ദൈവം അനീതിസംബന്ധിച്ച് എന്നെങ്കിലും എന്തെങ്കിലും ചെയ്യുമോ?
“അത് തികച്ചും നീതിയല്ല.” യുവ വിദ്യാർത്ഥിനി വ്യക്തിപരമായി നീതിയുടെ വ്യക്തമായ നിഷേധം അനുഭവിച്ചശേഷം ധർമ്മരോഷത്താൽ പ്രത്യക്ഷത്തിൽ ഞെട്ടിപ്പോയിരുന്നു. “ഒരു ദൈവം ഉണ്ടെങ്കിൽ,” അവൾ തുടർന്നു, “അവന് അത്തരം അനീതി എങ്ങനെ അനുവദിക്കാൻ കഴിയും?” നിങ്ങൾ ഈ യുവ വനിതയോട് സഹാനുബോധം കാട്ടുമായിരുന്നില്ലേ? അതിനു സാധ്യതയുണ്ട്. എന്നാൽ നിങ്ങൾക്ക് അവളുടെ എതിർപ്പിന് ഉത്തരം പറയാനും കഴിയുമായിരുന്നോ?
നിങ്ങൾ ഒരു കുട്ടിയായിരുന്നപ്പോൾ ചിലപ്പോഴൊക്കെ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളോടുള്ള അനീതിപൂർവകമായ പെരുമാററം അനുവദിച്ചിരുന്നതായി തോന്നിയിരിക്കാം. എന്നാൽ അനീതിയായി തോന്നിയ ആ കാര്യം അവർ സ്ഥിതിചെയ്യുന്നില്ല എന്ന് തെളിയിച്ചില്ല, ഉവ്വോ? അതുപോലെ, അനീതിയുടെ ദൈവാനുവാദം ഒരു വിധത്തിലും അവൻ സ്ഥിതിചെയ്യുന്നില്ലെന്ന് തെളിയിക്കുന്നില്ല.
എന്നിരുന്നാലും, ഇത് തികച്ചും വ്യത്യസ്തമായ ഒരു സംഗതിയാണ് എന്ന് യുവവിദ്യാർത്ഥിനി മറുപടി പറഞ്ഞു. ഒരു അപൂർണ്ണ മാനുഷ പിതാവുതന്നെ അൽപ്പം അനീതി കാട്ടിയേക്കാം എന്നുപോലും അവൾ ചൂണ്ടിക്കാട്ടി. അല്ലെങ്കിൽ എല്ലാ വസ്തുതകളും അറിഞ്ഞുകൂടാത്തതുകൊണ്ട് അയാൾ അനീതി കാണുമ്പോൾ അത് തിരിച്ചറിയുന്നില്ലായിരിക്കാം. അതുകൂടാതെ, അയാൾ കാണുകതന്നെ ചെയ്ത അനീതി സംബന്ധിച്ച് എന്തെങ്കിലും ചെയ്യാൻ അയാൾ മാനുഷപരിമിതികൾ മൂലം അശക്തനായിരുന്നിരിക്കാം. ഇവയൊന്നും സർവജ്ഞനും സർവശക്തനും ആയ ഒരു നീതിമാനായ ദൈവത്തിന് ബാധകമാകുന്നില്ല എന്ന് അവൾ വാദിച്ചു.
അനീതിയുടെ അനുവാദം ദിവ്യ ഗുണങ്ങളോട് കേവലം പൊരുത്തപ്പെടുന്നില്ല എന്ന് നിങ്ങളും വിചാരിച്ചേക്കാം. എന്നിരുന്നാലും, ദൈവത്തിന്റെ പരമമായ ജ്ഞാനത്തിൽ ഒരു കാലഘട്ടത്തേക്ക് അനീതി അനുവദിക്കുന്നതിന് അവന് ഒരു വിശ്വാസയോഗ്യമായ കാരണമുണ്ടായിരിക്കുമോ?
ബൈബിൾ എഴുത്തുകാർ ദൈവത്തെ “ന്യായത്തെയും നീതിയെയും സ്നേഹിക്കുന്നവൻ” എന്ന് പരിഗണിച്ചു. “അവന്റെ എല്ലാ വഴികളും നീതിയാകുന്നു. വിശ്വസ്തതയുടെ ഒരു ദൈവം, അവനിൽ അനീതിയില്ല” എന്ന് മോശ എഴുതി.—സങ്കീർത്തനം 33:5; ആവർത്തനം 32:4; ഇയ്യോബ് 37:23.
