിന്തിലുള്ളവരെ സഹായിച്ചു. അദ്ദേഹത്തിന്റെ ന്യായവാദം ശ്രദ്ധിക്കുക: ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന ക്രിസ്ത്യാനികൾ അങ്ങനെ ചെയ്യുന്നത് അവർ ‘ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയ്ക്കു കീഴ്പെട്ടിരിക്കുന്നതുകൊണ്ടാണെന്ന്’ പൗലോസ് പറഞ്ഞു. (2 കൊരി. 9:13) അതെ, ക്രിസ്തുവിന്റെ ഉപദേശങ്ങൾ അനുസരിക്കാനുള്ള ആഗ്രഹമാണു സഹവിശ്വാസികളെ സഹായിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. തങ്ങളുടെ സഹോദരങ്ങൾക്കുവേണ്ടി അവർ ചെയ്യുന്ന ദയാപ്രവൃത്തികൾ ശരിക്കും ‘ദൈവം (അവരോട്) അളവറ്റ അനർഹദയ കാണിച്ചതിന്റെ’ തെളിവാണെന്നും പൗലോസ് പറഞ്ഞു. (2 കൊരി. 9:14; 1 പത്രോ. 4:10) അതുകൊണ്ടാണ്, സഹായം ആവശ്യമുള്ള സഹോദരങ്ങൾക്കു നമ്മൾ ചെയ്തുകൊടുക്കുന്ന ദുരിതാശ്വാസപ്രവർത്തനം ഉൾപ്പെടെയുള്ള സേവനങ്ങളെക്കുറിച്ച് 1975 ഡിസംബർ 1 ലക്കം വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞത്: “ദൈവമായ യഹോവയും പുത്രനായ യേശുക്രിസ്തുവും ഇത്തരത്തിലുള്ള സേവനത്തിനു നല്ല പ്രാധാന്യം നൽകുന്നുണ്ടെന്ന കാര്യത്തിൽ നമുക്ക് ഒട്ടും സംശയം വേണ്ടാ.” അതെ, ദുരിതാശ്വാസപ്രവർത്തനം വിശുദ്ധസേവനത്തിന്റെ പ്രാധാന്യമേറിയ ഒരു വശമാണ്. —റോമ. 12:1, 7; 2 കൊരി. 8:7; എബ്രാ. 13:16.
ദുരിതാശ്വാസപ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ
7, 8. നമ്മുടെ ദുരിതാശ്വാസശുശ്രൂഷയുടെ ഒന്നാമത്തെ ലക്ഷ്യം എന്താണ്? വിശദീകരിക്കുക.
7 നമ്മുടെ ദുരിതാശ്വാസശുശ്രൂഷയുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്തിൽ പൗലോസ് ആ ചോദ്യത്തിന്റെ ഉത്തരം വിശദീകരിച്ചു. (2 കൊരിന്ത്യർ 9:11-15 വായിക്കുക.) ‘പൊതുജനസേവനമായി . . . ചെയ്യുന്ന ഈ ശുശ്രൂഷയിലൂടെ’ അതായത് ദുരിതാശ്വാസപ്രവർത്തനത്തിലൂടെ കൈവരിക്കാനാകുന്ന മൂന്നു ലക്ഷ്യങ്ങൾ ഈ വാക്യങ്ങളിൽ പൗലോസ് എടുത്തുപറയുന്നുണ്ട്. അവ ഏതൊക്കെയാണ്? ഓരോന്നായി നമുക്കു നോക്കാം.
