ദൈവത്തോടുകൂടെ നടക്കുന്നതിൽ തുടരുക
“ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല.”—ഗലാത്യർ 5:16.
1. (എ) ഏതവസ്ഥകൾക്കുമധ്യേ, എത്രനാൾ ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു? (ബി) നോഹ ദൈവത്തോടുകൂടെ എത്രകാലം നടന്നു, അവന് എന്തെല്ലാം ഭാരിച്ച ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു?
“ഹാനോക്ക് [സത്യ]ദൈവത്തോടുകൂടെ നടന്നു”വെന്നു ബൈബിൾ നമ്മോടു പറയുന്നു. ആളുകളുടെ ഞെട്ടിപ്പിക്കുന്ന സംസാരരീതിക്കും അഭക്ത നടത്തയ്ക്കും മധ്യേയായിരുന്നിട്ടും, 365-ാം വയസ്സിൽ മരിക്കുന്നതുവരെ അവൻ ദൈവത്തോടുകൂടെ നടക്കുന്നതിൽ തുടർന്നു. (ഉല്പത്തി 5:23, 24; യൂദാ 14, 15) നോഹയും “[സത്യ]ദൈവത്തോടുകൂടെ നടന്നു.” കുടുംബത്തെ പോറ്റൽ, മത്സരികളായ ദൂതന്മാരാലും അക്രമാസക്തരായ അവരുടെ സന്താനങ്ങളാലും സ്വാധീനിക്കപ്പെട്ട ഒരു ലോകത്തിൽ ജീവിക്കാനുള്ള പെടാപ്പാട്, പുരാതന നാളിലെ ഏതൊരു കപ്പലിനെക്കാളും വലിയ ഒരു കൂറ്റൻ പെട്ടകം പണിയുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശ്രദ്ധിക്കൽ എന്നീ കാര്യങ്ങൾക്കുമധ്യേയാണ് അവൻ അപ്രകാരം ചെയ്തത്. ജലപ്രളയത്തിനുശേഷം വീണ്ടും യഹോവയ്ക്കെതിരായ മത്സരം ബാബേലിൽ തലപൊക്കിയപ്പോഴും അവൻ ദൈവത്തോടുകൂടെ നടക്കുന്നതിൽ തുടർന്നു. നിശ്ചയമായും, 950-ാം വയസ്സിൽ മരിക്കുന്നതുവരെ നോഹ ദൈവത്തോടുകൂടെ നടന്നു.—ഉല്പത്തി 6:9; 9:29.
2. ‘ദൈവത്തോടുകൂടെ നടക്കുക’ എന്നതിന്റെ അർഥമെന്ത്?
2 വിശ്വാസമുണ്ടായിരുന്ന ഈ പുരുഷന്മാർ ദൈവത്തോടുകൂടെ “നടന്നു”വെന്നു പറയുമ്പോൾ, ബൈബിൾ ആ പദം ആലങ്കാരിക അർഥത്തിലാണ് ഉപയോഗിക്കുന്നത്. ഹാനോക്കും നോഹയും തങ്ങൾക്കു ദൈവത്തിൽ ശക്തമായ വിശ്വാസമുണ്ടെന്നു തെളിവു നൽകുംവിധം പ്രവർത്തിച്ചുവെന്നാണ് അതിനർഥം. യഹോവ കൽപ്പിച്ചത് അവർ ചെയ്യുകയും മനുഷ്യവർഗവുമായുള്ള അവന്റെ ഇടപെടലുകളിൽനിന്ന് അവനെക്കുറിച്ച് അവർക്കറിയാവുന്നതിനു ചേർച്ചയിൽ തങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്തു. (2 ദിനവൃത്താന്തം 7:17 താരതമ്യം ചെയ്യുക.) ദൈവം പറഞ്ഞതും പ്രവർത്തിച്ചതുമായ സംഗതികൾ അവർ മനസ്സാ സമ്മതിക്കുക മാത്രമല്ല, അവൻ ആവശ്യപ്പെട്ട സകലതും—ഏതാനും സംഗതികളല്ല, അപൂർണ മനുഷ്യരെന്ന നിലയിൽ തങ്ങളുടെ പരമാവധി—അവർ നിവർത്തിച്ചു. ഉദാഹരണത്തിന്, ദൈവം നോഹയോടു കൽപ്പിച്ചതുപോലെതന്നെ അവൻ ചെയ്തു. (ഉല്പത്തി 6:22) തനിക്കു ലഭിച്ച നിർദേശങ്ങൾക്കതീതമായി നോഹ പ്രവർത്തിച്ചില്ല, അതേസമയം അലസമായ ഉദാസീനതയും പ്രകടമാക്കിയില്ല. യഹോവയുമായി അടുത്ത ബന്ധം ആസ്വദിച്ച ഒരുവൻ എന്നനിലയിൽ, ദൈവത്തോടു പ്രാർഥിക്കാൻ സ്വാതന്ത്ര്യം തോന്നിയും ദിവ്യമാർഗനിർദേശത്തെ അതിയായി ഇഷ്ടപ്പെട്ടും, അവൻ ദൈവത്തോടുകൂടെ നടക്കുകയായിരുന്നു. നിങ്ങൾ അതു ചെയ്യുന്നുണ്ടോ?
ഒരു സ്ഥിരമായ ജീവിതഗതി
3. ദൈവത്തിന്റെ സമർപ്പിതരും സ്നാപനമേറ്റവരുമായവരെ സംബന്ധിച്ചിടത്തോളം എന്തു മർമപ്രധാനമാണ്?
