അധ്യായം 16
പിശാചിനോടും അവന്റെ കുടിലതന്ത്രങ്ങളോടും എതിർത്തുനിൽക്കുക
“പിശാചിനോട് എതിർത്തുനിൽക്കുക. അപ്പോൾ പിശാച് . . . ഓടിപ്പോകും.”—യാക്കോബ് 4:7.
1, 2. ക്രിസ്തീയസ്നാനം ആർക്കെല്ലാം സന്തോഷം കൈവരുത്തുന്നു?
പതിറ്റാണ്ടുകളായി യഹോവയെ സേവിക്കുന്ന ഒരാളാണു നിങ്ങൾ എങ്കിൽ നമ്മുടെ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും നടന്നിട്ടുള്ള നിരവധി സ്നാനപ്രസംഗങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നിട്ടും, അത്തരം ഓരോ സന്ദർഭത്തിലും ആഡിറ്റോറിയത്തിന്റെ മുൻനിരകളിലുള്ള സ്നാനാർഥികൾ എഴുന്നേറ്റുനിൽക്കുന്നതു കാണുമ്പോൾ നിങ്ങളുടെ ഹൃദയം ആഹ്ലാദഭരിതമാകാറില്ലേ? ആവേശത്തിന്റെയും ആകാംക്ഷയുടെയും അലകൾ സദസ്സിലെങ്ങും വ്യാപിക്കുമ്പോൾ, നീണ്ടുനിൽക്കുന്ന കരഘോഷം അകമ്പടിയായി എത്തുന്നു. യഹോവയോടു കൂറു പ്രഖ്യാപിച്ചിരിക്കുന്ന ആ കൂട്ടത്തെ കാണുമ്പോൾ നിങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞേക്കാം. ആ സന്തോഷം പറഞ്ഞറിയിക്കാനാകില്ല!
2 ഓരോ വർഷവും നമ്മുടെ പ്രദേശത്ത് നടക്കുന്ന ഏതാനും ക്രിസ്തീയസ്നാനങ്ങൾ മാത്രമേ നമ്മൾ കാണുന്നുള്ളൂ. എന്നാൽ അതിനെക്കാൾ എത്രയോ മടങ്ങു സ്നാനങ്ങൾക്കാണു ദൂതന്മാർ സാക്ഷികളാകുന്നത്! ലോകമെമ്പാടുമായി ഓരോ ആഴ്ചയും ആയിരക്കണക്കിനാളുകൾ യഹോവയുടെ ദൃശ്യസംഘടനയുടെ ഭാഗമായിത്തീരുന്നതു കാണുമ്പോൾ ‘സ്വർഗത്തിലുണ്ടാകുന്ന സന്തോഷത്തെക്കുറിച്ച്’ നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ? (ലൂക്കോസ് 15:7, 10) അതെ, ആ വർധന ദൂതന്മാരെ ആവേശഭരിതരാക്കുന്നു.—ഹഗ്ഗായി 2:7.
പിശാച് “അലറുന്ന സിംഹത്തെപ്പോലെ . . . ചുറ്റിനടക്കുന്നു”
3. സാത്താൻ “അലറുന്ന സിംഹത്തെപ്പോലെ” ചുറ്റിനടക്കുന്നത് എന്തുകൊണ്ട്, എന്താണ് അവന്റെ ഉദ്ദേശ്യം?
3 എന്നാൽ, അത്തരം സ്നാനങ്ങളെ ഉഗ്രകോപത്തോടെ നോക്കിനിൽക്കുന്ന ആത്മജീവികളുമുണ്ട്. ആയിരങ്ങൾ ഈ ദുഷ്ടലോകത്തിനു പുറംതിരിയുന്നതു കാണുമ്പോൾ സാത്താനും ഭൂതങ്ങൾക്കും ക്രോധം അടക്കാനാകുന്നില്ല. ആത്മാർഥമായ സ്നേഹത്തോടെ ആരും യഹോവയെ സേവിക്കില്ലെന്നും കടുത്ത പരിശോധനയുണ്ടായാൽ ആരും യഹോവയോടു വിശ്വസ്തരായിരിക്കില്ലെന്നും സാത്താൻ വീമ്പിളക്കിയെന്ന് ഓർക്കുക. (ഇയ്യോബ് 2:4, 5 വായിക്കുക.) ഓരോ വ്യക്തിയും സ്വന്തം ജീവിതം യഹോവയ്ക്കു സമർപ്പിക്കുമ്പോൾ സാത്താന്റെ അവകാശവാദം തെറ്റാണെന്നു തെളിയുകയാണ്. ആഴ്ചതോറും സാത്താന്റെ മുഖത്ത് ആയിരക്കണക്കിന് അടി കിട്ടുന്നതുപോലെയാണ് അത്! അവൻ ‘അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്നു നോക്കി ചുറ്റിനടക്കുന്നതിൽ’ അതിശയിക്കാനുണ്ടോ? (1 പത്രോസ് 5:8) ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിക്കൊണ്ടോ അതു പാടേ തകർത്തുകൊണ്ടോ നമ്മളെ ആത്മീയമായി ‘വിഴുങ്ങിക്കളയാനുള്ള’ വ്യഗ്രതയിലാണ് ഈ ‘സിംഹം.’—സങ്കീർത്തനം 7:1, 2; 2 തിമൊഥെയൊസ് 3:12.
സമർപ്പിച്ച് സ്നാനമേൽക്കുന്ന ഓരോ വ്യക്തിയും സാത്താന്റെ അവകാശവാദം തെറ്റാണെന്നു തെളിയിക്കുകയാണ്
4, 5. (എ) പ്രധാനപ്പെട്ട ഏതു രണ്ടു വിധങ്ങളിൽ യഹോവ സാത്താന്റെ സ്വാധീനത്തെ പരിമിതപ്പെടുത്തിയിരിക്കുന്നു? (ബി) ഒരു സത്യക്രിസ്ത്യാനിക്ക് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം?