യഹോവയെ അനീതിയിൽ സന്തോഷിക്കാത്ത നീതിമാനായ ഒരു ദൈവം എന്നു വീക്ഷിച്ചതു കൂടാതെ, അവൻ ഒരു നാൾ അനീതിയെ നീക്കംചെയ്യുമെന്നുള്ളതിനോട് ബൈബിളെഴുത്തുകാർ യോജിക്കുകയുംചെയ്തു. ദൃഷ്ടാന്തത്തിന് യെശയ്യാവ് ഈ അവസ്ഥ മുൻകൂട്ടിപറഞ്ഞു: “നോക്കൂ! ഒരു രാജാവ് നീതിക്കുവേണ്ടിതന്നെ വാഴും; പ്രഭുക്കൻമാരെ സംബന്ധിച്ച്, അവർ നീതിക്കുവേണ്ടി തന്നെയുള്ള പ്രഭുക്കൻമാരായി ഭരിക്കും. മരുഭൂമിയിൽ നീതി വസിക്കും, ഫലവൃക്ഷത്തോപ്പിൽ ന്യായംതന്നെ പാർക്കും.” (യെശയ്യാവ് 32:1, 16) എന്നാൽ എപ്പോൾ? ദൈവം അനീതിയുടെ ലോകത്തെ നീക്കംചെയ്യുന്നതിന് ആഗ്രഹിക്കുന്നെങ്കിൽ അവൻ ആരംഭത്തിൽ അതിനെ അനുവദിച്ചതെന്തുകൊണ്ട്?
അനീതി—അനുവദിച്ചതെന്തുകൊണ്ട്?
അഖിലാണ്ഡത്തിൽ അനീതി സ്ഥിതിചെയ്യാഞ്ഞ ഒരു കാലമുണ്ടായിരുന്നു. പിശാചായ സാത്താന്റെ സമ്മർദ്ദത്തിൻകീഴിൽ ആദാമിന്റെയും ഹവ്വായുടെയും മത്സരം മുതൽ മാത്രമേ മനുഷ്യവർഗ്ഗത്തിന് അനീതി അറിയപ്പെട്ടുള്ളു. സാത്താൻ മത്സരത്തിന്റെ സമയത്ത് ഉടൻ നശിപ്പിക്കപ്പെട്ടില്ല. ദൈവത്തിന്റെതന്നെ സദുദ്ദേശ്യത്തിൽ മനുഷ്യൻ അനീതിചെയ്യുന്ന ഒരു കാലഘട്ടം അവൻ അനുവദിച്ചു, ഇത് തന്നോട് ഭക്തിയുള്ളവർ തന്നോടു വിശ്വസ്തരെന്നു തെളിയുമോയെന്ന് പരീക്ഷിക്കാനുള്ള ഉദ്ദേശ്യത്തിലായിരുന്നു. നിർമ്മലത പാലിക്കുന്നവർ ആയിരിക്കാനുള്ള അവരുടെ തീരുമാനം, സകല മനുഷ്യവർഗ്ഗത്തെയും ദൈവത്തിനെതിരെ തിരിക്കാനുള്ള സാത്താന്റെ കഴിവിന്റെ നിഷേധിക്കലായിരിക്കും. അപ്രകാരം ദൈവത്തിന്റെ പരമാധീശത്വം സംസ്ഥാപിക്കപ്പെടുമ്പോൾ സാത്താന്റെ പ്രവൃത്തികൾ നശിപ്പിക്കപ്പെടും, സകല അനീതിയും നീക്കംചെയ്യപ്പെടുകയും ചെയ്യും.
ഇതിനിടയിൽ, ആളുകൾ അനീതിപൂർവം പെരുമാറുന്നതിനെ ദൈവം ബലംപ്രയോഗിച്ച് തടയുകയാണെങ്കിൽ അവൻ അവരുടെ തിരഞ്ഞെടുപ്പിൻസ്വാതന്ത്ര്യത്തെ കവർന്നുകളയുകയായിരിക്കും. കൂടാതെ, ആളുകൾ മററുള്ളവരുടെ തെററായ പ്രവർത്തനങ്ങളുടെ അന്യായമായ ഫലങ്ങൾ അനുഭവിച്ചറിയാൻ അനുവദിക്കുന്നതിനാൽ, ആദാമും ഹവ്വായും അനീതിപൂർവം ദിവ്യ നിബന്ധനകൾക്കെതിരെ മത്സരിച്ചുകൊണ്ട് അവയുടെ സ്ഥാനത്ത് തങ്ങളുടെ സ്വന്തം തെററായ നിലവാരങ്ങൾ വെച്ചപ്പോൾ അത് എത്രമാത്രം ഹാനികരമായിരുന്നു എന്ന് ദൈവം വിശദമാക്കുന്നു. മനുഷ്യവർഗ്ഗം വിതച്ചതു കൊയ്യാൻ അനുവദിച്ചുകൊണ്ട് ദൈവം സത്യസന്ധരായ ആളുകളെ അവന്റെ വഴിയിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ മാഹാത്മ്യം തിരിച്ചറിയാൻ സഹായിക്കുന്നു.—യിരെമ്യാവ് 10:23; ഗലാത്യർ 6:7.
അതുകൂടാതെ, വ്യക്തികൾ ചെയ്യുന്ന നീതിപ്രവൃത്തികൾ അല്ലെങ്കിൽ അനീതിപ്രവൃത്തികൾ സ്പഷ്ടമായ തെളിവുകൾ പ്രദാനം ചെയ്യുന്നു. ഈ പ്രവൃത്തികൾ പൂർണ്ണനീതി പുനഃസ്ഥിതീകരിച്ചുകഴിയുമ്പോൾ ഭൂമിയിൽ ഒരു പുതിയലോകത്തിൽ ജീവിക്കാൻ അർഹതയുള്ളതാർക്കാണെന്ന് വിധിക്കുന്നതിന് ദൈവത്തിന് ഒരു കൃത്യമായ അടിസ്ഥാനം പ്രദാനം ചെയ്യുന്നു. അത് സൂചിപ്പിക്കുന്നതായി നാം ഇങ്ങനെ വായിക്കുന്നു: “ദുഷ്ടനായ ഒരുവനെ സംബന്ധിച്ച്, അവൻ ചെയ്തിട്ടുള്ള എല്ലാ പാപങ്ങളിൽനിന്നും അവൻ പിന്തിരിയുകയും അവൻ യഥാർത്ഥത്തിൽ എന്റെ എല്ലാ നിയമങ്ങളും അനുസരിക്കുകയും നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്യുകയാണെങ്കിൽ അവൻ നിശ്ചയമായും ജീവിച്ചിരിക്കും.”—യെഹെസ്ക്കേൽ 18:21.
അനീതി എന്ന് അവസാനിക്കും?
മനുഷ്യവർഗ്ഗത്തോടുള്ള യഹോവയാം ദൈവത്തിന്റെ ഇടപെടലുകൾ എല്ലായ്പ്പോഴും നീതിയുള്ളതും സ്നേഹദയയോടുകൂടിയതുമായിരുന്നിട്ടുണ്ട്. അത് വിശദമാക്കിക്കൊണ്ട്, ദൈവത്തിന്റെ വിശ്വസ്തദാസനായ അബ്രഹാമിന് ചിലത് സംഭവിക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ കഴിയാതിരുന്നപ്പോൾ അവൻ ദൈവത്തെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞു: “നിന്നെസംബന്ധിച്ച്, ദുഷ്ടനു സംഭവിക്കുന്നതുപോലെ നീതിമാനു സംഭവിക്കത്തക്കവണ്ണം നീ ദുഷ്ടൻമാരോടുകൂടെ നീതിമാനെ വധിക്കുമെന്നുള്ളത് അചിന്ത്യമാണ്! അത് നിന്നെസംബന്ധിച്ച് അചിന്ത്യമാണ്. സർവഭൂമിയുടെയും ന്യായാധിപൻ നീതിചെയ്യാതിരിക്കാൻ പോകുകയാണോ?” (ഉൽപ്പത്തി 18:25) ക്രിസ്തുവിന്റെ വരവോടുകൂടെ ദൈവത്തിന്റെ ഗുണങ്ങളായ നീതിയും സ്നേഹദയയും മഹിമപ്പെടുത്തപ്പെട്ടു. ക്രിസ്തുയേശു മുഖാന്തരമുള്ള മറുവിലയാഗത്തിന്റെ ക്രമീകരണം എല്ലാവർക്കും, യഹൂദനും അയഹൂദനും ഒരുപോലെ നിത്യജീവൻ പ്രാപിക്കുന്നതിനുള്ള വഴി തുറന്നു. ഇത് അപ്പോസ്തലനായ പത്രോസ് ഇപ്രകാരം പറയുന്നതിലേക്ക് നയിച്ചു: “ദൈവം മുഖപക്ഷമുള്ളവനല്ല, എന്നാൽ സകല ജനതകളിലും അവനെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്ന മനുഷ്യൻ അവന് സ്വീകാര്യനാണ് എന്ന് ഞാൻ നിശ്ചയമായും ഗ്രഹിക്കുന്നു.”—പ്രവൃത്തികൾ 10:34, 35.