3 ആളുകൾ ദൈവത്തോടുകൂടെ നടന്നുതുടങ്ങുന്നതു കാണുന്നത് ആഹ്ലാദകരമാണ്. യഹോവയുടെ ഹിതത്തിനു ചേർച്ചയിൽ ക്രിയാത്മക നടപടികൾ കൈക്കൊള്ളുമ്പോൾ അവർ വിശ്വാസത്തിന്റെ തെളിവു പ്രകടമാക്കുന്നു. വിശ്വാസമില്ലാതെ ആർക്കും ദൈവത്തെ പ്രീതിപ്പെടുത്താനാകില്ല. (എബ്രായർ 11:6) കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരിയെടുത്താൽ, ഓരോ വർഷവും 3,30,000-ത്തിലധികംപേർ തങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിച്ച് ജലസ്നാപനമേറ്റു എന്ന വസ്തുത നമ്മെ എത്രമാത്രം ആഹ്ലാദിപ്പിക്കുന്നു! എന്നാൽ ദൈവത്തോടുകൂടെ നടക്കുന്നതിൽ തുടരുന്നത് അവർക്കും നമുക്കെല്ലാവർക്കും പ്രധാനമാണ്.—മത്തായി 24:13; വെളിപ്പാടു 2:10.
4. അവർ കുറെയൊക്കെ വിശ്വാസം പ്രകടമാക്കിയെങ്കിലും, ഈജിപ്തിൽനിന്നു വിട്ടുപോന്ന മിക്ക ഇസ്രായേല്യർക്കും വാഗ്ദത്തദേശത്തു പ്രവേശിക്കാൻ കഴിയാതെപോയതെന്തുകൊണ്ട്?
4 മോശയുടെ നാളിൽ, ഈജിപ്തിൽവെച്ച് പെസഹാ കൊണ്ടാടാനും വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും രക്തം തളിക്കാനും ഇസ്രായേല്യ കുടുംബത്തിനു വിശ്വാസം ആവശ്യമായിരുന്നു. (പുറപ്പാടു 12:1-28) എന്നിരുന്നാലും, ചെങ്കടലിൽവെച്ച് ഫറവോന്റെ സൈന്യം തൊട്ടുപിന്നാലെ വരുന്നതു കണ്ടപ്പോൾ അവരിലനേകരുടെയും വിശ്വാസം ഉലഞ്ഞു. (പുറപ്പാടു 14:9-12) അവർ ഉണങ്ങിയ സമുദ്രതടത്തിലൂടെ സുരക്ഷിതമായി കടന്നുപോന്നു, എന്നാൽ വെള്ളം ഇരച്ചുകയറി ഈജിപ്തുസേനയെ നശിപ്പിച്ചതുകണ്ടപ്പോൾ അവർ വീണ്ടും ‘യഹോവയുടെ വചനങ്ങളെ വിശ്വസിച്ചു’വെന്നു സങ്കീർത്തനം 106:12 പ്രകടമാക്കുന്നു. എന്നാൽ, കുറച്ചുകഴിഞ്ഞ് മരുഭൂമിയിൽവെച്ച് ഇസ്രായേല്യർ വെള്ളത്തെയും ഭക്ഷണത്തെയും നേതൃത്വത്തെയുംകുറിച്ച് പരാതിപ്പെടാൻ തുടങ്ങി. വാഗ്ദത്തദേശം ഒറ്റുനോക്കി മടങ്ങിയെത്തിയ 12 പേരിൽ 10 പേരുടെ നിഷേധാത്മക റിപ്പോർട്ടിൽ അവർ പേടിച്ചരണ്ടു. ആ സ്ഥിതിവിശേഷങ്ങളിൽ, സങ്കീർത്തനം 106:24 പറയുന്നതുപോലെ, ‘അവർ ദൈവത്തിന്റെ വചനത്തെ വിശ്വസിച്ചില്ല.’ അവർ ഈജിപ്തിലേക്കു മടങ്ങാൻ ആഗ്രഹിച്ചു. (സംഖ്യാപുസ്തകം 14:1-4) ദിവ്യശക്തിയുടെ ചില അസാധാരണ പ്രകടനങ്ങൾ കണ്ടപ്പോൾ മാത്രമായിരുന്നു അവർ വിശ്വാസം പ്രകടിപ്പിച്ചത്. അവർ ദൈവത്തോടുകൂടെ നടക്കുന്നതിൽ തുടർന്നില്ല. തത്ഫലമായി, ആ ഇസ്രായേല്യർ വാഗ്ദത്ത ദേശത്തു പ്രവേശിച്ചില്ല.—സങ്കീർത്തനം 95:10, 11.
5. ദൈവത്തോടുകൂടെ നടക്കുന്നതിൽ 2 കൊരിന്ത്യർ 13:5-ഉം സദൃശവാക്യങ്ങൾ 3:5, 6-ഉം ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
5 “നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്വിൻ” എന്നു ബൈബിൾ നമ്മെ അനുശാസിക്കുന്നു. (2 കൊരിന്ത്യർ 13:5) “വിശ്വാസത്തിൽ” ആയിരിക്കുകയെന്നാൽ മുഴുക്രിസ്തീയ വിശ്വാസങ്ങളോടും പറ്റിനിൽക്കുകയെന്നാണ് അർഥം. നമ്മുടെ ആയുഷ്കാലമൊക്കെയും ദൈവത്തോടുകൂടെ നടക്കുന്നതിൽ വിജയിക്കണമെങ്കിൽ ഇതു മർമപ്രധാനമാണ്. ദൈവത്തോടുകൂടെ നടക്കുന്നതിന്, നാം യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ട് ഗുണമേന്മയുള്ള വിശ്വാസം പ്രകടമാക്കണം. (സദൃശവാക്യങ്ങൾ 3:5, 6) അപ്രകാരം ചെയ്യാൻ പരാജയപ്പെടുന്നവരെ വീഴ്ത്താനാകുന്ന അനേകം കെണികളും ചതിക്കുഴികളും ഉണ്ട്. അവയിൽ ചിലത് ഏതെല്ലാമാണ്?