4 നമ്മുടെ ശത്രു കൊടുംക്രൂരനാണെങ്കിലും നമ്മൾ ഭയന്നുവിറയ്ക്കേണ്ടതില്ല. ‘അലറുന്ന ആ സിംഹത്തിന്റെ’ സ്വാധീനവലയത്തെ മുഖ്യമായും രണ്ടു വിധങ്ങളിൽ യഹോവ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നതാണ് അതിനു കാരണം. സത്യക്രിസ്ത്യാനികളുടെ “ഒരു മഹാപുരുഷാരം” ആസന്നമായ ‘മഹാകഷ്ടതയെ’ അതിജീവിക്കുമെന്ന് യഹോവ മൂൻകൂട്ടിപ്പറഞ്ഞിരിക്കുന്നതാണ് അതിലൊന്ന്. (വെളിപാട് 7:9, 14) ദൈവത്തിന്റെ പ്രവചനങ്ങൾ ഒരിക്കലും തെറ്റിപ്പോകില്ല. അതുകൊണ്ട്, ദൈവജനത്തെ ഒന്നടങ്കം കീഴ്പെടുത്താൻ തനിക്കാകില്ലെന്നു സാത്താനും അറിയാമായിരിക്കണം.
5 സാത്താന്റെ സ്വാധീനത്തെ യഹോവ പരിമിതപ്പെടുത്തിയിരിക്കുന്ന രണ്ടാമത്തെ വിധം, പുരാതനകാലത്തെ വിശ്വസ്തനായ ഒരു ദൈവദാസൻ ചൂണ്ടിക്കാട്ടിയ അടിസ്ഥാനസത്യത്തിൽനിന്ന് മനസ്സിലാക്കാവുന്നതാണ്. “നിങ്ങൾ ദൈവമായ യഹോവയുടെ പക്ഷത്ത് നിൽക്കുന്നിടത്തോളം കാലം ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും” എന്ന് അസര്യപ്രവാചകൻ രാജാവായ ആസയോടു പറഞ്ഞു. (2 ദിനവൃത്താന്തം 15:2; 1 കൊരിന്ത്യർ 10:13 വായിക്കുക.) ദൈവത്തോടു പറ്റിനിന്ന ദൈവദാസന്മാരിൽ ഒരാളെപ്പോലും ‘വിഴുങ്ങാൻ’ സാത്താനു കഴിഞ്ഞിട്ടില്ലെന്നു കാണിക്കുന്ന അനേകം വിവരണങ്ങൾ ബൈബിളിലുണ്ട്. (എബ്രായർ 11:4-40) ഇന്നും, ദൈവത്തോടു പറ്റിനിൽക്കുന്ന ഒരു ക്രിസ്ത്യാനിക്കു സാത്താനെ ചെറുത്തുനിൽക്കാനാകും, എന്തിന്, അവനെ കീഴ്പെടുത്താൻപോലും കഴിയും. “പിശാചിനോട് എതിർത്തുനിൽക്കുക. അപ്പോൾ പിശാച് നിങ്ങളെ വിട്ട് ഓടിപ്പോകും” എന്നു ദൈവവചനം നമുക്ക് ഉറപ്പുതരുന്നു!—യാക്കോബ് 4:7.
ദുഷ്ടാത്മസേനകളോടുള്ള നമ്മുടെ പോരാട്ടം
6. വ്യക്തികളെന്നനിലയിൽ സാത്താൻ ക്രിസ്ത്യാനികളെ ആക്രമിക്കുന്നത് എങ്ങനെ?
6 ഈ പോരാട്ടത്തിൽ വിജയിക്കാൻ സാത്താനു കഴിയില്ലെങ്കിലും, ജാഗ്രതയോടിരുന്നില്ലെങ്കിൽ വ്യക്തികളെന്ന നിലയിൽ നമ്മളെ കീഴ്പെടുത്താൻ അവനു സാധിക്കും. യഹോവയുമായുള്ള നമ്മുടെ ബന്ധം ദുർബലമാക്കാൻ കഴിഞ്ഞാൽ നമ്മളെ വിഴുങ്ങാനാകുമെന്ന് അവന് അറിയാം. എങ്ങനെയാണു സാത്താൻ അതിനായി ശ്രമിക്കുന്നത്? സാത്താൻ ഉപയോഗിക്കുന്ന മൂന്ന് ആക്രമണതന്ത്രങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ ചിന്തിക്കാം—തീവ്രമായ ആക്രമണം, നേർക്കുനേരെയുള്ള പോരാട്ടം, കുടിലതന്ത്രങ്ങൾ.
7. സാത്താൻ യഹോവയുടെ ജനത്തെ തീവ്രമായി ആക്രമിക്കുന്നത് എന്തുകൊണ്ട്?
7 തീവ്രമായ ആക്രമണം. “ലോകം മുഴുവനും ദുഷ്ടന്റെ നിയന്ത്രണത്തിലാണ്” എന്നു യോഹന്നാൻ അപ്പോസ്തലൻ പറഞ്ഞു. (1 യോഹന്നാൻ 5:19) ആ വാക്കുകളിൽ എല്ലാ ക്രിസ്ത്യാനികൾക്കുമുള്ള ഒരു മുന്നറിയിപ്പുണ്ട്. അഭക്തമനുഷ്യരുടെ ലോകത്തെ ഒന്നടങ്കം വിഴുങ്ങിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്, ഇതുവരെയും തനിക്കു കീഴ്പെടാതെ നിലകൊണ്ടിട്ടുള്ള ദൈവജനത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ച് അവർക്കെതിരെയുള്ള ആക്രമണം ശക്തിപ്പെടുത്താൻ ഇപ്പോൾ സാത്താനു കഴിയും. (മീഖ 4:1; യോഹന്നാൻ 15:19; വെളിപാട് 12:12, 17) സമയം പരിമിതമാണെന്ന് അറിയാവുന്നതുകൊണ്ട് സാത്താൻ ഭയങ്കര ദേഷ്യത്തിലാണ്. അതുകൊണ്ടുതന്നെ അവൻ തന്റെ ആക്രമണത്തിന് ആക്കംകൂട്ടിയിരിക്കുന്നു. യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കാൻ അത്യുഗ്രകോപത്തോടെ അവൻ അന്തിമമായ ആക്രമണം നടത്തുന്ന സമയമാണ് ഇത്.
