ക്രിസ്തീയ ഐക്യം—ദൈവത്തിനു മഹത്ത്വം കരേറ്റുന്നു
‘ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ യത്നിക്കുവിൻ.’—എഫെ. 4:3.
1. ഒന്നാം നൂറ്റാണ്ടിലെ എഫെസ്യക്രിസ്ത്യാനികൾ ദൈവത്തിനു മഹത്ത്വം കരേറ്റിയത് എങ്ങനെ?
പുരാതന എഫെസൊസിലെ ക്രിസ്തീയ സഭയുടെ ഐക്യം സത്യദൈവമായ യഹോവയ്ക്കു മഹത്ത്വം കരേറ്റി. സമ്പദ്സമൃദ്ധമായ ഒരു വ്യാപാരകേന്ദ്രമായിരുന്നു ആ നഗരം. സ്വന്തമായി അടിമകളുള്ള ധനികരായ ക്രിസ്ത്യാനികൾ അവിടെയുണ്ടായിരുന്നു. അടിമകളായിരുന്നു സഭയിലെ മറ്റുചിലർ; സാധ്യതയനുസരിച്ച് അവർ തീരെ പാവപ്പെട്ടവരായിരുന്നിരിക്കണം. (എഫെ. 6:5, 9) പൗലോസ് അപ്പൊസ്തലൻ അവിടത്തെ സിനഗോഗിൽ പ്രസംഗിച്ച സമയത്തു സത്യം പഠിച്ച യഹൂദന്മാരായിരുന്നു സഭയിലെ ചിലർ. മുമ്പ് മന്ത്രപ്രയോഗങ്ങൾ നടത്തിയിരുന്നവരും പണ്ട് അർത്തെമിസിനെ ആരാധിച്ചിരുന്നവരും സഭയിലുണ്ടായിരുന്നു. (പ്രവൃ. 19:8, 19, 26) അതെ, സത്യക്രിസ്ത്യാനിത്വം പലതുറകളിൽനിന്നുള്ള ആളുകളെ ഒരുമിച്ചു കൂട്ടിവരുത്തി. സഭയ്ക്കുള്ളിലുണ്ടായിരുന്ന ആ ഐക്യം യഹോവയ്ക്കു മഹത്ത്വം കരേറ്റി. അത് അറിയാമായിരുന്നതിനാലാണ്, ദൈവത്തിന് ‘സഭയാൽ എന്നുമെന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ’ എന്ന് പൗലോസ് എഴുതിയത്.—എഫെ. 3:21.
2. എഫെസ്യസഭയുടെ ഐക്യം അപകടത്തിലായത് എങ്ങനെ?
2 എന്നാൽ എഫെസ്യസഭയുടെ ഐക്യം അപകടത്തിലായിരുന്നു. അവിടത്തെ മൂപ്പന്മാർക്ക് പൗലോസ് ഈ മുന്നറിയിപ്പു നൽകി: “ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടുപോകാനായി ഉപദേശങ്ങളെ വളച്ചൊടിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നുതന്നെ എഴുന്നേൽക്കും.” (പ്രവൃ. 20:30) സത്യം സ്വീകരിച്ച ചിലരിൽ “അനുസരണക്കേടിന്റെ മക്കളിൽ . . . വ്യാപരിക്കുന്ന” ഭിന്നിപ്പിന്റെ ആത്മാവ് അവശേഷിക്കുന്നുണ്ടെന്ന കാര്യവും പൗലോസ് ചൂണ്ടിക്കാട്ടി.—എഫെ. 2:2; 4:22.
ഐക്യത്തെക്കുറിച്ച് ഒരു ലേഖനം
3, 4. എഫെസ്യർക്കുള്ള പൗലോസിന്റെ ലേഖനം ഐക്യത്തിന് ഊന്നൽ നൽകിയത് എങ്ങനെ?
3 സഭയിലുള്ള ഓരോരുത്തരും ആത്മാർഥമായി ശ്രമിച്ചാൽ മാത്രമേ അവർക്കിടയിൽ ഐക്യം നിലനിൽക്കുകയുള്ളുവെന്ന് പൗലോസിന് അറിയാമായിരുന്നു. ഐക്യത്തെക്കുറിച്ച് എഫെസ്യർക്ക് ഒരു ലേഖനമെഴുതാൻ ദൈവം അവനെ നിശ്വസ്തനാക്കി. “സകലവും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക” എന്ന ദൈവോദ്ദേശ്യത്തെക്കുറിച്ച് പൗലോസ് അതിൽ എഴുതുകയുണ്ടായി. (എഫെ. 1:10) ഒരു കെട്ടിടത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന കല്ലുകളോട് അഭിഷിക്ത ക്രിസ്ത്യാനികളെ അവൻ ഉപമിക്കുകയും ചെയ്തു. അവൻ എഴുതി: “നിർമിതി ഒന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; അതു യഹോവയ്ക്ക് ഒരു വിശുദ്ധ ആലയമായി വളരുന്നു.” (എഫെ. 2:20, 21) കൂടാതെ, യഹൂദന്മാരും വിജാതീയരുമായ ക്രിസ്ത്യാനികൾക്കിടയിലെ ഐക്യത്തെക്കുറിച്ച് അവൻ എടുത്തുപറയുകയും അവരെയെല്ലാം സൃഷ്ടിച്ചത് യഹോവയാംദൈവമാണെന്ന് ഓർമിപ്പിക്കുകയും ചെയ്തു. യഹോവയെ ‘സ്വർഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബങ്ങൾക്കും പേരു വരുവാൻ കാരണമായ പിതാവ്’ എന്ന് അവൻ പരാമർശിച്ചു.—എഫെ. 3:5, 6, 14, 15.
4 നമുക്കിപ്പോൾ എഫെസ്യർ 4-ാം അധ്യായം ഒന്ന് അടുത്തുപരിശോധിക്കാം. ഐക്യം കാത്തുസൂക്ഷിക്കാൻ ശ്രമം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഏകീകൃതരായിരിക്കാൻ യഹോവ നമ്മെ സഹായിക്കുന്നത് എങ്ങനെ? ഐക്യം നിലനിറുത്താൻ നമ്മെ സഹായിക്കുന്ന ഗുണങ്ങൾ ഏതൊക്കെയാണ്? ഇവയ്ക്കെല്ലാമുള്ള ഉത്തരം ആ അധ്യായത്തിലുണ്ട്. ഈ ലേഖനത്തിന്റെ ചർച്ചയിൽനിന്നു കൂടുതൽ പ്രയോജനം നേടാൻ എഫെസ്യർ 4-ാം അധ്യായം ഒന്നു വായിച്ചുനോക്കുന്നത് നന്നായിരിക്കും.
ഐക്യം കാക്കാൻ ശ്രമം ആവശ്യം—എന്തുകൊണ്ട്?
5. ദൂതന്മാർക്ക് ഐക്യത്തോടെ ദൈവത്തെ സേവിക്കാനാകുന്നത് എന്തുകൊണ്ട്, ഐക്യം നിലനിറുത്തുന്നത് നമുക്കു കൂടുതൽ ശ്രമകരമായിരിക്കുന്നത് എന്തുകൊണ്ട്?
5 ‘ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ യത്നിക്കുവിൻ’ എന്ന് പൗലോസ് എഫെസൊസിലെ സഹോദരങ്ങളെ ഉദ്ബോധിപ്പിച്ചു. (എഫെ. 4:3) ഐക്യം നിലനിറുത്താൻ നാം യത്നിക്കേണ്ടത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ ദൈവദൂതന്മാരെ ഉദാഹരണമായെടുക്കാം. ഭൂമിയിലുള്ള ഏതു രണ്ട് ജീവികളെ എടുത്താലും അവയ്ക്കു തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടാകും. ഇതുവെച്ചുനോക്കുമ്പോൾ, സ്വർഗത്തിലുള്ള കോടാനുകോടി ദൂതന്മാരിൽ ഓരോരുത്തരെയും തനതായ വ്യക്തിത്വസവിശേഷതകളോടെയാണ് യഹോവ സൃഷ്ടിച്ചിരിക്കുന്നതെന്ന് ന്യായമായും അനുമാനിക്കാം. (ദാനീ. 7:10) എങ്കിൽപ്പോലും ഈ ദൂതന്മാരെല്ലാം ഐക്യത്തോടെ യഹോവയെ സേവിക്കുന്നു. അവരെല്ലാം യഹോവയുടെ ആജ്ഞ അനുസരിക്കുകയും അവന്റെ ഇഷ്ടം ചെയ്യുകയും ചെയ്യുന്നതിനാലാണ് അത് സാധ്യമാകുന്നത്. (സങ്കീർത്തനം 103:20, 21 വായിക്കുക.) ഈ വിശ്വസ്തരായ ദൂതന്മാരെ ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നത് അവരുടെ ഗുണങ്ങളാണ്; എന്നാൽ ക്രിസ്ത്യാനികൾക്കിടയിൽ വ്യത്യസ്തങ്ങളായ ഗുണങ്ങളോടൊപ്പം വ്യത്യസ്തമായ പോരായ്മകളുമുണ്ട്. അതുകൊണ്ട് ഐക്യം കാത്തുസൂക്ഷിക്കുക കൂടുതൽ ശ്രമകരമാണ്.
6. നമ്മുടേതിൽനിന്നു വ്യത്യസ്തമായ കുറവുകളുള്ള സഹോദരങ്ങളോടൊത്ത് സന്തോഷപൂർവം ഒരുമിച്ചു പ്രവർത്തിക്കാൻ ഏതെല്ലാം ഗുണങ്ങൾ നമ്മെ സഹായിക്കും?
6 അപൂർണമനുഷ്യർ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. മിക്കപ്പോഴും വൈകിവരുന്ന സൗമ്യശീലനായ ഒരു സഹോദരൻ, കൃത്യസമയം പാലിക്കുന്ന, എന്നാൽ മുൻകോപിയായ ഒരു സഹോദരനോടൊപ്പം ദൈവത്തെ സേവിക്കുന്നതിനെക്കുറിച്ചൊന്നു ചിന്തിക്കുക. ഇരുവരും മറ്റേയാളുടെ ഭാഗത്ത് തെറ്റുണ്ടെന്ന് ചിന്തിച്ചേക്കാം. പക്ഷേ, സ്വന്തം ഭാഗത്തും അതുപോലെതന്നെ തെറ്റുണ്ടെന്ന കാര്യം അവർ വിസ്മരിക്കാനാണ് സാധ്യത. ഇങ്ങനെയുള്ള രണ്ടുപേർക്ക് ഐക്യത്തിൽ ഒരുമിച്ചു പ്രവർത്തിക്കാൻ എന്തു ചെയ്യാനാകും? പിൻവരുന്ന വാക്യത്തിൽ പൗലോസ് പരാമർശിച്ച ഗുണങ്ങൾ അവരെ എങ്ങനെ സഹായിക്കും എന്ന് ചിന്തിക്കുക. ആ ഗുണങ്ങൾ എങ്ങനെ വളർത്തിയെടുക്കാമെന്നും ഐക്യം കാത്തുസൂക്ഷിക്കാൻ അവ നമ്മെ സഹായിക്കുന്നത് എങ്ങനെയെന്നും വിചിന്തനം ചെയ്യുക. അവൻ എഴുതി: “ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങൾക്കു ലഭിച്ച വിളിക്കു യോഗ്യമാംവിധം നടക്കുവിൻ. തികഞ്ഞ വിനയവും സൗമ്യതയും ദീർഘക്ഷമയും ഉള്ളവരായി, സ്നേഹപൂർവം അന്യോന്യം ക്ഷമിക്കുകയും സമാധാനബന്ധം കാത്തുകൊണ്ട് ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ യത്നിക്കുകയും ചെയ്യുവിൻ.”—എഫെ. 4:1-3.
7. നമ്മെപ്പോലെ അപൂർണരായ ക്രിസ്ത്യാനികളോടൊപ്പം സഹകരിച്ചു പ്രവർത്തിക്കാൻ നാം ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
7 അപൂർണരായ മനുഷ്യർക്കൊപ്പം ഐക്യത്തോടെ ദൈവത്തെ സേവിക്കാൻ പഠിക്കേണ്ടത് പ്രധാനമാണ്; കാരണം, സത്യാരാധകരുടെ കൂട്ടം ഒന്നേയുള്ളൂ. “ഏകപ്രത്യാശയ്ക്കായിട്ടല്ലോ നിങ്ങൾ വിളിക്കപ്പെട്ടത്; അങ്ങനെതന്നെ, ശരീരം ഒന്ന്; ആത്മാവ് ഒന്ന്; കർത്താവ് ഒരുവൻ; വിശ്വാസം ഒന്ന്; സ്നാനം ഒന്ന്; . . . എല്ലാവരുടെയും ദൈവവും പിതാവുമായവനും ഒരുവൻമാത്രം” എന്ന് ബൈബിൾ പറയുന്നു. (എഫെ. 4:4-6) ഇന്ന് യഹോവ ഉപയോഗിക്കുന്ന ആ ഏക കൂട്ടത്തിന്മേലാണ് അവന്റെ ആത്മാവും അനുഗ്രഹവുമുള്ളത്. അതുകൊണ്ട്, സഭയിൽ ആരെങ്കിലും നമ്മെ വ്രണപ്പെടുത്തിയാൽ നാം മറ്റെവിടെ പോകാനാണ്? നിത്യജീവന്റെ വചനങ്ങൾ മറ്റെവിടെയും ലഭിക്കില്ല!—യോഹ. 6:68.
‘മനുഷ്യരാകുന്ന ദാനങ്ങൾ’ ഐക്യം ഉന്നമിപ്പിക്കുന്നു
8. ഭിന്നതയ്ക്കിടയാക്കുന്ന സ്വാധീനങ്ങളെ ചെറുക്കാൻ ക്രിസ്തു ആരെ ഉപയോഗിക്കുന്നു?
8 സഭയുടെ ഐക്യം കാത്തുസൂക്ഷിക്കാൻ യേശു “മനുഷ്യരാകുന്ന ദാനങ്ങളെ” നൽകിയതിനെക്കുറിച്ചു പറഞ്ഞപ്പോൾ പുരാതന കാലത്തെ പടയാളികൾക്കിടയിൽ ഉണ്ടായിരുന്ന ഒരു രീതി പരാമർശിക്കുകയായിരുന്നു പൗലോസ്. പടയിൽ ജയിച്ചുവരുന്ന യോദ്ധാവ് ബന്ധികളിൽ ഒരാളെ വീട്ടിലേക്ക് അടിമയായി കൊണ്ടുവരുന്ന പതിവുണ്ടായിരുന്നു; ഭാര്യയെ വീട്ടുപണികളിൽ സഹായിക്കാനാണ് അയാളെ കൊണ്ടുവന്നിരുന്നത്. (സങ്കീ. 68:1, 12, 18) യേശു ഈ ലോകത്തിന്മേൽ വിജയം നേടിയപ്പോൾ പലരും സ്വമനസ്സാലേ അവന് അടിമകളായിത്തീർന്നു. (എഫെസ്യർ 4:7, 8 വായിക്കുക.) ഇത്തരത്തിൽ ‘അടിമകളായവരെ’ അവൻ ഏതുവിധത്തിലാണ് ഉപയോഗിച്ചത്? “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ചിലരെ ഉപദേഷ്ടാക്കന്മാരായും നൽകിയിരിക്കുന്നു. അത് വിശുദ്ധന്മാരെ യഥാസ്ഥാനപ്പെടുത്തേണ്ടതിനും ശുശ്രൂഷ നിർവഹിക്കേണ്ടതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയർത്തേണ്ടതിനുംവേണ്ടിയത്രേ.” അങ്ങനെ ‘എല്ലാവരും വിശ്വാസത്തിൽ ഐക്യം പ്രാപിക്കുമായിരുന്നു.’—എഫെ. 4:11-13.
9. (എ) നമുക്കിടയിലെ ഐക്യം നിലനിറുത്താൻ ‘മനുഷ്യരാകുന്ന ദാനങ്ങൾ’ സഹായിക്കുന്നത് എങ്ങനെ? (ബി) ഓരോ ക്രിസ്ത്യാനിയും സഭയുടെ ഐക്യത്തിനായി പ്രവർത്തിക്കേണ്ടത് എന്തുകൊണ്ട്?
9 സ്നേഹസമ്പന്നരായ ഇടയന്മാരായി സേവിച്ചുകൊണ്ട് ഈ ‘മനുഷ്യരാകുന്ന ദാനങ്ങൾ’ നമുക്കിടയിലെ ഐക്യം നിലനിറുത്താൻ സഹായിക്കുന്നു. ഉദാഹരണത്തിന്, രണ്ടുസഹോദരന്മാർ “അന്യോന്യം വെല്ലുവിളി”ക്കുന്നതായി, മത്സരമനോഭാവത്തോടെ പ്രവർത്തിക്കുന്നതായി സഭയിലെ ഒരു മൂപ്പൻ ശ്രദ്ധിക്കുന്നെന്നു കരുതുക. സ്വകാര്യമായി ബുദ്ധിയുപദേശം കൊടുത്തുകൊണ്ട് ‘സൗമ്യതയുടെ ആത്മാവിൽ’ അവരെ “യഥാസ്ഥാനപ്പെടുത്താൻ” അദ്ദേഹത്തിനാകും. സഭയുടെ ഐക്യം പരിരക്ഷിക്കപ്പെടുകയായിരിക്കും അപ്പോൾ. (ഗലാ. 5:26–6:1) ഉപദേഷ്ടാക്കന്മാരായി സേവിച്ചുകൊണ്ട് ‘മനുഷ്യരാകുന്ന ദാനങ്ങൾ’ നമുക്ക് ബൈബിൾ പരിജ്ഞാനം പകർന്നുനൽകുകയും അതുവഴി വിശ്വാസം ശക്തമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ അവർ സഭയുടെ ഐക്യം അരക്കിട്ടുറപ്പിക്കുന്നു. ക്രിസ്തീയ പക്വത പ്രാപിക്കാനും അവരുടെ ഉപദേശത്താൽ നമുക്കു കഴിയും. “അതുകൊണ്ട് നാം ഇനി ശിശുക്കളായിരിക്കരുത്; അതായത്, മനുഷ്യരുടെ കൗശലങ്ങളിലും വഴിതെറ്റിക്കുന്ന ഉപായങ്ങളിലും കുടുങ്ങി ഉപദേശങ്ങളുടെ ഓരോ കാറ്റിനാലും അലഞ്ഞുഴലുന്നവരും തിരകളിൽപ്പെട്ടെന്നപോലെ ആടിയുലയുന്നവരും ആയിരിക്കരുത്” എന്ന് പൗലോസ് എഴുതി. (എഫെ. 4:13, 14) ഓരോ ക്രിസ്ത്യാനിയും സഹോദരവർഗത്തിന്റെ ഐക്യത്തിനായി പ്രവർത്തിക്കേണ്ടതുണ്ട്; ശരീരത്തിലെ ഓരോ അവയവവും മറ്റുള്ളവയ്ക്കുവേണ്ട കാര്യങ്ങൾ ചെയ്തുകൊടുത്തുകൊണ്ട് ശരീരത്തിന്റെ സുസ്ഥിതിക്കായി പ്രവർത്തിക്കുന്നതുപോലെ.—എഫെസ്യർ 4:15, 16 വായിക്കുക.
പുതിയ വ്യക്തിത്വം ധരിക്കുക
10. അധാർമികതയ്ക്ക് നമ്മുടെ ഐക്യം തകർക്കാനാകുന്നത് എങ്ങനെ?
10 ക്രിസ്തീയ പക്വതയിലേക്കു വളരാനും അങ്ങനെ ഐക്യം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന പ്രമുഖഘടകം സ്നേഹമാണെന്ന് എഫെസ്യർക്കുള്ള ലേഖനത്തിന്റെ 4-ാം അധ്യായത്തിൽ പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചോ? അടുത്തതായി, സ്നേഹത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു എന്ന് പൗലോസ് എഴുതി. സ്നേഹം പിന്തുടരുന്നതിൽ പരസംഗവും ദുർന്നടപ്പും ഒഴിവാക്കുന്നത് ഉൾപ്പെട്ടിരിക്കുന്നു എന്ന് അവൻ പറഞ്ഞു. ജനതകൾ “മനം തഴമ്പിച്ചവരായി” ‘തങ്ങളെത്തന്നെ ദുർന്നടപ്പിനു വിട്ടുകൊടുത്തിരിക്കുന്നതിനാൽ’ അവർ “നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്” എന്ന് അവൻ സഹോദരങ്ങളെ ഉപദേശിച്ചു. (എഫെ. 4:17-19) നാം ജീവിക്കുന്ന ഈ അധാർമിക ലോകം നമ്മുടെ ഐക്യത്തിനു ഭീഷണിയാണ്. ആളുകൾ പറയുന്ന തമാശകളിലും അവർ പാടുന്ന പാട്ടുകളിലും ആസ്വദിച്ചുകാണുന്ന പരിപാടികളിലുമെല്ലാം അശ്ലീലവും അധാർമികതയും നിറഞ്ഞുനിൽക്കുന്നു. പരസ്യമായോ രഹസ്യമായോ അധാർമികതയിൽ ഏർപ്പെടാനും അവർക്കു മടിയില്ല. ശൃംഗരിക്കുന്നതുപോലും, അതായത് വിവാഹംകഴിക്കുക എന്ന ഉദ്ദേശ്യമില്ലാതെ ഒരു വ്യക്തിയോട് ലൈംഗിക താത്പര്യത്തോടെ ഇടപെടുന്നത് ഒരുവനെ യഹോവയിൽനിന്നും സഭയിൽനിന്നും അകറ്റിയേക്കാം. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? അത് ഒരുവനെ പരസംഗത്തിലേക്കു നയിക്കാനിടയുണ്ട്. വിവാഹിതനായ ഒരു വ്യക്തിയാണ് ശൃംഗരിക്കുന്നതെങ്കിൽ അയാൾ വ്യഭിചാരത്തിൽ ഏർപ്പെടാൻ അത് ഇടയാക്കിയേക്കാം. കുട്ടികൾക്ക് മാതാപിതാക്കളെയും നിരപരാധിയായ വ്യക്തിക്ക് തന്റെ ഇണയെയും നഷ്ടമാകാൻപോലും അത് കാരണമാകും. അതെ, ശൃംഗാരം ഐക്യം തകർക്കും! “ഇതല്ല നിങ്ങൾ ക്രിസ്തുവിനെക്കുറിച്ചു പഠിച്ചത്” എന്ന് പൗലോസ് എഴുതിയത് തക്കതായ കാരണത്തോടെയാണ്!—എഫെ. 4:20, 21.
11. എന്തു മാറ്റം വരുത്താൻ ക്രിസ്ത്യാനികളെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു?
11 ഐക്യം തകർക്കുന്ന ചിന്താഗതികൾ ഉപേക്ഷിച്ച് മറ്റുള്ളവരുമായി യോജിപ്പിൽ കഴിയാൻ സഹായിക്കുന്ന മനോഭാവങ്ങൾ വളർത്തിയെടുക്കണമെന്ന് പൗലോസ് പറയുകയുണ്ടായി: “മുൻകാല ജീവിതഗതിക്കൊത്തതും വഞ്ചനയുടെ മോഹങ്ങളാൽ ജീർണിച്ചുകൊണ്ടിരിക്കുന്നതുമായ പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞ് നിങ്ങളുടെ മനസ്സുകളെ ഭരിക്കുന്ന ശക്തിസംബന്ധമായി പുതുക്കം പ്രാപിച്ച് ശരിയായ നീതിയിലും വിശ്വസ്തതയിലും ദൈവഹിതപ്രകാരം സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിത്വം ധരിച്ചുകൊള്ളണം.” (എഫെ. 4:22-24) നമ്മുടെ “മനസ്സുകളെ ഭരിക്കുന്ന ശക്തിസംബന്ധമായി പുതുക്കം” പ്രാപിക്കാൻ നമുക്ക് എങ്ങനെ കഴിയും? ദൈവവചനത്തിൽനിന്നും പക്വതയുള്ള ക്രിസ്ത്യാനികളുടെ നല്ല മാതൃകയിൽനിന്നും പഠിക്കുന്ന കാര്യങ്ങൾ വിലമതിപ്പോടെ ധ്യാനിക്കുക; അതോടൊപ്പം നല്ല പരിശ്രമവുമുണ്ടെങ്കിൽ “ദൈവഹിതപ്രകാരം സൃഷ്ടിക്കപ്പെട്ട” പുതിയ വ്യക്തിത്വം ധരിക്കാൻ നമുക്കു കഴിയും.
സംസാരരീതിയിൽ മാറ്റംവരുത്തുക
12. സത്യം സംസാരിക്കുന്നത് ഐക്യം ഊട്ടിവളർത്തുന്നത് എങ്ങനെ, ചിലർക്ക് സത്യം സംസാരിക്കാൻ ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
12 സഭയിലായാലും കുടുംബത്തിലായാലും പരസ്പരം സത്യം സംസാരിക്കേണ്ടത് പ്രധാനമാണ്. ആത്മാർഥതയോടെ ദയാപൂർവം തുറന്നുസംസാരിക്കുക; ഊഷ്മളമായ ബന്ധങ്ങൾക്ക് അത് വഴിയൊരുക്കും. (യോഹ. 15:15) എന്നാൽ ഒരാൾ തന്റെ സഹോദരനോടു നുണ പറയുന്നെങ്കിലോ? സത്യം മനസ്സിലാക്കുമ്പോൾ മറ്റേ വ്യക്തിക്ക് അയാളിലുള്ള വിശ്വാസം നഷ്ടമാകും, അവർക്കിടയിലെ ബന്ധത്തിലും അത് വിള്ളൽവീഴ്ത്തും. അതുകൊണ്ടാണ് പൗലോസ് ഇങ്ങനെ എഴുതിയത്: “ഓരോരുത്തനും താന്താന്റെ അയൽക്കാരനോട് സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിലെ അവയവങ്ങളല്ലോ.” (എഫെ. 4:25) നുണപറയുന്നതു ശീലമാക്കിയ ഒരാൾക്ക് അത് ഉപേക്ഷിക്കാൻ ബുദ്ധിമുട്ടായിരിക്കാം; ചെറുപ്പത്തിലേ തുടങ്ങിയ ശീലമാണെങ്കിൽ പ്രത്യേകിച്ചും. എന്നാൽ മാറ്റംവരുത്താൻ ശ്രമിക്കുന്നപക്ഷം യഹോവയെ അത് സന്തോഷിപ്പിക്കും; ദൈവം അയാളെ സഹായിക്കുകയും ചെയ്യും.
13. ദുഷിച്ച സംസാരം ഒഴിവാക്കാൻ നാം എന്തു ചെയ്യണം?
13 കുടുംബത്തിലും സഭയിലും ആദരവും ഐക്യവും നിലനിറുത്തുന്നതിനായി നമ്മുടെ സംസാരം നിയന്ത്രിക്കാൻ യഹോവ നമ്മെ പഠിപ്പിക്കുന്നു. “ദുഷിച്ചതൊന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്. സകല വിദ്വേഷവും കോപവും ക്രോധവും ആക്രോശവും ദൂഷണവും എല്ലാവിധ ദുർഗുണങ്ങളോടുംകൂടെ നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ” എന്ന് തിരുവെഴുത്തുകൾ പറയുന്നു. (എഫെ. 4:29, 31) മറ്റുള്ളവരോടുള്ള മതിപ്പ് വർധിപ്പിക്കുക; അതാണ് വ്രണപ്പെടുത്തുന്ന സംസാരം ഒഴിവാക്കാനുള്ള ഒരു മാർഗം. ഉദാഹരണത്തിന്, ഒരാൾക്ക് ഭാര്യയെ അധിക്ഷേപിക്കുന്ന ശീലമുണ്ടെന്നിരിക്കട്ടെ. യഹോവ ചില സ്ത്രീകളെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്ത് ക്രിസ്തുവിനോടുകൂടെ രാജാക്കന്മാരായി ഭരിക്കാനുള്ള പ്രത്യാശനൽകി ആദരിക്കുന്നു എന്ന കാര്യം അയാൾ മനസ്സിലാക്കുമ്പോഴോ? ഭാര്യയോടുള്ള തന്റെ മനോഭാവം മാറ്റിയെടുക്കാൻ അയാൾ ശ്രമിക്കണം. (ഗലാ. 3:28; 1 പത്രോ. 3:7) ഇനി, ഭർത്താവിനോടു കയർക്കുന്ന ശീലമുള്ള ഒരു ഭാര്യയുടെ കാര്യമോ? പ്രകോപനമുണ്ടായപ്പോൾപ്പോലും സംയമനംപാലിച്ച യേശുവിനെക്കുറിച്ചു പഠിക്കുമ്പോൾ തന്റെ സ്വഭാവത്തിനു മാറ്റംവരുത്താൻ അവൾ പ്രേരിതയാവണം.—1 പത്രോ. 2:21-23.
14. കോപം പ്രകടിപ്പിക്കുന്നതിന്റെ അപകടമെന്ത്?
14 ദുഷിച്ച സംസാരത്തിനിടയാക്കുന്ന ഒരു ദുർഗുണമാണ് അനിയന്ത്രിതമായ കോപം. ഉറ്റവരെ തമ്മിൽ അകറ്റാനുള്ള ശേഷിയുണ്ട് അതിന്. കോപം തീ പോലെയാണ്. അത് എളുപ്പം നിയന്ത്രണാതീതമായേക്കാം; അങ്ങനെയായാൽ അത് വിനാശംവിതയ്ക്കും. (സദൃ. 29:22) ചില കാര്യങ്ങളിൽ അതൃപ്തി രേഖപ്പെടുത്തുന്നതിൽ തെറ്റില്ലായിരിക്കാം; എന്നാൽ അപ്പോൾപ്പോലും, വിലയേറിയ ബന്ധങ്ങൾ തകരാതിരിക്കണമെങ്കിൽ കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ക്ഷമിക്കുന്ന കാര്യത്തിൽ പുരോഗതിവരുത്തുക; വിരോധം വെച്ചുകൊണ്ടിരിക്കുന്നതും ഉണ്ടായ പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നതും അതേക്കുറിച്ച് പറഞ്ഞുനടക്കുന്നതും ഒക്കെ ഒഴിവാക്കാൻ അപ്പോൾ നമുക്കാകും. (സങ്കീ. 37:8; 103:8, 9; സദൃ. 17:9) എഫെസ്യരെ പൗലോസ് ഇപ്രകാരം ബുദ്ധിയുപദേശിച്ചു: “കോപം വന്നാലും പാപം ചെയ്യരുത്; സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്; പിശാചിന് ഇടംകൊടുക്കുകയുമരുത്.” (എഫെ. 4:26, 27) സഭയ്ക്കുള്ളിൽ അനൈക്യത്തിന്റെ വിത്തുവിതയ്ക്കാനും എന്തിന്, കലഹമുണ്ടാക്കാൻപോലും പിശാചിന് അവസരം ഒരുക്കിക്കൊടുക്കുകയായിരിക്കും കോപം നിയന്ത്രിക്കാൻ പരാജയപ്പെടുന്ന ഒരാൾ.
15. മോഷണത്തിന്റെ ഭവിഷ്യത്ത് എത്ര വലുതാണ്?
15 മോഷണമാണ് സഭയുടെ ഐക്യത്തിനു ഭീഷണിയായേക്കാവുന്ന മറ്റൊരു സംഗതി. “മോഷ്ടാവ് ഇനി മോഷ്ടിക്കാ”തിരിക്കട്ടെ എന്ന് തിരുവെഴുത്ത് ബുദ്ധിയുപദേശിക്കുന്നു. (എഫെ. 4:28) പരസ്പര വിശ്വാസത്തിന്റേതായ ഒരു അന്തരീക്ഷം യഹോവയുടെ ജനത്തിനിടയിൽ നിലനിൽക്കുന്നു. എന്നാൽ ആരെങ്കിലും ആ വിശ്വാസം മുതലെടുത്ത് മറ്റുള്ളവരുടെ വസ്തുവകകൾ അപഹരിച്ചാൽ സഭയുടെ ഐക്യത്തിനു കോട്ടംതട്ടിയേക്കാം.
ദൈവത്തോടുള്ള സ്നേഹം ഐക്യത്തിനു നിദാനം
16. ഐക്യം ദൃഢമാക്കാൻ ആത്മീയവർധനയ്ക്ക് ഉതകുന്ന വാക്കുകൾ സഹായിക്കുന്നത് എങ്ങനെ?
16 ദൈവത്തോടുള്ള സ്നേഹംനിമിത്തം എല്ലാവരും പരസ്പരം സ്നേഹത്തോടെ ഇടപെടുന്നതിനാലാണ് ക്രിസ്തീയ സഭയിൽ ഐക്യം നിലനിൽക്കുന്നത്. യഹോവ കാണിക്കുന്ന കരുണയോടുള്ള വിലമതിപ്പ് പിൻവരുന്ന ബുദ്ധിയുപദേശം ബാധകമാക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു: “കേൾക്കുന്നവർക്കു ഗുണം ചെയ്യേണ്ടതിന്, ആത്മീയവർധനയ്ക്ക് ഉതകുന്നതും സന്ദർഭോചിതവുമായ നല്ല വാക്കു”കൾ ഉപയോഗിച്ചു സംസാരിക്കുക. “തമ്മിൽ ദയയും ആർദ്രാനുകമ്പയും ഉള്ളവരായി ദൈവം ക്രിസ്തുമൂലം നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും അന്യോന്യം ഉദാരമായി ക്ഷമിക്കുവിൻ.” (എഫെ. 4:29, 32) നമ്മെപ്പോലുള്ള അപൂർണമനുഷ്യരോട് യഹോവ കരുണാപൂർവം ക്ഷമിക്കുന്നു. മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും കാണുമ്പോൾ അതുപോലെ നാമും അവരോട് ക്ഷമിക്കേണ്ടതല്ലേ?
17. ഐക്യം ഉന്നമിപ്പിക്കാൻ നാം ആത്മാർഥമായി ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
17 ദൈവജനത്തിനിടയിലെ ഐക്യം യഹോവയ്ക്കു മഹത്ത്വം കരേറ്റുന്നു. ഐക്യം കാത്തുസൂക്ഷിക്കാൻ അവന്റെ ആത്മാവ് വ്യത്യസ്ത വിധങ്ങളിൽ നമ്മെ സഹായിക്കുന്നുണ്ട്. ഈ ആത്മാവിന്റെ വഴിനടത്തിപ്പിന് എതിരെ പ്രവർത്തിക്കാൻ നമ്മളാരും ആഗ്രഹിക്കുന്നില്ല. ‘ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്’ എന്നു പൗലോസ് എഴുതി. (എഫെ. 4:30) നാം നിധിപോലെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് നമുക്കിടയിലെ ഐക്യം. ഐക്യം, അത് ആസ്വദിക്കുന്നവർക്ക് സന്തോഷം നൽകുമെന്നു മാത്രമല്ല, യഹോവയ്ക്കു മഹത്ത്വം കരേറ്റുകയും ചെയ്യും. “ആകയാൽ പ്രിയമക്കളായി ദൈവത്തെ അനുകരിക്കുവിൻ. . . . സ്നേഹത്തിൽ ജീവിക്കുവിൻ.”—എഫെ. 5:1, 2.
നിങ്ങളുടെ ഉത്തരം എന്താണ്?
• ഏതെല്ലാം ഗുണങ്ങൾ ക്രിസ്ത്യാനികൾക്കിടയിൽ ഐക്യം ഉന്നമിപ്പിക്കുന്നു?
• സഭയുടെ ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ നമ്മുടെ പെരുമാറ്റത്തിന് എന്തു പങ്കുണ്ട്?
• മറ്റുള്ളവരുമായി ഐക്യത്തിൽ വർത്തിക്കാൻ നമ്മുടെ സംസാരം സഹായിക്കുന്നത് എങ്ങനെ?
[17-ാം പേജിലെ ചിത്രം]
വ്യത്യസ്ത സംസ്കാരങ്ങളിൽപ്പെട്ട ആളുകൾ ഐക്യത്തിൽ സേവിക്കുന്നു
[18-ാം പേജിലെ ചിത്രം]
ശൃംഗാരത്തിന്റെ അപകടങ്ങൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?