പഠനലേഖനം 2
“മനസ്സു പുതുക്കി രൂപാന്തരപ്പെടുക”
“മനസ്സു പുതുക്കി രൂപാന്തരപ്പെടുക. അങ്ങനെ, നല്ലതും സ്വീകാര്യവും അത്യുത്തമവും ആയ ദൈവേഷ്ടം എന്താണെന്നു പരിശോധിച്ച് ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.”—റോമ. 12:2.
ഗീതം 88 അങ്ങയുടെ വഴികൾ അറിയിച്ചുതരേണമേ
ചുരുക്കംa
1-2. സ്നാനത്തിനു ശേഷവും നമ്മൾ എന്തു ചെയ്യുന്നതിൽ തുടരണം? വിശദീകരിക്കുക.
നിങ്ങൾ എത്ര കൂടെക്കൂടെ വീടു വൃത്തിയാക്കാറുണ്ട്? ആ വീട്ടിൽ താമസം തുടങ്ങിയ സമയത്ത് എന്തായാലും ഓരോ മുക്കും മൂലയും വൃത്തിയാക്കിയിട്ടുണ്ടാകും. പക്ഷേ അതിനു ശേഷം അങ്ങനെ ചെയ്തിട്ടില്ലെങ്കിലോ? നമുക്ക് അറിയാം, പെട്ടെന്നു പൊടിയും അഴുക്കും എല്ലാം വന്നുനിറയും. അതുകൊണ്ട് വീട് എപ്പോഴും ഭംഗിയോടെയിരിക്കണമെങ്കിൽ നമ്മൾ പതിവായി അതു വൃത്തിയാക്കേണ്ടതുണ്ട്.
2 നമ്മുടെ ചിന്തകളുടെയും വ്യക്തിത്വത്തിന്റെയും കാര്യത്തിലും ഇതുപോലെ കൂടെക്കൂടെ ഒരു വൃത്തിയാക്കൽ ആവശ്യമാണ്. സ്നാനപ്പെടുന്നതിനു മുമ്പ്, ‘ശരീരത്തെയും ചിന്തകളെയും മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരിക്കാൻ’ നല്ല ശ്രമം ചെയ്ത് നമ്മൾ ധാരാളം മാറ്റങ്ങൾ വരുത്തി. (2 കൊരി. 7:1) എന്നാൽ ചിന്താരീതി “പുതുക്കിക്കൊണ്ടേയിരിക്കുക” എന്നുള്ള പൗലോസ് അപ്പോസ്തലന്റെ ഉപദേശവും നമ്മൾ അനുസരിക്കണം. (എഫെ. 4:23) എന്തുകൊണ്ടാണു സ്നാനത്തിനു ശേഷവും തുടർച്ചയായി അങ്ങനെ ചെയ്യേണ്ടത്? കാരണം ഈ ലോകത്തിന്റെ പൊടിയും അഴുക്കും എല്ലാം നമ്മളിൽ പെട്ടെന്ന് അടിഞ്ഞുകൂടാനിടയുണ്ട്. അത് ഒഴിവാക്കാനും എപ്പോഴും യഹോവയെ സന്തോഷിപ്പിക്കുന്ന ഒരു വ്യക്തിയായിരിക്കാനും നമ്മുടെ ചിന്തകളെയും വ്യക്തിത്വത്തെയും ആഗ്രഹങ്ങളെയും കൂടെക്കൂടെ പരിശോധിക്കേണ്ടതുണ്ട്.
‘മനസ്സു പുതുക്കിക്കൊണ്ടേയിരിക്കുക’
3. ‘മനസ്സു പുതുക്കുക’ എന്നു പറയുന്നതിന്റെ അർഥം എന്താണ്? (റോമർ 12:2)
3 മനസ്സു പുതുക്കാൻ, അതായത് ചിന്തകളിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ നമ്മൾ എന്തു ചെയ്യണം? (റോമർ 12:2 വായിക്കുക.) ‘മനസ്സു പുതുക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദപ്രയോഗത്തെ “മനസ്സിനെ പുതുക്കിപ്പണിയുക” എന്നും പരിഭാഷപ്പെടുത്താം. അതു കാണിക്കുന്നതു ജീവിതത്തിൽ എന്തെങ്കിലും കുറച്ച് നല്ല കാര്യങ്ങൾ ചെയ്തുകൊണ്ട് അതിനെയൊന്നു മോടിപിടിപ്പിച്ചാൽ പോരാ, മറിച്ച് ഉള്ളിന്റെ ഉള്ളിൽ നമ്മൾ എങ്ങനെയുള്ള വ്യക്തിയാണെന്നു പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണം എന്നാണ്. അങ്ങനെ, നമ്മുടെ ജീവിതത്തെ യഹോവയുടെ നിലവാരങ്ങളോടു കഴിയുന്നത്ര യോജിപ്പിൽ കൊണ്ടുവരണം. ഇത് ഒരിക്കൽ മാത്രം ചെയ്താൽ പോരാ, തുടർച്ചയായി ചെയ്യേണ്ടതാണ്.