8. ദുഷ്ടാത്മാക്കളോടു നമുക്ക് ഒരു പോരാട്ടമുണ്ടെന്ന് എഴുതിയപ്പോൾ പൗലോസ് എന്താണ് അർഥമാക്കിയത്?
8 നേർക്കുനേരെയുള്ള പോരാട്ടം. “നമ്മുടെ പോരാട്ടം (“നമ്മുടെ മല്പിടിത്തം,” അടിക്കുറിപ്പ്) . . . സ്വർഗീയസ്ഥലങ്ങളിലെ ദുഷ്ടാത്മസേന”കളോടാണെന്നു പൗലോസ് അപ്പോസ്തലൻ സഹക്രിസ്ത്യാനികളെ ഓർമിപ്പിച്ചു. (എഫെസ്യർ 6:12) “പോരാട്ടം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം നേർക്കുനേരെയുള്ള ഏറ്റുമുട്ടലിനെയാണു കുറിക്കുന്നത്. ആ പദം ഉപയോഗിച്ചതിലൂടെ, നമുക്ക് ഓരോരുത്തർക്കും ദുഷ്ടാത്മാക്കളുമായി വ്യക്തിപരമായ ഒരു പോരാട്ടമുണ്ടെന്ന സത്യത്തിന് അടിവരയിടുകയായിരുന്നു പൗലോസ്. നമ്മൾ ജീവിക്കുന്നതു ദുഷ്ടാത്മാക്കളിലുള്ള വിശ്വാസം പ്രബലമായിരിക്കുന്ന ഒരു രാജ്യത്താണെങ്കിലും അല്ലെങ്കിലും, യഹോവയ്ക്കു ജീവിതം സമർപ്പിച്ചപ്പോൾ നമ്മൾ അങ്കത്തട്ടിലേക്കു കയറിയിരിക്കുകയാണെന്നു പറയാം. അതെ, കുറഞ്ഞപക്ഷം സമർപ്പണത്തോടെയെങ്കിലും നമ്മൾ സാത്താന്റെ ആക്രമണലക്ഷ്യമായിത്തീരുന്നു. വെറുതേയല്ല പൗലോസ്, “ഉറച്ചുനിൽക്കുക” എന്ന് എഫെസൊസിലെ ക്രിസ്ത്യാനികൾക്ക് എഴുതിയത്.—എഫെസ്യർ 6:11, 13, 15.
9. (എ) സാത്താനും ഭൂതങ്ങളും നിരവധി ‘കുടിലതന്ത്രങ്ങൾ’ ഉപയോഗിക്കുന്നത് എന്തുകൊണ്ട്? (ബി) സാത്താൻ നമ്മുടെ ചിന്താഗതിയെ ദുഷിപ്പിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ട്, നമുക്ക് അത് എങ്ങനെ ചെറുത്തുനിൽക്കാം? (“സാത്താന്റെ കൗശലങ്ങളെ സൂക്ഷിക്കുക!” എന്ന ചതുരം കാണുക.) (സി) ഏതു കുടിലതന്ത്രത്തെക്കുറിച്ചാണ് നമ്മൾ അടുത്തതായി ചിന്തിക്കുന്നത്?
9 കുടിലതന്ത്രങ്ങൾ. സാത്താന്റെ “കുടിലതന്ത്രങ്ങളോട്” എതിർത്തുനിൽക്കാൻ പൗലോസ് ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു. (എഫെസ്യർ 6:11) കുടിലതന്ത്രം എന്നല്ല കുടിലതന്ത്രങ്ങൾ എന്നാണു പൗലോസ് പറഞ്ഞതെന്ന് ഓർക്കുക. അതെ, ദുഷ്ടാത്മാക്കൾ പ്രയോഗിക്കുന്ന ഉപായങ്ങൾ നിരവധിയാണ്; അതിനു കാരണവുമുണ്ട്. ഒരുതരത്തിലുള്ള പരിശോധനയെ അതിജീവിച്ചിട്ടുള്ള ചിലർ പിന്നീടു മറ്റൊരു പരിശോധനയുണ്ടായപ്പോൾ വീണുപോയിട്ടുണ്ട്. നമ്മിലോരോരുത്തരുടെയും ഏറ്റവും ബലഹീനമായ വശം കണ്ടുപിടിക്കാൻ പിശാചും ഭൂതങ്ങളും നമ്മുടെ പെരുമാറ്റം സുസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആത്മീയമായ ഏതെങ്കിലുമൊരു ബലഹീനത കണ്ടാൽ അവർ അതു മുതലെടുക്കുന്നു. സന്തോഷകരമെന്നു പറയട്ടെ, പിശാചിന്റെ തന്ത്രങ്ങളെ ബൈബിൾ തുറന്നുകാട്ടുന്നതുകൊണ്ട് നമുക്ക് അവയിൽ പലതും തിരിച്ചറിയാൻ കഴിയും. (2 കൊരിന്ത്യർ 2:11) ഭൗതികത്വം, ദോഷംചെയ്യുന്ന സഹവാസം, ലൈംഗിക അധാർമികത തുടങ്ങിയ കെണികളെക്കുറിച്ച് ഈ പുസ്തകത്തിൽ മുമ്പ് നമ്മൾ ചർച്ചചെയ്തല്ലോ. സാത്താന്റെ മറ്റൊരു കുടിലതന്ത്രമായ ഭൂതവിദ്യയെക്കുറിച്ച് ഇപ്പോൾ നമുക്കു ചിന്തിക്കാം.
