തീ ത്തൊസ്—“നിങ്ങളുടെ താത്പര്യങ്ങൾക്കു വേണ്ടിയുള്ള ഒരു കൂട്ടുവേലക്കാരൻ”
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയിൽ ചിലപ്പോഴൊക്കെ പ്രശ്നങ്ങൾ പൊന്തിവന്നിരുന്നു. ഇവ പരിഹരിക്കപ്പെടേണ്ടിയിരുന്നു. അതിന് ധൈര്യവും അനുസരണവും ആവശ്യമായിരുന്നു. അത്തരം പല വെല്ലുവിളികളെയും വിജയകരമായി അഭിമുഖീകരിച്ച ഒരുവൻ ആയിരുന്നു തീത്തൊസ്. പൗലൊസ് അപ്പൊസ്തലനോടൊപ്പം വേലയിൽ പങ്കെടുത്ത ഒരുവൻ എന്ന നിലയിൽ, യഹോവയുടെ വിധത്തിൽ കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് അവൻ ആത്മാർഥമായി ശ്രമിച്ചു. അതുകൊണ്ട്, പൗലൊസ് കൊരിന്തിലെ ക്രിസ്ത്യാനികളോട് ‘അവരുടെ താത്പര്യങ്ങൾക്കുവേണ്ടിയുള്ള ഒരു കൂട്ടുവേലക്കാരൻ’ ആണ് തീത്തൊസ് എന്നു പറഞ്ഞു.—2 കൊരിന്ത്യർ 8:23, NW.
തീത്തൊസ് ആരായിരുന്നു? പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അവൻ എന്തു പങ്കു വഹിച്ചു? അവന്റെ സ്വഭാവം പരിചിന്തിക്കുന്നതിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാം?
പരിച്ഛേദന പ്രശ്നം
തീത്തൊസ് പരിച്ഛേദനയേൽക്കാത്ത ഒരു യവനൻ ആയിരുന്നു. (ഗലാത്യർ 2:3)a “നമുക്കു പൊതുവായി ഉള്ള വിശ്വാസത്താൽ എന്റെ യഥാർഥപുത്രനായ”വൻ എന്നു പൗലൊസ് തീത്തൊസിനെ വിശേഷിപ്പിക്കുന്നതുകൊണ്ട്, അവൻ അപ്പൊസ്തലന്റെ ആത്മീയ മക്കളിൽ ഒരുവൻ ആയിരുന്നിരിക്കാം. (തീത്തൊസ് 1:4, ഓശാന ബൈ. 1 തിമൊഥെയൊസ് 1:2 താരതമ്യം ചെയ്യുക.) പൗലൊസും ബർന്നബാസും സിറിയയിലെ അന്ത്യോക്യയിൽനിന്നുള്ള മറ്റുള്ളവരും പരിച്ഛേദന പ്രശ്നം ചർച്ച ചെയ്യാൻ പൊ.യു. 49-നോടടുത്ത് യെരൂശലേമിലേക്കു പോയപ്പോൾ, തീത്തൊസും അവരോടുകൂടെ ഉണ്ടായിരുന്നു.—പ്രവൃത്തികൾ 15:1, 2; ഗലാത്യർ 2:1.
