ദൈവദത്തമായ സ്വാതന്ത്ര്യം സന്തോഷം കൈവരുത്തുന്നു
“യഹോവയുടെ സന്തോഷം നിങ്ങളുടെ ശക്തികേന്ദ്രം ആകുന്നു.”—നെഹെമ്യാവ് 8:10, NW.
1. സന്തോഷം എന്താണ്, ദൈവത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്നവർക്ക് അത് അനുഭവിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
യഹോവ തന്റെ ജനത്തിന്റെ ഹൃദയങ്ങളെ സന്തോഷം കൊണ്ടു നി റക്കുന്നു. വലിയ സന്തുഷ്ടിയുടെ അഥവാ ആഹ്ലാദത്തിന്റെ ഈ അവസ്ഥ നൻമയുടെ സമ്പാദനത്തിൽനിന്ന് അല്ലെങ്കിൽ പ്രതീക്ഷയിൽനിന്ന് കൈവരുന്നു. സന്തോഷം ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അഥവാ പ്രവർത്തനനിരതമായ ശക്തിയുടെ ഒരു ഫലമായതുകൊണ്ട് ദൈവത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന മനുഷ്യർക്ക് അങ്ങനെയുള്ള ഒരു വികാരം അനുഭവിക്കാൻ കഴിയും. (ഗലാത്യർ 5:22, 23) അതുകൊണ്ട് ക്ലേശിപ്പിക്കുന്ന പീഡാനുഭവങ്ങൾ നമ്മെ ആക്രമിച്ചാൽപോലും യഹോവയുടെ ആത്മാവിനാൽ നയിക്കപ്പെടുന്ന അവന്റെ ദാസരെന്ന നിലയിൽ നമുക്ക് സന്തോഷമുള്ളവരായിരിക്കാൻ കഴിയും.
2. എസ്രായുടെ നാളിൽ ഒരു പ്രത്യേക സന്ദർഭത്തിൽ യഹൂദൻമാർ സന്തോഷിച്ചതെന്തുകൊണ്ട്?
2 പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) അഞ്ചാം നൂററാണ്ടിലെ ഒരു പ്രത്യേക സന്ദർഭത്തിൽ, യഹൂദൻമാർ യെരൂശലേമിൽ സന്തോഷകരമായ ഒരു കൂടാരപ്പെരുനാൾ നടത്തുന്നതിന് തങ്ങളുടെ ദൈവദത്തമായ സ്വാതന്ത്ര്യം ഉപയോഗിച്ചു. എസ്രായും മററു ലേവ്യരും അവരെ ന്യായപ്രമാണം വായിച്ചുകേൾപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തശേഷം “തങ്ങളോടു പറഞ്ഞ വചനം ബോദ്ധ്യമായതുകൊണ്ടു ജനമെല്ലാം പോയി തിന്നുകയും കുടിക്കുകയും പകർച്ച കൊടുത്തയക്കുകയും അത്യന്തം സന്തോഷിക്കുകയും ചെയ്തു.”—നെഹെമ്യാവ് 8:5-12.
യഹോവയുടെ സന്തോഷം നമ്മുടെ ശക്തികേന്ദ്രം ആകുന്നു
3. ഏതു സാഹചര്യങ്ങളിൽ “യഹോവയുടെ സന്തോഷം” നമ്മുടെ ശക്തികേന്ദ്രമായിരിക്കാൻ കഴിയും?
3 ആ ഉത്സവസമയത്ത്, “യഹോവയുടെ സന്തോഷം നിങ്ങളുടെ ശക്തികേന്ദ്രം ആകുന്നു” എന്ന വാക്കുകളുടെ സത്യത യഹൂദൻമാർ തിരിച്ചറിഞ്ഞു. (നെഹെമ്യാവ് 8:10, NW.) നാം സമർപ്പിതരും സ്നാപനമേററവരുമായ യഹോവയുടെ സാക്ഷികളെന്ന നിലയിൽ ദൈവദത്തമായ സ്വാതന്ത്ര്യത്തിനുവേണ്ടി ഉറച്ചുനിൽക്കുന്നുവെങ്കിൽ ഈ സന്തോഷം നമ്മുടെയും ശക്തികേന്ദ്രമാകുന്നു. നമ്മിൽ ചുരുക്കംചിലർക്ക് പരിശുദ്ധാത്മാവിനാലുള്ള ഒരു അഭിഷേകവും ക്രിസ്തുവിനോടുകൂടെയുള്ള സ്വർഗ്ഗീയ കൂട്ടവകാശികളെന്ന നിലയിൽ ദൈവകുടുംബത്തിലേക്കുള്ള ഒരു ദത്തെടുക്കലും അനുഭവപ്പെട്ടിട്ടുണ്ട്. (റോമർ 8:15-23) നമ്മിൽ ബഹുഭൂരിപക്ഷംപേർക്കും ഒരു ഭൗമികപറുദീസയിലെ ജീവന്റെ പ്രതീക്ഷയാണുള്ളത്. (ലൂക്കോസ് 23:43) നാം എത്ര സന്തോഷമുള്ളവരായിരിക്കണം!
4. ക്രിസ്ത്യാനികൾക്ക് കഷ്ടപ്പാടും പീഡനവും സഹിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
4 നമുക്ക് അത്ഭുതകരമായ പ്രതീക്ഷകൾ ഉണ്ടെങ്കിലും കഷ്ടപ്പാടുകളും പീഡനവും സഹിക്കുക എളുപ്പമല്ല. എന്നിരുന്നാലും നമുക്ക് അങ്ങനെ ചെയ്യാൻ കഴിയും, എന്തുകൊണ്ടെന്നാൽ ദൈവം നമുക്ക് തന്റെ പരിശുദ്ധാത്മാവിനെ നൽകുന്നു. അതുമൂലം നമുക്ക് സന്തോഷവും നമ്മുടെ പ്രത്യാശയെയോ ദൈവസ്നേഹത്തെയോ കവർന്നുകളയാൻ യാതൊന്നിനും കഴികയില്ലെന്നുള്ള ബോദ്ധ്യവുമുണ്ട്. മാത്രവുമല്ല, നാം നമ്മുടെ മുഴു ഹൃദയത്തോടും ദേഹിയോടും ശക്തിയോടും മനസ്സോടുംകൂടെ യഹോവയെ സ്നേഹിക്കുന്നടത്തോളം കാലം യഹോവ നമ്മുടെ ബലമായിരിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—ലൂക്കോസ് 10:27.