ഭൂതവിദ്യ—അവിശ്വസ്തതയുടെ പര്യായം
10. (എ) എന്താണു ഭൂതവിദ്യ? (ബി) യഹോവ ഭൂതവിദ്യയെ എങ്ങനെയാണു കാണുന്നത്, നിങ്ങൾ അതിനെ എങ്ങനെ കാണുന്നു?
10 ഭൂതവിദ്യയിൽ ഏർപ്പെടുന്ന ഒരാൾ ദുഷ്ടാത്മാക്കളുമായി നേരിട്ട് ബന്ധപ്പെടുകയാണ്. ഭാവിഫലം പറയൽ, ആഭിചാരം, മന്ത്രവിദ്യയാൽ ആളുകളെ ദ്രോഹിക്കൽ, മരിച്ചവരോട് ഉപദേശം തേടൽ എന്നിവ ഭൂതവിദ്യയുടെ ഏതാനും രൂപങ്ങളാണ്. നമുക്ക് അറിയാവുന്നതുപോലെ, ഭൂതവിദ്യ യഹോവയ്ക്ക് “അറപ്പാണ്.” (ആവർത്തനം 18:10-12; വെളിപാട് 21:8) നമ്മളും ‘തിന്മയെ വെറുക്കേണ്ടതുണ്ട്.’ അതുകൊണ്ട് ദുഷ്ടാത്മസേനകളുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് നമുക്കു ചിന്തിക്കാൻപോലുമാകില്ല. (റോമർ 12:9) നമ്മുടെ സ്വർഗീയപിതാവായ യഹോവയോടുള്ള എത്ര കടുത്ത അവിശ്വസ്തതയായിരിക്കും അത്!
11. ഭൂതവിദ്യയിലേക്കു നമ്മളെ വശീകരിക്കാനായാൽ അതു സാത്താനു വൻവിജയമായിരിക്കുന്നത് എങ്ങനെ? ദൃഷ്ടാന്തീകരിക്കുക.
11 ഭൂതവിദ്യയുമായുള്ള ഏതൊരു ബന്ധവും യഹോവയോടുള്ള കടുത്ത അവിശ്വസ്തതയാണ് എന്നതുകൊണ്ടുതന്നെ, നമ്മളിൽ ചിലരെയെങ്കിലും അതിലേക്കു വശീകരിക്കാൻ സാത്താൻ കിണഞ്ഞ് ശ്രമിക്കുകയാണ്. ഒരു ക്രിസ്ത്യാനി ഭൂതവിദ്യയിലേക്കു വശീകരിക്കപ്പെടുമ്പോൾ, സാത്താൻ വലിയൊരു വിജയം നേടുകയാണ്. എങ്ങനെ? ഒരു ദൃഷ്ടാന്തം നോക്കുക. കൂറു മാറാൻ ഒരു പട്ടാളക്കാരനെ പ്രേരിപ്പിക്കാനായാൽ ശത്രുസൈന്യത്തിന്റെ കമാൻഡർക്ക് അതു വലിയ സന്തോഷമായിരിക്കും. ആ പട്ടാളക്കാരന്റെ മുൻ കമാൻഡറെ അപമാനിക്കാനായി അയാൾ ആ പട്ടാളക്കാരനെ പ്രത്യേകം ആദരിക്കുകപോലും ചെയ്തേക്കാം. സമാനമായി, ഭൂതവിദ്യയിലേക്കു തിരിയുന്ന ഒരു ക്രിസ്ത്യാനി, മനഃപൂർവം യഹോവയ്ക്കു പുറംതിരിയുകയും സാത്താന്റെ ആജ്ഞാനുവർത്തിയായിത്തീരുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരാളെ തന്റെ വിജയത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടാൻ കഴിയുന്നതു സാത്താനെ എത്രമാത്രം സന്തോഷിപ്പിക്കുമെന്ന് ഓർത്തുനോക്കൂ! സാത്താന് അങ്ങനെയൊരു വിജയം നേടിക്കൊടുക്കാൻ നമ്മളിൽ ആരെങ്കിലും ആഗ്രഹിക്കുമോ? ഒരിക്കലുമില്ല! കൂറുമാറുന്ന വഞ്ചകരല്ല നമ്മൾ.
സംശയത്തിന്റെ വിത്തുകൾ പാകിക്കൊണ്ട്
12. ഭൂതവിദ്യയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കാൻ സാത്താൻ ഏതു മാർഗം അവലംബിക്കുന്നു?
12 നമ്മൾ ഭൂതവിദ്യ വെറുക്കുന്നിടത്തോളം കാലം അത് ഉപയോഗിച്ച് നമ്മളെ കീഴ്പെടുത്താൻ സാത്താനു കഴിയില്ല. അതുകൊണ്ട് നമ്മുടെ ചിന്താഗതിക്കു മാറ്റംവരുത്താൻ കഴിഞ്ഞാലേ തന്റെ ഉദ്ദേശ്യം നടക്കുകയുള്ളൂ എന്ന് അവന് അറിയാം. എങ്ങനെയാണു സാത്താൻ അതു ചെയ്യുന്നത്? ക്രിസ്ത്യാനികളെ കുഴപ്പിക്കാൻ വഴികൾ തേടിക്കൊണ്ട്. അതോടെ ആകെ ആശയക്കുഴപ്പത്തിലാകുന്ന അവർ ‘നല്ലതിനെ മോശമായും മോശമായതിനെ നല്ലതായും’ കാണുന്നു. (യശയ്യ 5:20) അതിനായി അവൻ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ പാകുന്ന ചോദ്യങ്ങൾ ഉപയോഗിക്കുന്നു. ഫലപ്രദമെന്നു കാലം തെളിയിച്ച മാർഗമാണ് അത്.
13. ചോദ്യങ്ങളിലൂടെ സംശയം ജനിപ്പിക്കുന്ന രീതി സാത്താൻ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ?