8 ഒന്നാമതായി, നമ്മുടെ ദുരിതാശ്വാസശുശ്രൂഷ യഹോവയെ മഹത്ത്വപ്പെടുത്തുന്നു. കഴിഞ്ഞ ഖണ്ഡികയിൽ പരാമർശിച്ച അഞ്ചു വാക്യങ്ങളിൽ പൗലോസ് എത്ര കൂടെക്കൂടെ ദൈവമായ യഹോവയിലേക്കു സഹോദരങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു! “ആളുകൾ ദൈവത്തിനു നന്ദി പറയും” എന്നും ‘അനേകമാളുകൾ ദൈവത്തോടു നന്ദി പറയാൻ അവസരമൊരുങ്ങും’ എന്നും അപ്പോസ്തലൻ അവരോടു പറയുന്നു. (11, 12 വാക്യങ്ങൾ) ദുരിതാശ്വാസപ്രവർത്തനങ്ങൾ, ‘ദൈവത്തെ മഹത്ത്വപ്പെടുത്താൻ’ ക്രിസ്ത്യാനികളെ പ്രചോദിപ്പിക്കുന്നെന്നും “ദൈവം . . . അളവറ്റ അനർഹദയ കാണിച്ചതുകൊണ്ട്” ദൈവത്തെ സ്തുതിക്കാൻ അവരെ പ്രേരിപ്പിക്കുന്നെന്നും പൗലോസ് പറയുന്നു. (13, 14 വാക്യങ്ങൾ) ദുരിതാശ്വാസശുശ്രൂഷയെക്കുറിച്ചുള്ള ചർച്ച പൗലോസ് ഉപസംഹരിക്കുന്നതോ, “ദൈവത്തിനു നന്ദി” പറഞ്ഞുകൊണ്ടും.—15-ാം വാക്യം; 1 പത്രോ. 4:11.
9. ദുരിതാശ്വാസപ്രവർത്തനങ്ങൾ ആളുകളെ എങ്ങനെ സ്വാധീനിച്ചേക്കാം? ഒരു ഉദാഹരണം നൽകുക.
9 പൗലോസിനെപ്പോലെ ഇന്നത്തെ ദൈവദാസരും ദുരിതാശ്വാസപ്രവർത്തനങ്ങളെ കാണുന്നത് യഹോവയെ മഹത്ത്വപ്പെടുത്താനും ദൈവത്തിന്റെ പഠിപ്പിക്കലിന് ഒരു ‘അലങ്കാരമാകാനും’ ഉള്ള അവസരങ്ങളായാണ്. (1 കൊരി. 10:31; തീത്തോ. 2:10) വാസ്തവത്തിൽ, യഹോവയെക്കുറിച്ചും യഹോവയുടെ സാക്ഷികളെക്കുറിച്ചും ചിലർക്കുള്ള തെറ്റായ ധാരണകൾ മാറ്റിയെടുക്കുന്നതിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു പലപ്പോഴും വലിയൊരു പങ്കുണ്ട്. ഒരു ഉദാഹരണം നോക്കാം: ഒരു കൊടുങ്കാറ്റു നാശം വിതച്ച പ്രദേശത്ത് താമസിച്ചിരുന്ന ഒരു സ്ത്രീ വാതിൽക്കൽ, “യഹോവയുടെ സാക്ഷികൾക്കു സ്വാഗതമില്ല” എന്നൊരു ബോർഡ് തൂക്കിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ചില ദുരിതാശ്വാസപ്രവർത്തകർ എതിർവശത്തുള്ള ഒരു വീടിന്റെ കേടുപാടുകൾ തീർക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. സൗഹൃദമനോഭാവത്തോടെ ജോലികൾ ചെയ്തുകൊണ്ടിരുന്ന അവരെ ദിവസങ്ങളോളം ശ്രദ്ധിച്ച ആ സ്ത്രീ, അവർ ആരാണെന്ന് അറിയാൻ ഒടുവിൽ അവിടേക്കു ചെന്നു. ആ സന്നദ്ധസേവകർ യഹോവയുടെ സാക്ഷികളാണെന്നു മനസ്സിലായപ്പോൾ വലിയ മതിപ്പോടെ അവർ പറഞ്ഞു: “നിങ്ങളെ ഞാൻ തെറ്റിദ്ധരിച്ചുപോയി.” പിന്നെ എന്തുണ്ടായി? വാതിലിൽ തൂക്കിയിരുന്ന ആ ബോർഡ് അവർ എടുത്തുമാറ്റി.