പരിച്ഛേദനയേൽക്കാത്ത വിജാതീയരുടെ പരിവർത്തനം യെരൂശലേമിൽ ചർച്ചാവിഷയമായിരുന്ന സമയമായിരുന്നു അത്. അതുകൊണ്ട്, പരിച്ഛേദനയേറ്റവർ ആയാലും അല്ലെങ്കിലും യഹൂദർക്കും യഹൂദേതരർക്കും ദൈവപ്രീതിയിലേക്കു വരാൻ കഴിയും എന്നു പ്രകടമാക്കാനായിരിക്കും തീത്തൊസിനെയും കൂടെ കൊണ്ടുപോയത് എന്നു വിചാരിക്കപ്പെടുന്നു. ക്രിസ്ത്യാനിത്വം സ്വീകരിക്കുന്നതിനു മുമ്പ് പരീശന്മാരായിരുന്ന ചില യെരൂശലേം സഭാംഗങ്ങൾ വിജാതീയ മതപരിവർത്തിതർ പരിച്ഛേദനയേൽക്കാനും ന്യായപ്രമാണം അനുസരിക്കാനും കടപ്പെട്ടവർ ആണ് എന്നു വാദിച്ചു, എന്നാൽ ഈ വാദം വിലപ്പോയില്ല. തീത്തൊസിനെയും മറ്റു വിജാതീയരെയും പരിച്ഛേദനയ്ക്കു നിർബന്ധിക്കുന്നത്, രക്ഷ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളിൽ അല്ല, യഹോവയുടെ അനർഹദയയിലും യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലും ആണ് ആശ്രയിച്ചിരിക്കുന്നത് എന്ന വസ്തുതയെ നിരാകരിക്കുന്നതിന് തുല്യമാകുമായിരുന്നു. കൂടാതെ അത് വിജാതീയർക്കും, അഥവാ ജാതികളിലെ ആളുകൾക്കും ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ലഭിച്ചിരിക്കുന്നു എന്നതിന്റെ തെളിവിനെ നിരാകരിക്കുന്നതിനെയും അർഥമാക്കുമായിരുന്നു.—പ്രവൃത്തികൾ 15:5-12.
കൊരിന്തിലേക്ക് അയയ്ക്കപ്പെടുന്നു
പരിച്ഛേദന പ്രശ്നം പരിഹരിക്കപ്പെട്ടപ്പോൾ, പൗലൊസിനും ബർന്നബാസിനും ജാതികളോടു പ്രസംഗിക്കുന്നതിനുള്ള പൂർണ അധികാരം ലഭിച്ചു. അതേസമയം, ദരിദ്രരോട് അനുഭാവം ഉള്ളവരായിരിക്കാനും അവർ ശ്രമിച്ചു. (ഗലാത്യർ 2:9, 10) നിശ്ചയമായും, ഏതാണ്ട് ആറു വർഷത്തിനുശേഷം തീത്തൊസ് കൊരിന്തിൽ പൗലൊസിന്റെ പ്രതിനിധി എന്ന നിലയിൽ വിശുദ്ധന്മാർക്കുള്ള ധനശേഖരണം നടത്തുന്നവനായി നിശ്വസ്ത രേഖയിൽ വീണ്ടും പരാമർശിക്കപ്പെടുന്നു. തീത്തൊസ് ഈ വേലയിൽ ഏർപ്പെട്ടിരിക്കവേ, അവന് ഒരു സമ്മർദപൂരിത സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കേണ്ടിവരുന്നു.
“ദുർന്നടപ്പുകാരോടു സംസർഗ്ഗം അരുതു” എന്നു പൗലൊസ് കൊരിന്ത്യർക്ക് ആദ്യം എഴുതിയിരുന്നു എന്ന് അവർക്കുള്ള അവന്റെ ലേഖനം വെളിപ്പെടുത്തുന്നു. അനുതാപം കാട്ടാത്ത ഒരു പരസംഗക്കാരനെ അവരുടെ ഇടയിൽനിന്നു നീക്കിക്കളയാൻ അവന് അവരോടു പറയേണ്ടിവന്നു. അതേ, പൗലൊസിന് കടുത്ത വാക്കുകൾ ഉപയോഗിച്ച് “വളരെ കണ്ണുനീരോടുകൂടെ” എഴുതേണ്ടിവന്നു. (1 കൊരിന്ത്യർ 5:9-13; 2 കൊരിന്ത്യർ 2:4) അതിനിടെ, ദരിദ്രരായ യഹൂദ്യ ക്രിസ്ത്യാനികൾക്കായി നടന്നുകൊണ്ടിരുന്ന ധനശേഖരണത്തിൽ സഹായിക്കാൻ തീത്തൊസ് കൊരിന്തിലേക്ക് അയക്കപ്പെട്ടു. ഒരുപക്ഷേ കൊരിന്ത്യർക്കുള്ള പൗലൊസിന്റെ ലേഖനത്തോടുള്ള പ്രതികരണം നിരീക്ഷിക്കുക എന്ന മറ്റൊരു കാരണവും അവനെ അയച്ചതിനു പിന്നിൽ ഉണ്ടായിരുന്നിരിക്കാം.—2 കൊരിന്ത്യർ 8:1-6.