13 കഴിഞ്ഞ കാലത്ത് സാത്താൻ ആ രീതി പരീക്ഷിച്ചത് എങ്ങനെയെന്നു നോക്കുക. ഏദെൻ തോട്ടത്തിൽവെച്ച് സാത്താൻ ഹവ്വായോടു ചോദിച്ചു: “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും നിങ്ങൾ തിന്നരുതെന്നു ദൈവം ശരിക്കും പറഞ്ഞിട്ടുണ്ടോ?” ഇനി, ഇയ്യോബിന്റെ നാളിൽ സ്വർഗത്തിൽവെച്ച് നടന്ന ദൈവദൂതന്മാരുടെ ഒരു സമ്മേളനത്തെക്കുറിച്ച് ചിന്തിക്കുക. “വെറുതേയാണോ ഇയ്യോബ് ദൈവത്തോട് ഇത്ര ഭയഭക്തി കാട്ടുന്നത്” എന്ന് ആ സന്ദർഭത്തിൽ സാത്താൻ ചോദിക്കുകയുണ്ടായി. അതുപോലെ, യേശു ഭൗമികശുശ്രൂഷ തുടങ്ങിയ സമയത്ത്, “നീ ഒരു ദൈവപുത്രനാണെങ്കിൽ ഈ കല്ലുകളോട് അപ്പമാകാൻ പറയൂ” എന്നു പറഞ്ഞുകൊണ്ട് സാത്താൻ യേശുവിനെ വെല്ലുവിളിച്ചു. അതുവഴി, “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് ഏകദേശം ആറ് ആഴ്ച മുമ്പ് യഹോവതന്നെ പറഞ്ഞ വാക്കുകളെ പരിഹസിക്കുകയായിരുന്നു സാത്താൻ.—ഉൽപത്തി 3:1; ഇയ്യോബ് 1:9; മത്തായി 3:17; 4:3.
14. (എ) സാത്താൻ ഭൂതവിദ്യ സംബന്ധിച്ച് സംശയങ്ങൾ ജനിപ്പിക്കുന്നത് എങ്ങനെയാണ്? (ബി) അടുത്തതായി നമ്മൾ എന്താണു പരിചിന്തിക്കുക?
14 ഭൂതവിദ്യ ഹാനികരമല്ലെന്നു വരുത്തിത്തീർക്കാൻ പിശാച് ഇന്നും സമാനമായ ഒരു രീതിയാണ് അവലംബിക്കുന്നത്. ചില ക്രിസ്ത്യാനികളുടെ മനസ്സിൽ സംശയത്തിന്റെ വിത്തു പാകുന്നതിൽ സാത്താൻ വിജയിച്ചിരിക്കുന്നുവെന്നതു സങ്കടകരമാണ്. ചില തരം ഭൂതവിദ്യാനടപടികൾ അത്ര ഗുരുതരമാണോയെന്ന് അവർ ചോദിച്ചുതുടങ്ങിയിരിക്കുന്നു. (2 കൊരിന്ത്യർ 11:3) ആ ചിന്താഗതിക്കു മാറ്റം വരുത്താൻ നമുക്ക് അവരെ എങ്ങനെ സഹായിക്കാം? സാത്താന്റെ തന്ത്രങ്ങൾ നമ്മളെ സ്വാധീനിക്കില്ലെന്നു നമുക്ക് എങ്ങനെ ഉറപ്പുവരുത്താം? അതിനുള്ള ഉത്തരത്തിനായി, ഭൂതവിദ്യകൊണ്ട് സാത്താൻ തന്ത്രപൂർവം ദുഷിപ്പിച്ചിരിക്കുന്ന രണ്ടു മേഖലകളെക്കുറിച്ച് നമുക്കു ചിന്തിക്കാം: വിനോദവും ചികിത്സയും.
നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും മുതലെടുത്തുകൊണ്ട്
15. (എ) പാശ്ചാത്യലോകത്തെ അനേകരും ഭൂതവിദ്യയെ എങ്ങനെയാണു കാണുന്നത്? (ബി) ഭൂതവിദ്യയെക്കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണം ചില ക്രിസ്ത്യാനികളെ സ്വാധീനിച്ചിരിക്കുന്നത് എങ്ങനെ?
15 ആഭിചാരം, മന്ത്രവാദം എന്നിവ ഉൾപ്പെടെയുള്ള ഭൂതവിദ്യാനടപടികളെ വളരെ നിസ്സാരമായി കാണുന്ന പ്രവണത പാശ്ചാത്യരാജ്യങ്ങളിൽ കണ്ടുവരുന്നുണ്ട്. സിനിമകളും പുസ്തകങ്ങളും ടിവി പരിപാടികളും കമ്പ്യൂട്ടർ ഗെയിമുകളും ഭൂതവിദ്യയോടു ബന്ധപ്പെട്ട കാര്യങ്ങളെ, മിടുക്കു തെളിയിക്കുന്ന നിർദോഷമായ ഒരു നേരമ്പോക്കായിട്ടാണു പലപ്പോഴും അവതരിപ്പിക്കുന്നത്. ആഭിചാരം ഇതിവൃത്തമാക്കിയുള്ള ചില സിനിമകളും പുസ്തകങ്ങളും വൻപ്രചാരം നേടിയതിനെത്തുടർന്ന് ആരാധകർ ക്ലബ്ബുകൾ രൂപീകരിക്കുകപോലും ചെയ്തിരിക്കുന്നു. ഭൂതവിദ്യ നിരുപദ്രവകരമാണെന്നു വരുത്തിത്തീർക്കുന്നതിൽ ഭൂതങ്ങൾ വിജയിച്ചിരിക്കുന്നെന്നു വ്യക്തം. ഭൂതവിദ്യയെ നിസ്സാരമായി കാണാനുള്ള ഈ പ്രവണത ക്രിസ്ത്യാനികളെ സ്വാധീനിച്ചിട്ടുണ്ടോ? ഉവ്വ്, ചിലരെയൊക്കെ. എങ്ങനെ? മന്ത്രവാദത്തെ കേന്ദ്രീകരിച്ചുള്ള ഒരു സിനിമയ്ക്കു പോയശേഷം, “ഞാൻ ആ പടം കണ്ടെന്നതു ശരിതന്നെ, പക്ഷേ ഞാൻ ഭൂതവിദ്യയിലൊന്നും ഏർപ്പെട്ടില്ലല്ലോ” എന്ന് ഒരു ക്രിസ്ത്യാനി പറഞ്ഞത് അതിനു നല്ലൊരു ഉദാഹരണമാണ്. അത്തരം ന്യായീകരണം അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്?