10, 11. (എ) ദുരിതാശ്വാസപ്രവർത്തനത്തിന്റെ രണ്ടാമത്തെ ലക്ഷ്യം നേടാൻ നമുക്കു കഴിയുന്നുണ്ടെന്ന് ഏതെല്ലാം ഉദാഹരണങ്ങൾ തെളിയിക്കുന്നു? (ബി) ദുരിതാശ്വാസപ്രവർത്തകരെ ഏതു പ്രസിദ്ധീകരണം സഹായിക്കുന്നു? (“ദുരിതാശ്വാസപ്രവർത്തകർക്ക് ഒരു ഉപകരണംകൂടി” എന്ന ചതുരം കാണുക.)
10 രണ്ടാമതായി, നമ്മൾ സഹവിശ്വാസികളുടെ ‘ആവശ്യങ്ങൾ നന്നായി നിറവേറ്റുന്നു.’ (2 കൊരി. 9:12എ) നമ്മുടെ സഹോദരീസഹോദരന്മാർക്ക് അടിയന്തിരസഹായം എത്തിക്കാനും ദുരിതങ്ങളിൽ അവർക്കു കൈത്താങ്ങേകാനും നമ്മൾ ഉത്സാഹത്തോടെ പ്രവർത്തിക്കാറുണ്ട്. എന്താണ് അതിനു കാരണം? ക്രിസ്തീയസഭയിലെ അംഗങ്ങളെല്ലാം ഒരു ‘ശരീരത്തിന്റെ’ ഭാഗമാണ്. അതുകൊണ്ടുതന്നെ “ഒരു അവയവം കഷ്ടപ്പെടുമ്പോൾ മറ്റുള്ളവയെല്ലാം അതിനോടൊപ്പം കഷ്ടപ്പെടുന്നു.” (1 കൊരി. 12:20, 26) ഒരു അറിയിപ്പു കിട്ടിയാൽ ഉടൻതന്നെ നമ്മുടെ അനേകം സഹോദരീസഹോദരന്മാർ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം മാറ്റിവെച്ച്, വേണ്ട ഉപകരണങ്ങളുമായി ദുരന്തബാധിതപ്രദേശങ്ങളിലെ സഹവിശ്വാസികളെ സഹായിക്കാൻ കുതിച്ചെത്തുന്നതിന്റെ കാരണവും മറ്റൊന്നല്ല. സഹോദരസ്നേഹവും അനുകമ്പയും ആണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. (യാക്കോ. 2:15, 16) 2011-ൽ ജപ്പാനിലുണ്ടായ സുനാമിയെത്തുടർന്ന് എന്തു സംഭവിച്ചെന്നു നോക്കുക. അവിടത്തെ രാജ്യഹാളുകൾ പുനർനിർമിക്കാനായി “യോഗ്യതയുള്ള ഏതാനും ചില സഹോദരങ്ങൾ” തയ്യാറാകുമോ എന്ന് അറിയാൻ ഐക്യനാടുകളിലെ ബ്രാഞ്ചോഫീസ് അവിടെയുള്ള മേഖലാ നിർമാണ കമ്മിറ്റികൾക്ക് ഒരു കത്ത് അയച്ചു. എന്തായിരുന്നു പ്രതികരണം? ആഴ്ചകൾക്കുള്ളിൽ 600-ഓളം സന്നദ്ധസേവകർ അപേക്ഷ സമർപ്പിച്ചു. ജപ്പാനിലേക്കു സ്വന്തം ചെലവിൽ യാത്ര ചെയ്യാനും അവർ തയ്യാറായിരുന്നു. “ആ പ്രതികരണം ഞങ്ങളെ അമ്പരപ്പിച്ചുകളഞ്ഞു” എന്നാണ് ഐക്യനാടുകളിലെ ബ്രാഞ്ചോഫീസ് അതിനെക്കുറിച്ച് പറഞ്ഞത്. ജപ്പാനിലെ ഒരു സഹോദരൻ, ദുരിതാശ്വാസപ്രവർത്തനത്തിനായി വിദേശത്തുനിന്ന് എത്തിയ ഒരു വ്യക്തിയോടു തങ്ങളെ സഹായിക്കാൻ വന്നതിന്റെ കാരണം തിരക്കി. അപ്പോൾ അദ്ദേഹം പറഞ്ഞത് ഇതാണ്: “ജപ്പാനിലെ സഹോദരങ്ങൾ ‘ഞങ്ങളുടെ ശരീരത്തിന്റെ’ ഭാഗമാണ്. അവരുടെ വേദനയും വിഷമങ്ങളും ഞങ്ങൾക്കും അനുഭവപ്പെടുന്നുണ്ട്.” ചിലപ്പോഴൊക്കെ സഹവിശ്വാസികളെ സഹായിക്കാൻ ദുരിതാശ്വാസപ്രവർത്തകർ സ്വന്തം ജീവൻപോലും പണയപ്പെടുത്തിയിട്ടുണ്ട്.c ആത്മത്യാഗപരമായ സ്നേഹത്തിന്റെ എത്ര വ്യക്തമായ തെളിവ്!—1 യോഹ. 3:16.