പൗലൊസിന്റെ ബുദ്ധ്യുപദേശത്തോടു കൊരിന്ത്യർ എങ്ങനെ പ്രതികരിക്കുമായിരുന്നു? അറിയാനുള്ള ആകാംക്ഷയിൽ പൗലൊസ് തീത്തൊസിനെ എഫെസൊസിൽനിന്ന്, എത്രയും വേഗം മടങ്ങണം എന്ന നിർദേശത്തോടെ, ഈജിയൻ കടലിനക്കരെയുള്ള കൊരിന്തിലേക്ക് അയച്ചിരിക്കാം. ശൈത്യകാലത്ത് (നവംബർ മധ്യത്തോടെ) ജലഗതാഗതം നിർത്തിയിടുന്നതിനു മുമ്പ് അത്തരമൊരു ദൗത്യം പൂർത്തിയാക്കിയാൽ, തീത്തൊസിന് കപ്പൽമാർഗം ത്രോവാസിലേക്കു പോകാനോ, അല്ലെങ്കിൽ വഴികൂടുതലാണെങ്കിലും കരമാർഗം ഹെലസ്പാന്റിലൂടെ അവിടേക്കു പോകാനോ സാധിക്കുമായിരുന്നു. ത്രോവാസിൽ കണ്ടുമുട്ടാമെന്ന് ഏറ്റിരുന്ന സ്ഥലത്ത് പൗലൊസ് നേരത്തേ എത്തിയിരിക്കണം, കാരണം വെള്ളിപ്പണിക്കാർ ഇളക്കിവിട്ട ലഹള നിമിത്തം പ്രതീക്ഷിച്ചതിലും നേരത്തേ എഫെസൊസ് വിടാൻ അവൻ നിർബന്ധിതനായി. ത്രോവാസിൽ ആകാംക്ഷയോടെ കാത്തിരുന്ന ശേഷം, പൗലൊസിനു മനസ്സിലായി തീത്തൊസ് സമുദ്രമാർഗം അല്ല വരുന്നത് എന്ന്. അതുകൊണ്ട്, മാർഗമധ്യേ അവനെ കണ്ടുമുട്ടാമെന്ന പ്രതീക്ഷയിൽ പൗലൊസ് കരമാർഗം യാത്ര പുറപ്പെട്ടു. യൂറോപ്പിൽ എത്തിയ ഉടനെ വിയാ എഗ്നാറ്റിയാ മാർഗം സഞ്ചരിച്ച പൗലൊസ് അവസാനം മക്കെദോന്യയിൽവെച്ച് തീത്തൊസിനെ കണ്ടുമുട്ടി. കൊരിന്തിൽനിന്നു സദ്വാർത്ത ലഭിച്ചതിൽ പൗലൊസിന് വലിയ ആശ്വാസവും സന്തോഷവും തോന്നി. അപ്പൊസ്തലന്റെ ബുദ്ധ്യുപദേശത്തോട് സഭ അനുകൂലമായി പ്രതികരിച്ചിരുന്നു.—2 കൊരിന്ത്യർ 2:12, 13; 7:5-7.