16. ആഭിചാരത്തെ കേന്ദ്രീകരിച്ചുള്ള വിനോദപരിപാടികൾ അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്?
16 ഭൂതവിദ്യയിൽ ഏർപ്പെടുന്നതും അതു കാണുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നതു ശരിതന്നെ. എങ്കിലും, ആഭിചാരവുമായി ബന്ധമുള്ള കാര്യങ്ങൾ കണ്ടിരിക്കുന്നതിൽ യാതൊരു അപകടവുമില്ലെന്ന് അതിന് അർഥമില്ല. എന്തുകൊണ്ട്? ഇതു ചിന്തിക്കുക: സാത്താനോ ഭൂതങ്ങൾക്കോ നമ്മുടെ മനസ്സു വായിക്കാനുള്ള കഴിവില്ലെന്നു ദൈവവചനം സൂചിപ്പിക്കുന്നു.a അതുകൊണ്ട് നമ്മൾ തിരഞ്ഞെടുക്കുന്ന വിനോദപരിപാടികൾ ഉൾപ്പെടെ നമ്മുടെ പ്രവർത്തനങ്ങൾ അടുത്ത് നിരീക്ഷിച്ചാലേ നമ്മൾ എന്തിനെക്കുറിച്ചാണു ചിന്തിക്കുന്നതെന്നു മനസ്സിലാക്കാനും നമ്മളിലുള്ള ഏതെങ്കിലും ആത്മീയബലഹീനതകൾ കണ്ടുപിടിക്കാനും ദുഷ്ടാത്മാക്കൾക്കു കഴിയൂ. ആത്മാക്കളുടെ ഉപദേശം തേടുന്നവർ, ക്ഷുദ്രപ്രയോഗം, ഭൂതബാധ തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ചലച്ചിത്രങ്ങളും പുസ്തക-മാസികകളും തനിക്ക് ഇഷ്ടമാണെന്ന് ഒരു ക്രിസ്ത്യാനിയുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കുമ്പോൾ അയാൾ ഭൂതങ്ങൾക്ക് ഒരു സന്ദേശം നൽകുകയാണ്. ഒരർഥത്തിൽ, അയാൾ തന്റെ ബലഹീനവശങ്ങൾ അവർക്കു വെളിപ്പെടുത്തുകയാണ്! അതുവഴി, അത്തരം ബലഹീനതകൾ ചൂഷണംചെയ്തുകൊണ്ട് ആ വ്യക്തിയുമായുള്ള മല്പിടിത്തം തീവ്രമാക്കാനും ഒടുവിൽ അദ്ദേഹത്തെ തറപറ്റിക്കാനും അവർക്കു സാധിക്കും. ആഭിചാരത്തെ ചുറ്റിപ്പറ്റിയുള്ള വിനോദപരിപാടികളിൽ ഹരം കണ്ടെത്തിയ ചിലർ കാലക്രമേണ ഭൂതവിദ്യാനടപടികളിൽ ഏർപ്പെടുകയുണ്ടായി എന്നതു സങ്കടകരംതന്നെ!—ഗലാത്യർ 6:7 വായിക്കുക.
17. രോഗത്താൽ വലയുന്നവരെ കെണിയിലാക്കാൻ സാത്താൻ ഏതു കുടിലതന്ത്രം ഉപയോഗിച്ചേക്കാം?
17 വിനോദങ്ങൾ ആസ്വദിക്കാനുള്ള നമ്മുടെ ആഗ്രഹത്തെ മാത്രമല്ല, ചികിത്സാസംബന്ധമായ നമ്മുടെ ആവശ്യങ്ങളെയും ചൂഷണം ചെയ്യാൻ സാത്താൻ ശ്രമിക്കുന്നു. എങ്ങനെ? ധാരാളം ചികിത്സകൾ നടത്തിയിട്ടും രോഗം ഭേദമാകാത്തതിൽ നിരാശനായി കഴിയുന്ന ഒരു ക്രിസ്ത്യാനിയുടെ കാര്യമെടുക്കുക. (മർക്കോസ് 5:25, 26) ആ സാഹചര്യത്തെ സാത്താനും ഭൂതങ്ങൾക്കും എളുപ്പം മുതലെടുക്കാനാകും. “മന്ത്രപ്രയോഗങ്ങൾ” അഥവാ ഭൂതവിദ്യ ഉൾപ്പെട്ടിട്ടുള്ള ചികിത്സാവിധികളിലേക്കു തിരിയാൻ രോഗത്താൽ നിരാശനായി കഴിയുന്ന ഒരു ക്രിസ്ത്യാനിയെ ഭൂതങ്ങൾ പ്രലോഭിപ്പിച്ചേക്കാം. (യശയ്യ 1:13) ആ കുടിലതന്ത്രം വിജയംകണ്ടാൽ, രോഗിയായ ക്രിസ്ത്യാനിക്കു ദൈവവുമായുള്ള ബന്ധം തകരാറിലാകും. എങ്ങനെ?
18. ഒരു ക്രിസ്ത്യാനി ഏതു തരത്തിലുള്ള നടപടികൾ ഒഴിവാക്കും, എന്തുകൊണ്ട്?
