എന്താണു സ്നാനം?
ബൈബിളിന്റെ ഉത്തരം
ഒരു വ്യക്തി പൂർണമായി വെള്ളത്തിൽ മുങ്ങുന്നതിനെയാണ് സ്നാനം എന്നു പറയുന്നത്.a സ്നാനപ്പെടുന്നതിനെക്കുറിച്ചുള്ള പല വിവരണങ്ങളും ബൈബിളിലുണ്ട്. (പ്രവൃത്തികൾ 2:41) അതിലൊന്നാണ് യോർദാൻ നദിയിലെ യേശുവിന്റെ സ്നാനം. (മത്തായി 3:13, 16) പിന്നീട് ഒരിക്കൽ എത്യോപ്യക്കാരൻ താൻ പോകുന്ന വഴിക്ക് ‘ജലാശയത്തിൽ’ സ്നാനമേറ്റതായി ബൈബിളിൽ പറയുന്നു.—പ്രവൃത്തികൾ 8:36-40.
തന്റെ അനുഗാമികൾ ഉറപ്പായും ചെയ്യേണ്ട ഒരു കാര്യമാണ് സ്നാനമെന്നു യേശു പഠിപ്പിച്ചു. (മത്തായി 28:19, 20) അപ്പോസ്തലനായ പത്രോസും അങ്ങനെതന്നെ പറഞ്ഞു.—1 പത്രോസ് 3:21.
ഈ ലേഖനത്തിൽ
സ്നാനത്തിന്റെ അർഥം എന്താണ്?
ഒരു വ്യക്തി താൻ ചെയ്ത തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കുകയും ഇനിമുതൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യാമെന്നു വാക്കു കൊടുക്കുകയും ചെയ്തിരിക്കുന്നു എന്നതു പരസ്യമായി കാണിക്കുന്നതാണു സ്നാനം. അതിൽ ദൈവത്തെയും യേശുവിനെയും അനുസരിച്ച് ജീവിക്കുന്നതും ഉൾപ്പെടുന്നു. അതുപോലെ സ്നാനമേൽക്കുന്ന ഒരു വ്യക്തി നിത്യജീവന്റെ പാതയിലൂടെ നടന്നുതുടങ്ങും.
വെള്ളത്തിൽ മുങ്ങുമ്പോൾ ഒരു വ്യക്തി താൻ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി എന്നു വ്യക്തമായി തെളിയിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ശരീരം അടക്കുന്നതിനോടാണു ബൈബിൾ സ്നാനത്തെ ഉപമിക്കുന്നത്. (റോമർ 6:4; കൊലോസ്യർ 2:12) വെള്ളത്തിൽ മുങ്ങുമ്പോൾ ഒരു വ്യക്തി തന്റെ മുൻകാലജീവിതരീതി സംബന്ധിച്ച് മരിച്ചതിനെ ചിത്രീകരിക്കുന്നു. വെള്ളത്തിൽനിന്ന് പൊങ്ങുമ്പോൾ ഒരു സമർപ്പിതക്രിസ്ത്യാനിയായി താൻ ഒരു പുതിയ ജീവിതം ആരംഭിച്ചിരിക്കുന്നു എന്നു തെളിയിക്കുന്നു.
ശിശുസ്നാനം അല്ലെങ്കിൽ മാമ്മോദീസയെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
“ജ്ഞാനസ്നാനം” അല്ലെങ്കിൽ “മാമ്മോദീസ”b എന്ന പദപ്രയോഗം ബൈബിളിലില്ല, ശിശുക്കൾ സ്നാനപ്പെടണമെന്നു ബൈബിൾ പഠിപ്പിക്കുന്നുമില്ല.