ആത്മവിശ്വാസത്തിന്റെ കെണി ഒഴിവാക്കുക
6. പരസംഗത്തെയും വ്യഭിചാരത്തെയും കുറിച്ച് എല്ലാ ക്രിസ്ത്യാനികൾക്കും എന്തറിയാം, ഈ പാപങ്ങളെക്കുറിച്ച് അവർക്കെന്തു തോന്നുന്നു?
6 പരസംഗവും വ്യഭിചാരവും ദൈവവചനം കുറ്റംവിധിക്കുന്ന സംഗതികളാണെന്ന് ബൈബിൾ പഠിക്കുകയും യഹോവയ്ക്കു തങ്ങളുടെ ജീവിതം സമർപ്പിച്ച് സ്നാപനമേൽക്കുകയും ചെയ്തിട്ടുള്ള സകലർക്കുമറിയാവുന്നതാണ്. (1 തെസ്സലൊനീക്യർ 4:1-3; എബ്രായർ 13:4) അതു ശരിയായ സംഗതിയാണെന്ന് അത്തരക്കാർ സമ്മതിക്കുകയും ചെയ്യും. അതിനോടു ചേർച്ചയിൽ ജീവിക്കണമെന്ന ഉദ്ദേശ്യവും അവർക്കുണ്ട്. എന്നിരുന്നാലും, ഇപ്പോഴും സാത്താന്റെ ഏറ്റവും ഫലപ്രദമായ കെണികളിലൊന്നു ലൈംഗിക അധാർമികതതന്നെ. എന്തുകൊണ്ട്?
7. മോവാബ് സമഭൂമിയിൽവെച്ച്, തെറ്റാണെന്ന് അറിയാമായിരുന്ന നടത്തയിൽ ഇസ്രായേല്യ പുരുഷന്മാർ ഉൾപ്പെട്ടതെങ്ങനെ?
7 അധാർമികതയിൽ ഏർപ്പെടുന്നവർ ആ ഘട്ടത്തോളം എത്തുന്നത് അങ്ങനെ ചെയ്യണമെന്ന ഉദ്ദേശ്യത്തിലായിരിക്കുകയില്ല. ഒരുപക്ഷേ മോവാബ് സമഭൂമിയിൽ ഇസ്രായേല്യരുടെ കാര്യത്തിൽ സംഭവിച്ചതും അങ്ങനെയായിരിക്കാം. മരുഭൂമിയിൽ തളർന്നവശരായ ഇസ്രായേല്യ പുരുഷന്മാർക്ക് തങ്ങളെ വശീകരിച്ച മോവാബ്യ, മിദ്യാന്യ സ്ത്രീകൾ ആദ്യം സൗഹൃദമുള്ളവരും ആതിഥ്യമരുളുന്നവരുമായി കാണപ്പെട്ടിരിക്കാം. എന്നാൽ യഹോവയെ അല്ല, ബാലിനെ സേവിച്ചിരുന്ന ആളുകളുമായി, തങ്ങളുടെ പെൺമക്കളെ (പ്രമുഖ കുടുംബങ്ങളിൽനിന്നുള്ളവർപോലും) അവർ വിവാഹം ചെയ്തിട്ടില്ലാത്ത പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ അനുവദിച്ച ആളുകളുമായി അടുത്ത് ഇടപഴുകുന്നതിനുള്ള ക്ഷണം ഇസ്രായേല്യർ സ്വീകരിച്ചപ്പോൾ എന്തു സംഭവിച്ചു? ഇസ്രായേല്യ പാളയത്തിൽനിന്നുള്ള പുരുഷന്മാർ അത്തരം സഹവാസങ്ങളെ അഭികാമ്യമായി വീക്ഷിക്കാൻ തുടങ്ങിയപ്പോൾ, തെറ്റാണെന്നു തങ്ങൾക്കറിയാവുന്ന സംഗതികൾ ചെയ്യാൻ അവർ വശീകരിക്കപ്പെട്ടു. അതിന് അവർക്കു ജീവനൊടുക്കേണ്ടിവന്നു.—സംഖ്യാപുസ്തകം 22:1; 25:1-15; 31:16; വെളിപ്പാടു 2:14.
8. നമ്മുടെ നാളിൽ, എന്ത് ഒരു ക്രിസ്ത്യാനിയെ ലൈംഗിക അധാർമികതയിലേക്കു നയിച്ചേക്കാം?
