നിങ്ങളുടെ വിവാഹപ്രതിജ്ഞയ്ക്കു ചേർച്ചയിൽ ജീവിക്കൽ!
വിവാഹദിവസം സന്തോഷകരമായ ഒരു ദിവസമാണ്. അതു വളരെ ഗൗരവാവഹമായ ഒരു അവസരം കൂടിയാണ്. തങ്ങളുടെ ശിഷ്ട ജീവകാലത്തെ മുഴുവൻ ബാധിക്കുന്ന ഗൗരവാവഹമായ ഒരു വാഗ്ദാനമാണു വധൂവരന്മാർ നടത്തുന്നത്. അതിഥികൾ എന്നനിലയിൽ വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയിരിക്കുന്നവർ ഈ ഗൗരവാവഹമായ വാഗ്ദാനത്തിന്റെ സാക്ഷികളാണ്, എന്നാൽ മുഖ്യ സാക്ഷി യഹോവയാം ദൈവമാണ്.
പ്രത്യേക തരത്തിലുള്ള നടപടിക്രമങ്ങളോ വിവാഹച്ചടങ്ങോ ബൈബിൾ നിഷ്കർഷിക്കുന്നില്ല. എന്നിരുന്നാലും, അതിന്റെ ദിവ്യ ഉത്ഭവത്തെ അംഗീകരിച്ചുകൊണ്ട്, ഒരു മതചടങ്ങിൽവെച്ചുള്ള വിവാഹപ്രതിജ്ഞകളുടെ ഉപയോഗത്തിലൂടെയാണു വിവാഹം സാധാരണമായി നടത്തുന്നത്. കുറെ വർഷങ്ങളായി യഹോവയുടെ സാക്ഷികൾ പിൻവരുന്ന വിവാഹപ്രതിജ്ഞയാണ് ഉപയോഗിച്ചുവരുന്നത്: “—— എന്ന ഞാൻ—— എന്ന നിങ്ങളെ, ക്രിസ്തീയ (ഭാര്യമാർക്കായി/ഭർത്താക്കന്മാർക്കായി) വിശുദ്ധ തിരുവെഴുത്തുകളിൽ വിവരിച്ചിരിക്കുന്ന ദിവ്യ നിയമത്തിന് അനുസൃതമായി, ദൈവത്തിന്റെ ദാമ്പത്യ ക്രമീകരണപ്രകാരം, നമ്മൾ ഇരുവരും ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം, സ്നേഹിക്കുന്നതിനും വാത്സല്യപൂർവം പരിപാലിക്കുന്നതിനും (വധു: ആഴമായി ബഹുമാനിക്കുന്നതിനും) എന്റെ വിവാഹിത (ഭാര്യയായി/ഭർത്താവായി) സ്വീകരിച്ചുകൊള്ളുന്നു.”a
ചിന്തിക്കാനുള്ളവ
നിങ്ങൾ വിവാഹത്തെക്കുറിച്ചു ചിന്തിക്കുകയാണെങ്കിൽ, വിവാഹദിവസത്തിനു മുമ്പ് ഈ പ്രതിജ്ഞയുടെ ആഴത്തെയും അർഥത്തെയും കുറിച്ചു ചിന്തിക്കുന്നതു വളരെ മൂല്യവത്തായിരിക്കും. ശലോമോൻ ഇങ്ങനെ പറഞ്ഞു: “അതിവേഗത്തിൽ ഒന്നും പറയരുതു; ദൈവസന്നിധിയിൽ ഒരു വാക്കു ഉച്ചരിപ്പാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുതു.” (സഭാപ്രസംഗി 5:2) നിങ്ങൾ ഇതിനോടകം വിവാഹിതരാണെങ്കിലോ? അങ്ങനെയെങ്കിൽ, നിങ്ങൾ യഹോവയുടെ മുമ്പാകെ നടത്തിയ ഗൗരവാവഹമായ വാഗ്ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ധ്യാനിക്കുന്നതു നിങ്ങൾക്കു പ്രയോജനം ചെയ്യും. നിങ്ങൾ അതിനു ചേർച്ചയിലാണോ ജീവിക്കുന്നത്? ക്രിസ്ത്യാനികൾ തങ്ങളുടെ വാഗ്ദാനങ്ങൾ ഗൗരവമായെടുക്കുന്നു. ശലോമോൻ ഇങ്ങനെ തുടർന്നു: “നീ നേർന്നതു കഴിക്ക. നേർന്നിട്ടു കഴിക്കാതെയിരിക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നതു നല്ലതു. നിന്റെ വായ് നിന്റെ ദേഹത്തിന്നു പാപകാരണമാകരുതു; അബദ്ധവശാൽ വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയിൽ പറകയും അരുതു.”—സഭാപ്രസംഗി 5:4-6.