ശിശുസ്നാനം തിരുവെഴുത്തുകൾക്കു ചേർച്ചയിൽ ഉള്ളതല്ല. സ്നാനമേൽക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ചില കാര്യങ്ങൾ ചെയ്യണമെന്നു ബൈബിൾ പറയുന്നുണ്ട്. ഉദാഹരണത്തിന്, ദൈവവചനത്തിലെ അടിസ്ഥാനപഠിപ്പിക്കലുകളെങ്കിലും ആ വ്യക്തി മനസ്സിലാക്കണം, അതിനനുസരിച്ച് ജീവിക്കണം. അതുപോലെ തന്റെ തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കുകയും പ്രാർഥനയിലൂടെ തന്റെ ജീവിതം ദൈവത്തിന് സമർപ്പിക്കുകയും വേണം. (പ്രവൃത്തികൾ 2:38, 41; 8:12) എന്നാൽ ശിശുക്കൾക്ക് ഇതൊന്നും ചെയ്യാൻ സാധ്യമല്ല.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനപ്പെടുക എന്നതിന്റെ അർഥം എന്താണ്?
യേശു തന്റെ അനുഗാമികളോട് “ആളുകളെ ശിഷ്യരാക്കുകയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനപ്പെടുത്തുകയും ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം” എന്നു കല്പിച്ചു. (മത്തായി 28:19, 20) “നാമത്തിൽ” എന്നതുകൊണ്ട് അർഥമാക്കുന്നത്, സ്നാനപ്പെടുന്ന ഒരു വ്യക്തി പിതാവിന്റെയും പുത്രന്റെയും അധികാരവും സ്ഥാനവും തിരിച്ചറിയണം, അതുപോലെ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രാധാന്യം മനസ്സിലാക്കുകയും വേണം എന്നാണ്. അതിന് ഒരു ഉദാഹരണമാണ്, ജന്മനാ മുടന്തനായ ഒരു വ്യക്തിയോട് അപ്പോസ്തലനായ പത്രോസ് ഇങ്ങനെ പറഞ്ഞത്: “നസറെത്തുകാരനായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ പറയുന്നു, എഴുന്നേറ്റ് നടക്കുക!” (പ്രവൃത്തികൾ 3:6) ഇങ്ങനെ പറഞ്ഞതിലൂടെ പത്രോസ് ക്രിസ്തുവിന്റെ അധികാരം തിരിച്ചറിയുകയും അതു അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. താൻ ചെയ്ത അത്ഭുതം ക്രിസ്തുവിന്റെ ശക്തിയാലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘പിതാവ്’ ദൈവമായ യഹോവയാണ്.c സ്രഷ്ടാവ്, ജീവദാതാവ്, സർവശക്തൻ എന്ന നിലയിൽ യഹോവയ്ക്കാണ് എല്ലാത്തിന്റെയും അധികാരം.—ഉൽപത്തി 17:1; വെളിപാട് 4:11.
നമുക്കുവേണ്ടി ജീവൻ നൽകിയ ‘യേശുക്രിസ്തുവാണ്’ പുത്രൻ. (റോമർ 6:23) മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തിൽ യേശുവിനുള്ള പങ്ക് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തില്ലെങ്കിൽ നമുക്ക് രക്ഷ ലഭിക്കില്ല.—യോഹന്നാൻ 14:6; 20:31; പ്രവൃത്തികൾ 4:8-12.
ദൈവത്തിന്റെ ചലനാത്മകമായ ശക്തി അല്ലെങ്കിൽ പ്രവർത്തനനിരതമായ ശക്തിയാണ് ‘പരിശുദ്ധാത്മാവ്.’d സൃഷ്ടിക്രിയകൾ നടത്താനും ജീവൻ നൽകാനും പ്രവാചകന്മാർക്കും മറ്റുള്ളവർക്കും സന്ദേശങ്ങൾ കൈമാറാനും തന്റെ ഇഷ്ടം നിറവേറ്റാൻ അവരെ ശക്തിപ്പെടുത്താനും ദൈവം പരിശുദ്ധാത്മാവിനെയാണ് ഉപയോഗിച്ചത്. (ഉൽപത്തി 1:2; ഇയ്യോബ് 33:4; റോമർ 15:18, 19) അതുപോലെ, തന്റെ ചിന്തകൾ ബൈബിൾ എഴുത്തുകാരെക്കൊണ്ട് എഴുതിക്കാനും ദൈവം പരിശുദ്ധാത്മാവിനെയാണ് ഉപയോഗിച്ചത്.—2 പത്രോസ് 1:21.
