“പഴയനിയമ”മോ “എബ്രായ തിരുവെഴുത്തു”കളോ—ഏത്?
ബൈബിളിന്റെ എബ്രായ⁄അരമായ, ഗ്രീക്കു ഭാഷാഭാഗങ്ങളെ വർണിക്കാൻ “പഴയനിയമം” എന്നും “പുതിയനിയമം” എന്നുമുള്ള പ്രയോഗങ്ങൾ ഉപയോഗിക്കുന്നത് ഇന്നു ക്രൈസ്തവലോകത്തിൽ സാധാരണമാണ്. എന്നാൽ ഈ പദപ്രയോഗങ്ങൾക്കു ബൈബിൾപരമായി വല്ല അടിസ്ഥാനവുമുണ്ടോ? യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളിൽ പൊതുവേ അവയെ ഒഴിവാക്കിയിരിക്കുന്നതിന്റെ കാരണങ്ങളെന്ത്?
ജയിംസ് രാജാവിന്റെ ഭാഷാന്തരവും മാർട്ടിൻ ലൂഥറിന്റെ ആദ്യ പരിഭാഷയായ (1522) ജർമൻ സെപ്ററംബർസ്തമെൻറ് പോലെയുള്ള മററു പല പഴയ ഭാഷാന്തരങ്ങളും എടുത്താൽ, 2 കൊരിന്ത്യർ 3:14 ഈ രീതിയെ പിന്തുണക്കുന്നുവെന്നു തോന്നുമെന്നതു ശരിതന്നെ. ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ ഈ വാക്യം ഇങ്ങനെ വായിക്കുന്നു: “എന്നാൽ അവരുടെ മനസ്സ് അന്ധമായിപ്പോയി: പഴയനിയമം വായിക്കുമ്പോൾ അതേ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നു; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു.”
എന്നാൽ, സാധാരണമായി “പഴയനിയമം” എന്നു വിളിക്കുന്ന 39 പുസ്തകങ്ങളെക്കുറിച്ചാണോ അപ്പോസ്തലൻ ഇവിടെ സംസാരിക്കുന്നത്? ഗ്രീക്കിൽ ഡൈതിക്കെ എന്ന പദത്തെയാണ് ഇവിടെ “നിയമം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ആ വാക്യത്തിലെ ‘പഴയ ഡൈതിക്കെയുടെ വായന’ എന്നതും ‘മോശയുടെ പുസ്തകത്തിന്റെ വായന’യും ഒന്നുതന്നെയെന്നാണു വിഖ്യാതമായ ജർമൻ ദൈവശാസ്ത്ര വിശ്വവിജ്ഞാനകോശമായ തേയോളോജിഷ് റേയാലെൻസൈക്ലോപ്പഡി അഭിപ്രായപ്പെടുന്നത്. അതുകൊണ്ട്, മോശയുടെ ന്യായപ്രമാണം, അല്ലെങ്കിൽ ഏറിയാൽ പഞ്ചഗ്രന്ഥി എന്നാണ് ‘പഴിയ ഡൈതിക്കെ’യുടെ വിവക്ഷ എന്ന് അതു പറയുന്നു. തീർച്ചയായും ക്രിസ്തുവിനുമുമ്പുള്ള മുഴുനിശ്വസ്ത തിരുവെഴുത്തുകളും എന്നല്ല.
എബ്രായ തിരുവെഴുത്തുകളുടെ ഒരു ഭാഗത്തെ, അതായത് പഞ്ചഗ്രന്ഥിയിൽ മോശ രേഖപ്പെടുത്തിയിരിക്കുന്ന പഴയ ന്യായപ്രമാണ ഉടമ്പടിയെ, മാത്രമേ അപ്പോസ്തലൻ പരാമർശിക്കുന്നുള്ളൂ. അല്ലാതെ എബ്രായ, അരമായ തിരുവെഴുത്തുകളെ മുഴുവനായി പരാമർശിക്കുന്നില്ല. മാത്രമല്ല, പൊ.യു. ഒന്നാം നൂററാണ്ടിലെ നിശ്വസ്ത ക്രിസ്തീയ എഴുത്തുകൾ ഒരു “പുതിയനിയമം” ആണെന്ന് അവൻ അർഥമാക്കുന്നില്ല. കാരണം അങ്ങനെയൊരു പ്രയോഗം ബൈബിളിൽ ഒരിടത്തും കാണുന്നില്ല.
പൗലോസ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം ഡൈതിക്കെ വാസ്തവത്തിൽ അർഥമാക്കുന്നത് “ഉടമ്പടി” എന്നാണെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. (കൂടുതലായ വിവരത്തിന് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക്, 1984 പ്രസിദ്ധീകരിച്ച വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടുകൂടിയത്, അനുബന്ധം 7E പേജ് 1585 കാണുക.) അതുകൊണ്ട്, പല ആധുനിക പരിഭാഷകളും “പഴയനിയമം” എന്നതിനുപകരം, “പഴയഉടമ്പടി” എന്നു ശരിയായി കൊടുക്കുന്നു.
ഇതിനോടുള്ള ബന്ധത്തിൽ, “നാഷണൽ കത്തലിക് റിപ്പോർട്ടർ” ഇങ്ങനെ പ്രസ്താവിക്കുന്നു: “‘പഴയനിയമം’ എന്ന പദം താഴ്ന്ന നിലവാരത്തിന്റെയും കാലഹരണപ്പെട്ടതിന്റെയും പ്രതീതിയുളവാക്കുമെന്നത് അതിന്റെയൊരു സ്വാഭാവിക ഫലമാണ്.” എന്നാൽ ബൈബിൾ ഒരൊററ കൃതിയാണ്. അതിന്റെ യാതൊരു ഭാഗവും കാലഹരണപ്പെട്ടതോ “പഴയ”തോ അല്ല. എബ്രായ ഭാഗത്തെ ആദ്യ പുസ്തകം മുതൽ ഗ്രീക്കു ഭാഗത്തെ അവസാന പുസ്തകം വരെ അതിന്റെ സന്ദേശത്തിന് ഐകരൂപ്യമുണ്ട്. (റോമർ 15:4; 2 തിമൊഥെയൊസ് 3:16, 17) അതുകൊണ്ട് തെററായ സങ്കൽപ്പങ്ങളിലധിഷ്ഠിതമായ ഈ പ്രയോഗങ്ങൾ ഒഴിവാക്കാൻ നമുക്കു സാധുവായ കാരണങ്ങളുണ്ട്. “എബ്രായതിരുവെഴുത്തുകൾ” എന്നും “ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകൾ” എന്നുമുള്ള കൂടുതൽ ശരിയായ പദങ്ങൾ ഉപയോഗിക്കാൻ നാം ഇഷ്ടപ്പെടുന്നു.