5. സന്തോഷിക്കുന്നതിനുള്ള കാരണങ്ങൾ നമുക്ക് എവിടെ കണ്ടെത്താവുന്നതാണ്?
5 യഹോവയുടെ ജനം സമൃദ്ധമായ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു, സന്തോഷിക്കുന്നതിന് അവർക്ക് പല കാരണങ്ങളുമുണ്ട്. സന്തോഷത്തിനുള്ള ചില കാരണങ്ങൾ ഗലാത്യർക്കുള്ള പൗലോസിന്റെ ലേഖനത്തിൽ പറയപ്പെട്ടിട്ടുണ്ട്. മററു ചിലത് തിരുവെഴുത്തുകളിൽ മററു ചിലടങ്ങളിൽ സൂചിപ്പിക്കപ്പെടുന്നു. അങ്ങനെയുള്ള സന്തോഷകരമായ അനുഗ്രഹങ്ങളെക്കുറിച്ച് പരിചിന്തിക്കുന്നത് നമ്മുടെ ചൈതന്യത്തെ ഉയർത്തും.
ദൈവദത്ത സ്വാതന്ത്ര്യത്തെ വിലമതിക്കുക
6. പൗലോസ് ഉറച്ചുനിൽക്കാൻ ഗലാത്യക്രിസ്ത്യാനികളെ ശക്തമായി ഉപദേശിച്ചതെന്തുകൊണ്ട്?
6 ക്രിസ്ത്യാനികളെന്ന നിലയിൽ, നമുക്ക് ദൈവവുമായി സ്വീകാര്യമായ ഒരു നിലപാടിന്റെ സന്തോഷകരമായ അനുഗ്രഹമുണ്ട്. ക്രിസ്തു തന്റെ അനുഗാമികളെ മോശൈകന്യായപ്രമാണത്തിൽനിന്ന് സ്വതന്ത്രരാക്കിയതുകൊണ്ട് ഗലാത്യർ ഉറച്ചുനിൽക്കുന്നതിനും ആ “അടിമത്വനുകത്തിൽ” കുടുങ്ങാതിരിക്കുന്നതിനും ശക്തമായി ഉപദേശിക്കപ്പെട്ടു. നമ്മേസംബന്ധിച്ചെന്ത്? നാം ന്യായപ്രമാണം അനുസരിക്കുന്നതിനാൽ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടാൻ ശ്രമിച്ചാൽ നാം ക്രിസ്തുവിൽനിന്ന് വേർപെടും. എന്നിരുന്നാലും ദൈവാത്മാവിനാൽ സഹായിക്കപ്പെട്ട് നാം ശാരീരികപരിച്ഛേദനയാലോ ന്യായപ്രമാണത്തിന്റെ മററു പ്രവൃത്തികളാലോ അല്ല, സ്നേഹത്തിലൂടെ വ്യാപരിക്കുന്ന വിശ്വാസത്താൽ കൈവരുന്ന പ്രത്യാശിക്കപ്പെടുന്ന നീതിക്കായി കാത്തിരിക്കുകയാണ്.—ഗലാത്യർ 5:1-6.
7. നാം യഹോവക്കായുള്ള വിശുദ്ധസേവനത്തെ എങ്ങനെ വീക്ഷിക്കണം?
7 “സന്തോഷത്തോടെ യഹോവയെ സേവിക്കുന്നതിന്” നമ്മുടെ ദൈവദത്ത സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് ഒരു അനുഗ്രഹമാണ്. (സങ്കീർത്തനം 100:2, NW.) തീർച്ചയായും, “സർവ്വശക്തനായ യഹോവയാം ദൈവത്തിന്,” “നിത്യതയുടെ രാജാവിനു”തന്നെ, വിശുദ്ധസേവനമർപ്പിക്കുന്നത് വിലമതിക്കാനാവാത്ത ഒരു പദവിയാണ്! (വെളിപ്പാട് 15:3) കുറഞ്ഞ ആത്മാഭിമാനത്തിന്റെ വികാരങ്ങൾ എന്നെങ്കിലും നിങ്ങളുടെമേൽ അടിച്ചുകയറുന്നുവെങ്കിൽ, ദൈവം യേശുക്രിസ്തു മുഖാന്തരം നിങ്ങളെ തന്നിലേക്കു ആകർഷിച്ചിരിക്കുന്നുവെന്നും നിങ്ങൾക്ക് “ദൈവത്തിന്റെ സുവാർത്തയുടെ വിശുദ്ധവേല”യിൽ ഒരു പങ്കുനൽകിയിരിക്കുന്നുവെന്നും തിരിച്ചറിയുന്നത് സഹായകമായിരിക്കാം. (റോമർ 15:16; യോഹന്നാൻ 6:44; 14:6) സന്തോഷത്തിനും ദൈവത്തോടുള്ള നന്ദിക്കും എന്തു കാരണങ്ങൾ!
8. മഹാബാബിലോനെ സംബന്ധിച്ച് സന്തോഷത്തിനുള്ള എന്തു കാരണം ദൈവജനത്തിനുണ്ട്?
8 സന്തോഷത്തിനുള്ള നമ്മുടെ മറെറാരു കാരണം വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോനിൽനിന്നുള്ള ദൈവദത്ത സ്വാതന്ത്ര്യമാണ്. (വെളിപ്പാട് 18:2, 4, 5) ഈ മതവേശ്യ ആലങ്കാരികമായി “വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും” ആയ “പെരുവെള്ളങ്ങളിൻമേൽ” ഇരിക്കുന്നുവെങ്കിലും അവൾ യഹോവയുടെ ദാസൻമാരുടെമേൽ ഇരിക്കുന്നില്ല, അല്ലെങ്കിൽ അവരെ മതപരമായി സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നില്ല. (വെളിപ്പാട് 17:1, 15) നാം ദൈവത്തിന്റെ അത്ഭുതകരമായ വെളിച്ചത്തിൽ സന്തോഷിക്കുന്നു, അതേ സമയം മഹാബാബിലോനെ പിന്താങ്ങുന്നവർ ആത്മീയമായ ഇരുട്ടിലാണ്. (1 പത്രോസ് 2:9) അതെ, “ദൈവത്തിന്റെ ആഴമുള്ള കാര്യങ്ങളിൽ” ചിലത് ഗ്രഹിക്കുക പ്രയാസമായിരിക്കാം. (1 കൊരിന്ത്യർ 2:10, NW) എന്നാൽ ജ്ഞാനത്തിനും പരിശുദ്ധാത്മാവിനാലുള്ള സഹായത്തിനുംവേണ്ടിയുള്ള പ്രാർത്ഥന ആത്മീയ സത്യം ഗ്രഹിക്കുന്നതിന് നമ്മെ സഹായിക്കുന്നു, ആ സത്യം കൈവശമുള്ളവരെ അത് ആത്മീയമായി സ്വതന്ത്രരാക്കുന്നു.—യോഹന്നാൻ 8:31, 32; യാക്കോബ് 1:5-8.
9. നാം മതപരമായ തെററിൽനിന്ന് തുടർച്ചയായ സ്വാതന്ത്ര്യം ആസ്വദിക്കണമെങ്കിൽ, നാം എന്തു ചെയ്യണം?
9 നാം മതപരമായ തെററിൽനിന്നുള്ള തുടർച്ചയായ സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹം ആസ്വദിക്കുന്നു, എന്നാൽ ആ സ്വാതന്ത്ര്യം നിലനിർത്തുന്നതിന് നാം വിശ്വാസത്യാഗത്തെ പരിത്യജിക്കണം. ഗലാത്യർ ക്രിസ്തീയ ഓട്ടം നന്നായി ഓടിക്കൊണ്ടിരുന്നു, എന്നാൽ ചിലർ സത്യം അനുസരിക്കുന്നതിൽനിന്ന് അവരെ തടയുകയായിരുന്നു. അങ്ങനെയുള്ള ദുഷ്ട പ്രേരണ ദൈവത്തിൽനിന്നുള്ളതായിരുന്നില്ല, എന്നാൽ അതിനെ ചെറുത്തുനിൽക്കേണ്ടതായിരുന്നു. അല്പം പുളിമാവ് മുഴു പിണ്ഡത്തെയും പുളിപ്പിക്കുന്നതുപോലെ, വ്യാജോപദേഷ്ടാക്കൾക്ക് അല്ലെങ്കിൽ വിശ്വാസത്യാഗത്തിലേക്കുള്ള ഒരു ചായ്വിന് ഒരു മുഴു സഭയെയും ദുഷിപ്പിക്കാൻ കഴിയും. ഗലാത്യരുടെ വിശ്വാസത്തെ മറിച്ചുകളയാൻ ശ്രമിക്കുന്ന പരിച്ഛേദനാവാദികൾ പരിച്ഛേദനയേൽക്കുകമാത്രമല്ല, ലൈംഗികമായി അംഗച്ഛേദം ചെയ്യുകയും ചെയ്തിരുന്നെങ്കിലെന്ന് പൗലോസ് ആഗ്രഹിച്ചു. തീർച്ചയായും ശക്തമായ ഭാഷ! എന്നാൽ നാം മതപരമായ തെററിൽനിന്നുള്ള ദൈവദത്തമായ സ്വാതന്ത്ര്യം നിലനിർത്തുന്നതിന് വിശ്വാസത്യാഗത്തെ ത്യജിക്കുന്നതിൽ അത്രതന്നെ ദൃഢതയുള്ളവരായിരിക്കണം.—ഗലാത്യർ 5:7-12.
സ്നേഹത്തിൽ അന്യോന്യം അടിമവേല ചെയ്യുക
10. ക്രിസ്തീയ സഹോദരവർഗ്ഗത്തിന്റെ ഭാഗമെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമെന്താണ്?
10 ദൈവദത്തമായ സ്വാതന്ത്ര്യം നമ്മെ സ്നേഹമുള്ള ഒരു സഹോദരവർഗ്ഗത്തോടുള്ള സഹവാസത്തിൽ വരുത്തിയിരിക്കുന്നു, എന്നാൽ സ്നേഹം പ്രകടമാക്കാൻ നാം നമ്മുടെ പങ്കു നിർവഹിക്കണം. ഗലാത്യർ തങ്ങളുടെ സ്വാതന്ത്ര്യം “ജഡത്തിന് ഒരു പ്രേരക”മായി അല്ലെങ്കിൽ സ്നേഹരഹിതമായ സ്വാർത്ഥതക്ക് ഒരു ഒഴികഴിവായി ഉപയോഗിക്കാൻ പാടില്ലായിരുന്നു. അവർ പ്രേരകശക്തിയായി സ്നേഹത്തെ ഉപയോഗിച്ചുകൊണ്ട് അന്യോന്യം അടിമവേല ചെയ്യണമായിരുന്നു. (ലേവ്യപുസ്തകം 19:18; യോഹന്നാൻ 13:35) നാം അന്യോന്യം നിർമ്മൂലമാക്കപ്പെടുന്നതിൽ കലാശിക്കാൻ കഴിയുന്ന രഹസ്യമായ ഏഷണിപറച്ചിലും പകയും ഒഴിവാക്കണം. തീർച്ചയായും നാം സഹോദരസ്നേഹം പ്രകടമാക്കുന്നുവെങ്കിൽ ഇതു സംഭവിക്കുകയില്ല.—ഗലാത്യർ 5:13-15.
11. നമുക്ക് എങ്ങനെ മററുള്ളവർക്ക് ഒരു അനുഗ്രഹമായിരിക്കാൻ കഴിയും, അവർ നമ്മെ എങ്ങനെ വാഴ്ത്തിയേക്കാം?
11 ദൈവാത്മാവിന്റെ നടത്തിപ്പുകൾക്കു ചേർച്ചയായി നമ്മുടെ ദൈവദത്ത സ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ട് നാം സ്നേഹം പ്രകടമാക്കുകയും മററുള്ളവർക്ക് ഒരു അനുഗ്രഹമായിരിക്കുകയും ചെയ്യും. പരിശുദ്ധാത്മാവിനാൽ നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യാൻ നമ്മേത്തന്നെ അനുവദിക്കുന്നത് ഒരു ശീലമായിരിക്കണം. അപ്പോൾ നാം “മോഹംസംബന്ധിച്ച് ആത്മാവിനെതിരായ” നമ്മുടെ പാപപൂർണ്ണമായ ജഡത്തെ സ്നേഹരഹിതമായി തൃപ്തിപ്പെടുത്താൻ ചായ്വുള്ളവരായിരിക്കുകയില്ല. നാം ദൈവാത്മാവിനാൽ നയിക്കപ്പെടുന്നുവെങ്കിൽ, നാം സ്നേഹപൂർവകമായതു ചെയ്യും, എന്നാൽ നിയമങ്ങൾ അനുസരണം ആവശ്യപ്പെടുന്നതുകൊണ്ടും ദുഷ്പ്രവൃത്തിക്കാർക്ക് ശിക്ഷകൾ ചുമത്തുന്നതുകൊണ്ടുമല്ല. ഉദാഹരണത്തിന്, വെറുമൊരു നിയമമല്ല, പിന്നെയോ സ്നേഹം മററുള്ളവരെക്കുറിച്ച് ഏഷണിപറയുന്നതിൽനിന്ന് നമ്മെ തടയും. (ലേവ്യപുസ്തകം 19:16) സ്നേഹം ദയാപൂർവകമായ വിധങ്ങളിൽ സംസാരിക്കുന്നതിനും പ്രവർത്തിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കും. നാം സ്നേഹം എന്ന ആത്മാവിന്റെ ഫലം പ്രകടമാക്കുന്നതുകൊണ്ട് മററുള്ളവർ നമ്മെ വാഴ്ത്തും, അല്ലെങ്കിൽ നമ്മെ പ്രശംസിക്കും. (സദൃശവാക്യങ്ങൾ 10:6) തന്നെയുമല്ല, നമ്മോടുള്ള സഹവാസം അവർക്ക് ഒരു അനുഗ്രഹമായിരിക്കും.—ഗലാത്യർ 5:16-18.
വിരുദ്ധഫലം
12. പാപപൂർണ്ണമായ “ജഡത്തിന്റെ പ്രവൃത്തികൾ” ഒഴിവാക്കുന്നതിനോടു ബന്ധപ്പെട്ട അനുഗ്രഹങ്ങളിൽ ചിലതേവ?
12 നമ്മുടെ ദൈവദത്ത സ്വാതന്ത്ര്യത്തോടു ബന്ധപ്പെട്ട അനേകം അനുഗ്രഹങ്ങൾ പാപപൂർണ്ണമായ “ജഡത്തിന്റെ പ്രവൃത്തികൾ” ഒഴിവാക്കുന്നതിൽനിന്ന് കൈവരുന്നു. ദൈവത്തിന്റെ ജനമെന്ന നിലയിൽ നാം പൊതുവിൽ വളരെയധികം അതിവേദന ഒഴിവാക്കുന്നു, എന്തുകൊണ്ടെന്നാൽ നാം ദുർവൃത്തിയോ അശുദ്ധിയോ ദുർന്നടത്തയോ ആചരിക്കുന്നില്ല. വിഗ്രഹാരാധന ഒഴിവാക്കുന്നതിനാൽ ആ കാര്യം സംബന്ധിച്ച് യഹോവയെ പ്രസാദിപ്പിക്കുന്നതിൽനിന്ന് കൈവരുന്ന സന്തോഷം നമുക്കുണ്ട്. (1 യോഹന്നാൻ 5:21) നാം ആത്മവിദ്യ ആചരിക്കുന്നില്ലാത്തതിനാൽ നാം ഭൂതങ്ങളാലുള്ള ആധിപത്യത്തിൽനിന്ന് സ്വതന്ത്രരാണ്. നമ്മുടെ ക്രിസ്തീയ സാഹോദര്യം പിണക്കങ്ങളാലും വഴക്കുകളാലും ഈർഷ്യയാലും കോപാവേശങ്ങളാലും മത്സരങ്ങളാലും ഭിന്നതകളാലും കക്ഷിവിഭാഗങ്ങളാലും അസൂയകളാലും നശിപ്പിക്കപ്പെടുന്നില്ല. കുടിച്ചുമറിയലിലും മാത്സര്യങ്ങളിലും നമ്മുടെ സന്തോഷം നഷ്ടപ്പെടുന്നില്ല. ജഡത്തിന്റെ പ്രവൃത്തികൾ ചെയ്തുകൊണ്ടിരിക്കുന്നവർ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് പൗലോസ് മുന്നറിയിപ്പുനൽകി. എന്നിരുന്നാലും, നാം അവന്റെ വചനങ്ങൾ അനുസരിക്കുന്നതുകൊണ്ട് നമുക്ക് സന്തോഷകരമായ രാജ്യപ്രത്യാശയോട് പററിനിൽക്കാൻ കഴിയും.—ഗലാത്യർ 5:19-21.
13. യഹോവയുടെ പരിശുദ്ധാത്മാവ് എന്തു ഫലങ്ങൾ ഉളവാക്കുന്നു?
13 ക്രിസ്ത്യാനികൾ യഹോവയുടെ ആത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കുന്നതുകൊണ്ട് നമ്മുടെ ദൈവദത്തമായ സ്വാതന്ത്ര്യം സന്തോഷം കൈവരുത്തുന്നു. പാപപൂർണ്ണമായ ജഡത്തിന്റെ പ്രവൃത്തികൾ ദൈവഭക്തിയുള്ള ഹൃദയങ്ങളിൽ നടപ്പെടുന്ന ആത്മാവിന്റെ വിശിഷ്ടഫലങ്ങളായ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നിവയിൽനിന്ന് വ്യത്യസ്തമായി മുള്ളുകൾ പോലെയാണെന്ന് ഗലാത്യർക്കുള്ള പൗലോസിന്റെ വാക്കുകളിൽനിന്ന് കാണുക എളുപ്പമാണ്. പാപപൂർണ്ണമായ ജഡത്തിന്റെ മോഹങ്ങൾക്കു വിരുദ്ധമായി ജീവിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നതിനാൽ നാം ദൈവാത്മാവിനാൽ നയിക്കപ്പെടാനും അതനുസരിച്ചു ജീവിക്കാനും ആഗ്രഹിക്കുന്നു. ആത്മാവ് നമ്മെ താഴ്മയുള്ളവരും സമാധാനപ്രിയരുമാക്കുന്നു, “അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ” ആയിരിക്കുന്നവരല്ല. ആത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കുന്നവരോട് സഹവസിക്കുന്നത് സന്തോഷകരമായിരിക്കുന്നത് അതിശയമല്ല!—ഗലാത്യർ 5:22-26.
സന്തോഷത്തിനുള്ള മററു കാരണങ്ങൾ
14. ദുഷ്ടാത്മ സേനകൾക്കെതിരായ നമ്മുടെ പോരാട്ടത്തിൽ ഏതു പടച്ചട്ട നമുക്ക് ആവശ്യമാണ്?
14 ദൈവദത്തമായ നമ്മുടെ ആത്മീയസ്വാതന്ത്ര്യത്തോടു ബന്ധപ്പെട്ടതാണ് സാത്താനിൽനിന്നും ഭൂതങ്ങളിൽനിന്നുമുള്ള സംരക്ഷണമാകുന്ന അനുഗ്രഹം. ദുഷ്ടാത്മസേനകൾക്കെതിരായ നമ്മുടെ പോരാട്ടത്തിൽ വിജയിക്കുന്നതിന് നാം “ദൈവത്തിൽനിന്നുള്ള സമ്പൂർണ്ണ ആയുധവർഗ്ഗം” ധരിച്ചേ തീരൂ. നമുക്ക് സത്യമാകുന്ന അരക്കച്ചയും നീതിയാകുന്ന കവചവും ആവശ്യമാണ്. നമ്മുടെ പാദങ്ങൾ സമാധാന സുവാർത്തയുടെ സജ്ജീകരണം ധരിച്ചിരിക്കണം. വിശ്വാസമാകുന്ന വലിയ പരിചയും ആവശ്യമാണ്, അതുകൊണ്ടാണ് ദുഷ്ടന്റെ തീയമ്പുകളെയെല്ലാം കെടുത്തേണ്ടത്. നാം രക്ഷയുടെ ശിരസ്ത്രം ധരിക്കുകയും ദൈവവചനമാകുന്ന “ആത്മാവിൻ വാൾ” പ്രയോഗിക്കുകയും വേണം. നമുക്ക് “ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിക്കു”കയും ചെയ്യാം. (എഫേസ്യർ 6:11-18) നാം ആത്മാവിന്റെ ആയുധവർഗ്ഗം ധരിക്കുകയും ഭൂതവിദ്യ ത്യജിക്കുകയും ചെയ്യുന്നുവെങ്കിൽ നമുക്ക് നിർഭയരും സന്തോഷമുള്ളവരുമായിരിക്കാൻ കഴിയും.—പ്രവൃത്തികൾ 19:18-20 താരതമ്യപ്പെടുത്തുക.
15. നാം ദൈവവചനത്തിനു ചേർച്ചയായി നടക്കുന്നതുകൊണ്ട് സന്തോഷകരമായ ഏതു അനുഗ്രഹം നമുക്കുണ്ട്?
15 നമ്മുടെ നടത്ത ദൈവവചനത്തോടു ചേർച്ചയിലായിരിക്കുന്നതുകൊണ്ട് സന്തോഷം നമുക്കുള്ളതാണ്, അനേകം ദുഷ്പ്രവൃത്തിക്കാരെ ബാധിക്കുന്ന കുററബോധത്തിൽനിന്ന് നാം സ്വതന്ത്രരാണ്. നാം ‘ദൈവത്തോടും മനുഷ്യരോടും യാതൊരു തെററും ചെയ്യുന്നില്ലെന്നുള്ള ഒരു ബോധം പുലർത്താൻ തുടർച്ചയായി ശ്രമിക്കുന്നു.’ (പ്രവൃത്തികൾ 24:16) അതുകൊണ്ട്, നാം അനുതാപമില്ലാത്ത മനഃപൂർവ പാപികൾക്ക് ഭവിക്കാനിരിക്കുന്ന അർഹമായ ദിവ്യ ശിക്ഷയെ ഭയപ്പെടേണ്ടതില്ല. (മത്തായി 12:22-32; എബ്രായർ 10:26-31) സദൃശവാക്യങ്ങൾ 3:21-26-ലെ ബുദ്ധിയുപദേശം ബാധകമാക്കുന്നതിനാൽ നാം ആ വാക്കുകളുടെ നിവൃത്തി തിരിച്ചറിയാനിടയാകുന്നു: “ജ്ഞാനവും വകതിരിവും കാത്തുകൊൾക; അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുതു. അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും. അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; നിന്റെ കാൽ ഇടറുകയുമില്ല. നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും. പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടൻമാർക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല. യഹോവ നിന്റെ ആശ്രയമായിരിക്കും; അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും.”
16. പ്രാർത്ഥന ഒരു സന്തോഷകാരണമായിരിക്കുന്നതെങ്ങനെ, ഈ കാര്യത്തിൽ യഹോവയുടെ ആത്മാവ് എന്തു പങ്കു വഹിക്കുന്നു?
16 സന്തോഷത്തിനുള്ള മറെറാരു കാരണം നമ്മെ കേൾക്കുമെന്നുള്ള ഉറപ്പോടെ പ്രാർത്ഥനയിൽ യഹോവയെ സമീപിക്കാനുള്ള നമ്മുടെ ദൈവദത്തമായ സ്വാതന്ത്ര്യമാണ്. അതെ, നമുക്ക് ആദരവോടുകൂടിയ “യഹോവാഭയം” ഉള്ളതുകൊണ്ട് നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്നു. (സദൃശവാക്യങ്ങൾ 1:7) തന്നെയുമല്ല, “പരിശുദ്ധാത്മാവുകൊണ്ടു പ്രാർത്ഥി”ക്കുന്നതിനാൽ നാം ദൈവസ്നേഹത്തിൽ നമ്മേത്തന്നെ നിലനിർത്തുന്നതിന് സഹായിക്കപ്പെടുന്നു. (യൂദാ 20, 21) ഇതു നാം ചെയ്യുന്നത് യഹോവക്ക് സ്വീകാര്യമായ ഒരു ഹൃദയനില പ്രത്യക്ഷമാക്കുന്നതിനാലും ദൈവത്തിന്റെ ഇഷ്ടത്തിനും അവന്റെ വചനത്തിനും ചേർച്ചയായിരിക്കുന്ന കാര്യങ്ങൾക്കുവേണ്ടി ആത്മാവിന്റെ സ്വാധീനത്തിൻകീഴിൽ പ്രാർത്ഥിക്കുന്നതിനാലുമാണ്, എങ്ങനെ പ്രാർത്ഥിക്കണമെന്നും പ്രാർത്ഥനയിൽ എന്തു ചോദിക്കണമെന്നും നമുക്ക് കാണിച്ചുതരുന്നത് അവന്റെ വചനമാണ്. (1 യോഹന്നാൻ 5:13-15) നാം കഠിനമായി പരിശോധിക്കപ്പെടുകയും എന്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് അറിവില്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ ‘ഉച്ചരിക്കപ്പെടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി വാദിച്ചുകൊണ്ട് ആത്മാവ് നമ്മുടെ ദൗർബല്യത്തിനുള്ള സഹായവുമായി ഒത്തുചേരുന്നു.’ അങ്ങനെയുള്ള പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുന്നു. (റോമർ 8:26, 27) നമുക്ക് പരിശുദ്ധാത്മാവിനുവേണ്ടി പ്രാർത്ഥിക്കുകയും ഒരു പ്രത്യേക പീഡാനുഭവത്തെ അഭിമുഖീകരിക്കാനാവശ്യമായ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ നമ്മിൽ ഉളവാക്കാൻ അതിനെ അനുവദിക്കുകയും ചെയ്യാം. (ലൂക്കോസ് 11:13) നാം പ്രാർത്ഥനാപൂർവവും ഉത്സാഹപൂർവവും, ആത്മനിശ്വസ്തമായ വചനവും ആത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ തയ്യാറാക്കപ്പെടുന്ന ക്രിസ്തീയ പ്രസിദ്ധീകരണവും പഠിക്കുമ്പോഴും നാം നമ്മുടെ സന്തോഷം വർദ്ധിപ്പിക്കും.
സദാ ലഭ്യമായ സഹായത്താൽ അനുഗൃഹീതർ
17. മോശയുടെ അനുഭവങ്ങളും ദാവീദിന്റെ വചനങ്ങളും യഹോവ തന്റെ ജനത്തോടുകൂടെയുണ്ടെന്ന് പ്രകടമാക്കുന്നതെങ്ങനെ?
17 നമ്മുടെ ദൈവദത്തമായ സ്വാതന്ത്ര്യം ശരിയായി ഉപയോഗിക്കുന്നതിനാൽ യഹോവ നമ്മോടുകൂടെ ഉണ്ടെന്ന് അറിയുന്നതിലുള്ള സന്തോഷം നമുക്കുണ്ട്. മോശെ ഈജിപ്ററു വിട്ടുപോകാൻ പ്രതികൂല സാഹചര്യങ്ങൾ ഇടയാക്കിയപ്പോൾ, വിശ്വാസത്താൽ അവൻ “അദൃശ്യ ദൈവത്തെ കണ്ടതുപോലെ ഉറച്ചു”നിന്നു. (എബ്രായർ 11:27) മോശെ ഒററക്കല്ല നടന്നത്; യഹോവ തന്നോടുകൂടെ ഉണ്ടെന്ന് അവൻ അറിഞ്ഞിരുന്നു. സമാനമായി, കോരഹ്പുത്രൻമാർ ഇങ്ങനെ പാടി: “ദൈവം നമ്മുടെ സങ്കേതവും ബലവുമാകുന്നു; കഷ്ടങ്ങളിൽ അവൻ ഏററവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ട് ഭൂമി മാറിപ്പോയാലും, പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും, അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.” (സങ്കീർത്തനം 46:1-3) നിങ്ങൾക്ക് ദൈവത്തിൽ അങ്ങനെയുള്ള വിശ്വാസമുണ്ടെങ്കിൽ, അവൻ ഒരിക്കലും നിങ്ങളെ ഉപേക്ഷിക്കുകയില്ല. ദാവീദ് ഇങ്ങനെ പറഞ്ഞു: “എന്റെ സ്വന്തം അപ്പനും എന്റെ സ്വന്തം അമ്മയും എന്നെ ഉപേക്ഷിക്കുന്ന പക്ഷം യഹോവതന്നെ എന്നെ കൈക്കൊള്ളും.” (സങ്കീർത്തനം 27:10, NW.) ദൈവം തന്റെ ദാസൻമാർക്കുവേണ്ടി ഇത്രയധികം കരുതുന്നുവെന്നറിയുന്നതിൽ എന്തു സന്തോഷമുണ്ട്!—1 പത്രോസ് 5:6, 7.
18. യഹോവയുടെ സന്തോഷമുള്ളവർക്ക് ആകുലീകരിക്കുന്ന ഉത്ക്കണ്ഠകളിൽനിന്നുള്ള ദൈവദത്തമായ സ്വാതന്ത്ര്യമുള്ളതെന്തുകൊണ്ട്?
18 യഹോവയുടെ സന്തോഷം ഉള്ളതിനാൽ, നമുക്ക് ആകുലീകരിക്കുന്ന ഉത്ക്കണ്ഠയിൽനിന്നുള്ള ദൈവദത്ത സ്വാതന്ത്ര്യമുണ്ട്. “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും” എന്നു പൗലോസ് പറഞ്ഞു. (ഫിലിപ്പിയർ 4:6, 7) ദൈവസമാധാനം അത്യന്തം പരിശോധനാകരമായ സാഹചര്യങ്ങളിൽപോലുമുള്ള ഒരു കിടയററ ശാന്തതയാണ്. അതിനാൽ നമ്മുടെ ഹൃദയങ്ങൾ ശാന്തമായിരിക്കുന്നു—ആത്മീയമായും വൈകാരികമായും ശാരീരികമായും നമുക്ക് നല്ലതുതന്നെ. (സദൃശവാക്യങ്ങൾ 14:30) അത് മാനസികമായ സമനില പാലിക്കുന്നതിനും നമ്മെ സഹായിക്കുന്നു, എന്തുകൊണ്ടെന്നാൽ ദൈവം അനുവദിക്കുന്ന യാതൊന്നിനും നമുക്ക് നിലനിൽക്കുന്ന ദ്രോഹംചെയ്യാൻ കഴിയില്ലെന്ന് നമുക്കറിയാം. (മത്തായി 10:28) ക്രിസ്തുമുഖാന്തരം ദൈവവുമായുള്ള ഒരു അടുത്ത ബന്ധത്തിൽനിന്ന് സംജാതമാകുന്ന ഈ സമാധാനം നമുക്കുള്ളതാണ്, എന്തുകൊണ്ടെന്നാൽ നാം യഹോവക്കു സമർപ്പിക്കപ്പെട്ടിട്ടുള്ളവരാണ്, സന്തോഷവും സമാധാനവും പോലെയുള്ള ഫലങ്ങളുളവാക്കുന്ന അവന്റെ ആത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു.
19. നമ്മുടെ ഹൃദയങ്ങൾ എന്തിൽ പതിപ്പിക്കുന്നത് സന്തോഷമുള്ളവരായിരിക്കാൻ നമ്മെ സഹായിക്കും?
19 നമ്മുടെ ദൈവദത്ത സ്വാതന്ത്ര്യത്തിലും രാജ്യപ്രത്യാശയിലും നമ്മുടെ ഹൃദയങ്ങൾ പതിപ്പിക്കുന്നത് സന്തോഷമുള്ളവരായിരിക്കാൻ നമ്മെ സഹായിക്കും. ഉദാഹരണത്തിന്, മോശമായ ആരോഗ്യം സംബന്ധിച്ച് അധികമൊന്നും ചെയ്യാൻ കഴിയില്ല, എന്നാൽ അതിനെ നേരിടുന്നതിനുള്ള ജ്ഞാനത്തിനുവേണ്ടിയും ധൈര്യത്തിനു വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാൻ കഴിയും, നാം ഇപ്പോൾ ആസ്വദിക്കുന്ന ആത്മീയാരോഗ്യത്തെക്കുറിച്ചും രാജ്യഭരണത്തിൻകീഴിൽ സംഭവിക്കുന്ന ശാരീരിക സൗഖ്യങ്ങളെക്കുറിച്ചും ചിന്തിക്കുന്നതിനാൽ ആശ്വാസം കണ്ടെത്താവുന്നതുമാണ്. (സങ്കീർത്തനം 41:1-3; യെശയ്യാവ് 33:24) നാം ഇന്ന് ദാരിദ്ര്യം സഹിക്കേണ്ടതുണ്ടായിരിക്കാമെങ്കിലും ഇപ്പോൾ വളരെ അടുത്തിരിക്കുന്ന പറുദീസാഭൂമിയിൽ ജീവിതത്തിലെ അവശ്യവസ്തുക്കൾക്കു ദുർഭിക്ഷത ഉണ്ടായിരിക്കയില്ല. (സങ്കീർത്തനം 72:14, 16; യെശയ്യാവ് 65:21-23) അതെ, നമ്മുടെ സ്വർഗ്ഗീയ പിതാവ് ഇപ്പോൾ നമ്മെ പുലർത്തുകയും ആത്യന്തികമായി നമ്മുടെ സന്തോഷത്തെ പൂർണ്ണമാക്കുകയും ചെയ്യും.—സങ്കീർത്തനം 145:14-21.
നിങ്ങളുടെ ദൈവദത്ത സ്വാതന്ത്ര്യത്തെ വിലമതിക്കുക
20. സങ്കീർത്തനം 100:1-5 അനുസരിച്ച് നാം യഹോവയുടെ മുമ്പാകെ എങ്ങനെ ചെല്ലണം?
