പാഠം 51
യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ നമുക്ക് എങ്ങനെ സംസാരിക്കാം?
യഹോവ നമ്മളെ സൃഷ്ടിച്ചപ്പോൾ നമുക്കു മനോഹരമായ ഒരു സമ്മാനം തന്നു. അതാണു സംസാരിക്കാനുള്ള പ്രാപ്തി. നമ്മൾ ഈ സമ്മാനം എങ്ങനെ ഉപയോഗിക്കുന്നു എന്ന കാര്യം യഹോവ ശ്രദ്ധിക്കുന്നുണ്ടോ? തീർച്ചയായും. (യാക്കോബ് 1:26 വായിക്കുക.) അതുകൊണ്ട് സംസാരിക്കാനുള്ള പ്രാപ്തി യഹോവയ്ക്ക് ഇഷ്ടമുള്ള വിധത്തിൽ നമുക്ക് എങ്ങനെ ഉപയോഗിക്കാൻ കഴിയും?
1. സംസാരിക്കാനുള്ള പ്രാപ്തി നമ്മൾ എങ്ങനെ ഉപയോഗിക്കണം?
“പരസ്പരം പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും” ചെയ്യാൻ ബൈബിൾ നമ്മളോടു പറയുന്നു. (1 തെസ്സലോനിക്യർ 5:11) പ്രോത്സാഹനം വേണ്ട ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ? അവർക്ക് ഉണർവും ഉന്മേഷവും കൊടുക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? അവർ നിങ്ങൾക്കു വേണ്ടപ്പെട്ടവരാണെന്ന് അവരോടു പറയുക. നിങ്ങൾ അവരെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്നും അവരോടു പറയാൻ കഴിയും. നിങ്ങൾക്ക് ആരെയെങ്കിലും ഒരു ബൈബിൾവാക്യം ഉപയോഗിച്ച് പ്രോത്സാഹിപ്പിക്കാൻ കഴിയുമോ? അങ്ങനെയുള്ള ധാരാളം ബൈബിൾവാക്യങ്ങളുണ്ട്. ഓർക്കുക: നമ്മൾ പറയുന്ന വാക്കുകൾപോലെതന്നെ വളരെ പ്രധാനമാണു നമ്മൾ പറയുന്ന രീതിയും. അതുകൊണ്ട് എപ്പോഴും ശാന്തമായി, ദയയോടെ സംസാരിക്കാൻ നമുക്കു ശ്രമിക്കാം.—സുഭാഷിതങ്ങൾ 15:1.
2. എങ്ങനെയുള്ള സംസാരം നമ്മൾ ഒഴിവാക്കണം?
“ചീത്ത വാക്കുകളൊന്നും നിങ്ങളുടെ വായിൽനിന്ന് വരരുത്” എന്നാണു ബൈബിൾ പറയുന്നത്. (എഫെസ്യർ 4:29 വായിക്കുക.) അതിനർഥം നമ്മൾ മോശമായ വാക്കുകൾ ഉപയോഗിക്കരുത് എന്നാണ്. മറ്റുള്ളവരുടെ മനസ്സിനെ മുറിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന ക്രൂരമായ വാക്കുകളും അഭിപ്രായങ്ങളും നമ്മൾ പറയാൻ പാടില്ല. കൂടാതെ പരദൂഷണവും ഏഷണിയും ഒഴിവാക്കുകയും വേണം.—സുഭാഷിതങ്ങൾ 16:28 വായിക്കുക.
3. യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ സംസാരിക്കാൻ നമ്മളെ എന്തു സഹായിക്കും?
പലപ്പോഴും നമ്മൾ സംസാരിക്കുമ്പോൾ പുറത്ത് വരുന്നത് നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകളാണ്. (ലൂക്കോസ് 6:45) അതുകൊണ്ട് നമ്മൾ നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണം, അതായത് ‘നീതിനിഷ്ഠമായതും നിർമലമായതും സ്നേഹം ജനിപ്പിക്കുന്നതും പ്രശംസനീയമായതും’ ആയ കാര്യങ്ങളെക്കുറിച്ച്. (ഫിലിപ്പിയർ 4:8) നമ്മുടെ മനസ്സ് അത്തരം ചിന്തകളിൽ ഉറച്ചുനിൽക്കണമെങ്കിൽ വിനോദം തിരഞ്ഞെടുക്കുമ്പോഴും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോഴും നമ്മൾ നന്നായി ശ്രദ്ധിക്കണം. (സുഭാഷിതങ്ങൾ 13:20) ഇനി, സംസാരിക്കുന്നതിനുമുമ്പ് ചിന്തിക്കാൻ സമയമെടുക്കുന്നതും പ്രധാനമാണ്. നമ്മൾ പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ മറ്റുള്ളവർക്ക് എന്തു തോന്നും എന്നും ചിന്തിക്കണം. ബൈബിൾ പറയുന്നു: “ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട് കുത്തുന്നതുപോലെയാണ്; എന്നാൽ ബുദ്ധിയുള്ളവരുടെ നാവ് മുറിവ് ഉണക്കുന്നു.”—സുഭാഷിതങ്ങൾ 12:18.
ആഴത്തിൽ പഠിക്കാൻ
യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന വിധത്തിലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലും നമുക്ക് എങ്ങനെ സംസാരിക്കാമെന്നു നോക്കാം.
4. എന്ത്, എപ്പോൾ, എങ്ങനെ സംസാരിക്കണം?