തന്റെ പ്രതിനിധിക്ക് ഏതുതരം സ്വാഗതം ലഭിക്കുമെന്നതിൽ പൗലൊസ് വ്യാകുലപ്പെട്ടിരുന്നെങ്കിലും, ദൈവം തീത്തൊസിനെ തന്റെ നിയമനം നിറവേറ്റാൻ സഹായിച്ചു. തീത്തൊസിനെ അവർ “ഭയത്തോടും വിറയലോടും” കൂടെ കൈക്കൊണ്ടു. (2 കൊരിന്ത്യർ 7:8-15) വ്യാഖ്യാതാവ് ആയ ഡബ്ലിയു. ഡി. തോമസിന്റെ വാക്കുകളിൽ പറയുകയാണെങ്കിൽ, “പൗലൊസിന്റെ അപലപനത്തിൽ അടങ്ങിയിരിക്കുന്ന ഗൗരവം ഒട്ടും കുറയ്ക്കാതെതന്നെ [തീത്തൊസ്] കൊരിന്ത്യരോട് വിദഗ്ധമായും നയപരമായും അഭ്യർഥിക്കുകയും അവരുടെതന്നെ ആത്മീയ ക്ഷേമത്തെ പ്രതിയാണ് പൗലൊസ് അവരോട് അങ്ങനെ സംസാരിച്ചത് എന്ന് അവരെ ധരിപ്പിക്കുകയും ചെയ്തിരിക്കുമെന്നു നമുക്കു വിചാരിക്കാവുന്നതാണ്.” പ്രസ്തുത ദൗത്യത്തിനിടയിൽ, കൊരിന്ത്യ ക്രിസ്ത്യാനികളുടെ അനുസരണ മനോഭാവത്തെയും പ്രയോജനപ്രദമായ മാറ്റങ്ങളെയും പ്രതി തീത്തൊസിന് അവരോടു പ്രിയം തോന്നാനിടയായി. അവരുടെ പ്രശംസാർഹമായ മനോഭാവം അവന് പ്രോത്സാഹനത്തിന്റെ ഒരു ഉറവായി.
കൊരിന്തിലേക്കുള്ള തീത്തൊസിന്റെ ദൗത്യത്തിന്റെ ഒരു ഭാഗം ആയിരുന്ന, യഹൂദ്യയിലെ വിശുദ്ധന്മാർക്കു വേണ്ടിയുള്ള ധനശേഖരണത്തിന്റെ കാര്യമോ? തീത്തൊസ് ആ കാര്യവും ചെയ്യുന്നുണ്ടായിരുന്നു എന്ന് കൊരിന്ത്യർക്കുള്ള രണ്ടാം ലേഖനത്തിൽനിന്നു മനസ്സിലാക്കാവുന്നതാണ്. തീത്തൊസും പൗലൊസും കണ്ടുമുട്ടിയതിനുശേഷം ഉടനെതന്നെ, പൊ.യു. 55-ലെ ശരത്കാലത്ത് മക്കെദോന്യയിൽവെച്ച്, എഴുതിയതായിരിക്കാം ആ ലേഖനം. ധനശേഖരണം തുടങ്ങിവെച്ച തീത്തൊസിനെ അതു പൂർത്തിയാക്കുന്നതിനുവേണ്ടി, പേർ നൽകപ്പെട്ടിട്ടില്ലാത്ത രണ്ടു സഹായികളോടൊപ്പം, അയയ്ക്കുകയാണെന്ന് പൗലൊസ് എഴുതി. കൊരിന്ത്യരിൽ അതീവ തത്പരനായിരുന്നതുകൊണ്ട് തീത്തൊസിനു തിരിച്ചുപോകാൻ വലിയ ഉത്സാഹമായിരുന്നു. കൊരിന്തിലേക്കു തിരിച്ചു യാത്ര ചെയ്യവേ, പൗലൊസിന്റെ കൊരിന്ത്യർക്കുള്ള രണ്ടാമത്തെ ലേഖനവും തീത്തൊസ് കൊണ്ടുപോയിരിക്കാം.—2 കൊരിന്ത്യർ 8:6, 17, 18, 22.
തീത്തൊസ് നല്ല ഒരു സംഘാടകൻ മാത്രമല്ല, പ്രയാസകരമായ സ്ഥിതിവിശേഷങ്ങളിൽ സങ്കീർണ നിയമനങ്ങൾ ഏൽപ്പിക്കാവുന്ന തരം വ്യക്തിയും ആയിരുന്നു. അവൻ ധൈര്യശാലിയും പക്വമതിയും അചഞ്ചലനും ആയിരുന്നു. പൗലൊസ് വ്യക്തമായും തീത്തൊസിനെ കൊരിന്തിലെ “അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലൻമാ”രിൽനിന്നു നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ പ്രാപ്തനായി വീക്ഷിച്ചു. (2 കൊരിന്ത്യർ 11:5) പ്രയാസകരമായ മറ്റൊരു നിയമനത്തോടു ബന്ധപ്പെട്ട് തിരുവെഴുത്തുകളിൽ തീത്തൊസിനെ കുറിച്ചു കാണുന്ന അടുത്ത പരാമർശം ഈ ധാരണയെ ശരി വെക്കുന്നതാണ്.