4. നമ്മുടെ ചിന്തകളെ ഇന്നത്തെ വ്യവസ്ഥിതി സ്വാധീനിക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
4 പൂർണരായിക്കഴിയുമ്പോൾ നമുക്ക് എല്ലായ്പോഴും യഹോവയെ സന്തോഷിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യാനാകും. എന്നാൽ അതുവരെയുള്ള സമയത്ത് അതിനുവേണ്ടി കഠിനശ്രമം ചെയ്യേണ്ടതുണ്ട്. ഇതിനോടു ബന്ധപ്പെട്ട ഒരു കാര്യമാണു റോമർ 12:2-ൽ പൗലോസ് പറഞ്ഞിരിക്കുന്നത്. അവിടെ ദൈവത്തിന്റെ ഇഷ്ടം എന്താണെന്നു മനസ്സിലാക്കാൻ നമ്മൾ മനസ്സു പുതുക്കി രൂപാന്തരപ്പെടണമെന്നു പറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഈ ലോകത്തിന്റെ ചിന്തകൾക്കു പകരം ദൈവത്തിന്റെ ചിന്തകൾ നമ്മളെ സ്വാധീനിക്കാൻ നമ്മൾ അനുവദിക്കണം. അതിനായി നമ്മുടെ ലക്ഷ്യങ്ങളും തീരുമാനങ്ങളും ദൈവത്തിന്റെ ചിന്തകളുമായി എത്രത്തോളം യോജിപ്പിലാണെന്നു പരിശോധിക്കണം.
5. യഹോവയുടെ ദിവസം അടുത്ത് എത്തിയെന്ന കാര്യം ശരിക്കും നമ്മുടെ മനസ്സിലുണ്ടോ എന്ന് എങ്ങനെ പരിശോധിച്ച് ഉറപ്പുവരുത്താം? (ചിത്രം കാണുക.)
5 ദൈവത്തിന്റെ ചിന്തകൾക്കനുസരിച്ചാണോ നമ്മൾ ജീവിക്കുന്നതെന്നു പരിശോധിക്കാനാകുന്ന ഒരു വിധം നോക്കാം. ‘യഹോവയുടെ ദിവസത്തിന്റെ സാന്നിധ്യം എപ്പോഴും മനസ്സിൽക്കണ്ട് ജീവിക്കാൻ’ യഹോവ നമ്മളോട് ആവശ്യപ്പെടുന്നു. (2 പത്രോ. 3:12) നമ്മൾ അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് അറിയാൻ ചില ചോദ്യങ്ങൾ സഹായിക്കും: ‘ഈ ലോകത്തിന്റെ അന്ത്യം തൊട്ടടുത്ത് എത്തിയെന്നു വിശ്വസിക്കുന്നതായി എന്റെ ജീവിതം കാണിക്കുന്നുണ്ടോ? വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും കാര്യത്തിൽ ഞാൻ എടുക്കുന്ന തീരുമാനങ്ങൾ ദൈവസേവനമാണ് എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നു തെളിയിക്കുന്നുണ്ടോ? എനിക്കും കുടുംബത്തിനും വേണ്ടി യഹോവ കരുതുമെന്ന വിശ്വാസം എനിക്കുണ്ടോ? അതോ ജീവിതാവശ്യങ്ങൾ എങ്ങനെ നടത്തും എന്നോർത്ത് ഞാൻ എപ്പോഴും ടെൻഷനടിക്കുകയാണോ?’ യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ നമ്മൾ ജീവിതം നയിക്കുന്നതു കാണുമ്പോൾ യഹോവയ്ക്ക് എത്ര സന്തോഷമാകുമെന്നു ചിന്തിക്കുക.—മത്താ. 6:25-27, 33; ഫിലി. 4:12, 13.
6. നമ്മൾ എന്തു ചെയ്യുന്നതിൽ തുടരണം?