ഈ വിവാഹപ്രതിജ്ഞയുടെ ഒരു വാക്യാംശ പരിചിന്തനം ഗൗരവമായ ആ വാഗ്ദാനത്തെക്കുറിച്ചുള്ള നിങ്ങളുടെ ഗ്രാഹ്യത്തെ സമ്പന്നമാക്കും എന്നതിനു സംശയമില്ല.
“വിശുദ്ധ തിരുവെഴുത്തുകളിൽ വിവരിച്ചിരിക്കുന്ന ദിവ്യ നിയമത്തിന് അനുസൃതമായി”: നാം തിരഞ്ഞെടുക്കുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ആസ്വദിക്കാൻ ദൈവമാഗ്രഹിക്കുന്നു. ദാമ്പത്യജീവിതത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ മടുപ്പുളവാക്കുന്ന ഒരു പട്ടികകൊണ്ട് അവൻ നമ്മെ ഭാരപ്പെടുത്തുന്നില്ല. എന്നാൽ നമ്മുടെ സ്വന്തം പ്രയോജനത്തിനായി അവൻ ചില മാർഗനിർദേശങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്.
ഇന്നു വിവാഹബന്ധത്തെക്കുറിച്ചു വൈവിധ്യമാർന്ന പുസ്തകങ്ങൾ ധാരാളമുണ്ട്. പല ആളുകൾക്കും അവരുടേതായ തത്ത്വശാസ്ത്രങ്ങളുമുണ്ട്. എന്നാൽ ജാഗ്രത പുലർത്തുക! വിവാഹം എന്ന വിഷയത്തെക്കുറിച്ചു പ്രചരിക്കുന്ന വിവരങ്ങളിലധികവും ബൈബിളുമായി കടകവിരുദ്ധമാണ്.
ഓരോ ദമ്പതിമാരുടെയും കാര്യത്തിൽ ചുറ്റുപാടുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന കാര്യവും മനസ്സിലാക്കുക. ഒരു വിധത്തിൽ പറഞ്ഞാൽ, വിവാഹദമ്പതികൾ ഹിമഫലകങ്ങൾ പോലെയാണ്; അകലെനിന്നു നോക്കുമ്പോൾ സമാനതയുള്ളതായി തോന്നിയേക്കാം, എന്നാൽ വാസ്തവത്തിൽ ഓരോരുത്തരും അനുപമരാണ്, മറ്റെല്ലാവരിൽനിന്നും വിഭിന്നരാണ്. നിങ്ങളുടെ ഇണയുടേതുമായി ഇണങ്ങിച്ചേരുന്ന നിങ്ങളുടെ വ്യക്തിത്വപൊരുത്തം ലോകത്തിൽ മറ്റേതൊരു വിവാഹിത ദമ്പതികളുടെയും കാര്യത്തിൽ ആവർത്തിക്കുന്നില്ല. അതുകൊണ്ട് മറ്റുള്ളവരുടെ വ്യക്തിപരമായ വീക്ഷണഗതികൾ സ്വീകരിക്കാൻ തിടുക്കം കാട്ടാതിരിക്കുക. എല്ലാ വിവാഹജീവിതത്തിനും ബാധകമാകുന്ന മനുഷ്യനിർമിതമായ യാതൊരു സൂത്രവാക്യവുമില്ല!
