നന്മ ചെയ്കയിൽ മടുത്തുപോകരുത്
‘ജാതികളുടെ . . . ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം’ എന്ന് പത്രൊസ് അപ്പൊസ്തലൻ ഉദ്ബോധിപ്പിച്ചു. (1 പത്രൊസ് 2:11, 12) ‘നല്ലത്’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം, “സുന്ദരമായ, കുലീനമായ, ആദരണീയമായ, ഉത്കൃഷ്ടമായ” ഒന്നിനെ സൂചിപ്പിക്കുന്നു. ഇക്കാലത്ത് പൊതുവേ ആളുകളിൽനിന്നു കുലീനമായ അല്ലെങ്കിൽ ആദരണീയമായ പെരുമാറ്റം പ്രതീക്ഷിക്കുന്നത് തീർത്തും യാഥാർഥ്യബോധമില്ലാത്ത ഒന്നായി തോന്നിയേക്കാം. എന്നിരുന്നാലും, ഇന്ന് യഹോവയുടെ സാക്ഷികൾ പൊതുവേ, പത്രൊസിന്റെ ആ ഉദ്ബോധനം അനുസരിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. വാസ്തവത്തിൽ നല്ല നടത്തയ്ക്ക് ലോകമെമ്പാടും പേരുകേട്ടവരാണ് അവർ.
ഈ “ദുർഘടസമയ”ങ്ങളിൽ നാം അനുഭവിക്കുന്ന സമ്മർദങ്ങളും പിരിമുറുക്കങ്ങളും കണക്കിലെടുക്കുമ്പോൾ ഇതു വിശേഷാൽ ശ്രദ്ധേയമാണ്. (2 തിമൊഥെയൊസ് 3:1) പരിശോധനകൾ നമ്മുടെ അനുദിന ജീവിതത്തിന്റെ ഭാഗമാണ്, ക്രിസ്തീയ ജീവിതരീതിയോടുള്ള എതിർപ്പ് സർവസാധാരണവും. ചില പരിശോധനകൾ കുറച്ചുനാളത്തേക്കുമാത്രമേ കാണൂ. എന്നാൽ മറ്റു ചിലവ നമ്മെ വിടാതെ പിന്തുടരുകയും കൂടുതൽ തീവ്രമാകുകയുംപോലും ചെയ്യുന്നു. എങ്കിലും അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.” (ഗലാത്യർ 6:9) എന്നാൽ ഹൃദയഭേദകമായ പരിശോധനകൾക്കും നിരന്തരമായ ശത്രുതയ്ക്കും മധ്യേ നന്മചെയ്യാനും അതിൽ തുടരാനും നമുക്ക് എങ്ങനെയാണു കഴിയുക?
നന്മ ചെയ്യുന്നതിൽ സഹായം
“കുലീനമായ, ആദരണീയമായ, ഉത്കൃഷ്ടമായ” എന്നൊക്കെ പറയുന്നത് വ്യക്തമായും ആന്തരിക വ്യക്തിയുടെ സവിശേഷതകളാണ്. അതേ, ഹൃദയത്തിന്റെ ഗുണങ്ങളാണിവ. അതുകൊണ്ട്, പരിശോധനകളും കഷ്ടതകളും തലയുയർത്തുമ്പോൾ നടപ്പു നന്നായി സൂക്ഷിക്കുക എന്നത് പെട്ടെന്നുള്ള ആത്മപ്രചോദനത്താൽ ഉളവാകുന്ന ഒരു പ്രതികരണമല്ല. മറിച്ച്, ജീവിതത്തിന്റെ സമസ്തതലങ്ങളിലും അനുദിനം ബൈബിൾ തത്ത്വങ്ങൾ പിന്തുടരുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നതിന്റെ ഫലമാണത്. ഇക്കാര്യത്തിൽ നമ്മെ സഹായിക്കാൻ കഴിയുന്ന ചില സംഗതികളേവ? പിൻവരുന്നതു പരിചിന്തിക്കുക.