6 നമ്മൾ കൂടെക്കൂടെ നമ്മുടെ ചിന്തകൾ പരിശോധിക്കുകയും വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്യണം. പൗലോസ് കൊരിന്തിലുള്ളവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ വിശ്വാസത്തിൽത്തന്നെയാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കണം. നിങ്ങൾ എങ്ങനെയുള്ളവരാണെന്ന് എപ്പോഴും പരീക്ഷിച്ച് ഉറപ്പുവരുത്തുക.” (2 കൊരി. 13:5) ഇടയ്ക്കിടെ മീറ്റിങ്ങു കൂടുകയും ശുശ്രൂഷയ്ക്കു പോകുകയും ചെയ്യുന്നതുകൊണ്ട് മാത്രം ഒരാൾ ‘വിശ്വാസത്തിലാണെന്നു’ പറയാൻ പറ്റില്ല. നമ്മൾ എന്തു ചിന്തിക്കുന്നു, നമ്മുടെ ആഗ്രഹങ്ങൾ എങ്ങനെയുള്ളതാണ്, ഒരു കാര്യം ചെയ്യുന്നതിനു നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ് എന്നിവയും അതിൽ ഉൾപ്പെടുന്നു. അതുകൊണ്ട് നമ്മൾ മനസ്സിനെ പുതുക്കിക്കൊണ്ടേയിരിക്കണം. ദൈവവചനം വായിക്കുകയും യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാൻ പഠിക്കുകയും നമ്മുടെ ജീവിതം ദൈവേഷ്ടത്തിനു ചേർച്ചയിൽ കൊണ്ടുവരുകയും ചെയ്തുകൊണ്ട് നമുക്ക് അതിനു കഴിയും.—1 കൊരി. 2:14-16.
‘പുതിയ വ്യക്തിത്വം ധരിക്കുക’
7. എഫെസ്യർ 4:31, 32 പറയുന്നതനുസരിച്ച് നമ്മൾ എന്തുകൂടെ ചെയ്യണം, അത് അത്ര എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
7 എഫെസ്യർ 4:31, 32 വായിക്കുക. ചിന്തകളിൽ മാറ്റം വരുത്തുന്നതോടൊപ്പം നമ്മൾ “പുതിയ വ്യക്തിത്വം ധരിക്കുകയും വേണം.” (എഫെ. 4:24) അതിനു നമ്മുടെ ഭാഗത്ത് കൂടുതൽ ശ്രമം ആവശ്യമാണ്. മറ്റു പല കാര്യങ്ങളോടും ഒപ്പം പക, കോപം, ക്രോധം പോലുള്ള മോശം സ്വഭാവങ്ങൾ മാറ്റിയെടുക്കുന്നതും അതിൽ ഉൾപ്പെടുന്നു. ഒരാളുടെ സ്വഭാവത്തിൽ മാറ്റം വരുത്തുക എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചില ആളുകൾ ‘മുൻകോപികളും ദേഷ്യക്കാരും’ ആണെന്നു ബൈബിൾ പറയുന്നുണ്ട്. (സുഭാ. 29:22) അതു കാണിക്കുന്നത് അതുപോലുള്ള സ്വഭാവങ്ങൾ ചില ആളുകളുടെ വ്യക്തിത്വത്തിന്റെതന്നെ ഭാഗമാണെന്നാണ്. അതുകൊണ്ട് അത്തരം മോശം സ്വഭാവങ്ങളെ നിയന്ത്രിക്കാൻ തുടർച്ചയായ ശ്രമം ആവശ്യമാണ്. സ്നാനപ്പെട്ടതിനു ശേഷംപോലും നമ്മൾ ആ ശ്രമം തുടരേണ്ടിവന്നേക്കാമെന്നു പിൻവരുന്ന അനുഭവങ്ങൾ കാണിക്കുന്നു.
8-9. പഴയ വ്യക്തിത്വം ഉരിഞ്ഞുകളയാൻ നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കണമെന്നു സ്റ്റീവൻ സഹോദരന്റെ അനുഭവം കാണിക്കുന്നത് എങ്ങനെ?
