സമ്മാനം നേടാൻ ആത്മനിയന്ത്രണം പാലിക്കുക!
“ഒരു മത്സരത്തിൽ പങ്കെടുക്കുന്ന ഏതു മനുഷ്യനും സകല കാര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കുന്നു.”—1 കൊരിന്ത്യർ 9:25, NW.
1. എഫെസ്യർ 4:22-24-നോടുള്ള ചേർച്ചയിൽ ദശലക്ഷങ്ങൾ യഹോവയുടെ ഹിതം ചെയ്തുകൊള്ളാമെന്നു സമ്മതിച്ചിരിക്കുന്നത് എങ്ങനെ?
യഹോവയുടെ സാക്ഷികളിൽ ഒരാൾ എന്നനിലയിൽ സ്നാപനമേറ്റ വ്യക്തിയാണ് നിങ്ങൾ എങ്കിൽ, നിത്യജീവൻ പ്രതിഫലമായുള്ള ഒരു മത്സരത്തിൽ ഏർപ്പെടാൻ തയ്യാറാണെന്നു നിങ്ങൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. യഹോവയുടെ ഹിതം ചെയ്തുകൊള്ളാമെന്നു നിങ്ങൾ സമ്മതിച്ചു. യഹോവയ്ക്ക് സ്വയം സമർപ്പിക്കുന്നതിനു മുമ്പ്, നമ്മുടെ സമർപ്പണം അർഥവത്താക്കാനായി അഥവാ ദൈവത്തിനു സ്വീകാര്യമാക്കാനായി നമ്മിൽ അനേകർക്കും ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തേണ്ടിവന്നു. “മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ [“പഴയ വ്യക്തിത്വം,” NW] ഉപേക്ഷിച്ചു . . . നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരിച്ചുകൊൾവിൻ” എന്ന ക്രിസ്ത്യാനികളോടുള്ള അപ്പൊസ്തലനായ പൗലൊസിന്റെ ബുദ്ധിയുപദേശം നാം പിൻപറ്റി. (എഫെസ്യർ 4:22-24) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവത്തിന് സമർപ്പിക്കുന്നതിനു മുമ്പ്, അസ്വീകാര്യമായ മുൻ ജീവിതഗതി നാം ഉപേക്ഷിക്കേണ്ടതുണ്ടായിരുന്നു.
2, 3. ദൈവാംഗീകാരം നേടാൻ രണ്ടു തരത്തിലുള്ള മാറ്റം വരുത്തണമെന്ന് 1 കൊരിന്ത്യർ 6:9-12 സൂചിപ്പിക്കുന്നത് എങ്ങനെ?
2 യഹോവയുടെ സാക്ഷികളായിത്തീരാൻ ആഗ്രഹിക്കുന്നവർ ഉരിഞ്ഞുകളയേണ്ട പഴയ വ്യക്തിത്വത്തിന്റെ ചില സവിശേഷതകളെ ദൈവവചനം നേരിട്ടു കുറ്റംവിധിച്ചിരിക്കുന്നു. കൊരിന്ത്യർക്കുള്ള ലേഖനത്തിൽ പൗലൊസ് അവയിൽ ചിലതിനെ കുറിച്ച് എടുത്തു പറഞ്ഞു: “ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ തങ്ങളുടെ വ്യക്തിത്വത്തിന് ആവശ്യമായ മാറ്റങ്ങൾ വരുത്തിയെന്ന് വ്യക്തമാക്കിക്കൊണ്ട് അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു.” ശ്രദ്ധിക്കുക, ആയിരുന്നു എന്നാണ് അവൻ പറഞ്ഞത്, ആണ് എന്നല്ല.—1 കൊരിന്ത്യർ 6:9-11.
3 കൂടുതലായ മാറ്റങ്ങൾ ആവശ്യമായി വന്നേക്കാമെന്നും പൗലൊസ് സൂചിപ്പിച്ചു. കാരണം, അവൻ തുടർന്ന് ഇങ്ങനെ പറഞ്ഞു: “എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാൽ, എല്ലാം പ്രയോജനകരമല്ല.” (1 കൊരിന്ത്യർ 6:12, പി.ഒ.സി. ബൈബിൾ) അതുകൊണ്ട്, ഇന്ന് യഹോവയുടെ സാക്ഷികളായിത്തീരാൻ ആഗ്രഹിക്കുന്ന അനേകർ നിയമാനുസൃതമാണെങ്കിൽ പോലും പ്രയോജനകരമല്ലാത്തതോ നിലനിൽക്കുന്ന മൂല്യമില്ലാത്തതോ ആയ കാര്യങ്ങളെ തള്ളിക്കളയേണ്ടതിന്റെ ആവശ്യം മനസ്സിലാക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ സമയം കവരുന്നതും കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ പിന്തുടരുന്നതിൽനിന്ന് അവരെ വ്യതിചലിപ്പിക്കുന്നതും ആയിരിക്കാം.