20 യഹോവയുടെ ജനമെന്ന നിലയിൽ തീർച്ചയായും നാം നമുക്ക് സന്തോഷവും വളരെയധികം അനുഗ്രഹങ്ങളും കൈവരുത്തിയിരിക്കുന്ന ദൈവദത്ത സ്വാതന്ത്ര്യത്തെ വിലമതിക്കണം. “ഒരു സന്തോഷകരമായ ഉദ്ഘോഷത്തോടെ”(NW) ദൈവസന്നിധിയിലേക്കു വരാൻ സങ്കീർത്തനം 100:1-5 നമ്മെ പ്രോൽസാഹിപ്പിക്കുന്നത് അതിശയമല്ല. ഒരു സ്നേഹമയിയായ ഇടയനെപ്പോലെ, യഹോവ നമ്മുടെ ഉടമയായിരിക്കുകയും നമുക്കുവേണ്ടി കരുതുകയും ചെയ്യുന്നു. അതെ, “നാം അവന്റെ ജനവും അവന്റെ മേച്ചിൽസ്ഥലത്തെ ആടുകളുമാകുന്നു”(NW). അവന്റെ സൃഷ്ടികർതൃത്വവും മഹത്തായ ഗുണങ്ങളും അവന്റെ വിശുദ്ധമന്ദിരത്തിന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും നന്ദിയോടുംകൂടെ പ്രവേശിക്കാൻ നമുക്ക് പ്രചോദനം നൽകുന്നു. നാം “അവന്റെ നാമത്തെ വാഴ്ത്താൻ,”(NW) യഹോവയാം ദൈവത്തെ പ്രകീർത്തിക്കാൻ, പ്രേരിതരായിത്തീരുന്നു. കൂടാതെ, നമുക്ക് എല്ലായ്പ്പോഴും അവന്റെ സ്നേഹദയയിൽ, അല്ലെങ്കിൽ നമ്മോടുള്ള അനുകമ്പാപൂർവമായ പരിഗണനയിൽ ആശ്രയിക്കാൻ കഴിയും. “തലമുറതലമുറയോളം”(NW) യഹോവ വിശ്വസ്തനാകുന്നു, തന്റെ ഇഷ്ടം ചെയ്യുന്നവരോട് സ്നേഹം പ്രകടമാക്കുന്നതിൽ വ്യതിചലിക്കാത്തവൻതന്നെ.
21. ഈ മാസികയുടെ ആദ്യലക്കത്തിൽ ഏതു പ്രോൽസാഹനം നൽകപ്പെട്ടു, ദൈവദത്തമായ സ്വാതന്ത്ര്യം സംബന്ധിച്ച് നാം എന്തു ചെയ്യണം?
21 അപൂർണ്ണ മനുഷ്യരെന്ന നിലയിൽ, നമുക്ക് എല്ലാ പീഡാനുഭവങ്ങളിൽനിന്നും ഇപ്പോൾ ഒഴിഞ്ഞുപോകാൻ സാദ്ധ്യമല്ല. എന്നിരുന്നാലും ദിവ്യസഹായത്താൽ നമുക്ക് യഹോവയുടെ ധൈര്യവും സന്തോഷവുമുള്ള സാക്ഷികളായിരിക്കാൻ കഴിയും. ഈ മാസികയുടെ ആദ്യലക്കത്തിൽ (1879 ജൂലൈ) കാണപ്പെട്ട ഈ വാക്കുകൾ ഈ കാര്യത്തിൽ ശ്രദ്ധാർഹമാണ്: “ഇടുക്കമുള്ള വഴിയിൽ ഓടുന്നതിന് ക്ഷീണിതമായ ചുവടുകളോടെ ശ്രമിക്കുന്ന എന്റെ ക്രിസ്തീയ സഹോദരനെ അല്ലെങ്കിൽ സഹോദരിയെ . . . ധൈര്യപ്പെടുത്തുക. പരുക്കൻ മാർഗ്ഗത്തെക്കുറിച്ച് ഉത്ക്കണ്ഠപ്പെടരുത്; അതെല്ലാം യജമാനന്റെ അനുഗൃഹീത പാദങ്ങളാൽ പവിത്രീകരിക്കപ്പെട്ടിരിക്കുകയും വിശുദ്ധീകരിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഓരോ മുള്ളിനെയും ഒരു പുഷ്പമായും കൂർത്ത ഓരോ പാറയെയും നിങ്ങളെ ലക്ഷ്യത്തിലേക്കു ബദ്ധപ്പെടുത്തുന്ന ഒരു നാഴികക്കല്ലായും പരിഗണിക്കുക. . . . നിങ്ങളുടെ ദൃഷ്ടി സമ്മാനത്തിൻമേൽ പതിപ്പിക്കുക.” ഇപ്പോൾ യഹോവയെ സേവിക്കുന്ന ദശലക്ഷങ്ങൾ സമ്മാനത്തിൻമേൽ ദൃഷ്ടി പതിപ്പിക്കുന്നു, ധൈര്യത്തിനും സന്തോഷത്തിനും അനേകം കാരണങ്ങളും അവർക്കുണ്ട്. അവരോടൊത്ത് ദൈവദത്ത സ്വാതന്ത്ര്യത്തിനുവേണ്ടി ഉറച്ചുനിൽക്കുക. അതിന്റെ ഉദ്ദേശ്യത്തെ നിഷ്ഫലമാക്കരുത്, യഹോവയുടെ സന്തോഷം എല്ലായ്പ്പോഴും നിങ്ങളുടെ ശക്തികേന്ദ്രമായിരിക്കട്ടെ.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
▫ “യഹോവയുടെ സന്തോഷ”ത്തിന് നമ്മുടെ ശക്തികേന്ദ്രമായിരിക്കാൻ കഴിയുന്നതെങ്ങനെ?
▫ മതപരമായി പറഞ്ഞാൽ ദൈവദത്തമായ സ്വാതന്ത്ര്യം യഹോവയുടെ ജനത്തിന് എന്തനുഗ്രഹങ്ങൾ കൈവരുത്തിയിരിക്കുന്നു?
▫ സ്നേഹത്തിൽ അന്യോന്യം അടിമവേല ചെയ്യേണ്ടതെന്തുകൊണ്ട്?
▫ ദൈവദത്ത സ്വാതന്ത്ര്യത്തോടു ബന്ധപ്പെട്ട ചില അനുഗ്രഹങ്ങളേവ?
▫ ദൈവജനത്തിന് സന്തോഷമുള്ളവരായി നിലകൊള്ളാൻ കഴിയുന്നതെങ്ങനെ?
[23-ാം പേജിലെ ചിത്രം]
“ഓരോ മുള്ളിനെയും ഒരു പുഷ്പമായും കൂർത്ത ഓരോ പാറയെയും നിങ്ങളെ ലക്ഷ്യത്തിലേക്ക് ബദ്ധപ്പെടുത്തുന്ന ഒരു നാഴികക്കല്ലായും പരിഗണിക്കുക”