8 നമ്മുടെ നാളിൽ ഒരു വ്യക്തി സമാനമായൊരു കെണിയിലകപ്പെടാൻ എന്തു കാരണമായേക്കാം? ലൈംഗിക അധാർമികതയുടെ ഗൗരവം ഒരുവന് അറിയാമെങ്കിലും, ആത്മവിശ്വാസത്തിന്റെ അപകടം അയാൾ മനസ്സിലാക്കുന്നില്ലെങ്കിൽ, തെറ്റുചെയ്യാൻ പ്രലോഭിതനായി ന്യായബോധം നഷ്ടമാകുന്ന ഒരു സ്ഥിതിവിശേഷത്തിൽ അയാൾ ചെന്നെത്തിയേക്കാം.—സദൃശവാക്യങ്ങൾ 7:6-9, 21, 22; 14:16.
9. അധാർമികതയ്ക്കെതിരെ ഏതു തിരുവെഴുത്തു മുന്നറിയിപ്പുകൾ നമ്മെ സംരക്ഷിച്ചേക്കാം?
9 മോശമായ സഹവാസങ്ങൾ നമ്മെ ദുഷിപ്പിക്കുകയില്ലാത്തവിധം നാം ശക്തരാണെന്നു ചിന്തിച്ചു വഴിതെറ്റിക്കപ്പെടരുതെന്നു ദൈവവചനം നമ്മെ വ്യക്തമായി അനുശാസിക്കുന്നു. അതിൽ അധാർമികരുടെ ജീവിതരീതി ചിത്രീകരിക്കുന്ന ടെലിവിഷൻ പരിപാടികൾ കാണുന്നതും അധാർമിക മോഹങ്ങൾ ഇളക്കിവിടുന്ന മാസികകൾ വായിക്കുന്നതും ഉൾപ്പെടുന്നു. (1 കൊരിന്ത്യർ 10:11, 12; 15:33) ഉചിതമല്ലാത്ത സാഹചര്യങ്ങളിൽ സഹവിശ്വാസികളുമായുള്ള സഹവാസംപോലും ഗുരുതരമായ പ്രശ്നങ്ങളിലേക്കു നയിച്ചേക്കാം. എതിർലിംഗവർഗക്കാർ തമ്മിലുള്ള ആകർഷണം ശക്തമാണ്. അതുകൊണ്ട് സ്വന്തം വിവാഹയിണയല്ലാത്ത, അല്ലെങ്കിൽ കുടുംബാംഗമല്ലാത്ത എതിർലിംഗത്തിൽപ്പെട്ട ഒരാളുമായി മറ്റാരും കാണാത്തിടത്ത് തനിച്ച് സമയം ചെലവഴിക്കരുതെന്ന് യഹോവയുടെ സ്ഥാപനം, സ്നേഹപുരസ്സരമായ താത്പര്യത്തെപ്രതി നമ്മെ ബുദ്ധ്യുപദേശിച്ചിട്ടുണ്ട്. ദൈവത്തോടുകൂടെ നടക്കുന്നതിൽ തുടരുന്നതിന്, നാം ആത്മവിശ്വാസത്തിന്റെ കെണി ഒഴിവാക്കുകയും നമുക്ക് അവൻ നൽകുന്ന മുന്നറിയിപ്പിൻ ബുദ്ധ്യുപദേശങ്ങൾ ചെവിക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്.—സങ്കീർത്തനം 85:8.
മാനുഷഭയം നിങ്ങളെ കീഴടക്കരുത്
10. “മാനുഷഭയം” ഒരു കെണിയാകുന്നതെങ്ങനെ?
10 സദൃശവാക്യങ്ങൾ 29:25 മറ്റൊരു അപകടത്തെ തിരിച്ചറിയിക്കുന്നുണ്ട്. ‘മാനുഷഭയം ഒരു കെണി ആകുന്നു’ എന്ന് അതു പറയുന്നു. ഒരു വേട്ടക്കാരന്റെ കെണിക്ക് സാധാരണമായി മൃഗത്തിന്റെ കഴുത്തു വരിഞ്ഞുമുറുക്കുന്ന കുരുക്കോ പാദങ്ങളെ കുരുക്കുന്ന ചരടുകളോ ഉണ്ടായിരിക്കും. (ഇയ്യോബ് 18:8-11) സമാനമായി, മനുഷ്യരെ ഭയപ്പെടുന്നതുനിമിത്തം സ്വാതന്ത്ര്യത്തോടെ സംസാരിക്കുന്നതിനും ദൈവത്തെ പ്രീതിപ്പെടുത്തുന്നവിധം പെരുമാറുന്നതിനുമുള്ള ഒരു വ്യക്തിയുടെ പ്രാപ്തി പരിമിതപ്പെട്ടുപോയേക്കാം. മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്നതിനുള്ള ആഗ്രഹം സ്വാഭാവികമാണ്. അതേസമയം മറ്റുള്ളവർ എന്തു വിചാരിച്ചാലെന്താ എന്ന തഴമ്പിച്ച മനോഭാവം ക്രിസ്തീയമല്ലതാനും. എന്നാൽ സമനില ആവശ്യമാണ്. മറ്റുള്ളവർ അപ്രീതിപ്പെടുമെന്നതിനാൽ ഒരുവൻ ദൈവം വിലക്കുന്നതു ചെയ്യാനോ ദൈവവചനം ആവശ്യപ്പെടുന്നതു ചെയ്യാതിരിക്കാനോ പ്രേരിതനാകുന്നെങ്കിൽ, ആ വ്യക്തി കെണിയിലകപ്പെട്ടിരിക്കുകയാണ്.
11. (എ) മാനുഷഭയം ഒരുവനെ കീഴ്പെടുത്താതിരിക്കാൻ എന്തു സംരക്ഷണമുണ്ട്? (ബി) മാനുഷഭയത്താൽ പ്രയാസപ്പെടുകയായിരുന്ന ദാസന്മാരെ യഹോവ സഹായിച്ചിരിക്കുന്നതെങ്ങനെ?