4. സമർപ്പിത ക്രിസ്ത്യാനികൾ ഏതു കാര്യത്തിൽ പൗലൊസിനോട് യോജിക്കുന്നു?
4 മനസ്സോടെയാണ് നാം ദൈവത്തിനു സമർപ്പണം നടത്തുന്നത്, അല്ലാതെ മനസ്സില്ലാമനസ്സോടെ വലിയ ഒരു ത്യാഗം ചെയ്യുകയാണെന്ന മട്ടിൽ അല്ല. ക്രിസ്തുവിന്റെ ഒരു അനുഗാമി ആയിത്തീർന്നശേഷം പിൻവരുന്ന വിധം പറഞ്ഞ പൗലൊസിനോട് സമർപ്പിത ക്രിസ്ത്യാനികൾ യോജിക്കുന്നു: “എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തുനിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.” (ഫിലിപ്പിയർ 3:7) തനിക്ക് തുടർന്നും ദൈവഹിതം ചെയ്യാൻ കഴിയേണ്ടതിന് പൗലൊസ് മൂല്യരഹിതമായ കാര്യങ്ങളെ സന്തോഷപൂർവം തള്ളിക്കളഞ്ഞു.
5. ഏത് ഓട്ടത്തിലാണ് പൗലൊസ് വിജയംവരിച്ചത്, നമ്മുടെ കാര്യത്തിൽ ഇതെങ്ങനെ സാധ്യമാകും?
5 ആത്മീയ മത്സരയോട്ടത്തിൽ ആയിരിക്കെ, പൗലൊസ് ആത്മനിയന്ത്രണം പ്രകടമാക്കി. അതുകൊണ്ട് അവന് ഒടുവിൽ ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.” (2 തിമൊഥെയൊസ് 4:7, 8) നമുക്കും ഒരു ദിവസം സമാനമായി പറയാനാകുമോ? വിശ്വാസത്തോടെ ആത്മനിയന്ത്രണം പ്രകടമാക്കിക്കൊണ്ട് മടുത്തു പിന്മാറാതെ അവസാനത്തോളം നമ്മുടെ ക്രിസ്തീയ ഓട്ടത്തിൽ തുടരുന്നെങ്കിൽ നമുക്ക് അതിനു സാധിക്കും.
നന്മ ചെയ്യാൻ ആത്മനിയന്ത്രണം ആവശ്യം
6. ആത്മനിയന്ത്രണം എന്നാൽ എന്ത്, നാം അത് പ്രകടമാക്കേണ്ട രണ്ടു മേഖലകൾ ഏവ?
6 ബൈബിളിൽ “ആത്മനിയന്ത്രണം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ-ഗ്രീക്ക് പദങ്ങൾ അക്ഷരാർഥത്തിൽ സൂചിപ്പിക്കുന്നത്, തന്നെത്തന്നെ നിയന്ത്രിക്കാനുള്ള ഒരു വ്യക്തിയുടെ കഴിവിനെയാണ്. മോശമായ ഒരു കാര്യം ചെയ്യുന്നതിൽനിന്ന് സ്വയം തടയുക എന്ന ആശയമാണ് മിക്കപ്പോഴും അവയ്ക്കുള്ളത്. എന്നാൽ, സത്പ്രവൃത്തികൾക്കായി നമ്മുടെ ശരീരം ഉപയോഗിക്കേണ്ടതിനും ഒരു പരിധിവരെയുള്ള ആത്മനിയന്ത്രണം ആവശ്യമാണ് എന്നതു വ്യക്തമാണ്. അപൂർണ മനുഷ്യന്റെ സ്വാഭാവിക ചായ്വ് തെറ്റിലേക്കാണ്, അതുകൊണ്ട് നമുക്ക് രണ്ടു തരത്തിലുള്ള പോരാട്ടമാണുള്ളത്. (സഭാപ്രസംഗി 7:29; 8:11) തിന്മ ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്നതോടൊപ്പം നന്മ ചെയ്യാനായി നാം നമ്മെത്തന്നെ പ്രേരിപ്പിക്കുകയും വേണം. വാസ്തവത്തിൽ, നന്മ ചെയ്യുന്നതിനായി നമ്മുടെ ശരീരത്തെ നിയന്ത്രിക്കുക എന്നതാണ് തിന്മ ചെയ്യുന്നത് ഒഴിവാക്കാനുള്ള ഒരു മെച്ചപ്പെട്ട വിധം.