ക്രേത്ത ദ്വീപിൽ
പൊ.യു. 61-നും 64-നും ഇടയിൽ ആയിരിക്കാം പൗലൊസ് തീത്തൊസിന് എഴുതിയത്. ആ സമയത്ത് തീത്തൊസ് ക്രേത്ത എന്ന മെഡിറ്ററേനിയൻ ദ്വീപിൽ സേവിക്കുകയായിരുന്നു. “പിഴവുള്ള സംഗതികളെ ശരിയാക്കാ”നും “പട്ടണംതോറും പ്രായമുള്ള പുരുഷന്മാരുടെ നിയമനങ്ങൾ നടത്താ”നും വേണ്ടിയാണ് പൗലൊസ് അവനെ അവിടെ ആക്കിയിട്ടു പോന്നത്. പൊതുവേ, ക്രേത്തനിവാസികൾ “നുണയന്മാരും ദോഷം ചെയ്യുന്ന കാട്ടുമൃഗങ്ങളും പണിയെടുക്കാത്ത പെരുവയറന്മാരും” ആണ് എന്ന ഖ്യാതിയുള്ളവർ ആയിരുന്നു. അതുകൊണ്ട്, ക്രേത്തയിൽ തീത്തൊസിന് വീണ്ടും ചാഞ്ചല്യമില്ലാതെ സധൈര്യം പ്രവർത്തിക്കേണ്ടതായി വരുമായിരുന്നു. (തീത്തൊസ് 1:5, 10-12, NW) അത് വളരെ ഉത്തരവാദിത്വമുള്ള ഒരു ദൗത്യം ആയിരുന്നു, എന്തെന്നാൽ സാധ്യതയനുസരിച്ച് അതായിരുന്നു ആ ദ്വീപിലെ ക്രിസ്ത്യാനിത്വത്തിന്റെ ഭാവി നിർണയിക്കുമായിരുന്നത്. ഭാവി മേൽവിചാരകന്മാരിൽ എന്തെല്ലാം നിരീക്ഷിക്കേണ്ടതുണ്ടെന്ന് നിശ്വസ്തതയിൽ പൗലൊസ് വ്യക്തമാക്കിക്കൊണ്ട് തീത്തൊസിനെ സഹായിച്ചു. ഇന്നും ആ യോഗ്യതകൾ പരിഗണിച്ചുകൊണ്ടാണ് ക്രിസ്തീയ മൂപ്പന്മാരെ നിയമിക്കുന്നത്.
തീത്തൊസ് ക്രേത്ത വിട്ടുപോയത് എപ്പോഴാണെന്നു തിരുവെഴുത്തുകൾ പറയുന്നില്ല. വ്യക്തമായി പറഞ്ഞിട്ടില്ലാത്ത ഏതോ ഒരു സമയത്ത് യാത്രയിൽ അവിടെ തങ്ങുമായിരുന്ന സേനാസിനും അപ്പൊല്ലോസിനും ഒരു മുട്ടും വരാതെ അവരുടെ ആവശ്യങ്ങൾ നിറവേറ്റണം എന്ന് പൗലൊസ് അവനോട് ആവശ്യപ്പെടുന്നതുകൊണ്ട്, അവൻ അവിടെ വേണ്ടത്ര സമയം തങ്ങിയിരിക്കാം. എന്നാൽ തീത്തൊസ് ക്രേത്തയിൽ ദീർഘനാൾ തങ്ങുമായിരുന്നില്ല. പൗലൊസ് അവിടേക്ക് അർത്തെമാസിനെയോ തിഹിക്കൊസിനെയോ അയയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടായിരുന്നു. തീത്തൊസ്, അപ്പൊസ്തലനെ നിക്കൊപ്പൊലിസിൽ—സാധ്യതയനുസരിച്ച് വടക്കുപടിഞ്ഞാറെ ഗ്രീസിൽ ആ പേരിലുള്ള പ്രമുഖ നഗരം—വെച്ചു കാണേണ്ടിയിരുന്നു.—തീത്തൊസ് 3:12, 13.