11 നമ്മുടെ ജന്മസിദ്ധമായ ഏതെങ്കിലുമൊരു പ്രാപ്തിയാലല്ല, പകരം ‘യഹോവയിലുള്ള ആശ്രയ’ത്താലേ അത്തരം കെണികളിൽനിന്നു രക്ഷനേടാനാകൂ. (സദൃശവാക്യങ്ങൾ 29:25ബി) ദൈവത്തിലുള്ള ആശ്രയമുണ്ടെങ്കിൽ, സ്വതവേ ലജ്ജാശീലനായ ഒരു വ്യക്തി ധൈര്യശാലിയും സ്ഥിരചിത്തനുമാണെന്നു തെളിയും. ഈ സാത്താന്യ വ്യവസ്ഥിതിയുടെ സമ്മർദങ്ങൾക്കു നടുവിലായിരിക്കുന്നിടത്തോളം, നാം മാനുഷഭയമെന്ന കെണിക്കെതിരെ ജാഗരൂകരായിരിക്കേണ്ടതുണ്ട്. ഏലീയാ പ്രവാചകൻ സധൈര്യം സേവിച്ചതിന്റെ നല്ലൊരു ചരിത്രമുണ്ടായിരുന്നിട്ടും, ഈസേബെൽ അവനെ വധിക്കാൻ പരിപാടിയിട്ടപ്പോൾ അവൻ ഭയന്ന് പലായനം ചെയ്തു. (1 രാജാക്കന്മാർ 19:2-18) സമ്മർദത്തിൻകീഴിൽ, പത്രൊസ് അപ്പോസ്തലൻ ഭയന്ന് യേശുക്രിസ്തുവിനെ തള്ളിപ്പറഞ്ഞു; വർഷങ്ങൾക്കുശേഷം മറ്റൊരവസരത്തിലും ഭയംനിമിത്തം അവൻ വിശ്വാസത്തിനു നിരക്കാത്തവിധം പ്രവർത്തിച്ചു. (മർക്കൊസ് 14:66-71; ഗലാത്യർ 2:11, 12) എന്നാൽ ഏലീയാവും പത്രൊസും ആത്മീയ സഹായം സ്വീകരിച്ചു, യഹോവയിൽ ആശ്രയിച്ച് അവർ അവനെ സ്വീകാര്യമാംവിധം സേവിക്കുന്നതിൽ തുടർന്നു.
12. ഭയംനിമിത്തം ദൈവത്തെ പ്രീതിപ്പെടുത്തുന്നതിൽനിന്നു പിന്തിരിയാതിരിക്കാൻ വ്യക്തികൾ സഹായിക്കപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന് ആധുനികനാളിലെ ഏതെല്ലാം ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
12 നമ്മുടെ നാളിലെ യഹോവയുടെ ദാസന്മാരിൽ അനേകരും ഭയമെന്ന കെണിയെ എങ്ങനെ മറികടക്കാമെന്നു പഠിച്ചിരിക്കുന്നു. ഗയാനയിലെ കൗമാരപ്രായക്കാരിയായ ഒരു സാക്ഷി ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “സ്കൂളിലെ സമപ്രായക്കാരിൽനിന്നുള്ള സമ്മർദം ശക്തമാണ്.” എന്നാൽ അവളിങ്ങനെ കൂട്ടിച്ചേർത്തു: “അതിനെ ചെറുക്കാൻ തക്കവണ്ണം യഹോവയിലുള്ള എന്റെ വിശ്വാസവും ശക്തമാണ്.” അവളുടെ വിശ്വാസത്തെപ്രതി അധ്യാപകൻ അവളെ ക്ലാസ്സിൽ എല്ലാവരുടെയും മുമ്പിൽവെച്ച് പരിഹസിച്ചപ്പോൾ, അവൾ നിശബ്ദമായി യഹോവയോടു പ്രാർഥിച്ചു. പിന്നീട്, നയപരമായവിധത്തിൽ അവൾ അധ്യാപകനു സ്വകാര്യമായി സാക്ഷ്യംകൊടുത്തു. ബെനിനിലെ ജന്മനാട്ടിലേക്കുള്ള ഒരു സന്ദർശനവേളയിൽ യഹോവയുടെ നിബന്ധനകളെക്കുറിച്ചു പഠിച്ച ഒരു യുവാവ് തനിക്കു പിതാവ് ഉണ്ടാക്കിത്തന്ന ഒരു വിഗ്രഹം ഉപേക്ഷിക്കാൻ തീരുമാനിച്ചു. വിഗ്രഹം നിർജീവമായിരുന്നുവെന്ന് അറിയാമായിരുന്ന ആ യുവാവ് അതിനെ ഭയപ്പെട്ടില്ല, എന്നാൽ കോപാകുലരായ ഗ്രാമീണർ തന്നെ കൊല്ലാൻ ശ്രമിക്കുമെന്ന് അവനറിയാമായിരുന്നു. അവൻ യഹോവയോടു പ്രാർഥിച്ചു, എന്നിട്ട് രാത്രിയിൽ വിഗ്രഹം കൊണ്ടുപോയി കുറ്റിക്കാട്ടിൽ കളഞ്ഞു. (ന്യായാധിപന്മാർ 6:27-31 താരതമ്യം ചെയ്യുക.) ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഒരു സ്ത്രീ യഹോവയെ സേവിക്കാൻ തുടങ്ങിയപ്പോൾ, ഭർത്താവ് അവളോട് ഒന്നുകിൽ തന്നെ അല്ലെങ്കിൽ യഹോവയെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. അയാൾ വിവാഹമോചനം നടത്തുമെന്നു ഭീഷണിപ്പെടുത്തി. ഭയംമൂലം അവൾ വിശ്വാസം വിട്ടുകളഞ്ഞുവോ? അവളുടെ മറുപടി ഇങ്ങനെയായിരുന്നു: “ഏതെങ്കിലുമൊരു അവിശ്വസ്തതയുടെ പേരിലായിരുന്നെങ്കിൽ ഞാൻ ലജ്ജിച്ചേനേ, എന്നാൽ യഹോവയാം ദൈവത്തെ സേവിക്കാൻ ഞാൻ ലജ്ജിക്കുന്നില്ല!” അവൾ ദൈവത്തോടുകൂടെ നടക്കുന്നതിൽ തുടർന്നു, കാലക്രമത്തിൽ യഹോവയുടെ ഹിതം നിവർത്തിക്കുന്നതിൽ ഭർത്താവും അവളോടു ചേർന്നു. നമ്മുടെ സ്വർഗീയ പിതാവിൽ പൂർണമായി ആശ്രയിച്ചുകൊണ്ട്, യഹോവയെ പ്രീതിപ്പെടുത്തുന്നതെന്നു നമുക്കറിയാവുന്ന കാര്യം ചെയ്യുന്നതിൽ ഭയം ഒരു തടസ്സമാകാതെ നോക്കാൻ നമുക്കും സാധിക്കും.
ബുദ്ധ്യുപദേശത്തെ നിസ്സാരമായി കാണാതിരിക്കുക
13. 1 തിമൊഥെയൊസ് 6:9-ൽ നാം ഏതു കെണിക്കെതിരെ ബുദ്ധ്യുപദേശിക്കപ്പെട്ടിരിക്കുന്നു?
13 വേട്ടക്കാർ ഉപയോഗിക്കുന്ന ചില കെണികൾ രൂപകൽപ്പനചെയ്തിരിക്കുന്നത് ഒരു പ്രത്യേക സ്ഥലത്തുകൂടെ കടന്നുപോകുന്ന ഏതൊരു മൃഗത്തെയും പിടിക്കാനാണ്. എന്നാൽ ഇരയുടെ വഞ്ചനാത്മക വശ്യതയിൽ മൃഗങ്ങൾ കുടുങ്ങിപ്പോകുന്നതരം കെണികളുമുണ്ട്. സമ്പത്ത് അനേകർക്കും അതുപോലെയാണ്. (മത്തായി 13:22) 1 തിമൊഥെയൊസ് 6:8, 9-ൽ ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതിയെന്നു വിചാരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. എന്നിട്ട് അത് ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: ‘ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.’
14. (എ) ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതിയെന്ന ബുദ്ധ്യുപദേശം പിൻപറ്റുന്നതിൽനിന്ന് ഒരു വ്യക്തിയെ എന്തു തടഞ്ഞേക്കാം? (ബി) സമ്പത്തിനെക്കുറിച്ചുള്ള തെറ്റായ നിർവചനംഹേതുവായി ഒരുവൻ 1 തിമൊഥെയൊസ് 6:9-ൽ രേഖപ്പെടുത്തിയിരിക്കുന്ന മുന്നറിയിപ്പിനെ നിസ്സാരമായി വീക്ഷിച്ചേക്കാവുന്നതെങ്ങനെ? (സി) തങ്ങൾ അകപ്പെടാനിരിക്കുന്ന കെണി സംബന്ധിച്ച് “കണ്മോഹം” ചിലരെ ഏതു വിധത്തിൽ അന്ധരാക്കിയേക്കാം?
14 ഈ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും, അതു ബാധകമാക്കാതെ അനേകരും കെണിയിലകപ്പെടുന്നു. എന്തുകൊണ്ട്? ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതിയെന്നു വിചാരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയെക്കാൾ അധികം ആവശ്യമാക്കുന്ന ജീവിതരീതി പിൻപറ്റണമെന്നു ശഠിക്കാൻ അഹങ്കാരം അവരെ പ്രേരിപ്പിക്കുന്നുണ്ടാകുമോ? ധനാഢ്യരായ ആളുകൾക്കുള്ള വസ്തുവകകളുടെ അടിസ്ഥാനത്തിൽ സമ്പത്തിനെ നിർവചിക്കുന്നതുകൊണ്ട് അവർ ബൈബിൾ മുന്നറിയിപ്പിനെ നിസ്സാരമായി കാണുന്നുണ്ടാകുമോ? ഉണ്മാനും ഉടുപ്പാനുമുണ്ടെങ്കിൽ മതിയെന്ന വിചാരത്തെ ധനവാനാകണമെന്ന ദൃഢനിശ്ചയവുമായി ബൈബിൾ വിപരീതതാരതമ്യം ചെയ്യുകയാണ്. (എബ്രായർ 13:5 താരതമ്യം ചെയ്യുക.) കാണുന്നതെല്ലാം സ്വന്തമാക്കണമെന്ന മോഹമായ “കണ്മോഹം” സത്യാരാധനയുമായി ബന്ധപ്പെട്ട സംഗതികളെ രണ്ടാം സ്ഥാനത്തു പ്രതിഷ്ഠിക്കാൻ, ഒരുപക്ഷേ ആത്മീയാനുധാവനങ്ങളെ അവഗണിക്കാൻപോലും അവരെ പ്രേരിപ്പിക്കുന്നുണ്ടോ? (1 യോഹന്നാൻ 2:15-17; ഹഗ്ഗായി 1:2-8) യഥാർഥത്തിൽ ബൈബിൾ ബുദ്ധ്യുപദേശം പിൻപറ്റി തങ്ങളുടെ ജീവിതത്തിൽ യഹോവയുടെ സേവനത്തിനു പ്രഥമസ്ഥാനം നൽകിക്കൊണ്ട് ദൈവത്തോടുകൂടെ നടക്കുന്നവർ എത്രയധികം സന്തുഷ്ടരായിരിക്കും!