7. (എ) ദാവീദിനെപ്പോലെ നാം എന്തിനുവേണ്ടി പ്രാർഥിക്കണം? (ബി) എന്തിനെ കുറിച്ചു ധ്യാനിക്കുന്നത് ആത്മനിയന്ത്രണം കൂടുതലായി പ്രകടമാക്കാൻ നമ്മെ സഹായിക്കും?
7 വ്യക്തമായും, ദൈവത്തോടുള്ള നമ്മുടെ സമർപ്പണം നിറവേറ്റുന്നതിന് ആത്മനിയന്ത്രണം അനുപേക്ഷണീയമാണ്. ദാവീദിനെപ്പോലെ പിൻവരുന്നവിധം നാം പ്രാർഥിക്കേണ്ടതുണ്ട്: “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.” (സങ്കീർത്തനം 51:10) അധാർമികമോ ശരീരത്തിനു ഹാനികരമോ ആയ സംഗതികൾ ഒഴിവാക്കുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ച് നമുക്കു ധ്യാനിക്കാവുന്നതാണ്. അത്തരം കാര്യങ്ങൾ ഒഴിവാക്കാതിരുന്നാൽ ഉണ്ടാകാനിടയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ, തകർന്ന വ്യക്തിബന്ധങ്ങൾ, അകാലമൃത്യു തുടങ്ങിയ ദോഷഫലങ്ങളെ കുറിച്ചു ചിന്തിക്കുക. അതേസമയം, യഹോവയുടെ ഹിതപ്രകാരമുള്ള ജീവിതഗതിയോടു പറ്റിനിൽക്കുന്നതു നിമിത്തം ലഭിക്കുന്ന നിരവധി പ്രയോജനങ്ങളെ കുറിച്ചും ചിന്തിക്കുക. എന്നിരുന്നാലും, യാഥാർഥ്യബോധം പ്രകടമാക്കിക്കൊണ്ട് ഹൃദയം കപടമാണ് എന്ന വസ്തുത ഒരിക്കലും വിസ്മരിക്കാതിരിക്കുക. (യിരെമ്യാവു 17:9) യഹോവയുടെ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ ഗൗരവം കുറച്ചുകാണാനുള്ള ഹൃദയത്തിന്റെ ശ്രമങ്ങളെ ചെറുത്തുനിൽക്കാൻ നാം ദൃഢചിത്തരായിരിക്കണം.
8. ഏതു യാഥാർഥ്യം മനസ്സിലാക്കാൻ അനുഭവം നമ്മെ സഹായിക്കുന്നു? ദൃഷ്ടാന്തീകരിക്കുക.
8 ജഡത്തിന്റെ ഒരുക്കമില്ലായ്മ നമ്മുടെ മനസ്സൊരുക്കത്തെ കെടുത്തിക്കളഞ്ഞേക്കാമെന്ന് അനുഭവത്തിൽനിന്ന് നമ്മിൽ മിക്കവരും മനസ്സിലാക്കിയിട്ടുണ്ടാകും. ഉദാഹരണത്തിന്, രാജ്യപ്രസംഗത്തെ കുറിച്ചു ചിന്തിക്കുക. ഈ ജീവദായക വേലയിൽ പങ്കെടുക്കാനുള്ള മനുഷ്യരുടെ മനസ്സൊരുക്കം യഹോവയെ സന്തോഷിപ്പിക്കുന്നു. (സങ്കീർത്തനം 110:3; മത്തായി 24:14) പരസ്യമായി സുവാർത്ത പ്രസംഗിക്കുക എന്നത് നമ്മിൽ പലർക്കും എളുപ്പമല്ലായിരുന്നു. അതിനായി, സ്വന്തം ശരീരത്തെ നിയന്ത്രിക്കേണ്ടത്, അതായത് ‘ദണ്ഡിപ്പിച്ച് അടിമയാക്കേണ്ടത്’ ആവശ്യമായിരുന്നു. ഒരുപക്ഷേ അത് ഇപ്പോഴും ആവശ്യമായിരിക്കാം. എന്നിരുന്നാലും, ഏറ്റവും എളുപ്പമുള്ള ഗതി പിന്തുടരാൻ നിങ്ങൾ നിങ്ങളെത്തന്നെ അനുവദിച്ചില്ല.—1 കൊരിന്ത്യർ 9:16, 27; 1 തെസ്സലൊനീക്യർ 2:2.
“സകല കാര്യങ്ങളിലും”?