ക്രിസ്തുവിന്റെ മാനസികഭാവം നട്ടുവളർത്തുക. അന്യായമെന്നു തോന്നിയേക്കാവുന്ന എന്തെങ്കിലും സഹിക്കണമെങ്കിൽ താഴ്മ ആവശ്യമാണ്. തന്നെക്കുറിച്ച് വേണ്ടതിലധികം ഭാവിക്കുന്ന ഒരാൾ മോശമായ പെരുമാറ്റം സഹിക്കാനുള്ള സാധ്യതയില്ല. യേശുവിന്റെ കാര്യത്തിൽ അവൻ “തന്നെത്താൻ താഴ്ത്തി മരണത്തോളം . . . അനുസരണമുള്ളവനായിത്തീർന്നു.” (ഫിലിപ്പിയർ 2:5, 8) അവനെ അനുകരിക്കുമ്പോൾ നമ്മുടെ വിശുദ്ധ സേവനത്തിൽ നാം ‘ക്ഷീണിച്ചു മടുക്കുകയില്ല.’ (എബ്രായർ 12:2, 3) നിങ്ങളുടെ പ്രാദേശിക സഭയിൽ നേതൃത്വമെടുക്കുന്നവരോട് മനസ്സോടെ സഹകരിച്ചുകൊണ്ട് താഴ്മയോടുകൂടിയ അനുസരണം ശീലിക്കുക. (എബ്രായർ 13:17) മറ്റുള്ളവരുടെ താത്പര്യങ്ങളെ നിങ്ങളുടേതിനു മുമ്പിൽ വെച്ചുകൊണ്ട് അവരെ നിങ്ങളെക്കാൾ ‘ശ്രേഷ്ഠരായി’ വീക്ഷിക്കാൻ പഠിക്കുക.—ഫിലിപ്പിയർ 2:3, 4.
യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് ഓർക്കുക. യഹോവയാം “ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും” നമുക്ക് ഉറച്ച ബോധ്യം ഉണ്ടായിരിക്കണം. (എബ്രായർ 11:6) അവൻ നമുക്കുവേണ്ടി യഥാർഥമായി കരുതുകയും നമുക്കു നിത്യജീവൻ കിട്ടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. (1 തിമൊഥെയൊസ് 2:4; 1 പത്രൊസ് 5:7) ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ ഇല്ലാതാക്കാൻ യാതൊന്നിനും കഴിയില്ല എന്നോർക്കുന്നത് പരിശോധനയിൻ കീഴിലായിരിക്കുമ്പോൾ നന്മചെയ്യുന്നതിൽ മടുത്തുപോകാതിരിക്കാൻ നമ്മെ സഹായിക്കും.—റോമർ 8:38, 39.
യഹോവയിൽ പൂർണ ആശ്രയം വെക്കുക. യഹോവയിൽ ആശ്രയം വെക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, പരിശോധനകൾ അവസാനിക്കാത്തതായി, അല്ലെങ്കിൽ ജീവനു ഭീഷണി ഉയർത്തുന്നതായി തോന്നുമ്പോൾ. നമുക്കു സഹിക്കാൻ “കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ” യഹോവ അനുവദിക്കുകയില്ലെന്നും എല്ലായ്പോഴും പരിശോധനയോടൊപ്പം “പോക്കുവഴിയും ഉണ്ടാക്കും” എന്നുമുള്ള കാര്യത്തിൽ നമുക്ക് അവനിൽ പൂർണ വിശ്വാസം ഉണ്ടായിരിക്കണം. (1 കൊരിന്ത്യർ 10:13) നമ്മുടെ ആശ്രയം യഹോവയിലാകുമ്പോൾ മരണ ഭീഷണിയെപ്പോലും നമുക്കു സുധീരം നേരിടാൻ കഴിയും.—2 കൊരിന്ത്യർ 1:8, 9.
പ്രാർഥനയിൽ ഉറ്റിരിക്കുക. ഹൃദയംഗമമായ പ്രാർഥന അതിപ്രധാനമാണ്. (റോമർ 12:13) യഹോവയോട് അടുത്തുചെല്ലുന്നതിനുള്ള ഒരു മാർഗമാണ് ആത്മാർഥമായ പ്രാർഥന. (യാക്കോബ് 4:8) “നാം എന്താവശ്യപ്പെട്ടാലും അവൻ അതു കേൾക്കും” എന്ന് വ്യക്തിപരമായ അനുഭവത്തിൽനിന്നു നാം തിരിച്ചറിയുന്നു. (1 യോഹന്നാൻ 5:14, ഓശാന ബൈബിൾ) നിർമലതയ്ക്കുള്ള പരിശോധന എന്ന നിലയിൽ നമ്മുടെമേൽ പീഡനം തുടരാൻ യഹോവ അനുവദിക്കുന്നെങ്കിൽ അവ സഹിച്ചുനിൽക്കാൻ നാം സഹായത്തിനായി അവനോടു പ്രാർഥിക്കുന്നു. (ലൂക്കൊസ് 22:41-43) നാം ഒരിക്കലും ഒറ്റയ്ക്കല്ലെന്നും, യഹോവ നമ്മുടെ പക്ഷത്തുള്ളതിനാൽ നാം എല്ലായ്പോഴും വിജയശ്രീലാളിതരായിത്തീരും എന്നും പ്രാർഥന നമ്മെ പഠിപ്പിക്കുന്നു.—റോമർ 8:31, 37.