8 സ്റ്റീവൻ എന്നു പേരുള്ള ഒരു സഹോദരനു തന്റെ കോപം നിയന്ത്രിക്കാൻ അല്പം ബുദ്ധിമുട്ടായിരുന്നു. സഹോദരൻ പറയുന്നു: “സ്നാനപ്പെട്ടതിനു ശേഷംപോലും ഞാൻ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കേണ്ടതുണ്ടായിരുന്നു. ഒരിക്കൽ വീടുതോറും പ്രവർത്തിക്കുന്ന സമയത്ത് ഒരു കള്ളൻ എന്റെ കാറിൽനിന്ന് റേഡിയോ മോഷ്ടിച്ചു. ഞാൻ അവനെ പിടിക്കാൻ പുറകേ ഓടി. ഞാൻ തൊട്ടടുത്ത് എത്തിയപ്പോൾ കള്ളൻ ആ റേഡിയോ അവിടെ ഇട്ടിട്ട് ഓടിക്കളഞ്ഞു. അങ്ങനെ എനിക്ക് അതു തിരിച്ചുകിട്ടി. ഈ കഥ, കൂടെയുണ്ടായിരുന്ന മറ്റു സഹോദരങ്ങളോടു പറഞ്ഞപ്പോൾ ഒരു മൂപ്പൻ എന്നോടു ചോദിച്ചു, ‘സ്റ്റീവൻ, ആ കള്ളനെ പിടിക്കാൻ പറ്റിയിരുന്നെങ്കിൽ താങ്കൾ എന്തു ചെയ്യുമായിരുന്നു?’ ആ ചോദ്യം എന്നെ ചിന്തിപ്പിച്ചു. സമാധാനപ്രിയനായിരിക്കാനുള്ള ശ്രമം തുടരാൻ അത് എന്നെ പ്രേരിപ്പിച്ചു.”b
9 സ്റ്റീവൻ സഹോദരന്റെ അനുഭവം നമ്മളെ ഒരു കാര്യം പഠിപ്പിക്കുന്നു: നമ്മുടെ നിയന്ത്രണത്തിലായെന്നു കരുതിയ മോശം സ്വഭാവങ്ങൾപോലും ചിലപ്പോൾ അപ്രതീക്ഷിതമായി വീണ്ടും തലപൊക്കിയേക്കാം. നിങ്ങളുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഒരു ക്രിസ്ത്യാനിയായിരിക്കാനുള്ള യോഗ്യതയൊന്നും ഇല്ലെന്നു ചിന്തിച്ച് നിരാശപ്പെടരുത്. അപ്പോസ്തലനായ പൗലോസുപോലും ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ഞാൻ നന്മ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിലും തിന്മ എന്നോടൊപ്പമുണ്ട്.” (റോമ. 7:21-23) ഒരു വീട് എത്ര വൃത്തിയാക്കിയാലും വീണ്ടും അവിടെ പൊടിയും അഴുക്കും വന്നുനിറയുന്നതുപോലെ അപൂർണരായ നമ്മുടെയെല്ലാം കാര്യത്തിൽ ഇടയ്ക്കിടെ മോശം സ്വഭാവങ്ങൾ പൊങ്ങിവന്നേക്കാം. അതുകൊണ്ട് ഇത്തരം മോശം സ്വഭാവങ്ങൾ ഒഴിവാക്കാൻ തുടർച്ചയായ ശ്രമം ആവശ്യമാണ്. അതിനു നമ്മളെ എന്തു സഹായിക്കും?
10. ഒരു മോശം സ്വഭാവം ഉള്ളിൽനിന്ന് മാറ്റിയെടുക്കാൻ നമുക്ക് എന്തു ചെയ്യാനാകും? (1 യോഹന്നാൻ 5:14, 15)
10 ഏതെങ്കിലും ഒരു സ്വഭാവത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളതായി തോന്നുന്നെങ്കിൽ ആ കാര്യം പ്രാർഥനയിൽ യഹോവയോടു പറയുക. യഹോവ ഉറപ്പായും നിങ്ങളുടെ പ്രാർഥന കേൾക്കുകയും സഹായിക്കുകയും ചെയ്യും. (1 യോഹന്നാൻ 5:14, 15 വായിക്കുക.) ദൈവം അത്ഭുതകരമായി ആ മോശം സ്വഭാവം നമ്മുടെ ഉള്ളിൽനിന്ന് എടുത്തുമാറ്റില്ല. എങ്കിലും അതിനെ നിയന്ത്രിച്ചുനിറുത്താൻ വേണ്ട ശക്തി തരാൻ യഹോവയ്ക്കാകും. (1 പത്രോ. 5:10) ഇനി, ആ സ്വഭാവം വീണ്ടും തലപൊക്കാൻ ഇടയാക്കിയേക്കാവുന്ന കാര്യങ്ങൾ ചെയ്യാതിരുന്നുകൊണ്ട് പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും വേണം. ഉദാഹരണത്തിന്, നമ്മൾ ഉപേക്ഷിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സ്വഭാവം അത്ര മോശമല്ല എന്ന രീതിയിൽ ചിത്രീകരിക്കുന്ന സിനിമകളും ടെലിവിഷൻ പരിപാടികളും കാണുന്നതും കഥകൾ വായിക്കുന്നതും നമ്മൾ ഒഴിവാക്കേണ്ടതുണ്ട്. കൂടാതെ, മനസ്സ് തെറ്റായ ചിന്തകളിൽ മുഴുകാൻ അനുവദിക്കുകയും അരുത്.—ഫിലി. 4:8; കൊലോ. 3:2.
11. പുതിയ വ്യക്തിത്വം ധരിക്കുന്നതു തുടരാൻ നമുക്ക് എന്തൊക്കെ ചെയ്യാം?