അതിൽനിന്നു വ്യത്യസ്തമായി ബൈബിളിലെ എല്ലാ കൽപ്പനകളും സത്യവും പ്രായോഗികവുമാണ്. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പഠിപ്പിക്കുന്നതിനും ശാസിക്കുന്നതിനും കാര്യങ്ങൾ നേരെ ആക്കുന്നതിനും പ്രയോജനപ്രദവുമാകുന്നു.’ (2 തിമോത്തി 3:16, NW; സങ്കീർത്തനം 119:151) ബൈബിൾ വായിക്കുകയും അതിന്റെ പഠിപ്പിക്കലുകൾ ദൈനംദിന ജീവിതത്തിന്റെ ഒരു വഴികാട്ടിയായി സ്വീകരിക്കുകയും ചെയ്താൽ, നിങ്ങളുടെ വിവാഹപ്രതിജ്ഞയ്ക്കു ചേർച്ചയിൽ ജീവിക്കാൻ നിങ്ങൾക്കാകും.—സങ്കീർത്തനം 119:105.
“ദൈവത്തിന്റെ ദാമ്പത്യ ക്രമീകരണപ്രകാരം”: വിവാഹ ക്രമീകരണം സ്ഥാപിച്ച യഹോവയാം ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണു വിവാഹം. (സദൃശവാക്യങ്ങൾ 19:14) അവന്റെ ക്രമീകരണം പിൻപറ്റുന്നതിലുള്ള പരാജയം നിങ്ങളുടെ വൈവാഹിക സന്തുഷ്ടിയെ മാത്രമല്ല, സ്രഷ്ടാവുമായുള്ള നിങ്ങളുടെ ബന്ധത്തെപ്പോലും ഭീഷണിപ്പെടുത്തും. നേരേമറിച്ച്, ഭർത്താവും ഭാര്യയും യഹോവയുടെ ക്രമീകരണങ്ങളോടുള്ള അനുസരണത്താൽ പ്രകടമാക്കപ്പെടുന്ന ഒരു നല്ല ബന്ധം അവനുമായി നട്ടുവളർത്തുമ്പോൾ അവർക്കു മറ്റുള്ളവരോടും തങ്ങളോടുതന്നെയും സമാധാനപൂർണമായ ബന്ധങ്ങൾ ഉണ്ടായിരിക്കും.—സദൃശവാക്യങ്ങൾ 16:7.
“നമ്മൾ ഇരുവരും ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം”: അതു ദീർഘകാലം ഒന്നിച്ചായിരിക്കുന്നതിലേക്കു വിരൽ ചൂണ്ടുന്നു. “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും” എന്നു ദൈവം കൽപ്പിക്കുന്നു. (ഉല്പത്തി 2:24) നിങ്ങൾ ഒരുമിച്ചായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. ദൈവത്തെ ഒരുമിച്ചു സേവിക്കുക. അവന്റെ വചനം ഒരുമിച്ചു പഠിക്കുക. ഒരുമിച്ചു നടക്കാനും ഒരുമിച്ചിരിക്കാനും ഒരുമിച്ചു ഭക്ഷിക്കാനും സമയമെടുക്കുക. ഒരുമിച്ചു ജീവിതം ആസ്വദിക്കുക!
പരസ്പരം സംസാരിക്കാനായി മാത്രം ചില ദമ്പതികൾ ഓരോ ദിവസവും സമയം മാറ്റിവെക്കാൻ ശ്രമം ചെലുത്താറുണ്ട്. അനേക വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം പോലും ഈ ഒരുമ വൈവാഹിക സന്തുഷ്ടിക്കു മർമപ്രധാനമാണ്.