9, 10. “സകല കാര്യങ്ങളിലും ആത്മനിയന്ത്രണം” പാലിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
9 “സകല കാര്യങ്ങളിലും ആത്മനിയന്ത്രണം” പാലിക്കാനുള്ള ബൈബിളിന്റെ ബുദ്ധിയുപദേശം, നമ്മുടെ കോപം നിയന്ത്രിക്കുന്നതിലും അധാർമിക നടത്തയിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നതിലും അധികം അതിൽ ഉൾപ്പെട്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. ഈ മേഖലകളിൽ നാം ആത്മനിയന്ത്രണം ആർജിച്ചിട്ടുണ്ടെന്ന് നമുക്കു തോന്നിയേക്കാം. അതു ശരിയാണെങ്കിൽ നമുക്ക് സന്തോഷത്തിനു വകയുണ്ട്. എന്നാൽ, ആത്മനിയന്ത്രണത്തിന്റെ ആവശ്യം അത്രയ്ക്കു ശ്രദ്ധേയമല്ലാതിരുന്നേക്കാവുന്ന ജീവിതത്തിലെ മറ്റു മണ്ഡലങ്ങളെ സംബന്ധിച്ചോ? ഉദാഹരണത്തിന്, നാം താമസിക്കുന്നത് ഉന്നത ജീവിതനിലവാരമുള്ള താരതമ്യേന സമ്പന്നമായ ഒരു രാജ്യത്താണെന്നു കരുതുക. അനാവശ്യമായ പണച്ചെലവുകൾ ഒഴിവാക്കാൻ പഠിക്കുന്നതു ബുദ്ധിയായിരിക്കില്ലേ? കണ്ണിൽ കാണുന്നതെന്തും, അവ ലഭ്യവും ആകർഷകവും തങ്ങളുടെ സാമ്പത്തിക പരിധിക്കുള്ളിൽ വരുന്നതും ആണ് എന്നതുകൊണ്ടുമാത്രം, വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാൻ മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കുന്നത് നല്ലതായിരിക്കും. എന്നാൽ, അത്തരം നിർദേശങ്ങൾ ഫലവത്താകണമെങ്കിൽ മാതാപിതാക്കൾതന്നെ നല്ല മാതൃക വെക്കണം.—ലൂക്കൊസ് 10:38-42.
10 ആവശ്യമുള്ള എന്തെങ്കിലുമൊരു സംഗതി ഇല്ലാതെ ജീവിക്കാൻ പഠിക്കുന്നത് നിങ്ങളുടെ നിശ്ചയദാർഢ്യം വർധിപ്പിക്കും. അതു മാത്രമല്ല, നമുക്കുള്ള ഭൗതിക വസ്തുക്കളോടു വിലമതിപ്പു വർധിപ്പിക്കാനും, സ്വന്ത തീരുമാനത്താൽ അല്ല നിവൃത്തിയില്ലാത്തതിനാൽ ചില വസ്തുക്കൾ കൂടാതെ കഴിയേണ്ടിവരുന്നവരോട് കൂടുതൽ സഹാനുഭൂതി കാണിക്കാനും അതു നമ്മെ സഹായിക്കും. ഒതുങ്ങി ജീവിക്കുന്നത്, “നിങ്ങളോടുതന്നെ നല്ലവനായിരിക്കുക” എന്നോ “നിങ്ങൾ ഏറ്റവും നല്ലത് അർഹിക്കുന്നു” എന്നോ പോലുള്ള പൊതുമനോഭാവങ്ങൾക്കു വിരുദ്ധമാണ് എന്നതു ശരിതന്നെ. മനസ്സിൽ ഒരു ആഗ്രഹം തോന്നിയോ എങ്കിലത് ഉടനെ തൃപ്തിപ്പെടുത്തുക എന്ന ആശയത്തെയാണ് പരസ്യലോകം പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ സ്വന്തം സാമ്പത്തിക ലാഭത്തിനുവേണ്ടിയാണ് അത് അങ്ങനെ ചെയ്യുന്നത്. ആത്മനിയന്ത്രണം പാലിക്കാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഈ സ്ഥിതിവിശേഷം ഒരു തടസ്സമായേക്കാം. ഒരു സമ്പന്ന യൂറോപ്യൻ രാജ്യത്തെ ഒരു മാസിക അടുത്തയിടെ ഇപ്രകാരം പറഞ്ഞു: “അനഭിലഷണീയമായ പ്രവണതകളെ നിയന്ത്രിച്ചുനിറുത്താനായി, കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലമർന്നിരിക്കുന്നവർ ആന്തരികമായ പോരാട്ടം നടത്തേണ്ടതുണ്ടെങ്കിൽ ഇന്നത്തെ സമ്പന്ന സമൂഹത്തിൽ പാലും തേനും ഒഴുകുന്ന രാജ്യങ്ങളിൽ കഴിയുന്നവർക്ക് അത് എത്രയോ ആവശ്യമാണ്!”
11. ചില കാര്യങ്ങൾ ഇല്ലാതെ ജീവിക്കാൻ പഠിക്കുന്നത് പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട്, അങ്ങനെ ചെയ്യുന്നതിനെ ബുദ്ധിമുട്ടാക്കിത്തീർക്കുന്നത് എന്ത്?
