ത്രിത്വം—ബൈബിൾ അതു പഠിപ്പിക്കുന്നുവോ?
“നാം ഏക ദൈവത്തെ ത്രിത്വത്തിലും ത്രിത്വത്തെ ഏകത്വത്തിലും ആരാധിക്കുന്നു എന്നതാണു കത്തോലിക്കാ വിശ്വാസം. . . . അതുകൊണ്ട് പിതാവും ദൈവമാണ്, പുത്രനും ദൈവമാണ്, പരിശുദ്ധാത്മാവും ദൈവമാണ്. എന്നിരുന്നാലും അവർ മൂന്നു ദൈവങ്ങളല്ല, മറിച്ച് ഒരു ദൈവമാണ്.”
ക്രൈസ്തവലോകത്തിന്റെ കേന്ദ്ര ഉപദേശത്തെ—ത്രിത്വത്തെ—അത്തനേഷ്യൻ വിശ്വാസപ്രമാണം ഇങ്ങനെയാണു വിശദീകരിക്കുന്നത്.a നിങ്ങൾ ഒരു കത്തോലിക്കാ സഭാംഗമോ പ്രൊട്ടസ്ററൻറ് സഭാംഗമോ ആണെങ്കിൽ നിങ്ങൾ വിശ്വസിക്കേണ്ട പരമപ്രധാനമായ പഠിപ്പിക്കൽ ഇതാണെന്നു നിങ്ങളോടു പറഞ്ഞിരിക്കാം. എന്നാൽ നിങ്ങൾക്ക് ഈ പഠിപ്പിക്കൽ ഒന്നു വിശദീകരിക്കാമോ? ക്രൈസ്തവലോകത്തിലെ ഏററവും ബുദ്ധിമാൻമാരായ ചിലർ ത്രിത്വം മനസ്സിലാക്കുന്നതിലുള്ള തങ്ങളുടെ കഴിവുകേടു സമ്മതിച്ചിട്ടുണ്ട്.
എങ്കിൽപ്പിന്നെ അവർ എന്തുകൊണ്ടിതു വിശ്വസിക്കുന്നു? ഈ ഉപദേശം ബൈബിൾ പഠിപ്പിക്കുന്നതുകൊണ്ടാണോ? പരേതനായ ആംഗ്ലിക്കൻ ബിഷപ്പ് ജോൺ റോബിൻസൻ തന്റെ ഏററവും കൂടുതൽ വിററഴിക്കപ്പെടുന്ന ദൈവത്തോടു വിശ്വസ്തൻ (Honest to God) എന്ന പുസ്തകത്തിൽ ഈ ചോദ്യത്തിനു ചിന്തോദ്ദീപകമായ ഒരു മറുപടി നൽകി. അദ്ദേഹം എഴുതി:
“പ്രയോഗത്തിൽ, പൊതുവായ പ്രസംഗവും പഠിപ്പിക്കലും ക്രിസ്തുവിനെക്കുറിച്ച് അമാനുഷമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്, ഇതു പുതിയനിയമത്തിൽനിന്നു സമർഥിക്കാവുന്നതല്ല. ‘ക്രിസ്തു’ എന്ന പദവും ‘ദൈവം’ എന്ന പദവും പരസ്പരം മാററി ഉപയോഗിക്കാവുന്ന ഒരു തരത്തിൽ അതു കേവലം യേശു ദൈവം ആയിരുന്നു എന്നു പറയുന്നു. എന്നാൽ ബൈബിളിൽ ഒരിടത്തും ഇത് അങ്ങനെ ഉപയോഗിച്ചിട്ടില്ല. പുതിയ നിയമത്തിൽ, യേശു ദൈവവചനമായിരുന്നു, ദൈവം ക്രിസ്തുവിൽ ഉണ്ടായിരുന്നു, യേശു ദൈവപുത്രനാണ് എന്നൊക്കെ പറയുന്നുണ്ട്; എന്നാൽ യേശു ദൈവമായിരുന്നു എന്നു പറഞ്ഞുസ്ഥാപിക്കുന്നില്ല.”