സത്പ്രവൃത്തികൾ—‘പുകഴ്ചെക്കും മാനത്തിനും’ ഹേതു
കാലാകാലങ്ങളിൽ, ക്രിസ്ത്യാനികൾക്കെല്ലാം “നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ട” സാഹചര്യം വരുന്നു. എന്നാലും, “നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു.” സമ്മർദങ്ങളിൻ കീഴിലായിരിക്കുമ്പോൾ നിങ്ങളുടെ വിശ്വസ്തത ആത്യന്തികമായി ‘പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നും’ ഇടവരുത്തും എന്ന അറിവിൽനിന്നു കരുത്ത് ഉൾക്കൊള്ളുക. (1 പത്രൊസ് 1:6, 7) നിങ്ങളെ ബലപ്പെടുത്താൻ യഹോവയിൽനിന്നു ലഭിക്കുന്ന എല്ലാ ആത്മീയ കരുതലുകളിൽനിന്നും പൂർണ പ്രയോജനം നേടുക. നിങ്ങൾക്കു വ്യക്തിപരമായ ശ്രദ്ധ ആവശ്യമായി വരുമ്പോൾ ക്രിസ്തീയ സഭയിൽ ഇടയന്മാരും അധ്യാപകരും ഉപദേഷ്ടാക്കളുമായി സേവിക്കുന്നവരെ സമീപിക്കുക. (പ്രവൃത്തികൾ 20:28) “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പി”ക്കുന്ന എല്ലാ സഭായോഗങ്ങളിലും ക്രമമായി സംബന്ധിക്കുക. (എബ്രായർ 10:25) ദൈവവചനത്തിന്റെ നിത്യേനയുള്ള വായന, വ്യക്തിപരമായ പഠനം, ക്രിസ്തീയ ശുശ്രൂഷയിലെ പതിവായ പങ്കുപറ്റൽ എന്നിവ നിങ്ങളെ ഉണർവുള്ളവരും ആത്മീയമായി ബലിഷ്ഠരും ആക്കിത്തീർക്കും.—സങ്കീർത്തനം 1:1-3; മത്തായി 24:14.
നിങ്ങൾ യഹോവയുടെ സ്നേഹവും കരുതലും എത്രയധികം അനുഭവിച്ചറിയുന്നുവോ അത്രയധികം, “സൽപ്രവൃത്തികളിൽ ശുഷ്കാന്തി” ഉള്ളവരായിരിക്കാനുള്ള നിങ്ങളുടെ ആഗ്രഹവും വർധിക്കും. (തീത്തൊസ് 2:14) ‘അവസാനത്തോളം സഹിച്ചുനില്ക്കുന്നവനാണ് രക്ഷിക്കപ്പെടുന്നത്’ എന്ന് ഓർമിക്കുക. (മത്തായി 24:13) അതേ, ‘നന്മ ചെയ്കയിൽ മടുത്തുപോകാതിരിക്കാൻ’ ദൃഢനിശ്ചയം ഉള്ളവരായിരിക്കുക!
[29-ാം പേജിലെ ആകർഷകവാക്യം]
നമുക്കു സഹിക്കാൻ “കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ” യഹോവ അനുവദിക്കുകയില്ലെന്നും എല്ലായ്പോഴും പരിശോധനയോടൊപ്പം “പോക്കുവഴിയും ഉണ്ടാക്കും” എന്നുമുള്ള കാര്യത്തിൽ നമുക്ക് പൂർണ വിശ്വാസം ഉണ്ടായിരിക്കണം
[30-ാം പേജിലെ ചിത്രങ്ങൾ]
ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ തിരക്കുള്ളവരായിരിക്കുന്നത് പരിശോധനകൾ നേരിടുന്നതിനു നമ്മെ സജ്ജരാക്കും