“സ്നേഹിക്കുന്നതിനും”: ഭർത്താവാകാനുള്ളയാൾ തന്റെ വധുവിനെ “സ്നേഹിക്കുന്നതിനും വാത്സല്യപൂർവം പരിപാലിക്കുന്നതിനും” പ്രതിജ്ഞയെടുക്കുന്നു. ഈ സ്നേഹത്തിൽ, ഒരുപക്ഷേ അവരെ തമ്മിലടുപ്പിച്ച പ്രേമവും ഉൾപ്പെടുന്നു. എന്നാൽ പ്രേമം മാത്രം പോരാ. തന്റെ ഇണയെപ്രതി ഒരു ക്രിസ്ത്യാനി പ്രതിജ്ഞയെടുക്കുന്ന സ്നേഹം അതിനെക്കാൾ ആഴമുള്ളതും വിശാലവുമാണ്.
എഫെസ്യർ 5:25 ഇങ്ങനെ പറയുന്നു: “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.” യേശുവിനു സഭയോടുണ്ടായിരുന്ന സ്നേഹം ഒരിക്കലും എതിർലിംഗവർഗത്തിൽ പെട്ടവർ തമ്മിലുള്ള പ്രേമത്തിന്റേതായ വിഭാഗത്തിൽ പെടുന്നില്ല. ആ വാക്യത്തിൽ കാണുന്ന “സ്നേഹിച്ചതുപോലെ,” “സ്നേഹിപ്പിൻ” എന്നീ പദപ്രയോഗങ്ങൾ അഗാപെ എന്ന പദത്തിൽനിന്നു വരുന്നതാണ്, തത്ത്വത്താൽ നയിക്കപ്പെടുന്ന സ്നേഹത്തെയാണ് അതു പരാമർശിക്കുന്നത്. നിരന്തരമായ, അചഞ്ചലമായ, നിലനിൽക്കുന്നതരം സ്നേഹം ഭാര്യമാരോടു പ്രകടമാക്കാനാണു ബൈബിൾ ഇവിടെ ഭർത്താക്കന്മാരോടു കൽപ്പിക്കുന്നത്.
അതു കേവലം “നീ എന്നെ സ്നേഹിക്കുന്നതുകൊണ്ട് ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്നതു പോലുള്ള ഒന്നല്ല. ഒരു ഭർത്താവു തന്റെ താത്പര്യങ്ങൾക്കുമുപരിയായി ഭാര്യയുടെ ക്ഷേമം കണക്കിലെടുക്കുന്നു, അങ്ങനെതന്നെ ഭാര്യ തന്റെ ഭർത്താവിനെയും സ്നേഹിക്കുന്നു. (ഫിലിപ്പിയർ 2:4) നിങ്ങളുടെ പങ്കാളിയോട് ആഴമായ സ്നേഹം നട്ടുവളർത്തുന്നതു വിവാഹപ്രതിജ്ഞയ്ക്കു ചേർച്ചയിൽ ജീവിക്കാൻ നിങ്ങളെ സഹായിക്കും.
“വാത്സല്യപൂർവം പരിപാലിക്കുന്നതിനും”: ഒരു നിഘണ്ടു പറയുന്നതനുസരിച്ച്, ‘വാത്സല്യപൂർവം പരിപാലിക്കുക’ എന്നതിന്റെ അർഥം ‘പ്രിയമായി കരുതുക, പ്രിയം തോന്നുകയോ അതു കാട്ടുകയോ ചെയ്യുക’ എന്നാണ്. നിങ്ങൾ വാക്കിലും പ്രവൃത്തിയിലും നിങ്ങളുടെ സ്നേഹം കാണിക്കേണ്ടതുണ്ട്! ഒരു ഭാര്യയ്ക്കു പ്രത്യേകിച്ചും ഭർത്താവിന്റെ നിരന്തര സ്നേഹപ്രകടനങ്ങൾ ആവശ്യമാണ്. ഭർത്താവ് അവളുടെ ശാരീരിക ആവശ്യങ്ങൾക്കു നല്ല ശ്രദ്ധ കൊടുത്തേക്കാം, എന്നാൽ അതു മാത്രം പോരാ. വേണ്ടുവോളം ഭക്ഷണവും സൗകര്യപ്രദമായ വീടും ഉണ്ടായിരുന്നിട്ടും, തങ്ങളുടെ വിവാഹ പങ്കാളിയാൽ അവഗണിക്കപ്പെടുകയോ പുറന്തള്ളപ്പെടുകയോ ചെയ്യുന്നതു നിമിത്തം വളരെ അസന്തുഷ്ടരായിരിക്കുന്ന ഭാര്യമാരുണ്ട്.