പിന്നീട് വിഷമം തോന്നിയേക്കാവുന്ന പല കാര്യങ്ങളും ചിലപ്പോൾ നമ്മൾ പറഞ്ഞുപോകാറുണ്ട്. (യാക്കോബ് 3:2) ഗലാത്യർ 5:22, 23 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
നിങ്ങളുടെ സംസാരം നിയന്ത്രിക്കുന്നതിന് ആവശ്യമായ ഏതൊക്കെ ഗുണങ്ങൾക്കുവേണ്ടി നിങ്ങൾ പ്രാർഥിക്കും, ആ ഗുണങ്ങൾ പ്രധാനമാണെന്നു നിങ്ങൾക്കു തോന്നുന്നത് എന്തുകൊണ്ട്?
1 കൊരിന്ത്യർ 15:33 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
കൂട്ടുകാരും വിനോദവും എങ്ങനെയാണു നിങ്ങളുടെ സംസാരത്തെ സ്വാധീനിക്കുന്നത്?
സഭാപ്രസംഗകൻ 3:1, 7 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
മൗനമായിരിക്കുന്നതും സംസാരിക്കാൻ പറ്റിയ ഒരു സമയത്തിനായി കാത്തിരിക്കുന്നതും ജ്ഞാനമായിരിക്കുന്ന ചില സന്ദർഭങ്ങൾ പറയാമോ?
5. മറ്റുള്ളവരെക്കുറിച്ച് നല്ലതു സംസാരിക്കുക
മറ്റുള്ളവരോടു ദയയില്ലാതെ സംസാരിക്കുന്നതോ അവരെ വേദനിപ്പിക്കുന്നതോ നമുക്ക് എങ്ങനെ ഒഴിവാക്കാം? വീഡിയോ കാണുക. അതിനു ശേഷം ചോദ്യങ്ങൾ ചർച്ച ചെയ്യുക.
വീഡിയോയിൽ കണ്ട സഹോദരൻ, മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുന്ന രീതിക്കു മാറ്റം വരുത്തേണ്ടിയിരുന്നത് എന്തുകൊണ്ട്?
മാറ്റം വരുത്താൻ അദ്ദേഹം എന്താണു ചെയ്തത്?
സഭാപ്രസംഗകൻ 7:16 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ആരെക്കുറിച്ചെങ്കിലും മോശമായ കാര്യങ്ങൾ പറയാൻ പ്രലോഭനം തോന്നിയാൽ നമ്മൾ എന്ത് ഓർക്കണം?
സഭാപ്രസംഗകൻ 7:21, 22 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
നമ്മളെക്കുറിച്ച് ആരെങ്കിലും മോശമായി സംസാരിക്കുന്നതു കേട്ട് അമിതമായി പ്രതികരിക്കാതിരിക്കാൻ ഈ വാക്യങ്ങൾ നമ്മളെ എങ്ങനെ സഹായിക്കും?
6. കുടുംബാംഗങ്ങളോടു ദയയോടെ സംസാരിക്കുക
നമ്മൾ കുടുംബാംഗങ്ങളോടു ദയയോടെയും സ്നേഹത്തോടെയും സംസാരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
കുടുംബാംഗങ്ങളോടു ദയയോടെ സംസാരിക്കാൻ നമ്മളെ എന്തു സഹായിക്കും?
എഫെസ്യർ 4:31, 32 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഏതു വിധത്തിലുള്ള സംസാരം കുടുംബത്തിനു ഗുണം ചെയ്യും?
തന്റെ മകനെക്കുറിച്ച് എന്താണ് തോന്നുന്നതെന്ന് യഹോവ തന്റെ വാക്കുകളിലൂടെ പ്രകടിപ്പിച്ചു. മത്തായി 17:5 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
കുടുംബാംഗങ്ങളോടു സംസാരിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ യഹോവയെ അനുകരിക്കാൻ കഴിയും?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “മറ്റുള്ളവർ എന്തു വിചാരിക്കുമെന്നൊന്നും ഞാൻ നോക്കാറില്ല. എന്റെ മനസ്സിൽ തോന്നുന്നത് ഞാൻ പറയും.”
ഈ അഭിപ്രായം ശരിയാണെന്നു തോന്നുന്നുണ്ടോ? എന്തുകൊണ്ട്?
ചുരുക്കത്തിൽ
വാക്കുകൾക്കു ശക്തിയുണ്ട്. എന്തു പറയും, എപ്പോൾ പറയും, എങ്ങനെ പറയും എന്നീ കാര്യങ്ങളെക്കുറിച്ച് നന്നായി ചിന്തിക്കണം.
ഓർക്കുന്നുണ്ടോ?
മറ്റുള്ളവർക്കു പ്രയോജനം ചെയ്യുന്ന രീതിയിൽ സംസാരിക്കാനുള്ള ചില വിധങ്ങൾ ഏതൊക്കെയാണ്?
എങ്ങനെയുള്ള സംസാരം നമ്മൾ ഒഴിവാക്കണം?
എപ്പോഴും ദയയോടെയും യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന വിധത്തിലും നമുക്ക് എങ്ങനെ സംസാരിക്കാം?
കൂടുതൽ മനസ്സിലാക്കാൻ
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ സംസാരിക്കാൻ നമ്മളെ എന്തു സഹായിക്കും?
മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുന്നത് എങ്ങനെ ഒഴിവാക്കാം?
“അസഭ്യവാക്കുകൾ ഉപയോഗിക്കുന്നത് അത്രയ്ക്കു മോശമാണോ?” (വെബ്സൈറ്റിലെ ലേഖനം)
പരദൂഷണം എങ്ങനെ ഒഴിവാക്കാം?
മോശമായി സംസാരിക്കുന്ന ശീലത്തിൽനിന്ന് പുറത്തുവരാൻ ഒരു വ്യക്തിയെ യഹോവ എങ്ങനെയാണ് സഹായിച്ചത്?