11 നമ്മൾ ആഗ്രഹിക്കുന്നതും യഥാർഥത്തിൽ ആവശ്യമുള്ളതും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, നാം ചുമതലാബോധമില്ലാതെ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുന്നത് സഹായകമായിരുന്നേക്കാം. ഉദാഹരണമായി, കണക്കില്ലാതെ പണം ചെലവഴിക്കാനുള്ള പ്രവണതയോട് പോരാടുകയാണെങ്കിൽ സാധനങ്ങൾ കടമായി വാങ്ങാതിരിക്കാനോ ഷോപ്പിങ്ങിനു പോകുമ്പോൾ ഒരു നിശ്ചിത തുക മാത്രം കൈയിൽ കരുതാനോ നാം ആഗ്രഹിച്ചേക്കാം. “ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്” എന്ന് പൗലൊസ് പറഞ്ഞത് ഓർക്കുക. അവൻ പിൻവരുംവിധം ന്യായവാദം ചെയ്തു: “നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല. ഭക്ഷണവും വസ്ത്രവുമുണ്ടെങ്കിൽ അതുകൊണ്ട് നമുക്കു തൃപ്തിപ്പെടാം.” (1 തിമൊഥെയൊസ് 6:6-8, പി.ഒ.സി. ബൈ.) നമുക്ക് ആ മനോഭാവം ഉണ്ടോ? നമ്മുടെ അനാവശ്യ ആഗ്രഹങ്ങളെല്ലാം—അവ എന്തും ആയിക്കൊള്ളട്ടെ—തൃപ്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ലളിതമായ ജീവിതം നയിക്കാൻ പഠിക്കുന്നതിന് നിശ്ചയദാർഢ്യവും ആത്മനിയന്ത്രണവും ആവശ്യമാണ്. എന്നിരുന്നാലും പഠിക്കാൻതക്ക മൂല്യമുള്ള ഒരു പാഠമാണ് അത്.
12, 13. (എ) ക്രിസ്തീയ യോഗങ്ങളിൽ ആത്മനിയന്ത്രണം ഉൾപ്പെട്ടിരിക്കുന്നത് ഏതു വിധങ്ങളിൽ? (ബി) നാം ആത്മനിയന്ത്രണം നട്ടുവളർത്തേണ്ട മറ്റു ചില മണ്ഡലങ്ങൾ ഏവ?
12 ക്രിസ്തീയ യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിൽ സംബന്ധിക്കുമ്പോഴും ആത്മനിയന്ത്രണം പ്രകടമാക്കേണ്ടതാണ്. ഉദാഹരണത്തിന്, പരിപാടി നടക്കുന്ന സമയത്ത് അലഞ്ഞുതിരിയാൻ മനസ്സിനെ അനുവദിക്കാതിരിക്കാൻ ആ ഗുണം കൂടിയേ തീരൂ. (സദൃശവാക്യങ്ങൾ 1:5) പ്രസംഗകന് പൂർണ ശ്രദ്ധകൊടുക്കാതെ അടുത്തിരിക്കുന്നവരോടു കുശുകുശുത്തുകൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധ പതറിക്കാതിരിക്കാനും ആത്മനിയന്ത്രണം ആവശ്യമായിരിക്കാം. കൃത്യസമയത്തുതന്നെ വരാൻ തക്കവിധം നമ്മുടെ കാര്യാദികൾ ക്രമീകരിക്കുന്നതിലും ആത്മനിയന്ത്രണം പ്രകടമാക്കുന്നത് ഉൾപ്പെട്ടേക്കാം. കൂടാതെ, യോഗങ്ങൾക്കു തയ്യാറാകാനായി സമയം നീക്കിവെക്കാനും ഉത്തരങ്ങൾ പറയാനും ആത്മനിയന്ത്രണം ആവശ്യമുണ്ടായിരിക്കാം.
13 ചെറിയ കാര്യങ്ങളിൽ ആത്മനിയന്ത്രണം പാലിക്കുന്നത് വലിയ കാര്യങ്ങളിലും അങ്ങനെ ചെയ്യാനുള്ള നമ്മുടെ കഴിവിനെ ശക്തിപ്പെടുത്തുന്നു. (ലൂക്കൊസ് 16:10) അതിനാൽ, ദൈവവചനവും ബൈബിൾ പ്രസിദ്ധീകരണങ്ങളും വായിക്കാനും പഠിക്കാനും അവയെ കുറിച്ചു ധ്യാനിക്കാനുമായി നമ്മെത്തന്നെ അഭ്യസിപ്പിക്കുന്നത് എത്ര മെച്ചമാണ്! അനുചിതമായ തൊഴിൽ, കൂട്ടുകെട്ടുകൾ, മനോഭാവങ്ങൾ, ശീലങ്ങൾ എന്നിവയെയോ ദൈവസേവനത്തിനായുള്ള വിലപ്പെട്ട സമയം കവർന്നു കളഞ്ഞേക്കാവുന്ന പ്രവർത്തനങ്ങളെയോ തള്ളിക്കളയാൻ നമ്മെത്തന്നെ പരിശീലിപ്പിക്കുന്നത് എത്ര ജ്ഞാനപൂർവകമായ ഒരു ഗതിയാണ്! യഹോവയുടെ ലോകവ്യാപക സഭയുടെ ആത്മീയ പറുദീസയിൽനിന്ന് നമ്മെ അകറ്റിയേക്കാവുന്ന കാര്യങ്ങൾക്കെതിരെയുള്ള ഒരു നല്ല സംരക്ഷണമാണ് ദൈവസേവനത്തിൽ തിരക്കുള്ളവരായിരിക്കുക എന്നത്.