11 പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുന്നതോടൊപ്പം പുതിയ വ്യക്തിത്വം ധരിക്കുന്നതും വളരെ പ്രധാനമാണ്. നമുക്ക് എങ്ങനെ അതു ചെയ്യാം? അതിനുവേണ്ടി യഹോവയെക്കുറിച്ച് പഠിക്കുമ്പോൾ യഹോവയുടെ ഗുണങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്താൻ ഒരു ലക്ഷ്യം വെക്കാം. (എഫെ. 5:1, 2) ഉദാഹരണത്തിന്, യഹോവയുടെ ക്ഷമയെക്കുറിച്ച് വിവരിക്കുന്ന ഒരു ബൈബിൾഭാഗം വായിക്കുമ്പോൾ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘മറ്റുള്ളവരോടു ക്ഷമിക്കുന്ന കാര്യത്തിൽ ഞാൻ എങ്ങനെയുണ്ട്?’ ഇനി, പാവപ്പെട്ടവരോട് യഹോവ കാണിക്കുന്ന അനുകമ്പയെക്കുറിച്ച് വായിക്കുമ്പോൾ ഇങ്ങനെ ചിന്തിക്കാം: ‘സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന സഹോദരങ്ങളെക്കുറിച്ച് എനിക്ക് അങ്ങനെയൊരു ചിന്തയുണ്ടോ? ഞാൻ അത് എന്റെ പ്രവൃത്തികളിലൂടെ കാണിക്കുന്നുണ്ടോ?’ പുതിയ വ്യക്തിത്വം ധരിക്കുന്നതിലൂടെ മനസ്സിനെ പുതുക്കിക്കൊണ്ടേയിരിക്കുക. അങ്ങനെ ചെയ്യുന്നതിൽ ഇടയ്ക്കു വീഴ്ച വന്നാലും അതിനുള്ള ശ്രമം തുടരുക.
12. ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്താനുള്ള ബൈബിളിന്റെ ശക്തി സ്റ്റീവൻ സഹോദരൻ അനുഭവിച്ചറിഞ്ഞത് എങ്ങനെ?
12 നേരത്തേ കണ്ട സ്റ്റീവൻ സഹോദരനു പതിയെപ്പതിയെ പുതിയ വ്യക്തിത്വം ധരിക്കാൻ കഴിഞ്ഞു. അദ്ദേഹം പറയുന്നു: “സ്നാനമേറ്റതിനു ശേഷം കോപം നിയന്ത്രിക്കേണ്ട സാഹചര്യങ്ങളിലൂടെ ഞാൻ പല തവണ കടന്നുപോയിട്ടുണ്ട്. എന്നാൽ ആരെങ്കിലും ദേഷ്യംപിടിപ്പിക്കുമ്പോൾ ഒന്നുകിൽ അവിടം വിട്ട് പോകാനോ അല്ലെങ്കിൽ സാഹചര്യം കൂടുതൽ വഷളാകുന്നതു തടയാനോ ഞാൻ പഠിച്ചു. അതിന്റെ പേരിൽ ഭാര്യ ഉൾപ്പെടെ പലരും എന്നെ അഭിനന്ദിച്ചിട്ടുണ്ട്. എന്റെ സ്വഭാവത്തിലെ മാറ്റം കണ്ട് ഞാൻപോലും ചിലപ്പോൾ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. പക്ഷേ അതൊന്നും എന്റെ എന്തെങ്കിലും മിടുക്കുകൊണ്ടല്ലെന്ന് എനിക്ക് അറിയാം. ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ ബൈബിളിനു ശക്തിയുണ്ട് എന്നതിന്റെ തെളിവായിട്ടാണു ഞാൻ അതിനെ കാണുന്നത്.”
തെറ്റായ മോഹങ്ങൾക്കെതിരെ പോരാടിക്കൊണ്ടേയിരിക്കുക
13. ശരിയായ കാര്യങ്ങൾ ചെയ്യാൻ നമ്മളെ എന്തു സഹായിക്കും? (ഗലാത്യർ 5:16)
13 ഗലാത്യർ 5:16 വായിക്കുക. എപ്പോഴും ശരിയായ കാര്യങ്ങൾ ചെയ്യാൻ നമുക്ക് അത്ര എളുപ്പമല്ല. എങ്കിലും ശരിയായതു ചെയ്യാനുള്ള പോരാട്ടത്തിൽ വിജയിക്കാൻ പരിശുദ്ധാത്മാവിനെ ധാരാളമായി നൽകിക്കൊണ്ട് യഹോവ സഹായിക്കും. എങ്ങനെയെല്ലാമാണു നമുക്ക് ആ സഹായം കിട്ടുന്നത്? ദൈവത്തിന്റെ വചനം പഠിക്കുമ്പോൾ ദൈവാത്മാവ് നമ്മളിൽ പ്രവർത്തിക്കാൻ നമ്മൾ അനുവദിക്കുകയാണ്. മീറ്റിങ്ങുകൾക്കു കൂടിവരുമ്പോഴും നമുക്കു പരിശുദ്ധാത്മാവ് ലഭിക്കും. മാത്രമല്ല, അവിടെയായിരിക്കുമ്പോൾ നമ്മളെപ്പോലെ ശരി ചെയ്യാൻ കഠിനശ്രമം ചെയ്യുന്ന സഹോദരങ്ങളോടൊത്ത് സമയം ചെലവഴിക്കാനും നമുക്കാകും. അതു ശരിക്കും ഒരു പ്രോത്സാഹനമാണ്. (എബ്രാ. 10:24, 25; 13:7) ഇനി, ഒരു ബലഹീനതയെ മറികടക്കാനുള്ള സഹായത്തിനായി യഹോവയോടു മുട്ടിപ്പായി പ്രാർഥിക്കുമ്പോൾ പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് പോരാടാനുള്ള ശക്തി യഹോവ നമുക്കു തരും. എന്നാൽ ഈ കാര്യങ്ങളൊന്നും തെറ്റായ ആഗ്രഹങ്ങളെ നമ്മുടെ ഉള്ളിൽനിന്ന് നീക്കിക്കളയില്ലായിരിക്കും. എങ്കിലും ആ ആഗ്രഹങ്ങളിൽ വീണുപോകാതിരിക്കാൻ അതു നമ്മളെ സഹായിക്കും. ഗലാത്യർ 5:16 പറയുന്നതുപോലെ ദൈവാത്മാവിനെ അനുസരിച്ച് നടക്കുന്നവർ ജഡത്തിന്റെ മോഹങ്ങൾ “തൃപ്തിപ്പെടുത്താൻ . . . ഒരിക്കലും മുതിരില്ല.”