18 “നിങ്ങൾ കൈകൾ വിരിച്ചുപിടിക്കുമ്പോൾ ഞാൻ എന്റെ കണ്ണ് അടച്ചുകളയും. നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും ഞാൻ ശ്രദ്ധിക്കില്ല” എന്നു ‘മന്ത്രപ്രയോഗങ്ങളിൽ’ ആശ്രയിച്ച ഇസ്രായേല്യർക്ക് യഹോവ മുന്നറിയിപ്പു കൊടുത്തു. (യശയ്യ 1:15) നമ്മുടെ പ്രാർഥനയ്ക്കു പ്രതിബന്ധം സൃഷ്ടിക്കുന്ന, യഹോവയിൽനിന്ന് നമുക്കു ലഭിക്കുന്ന സഹായത്തെ തടസ്സപ്പെടുത്തുന്ന ഏതൊരു കാര്യവും ഒഴിവാക്കാനാണ് എല്ലായ്പോഴും നമ്മൾ ആഗ്രഹിക്കുന്നത്—രോഗികളായിരിക്കുമ്പോൾ പ്രത്യേകിച്ചും. (സങ്കീർത്തനം 41:3) അതുകൊണ്ട് രോഗനിർണയരീതിയിലോ ചികിത്സയിലോ ഭൂതവിദ്യാനടപടികൾ ഉൾപ്പെട്ടിട്ടുണ്ടെന്നു സൂചന കിട്ടുന്നപക്ഷം, ഒരു ക്രിസ്ത്യാനി അത് ഒഴിവാക്കണം.b (മത്തായി 6:13) അങ്ങനെ, തുടർന്നും യഹോവയുടെ സഹായം ഉറപ്പുവരുത്താൻ അദ്ദേഹത്തിനാകും.—“ഇത് യഥാർഥത്തിൽ ഭൂതവിദ്യയാണോ?” എന്ന ചതുരം കാണുക.
ഭൂതകഥകൾ പ്രചരിക്കുമ്പോൾ
19. (എ) തന്റെ ശക്തിയെക്കുറിച്ച് പിശാച് എന്താണു പലരെയും വിശ്വസിപ്പിച്ചിരിക്കുന്നത്? (ബി) സത്യക്രിസ്ത്യാനികൾ എങ്ങനെയുള്ള കഥകൾ ഒഴിവാക്കണം?
19 പാശ്ചാത്യനാടുകളിലുള്ള അനേകരും സാത്താന്റെ ശക്തിയെ നിസ്സാരമായി കാണുമ്പോൾ, നേർവിപരീതമായ വീക്ഷണമാണു ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളത്. യഥാർഥത്തിലുള്ളതിലും കൂടുതൽ ശക്തി തനിക്കുണ്ടെന്നു വിശ്വസിപ്പിച്ചുകൊണ്ട് അവിടങ്ങളിലുള്ളവരെ സാത്താൻ കബളിപ്പിച്ചിരിക്കുകയാണ്. ഊണിലും ഉറക്കത്തിലും ദുഷ്ടാത്മാക്കളെക്കുറിച്ചുള്ള ഭീതിയിലാണു ചിലർ. ഭൂതങ്ങളെക്കുറിച്ചുള്ള വീരകഥകൾക്ക് ഇന്നു യാതൊരു പഞ്ഞവുമില്ല. വലിയ ഉത്സാഹത്തോടെയാണ് ആളുകൾ അത്തരം കഥകൾ പറഞ്ഞുകേൾപ്പിക്കുന്നതും കേട്ടിരിക്കുന്നതും. നമ്മൾ അത്തരം കഥകൾ പ്രചരിപ്പിക്കാമോ? പാടില്ല. സത്യദൈവത്തിന്റെ ദാസന്മാർ അത് ഒഴിവാക്കുന്നതിനു രണ്ടു കാരണങ്ങളുണ്ട്.
20. അറിയാതെതന്നെ ഒരാൾ സാത്താന്റെ ആശയങ്ങൾക്കു പ്രചാരം നൽകിയേക്കാവുന്നത് എങ്ങനെ?
20 ഭൂതങ്ങളുടെ വീരകഥകൾ പ്രചരിപ്പിക്കുന്ന ഒരാൾ സാത്താന്റെ താത്പര്യങ്ങൾക്കു കൂട്ടുനിൽക്കുകയാണ് എന്നതാണ് ഒന്നാമത്തെ കാരണം. അത് എങ്ങനെ? അത്ഭുതങ്ങൾ ചെയ്യാൻ സാത്താനു കഴിവുണ്ടെന്നു ദൈവവചനം സമ്മതിക്കുന്നുണ്ടെങ്കിലും, അവൻ ‘വ്യാജമായ അടയാളങ്ങളും’ ‘വഞ്ചനയും’ കാണിക്കുന്നെന്നും അതു പറയുന്നുണ്ട്. (2 തെസ്സലോനിക്യർ 2:9, 10) വഞ്ചിക്കാൻ സമർഥനായതുകൊണ്ട്, ഭൂതവിദ്യയോടു ചായ്വുള്ളവരെ സ്വാധീനിക്കേണ്ടത് എങ്ങനെയെന്നും സത്യവിരുദ്ധമായ കാര്യങ്ങൾ അവരെ വിശ്വസിപ്പിക്കേണ്ടത് എങ്ങനെയാണെന്നും സാത്താനു നന്നായി അറിയാം. അങ്ങനെയുള്ളവർ, ചില കാര്യങ്ങൾ തങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്തെന്ന് ആത്മാർഥമായി വിശ്വസിക്കുകയും അതെല്ലാം മറ്റുള്ളവരോടു പറയുകയും ചെയ്തേക്കാം. പലരിലൂടെ കൈമാറിക്കഴിയുമ്പോൾ അതിനു പുതിയ രൂപവും ഭാവവും കൈവരുന്നു. ഒരു ക്രിസ്ത്യാനി അത്തരം കഥകൾ പറഞ്ഞുനടന്നാൽ ഫലത്തിൽ അയാൾ, ‘നുണയുടെ അപ്പനായ’ പിശാചിന്റെ താളത്തിനൊത്ത് തുള്ളുകയായിരിക്കും. അതെ, സാത്താന്റെ ആശയങ്ങൾക്കു പ്രചാരം നൽകുകയായിരിക്കും അയാൾ.—യോഹന്നാൻ 8:44; 2 തിമൊഥെയൊസ് 2:16.