പുനഃസ്നാനം ഒരു പാപമാണോ?
ഇന്നു പലരും ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്കു മാറാറുണ്ട്. എന്നാൽ മുമ്പുണ്ടായിരുന്ന മതത്തിൽ അവർ സ്നാനപ്പെട്ടവരായിരുന്നെങ്കിലോ? അവർ വീണ്ടും സ്നാനപ്പെട്ടാൽ അതു പാപമാകുമോ? ചിലർ അതു പാപമാണെന്നു പറയാറുണ്ട്. എഫെസ്യർ 4:5-നെ അടിസ്ഥാനപ്പെടുത്തിയായിരിക്കാം അങ്ങനെ പറയുന്നത്. അവിടെ ഇങ്ങനെ പറയുന്നു: “കർത്താവ് ഒന്ന്, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്.” എന്നാൽ വീണ്ടും സ്നാനമേൽക്കാൻ പാടില്ല എന്ന് ഈ വാക്യം പറയുന്നില്ല. എന്തുകൊണ്ട്?
സന്ദർഭം. എഫെസ്യർ 4:5-ന്റെ സന്ദർഭം നോക്കിയാൽ സത്യക്രിസ്ത്യാനികൾ വിശ്വാസത്തിൽ ഒരുമയുള്ളവരായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് പറയുകയായിരുന്നു. (എഫെസ്യർ 4:1-3, 16) അങ്ങനെയൊരു ഐക്യം അവർക്കിടയിൽ ഉണ്ടായിരിക്കണമെങ്കിൽ അവർ ഒരുപോലെ കർത്താവായ യേശുക്രിസ്തുവിനെ അനുഗമിക്കണം, ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ അവർ മനസ്സിലാക്കുന്നത് ഒരുപോലെയായിരിക്കണം, സ്നാനമേൽക്കാൻ തിരുവെഴുത്തുകൾ പറഞ്ഞിരിക്കുന്ന യോഗ്യതകളും അവർക്ക് ഒന്നായിരിക്കണം.
അപ്പോസ്തലനായ പൗലോസ് സ്നാനപ്പെട്ട ചിലരെ വീണ്ടും സ്നാനപ്പെടാൻ പ്രോത്സാഹിപ്പിച്ചു. കാരണം ക്രിസ്തീയപഠിപ്പിക്കലുകളെക്കുറിച്ച് പൂർണമായ ഗ്രാഹ്യം ഇല്ലാതെയായിരുന്നു അവർ ആദ്യം സ്നാനപ്പെട്ടത്.—പ്രവൃത്തികൾ 19:1-5.