14. ശരിയായതു ചെയ്യാനുള്ള ആഗ്രഹം വളർത്തിയെടുക്കുന്നതിൽ തുടരേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
14 ബൈബിൾ വായിക്കുന്നതും പ്രാർഥിക്കുന്നതും മീറ്റിങ്ങുകൾക്കു കൂടിവരുന്നതും പോലുള്ള ആത്മീയപ്രവർത്തനങ്ങൾ ചെയ്ത് തുടങ്ങിയാൽ മാത്രം പോരാ, അത് ഒരു ശീലമാക്കണം. ഒപ്പം, ശരിയായ കാര്യങ്ങൾ ചെയ്യുന്നതിനുള്ള ആഗ്രഹം വളർത്തിയെടുക്കുന്നതിൽ തുടരുകയും വേണം. എന്തുകൊണ്ട്? കാരണം നമ്മുടെ ഒരു ശത്രു ഒരിക്കലും ഉറങ്ങാറില്ല. തെറ്റു ചെയ്യാനുള്ള പ്രലോഭനമാണ് ആ ശത്രു. സ്നാനമേറ്റതിനു ശേഷംപോലും തെറ്റായ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹം നമ്മുടെ ഉള്ളിലുണ്ടായേക്കാം. ഉദാഹരണത്തിന് ചൂതാട്ടം, മദ്യത്തിന്റെ ദുരുപയോഗം, അശ്ലീലം കാണാനുള്ള ആഗ്രഹം തുടങ്ങിയവ. (എഫെ. 5:3, 4) ചെറുപ്പക്കാരനായ ഒരു സഹോദരൻ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ആൺകുട്ടികളോടു തോന്നുന്ന ആകർഷണമായിരുന്നു ഒഴിവാക്കാൻ ഞാൻ ഏറെ ബുദ്ധിമുട്ടിയ ഒരു പ്രശ്നം. അതു പതിയെ മാറും എന്നാണു ഞാൻ കരുതിയത്. പക്ഷേ എനിക്ക് ഇപ്പോഴും ഇടയ്ക്ക് അതിനോടു പോരാടേണ്ടിവരാറുണ്ട്.” ഇതുപോലെ തെറ്റായ എന്തെങ്കിലും ചെയ്യാൻ ശക്തമായ ആഗ്രഹം തോന്നുന്നുണ്ടെങ്കിൽ നമുക്ക് എന്തു ചെയ്യാനാകും?
15. തെറ്റായ മോഹങ്ങൾ നമുക്കു മാത്രം ഉണ്ടാകുന്ന ഒന്നല്ലെന്ന് അറിയുന്നതു നമുക്കു പ്രോത്സാഹനം പകരുന്നത് എങ്ങനെ? (ചിത്രം കാണുക.)