21. നമ്മുടെ സംഭാഷണം എന്തിനെ കേന്ദ്രീകരിച്ചായിരിക്കണം?
21 കഴിഞ്ഞ കാലത്ത് ദുഷ്ടാത്മാക്കളുമായി നേരിട്ട് ബന്ധത്തിൽ വന്നിട്ടുണ്ടെങ്കിൽപ്പോലും, സഹവിശ്വാസികളെ രസിപ്പിക്കാനായി കൂടെക്കൂടെ അത്തരം കഥകൾ പറയുന്നത് ഒരു ക്രിസ്ത്യാനി ഒഴിവാക്കണം. എന്തുകൊണ്ട്? ‘വിശ്വാസത്തിന്റെ മുഖ്യനായകനും അതിനു പൂർണത വരുത്തുന്നവനും ആയ യേശുവിനെത്തന്നെ നോക്കിക്കൊള്ളാനാണു’ ദൈവവചനം നമ്മളെ ഉദ്ബോധിപ്പിക്കുന്നത്. (എബ്രായർ 12:2) അതെ, സാത്താനിലല്ല, ക്രിസ്തുവിലാണു നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സാത്താന്റെ കഴിവുകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും യേശുവിനു ധാരാളം അറിയാമായിരുന്നിട്ടും ദുഷ്ടാത്മാക്കളെക്കുറിച്ചുള്ള കഥകൾ പറഞ്ഞ് യേശു ശിഷ്യന്മാരെ രസിപ്പിച്ചില്ലെന്നതു ശ്രദ്ധേയമാണ്. മറിച്ച്, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശത്തിലായിരുന്നു യേശുവിന്റെ ശ്രദ്ധ മുഴുവൻ. അതുകൊണ്ട് യേശുവിന്റെയും അപ്പോസ്തലന്മാരുടെയും മാതൃക അനുകരിച്ച് നമ്മുടെ സംസാരം, ‘ദൈവത്തിന്റെ മഹാകാര്യങ്ങളെ’ കേന്ദ്രീകരിച്ചായിരിക്കാൻ നമ്മളും ആഗ്രഹിക്കുന്നു.—പ്രവൃത്തികൾ 2:11; ലൂക്കോസ് 8:1; റോമർ 1:11, 12.
22. നമ്മുടെ പ്രവർത്തനം ‘സ്വർഗത്തിൽ സന്തോഷം ഉണ്ടാക്കുന്നത്’ എങ്ങനെ?
22 യഹോവയുമായുള്ള നമ്മുടെ ബന്ധം നശിപ്പിക്കാൻ, ഭൂതവിദ്യ ഉൾപ്പെടെയുള്ള കുടിലമായ നിരവധി തന്ത്രങ്ങൾ സാത്താൻ ഉപയോഗിക്കുന്നുണ്ടെന്നതിനു സംശയമില്ല. എങ്കിലും തിന്മയെ വെറുത്ത് നന്മയെ പ്രിയപ്പെടുന്നെങ്കിൽ, എല്ലാ തരം ഭൂതവിദ്യയും തള്ളിക്കളയാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ദുർബലമാക്കാൻ സാത്താനാകില്ല. (എഫെസ്യർ 4:27 വായിക്കുക.) പിശാച് നശിപ്പിക്കപ്പെടുന്നതുവരെയും നമ്മൾ അവന്റെ ‘കുടിലതന്ത്രങ്ങളോട് എതിർത്തുനിൽക്കുന്നതു’ കാണുമ്പോൾ ‘സ്വർഗത്തിലുണ്ടാകുന്ന സന്തോഷം’ എത്ര വലുതായിരിക്കുമെന്നു ചിന്തിച്ചുനോക്കൂ!—എഫെസ്യർ 6:11; ലൂക്കോസ് 15:7.
a സാത്താനു നൽകിയിട്ടുള്ള പേരുകളൊന്നും (എതിരാളി, പരദൂഷണക്കാരൻ, വഞ്ചകൻ, പ്രലോഭകൻ, നുണയൻ) അവനു നമ്മുടെ മനസ്സു വായിക്കാനുള്ള പ്രാപ്തിയുണ്ടെന്നു കാണിക്കുന്നില്ല. എന്നാൽ, യഹോവയെക്കുറിച്ച് ‘ഹൃദയങ്ങളെ പരിശോധിക്കുന്നവനെന്നും’ യേശുവിനെക്കുറിച്ച് ‘ഉള്ളിന്റെ ഉള്ളിലെ ചിന്തകളെയും ഹൃദയങ്ങളെയും പരിശോധിക്കുന്നവനെന്നും’ തിരുവെഴുത്തുകൾ പറയുന്നുണ്ട്.’—സുഭാഷിതങ്ങൾ 17:3; വെളിപാട് 2:23.
b കൂടുതലായ വിവരങ്ങൾക്ക്, 1994 ഡിസംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 19-22 പേജുകളിലെ “നിങ്ങൾക്ക് ഒരു ആരോഗ്യപരിശോധനയോ?” എന്ന ലേഖനവും 2001 ഫെബ്രുവരി 8 ലക്കം ഉണരുക!-യിലെ, “ബൈബിളിന്റെ വീക്ഷണം: വൈദ്യചികിത്സ സംബന്ധിച്ച നിങ്ങളുടെ തിരഞ്ഞെടുപ്പ് പ്രാധാന്യം അർഹിക്കുന്നുവോ?” എന്ന ലേഖനവും കാണുക.