11 യഹോവയുടെ സാക്ഷികളല്ലാത്തവരും നമ്മുടെ ദുരിതാശ്വാസപ്രവർത്തനങ്ങളെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. 2013-ൽ യു.എസ്.എ.-യിലെ അർക്കൻസാസ് സംസ്ഥാനത്ത് ഒരു ദുരന്തം ആഞ്ഞടിച്ചപ്പോൾ യഹോവയുടെ സാക്ഷികളായ സന്നദ്ധപ്രവർത്തകർ താമസംവിനാ അവിടെ ഓടിയെത്തിയതിനെക്കുറിച്ച് ഒരു പത്രത്തിൽ വന്ന വാർത്ത അതിന് ഉദാഹരണമാണ്. അതു പറഞ്ഞു: “യഹോവയുടെ സാക്ഷികളുടെ സംഘടനാക്രമീകരണം മികച്ചതായതുകൊണ്ട് അവരുടെ സന്നദ്ധസേവകരെ അവർക്കു ഭംഗിയായി ഏകോപിപ്പിക്കാനാകുന്നു.” അതെ, പൗലോസ് അപ്പോസ്തലൻ പറഞ്ഞതുപോലെ സഹായം വേണ്ടിവരുന്ന സഹോദരങ്ങളുടെ ‘ആവശ്യങ്ങൾ നന്നായി നിറവേറ്റുന്നവരാണു’ നമ്മൾ.
12-14. (എ) നമ്മുടെ ദുരിതാശ്വാസപ്രവർത്തനം അതിന്റെ മൂന്നാമത്തെ ലക്ഷ്യം നേടുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) നമ്മുടെ ആത്മീയപ്രവർത്തനങ്ങൾ മുടങ്ങാൻ അനുവദിക്കരുതാത്തതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ചില അഭിപ്രായങ്ങൾ ഏതെല്ലാം?
12 മൂന്നാമതായി, ദുരന്തബാധിതരെ ആത്മീയദിനചര്യ വീണ്ടെടുക്കാൻ സഹായിക്കുന്നു. ഇത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ദുരിതാശ്വാസസഹായം ലഭിക്കുന്നവർക്കു ‘ദൈവത്തോടു നന്ദി പറയാൻ’ പ്രേരണ തോന്നും എന്നു പൗലോസ് പറഞ്ഞു. (2 കൊരി. 9:12ബി) അങ്ങനെയെങ്കിൽ, ദുരന്തബാധിതർക്ക് യഹോവയോടു നന്ദി കാണിക്കാനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്? കഴിയുന്നത്ര പെട്ടെന്നു തങ്ങളുടെ ആത്മീയദിനചര്യ വീണ്ടെടുക്കുക എന്നതാണ് അതിനുള്ള വഴി. (ഫിലി. 1:10) 1945-ലെ ഒരു വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “സംഭാവനകൾ ശേഖരിക്കുന്ന ക്രമീകരണത്തെ പൗലോസ് അംഗീകരിക്കാൻ ഒരു കാരണമുണ്ട്. സഹായം ആവശ്യമുള്ള ക്രിസ്തീയസഹോദരങ്ങൾക്കു വേണ്ട സഹായം എത്തിക്കാൻ അത് ഉപകരിച്ചു. അതുകൊണ്ടുള്ള പ്രയോജനമോ? അവർക്കു കുറച്ചുകൂടെ സ്വതന്ത്രമായും ഉത്സാഹത്തോടെയും യഹോവ ഏൽപ്പിച്ച പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കാൻ കഴിയുമായിരുന്നു.” ഇന്നു നമ്മുടെ ലക്ഷ്യവും അതുതന്നെയാണ്. നമ്മുടെ സഹോദരങ്ങൾക്കു വീണ്ടും പ്രസംഗപ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞാൽ അതു ദുഃഖാർത്തരായിരിക്കുന്ന അവരുടെ അയൽക്കാരെ മാത്രമല്ല അവരെത്തന്നെയും ബലപ്പെടുത്തും.—2 കൊരിന്ത്യർ 1:3, 4 വായിക്കുക.