15 ഏതെങ്കിലും ഒരു തെറ്റായ ആഗ്രഹത്തോടു നിങ്ങൾക്കു ശക്തമായി പോരാടേണ്ടിവരുന്നുണ്ടെങ്കിൽ ഓർക്കുക, നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല. ബൈബിൾ പറയുന്നു: “പൊതുവേ ആളുകൾക്ക് ഉണ്ടാകുന്ന പ്രലോഭനങ്ങൾ മാത്രമേ നിങ്ങൾക്ക് ഉണ്ടായിട്ടുള്ളൂ.” (1 കൊരി. 10:13എ) ഈ പ്രസ്താവന കൊരിന്തിൽ താമസിച്ചിരുന്ന സഹോദരീസഹോദരന്മാരോടു പറഞ്ഞതാണ്. അവരിൽ ചിലർ മുമ്പ് വ്യഭിചാരികളും സ്വവർഗരതിക്കാരും കുടിയന്മാരും ഒക്കെയായിരുന്നു. (1 കൊരി. 6:9-11) സ്നാനപ്പെട്ടതിനു ശേഷം അവർക്ക് ആർക്കും അത്തരം തെറ്റായ മോഹങ്ങൾ ഉണ്ടായിട്ടേ ഇല്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ഒരിക്കലും അങ്ങനെയായിരിക്കില്ല. അവരെല്ലാം അഭിഷിക്തക്രിസ്ത്യാനികളായിരുന്നു. പക്ഷേ അപ്പോഴും അവർ അപൂർണരായ മനുഷ്യർതന്നെയായിരുന്നു. തീർച്ചയായും ഇടയ്ക്കിടെ അവർക്കു തെറ്റായ മോഹങ്ങളോടു പോരാടേണ്ടിവന്നിട്ടുണ്ട്. ഈ കാര്യം നമുക്കു പ്രോത്സാഹനം നൽകുന്ന ഒന്നാണ്. അത് എങ്ങനെ? കാരണം നമുക്ക് ഒരു തെറ്റായ ആഗ്രഹത്തോടു പോരാടേണ്ടിവരുമ്പോൾ മുമ്പ് മറ്റാരെങ്കിലുമൊക്കെ ഇതിനെ ജയിച്ചിട്ടുണ്ടെന്നു നമുക്ക് ഓർക്കാം. ‘ലോകം മുഴുവനുള്ള നിങ്ങളുടെ സഹോദരസമൂഹം ഇതുപോലുള്ള കഷ്ടതകൾ അനുഭവിക്കുന്നുണ്ടെന്ന് അറിഞ്ഞ് വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ’ നിങ്ങൾക്കാകും.—1 പത്രോ. 5:9.
16. നമ്മൾ എന്ത് ഒഴിവാക്കണം, എന്തുകൊണ്ട്?
16 നമ്മുടെ പ്രശ്നം മറ്റാർക്കും മനസ്സിലാക്കാനാകില്ലെന്ന് ഒരിക്കലും ചിന്തിക്കരുത്. കാരണം അങ്ങനെ ചിന്തിച്ചാൽ, നമ്മുടെ കാര്യത്തിൽ ഇനി ഒരു പ്രതീക്ഷയ്ക്കും വകയില്ലെന്നും ഈ തെറ്റായ മോഹത്തിന് എതിരെ പോരാടി ജയിക്കാനുള്ള ശക്തി നമുക്കില്ലെന്നും ഒക്കെ നമ്മൾ ചിന്തിക്കാൻതുടങ്ങും. എന്നാൽ ബൈബിൾ പറയുന്നതു നേരെ മറിച്ചാണ്. അവിടെ നമ്മൾ ഇങ്ങനെ വായിക്കുന്നു: “ദൈവം വിശ്വസ്തനാണ്. നിങ്ങൾക്കു ചെറുക്കാനാകാത്ത ഒരു പ്രലോഭനവും ദൈവം അനുവദിക്കില്ല. നിങ്ങൾക്കു പിടിച്ചുനിൽക്കാൻ കഴിയേണ്ടതിനു പ്രലോഭനത്തോടൊപ്പം ദൈവം പോംവഴിയും ഉണ്ടാക്കും.” (1 കൊരി. 10:13ബി) അതുകൊണ്ട് നമ്മുടെ ഉള്ളിലെ തെറ്റായ ആഗ്രഹങ്ങൾ എത്ര ശക്തമാണെങ്കിലും നമുക്ക് അതിനെ ജയിക്കാനാകും. തെറ്റു ചെയ്യുന്നതിൽനിന്ന് നമ്മളെത്തന്നെ തടയാൻ യഹോവയുടെ സഹായത്താൽ നമുക്കു കഴിയും.
17. തെറ്റായ മോഹങ്ങൾ ഇടയ്ക്കിടെ തലപൊക്കിയേക്കാമെങ്കിലും നമുക്ക് എന്തു ചെയ്യാനാകും?
17 നമ്മൾ എപ്പോഴും ഓർക്കേണ്ട ഒരു കാര്യമുണ്ട്: അപൂർണരായതുകൊണ്ട് തെറ്റായ മോഹങ്ങൾ ഇടയ്ക്കിടെ നമ്മുടെ ഉള്ളിൽ പൊങ്ങിവന്നേക്കാം. അതു പൂർണമായി ഒഴിവാക്കാൻ ആർക്കും കഴിയില്ല. എങ്കിലും അങ്ങനെ ഉണ്ടാകുമ്പോൾ ഉടൻതന്നെ നമുക്ക് അവയെ മനസ്സിൽനിന്ന് കളയാനാകും, പോത്തിഫറിന്റെ ഭാര്യയുടെ അടുത്തുനിന്ന് പെട്ടെന്ന് ഓടിമാറിയ യോസേഫിനെപ്പോലെ. (ഉൽപ. 39:12) അങ്ങനെ ചെയ്യുകയാണെങ്കിൽ ആ മോഹങ്ങൾക്കു ചേർച്ചയിൽ നമ്മൾ പ്രവർത്തിക്കില്ല.