സ്നാനപ്പെടുന്നതിനുവേണ്ട ശരിയായ അടിസ്ഥാനം. ബൈബിൾസത്യത്തെക്കുറിച്ച് ശരിയായ അറിവ് നേടി അതിന്റെ അടിസ്ഥാനത്തിൽ സ്നാനപ്പെട്ടെങ്കിലേ ദൈവം സ്വീകരിക്കുകയുളളൂ. (1 തിമൊഥെയൊസ് 2:3, 4) മതപരമായ പഠിപ്പിക്കലുകൾക്ക് ചേർച്ചയിലാണ് ഒരു വ്യക്തി സ്നാനപ്പെട്ടത്, എന്നാൽ അതു ബൈബിളിന് വിരുദ്ധമാണെങ്കിൽ ആ സ്നാനം ദൈവം അംഗീകരിക്കുകയില്ല. (യോഹന്നാൻ 4:23, 24) ആ വ്യക്തി ആത്മാർഥതയോടെ ആയിരിക്കാം അതു ചെയ്തത്, പക്ഷേ ‘ശരിയായ അറിവിന്റെ അടിസ്ഥാനത്തിലല്ലായിരുന്നു.’ (റോമർ 10:2) ദൈവത്തിന്റെ അംഗീകാരം ലഭിക്കണമെങ്കിൽ ആ വ്യക്തി ബൈബിൾസത്യം പഠിക്കണം, പഠിച്ചതിനു ചേർച്ചയിൽ ജീവിക്കണം, എന്നിട്ട് ജീവിതം ദൈവത്തിനു സമർപ്പിക്കണം, എന്നിട്ട് വീണ്ടും സ്നാനപ്പെടണം. അത്തരം സന്ദർഭങ്ങളിൽ പുനഃസ്നാനം ഒരു പാപമല്ല. അതാണു ശരി.
ബൈബിളിൽ പറഞ്ഞിരിക്കുന്ന മറ്റു സ്നാനങ്ങൾ
ക്രിസ്തുവിന്റെ അനുഗാമികൾ വെള്ളത്തിൽ മുങ്ങി നടത്തുന്ന സ്നാനത്തിൽനിന്നും വ്യത്യസ്തമായ അർഥമുള്ള ചില സ്നാനങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. ചില ഉദാഹരണങ്ങൾ നോക്കാം.
സ്നാപകയോഹന്നാൻ നടത്തിയിരുന്ന സ്നാനം.e മോശയിലൂടെ ദൈവം ഇസ്രായേല്യർക്കു നിയമം നൽകിയിരുന്നു. ആ നിയമത്തിന് എതിരായി എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കിൽ അതിൽ പശ്ചാത്തപിക്കുന്നു എന്നതിന്റെ അടയാളമായിട്ടാണ് ജൂതന്മാരും ജൂതമതത്തിലേക്ക് പരിവർത്തനം ചെയ്തവരും യോഹന്നാനാൽ സ്നാനമേറ്റിരുന്നത്. നസറെത്തിൽനിന്നുള്ള യേശുവിനെ മിശിഹയായി അംഗീകരിക്കാൻ ഈ സ്നാനം ആളുകളെ ഒരുക്കി. —ലൂക്കോസ് 1:13-17; 3:2, 3; പ്രവൃത്തികൾ 19:4.
യേശുവിന്റെ സ്നാനം. മറ്റു സ്നാനങ്ങളിൽനിന്നും സ്നാപകയോഹന്നാനിലൂടെയുള്ള യേശുവിന്റെ സ്നാനം വ്യത്യസ്തമായിരുന്നു. യേശു പൂർണനായ ഒരു മനുഷ്യനായിരുന്നു, തെറ്റുകളൊന്നും ചെയ്തിട്ടുമില്ല. (1 പത്രോസ് 2:21, 22) അതുകൊണ്ടുതന്നെ, യേശുവിന്റെ സ്നാനത്തിൽ പശ്ചാത്താപമോ ‘ശുദ്ധമനസ്സാക്ഷിക്കുവേണ്ടി ദൈവത്തോടുള്ള അപേക്ഷയോ’ ഉൾപ്പെട്ടിട്ടില്ല. (1 പത്രോസ് 3:21) പകരം, മുൻകൂട്ടിപ്പറഞ്ഞ മിശിഹ അല്ലെങ്കിൽ ക്രിസ്തു എന്ന നിലയിൽ താൻ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിനായി തന്നെത്തന്നെ വിട്ടുകൊടുക്കുന്നു എന്ന് യേശു കാണിക്കുകയായിരുന്നു. സ്വന്തം ജീവൻ നമുക്ക് നൽകിയതും അതിൽ ഉൾപ്പെട്ടു.—എബ്രായർ 10:7-10.
പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം. സ്നാപകയോഹന്നാനും യേശുക്രിസ്തുവും പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനത്തെക്കുറിച്ച് സംസാരിച്ചു. (മത്തായി 3:11; ലൂക്കോസ് 3:16; പ്രവൃത്തികൾ 1:1-5) ഈ സ്നാനം പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള സ്നാനത്തിൽനിന്നും വ്യത്യസ്തമാണ്. (മത്തായി 28:19) എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
യേശുവിന്റെ അനുഗാമികളിൽ വളരെ കുറച്ചുപേർ മാത്രമാണ് പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനമേറ്റിട്ടുള്ളത്. കാരണം അവർ സ്വർഗത്തിൽ ഇരുന്ന് യേശുവിന്റെകൂടെ ഭൂമിയെ ഭരിക്കാൻ പുരോഹിതന്മാരും രാജാക്കന്മാരും ആയി തിരഞ്ഞെടുക്കപ്പെട്ടവരാണ്.f (1 പത്രോസ് 1:3, 4; വെളിപാട് 5:9, 10) ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള ലക്ഷക്കണക്കിനു വരുന്ന യേശുവിന്റെ അനുഗാമികളെ ഇവർ ഭരിക്കും.—മത്തായി 5:5; ലൂക്കോസ് 23:43.
ക്രിസ്തുയേശുവിലേക്കു ചേരാനുള്ള സ്നാനവും ക്രിസ്തുവിന്റെ മരണത്തിലേക്കുള്ള സ്നാനവും. പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനമേറ്റ ഓരോ വ്യക്തിയും സ്നാനമേറ്റ് ‘ക്രിസ്തുയേശുവിലേക്കു ചേർന്നവരാണ്.’ (റോമർ 6:3) അതുകൊണ്ട് ഈ സ്നാനം, യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാൻപോകുന്ന യേശുവിന്റെ അഭിഷിക്ത അനുഗാമികളുടെ കാര്യത്തിലാണ് നടക്കുന്നത്. സ്നാനമേറ്റ് ക്രിസ്തുയേശുവിനോടു ചേരുമ്പോൾ അവർ അഭിഷിക്ത ക്രിസ്തീയസഭയുടെ ഭാഗമായിത്തീരുന്നു. ക്രിസ്തുവാണ് തല, അഭിഷിക്തക്രിസ്ത്യാനികൾ ശരീരവും.—1 കൊരിന്ത്യർ 12:12, 13, 27; കൊലോസ്യർ 1:18.
അഭിഷിക്തർ ‘ക്രിസ്തുവിന്റെ മരണത്തിലേക്കും സ്നാനമേൽക്കുന്നു.’ (റോമർ 6:3, 4) യേശുവിനെപ്പോലെ അവർ സ്വന്തം താത്പര്യം നോക്കാതെ ദൈവത്തെ അനുസരിക്കുന്നതിനു മുൻഗണന കൊടുക്കും. യേശുവിനെപ്പോലെ ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ തങ്ങൾക്കു ലഭിക്കില്ലെന്ന് അവർക്ക് അറിയാം. മരിച്ച് ആത്മീയവ്യക്തിയായി സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെട്ട് കഴിയുമ്പോൾ ആലങ്കാരിക അർഥത്തിലുള്ള അവരുടെ ഈ സ്നാനം പൂർത്തിയാകും.—റോമർ 6:5; 1 കൊരിന്ത്യർ 15:42-44.