ആത്മനിയന്ത്രണത്തിലൂടെ പൂർണ വളർച്ച പ്രാപിക്കുക
14. (എ) കുട്ടികൾ ആത്മനിയന്ത്രണം പാലിക്കാൻ പഠിക്കേണ്ടതെങ്ങനെ? (ബി) ചെറുപ്രായത്തിൽത്തന്നെ കുട്ടികൾ അത്തരം പാഠങ്ങൾ പഠിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ ഏവ?
14 ഒരു നവജാത ശിശുവിന് ആത്മനിയന്ത്രണമില്ല. കുട്ടികളുടെ പെരുമാറ്റത്തെ കുറിച്ച് വിദഗ്ധർ എഴുതിയ ഒരു ലഘുലേഖ ഇങ്ങനെ വിശദീകരിക്കുന്നു: “ആത്മനിയന്ത്രണം സ്വാഭാവികമായോ പൊടുന്നനെയോ ഉണ്ടാകുന്നതല്ല. ആത്മനിയന്ത്രണം പഠിച്ചുതുടങ്ങാനായി നവജാത ശിശുക്കൾക്കും പിച്ചവെക്കുന്ന കുഞ്ഞുങ്ങൾക്കും മാതാപിതാക്കളുടെ മാർഗനിർദേശവും പിന്തുണയും ആവശ്യമാണ്. . . . മാതാപിതാക്കളുടെ സഹായത്തോടെ ഈ പഠനപ്രക്രിയ തുടരുകയും സ്കൂൾ വർഷങ്ങളിലുടനീളം ആത്മനിയന്ത്രണം വർധിക്കുകയും ചെയ്യും.” നാലു വയസ്സുള്ള കുട്ടികളിൽ നടത്തിയ ഒരു പഠനം, ഒരു പരിധിയോളം ആത്മനിയന്ത്രണം പാലിക്കാൻ പഠിച്ചവർ “എല്ലാ സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെടുന്നവരും ജനസമ്മതരും വെല്ലുവിളികളെ നേരിടാൻ ധൈര്യമുള്ളവരും ആത്മവിശ്വാസികളും ആശ്രയയോഗ്യരുമായ കൗമാരപ്രായക്കാരായി പൊതുവെ വളർന്നുവരുന്നു” എന്ന് വെളിപ്പെടുത്തുകയുണ്ടായി. ഈ പാഠം പഠിച്ചുതുടങ്ങിയിട്ടില്ലാഞ്ഞവർ “ഏകാന്തരും എളുപ്പം നിരാശരും പിടിവാശിക്കാരുമായിത്തീരാനും ഉള്ള സാധ്യത കൂടുതലായിരുന്നു. അവർ സമ്മർദത്തിനു വഴിപ്പെടുകയും വെല്ലുവിളികളിൽനിന്ന് ഒഴിഞ്ഞുമാറി നിൽക്കുകയും ചെയ്തു.” വ്യക്തമായും, എല്ലാ സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെടുന്ന ഒരു വ്യക്തിയായി വളർന്നുവരണമെങ്കിൽ, ഒരു കുട്ടി ആത്മനിയന്ത്രണം പാലിക്കാൻ പഠിച്ചേ മതിയാകൂ.
15. ആത്മനിയന്ത്രണത്തിന്റെ അഭാവം എന്തിന്റെ സൂചനയാണ്, അതിന് വിപരീതമായി ഏത് ലക്ഷ്യത്തെയാണ് ബൈബിൾ പ്രോത്സാഹിപ്പിക്കുന്നത്?