ബൈബിൾ തീത്തൊസിനെ കുറിച്ചു നടത്തുന്ന ഹ്രസ്വമായ അവസാന പരാമർശത്തിൽനിന്ന്, പൊ.യു. 65-നോടടുത്ത് പൗലൊസ് മറ്റൊരു നിയമനവും നൽകി അവനെ അയച്ചിരിക്കാം എന്നു നാം മനസ്സിലാക്കുന്നു. അങ്ങനെ അവൻ ദൽമാത്യയിലേക്കു പോയി. അത് ഇപ്പോഴത്തെ ക്രോയേഷ്യയിലെ അഡ്രിയാറ്റിക് സമുദ്രത്തിന്റെ കിഴക്കുള്ള ഒരു പ്രദേശമാണ്. (2 തിമൊഥെയൊസ് 4:10) അവിടെ തീത്തൊസിന് എന്താണു ചെയ്യേണ്ടിയിരുന്നത് എന്നു നമ്മോടു പറയുന്നില്ല, എന്നാൽ സഭാ കാര്യങ്ങൾ ചിട്ടപ്പെടുത്താനും മിഷനറി പ്രവർത്തനത്തിൽ ഏർപ്പെടാനും ആയിരിക്കാം അവനെ അയച്ചത് എന്നു കരുതപ്പെടുന്നു. അങ്ങനെയെങ്കിൽ, ക്രേത്തയിലേതിനു സമാനമായ ഒരു പദവിതന്നെ ആയിരിക്കാം അവന് ഇവിടെയും ഉണ്ടായിരുന്നത്.
തീത്തൊസിനെപ്പോലെ പക്വതയുള്ള ക്രിസ്തീയ മേൽവിചാരകന്മാർ നമുക്കുള്ളതിൽ നാം എത്ര നന്ദിയുള്ളവരാണ്! തിരുവെഴുത്തു തത്ത്വങ്ങളെ കുറിച്ചുള്ള അവരുടെ വ്യക്തമായ ഗ്രാഹ്യവും അവർ അവ സധൈര്യം ബാധകമാക്കുന്നതും സഭയുടെ ആത്മീയതയെ പരിരക്ഷിക്കാൻ സഹായിക്കുന്നു. നമുക്ക് അവരുടെ വിശ്വാസം അനുകരിക്കുകയും സഹവിശ്വാസികളുടെ ആത്മീയ താത്പര്യങ്ങൾ ഉന്നമിപ്പിച്ചുകൊണ്ട് നാം തീത്തൊസിനെപ്പോലെയാണെന്നു തെളിയിക്കുകയും ചെയ്യാം.—എബ്രായർ 13:7.
[അടിക്കുറിപ്പുകൾ]
a ഗലാത്യർ 2:3 തീത്തൊസിനെ ഒരു യവനൻ (ഹെല്ലൻ) ആയി തിരിച്ചറിയിക്കുന്നു. ഇതിനർഥം അവൻ ഒരു യവനവംശജൻ ആണ് എന്നായിരിക്കാം. എന്നിരുന്നാലും, യവനന്മാർ അല്ലെങ്കിലും, ഭാഷകൊണ്ടും സംസ്കാരംകൊണ്ടും യവനന്മാരായിരുന്നവരെ ചില യവന എഴുത്തുകാർ ബഹുവചനരൂപം (ഹെല്ലനിസ്) ഉപയോഗിച്ച് പരാമർശിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഈ അർഥത്തിൽ ആയിരിക്കാം തീത്തൊസ് യവനൻ ആയിരുന്നത്.
[31-ാം പേജിലെ ചിത്രം]
തീത്തൊസ് കൊരിന്തിലെയും മറ്റുള്ളിടങ്ങളിലെയും ക്രിസ്ത്യാനികളുടെ താത്പര്യങ്ങൾക്കു വേണ്ടിയുള്ള ധൈര്യശാലിയായ ഒരു കൂട്ടുവേലക്കാരൻ ആയിരുന്നു