ജീവിതോത്കണ്ഠകൾ വിജയപ്രദമായി കൈകാര്യംചെയ്യൽ
15. സ്വാഭാവികമായും ഏതു സ്ഥിതിവിശേഷങ്ങൾ യഹോവയുടെ ജനത്തിൽ അനേകരെയും ഉത്കണ്ഠാകുലരാക്കുന്നു, അത്തരം സമ്മർദത്തിൻ കീഴിൽ നാം ഏതു കെണി സംബന്ധിച്ചു ജാഗരൂകരായിരിക്കണം?
15 ധനികനാകണമെന്ന ദൃഢനിശ്ചയത്തെക്കാൾ സർവസാധാരണമാണ് അഹോവൃത്തിക്കുള്ള വകതേടുന്നതിനോടു ബന്ധപ്പെട്ട ഉത്കണ്ഠ. യഹോവയുടെ ദാസന്മാരിൽ അനേകർക്കും കഷ്ടിച്ചു കഴിഞ്ഞുകൂടുന്നതിനുള്ള വകയേയുള്ളൂ. അത്യാവശ്യത്തിനുള്ള വസ്ത്രം, കിടപ്പാടം, ഓരോ നേരത്തേക്കെങ്കിലുമുള്ള ആഹാരം എന്നിവയ്ക്കുവേണ്ടി അനേകരും മണിക്കൂറുകളോളം ജോലിചെയ്യുന്നവരാണ്. മറ്റുചിലർ, തങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ രോഗമോ വാർധക്യമോ നിമിത്തം പാടുപെടുന്നു. അത്തരം സാഹചര്യങ്ങൾനിമിത്തം അവരുടെ ജീവിതത്തിൽ ആത്മീയ താത്പര്യങ്ങൾ മുരടിച്ചുപോകുക എത്രയോ എളുപ്പം!—മത്തായി 13:22.
16. ജീവിത സമ്മർദങ്ങളെ നേരിടുന്നതിനു യഹോവ നമ്മെ സഹായിക്കുന്നതെങ്ങനെ?
16 സ്നേഹപുരസ്സരം, യഹോവ നമ്മോടു മിശിഹൈക രാജ്യത്തിൻകീഴിൽ അനുഭവവേദ്യമാകാനിരിക്കുന്ന ആശ്വാസത്തെക്കുറിച്ചു പറയുന്നു. (സങ്കീർത്തനം 72:1-4, 16; യെശയ്യാവു 25:7, 8) ശരിയായ ക്രമത്തിൽ മുൻഗണനകൾ വെക്കേണ്ടതെങ്ങനെയെന്നതു സംബന്ധിച്ച് നമുക്കു ബുദ്ധ്യുപദേശം നൽകിക്കൊണ്ട് ജീവിതസമ്മർദങ്ങളെ നേരിടാനും അവൻ നമ്മെ സഹായിക്കുന്നു. (മത്തായി 4:4; 6:25-34) കഴിഞ്ഞ കാലങ്ങളിൽ തന്റെ ദാസന്മാരെ താൻ എങ്ങനെ സഹായിച്ചുവെന്നതിന്റെ ചരിത്രരേഖമുഖാന്തരം, യഹോവ നമ്മെ ആശ്വസിപ്പിക്കുന്നു. (യിരെമ്യാവു 37:21; യാക്കോബ് 5:11) നമുക്ക് എന്തു പ്രതികൂല അവസ്ഥകൾ നേരിട്ടാലും തന്റെ വിശ്വസ്ത ദാസരോടുള്ള അവന്റെ സ്നേഹത്തിന് ഒരു മാറ്റവുമുണ്ടാകില്ലെന്ന പരിജ്ഞാനത്താൽ അവൻ നമ്മെ ബലിഷ്ഠരാക്കുന്നു. (റോമർ 8:35-39) യഹോവയിൽ ആശ്രയം വെക്കുന്നവരോട് അവൻ പ്രഖ്യാപിക്കുന്നു: ‘ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.’—എബ്രായർ 13:5.
17. കടുത്ത പ്രതികൂലാവസ്ഥകൾ നേരിടുന്ന വ്യക്തികൾക്കെങ്ങനെ ദൈവത്തോടുകൂടെ നടക്കുന്നതു തുടരാൻ സാധിച്ചുവെന്നതിന്റെ ദൃഷ്ടാന്തങ്ങൾ നൽകുക.