തീകൊണ്ടുള്ള സ്നാനം. സ്നാപകയോഹന്നാൻ തന്റെ കേൾവിക്കാരോട് ഇങ്ങനെ പറഞ്ഞു: “അദ്ദേഹം (യേശു) നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനപ്പെടുത്തും. പാറ്റാനുള്ള കോരിക അദ്ദേഹത്തിന്റെ കൈയിലുണ്ട്. അദ്ദേഹം മെതിക്കളം മുഴുവൻ വെടിപ്പാക്കി സംഭരണശാലയിൽ ഗോതമ്പു ശേഖരിച്ചുവെക്കും. പതിരാകട്ടെ കെടുത്താൻ പറ്റാത്ത തീയിലിട്ട് ചുട്ടുകളയും.” (മത്തായി 3:11, 12) ഒരു കാര്യം മനസ്സിൽപ്പിടിക്കുക, പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനവും തീകൊണ്ടുള്ള സ്നാനവും വ്യത്യാസപ്പെട്ടിരിക്കുന്നു. യോഹന്നാൻ ഈ ദൃഷ്ടാന്തംകൊണ്ട് എന്താണ് ഉദ്ദേശിച്ചത്?
യേശുവിനെ ശ്രദ്ധിക്കുകയും യേശുവിനെ അനുസരിക്കുകയും ചെയ്യുന്ന ആളുകളെയാണ് ഗോതമ്പുകൊണ്ട് അർഥമാക്കുന്നത്. അവർക്കു പരിശുദ്ധാത്മാവുകൊണ്ട് സ്നാനമേൽക്കാനുള്ള അവസരമുണ്ടായിരിക്കും. പതിരുകൊണ്ട് അർഥമാക്കുന്നത് യേശുവിനെ ശ്രദ്ധിക്കാത്ത ആളുകളെയാണ്. അവരുടെ അവസാനം തീകൊണ്ടുള്ള സ്നാനമായിരിക്കും, അതായത് എന്നേക്കുമുള്ള നാശം.—മത്തായി 3:7-12; ലൂക്കോസ് 3:16, 17.
a ‘സ്നാനം’ എന്നതിനു ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം വെള്ളത്തിൽ “പൂർണമായും മുങ്ങി”യശേഷം “പൊങ്ങിവരുന്നതിനെ”യാണ് അർഥമാക്കുന്നത് എന്ന് വൈൻസ് എക്സ്പോസിറ്ററി ഡിക്ഷണറി ഓഫ് ന്യൂ ടെസ്റ്റമെന്റ് വേർഡ്സ് (ഇംഗ്ലീഷ്) പ്രസ്താവിക്കുന്നു.
b മാമ്മോദീസ അല്ലെങ്കിൽ ജ്ഞാനസ്നാനം എന്നത് പള്ളികളിൽ നടത്തുന്ന ഒരു ചടങ്ങാണ്. അതിൽ, കുട്ടിക്ക് ഒരു പേരിടുകയും അതിനു ശേഷം കുട്ടിയുടെ തലയിൽ വെള്ളം തളിക്കുകയോ ഒഴിക്കുകയോ ചെയ്തുകൊണ്ട് സ്നാനപ്പെടുത്തുകയും ചെയ്യും.
c ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.
d “എന്താണ് പരിശുദ്ധാത്മാവ്?” എന്ന ലേഖനം കാണുക.
e “ആരായിരുന്നു സ്നാപകയോഹന്നാൻ?” എന്ന ലേഖനം കാണുക.
f “ആരാണ് സ്വർഗത്തിൽ പോകുന്നത്?” എന്ന ലേഖനം കാണുക.
g ബൈബിളിൽ ‘സ്നാനങ്ങൾ’ എന്ന പദം പാത്രങ്ങൾ വെള്ളത്തിൽ മുക്കിക്കഴുകുന്നതുപോലുള്ള ആചാരപ്രകാരമുള്ള ശുദ്ധീകരണത്തെ കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. (എബ്രായർ 9:10) വെള്ളത്തിൽ പൂർണമായി മുങ്ങിക്കൊണ്ടുള്ള യേശുവിന്റെയും അനുഗാമികളുടെയും സ്നാനത്തിൽനിന്ന് ഇതു തികച്ചും വ്യത്യസ്തമാണ്.