നേരേമറിച്ച്, താൻ സ്നേഹിക്കപ്പെടുകയും വാത്സല്യപൂർവം പരിപാലിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നു മനസ്സിലാക്കുന്ന ഒരു ഭാര്യയ്ക്കു സന്തുഷ്ടയായിരിക്കുന്നതിന് എല്ലാ കാരണങ്ങളുമുണ്ട്. തീർച്ചയായും, അതുതന്നെ ഭർത്താവിന്റെ കാര്യത്തിലും പറയാവുന്നതാണ്. യഥാർഥ പ്രേമപ്രകടനങ്ങളാൽ സ്നേഹം വളരെയധികം വർധിക്കുന്നു. ഉത്തമഗീതത്തിൽ ആട്ടിടയനായ കാമുകൻ ഇങ്ങനെ ഉദ്ഘോഷിക്കുന്നു: “എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!”—ഉത്തമഗീതം 4:10.
“ആഴമായി ബഹുമാനിക്കുന്നതിനും”: നൂറ്റാണ്ടുകളിലുടനീളം സ്ത്രീകളെ ദ്രോഹിക്കുകയും അവമതിക്കുകയും ചെയ്തിട്ടുള്ള പുരുഷന്മാർ ഉണ്ടായിരുന്നിട്ടുണ്ട്. വേൾഡ് ഹെൽത്ത് മാഗസിൻ പറയുന്നതനുസരിച്ച്, ഇന്നു പോലും “എല്ലാ രാജ്യത്തും എല്ലാ സാമൂഹിക, സാമ്പത്തിക വർഗത്തിലും സ്ത്രീകൾക്കെതിരെയുള്ള അക്രമം നടമാടുന്നു. പല സംസ്കാരങ്ങളിലും ഭാര്യാമർദനം പുരുഷന്റെ അവകാശമായാണു കരുതുന്നത്.” മിക്ക പുരുഷന്മാരും അത്തരക്കാരല്ലായിരിക്കാം. എന്നാൽ, സ്ത്രീകളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ യഥാർഥമായ താത്പര്യം കാണിക്കാൻ പല പുരുഷന്മാരും പരാജയപ്പെടുന്നതായിത്തന്നെ തോന്നുന്നു. തത്ഫലമായി, പുരുഷന്മാരെ സംബന്ധിച്ചു പല സ്ത്രീകളും നിഷേധാത്മകമായ ഒരു മനോഭാവം വളർത്തിയെടുത്തിട്ടുണ്ട്. “ഞാൻ എന്റെ ഭർത്താവിനെ സ്നേഹിക്കുന്നു, എന്നാൽ എനിക്ക് അദ്ദേഹത്തെ ആദരിക്കാനാവുന്നില്ല!” എന്നു പല ഭാര്യമാരും പറയുന്നതു കേട്ടിട്ടുണ്ട്.
എന്നുവരികിലും, ഭർത്താവു ഭാര്യയുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ഇടയ്ക്കിടയ്ക്ക് പരാജയപ്പെടുന്നെങ്കിൽ പോലും അദ്ദേഹത്തെ ബഹുമാനിക്കാൻ ശ്രമിക്കുന്ന സ്ത്രീയെ യഹോവയാം ദൈവം വിലമതിക്കുന്നു. അദ്ദേഹത്തിനു ദൈവദത്തമായ ഒരു നിയമനം അഥവാ സ്ഥാനമുണ്ടെന്ന് അവൾ തിരിച്ചറിയുന്നു. (1 കൊരിന്ത്യർ 11:3; എഫെസ്യർ 5:23) ഭർത്താവിനോടുള്ള ആഴമായ ബഹുമാനം, അവളുടെ ആരാധനയുടെയും യഹോവയോടുള്ള അനുസരണത്തിന്റെയും ഭാഗമാണ്. ദൈവികഭക്തിയുള്ള സ്ത്രീകളുടെ അനുസരണത്തെ ദൈവം മറന്നുകളയുന്നില്ല.—എഫെസ്യർ 5:33; 1 പത്രൊസ് 3:1-6; എബ്രായർ 6:10 താരതമ്യം ചെയ്യുക.