15 സമാനമായി, പൂർണ വളർച്ചയെത്തിയ ക്രിസ്ത്യാനികൾ ആയിത്തീരണമെങ്കിൽ, നാം ആത്മനിയന്ത്രണം പ്രകടമാക്കാൻ പഠിക്കേണ്ടതുണ്ട്. ഇതിന്റെ അഭാവം നാം ഇപ്പോഴും ആത്മീയ ശിശുക്കളാണ് എന്നതിന്റെ സൂചനയാണ്. “ഗ്രഹണപ്രാപ്തികളിൽ പൂർണ വളർച്ച പ്രാപിച്ചവർ ആയിത്തീരുവിൻ” എന്നു ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (1 കൊരിന്ത്യർ 14:20, NW) ‘വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂർണ്ണജ്ഞാനത്തിലും എത്തിച്ചേരുകയും ക്രിസ്തുവിന്റെ പരിപൂർണ്ണതയുടെ അളവനുസരിച്ചു പക്വതയാർന്ന [“പൂർണ വളർച്ചയെത്തിയ,” NW] മനുഷ്യരാകുകയും ചെയ്യുക’ എന്നതാണ് നമ്മുടെ ലക്ഷ്യം. എന്തുകൊണ്ട്? നാം “മനുഷ്യരുടെ ചതിയാലും ഉപായത്താലും തെററിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാററിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാ”തിരിക്കേണ്ടതിന്. (എഫെസ്യർ 4:13, പി.ഒ.സി. ബൈ; 14) വ്യക്തമായും, ആത്മനിയന്ത്രണം പ്രകടമാക്കാൻ പഠിക്കുന്നത് നമ്മുടെ ആത്മീയതയ്ക്ക് അനിവാര്യമാണ്.
ആത്മനിയന്ത്രണം നട്ടുവളർത്തൽ
16. യഹോവ സഹായം നൽകുന്നത് എങ്ങനെ?
16 ആത്മനിയന്ത്രണം നട്ടുവളർത്തുന്നതിന് നമുക്കു ദിവ്യ സഹായം വേണം, അതു ലഭ്യവുമാണ്. വ്യക്തിപരമായി നാം ഏതു മേഖലയിലാണ് മാറ്റങ്ങൾ വരുത്തേണ്ടതെന്ന് ന്യൂനതയില്ലാത്ത ഒരു കണ്ണാടിപോലെ ദൈവവചനം കാണിച്ചുതരുകയും അത് എങ്ങനെ ചെയ്യാം എന്നതു സംബന്ധിച്ച ബുദ്ധിയുപദേശം നൽകുകയും ചെയ്യുന്നു. (യാക്കോബ് 1:22-25) സ്നേഹമുള്ള സഹോദരവർഗവും സഹായം നൽകാൻ ഒരുക്കമുള്ളവരാണ്. ക്രിസ്തീയ മൂപ്പന്മാർ സഹാനുഭൂതി പ്രകടമാക്കിക്കൊണ്ട് വ്യക്തിപരമായ സഹായം നൽകുന്നു. പ്രാർഥനയിൽ യഹോവയോട് പരിശുദ്ധാത്മാവിനുവേണ്ടി അപേക്ഷിക്കുന്നവർക്ക് അവൻ അതു നിർല്ലോഭമായി നൽകുന്നു. (ലൂക്കൊസ് 11:13; റോമർ 8:26) അതുകൊണ്ട് സന്തോഷത്തോടെ നമുക്ക് ഈ കരുതലുകൾ ഉപയോഗപ്പെടുത്താം. 21-ാം പേജിലെ നിർദേശങ്ങൾ സഹായകമായേക്കാം.
17. സദൃശവാക്യങ്ങൾ 24:16 നമുക്ക് നൽകുന്ന പ്രോത്സാഹനം എന്ത്?
17 യഹോവയെ പ്രസാദിപ്പിക്കാനായി നാം ചെയ്യുന്ന ശ്രമങ്ങളെ അവൻ വിലമതിക്കുന്നുണ്ടെന്ന അറിവ് എത്ര ആശ്വാസദായകമാണ്! കൂടുതൽ ആത്മനിയന്ത്രണത്തിനായുള്ള ശ്രമം തുടരാൻ ഇതു നമ്മെ പ്രേരിപ്പിക്കണം. എത്ര തവണ ഇടറിവീണാലും നാം ഒരിക്കലും ശ്രമം ഉപേക്ഷിക്കരുത്. “നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്ക്കും.” (സദൃശവാക്യങ്ങൾ 24:16) നാം യഹോവയെ പ്രസാദിപ്പിക്കുന്ന ഓരോ പ്രാവശ്യവും അതിൽ സന്തോഷിക്കാൻ നമുക്കു കാരണമുണ്ട്. യഹോവ നമ്മിൽ സംപ്രീതനാണെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. ‘എന്റെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുന്നതിന് മുമ്പായി ആത്മനിയന്ത്രണം പ്രകടമാക്കിക്കൊണ്ട് പുകവലിക്കാതിരുന്നതു നിമിത്തം ഓരോ ആഴ്ചയിലും ലാഭിച്ച പണംകൊണ്ട് എനിക്ക് ഉപകാരപ്രദമായ സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞിരിക്കുന്നു’ എന്ന് ഒരു സാക്ഷി പറയുന്നു.