ദൈവത്തിന്റെ മശിഹൈക രാജാവ് തന്റെ ഭരണം തുടങ്ങിയെന്നും നമ്മുടെ ഭൂമിയിൽ നീതി പൂർണ്ണമായ അളവിൽ പുനഃസ്ഥാപിക്കുന്നതിനുള്ള സമയം അടുത്തിരിക്കുന്നുവെന്നും പ്രഖ്യാപിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ പ്രവർത്തനനിരതരാണ്.a ആ രാജാവ് ഇപ്പോഴത്തെ അനീതിയുള്ള ലോകത്തെ നശിപ്പിക്കുകയും അതിന്റെ അദൃശ്യ ദൈവമായ പിശാചായ സാത്താന്റെ ശക്തിയെ തകർക്കുകയും ചെയ്യുമ്പോൾ ഇത് നിറവേറും. ഇത് സാധാരണമായി അർമ്മഗെദ്ദോൻ എന്നു വിളിക്കപ്പെടുന്ന “സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തിൽ പെട്ടെന്ന് സംഭവിക്കുമെന്ന് ബൈബിൾ കാണിക്കുന്നു.—വെളിപ്പാട് 16:14, 16.
“ദൈവം തന്റെ ക്രോധം ചൊരിയുമ്പോൾ അവൻ അനീതിയുള്ളവനല്ല,” അതുകൊണ്ട് അർമ്മഗെദ്ദോൻ ഒരു നീതിയുള്ള യുദ്ധമായിരിക്കും. (റോമർ 3:5) അതിനുശേഷം, ക്രിസ്തുയേശുവും അപ്പോസ്തലൻമാരെപ്പോലെയുള്ള അവന്റെ സഹഭരണാധിപൻമാരും ഒരു ആയിരം വർഷത്തേക്ക് സ്വർഗ്ഗത്തിൽനിന്ന് ഭരിക്കും. (വെളിപ്പാട് 20:4) കഴിഞ്ഞ കാലങ്ങളിൽ അനീതി സഹിച്ചിരുന്ന ദശലക്ഷക്കണക്കിനാളുകൾ തങ്ങളുടെ ജീവിതത്തിൽ ആദ്യമായി പൂർണ്ണനീതി ആസ്വദിക്കുന്നതിന് മനുഷ്യവർഗ്ഗത്തിന്റെ ആദ്യഭവനമായ ഭൂമിയിലെ നീതിവസിക്കുന്ന വ്യവസ്ഥിതിയിലേക്ക് ഉയിർപ്പിക്കപ്പെടും.
“അതിനാൽ ദൈവം അനീതിയുള്ളവനെന്ന് വരുന്നോ?”
അപ്പോസ്തലനായ പൗലോസ് ദൈവത്തിന്റെ ഇടപെടലുകളിൽ ഒന്നിനെക്കുറിച്ച് അങ്ങനെ ചോദിച്ചു. ഉത്തരമെന്താണ്? “തീർച്ചയായും ഇല്ല,” പൗലോസ് എഴുതി. ക്രോധത്തിനൊ കരുണക്കൊ അർഹമായ പാത്രങ്ങളായി കുശവൻ രൂപപ്പെടുത്തുന്ന കളിമണ്ണിനോട് മനുഷ്യരെ ഉപമിച്ചുകൊണ്ട് പൗലോസ് വിശദീകരിച്ചു: “ദൈവം തന്റെ കോപം കാണിക്കുന്നതിനും ശക്തി പ്രകടിപ്പിക്കുന്നതിനും തയ്യാറാണെങ്കിലും, അവൻ തന്നെ കോപിപ്പിക്കുന്ന ആളുകളെ ക്ഷമാപൂർവം പൊറുക്കുന്നു, അവർ നശിപ്പിക്കപ്പെടാൻ എത്രയധികം അർഹരാണെങ്കിലും. അവൻ കരുണകാണിക്കാൻ ആഗ്രഹിക്കുന്ന, തന്റെ മഹിമാധനം പ്രകടമാക്കാനാഗ്രഹിക്കുന്ന, മററുള്ളവർക്കുവേണ്ടി അവൻ അവരെ പൊറുക്കുന്നു.”—റോമർ 9:14, 20-24, ദി ജറൂസലം ബൈബിൾ.
നേരത്തെ പരാമർശിച്ച യുവവിദ്യാർത്ഥിനിയെപ്പോലെ നിങ്ങൾക്കും ദൈവം പൊതുവായ അനീതി അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക തിൻമ അനുവദിക്കുന്നതെന്തുകൊണ്ടെന്ന് ഗ്രഹിക്കാൻ ചിലപ്പോൾ പ്രയാസം തോന്നിയേക്കാം. എന്നാൽ അവൻ അങ്ങനെ ചെയ്യുന്നതിലുള്ള അവന്റെ ക്ഷമയെയും അവന്റെ ജ്ഞാനത്തെയും ചോദ്യം ചെയ്യാൻ നാം—അവൻ വാർത്തെടുത്തവർ—ആരാണ്? യഹോവയാം ദൈവം ഇയ്യോബിനോട് ഇപ്രകാരം പറഞ്ഞു: “നീ യഥാർത്ഥത്തിൽ എന്റെ നീതിയെ വിലയില്ലാത്തതാക്കുമോ? നീ നീതിമാനാകേണ്ടതിന് നീ എന്നെ ദുഷ്ടനെന്ന് പ്രഖ്യാപിക്കുമോ?”—ഇയ്യോബ് 40:8.
നാം ഒരിക്കലും അങ്ങനെ ചെയ്യുന്നതുസംബന്ധിച്ചു കുററക്കാരാകാൻ ആഗ്രഹിക്കയില്ല. പകരം, അനീതി ഇപ്പോഴും നമ്മോടുകൂടെയുണ്ടെങ്കിലും നീതിയുടെ ദൈവം പെട്ടെന്ന് മുഴുഭൂമിയിൽനിന്നും അത് നീക്കംചെയ്യുമെന്ന് അറിയുന്നതിൽ നാം സന്തോഷിക്കാനാഗ്രഹിക്കും. (w89 10⁄15)
[അടിക്കുറിപ്പ്]
a ദൈവത്തിന്റെ രാജ്യം ഭൂമിമേലുള്ള അതിന്റെ അദൃശ്യമായ ഭരണം 1914-ൽ തുടങ്ങിയെന്നതിനുള്ള തെളിവിനുവേണ്ടി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി ഓഫ് ന്യൂയോർക്ക്, ഇൻകോ. പ്രസിദ്ധീകരിച്ചിട്ടുള്ള നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ 134-41 പേജുകൾ കാണുക. ഈ പുസ്തകത്തിൽ “ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്?” എന്ന ഒരു അദ്ധ്യായവും അടങ്ങിയിരിക്കുന്നു.
[31-ാം പേജിലെ ചിത്രം]
ദൈവം സ്ഥിതിചെയ്യുന്നില്ലെന്ന് തെളിയിക്കാൻ അനീതിയുടെ അനുവാദത്തെ ഒരു വിധത്തിലും ഉപയോഗിക്കാൻ കഴിയുകയില്ല
കുടിയനായ ഒരു ഡ്രൈവർ സാമാന്യബുദ്ധി, ആത്മനിയന്ത്രണം, പരിഗണന എന്നീ ഗുണങ്ങൾ ഉപയോഗിക്കുന്നതിനു വിസമ്മതിക്കുന്നതിന് ദൈവമാണോ കുററക്കാരൻ?
നമ്മുടെ ഭൂമിയിൽ പൂർണ്ണമായ നീതി പുനഃസ്ഥാപിക്കപ്പെടുന്നതിനുള്ള സമയം അടുത്തിരിക്കുന്നു