17 ഈ അറിവിനാൽ ബലിഷ്ഠരാക്കപ്പെട്ട്, സത്യക്രിസ്ത്യാനികൾ ലൗകിക അനുധാവനങ്ങളിൽ മുഴുകുന്നതിനുപകരം ദൈവത്തോടുകൂടെ നടക്കുന്നതിൽ തുടരുന്നു. കുടുംബത്തെ പോറ്റുന്നതിനായി ധനികരെ കൊള്ളയടിക്കുന്നത് മോഷണമല്ലെന്ന ലൗകിക തത്ത്വചിന്ത അനേകം നാടുകളിലെയും ദരിദ്രർക്കിടയിൽ സാധാരണമാണ്. എന്നാൽ വിശ്വാസത്താൽ നടക്കുന്നവർ ആ വീക്ഷണം നിരാകരിക്കുന്നു. അവർ സർവോപരി ദൈവാംഗീകാരത്തെ വിലമതിക്കുകയും തങ്ങളുടെ സത്യസന്ധമായ നടത്തയ്ക്കുള്ള പ്രതിഫലത്തിനായി അവനിലേക്കു നോക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 30:8, 9; 1 കൊരിന്ത്യർ 10:13; എബ്രായർ 13:18) ജീവിതത്തിൽ തനിക്കു മുന്നേറാൻ സഹായമായത് ജോലി ചെയ്യാനുള്ള മനസ്സൊരുക്കവും വൈദഗ്ധ്യവുമായിരുന്നുവെന്ന് ഇന്ത്യയിലെ ഒരു വിധവ കരുതുന്നു. തന്റെ ജീവിതാവസ്ഥയിൽ അമർഷംതോന്നുന്നതിനുപകരം, താൻ ദൈവരാജ്യവും അവന്റെ നീതിയും ജീവിതത്തിൽ ഒന്നാം സ്ഥാനത്തുവെക്കുന്നെങ്കിൽ, തനിക്കും മകനും നിത്യവൃത്തിക്കു വകയുണ്ടാക്കാനുള്ള തന്റെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുമെന്ന് അവർക്കറിയാമായിരുന്നു. (മത്തായി 6:33, 34) തങ്ങൾക്കു നേരിടുന്ന ഏതൊരു പ്രതികൂലാവസ്ഥയിലും യഹോവ തങ്ങളുടെ അഭയവും ശക്തിദുർഗവുമാണെന്നു പ്രകടമാക്കുന്ന ആയിരക്കണക്കിനാളുകൾ ഭൂമിയിലുടനീളമുണ്ട്. (സങ്കീർത്തനം 91:2) അതു നിങ്ങളുടെ കാര്യത്തിൽ സത്യമാണോ?
18. സാത്താന്യ ലോകത്തിന്റെ കെണികൾ ഒഴിവാക്കുന്നതിനുള്ള താക്കോൽ എന്ത്?
18 ഈ വ്യവസ്ഥിതിയിൽ ജീവിക്കുന്നിടത്തോളം, നാം ഒഴിവാക്കേണ്ടതായ കെണികളുണ്ടായിരിക്കും. (1 യോഹന്നാൻ 5:19) ബൈബിൾ ഇവയെ തിരിച്ചറിയിക്കുകയും എങ്ങനെ ഒഴിവാക്കണമെന്നു നമ്മെ കാണിച്ചുതരുകയും ചെയ്യുന്നു. യഹോവയെ യഥാർഥത്തിൽ സ്നേഹിക്കുകയും അവനെ അപ്രീതിപ്പെടുത്തുന്നതിനെതിരെ ആരോഗ്യാവഹമായ ഭയം പ്രകടമാക്കുകയും ചെയ്യുന്നവർക്ക് അത്തരം കെണികളെ വിജയപ്രദമായി നേരിടാനാകും. “ആത്മാവിനെ അനുസരിച്ചുനട”ക്കുന്നെങ്കിൽ, അവർ ലൗകികാനുധാവനങ്ങളിലേക്കു തിരിയുകയില്ല. (ഗലാത്യർ 5:16-25) യഹോവയുമായി യഥാർഥത്തിൽ നല്ലൊരു ബന്ധം ലക്ഷ്യമിട്ട് അതിനു ചേർച്ചയിൽ ജീവിക്കുന്ന എല്ലാവർക്കും ദൈവവുമായി എന്നെന്നും ഉറ്റബന്ധം ആസ്വദിച്ചുകൊണ്ട് അവനോടുകൂടെ നടക്കുന്നതിൽ തുടരാനുള്ള മഹത്തായ പ്രതീക്ഷയുണ്ട്.—സങ്കീർത്തനം 25:14.
നിങ്ങളുടെ അഭിപ്രായമെന്ത്?
□ ആത്മവിശ്വാസം ഒരു കെണിയായിരിക്കാവുന്നതെങ്ങനെ?
□ മാനുഷഭയത്താൽ കീഴടക്കപ്പെടുന്നതിനെതിരെ നമ്മെ എന്തു സംരക്ഷിക്കും?
□ ധനത്തിനുപിന്നാലെ പോകുന്നതു സംബന്ധിച്ചുള്ള ബുദ്ധ്യുപദേശം ബാധകമാക്കാൻ നാം എന്തുനിമിത്തം പരാജയപ്പെട്ടേക്കാം?
□ ജീവിതോത്കണ്ഠകളാൽ കെണിയിലകപ്പെടുന്നത് ഒഴിവാക്കാൻ നമ്മെ എന്തു പ്രാപ്തരാക്കും?
[16, 17 പേജുകളിലെ ചിത്രം]
അനേകരും ജീവിതത്തിലുടനീളം ദൈവത്തോടുകൂടെ നടക്കുന്നതിൽ തുടരുന്നു