വിവാഹബന്ധത്തിൽ പരസ്പരം ആദരവ് കാട്ടണം. കേവലം പ്രതീക്ഷിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നതിലുപരി അതു നേടിയെടുക്കേണ്ടതാണ്. ഉദാഹരണത്തിന്, വെട്ടിമുറിച്ചപോലത്തെ അല്ലെങ്കിൽ മുറിപ്പെടുത്തുന്നതരത്തിലുള്ള സംസാരത്തിനു ദാമ്പത്യ ക്രമീകരണത്തിൽ യാതൊരു സ്ഥാനവുമില്ല. ഭർത്താവിനെയോ ഭാര്യയെയോ സംബന്ധിച്ചു വിലകെട്ട തരത്തിൽ അഭിപ്രായങ്ങൾ പറയുന്നതു സ്നേഹപൂർവകമോ ആദരണീയമോ ആയിരിക്കില്ല. നിങ്ങളുടെ ഇണയുടെ തെറ്റുകൾ മറ്റുള്ളവർക്കു വെളിപ്പെടുത്തുന്നതോ അവയെക്കുറിച്ചു പരസ്യമായി സംസാരിക്കുന്നതോ യാതൊരു നന്മയും ചെയ്യുകയില്ല. തമാശ പറയുമ്പോൾ പോലും ഈ മണ്ഡലത്തിൽ ഒരു വ്യക്തിക്കു കടുത്ത ആദരവില്ലായ്മ കാണിക്കാൻ സാധിക്കും. എഫെസ്യർ 4:29, 32-ലെ വാക്കുകൾ ഭർത്താവിനും ഭാര്യക്കും ബാധകമാകുന്നു. അവിടെ ബൈബിൾ ഇങ്ങനെ പറയുന്നു: “ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുതു. . . . തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി . . . ക്ഷമിപ്പിൻ.”
“എന്റെ വിവാഹിത (ഭാര്യയായി/ഭർത്താവായി)”: ആദ്യ വിവാഹത്തിൽ, ഹവ്വായെ ആദാമിനു വിവാഹത്തിൽ കൊടുത്തപ്പോൾ, ‘അവർ ഒരു ജഡമായിത്തീരും’ എന്നു യഹോവയാം ദൈവം പറഞ്ഞു. (ഉല്പത്തി 2:24; മത്തായി 19:4-6) അതുകൊണ്ട് രണ്ടു മനുഷ്യർ തമ്മിൽ ഉണ്ടായിരിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത ബന്ധമാണു വിവാഹബന്ധം. വിവാഹം നിങ്ങളെ ഒരു പുതിയ ബന്ധുത്വത്തിലേക്കു കൊണ്ടുവരുന്നു. നിങ്ങൾ ഒരാളെ നിങ്ങളുടെ “വിവാഹിത ഭാര്യയായി” അല്ലെങ്കിൽ “വിവാഹിത ഭർത്താവായി” സ്വീകരിക്കുന്നു. അതു മറ്റേതെങ്കിലുംതരം ബന്ധം പോലെയല്ല. മറ്റുള്ള ബന്ധങ്ങളിൽ ഹാനിയൊന്നും വരുത്താത്ത പ്രവൃത്തികൾ ദാമ്പത്യ ക്രമീകരണത്തിനുള്ളിൽ ആഴമായ മുറിവു വരുത്തിവെച്ചേക്കാം.