ജോൺ റോബിൻസൻ ആംഗ്ലിക്കൻ സഭയിലെ ഒരു വിവാദ പുരുഷനായിരുന്നു. എന്നിരുന്നാൽത്തന്നെയും, “യേശു ദൈവമായിരുന്നു എന്നു പുതിയനിയമം പറഞ്ഞുസ്ഥാപിക്കുന്നില്ല” എന്ന് അദ്ദേഹം പറഞ്ഞതു ശരിയാണോ?
ബൈബിൾ പറയുന്നത് എന്താണ്
ചിലർ ആ ചോദ്യത്തിനു യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്ന “ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു” എന്ന വാക്യം ഉദ്ധരിച്ചുകൊണ്ടു മറുപടി നൽകിയേക്കാം. (യോഹന്നാൻ 1:1, ജയിംസ് രാജാവിന്റെ ഭാഷാന്തരം) അത് ആംഗ്ലിക്കൻ ബിഷപ്പ് പറഞ്ഞതിനു വിരുദ്ധമല്ലേ? യഥാർഥത്തിൽ അല്ല. ജോൺ റോബിൻസണു നിസ്സംശയമായും അറിയാമായിരുന്നതുപോലെ, ചില ആധുനിക പരിഭാഷകർ ആ വാക്യത്തിന്റെ ജയിംസ് രാജാവിന്റെ ഭാഷാന്തരത്തോടു വിയോജിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ മൂല ഗ്രീക്കിൽ “വചനം ദൈവമായിരുന്നു” എന്ന പ്രയോഗത്തിൽ “ദൈവം” എന്ന പദത്തിനു “ദ” എന്ന നിശ്ചയോപപദമില്ലായിരുന്നു. അതിനു മുമ്പത്തെ “വചനം ദൈവത്തോടു കൂടെയായിരുന്നു” എന്ന പ്രയോഗത്തിൽ “ദൈവം” എന്ന പദം നിശ്ചിതമാണ്, അതായത് അതിനു നിശ്ചയോപപദമുണ്ട്. ഇത് രണ്ടു പദങ്ങൾക്കും തുല്യ പ്രാധാന്യമുണ്ടായിരിക്കുക അസാധ്യമാക്കുന്നു.
അതുകൊണ്ട്, ചില വിവർത്തനങ്ങൾ അതിന്റെ ഗുണപരമായ ഘടകം എടുത്തുകാട്ടുന്നുണ്ട്. ഉദാഹരണത്തിന് ചിലർ ആ പ്രയോഗത്തെ “വചനം ദിവ്യനായിരുന്നു” എന്നു പരിഭാഷപ്പെടുത്തുന്നു. (An American Translation, Schonfield) മൊഫററ്[ഭാഷാന്തരം] അതു “ലോഗോസ് ദിവ്യനായിരുന്നു” എന്നു പരിഭാഷപ്പെടുത്തുന്നു. എന്നാൽ, ഇവിടെ ഏററവും അനുയോജ്യമായ പ്രയോഗം “ദിവ്യ” എന്നായിരിക്കില്ല എന്നു സൂചിപ്പിച്ചുകൊണ്ട് യോഹന്നാൻ ഊന്നൽ നൽകാനാഗ്രഹിച്ചത് അതിനായിരുന്നെങ്കിൽ അദ്ദേഹത്തിനു “ദിവ്യ” എന്നതിന്റെ ഗ്രീക്കുപദമായ തീയോസ് ഉപയോഗിക്കാമായിരുന്നു എന്നു ജോൺ റോബിൻസനും ബ്രിട്ടീഷ് മൂലപാഠ നിരൂപകനായ സർ ഫ്രെഡറിക്ക് കെനിയനും ചൂണ്ടിക്കാട്ടി. “ദൈവം” എന്ന പദത്തെ നിശ്ചിതമല്ലാത്തതെന്നു കൃത്യമായി കണക്കാക്കുകയും ടെഹ് ഗ്രീക്ക് ഘടന സൂചിപ്പിക്കുന്ന പ്രകാരമുള്ള ഗുണപരമായ ഘടകം എടുത്തുകാട്ടുകയും ചെയ്തുകൊണ്ട് പുതിയലോക ഭാഷാന്തരം ഇംഗ്ലീഷിലെ അനിശ്ചയോപപദമുപയോഗിച്ച് അതു “വചനം ഒരു ദൈവമായിരുന്നു” എന്നു പരിഭാഷപ്പെടുത്തുന്നു.