13 ദുരിതാശ്വാസസഹായം ലഭിച്ചിട്ട് ശുശ്രൂഷ പുനരാരംഭിക്കുകയും അതിലൂടെ കരുത്താർജിക്കുകയും ചെയ്ത ചിലരുടെ അഭിപ്രായങ്ങൾ നമുക്കു നോക്കാം. ഒരു സഹോദരൻ പറഞ്ഞു: “വയൽസേവനത്തിനു പോകാൻ പറ്റിയതു ഞങ്ങളുടെ കുടുംബത്തിന് ഒരു അനുഗ്രഹമായിരുന്നു. മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങളുടെ ഉത്കണ്ഠകൾ തെല്ലൊന്നു മറക്കാൻ ഞങ്ങൾക്കായി.” ഒരു സഹോദരി പറയുന്നത് ഇതാണ്: “ആത്മീയപ്രവർത്തനങ്ങളിൽ മുഴുകിയപ്പോൾ, എനിക്കു ചുറ്റും നാശനഷ്ടങ്ങൾ വിതച്ച ആ വിപത്തിൽനിന്ന് എന്റെ ശ്രദ്ധ തിരിഞ്ഞു. എനിക്കു സുരക്ഷിതത്വം തോന്നി.” മറ്റൊരു സഹോദരി പറഞ്ഞു: “പല കാര്യങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിലല്ലായിരുന്നു. പക്ഷേ ശുശ്രൂഷ ഞങ്ങൾക്കു ലക്ഷ്യബോധം നൽകി. പുതിയഭൂമിയെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശയെപ്പറ്റി മറ്റുള്ളവരോടു പറഞ്ഞത് എല്ലാം പുതിയതാകുമെന്നുള്ള ഞങ്ങളുടെ ബോധ്യം ശക്തമാക്കി.”
14 ദുരന്തത്തിന് ഇരയാകുന്ന നമ്മുടെ സഹോദരങ്ങൾ എത്രയും പെട്ടെന്നു പുനരാരംഭിക്കേണ്ട ഒരു ആത്മീയപ്രവർത്തനമാണു യോഗങ്ങളിൽ പങ്കെടുക്കുകയെന്നത്. ഒരു സുനാമി ആഞ്ഞടിച്ചപ്പോൾ കിയോക്കോ സഹോദരിക്കുണ്ടായ അനുഭവം നോക്കാം. അന്ന് 60-നോടടുത്ത് പ്രായമുണ്ടായിരുന്ന സഹോദരിക്കു താൻ ധരിച്ചിരുന്ന വസ്ത്രവും ചെരിപ്പുകളും ഒഴികെ മറ്റെല്ലാം ആ ദുരന്തത്തിൽ നഷ്ടമായി. ഇനി എങ്ങനെ ജീവിക്കും എന്നതിനെക്കുറിച്ച് സഹോദരിക്ക് ഒരു എത്തും പിടിയും ഇല്ലായിരുന്നു. അപ്പോഴാണു സഹോദരിയോട് ഒരു മൂപ്പൻ, പതിവായുള്ള ക്രിസ്തീയയോഗങ്ങൾ തന്റെ കാറിൽവെച്ച് നടത്താമെന്നു പറയുന്നത്. കിയോക്കോ സഹോദരി പറയുന്നു: “ഒരു മൂപ്പനും അദ്ദേഹത്തിന്റെ ഭാര്യയും മറ്റൊരു സഹോദരിയും ഞാനും ആ കാറിൽ ഇരുന്നു. വളരെ ലളിതമായിരുന്നു ആ യോഗം. പക്ഷേ അത്ഭുതമെന്നു പറയട്ടെ, സുനാമിയെക്കുറിച്ചുള്ള ഓർമകൾ എന്റെ മനസ്സിൽനിന്ന് മാഞ്ഞുപോയി. എന്റെ മനസ്സ് ശാന്തമായതായി എനിക്ക് അനുഭവപ്പെട്ടു. ക്രിസ്തീയസഹവാസത്തിന്റെ ശക്തി എന്താണെന്ന് എനിക്ക് അന്നു മനസ്സിലായി.” ഒരു ദുരന്തത്തിനു ശേഷം താൻ പങ്കെടുത്ത യോഗങ്ങളെക്കുറിച്ച് ഒരു സഹോദരി പറഞ്ഞത്, “അത് എന്റെ ജീവനാഡിയായിരുന്നു” എന്നാണ്.—റോമ. 1:11, 12; 12:12.