ഉദാഹരണത്തിന്, എഫെസ്യർ 4:26-ൽ കാണുന്ന തിരുവെഴുത്തു ബുദ്ധ്യുപദേശം പരിഗണിക്കുക. അവിടെ ബൈബിൾ ഇങ്ങനെ പറയുന്നു: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു.” ബന്ധുക്കളും സ്നേഹിതരുമായുള്ള പ്രശ്നങ്ങൾ എത്ര വേഗത്തിൽ പരിഹരിക്കണമോ അത്രയും പെട്ടെന്നു നിങ്ങൾ അവ എല്ലായ്പോഴും പരിഹരിച്ചിട്ടുണ്ടാവില്ല. എന്നാൽ ഏതെങ്കിലും ബന്ധുവിനെക്കാളോ സുഹൃത്തിനെക്കാളോ നിങ്ങളോടു കൂടുതൽ അടുത്തായിരിക്കുന്നതു നിങ്ങളുടെ ഇണയാണ്. നിങ്ങളുടെ ഇണയുമായി കഴിവതും നേരത്തെ കാര്യങ്ങൾ നേരെയാക്കാൻ പരാജയപ്പെട്ടാൽ അതിനു നിങ്ങൾ തമ്മിലുള്ള പ്രത്യേക ബന്ധുത്വത്തെ അപകടപ്പെടുത്താനാവും.
നിങ്ങളും നിങ്ങളുടെ ഇണയും തമ്മിലുള്ള ഒരു വിയോജിപ്പ്, അസ്വസ്ഥതയുടെയോ അസ്വാരസ്യത്തിന്റെയോ ഒരു നിരന്തര ഉറവായി വളർന്നുവരാൻ നിങ്ങൾ അനുവദിക്കുന്നുവോ? തെറ്റിദ്ധാരണകളും അസ്വസ്ഥതയുളവാക്കുന്ന സാഹചര്യങ്ങളും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നുവോ? നിങ്ങളുടെ പ്രതിജ്ഞയ്ക്കു ചേർച്ചയിൽ ജീവിക്കുന്നതിന്, പ്രയാസസാഹചര്യങ്ങൾ ഉയർന്നുവരുമ്പോൾ ഇണയുമായി സമാധാനത്തിലാകാതെ ഒരു ദിവസം കടന്നുപോകാൻ അനുവദിക്കരുത്. ക്ഷമിക്കുകയെന്നതും മറക്കുകയെന്നതും അതുപോലെതന്നെ നിങ്ങളുടെ സ്വന്തം തെറ്റുകളും കുറ്റങ്ങളും അംഗീകരിക്കുകയെന്നതുമാണ് അതിന്റെ അർഥം.—സങ്കീർത്തനം 51:5; ലൂക്കൊസ് 17:3, 4.
“ഞാൻ . . . സ്വീകരിച്ചുകൊള്ളുന്നു”: പ്രതിജ്ഞയിലെ ഈ വാക്കുകൾ, വിവാഹം കഴിക്കാനുള്ള നിങ്ങളുടെ തീരുമാനത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്വം നിങ്ങൾ എറ്റെടുത്തിരിക്കുന്നതായി എടുത്തുകാട്ടുന്നു.
ക്രിസ്തീയ ക്രമീകരണത്തിൻ കീഴിൽ വിവാഹം കഴിക്കാൻ തിരുവെഴുത്തുപരമായ യാതൊരു കടപ്പാടുമില്ല. യേശുതന്നെ അവിവാഹിതനായി നിലകൊള്ളുകയും ഏകാകിത്വത്തിന് “അവസരമുണ്ടാക്കുന്നവർ”ക്ക് അതു ശുപാർശ ചെയ്യുകയുമുണ്ടായി. (മത്തായി 19:10-12, NW) നേരേമറിച്ച്, യേശുവിന്റെ അപ്പോസ്തലന്മാരിൽ മിക്കവരും വിവാഹിതരായിരുന്നു. (ലൂക്കൊസ് 4:38; 1 കൊരിന്ത്യർ 9:5) വിവാഹം കഴിക്കാനുള്ള തീരുമാനം വ്യക്തിഗതമായ ഒന്നാണെന്നതു വ്യക്തമാണ്. വിവാഹം കഴിക്കാൻ മറ്റൊരാളെ നിർബന്ധിക്കുന്നതിനുള്ള തിരുവെഴുത്തുപരമായ അധികാരം ഒരു മനുഷ്യനുമില്ല.