പുതിയ ഇംഗ്ലീഷ് ബൈബിൾ (New English Bible) നിർമാണ പദ്ധതിയുടെ ഡയറക്ടറായ പ്രൊഫസ്സർ സി. എച്ച്. ഡോഡ് ഈ സമീപനത്തെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “. . . സാധ്യതയുള്ള ഒരു പരിഭാഷ ‘വചനം ഒരു ദൈവമായിരുന്നു’ എന്നായിരിക്കും. പദാനുപദ തർജമ എന്നനിലയിൽ അതിൽ യാതൊരു തെററുമില്ല.” എന്നിരുന്നാലും, പുതിയ ഇംഗ്ലീഷ് ബൈബിൾ ആ വാക്യം ഈ രീതിയിൽ തർജമ ചെയ്യുന്നില്ല. മറിച്ച് ആ വിവർത്തനത്തിൽ യോഹന്നാൻ 1:1 വായിക്കുന്നത് ഇങ്ങനെയാണ്: “എല്ലാ സംഗതികളും ആരംഭിച്ചപ്പോൾ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെ വസിച്ചു, ദൈവമായിരുന്നത് എന്തോ അതു വചനവുമായിരുന്നു.” ഈ വിവർത്തനക്കമ്മിററി എന്തുകൊണ്ടാണു ലളിതമായ പരിഭാഷ തിരഞ്ഞെടുക്കാഞ്ഞത്? പ്രൊഫസ്സർ ഡോഡ് ഇങ്ങനെ മറുപടി പറയുന്നു: “അതു സ്വീകാര്യമല്ലാത്തതിന്റെ കാരണം അതു യോഹന്നാന്റെ ചിന്താധാരക്ക് എതിരാണ്, അപ്പോൾ അതു തീർച്ചയായും മൊത്തത്തിലുള്ള ക്രിസ്തീയ ചിന്തക്കും എതിരാണ്.”—പരിഭാഷകനുള്ള സാങ്കേതിക എഴുത്തുകൾ (Technical Papers for the Bible Translator), വാല്യം 28, 1977 ജനുവരി.
തിരുവെഴുത്തിന്റെ സ്പഷ്ടമായ അർഥം
യേശു ഒരു ദൈവമായിരുന്നെന്നും സ്രഷ്ടാവായ ദൈവംതന്നെ അല്ലായിരുന്നെന്നും ഉള്ള ആശയം യോഹന്നാന്റെയും അതുപോലെതന്നെ മൊത്തം ക്രിസ്ത്യാനികളുടെയും ചിന്തക്കു വിരുദ്ധമാണെന്നു നാം പറയുമോ? നമുക്കു യേശുവിനെയും ദൈവത്തെയും പരാമർശിക്കുന്ന ചില വാക്യങ്ങൾ പരിശോധിക്കുകയും അത്തനേഷ്യൻ വിശ്വാസപ്രമാണം രൂപവത്കരിക്കുന്നതിനു മുമ്പു ജീവിച്ചിരുന്ന ചില വ്യാഖ്യാതാക്കൾ ആ വാക്യങ്ങളെക്കുറിച്ച് എന്തു വിചാരിച്ചെന്നു മനസ്സിലാക്കുകയും ചെയ്യാം.
“ഞാനും പിതാവും ഒന്നാകുന്നു.”—യോഹന്നാൻ 10:30.
നവേഷൻ (പൊതുയുഗം ഏകദേശം 200-258) ഇങ്ങനെ അഭിപ്രായപ്പെട്ടു: “അദ്ദേഹം ‘ഒരു’ സംഗതി[b]യെക്കുറിച്ചു പറയുകയായിരുന്നതിനാൽ ‘ഒരു’ വ്യക്തിയെക്കുറിച്ചല്ല പറഞ്ഞതെന്നു വേദവിരോധികൾ മനസ്സിലാക്കട്ടെ. എന്തുകൊണ്ടെന്നാൽ നപുംസകത്തിൽപ്പെട്ട ഒന്ന് വ്യക്തിഗത ഏകത്വത്തെയല്ല, മറിച്ച് പരസ്പര യോജിപ്പിനെയാണു സൂചിപ്പിക്കുന്നത്. . . . കൂടാതെ, അദ്ദേഹം ഒന്ന് എന്നു പറയുന്നതു യോജിപ്പിനെയും അഭിപ്രായ ഐക്യത്തെയും സ്നേഹനിർഭരമായ സഹവാസത്തെത്തന്നെയും പരാമർശിക്കുന്നു, കാരണം പിതാവും പുത്രനും പൊരുത്തത്തിലും സ്നേഹത്തിലും പ്രീതിയിലും ന്യായമായും ഒന്നാണ്.”—ത്രിത്വത്തെക്കുറിച്ചുള്ള പ്രബന്ധം (Treatise Concerning the Trinity) അധ്യായം 27.
“പിതാവു എന്നെക്കാൾ വലിയവനാകുന്നു.”—യോഹന്നാൻ 14:28.
ഐറേനിയസ് (പൊ.യു. ഏകദേശം 130-200): “പിതാവു എല്ലാററിനെക്കാളും ഉന്നതനാണെന്നു നമുക്ക് അവനിലൂടെ [ക്രിസ്തു] മനസ്സിലാക്കാവുന്നതാണ്. എന്തുകൊണ്ടെന്നാൽ, ‘പിതാവ് എന്നെക്കാൾ വലിയവനാകുന്നു’ എന്ന് അവൻ [ക്രിസ്തു] പറയുന്നു. അതുകൊണ്ട്, പിതാവ് അറിവിന്റെ കാര്യത്തിൽ മികച്ചുനിൽക്കുന്നുവെന്നു നമ്മുടെ കർത്താവു പ്രഖ്യാപിച്ചിരിക്കുന്നു.”—വേദവൈരുദ്ധ്യങ്ങൾക്കെതിരെ (Against Heresies) പുസ്തകം 2, അധ്യായം 28.8.
“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.
അലക്സാൻഡ്രിയയിലെ ക്ലെമൻസ് (പൊ.യു. ഏകദേശം 150-215): “നിത്യമായതു നൽകുന്നവനായ നിത്യതയുടെ പിതാവിനെ അറിയുകയും ഒന്നാമനും അത്യുന്നതനും ഒരുവനും നല്ലവനും ആയ ദൈവത്തെ പരിജ്ഞാനത്താലും ഗ്രാഹ്യത്താലും പ്രാപിക്കുകയും ചെയ്യുന്നതിന്, യഥാർഥ ജീവിതം നയിക്കുന്ന ഒരുവൻ ‘പുത്രൻ (അവനെ) വെളിപ്പെടുത്തിക്കൊടുക്കാതെ ആരും അറിയുകയില്ലാത്ത’ അവനെ ഒന്നാമതായി അറിയാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. (മത്താ. 11:27) അവനുശേഷം അടുത്തതായി, രക്ഷകന്റെ മാഹാത്മ്യത്തെക്കുറിച്ചു മനസ്സിലാക്കേണ്ടതാണ്.”—രക്ഷിക്കപ്പെടുന്ന സമ്പന്നനായ മനുഷ്യൻ ആരാണ്? (Who Is the Rich Man That Shall Be Saved?) VII, VIII.
“എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.”—എഫെസ്യർ 4:6.
ഐറേനിയസ്: “അങ്ങനെ, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലൂടെയുള്ളവനും എല്ലാവരിലുമുള്ളവനും ആയ പിതാവായ ഒരു ദൈവം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. പിതാവു തീർച്ചയായും എല്ലാററിനും മീതെയാണ്, അവൻ ക്രിസ്തുവിന്റെ തലയുമാണ്.”—വേദവൈരുദ്ധ്യങ്ങൾക്കെതിരെ, പുസ്തകം V, അധ്യായം 18.2.
യേശുക്രിസ്തു ഉൾപ്പെടെ എല്ലാററിന്റെയും എല്ലാവരുടെയും മേൽ പരമോന്നതനാണു പിതാവെന്നു വർണിക്കുന്നതിന് ഈ പുരാതന എഴുത്തുകാർ ഈ വാക്യങ്ങൾ വ്യക്തമായി മനസ്സിലാക്കി. തങ്ങൾ ത്രിത്വത്തിൽ വിശ്വസിച്ചെന്ന് അവരുടെ അഭിപ്രായങ്ങൾ യാതൊരു സൂചനയും നൽകുന്നില്ല.
പരിശുദ്ധാത്മാവ് എല്ലാ സത്യവും വെളിപ്പെടുത്തുന്നു
തന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം തന്റെ ശിഷ്യൻമാർക്ക് ഒരു സഹായിയായി പരിശുദ്ധാത്മാവിനെ നൽകുമെന്നു യേശു വാഗ്ദാനം ചെയ്തു. അവിടുന്ന് ഇങ്ങനെ പറഞ്ഞു: “സത്യാത്മാവു വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണ്ണതയിലേക്കു നയിക്കും. വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും.”—യോഹന്നാൻ 14:16, 17; 15:26; 16:13, പി.ഒ.സി. ബൈ.
യേശുവിന്റെ മരണശേഷം ആ വാഗ്ദാനം നിവർത്തിയേറി. പരിശുദ്ധാത്മാവിന്റെ സഹായത്തിലൂടെ, പുതിയ ഉപദേശങ്ങൾ ക്രിസ്തീയ സഭക്ക് എങ്ങനെ വെളിപ്പെടുത്തപ്പെട്ടു അഥവാ വ്യക്തമാക്കപ്പെട്ടു എന്നു ബൈബിൾ രേഖപ്പെടുത്തുന്നു. ഈ പുതിയ പഠിപ്പിക്കലുകൾ, പിന്നീടു ബൈബിളിന്റെ രണ്ടാം ഭാഗമായ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ അഥവാ “പുതിയനിയമം” ആയിത്തീർന്ന പുസ്തകങ്ങളിൽ എഴുതപ്പെട്ടു. വഴിഞ്ഞൊഴുകിയ ഈ പുതിയ പ്രകാശനത്തിൽ ഒരു ത്രിത്വത്തിന്റെ എന്തെങ്കിലും വെളിപാടുണ്ടോ? ഇല്ല. ദൈവത്തെയും യേശുവിനെയും കുറിച്ചു പരിശുദ്ധാത്മാവു വളരെ വ്യത്യസ്തമായ ഒന്നു വെളിപ്പെടുത്തുന്നു.
ഉദാഹരണത്തിന്, പൊ.യു. 33-ലെ പെന്തക്കോസ്തിൽ, യെരുശലേമിൽ കൂടിയിരുന്ന ശിഷ്യൻമാരുടെമേൽ പരിശുദ്ധാത്മാവു വന്നതിനുശേഷം, അപ്പോസ്തലനായ പത്രോസ് പുറത്തെ ജനക്കൂട്ടത്തോടു യേശുവിനെക്കുറിച്ചു സാക്ഷീകരിച്ചു. അദ്ദേഹം ഒരു ത്രിത്വത്തെക്കുറിച്ചു സംസാരിച്ചോ? അദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ പരിശോധിച്ച് നിങ്ങൾതന്നെ തീരുമാനിക്കുക. “നിങ്ങൾക്കറിയാവുന്നതുപോലെ, ദൈവം നസറായനായ യേശുവിനെ, താൻ അവൻവഴി നിങ്ങളുടെയിടയിൽ പ്രവർത്തിച്ച മഹത്തായ കാര്യങ്ങൾകൊണ്ടും തന്റെ അത്ഭുതകൃത്യങ്ങളും അടയാളങ്ങളുംകൊണ്ടും നിങ്ങൾക്കു സാക്ഷ്യപ്പെടുത്തിത്തന്നു.” “ആ യേശുവിനെ ദൈവം ഉയർപ്പിച്ചു. അതിനു ഞങ്ങളെല്ലാവരും സാക്ഷികളാണ്.” “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു.” (പ്രവൃത്തികൾ 2:22, 32, പി.ഒ.സി. ബൈ., 36.) ഒരു ത്രിത്വത്തെക്കുറിച്ചു പഠിപ്പിക്കുന്നതിൽനിന്നു വളരെ വ്യത്യസ്തമായി, പരിശുദ്ധാത്മാവു നിറഞ്ഞ പത്രോസിന്റെ ഈ വാചകങ്ങൾ തന്റെ പിതാവിനോടുള്ള യേശുവിന്റെ വിധേയത്വത്തെ, ദൈവഹിതത്തിന്റെ നിവൃത്തിക്കു യേശു ഒരു ഉപകരണമാണെന്നതിനെ, പ്രദീപ്തമാക്കുന്നു.
അതിനുതൊട്ടുപിന്നാലെ, മറെറാരു വിശ്വസ്ത ക്രിസ്ത്യാനി യേശുവിനെക്കുറിച്ചു സംസാരിച്ചു. കുററാരോപണത്തിനു മറുപടി നൽകാൻ സ്തേഫാനോസ് സൻഹെദ്രീം സഭയുടെ മുമ്പാകെ വരുത്തപ്പെട്ടു. തന്റെ കുററാരോപകർ മത്സരികളായ അവരുടെ പൂർവപിതാക്കൻമാരെപ്പോലെ ആണെന്നു കുററമാരോപിച്ചുകൊണ്ട് സ്ഥിതിഗതികൾ നേരെ തിരിച്ചു. അവസാനം രേഖ ഇങ്ങനെ പറയുന്നു: “അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉററുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലതുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു. ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.” (പ്രവൃത്തികൾ 7:55, 56) തന്റെ പിതാവിനു തുല്യമായി അഥവാ ദൈവശിരസ്സിന്റെ ഒരു ഭാഗമായി കാട്ടാതെ യേശുവിനെ ദൈവത്തിന്റെ വലതുഭാഗത്തെ വെറും “മനുഷ്യപുത്ര”നായി പരിശുദ്ധാത്മാവു വെളിപ്പെടുത്തിയത് എന്തുകൊണ്ടായിരുന്നു? സ്തേഫാനോസിനു ത്രിത്വത്തിന്റെ ഒരു സങ്കൽപ്പം ഇല്ലായിരുന്നെന്നു വ്യക്തം.
പത്രോസ് യേശുവിനെക്കുറിച്ചുള്ള സുവാർത്തയുമായി കൊർന്നെല്യോസിന്റെ പക്കൽ ചെന്നപ്പോൾ ത്രിത്വോപദേശം വെളിപ്പെടുത്തുന്നതിനുള്ള കൂടുതലായ അവസരമുണ്ടായിരുന്നു. എന്നാൽ എന്തു സംഭവിച്ചു? യേശു “എല്ലാവരുടെയും കർത്താവാ”ണെന്നു വിവരിച്ചു. എന്നാൽ ഈ കർത്തൃത്വം ഒരുന്നത ഉറവിടത്തിൽനിന്നു വന്നെന്ന് അദ്ദേഹം കൂടുതലായി വിശദമാക്കി. യേശു “ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ” ആയിരുന്നു. തന്റെ പുനരുത്ഥാനത്തിനുശേഷം അനുഗാമികൾക്കു സ്വയം “പ്രത്യക്ഷമാക്കാ”ൻ യേശുവിനെ അവിടുത്തെ പിതാവ് അനുവദിച്ചു. പരിശുദ്ധാത്മാവോ? അത് ഈ സംഭാഷണത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയായിട്ടല്ല. മറിച്ച്, “യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു.” അതുകൊണ്ട്, പരിശുദ്ധാത്മാവ് ഒരു വ്യക്തിയായിരിക്കുന്നതിനു പകരം ആ വാക്യത്തിൽത്തന്നെ പറയുന്നപ്രകാരം “ശക്തി”പോലെ അമൂർത്തമായ ഒന്നാണെന്നു പ്രകടമാക്കിയിരിക്കുന്നു. (പ്രവൃത്തികൾ 10:36, 38, 40, ഓശാന ബൈ., 42) ബൈബിൾ ശ്രദ്ധാപൂർവം പരിശോധിച്ചാൽ പരിശുദ്ധാത്മാവ് ഒരു വ്യക്തിത്വമല്ല, മറിച്ച് ആളുകളിൽ നിറയാവുന്നതും അവരെ നിർബന്ധിക്കാനാവുന്നതും അവരെ തീക്ഷ്ണതകൊണ്ടു ജ്വലിക്കുന്നതിന് ഇടയാക്കാൻ കഴിയുന്നതും അവരുടെമേൽ ചൊരിയപ്പെടാനാവുന്നതുമായ ഒരു പ്രവർത്തനനിരതമായ ശക്തിയാണെന്നുള്ളതിനു നിങ്ങൾ കൂടുതലായ തെളിവുകൾ കണ്ടെത്തും.
ഒടുവിൽ, അഥേനക്കാരോടു പ്രസംഗിച്ചപ്പോൾ അപ്പോസ്തലനായ പൗലോസിനു ത്രിത്വം—അതു ശരിയായ ഒരു പഠിപ്പിക്കലായിരുന്നെങ്കിൽ—വിശദീകരിക്കുന്നതിന് ഒരു നല്ല അവസരം കിട്ടി. തന്റെ പ്രസംഗത്തിൽ അദ്ദേഹം “അജ്ഞാതദേവന്ന്” എന്ന അവരുടെ യാഗപീഠത്തെ പരാമർശിച്ച് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചുതന്നെയാണ് ഞാൻ നിങ്ങളോടു പ്രഘോഷിക്കുന്നത്.” അദ്ദേഹം ഒരു ത്രിത്വമാണോ പ്രഘോഷിച്ചത്? അല്ല. “ലോകവും അതിലുള്ള സമസ്തവും സൃഷ്ടിച്ച ദൈവം, ആകാശത്തിന്റെയും ഭൂമിയുടെയും കർത്താവാ”യവൻ എന്നാണ് അദ്ദേഹം വർണിച്ചത്. എന്നാൽ യേശുവിനെ സംബന്ധിച്ചെന്ത്? “താൻ നിയമിച്ച ഒരു മനുഷ്യൻ മുഖാന്തരം ലോകത്തെ നീതിപൂർവം വിധിക്കാൻ അവൻ [ദൈവം] ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു.” (പ്രവൃത്തികൾ 17:23, 24, 31, ഓശാന ബൈ.) ഇവിടെ ത്രിത്വത്തിന്റെ ഒരു സൂചനയുമില്ല!
വാസ്തവത്തിൽ, യേശുവും അവിടുത്തെ പിതാവും ഒരു ത്രിത്വത്തിന്റെ തുല്യഭാഗങ്ങളായിരിക്കുക അസാധ്യമാക്കുന്ന ദൈവത്തിന്റെ ഉദ്ദേശ്യങ്ങളിൽ ഒന്നിനെക്കുറിച്ച് പൗലോസ് വിശദീകരിച്ചു. അദ്ദേഹം എഴുതി: “സകലത്തെയും അവന്റെ [യേശുവിന്റെ] കാല്ക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1 കൊരിന്ത്യർ 15:27, 28) അങ്ങനെ, ദൈവം യേശു ഉൾപ്പെടെ സകലത്തിന്റെയും മീതെയായിരിക്കും.
ആ സ്ഥിതിക്ക് ബൈബിളിൽ ത്രിത്വം പഠിപ്പിക്കപ്പെടുന്നുണ്ടോ? ഇല്ല. ജോൺ റോബിൻസൻ പറഞ്ഞതു ശരിയായിരുന്നു. അതു ബൈബിളിലില്ലെന്നു മാത്രമല്ല, അതു “ക്രിസ്തീയ ചിന്ത”യുടെ ഭാഗവുമല്ല. ഇതു നിങ്ങളുടെ ആരാധനക്കു പ്രധാനമാണെന്നു നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾ കരുതണം. യേശു പറഞ്ഞു: “ഏക സത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ.” (യോഹന്നാൻ 17:3) നമ്മുടെ ദൈവികാരാധനയെ നാം ഗൗരവമായി എടുക്കുന്നെങ്കിൽ അവിടുന്ന് ആയിരിക്കുന്നപ്രകാരം, അവിടുന്നു സ്വയം നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നപ്രകാരംതന്നെ, നാം അവിടുത്തെ മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അപ്പോൾമാത്രമേ നാം “പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന”വരിൽ പെട്ടവരാണെന്നു നമുക്കു യഥാർഥമായി പറയാൻ സാധിക്കുകയുള്ളു.—യോഹന്നാൻ 4:23.
[അടിക്കുറിപ്പ്]
a ദ കാത്തലിക്ക് എൻസൈക്ലോപീഡിയ, 1907-ലെ പതിപ്പ് വാല്യം 2, പേജ് 33 പറയുന്നതനുസരിച്ച്.
b നവേഷൻ ഈ വാക്യത്തിലെ “ഒന്ന്” എന്ന പദം നപുംസക ലിംഗവർഗത്തിൽ പെട്ടതാണെന്ന വസ്തുത പരാമർശിക്കുകയാണ്. അതുകൊണ്ട്, അതിന്റെ സ്വാഭാവിക അർഥം “ഒരു സംഗതി” എന്നാണ്. “ഒന്ന്” എന്നതിന്റെ ഗ്രീക്കുപദം ഇതിനു കൃത്യമായും സമാന്തരമായ രീതിയിൽ ഉപയോഗിച്ചിരിക്കുന്ന യോഹന്നാൻ 17:21 താരതമ്യം ചെയ്യുക. രസകരമെന്നു പറയട്ടെ, ന്യൂ കാത്തലിക്ക് എൻസൈക്ലോപീഡിയ (1967-ലെ പതിപ്പ്) നവേഷന്റെ ഡി ട്രിനിററാററിനെ, അതിൽ “പരിശുദ്ധാത്മാവിനെ ഒരു ദിവ്യ വ്യക്തിയായി പരിഗണിച്ചിട്ടില്ല” എന്നു കുറിക്കൊള്ളുന്നെങ്കിലും, പൊതുവെ അംഗീകരിക്കുന്നുണ്ട്.
[28-ാം പേജിലെ ആകർഷകവാക്യം]
തിരുവെഴുത്തുകളുടെ ലളിതമായ അർഥം യേശുവും തന്റെ പിതാവും ഒരു ദൈവമല്ലെന്നു വ്യക്തമായി കാണിച്ചുതരുന്നു
[29-ാം പേജിലെ ആകർഷകവാക്യം]
യേശു ദൈവമാണെന്നു പൊ.യു. 33-ലെ പെന്തക്കോസ്തിനുശേഷം പരിശുദ്ധാത്മാവു വെളിപ്പെടുത്താഞ്ഞത് എന്തുകൊണ്ട്?