ദുരിതാശ്വാസശുശ്രൂഷ—അതിന്റെ നിലനിൽക്കുന്ന പ്രയോജനങ്ങൾ
15, 16. (എ) ദുരിതാശ്വാസപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ കൊരിന്തിലും മറ്റ് ഇടങ്ങളിലുമുള്ള ക്രിസ്ത്യാനികൾക്ക് എന്തു പ്രയോജനം ലഭിക്കുമായിരുന്നു? (ബി) ദുരിതാശ്വാസപ്രവർത്തനങ്ങൾ ഇന്നു നമുക്ക് എങ്ങനെയാണു പ്രയോജനപ്പെടുന്നത്?
15 ദുരിതാശ്വാസശുശ്രൂഷയെക്കുറിച്ച് സംസാരിക്കുന്നതിനിടെ, ആ പ്രവർത്തനത്തിൽ പങ്കെടുക്കുന്നതിലൂടെ കൊരിന്തിലുള്ളവർക്കും മറ്റു ക്രിസ്ത്യാനികൾക്കും ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ചും പൗലോസ് വിശദീകരിച്ചു. പൗലോസ് പറഞ്ഞു: “ദൈവം നിങ്ങളോട് അളവറ്റ അനർഹദയ കാണിച്ചതുകൊണ്ട് അവർ (അതായത്, സഹായം ലഭിച്ച യരുശലേമിലെ ജൂതക്രിസ്ത്യാനികൾ) നിങ്ങളെ സ്നേഹിക്കുന്നു. അതുകൊണ്ടുതന്നെ അവർ നിങ്ങൾക്കുവേണ്ടി ഉള്ളുരുകി പ്രാർഥിക്കുന്നു.” (2 കൊരി. 9:14) അതെ, കൊരിന്തിലുള്ളവർ കാണിച്ച ഉദാരത, ജനതകളിൽപ്പെട്ടവർ ഉൾപ്പെടെ കൊരിന്തിലുള്ള സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിക്കാൻ യരുശലേമിലെ ജൂതക്രിസ്ത്യാനികളെ പ്രേരിപ്പിക്കുമായിരുന്നു. അത് അവർക്കു കൊരിന്തിലുള്ളവരോടുള്ള സ്നേഹത്തിന്റെ ആഴം കൂട്ടുകയും ചെയ്യുമായിരുന്നു.
16 ദുരിതാശ്വാസപ്രവർത്തനത്തിന്റെ പ്രയോജനങ്ങളെക്കുറിച്ചുള്ള പൗലോസിന്റെ ആ വാക്കുകൾക്കു നമ്മുടെ നാളിലുള്ള പ്രസക്തിയെപ്പറ്റി 1945 ഡിസംബർ 1 ലക്കം വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ സമർപ്പിതജനത്തിലെ ഒരു കൂട്ടം അവരുടെ ഇടയിലെ മറ്റൊരു കൂട്ടത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സംഭാവനകൾ നൽകുമ്പോൾ അത് അവരുടെ ഒരുമയെ എത്രമാത്രം ബലപ്പെടുത്തുന്നെന്നോ!” ഇന്നു ദുരിതാശ്വാസപ്രവർത്തകർ ആ വാക്കുകളുടെ സത്യത അനുഭവിച്ചറിയുന്നു. പ്രളയക്കെടുതികളിൽ സഹായവുമായി എത്തിയ ഒരു മൂപ്പൻ പറയുന്നു: “ആ ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കെടുത്തപ്പോൾ എനിക്കു സഹോദരങ്ങളോട് എന്നത്തെക്കാളും അടുപ്പം തോന്നി.” സഹായം ലഭിച്ച മറ്റൊരു സഹോദരി നന്ദിയോടെ ഇങ്ങനെ ഓർക്കുന്നു: “ഇന്ന്, ഭൂമിയിലെ പറുദീസയോടു തുലനം ചെയ്യാവുന്ന ഒന്നുണ്ട്, അതു നമ്മുടെ സഹോദരസമൂഹമാണ്.”—സുഭാഷിതങ്ങൾ 17:17 വായിക്കുക.
17. (എ) യശയ്യ 41:13-ലെ വാക്കുകൾ ദുരിതാശ്വാസപ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്? (ബി) ദുരിതാശ്വാസപ്രവർത്തനങ്ങൾ എങ്ങനെയാണ് യഹോവയെ മഹത്ത്വപ്പെടുത്തുന്നതെന്നും നമ്മുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതെന്നും തെളിയിക്കുന്ന ചില ഉദാഹരണങ്ങൾ നൽകുക. (“ദുരിതാശ്വാസവുമായി ഓടിയെത്തുന്ന സന്നദ്ധസേവകർ” എന്ന ചതുരവും കാണുക.)
17 ദുരന്തബാധിതപ്രദേശത്ത് ദുരിതാശ്വാസപ്രവർത്തകർ എത്തുമ്പോൾ അവിടെയുള്ള സഹോദരങ്ങൾ യഹോവ തന്നിരിക്കുന്ന ഉറപ്പ് എത്ര സത്യമാണെന്ന് അനുഭവിച്ചറിയുന്നു. യഹോവ പറയുന്നു: “‘പേടിക്കേണ്ടാ, ഞാൻ നിന്നെ സഹായിക്കും’ എന്നു നിന്നോടു പറയുന്ന നിന്റെ ദൈവമായ യഹോവ എന്ന ഞാൻ, നിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.” (യശ. 41:13) ദുരന്തത്തെ അതിജീവിച്ച ഒരു സഹോദരി പറയുന്നു: “നാശനഷ്ടങ്ങൾ കണ്ട് ഞാൻ ആകെ ആശയറ്റ അവസ്ഥയിലായി. പക്ഷേ യഹോവ എനിക്കു കൈ നീട്ടിത്തന്നു. സഹോദരങ്ങൾ ചെയ്തുതന്ന സഹായം വർണിക്കാൻ എനിക്കു വാക്കുകളില്ല.” ദുരന്തം കെടുതികൾ വിതച്ച ഒരു പ്രദേശത്തെ രണ്ടു മൂപ്പന്മാർ തങ്ങളുടെ സഭകളെ പ്രതിനിധീകരിച്ച് ഇങ്ങനെ എഴുതി: “ആ ഭൂകമ്പം ഞങ്ങളെയെല്ലാം വലിയ വേദനയിലാഴ്ത്തി, പക്ഷേ നമ്മുടെ സഹോദരങ്ങളിലൂടെ യഹോവ തരുന്ന സഹായം എന്താണെന്നു ഞങ്ങൾ അനുഭവിച്ചറിഞ്ഞു. ദുരിതാശ്വാസപ്രവർത്തനങ്ങളെക്കുറിച്ച് ഇതുവരെ ഞങ്ങൾക്കു കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഞങ്ങൾ അതു സ്വന്തകണ്ണാൽ കണ്ടിരിക്കുന്നു.”
നിങ്ങൾക്കും പങ്കെടുക്കണമെന്നുണ്ടോ?
18. ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും? (“അത് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു” എന്ന ചതുരവും കാണുക.)
18 ദുരിതാശ്വാസപ്രവർത്തനം നൽകുന്ന സന്തോഷം നിങ്ങൾക്കും രുചിച്ചറിയണമെന്നുണ്ടോ? എങ്കിൽ, രാജ്യഹാൾ നിർമാണപ്രവർത്തനത്തിൽ പങ്കെടുക്കുന്നവരിൽനിന്നാണു മിക്കപ്പോഴും ദുരിതാശ്വാസപ്രവർത്തകരെ തിരഞ്ഞെടുക്കുന്നതെന്നു മനസ്സിൽപ്പിടിക്കുക. അതിലേക്ക് ഒരു അപേക്ഷാഫാറം പൂരിപ്പിച്ചുനൽകാൻ ആഗ്രഹിക്കുന്നെന്ന കാര്യം നിങ്ങളുടെ മൂപ്പന്മാരോടു പറയാനാകും. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ നല്ല അനുഭവപരിചയമുള്ള ഒരു മൂപ്പൻ ഇങ്ങനെ ഓർമിപ്പിക്കുന്നു: “ദുരിതാശ്വാസ കമ്മിറ്റിയിൽനിന്ന് ഔദ്യോഗികമായി ക്ഷണം കിട്ടിയതിനു ശേഷം മാത്രമേ നിങ്ങൾ ദുരന്തബാധിതപ്രദേശത്തേക്കു ചെല്ലാവൂ.” ദുരിതാശ്വാസപ്രവർത്തനം ക്രമീകൃതമായ വിധത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ അതു സഹായിക്കും.
19. ദുരിതാശ്വാസപ്രവർത്തകരുടെ പ്രവർത്തനങ്ങൾ, നമ്മൾ ക്രിസ്തുശിഷ്യരാണെന്നു തെളിയിക്കുന്നത് എങ്ങനെ?
19 “തമ്മിൽത്തമ്മിൽ സ്നേഹിക്കണം” എന്ന യേശുവിന്റെ കല്പന അനുസരിക്കാനുള്ള സവിശേഷമായൊരു മാർഗമാണു ദുരിതാശ്വാസപ്രവർത്തനം എന്നതിനു സംശയമില്ല. നമ്മൾ ശരിക്കും ക്രിസ്തുശിഷ്യരാണെന്ന് അത്തരം സ്നേഹം തെളിയിക്കുന്നു. (യോഹ. 13:34, 35) ദൈവരാജ്യത്തെ വിശ്വസ്തമായി പിന്തുണയ്ക്കുന്നവർക്കു വേണ്ട സഹായം എത്തിച്ചുകൊടുത്തുകൊണ്ട് യഹോവയെ മഹത്ത്വപ്പെടുത്തുന്ന ധാരാളം സന്നദ്ധസേവകർ നമുക്കുണ്ട്. മനസ്സൊരുക്കത്തോടെയുള്ള അവരുടെ പ്രവർത്തനങ്ങൾ നമുക്ക് ഇന്ന് എത്ര വലിയൊരു അനുഗ്രഹമാണ്!
a നമ്മുടെ സഹവിശ്വാസികൾക്കു ദുരിതാശ്വാസം എത്തിക്കുന്നതിനെക്കുറിച്ചാണ് ഈ അധ്യായം. എന്നാൽ പലപ്പോഴും നമ്മുടെ ദുരിതാശ്വാസപ്രവർത്തനങ്ങൾകൊണ്ട് സാക്ഷികളല്ലാത്തവർക്കും പ്രയോജനം ലഭിക്കാറുണ്ട്.—ഗലാ. 6:10.
b ‘ശുശ്രൂഷാദാസന്മാരെ’ക്കുറിച്ച് വിവരിച്ചപ്പോൾ ഡിയാക്കോണോസ് (ശുശ്രൂഷകൻ) എന്ന വാക്കിന്റെ ബഹുവചനരൂപമാണു പൗലോസ് ഉപയോഗിച്ചത്.—1 തിമൊ. 3:12.
c 1994 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 23-27 പേജുകളിലെ “നമ്മുടെ വിശ്വാസ കുടുംബത്തിൽപ്പെട്ട ബോസ്നിയക്കാരെ സഹായിക്കൽ” എന്ന ലേഖനം കാണുക.