നിങ്ങളുടെ ശ്രമം തുടരുക
18-19. മനസ്സു പുതുക്കാൻ ശ്രമിക്കുമ്പോൾ നമുക്ക് ഏതൊക്കെ ചോദ്യങ്ങൾ നമ്മളോടുതന്നെ ചോദിക്കാം?
18 മനസ്സു പുതുക്കുന്നതിൽ നമ്മുടെ ചിന്തകളും പ്രവൃത്തികളും യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ കൊണ്ടുവരാൻവേണ്ടി തുടർച്ചയായി ശ്രമിക്കുന്നത് ഉൾപ്പെട്ടിട്ടുണ്ട്. ഈ കാര്യത്തിൽ നമ്മൾ എങ്ങനെയുണ്ടെന്നു മനസ്സിലാക്കാൻ ഇടയ്ക്കിടെ ഈ ചോദ്യങ്ങൾ നമുക്കു നമ്മളോടുതന്നെ ചോദിക്കാം: ‘നമ്മൾ ജീവിക്കുന്ന കാലത്തിന്റെ പ്രത്യേകത മനസ്സിലാക്കുന്നുണ്ടെന്ന് എന്റെ പ്രവൃത്തികൾ തെളിയിക്കുന്നുണ്ടോ? പുതിയ വ്യക്തിത്വം ധരിക്കുന്ന കാര്യത്തിൽ ഞാൻ പുരോഗതി വരുത്തുന്നുണ്ടോ? തെറ്റായ മോഹങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിന് യഹോവയുടെ ആത്മാവ് എന്റെ ജീവിതത്തെ വഴിനയിക്കാൻ ഞാൻ അനുവദിക്കുന്നുണ്ടോ?’
19 ഇങ്ങനെ നമ്മളെത്തന്നെ പരിശോധിക്കുമ്പോൾ നമ്മൾ എല്ലാം തികഞ്ഞവരായിരിക്കാൻ പ്രതീക്ഷിക്കരുത്. പകരം, ഇതുവരെ വരുത്തിയ പുരോഗതിയിൽ സന്തോഷിക്കുക. ഏതെങ്കിലും കാര്യത്തിൽ നമ്മൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നു മനസ്സിലായാൽ നിരാശപ്പെടരുത്. പകരം ഫിലിപ്പിയർ 3:16-ലെ ഉപദേശം നമുക്ക് അനുസരിക്കാം: “നമ്മൾ കൈവരിച്ച പുരോഗതിക്കു ചേർച്ചയിൽത്തന്നെ നമുക്ക് ഇനിയും ചിട്ടയോടെ നടക്കാം.” അങ്ങനെ ചെയ്യുമ്പോൾ മനസ്സു പുതുക്കാനുള്ള നമ്മുടെ ശ്രമങ്ങളെ യഹോവ തീർച്ചയായും അനുഗ്രഹിക്കും.
ഗീതം 36 നമ്മുടെ ഹൃദയം കാത്തിടാം
a പൗലോസ് അപ്പോസ്തലൻ സഹവിശ്വാസികളോട്, ഈ വ്യവസ്ഥിതി അവരെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ സമ്മതിക്കരുത് എന്നു പറഞ്ഞു. ആ ഉപദേശം നമുക്കും പ്രയോജനംചെയ്യും. ഈ ലോകത്തിന്റെ മോശം സ്വാധീനം നമ്മളെ ഒരു വിധത്തിലും മലിനപ്പെടുത്തുന്നില്ലെന്നു നമ്മളും ഉറപ്പുവരുത്തേണ്ടതുണ്ട്. നമ്മുടെ ചിന്തകൾ ദൈവത്തിന്റെ ചിന്തകളുമായി യോജിപ്പിലല്ലെന്നു കാണുമ്പോഴെല്ലാം വേണ്ട മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കണം. അത് എങ്ങനെ ചെയ്യാനാകുമെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും.
b 2015 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിലെ “എന്റെ ജീവിതം ഒന്നിനൊന്നു വഷളായി” എന്ന ലേഖനം കാണുക.
c ചിത്രത്തിന്റെ വിവരണം: ചെറുപ്പക്കാരനായ ഒരു സഹോദരൻ ഉന്നതവിദ്യാഭ്യാസം തിരഞ്ഞെടുക്കണോ അതോ മുഴുസമയസേവനം തുടങ്ങണോ എന്നു ചിന്തിക്കുന്നു.