അതുകൊണ്ട്, വിവാഹം കഴിക്കാനുള്ള തീരുമാനത്തിന്റെ ഉത്തരവാദി നിങ്ങൾ തന്നെയാണ്. വിവാഹം കഴിക്കാൻ പോകുന്ന ആളെ നിങ്ങൾ തിരഞ്ഞെടുത്തിരിക്കാനാണു സാധ്യത. “ഞാൻ—— എന്ന നിങ്ങളെ . . . സ്വീകരിച്ചുകൊള്ളുന്നു” എന്നു പറഞ്ഞുകൊണ്ടു നിങ്ങൾ വിവാഹപ്രതിജ്ഞ നടത്തുമ്പോൾ, ആ വ്യക്തിയുടെ ഗുണാഗുണങ്ങൾ സഹിതമാണു നിങ്ങൾ ആ വ്യക്തിയെ സ്വീകരിക്കുന്നത്.
നിങ്ങളുടെ ഇണയുടെ വ്യക്തിത്വത്തിൽ കാണാതിരുന്ന വശങ്ങൾ നിങ്ങൾ കാലക്രമേണ കണ്ടെത്താൻ തുടങ്ങിയേക്കും. ഇടയ്ക്കിടയ്ക്കൊക്കെ നൈരാശ്യം തോന്നാം. “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു” എന്നു ബൈബിൾ പറയുന്നു. (റോമർ 3:23) നിങ്ങളുടെ ഇണയുമായി ഒത്തുപോകുന്നതിനു പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടത് ആവശ്യമായിരിക്കാം. അതു ദുഷ്കരമായിരിക്കാം, ചിലപ്പോഴൊക്കെ പിൻമാറുന്നതുപോലെ തോന്നുകയും ചെയ്തേക്കാം. എന്നാൽ ഓർമിക്കുക, നിങ്ങൾ വിവാഹപ്രതിജ്ഞ എടുത്തത് യഹോവയുടെ സന്നിധിയിൽ വെച്ചാണ്. വിജയിക്കാൻ അവനു നിങ്ങളെ സഹായിക്കാനാവും.
നിങ്ങളുടെ വിവാഹപ്രതിജ്ഞയുടെ മുഖ്യ സാക്ഷി യഹോവയാണെന്നത് ഒരിക്കലും മറക്കാതിരിക്കുക. ഈ ഗൗരവമായ വാഗ്ദാനത്തോടു ചേർച്ചയിൽ തുടർന്നും ജീവിക്കുക, അപ്പോൾ നിങ്ങളുടെ വിവാഹജീവിതം യഹോവയാം ദൈവത്തിനു സ്തുതിയുടെയും മഹത്വത്തിന്റെയും ഒരു ഉറവായിരിക്കും!
[അടിക്കുറിപ്പ്]
a ചില സ്ഥലങ്ങളിൽ, പ്രാദേശിക നിയമങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഈ പ്രതിജ്ഞയുടെ ഒരു പരിഷ്കൃത രൂപം ഉപയോഗിക്കേണ്ടത് ആവശ്യമായി വന്നേക്കാം. (മത്തായി 22:21) എന്നിരുന്നാലും, മിക്ക രാജ്യങ്ങളിലും ക്രിസ്തീയ ഇണകൾ മേൽപ്പറഞ്ഞ പ്രതിജ്ഞയാണ് ഉപയോഗിക്കുന്നത്.
[22-ാം പേജിലെ ചിത്രം]
ഒരു വിധത്തിൽ പറഞ്ഞാൽ, വിവാഹദമ്പതികൾ ഹിമഫലകങ്ങൾ പോലെയാണ്. അകലെനിന്നു നോക്കുമ്പോൾ അവയെല്ലാം സമാനതയുള്ളതായി തോന്നിയേക്കാം, എന്നാൽ ഓരോ ദമ്പതികളും വാസ്തവത്തിൽ അനുപമമായ വിധത്തിൽ വിഭിന്നരാണ്
[കടപ്പാട്]
Snow Crystals/Dover