18. (എ) ആത്മനിയന്ത്രണത്തിനായുള്ള നമ്മുടെ പോരാട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ത്? (ബി) യഹോവ എന്ത് ഉറപ്പ് നൽകുന്നു?
18 ഏറ്റവും പ്രധാനമായി, ആത്മനിയന്ത്രണത്തിൽ മനസ്സും വികാരങ്ങളും ഉൾപ്പെട്ടിരിക്കുന്നുവെന്ന് നാം ഓർക്കണം. യേശുവിന്റെ പിൻവരുന്ന വാക്കുകളിൽനിന്ന് അതു വ്യക്തമാണ്: “സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.” (മത്തായി 5:28; യാക്കോബ് 1:14, 15) സ്വന്ത മനസ്സിനെയും വികാരങ്ങളെയും നിയന്ത്രിക്കാൻ പഠിച്ചിരിക്കുന്ന ഒരാൾ തന്റെ മുഴു ശരീരത്തെയും നിയന്ത്രിക്കുക എളുപ്പമാണെന്നു കണ്ടെത്തും. അതുകൊണ്ട്, തെറ്റു ചെയ്യുന്നത് മാത്രമല്ല അതിനെ കുറിച്ചു ചിന്തിക്കുന്നതുപോലും ഒഴിവാക്കാനുള്ള തീരുമാനം നമുക്ക് ശക്തിപ്പെടുത്താം. അനുചിതമായ ചിന്തകൾ മനസ്സിലേക്കു വരുന്നെങ്കിൽ അവയെ ഉടൻതന്നെ പുറന്തള്ളുക. പ്രാർഥനാപൂർവം യേശുവിൽ നമ്മുടെ ദൃഷ്ടികൾ കേന്ദ്രീകരിച്ചുകൊണ്ട് നമുക്കു പ്രലോഭനത്തിൽനിന്ന് ഓടിയകലാം. (1 തിമൊഥെയൊസ് 6:11; 2 തിമൊഥെയൊസ് 2:22; എബ്രായർ 4:15, 16) നമ്മുടെ പരമാവധി നാം പ്രവർത്തിക്കുമ്പോൾ, സങ്കീർത്തനം 55:22-ലെ ബുദ്ധിയുപദേശം നാം പിൻപറ്റുകയാകും ചെയ്യുക: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.”
നിങ്ങൾ ഓർമിക്കുന്നുവോ?
• ഏതു രണ്ടു വിധങ്ങളിലാണ് നാം ആത്മനിയന്ത്രണം പാലിക്കേണ്ടത്?
• ‘സകല കാര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കുക’ എന്നതിന്റെ അർഥമെന്ത്?
• ആത്മനിയന്ത്രണം നട്ടുവളർത്താനുള്ള പ്രായോഗികമായ ഏതു നിർദേശങ്ങളാണ് അധ്യയനത്തിനിടെ നിങ്ങൾ വിശേഷാൽ ശ്രദ്ധിച്ചത്?
• ആത്മനിയന്ത്രണത്തിന്റെ തുടക്കം എവിടെയാണ്?
[21 -ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ആത്മനിയന്ത്രണത്തെ ശക്തിപ്പെടുത്താവുന്ന വിധം
• ചെറിയ കാര്യങ്ങളിൽപ്പോലും അതു നട്ടുവളർത്തുക
•ഇപ്പോഴും ഭാവിയിലും അതു കൈവരുത്തുന്ന പ്രയോജനങ്ങളെ കുറിച്ചു ധ്യാനിക്കുക
• ദൈവം വിലക്കുന്ന കാര്യങ്ങളുടെ സ്ഥാനത്തേക്ക് അവൻ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങൾ കൊണ്ടുവരിക
• അനുചിതമായ ആശയങ്ങളെ ഉടൻ തള്ളിക്കളയുക
• ആത്മീയമായി കെട്ടുപണി ചെയ്യുന്ന കാര്യങ്ങൾകൊണ്ട് മനസ്സിനെ നിറയ്ക്കുക
• പക്വതയുള്ള ക്രിസ്ത്യാനികളിൽനിന്നുള്ള സഹായം സ്വീകരിക്കുക
• പ്രലോഭനാത്മക സാഹചര്യങ്ങൾ ഒഴിവാക്കുക
• പ്രലോഭനങ്ങളെ നേരിടുമ്പോൾ ദൈവസഹായത്തിനായി പ്രാർഥിക്കുക
[18, 19 പേജുകളിലെ ചിത്രങ്ങൾ]
ആത്മനിയന്ത്രണം നന്മ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു