ദിവ്യ വെളിച്ചം അന്ധകാരത്തെ അകറ്റുന്നു!
“യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.”—2 ശമൂവേൽ 22:29.
1. വെളിച്ചം ജീവനുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
“വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.” (ഉല്പത്തി 1:3) ഉല്പത്തി പുസ്തകത്തിലെ സൃഷ്ടിപ്പിൻ വിവരണത്തിൽ നിന്നുള്ള ഈ വാക്യം യഹോവയെ വെളിച്ചത്തിന്റെ ഉറവിടമായി തിരിച്ചറിയിക്കുന്നു. വെളിച്ചമില്ലായിരുന്നെങ്കിൽ ഭൂമിയിൽ ജീവൻ നിലനിൽക്കുമായിരുന്നില്ല. യഹോവ ആത്മീയ വെളിച്ചത്തിന്റെയും ഉറവിടമാണ്, ജീവിതത്തിൽ നമുക്കു മാർഗദർശനത്തിന് ഈ വെളിച്ചം കൂടിയേതീരൂ. (സങ്കീർത്തനം 43:3) ആത്മീയ വെളിച്ചവും ജീവനും തമ്മിലുള്ള അടുത്ത ബന്ധത്തെ ദാവീദ് രാജാവ് ഈ വാക്യത്തിലൂടെ വ്യക്തമാക്കുന്നു: “നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.”—സങ്കീർത്തനം 36:9.
2. പൗലൊസ് വ്യക്തമാക്കിയതു പോലെ, വെളിച്ചം എന്തുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു?
2 ദാവീദ് ജീവിച്ചിരുന്നതിന് ഏതാണ്ട് 1,000 വർഷത്തിനു ശേഷം അപ്പൊസ്തലനായ പൗലൊസ് സൃഷ്ടിപ്പിൻ വിവരണത്തെ കുറിച്ചു പരാമർശിക്കുകയുണ്ടായി. കൊരിന്തിലെ ക്രിസ്തീയ സഭയ്ക്ക് അവൻ എഴുതി: ‘ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്ന് ദൈവം അരുളിച്ചെയ്തു.’ തുടർന്ന്, “യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു [അവൻ] ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു” എന്ന് എഴുതിക്കൊണ്ട് ആത്മീയ വെളിച്ചം യഹോവയിൽനിന്നുള്ള പരിജ്ഞാനവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു എന്ന് പൗലൊസ് വ്യക്തമാക്കി. (2 കൊരിന്ത്യർ 4:6) ഈ വെളിച്ചം നമ്മുടെ പക്കൽ എത്തുന്നത് എങ്ങനെയാണ്?
ബൈബിൾ —വെളിച്ചം വിതറുന്ന ഗ്രന്ഥം
3. ബൈബിളിലൂടെ യഹോവ എന്തു വെളിച്ചമാണ് പ്രദാനം ചെയ്യുന്നത്?
3 യഹോവ മുഖ്യമായും ആത്മീയ വെളിച്ചം ചൊരിയുന്നത് തന്റെ നിശ്വസ്ത വചനമായ ബൈബിളിലൂടെയാണ്. അതുകൊണ്ട്, നാം ബൈബിൾ പഠിക്കുകയും ദൈവപരിജ്ഞാനം നേടുകയും ചെയ്യുമ്പോൾ വാസ്തവത്തിൽ അവന്റെ വെളിച്ചം നമ്മുടെമേൽ പ്രകാശിക്കാൻ നാം അനുവദിക്കുകയാണു ചെയ്യുന്നത്. ബൈബിളിലൂടെ യഹോവ തന്റെ ഉദ്ദേശ്യങ്ങളിന്മേൽ വെളിച്ചം വീശുകയും അവന്റെ ഹിതം എങ്ങനെ ചെയ്യാമെന്നു നമുക്കു വെളിപ്പെടുത്തിത്തരികയും ചെയ്യുന്നു. ഇതു നമ്മുടെ ജീവിതത്തിന് ഉദ്ദേശ്യം നൽകുകയും നമ്മുടെ ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിൽ സഹായിക്കുകയും ചെയ്യുന്നു. (സഭാപ്രസംഗി 12:1; മത്തായി 5:3, NW) നാം നമ്മുടെ ആത്മീയ ആവശ്യങ്ങൾക്കു ശ്രദ്ധ നൽകേണ്ടതു പ്രധാനമാണെന്ന് മോശൈക ന്യായപ്രമാണത്തെ ഉദ്ധരിച്ചുകൊണ്ട് പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ യേശു വ്യക്തമാക്കി. ‘“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു’ എന്ന് അവൻ പറഞ്ഞു.—മത്തായി 4:4; ആവർത്തനപുസ്തകം 8:3.
4. യേശു “ലോകത്തിന്റെ വെളിച്ചം” ആയിരിക്കുന്നത് ഏതു വിധത്തിൽ?
4 ആത്മീയ വെളിച്ചവുമായി യേശുവിനെ അടുത്തു ബന്ധപ്പെടുത്തിയിരിക്കുന്നു. തന്നെക്കുറിച്ച് “ലോകത്തിന്റെ വെളിച്ചം” എന്നു പരാമർശിച്ചുകൊണ്ട് അവൻ പറഞ്ഞു: “എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും.” (യോഹന്നാൻ 8:12) യഹോവയുടെ സത്യം മനുഷ്യവർഗത്തിനു പകർന്നുകൊടുക്കുന്നതിൽ യേശുവിനുള്ള സുപ്രധാന പങ്കിനെ കുറിച്ചു മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കുന്നു. അന്ധകാരത്തിൽനിന്ന് ഒഴിഞ്ഞ് ദൈവത്തിന്റെ വെളിച്ചത്തിൽ നമുക്കു നടക്കാൻ സാധിക്കണമെങ്കിൽ യേശു പറയുന്ന എല്ലാ കാര്യങ്ങൾക്കും നാം ശ്രദ്ധ കൊടുക്കുകയും ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവന്റെ മാതൃകയും പഠിപ്പിക്കലുകളും അടുത്തു പിൻപറ്റുകയും വേണം.
5. യേശുവിന്റെ മരണശേഷം അവന്റെ ശിഷ്യന്മാർക്ക് എന്ത് ഉത്തരവാദിത്വം ഉണ്ടായിരുന്നു?
5 തന്റെ മരണത്തിന് ഏതാനും ദിവസം മുമ്പ് വീണ്ടും തന്നെത്തന്നെ വെളിച്ചം എന്നു വിശേഷിപ്പിച്ചുകൊണ്ട് യേശു ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: “ഇനി കുറയകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും; ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ. ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ. നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന്നു വെളിച്ചം ഉള്ളേടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ.” (യോഹന്നാൻ 12:35, 36) വെളിച്ചത്തിന്റെ മക്കൾ ആയിത്തീർന്നവർ ബൈബിളിന്റെ “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക” പഠിച്ചു. (2 തിമൊഥെയൊസ് 1:13, 14, NW) പിന്നെ അവർ പരമാർഥഹൃദയരായ മറ്റുള്ളവരെ അന്ധകാരത്തിൽനിന്ന് ദൈവത്തിന്റെ വെളിച്ചത്തിലേക്കു കൊണ്ടുവരാൻ ഈ ആരോഗ്യാവഹമായ വാക്കുകൾ ഉപയോഗിച്ചു.
6. 1 യോഹന്നാൻ 1:5-ൽ വെളിച്ചവും അന്ധകാരവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച ഏത് അടിസ്ഥാന സത്യം നാം കാണുന്നു?
6 അപ്പൊസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല.” (1 യോഹന്നാൻ 1:5) വെളിച്ചവും അന്ധകാരവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. ആത്മീയ വെളിച്ചം യഹോവയിൽനിന്ന് ഉത്ഭവിക്കുന്നു, ആത്മീയ അന്ധകാരത്തെ അവനുമായി യാതൊരു തരത്തിലും ബന്ധപ്പെടുത്താൻ കഴിയില്ല. അങ്ങനെയെങ്കിൽ, അന്ധകാരത്തിന്റെ ഉറവിടം ആരാണ്?
ആത്മീയ അന്ധകാരത്തിന്റെ ഉറവിടം
7. ലോകത്തിന്റെ ആത്മീയ അന്ധകാരത്തിനു കാരണക്കാരൻ ആരാണ്, അവൻ എന്തു സ്വാധീനം ചെലുത്തുന്നു?
7 പൗലൊസ് അപ്പൊസ്തലൻ “ഈ ലോകത്തിന്റെ ദൈവ”ത്തെ കുറിച്ചു സംസാരിക്കുകയുണ്ടായി. പിശാചായ സാത്താനെ ഉദ്ദേശിച്ചായിരുന്നു അവൻ ആ പ്രയോഗം നടത്തിയത്. “ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ” പിശാച് “അവിശ്വാസികളുടെ മനസ്സു കുരുടാക്കി” എന്നും പൗലൊസ് പറഞ്ഞു. (2 കൊരിന്ത്യർ 4:4) അനേകർ ദൈവത്തിൽ വിശ്വസിക്കുന്നതായി അവകാശപ്പെടുന്നു. എന്നാൽ അവരിൽ നല്ലൊരു പങ്കും പിശാച് ഉണ്ടെന്നു വിശ്വസിക്കാത്തവരാണ്. കാരണം? തങ്ങളുടെ ചിന്തകളെ സ്വാധീനിക്കാൻ കഴിവുള്ള അമാനുഷികമായ ഒരു പൈശാചിക ശക്തി സ്ഥിതി ചെയ്യുന്നുണ്ടെന്ന കാര്യം അംഗീകരിക്കാൻ അവർ സന്നദ്ധരല്ല. എന്നാൽ പൗലൊസ് വ്യക്തമാക്കിയതു പോലെ പിശാച് ഉണ്ടെന്നുള്ളതു വാസ്തവമാണ്, സത്യത്തിന്റെ വെളിച്ചം കാണാൻ സാധിക്കാത്തവിധം അവൻ ആളുകളെ സ്വാധീനിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ ചിന്തകളെ സ്വാധീനിക്കാനുള്ള സാത്താന്റെ ശക്തി, “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന”വൻ എന്ന പ്രാവചനിക വിശേഷണത്തിൽനിന്നു കാണാൻ കഴിയുന്നു. (വെളിപ്പാടു 12:9) സാത്താന്റെ പ്രവർത്തന ഫലമായി, യെശയ്യാ പ്രവാചകൻ മുൻകൂട്ടി പറഞ്ഞ അവസ്ഥ ഇന്ന് യഹോവയെ സേവിക്കുന്നവർ ഒഴികെയുള്ള സകല മനുഷ്യരെയും ബാധിച്ചിരിക്കുന്നു: “അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു.”—യെശയ്യാവു 60:2.
8. ആത്മീയ അന്ധകാരത്തിൽ ആയിരിക്കുന്നവർ തങ്ങൾ ആകെ കുഴങ്ങിയ അവസ്ഥയിൽ ആണെന്നു വെളിപ്പെടുത്തുന്നത് ഏതു വിധങ്ങളിൽ?
8 കനത്ത ഇരുട്ടത്ത് നമുക്ക് ഒന്നും കാണാൻ കഴിയില്ല. എങ്ങോട്ടു പോകണം എന്നറിയാതെ നാം കുഴങ്ങിയേക്കാം. സമാനമായി, ആത്മീയ അന്ധകാരത്തിൽ ആയിരിക്കുന്നവർക്ക് ഗ്രഹണപ്രാപ്തി ഇല്ല, താമസിയാതെ ആത്മീയ അർഥത്തിൽ അവർ ആകെ കുഴങ്ങിയ അവസ്ഥയിൽ ആകുന്നു. സത്യവും വ്യാജവും, നന്മയും തിന്മയും തിരിച്ചറിയാനുള്ള പ്രാപ്തി അവർക്കു നഷ്ടമായേക്കും. അത്തരം അന്ധകാരത്തിൽ കഴിയുന്നവരെ കുറിച്ച് യെശയ്യാ പ്രവാചകൻ പറയുന്നത് എന്താണെന്നു നോക്കുക: “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!” (യെശയ്യാവു 5:20) ആത്മീയ അന്ധകാരത്തിൽ കഴിയുന്നവരെ അന്ധകാരത്തിന്റെ ദൈവമായ പിശാചായ സാത്താൻ തന്റെ സ്വാധീനവലയത്തിൽ ആക്കുന്നു. ക്രമേണ അവർ വെളിച്ചത്തിന്റെയും ജീവന്റെയും ഉറവിൽനിന്നു വേർപെട്ടുപോകുന്നു.—എഫെസ്യർ 4:17-19.
അന്ധകാരത്തിൽനിന്നു വെളിച്ചത്തിലേക്കു വരുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികൾ
9. അക്ഷരീയമായും ആത്മീയമായും ദുഷ്പ്രവൃത്തിക്കാർക്ക് അന്ധകാരത്തോട് ആകർഷണം ഉള്ളത് എങ്ങനെ എന്നു വിശദമാക്കുക.
9 ദുഷ്പ്രവൃത്തിക്കാർക്ക് അക്ഷരീയ അന്ധകാരത്തോടുള്ള ആകർഷണത്തെ വിശ്വസ്തനായ ഇയ്യോബ് ഈ വാക്കുകളിൽ ചൂണ്ടിക്കാട്ടുന്നു: “ആരും എന്നെ കാണുകയില്ല എന്നുപറഞ്ഞ് വ്യഭിചാരി ഇരുട്ടാകാൻ കാത്തിരിക്കുന്നു; അവൻ മുഖംമൂടി അണിയുന്നു.” (ഇയ്യോബ് 24:15, പി.ഒ.സി. ബൈബിൾ) ദുഷ്പ്രവൃത്തിക്കാർ ആത്മീയ അന്ധകാരത്തിലുമാണ്, അത്തരം അന്ധകാരം ഒരുവനെ കീഴ്പെടുത്തിക്കളഞ്ഞേക്കും. ലൈംഗിക അധാർമികത, മോഷണം, അത്യാഗ്രഹം, മദ്യപാനം, വെറിക്കൂത്ത്, പിടിച്ചുപറി എന്നിവ അത്തരം അന്ധകാരത്തിൽപ്പെട്ട് ഉഴലുന്നവർക്കിടയിൽ സർവസാധാരണമാണ് എന്നു പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു. എന്നാൽ ദൈവവചനത്തിന്റെ വെളിച്ചത്തിലേക്കു വരുന്ന ഏവർക്കും തങ്ങളുടെ ജീവിതത്തിനു മാറ്റം വരുത്താൻ കഴിയും. അങ്ങനെയൊരു മാറ്റം സാധ്യമാണെന്ന് കൊരിന്ത്യർക്കുള്ള തന്റെ ലേഖനത്തിൽ പൗലൊസ് വ്യക്തമാക്കി. കൊരിന്തിലെ പല ക്രിസ്ത്യാനികളും അന്ധകാരത്തിന്റെ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നവരാണ്. പക്ഷേ പൗലൊസ് അവരോട് ഇപ്രകാരം പറഞ്ഞു: “എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.”—1 കൊരിന്ത്യർ 6:9-11.
10, 11. (എ) താൻ കാഴ്ച നൽകിയ ഒരു കുരുടനോട് യേശു എന്തു പരിഗണന കാട്ടി? (ബി) പലരും ഇന്നു വെളിച്ചം തെരഞ്ഞെടുക്കാത്തത് എന്തുകൊണ്ട്?
10 ഒരു വ്യക്തി കൂരിരുട്ടിൽനിന്നു വെളിച്ചത്തിലേക്കു വരുമ്പോൾ, അയാളുടെ കണ്ണുകൾക്ക് പ്രകാശവുമായി പൊരുത്തപ്പെടാൻ അൽപ്പസമയം വേണ്ടിവരും. ബേത്ത്സയിദയിൽവെച്ച് യേശു ഒരു കുരുടനെ സുഖപ്പെടുത്തവേ ദയാപൂർവം പടിപടിയായാണ് അവൻ അതു ചെയ്തത്. ‘അവൻ കുരുടന്റെ കൈക്കു പിടിച്ചു അവനെ ഊരിന്നു പുറത്തു കൊണ്ടുപോയി അവന്റെ കണ്ണിൽ തുപ്പി അവന്റെമേൽ കൈ വെച്ചു: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു. അവൻ മേ[ൽപ്പോ]ട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; അവർ നടക്കുന്നതു മരങ്ങൾപോലെയത്രേ കാണുന്നതു എന്നു പറഞ്ഞു. പിന്നെയും അവന്റെ കണ്ണിന്മേൽ കൈ വെച്ചാറെ അവൻ സൌഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.’ (മർക്കൊസ് 8:23-25) വ്യക്തമായും യേശു പല ഘട്ടങ്ങളിലായി ആ മനുഷ്യനു കാഴ്ചശക്തി നൽകിയത് അയാളുടെ കണ്ണുകൾക്കു ശക്തമായ സൂര്യപ്രകാശവുമായി പൊരുത്തപ്പെടാൻ സാധിക്കുന്നതിനായിരുന്നു. എല്ലാം നോക്കിക്കാണാൻ സാധിച്ചപ്പോൾ ആ മനുഷ്യന് എത്രമാത്രം സന്തോഷം തോന്നിയിരിക്കണം!
11 എന്നാൽ, ആത്മീയ അന്ധകാരത്തിൽനിന്നു സത്യത്തിന്റെ വെളിച്ചത്തിലേക്കു പടിപടിയായി പുരോഗമിക്കാനുള്ള സഹായം ലഭിച്ചവരുടെ സന്തോഷവുമായുള്ള താരതമ്യത്തിൽ ആ മനുഷ്യന് ഉണ്ടായ സന്തോഷം ഏതുമല്ല. അവരുടെ സന്തോഷം കാണുമ്പോൾ, എന്തുകൊണ്ടാണ് ബഹുഭൂരിപക്ഷവും വെളിച്ചത്താൽ ആകർഷിക്കപ്പെടാത്തത് എന്നു നാം അതിശയിച്ചേക്കാം. യേശു അതിനുള്ള കാരണം നൽകുന്നു: “ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ. തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിലേക്കു വരുന്നതുമില്ല.” (യോഹന്നാൻ 3:19, 20) അതേ, പലരും അധാർമികത, അടിച്ചമർത്തൽ, നുണപറച്ചിൽ, ചതി, മോഷണം എന്നിങ്ങനെയുള്ള “തിന്മ പ്രവർത്തിക്കു”വാൻ താത്പര്യപ്പെടുന്നു. അവരെ സംബന്ധിച്ചിടത്തോളം, സാത്താൻ ഒരുക്കിയിരിക്കുന്ന ആത്മീയ അന്ധകാരാവസ്ഥ തങ്ങൾ ഇഷ്ടപ്പെടുന്ന തരം കാര്യങ്ങൾ ചെയ്യാൻ പറ്റിയ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.
വെളിച്ചത്തിൽ പുരോഗതി പ്രാപിക്കൽ
12. വെളിച്ചത്തിലേക്കു വന്നതുകൊണ്ടു നാം ഏതെല്ലാം വിധങ്ങളിൽ പ്രയോജനം അനുഭവിച്ചിരിക്കുന്നു?
12 നാം വെളിച്ചത്തിന്റെ പരിജ്ഞാനത്തിലേക്കു വന്നിരിക്കെ, നാം നമ്മിൽത്തന്നെ എന്തു മാറ്റങ്ങൾ കണ്ടിരിക്കുന്നു? നാം വരുത്തിയിരിക്കുന്ന ആത്മീയ പുരോഗതിയെ വിശകലനം ചെയ്യുന്നതു നന്നായിരിക്കും. ഏതൊക്കെ മോശമായ ശീലങ്ങളാണ് നാം ഉപേക്ഷിച്ചിരിക്കുന്നത്? ജീവിതത്തിലെ എന്തെല്ലാം പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്? ഭാവി സംബന്ധിച്ച നമ്മുടെ ആസൂത്രണങ്ങളിൽ എന്തു മാറ്റങ്ങൾ വന്നിരിക്കുന്നു? യഹോവയുടെ ശക്തിയാലും അവന്റെ പരിശുദ്ധാത്മാവിന്റെ സഹായത്താലും, നമ്മുടെ വ്യക്തിത്വത്തിനും ചിന്താരീതിക്കും മാറ്റം വരുത്തുന്നതിൽ നമുക്കു തുടരാം. നാം വെളിച്ചത്തോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്ന് അതു വെളിവാക്കും. (എഫെസ്യർ 4:23, 24, NW) പൗലൊസ് അതു സംബന്ധിച്ച് ഇങ്ങനെ പറയുന്നു: “മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു. കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ. സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.” (എഫെസ്യർ 5:8-10) നമ്മെ നയിക്കാൻ യഹോവയിൽനിന്നുള്ള വെളിച്ചത്തെ നാം അനുവദിക്കുമ്പോൾ അത് നമുക്കു പ്രത്യാശയും ഉദ്ദേശ്യവും നൽകുന്നു. മാത്രമല്ല, നമുക്കു ചുറ്റുമുള്ളവർക്കും അത് ആനന്ദം പ്രദാനം ചെയ്യുന്നു. നാം വരുത്തുന്ന അത്തരം മാറ്റങ്ങൾ യഹോവയുടെ ഹൃദയത്തെ എത്രയധികം സന്തോഷിപ്പിക്കും!—സദൃശവാക്യങ്ങൾ 27:11.
13. യഹോവയുടെ വെളിച്ചത്തിനായി നമുക്ക് എങ്ങനെ കൃതജ്ഞത പ്രകടിപ്പിക്കാം, അതിനായി നമ്മുടെ ഭാഗത്ത് എന്ത് ആവശ്യമാണ്?
13 യഹോവയുടെ വെളിച്ചത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്—ബൈബിളിൽനിന്നു നാം പഠിച്ച കാര്യങ്ങൾ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അയൽക്കാരുമായും പങ്കുവെച്ചുകൊണ്ട്—നാം ആസ്വദിക്കുന്ന സന്തുഷ്ട ജീവിതത്തിനായി നാം കൃതജ്ഞത കാണിക്കുന്നു. (മത്തായി 5:12-16; 24:14) നമ്മെ ശ്രദ്ധിക്കാൻ വിസമ്മതിക്കുന്നവർക്ക് നമ്മുടെ പ്രസംഗവേലയും മാതൃകായോഗ്യമായ ക്രിസ്തീയ ജീവിതഗതിയും ഒരു ശാസനയായി ഉതകുന്നു. പൗലൊസ് ഇങ്ങനെ വിശദമാക്കുന്നു: “കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ. . . . ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.” (എഫെസ്യർ 5:9-11) അന്ധകാരത്തെ ഉപേക്ഷിച്ച് വെളിച്ചം സ്വീകരിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് നമുക്കു ധൈര്യം ആവശ്യമാണ്. അതിലുപരി, മറ്റുള്ളവരോടു സഹാനുഭൂതിയും താത്പര്യവും, അവരുടെ നിത്യപ്രയോജനത്തിന് ഉതകുംവിധം സത്യത്തിന്റെ വെളിച്ചം അവരുമായി പങ്കുവെക്കാനുള്ള ഹൃദയംഗമമായ ആഗ്രഹവും നമുക്ക് ഉണ്ടായിരിക്കണം.—മത്തായി 28:19, 20.
കപട വെളിച്ചങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക!
14. വെളിച്ചത്തോടുള്ള ബന്ധത്തിൽ നാം ഏതു മുന്നറിയിപ്പിനു ചെവി കൊടുക്കണം?
14 രാത്രിയിലെ കടൽ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഏതു വെളിച്ചവും സ്വാഗതാർഹമാണ്. പണ്ടുകാലങ്ങളിൽ, കൊടുങ്കാറ്റിൽനിന്ന് അഭയം തേടാനുള്ള സ്ഥാനങ്ങൾ സൂചിപ്പിക്കാനായി ഇംഗ്ലണ്ടിലെ ചില പാറക്കെട്ടുകളിൽ തീ കത്തിക്കുമായിരുന്നു. ഈ വെളിച്ചം കപ്പലിലുള്ളവരെ സുരക്ഷിതമായ തുറമുഖങ്ങളിലേക്കു നയിക്കുമായിരുന്നു. എന്നാൽ ചില വെളിച്ചങ്ങൾ കപടമായിരുന്നു. അവയാൽ വഴിനയിക്കപ്പെടുന്ന കപ്പലുകൾ തുറമുഖത്ത് എത്തിച്ചേരുന്നതിനു പകരം വഴിതെറ്റിക്കപ്പെട്ട് പാറക്കെട്ടുകളിൽ ഇടിച്ചു തകരുകയും അവയിലെ ചരക്കുകൾ മോഷ്ടാക്കൾ അപഹരിക്കുകയും ചെയ്യുമായിരുന്നു. വഞ്ചന നിറഞ്ഞ ഈ ലോകത്ത് കപട വെളിച്ചങ്ങളാൽ വഴിതെറ്റിക്കപ്പെട്ട് നമ്മുടെ ആത്മീയത തകർന്നുപോകാതിരിക്കാൻ നാം ശ്രദ്ധയുള്ളവർ ആയിരിക്കണം. “സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കു”മെന്ന് നമ്മോടു പറഞ്ഞിരിക്കുന്നു. അതുപോലെ വിശ്വാസത്യാഗികൾ ഉൾപ്പെടെയുള്ള അവന്റെ ആളുകളും “കപടവേലക്കാർ” ആണ്. അവരും “നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരി”ക്കുന്നു. അത്തരം ആളുകളുടെ വ്യാജ ന്യായവാദങ്ങളെ നാം സ്വാഗതം ചെയ്യുന്നെങ്കിൽ, യഹോവയുടെ സത്യവചനമായ ബൈബിളിലുള്ള നമ്മുടെ ആശ്രയത്വം ദുർബലമാകുകയും നമ്മുടെ വിശ്വാസം നശിച്ചുപോകുകയും ചെയ്യും.—2 കൊരിന്ത്യർ 11:13-15; 1 തിമൊഥെയൊസ് 1:19.
15. ‘ജീവങ്കലേക്കു പോകുന്ന ഇടുക്കമുള്ള വഴി’യിൽ തുടരാൻ നമ്മെ എന്തു സഹായിക്കും?
15 “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു” എന്ന് സങ്കീർത്തനക്കാരൻ എഴുതി. (സങ്കീർത്തനം 119:105) അതേ, ‘സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്ന’ നമ്മുടെ സ്നേഹവാനായ യഹോവയാം ദൈവം ‘ജീവങ്കലേക്കു പോകുന്ന ഇടുക്കമുള്ള വഴി’യെ പ്രകാശപൂരിതമാക്കിയിരിക്കുന്നു. (മത്തായി 7:14; 1 തിമൊഥെയൊസ് 2:4) ബൈബിൾ നിയമങ്ങൾ ബാധകമാക്കുന്നത്, ആ ഇടുക്കമുള്ള വഴിയിൽനിന്ന് അന്ധകാരത്തിന്റെ പാതയിലേക്കു മാറിപ്പോകുന്നതിൽനിന്നു നമ്മെ കാക്കും. പൗലൊസ് എഴുതി: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും . . . പഠിപ്പിക്കുന്നതിന്, ശാസിക്കുന്നതിന്, കാര്യങ്ങൾ നേരെയാക്കുന്നതിന്, നീതിയിൽ ശിക്ഷണം കൊടുക്കുന്നതിന്, പ്രയോജനപ്രദവും ആകുന്നു.” (2 തിമൊഥെയൊസ് 3:16, 17, NW) ആത്മീയമായി വളരവേ നാം ദൈവവചനത്താൽ പഠിപ്പിക്കപ്പെടുന്നു. ദൈവവചനത്തിന്റെ വെളിച്ചത്തിൽ നമുക്ക് നമ്മെത്തന്നെ ശാസിക്കാൻ, അല്ലെങ്കിൽ ആവശ്യമായി വരുന്നപക്ഷം സഭയിലെ സ്നേഹസമ്പന്നരായ ഇടയന്മാരുടെ ശാസന സ്വീകരിക്കാൻ കഴിയും. അതുപോലെ, ജീവന്റെ വഴിയിൽ തുടരേണ്ടതിന് കാര്യങ്ങൾ നേരെയാക്കാനും നീതിയിലെ ശിക്ഷണം സ്വീകരിക്കാനും നമുക്കു സാധിക്കും.
കൃതജ്ഞതയോടെ വെളിച്ചത്തിൽ നടക്കൽ
16. യഹോവ നൽകിയിരിക്കുന്ന വെളിച്ചമാകുന്ന മഹത്തായ സമ്മാനത്തിനായി നമുക്ക് എങ്ങനെ കൃതജ്ഞത പ്രകടമാക്കാൻ കഴിയും?
16 യഹോവ നൽകിയിരിക്കുന്ന വെളിച്ചമാകുന്ന മഹത്തായ സമ്മാനത്തിനായി നമുക്ക് എങ്ങനെ കൃതജ്ഞത പ്രകടമാക്കാം? ജന്മനാ കുരുടനായ ഒരു മനുഷ്യനെ യേശു സുഖപ്പെടുത്തിയപ്പോൾ അയാൾ കൃതജ്ഞത പ്രകടിപ്പിക്കാൻ പ്രേരിതനായതായി യോഹന്നാൻ 9-ാം അധ്യായം പറയുന്നു. എങ്ങനെ? അയാൾ ദൈവപുത്രനെന്ന നിലയിൽ യേശുവിൽ വിശ്വാസം അർപ്പിക്കുകയും അവനെ “പ്രവാചകൻ” ആയി തിരിച്ചറിയിക്കുകയും ചെയ്തു. അതിലുപരി, യേശു ചെയ്ത അത്ഭുതത്തെ തുച്ഛീകരിക്കാൻ ശ്രമിച്ചവർക്കെതിരെ അയാൾ ധൈര്യപൂർവം ശബ്ദമുയർത്തുകയും ചെയ്തു. (യോഹന്നാൻ 9:17, 30-34) ക്രിസ്തീയ സഭയിലെ അഭിഷിക്ത അംഗങ്ങളെ പത്രൊസ് അപ്പൊസ്തലൻ ‘സ്വന്തജനം’ എന്നു വിശേഷിപ്പിച്ചു. കാരണം? സുഖം പ്രാപിച്ച ആ കുരുടന്റെ അതേ കൃതജ്ഞതാ മനോഭാവമാണ് അവർക്കും ഉണ്ടായിരുന്നത്. ‘അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു തങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷി’ച്ചുകൊണ്ട് തങ്ങളുടെ ഗുണകർത്താവായ യഹോവയോട് അവർ കൃതജ്ഞത പ്രകടമാക്കുന്നു. (1 പത്രൊസ് 2:9; കൊലൊസ്സ്യർ 1:13) ഭൗമിക പ്രത്യാശ ഉള്ളവർക്കും അതേ കൃതജ്ഞതാ മനോഭാവം ഉണ്ട്. യഹോവയുടെ “സൽഗുണങ്ങളെ” പരസ്യമായി പ്രഖ്യാപിക്കുന്നതിൽ അവർ തങ്ങളുടെ അഭിഷിക്ത സഹോദരങ്ങളെ പിന്തുണയ്ക്കുന്നു. എത്ര അമൂല്യമായ പദവിയാണ് അപൂർണ മനുഷ്യർക്കു ദൈവം നൽകിയിരിക്കുന്നത്!
17, 18. (എ) ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വം എന്താണ്? (ബി) തിമൊഥെയൊസിനെ അനുകരിച്ചുകൊണ്ട് എന്തു ചെയ്യാൻ ഓരോ ക്രിസ്ത്യാനിയെയും പ്രോത്സാഹിപ്പിച്ചിരിക്കുന്നു?
17 സത്യത്തിന്റെ വെളിച്ചത്തോട് ഹൃദയംഗമമായ വിലമതിപ്പ് ഉണ്ടായിരിക്കുന്നതു മർമപ്രധാനമാണ്. നമ്മിൽ ആരും സത്യം അറിഞ്ഞവർ ആയിട്ടല്ല ജനിച്ചത് എന്ന കാര്യം മറക്കാതിരിക്കുക. ചിലർ അതു മുതിർന്നവരായിരിക്കെ പഠിച്ചതാണ്, അന്ധകാരത്തെ അപേക്ഷിച്ച് വെളിച്ചത്തിനുള്ള ശ്രേഷ്ഠത അവർക്ക് പെട്ടെന്നു കാണാൻ സാധിക്കുന്നു. ദൈവഭയമുള്ള മാതാപിതാക്കളുടെ മേൽനോട്ടത്തിൽ വളർന്നുവരികയെന്ന വലിയ പദവി ആസ്വദിച്ചിട്ടുള്ളവരാണ് മറ്റു ചിലർ. അങ്ങനെയുള്ളവർ ചിലപ്പോൾ വെളിച്ചത്തിന്റെ മൂല്യത്തെ കുറച്ചുകണ്ടെന്നു വരാം. ശൈശവം മുതലേ പഠിച്ച സത്യത്തിന്റെ പ്രാധാന്യവും പ്രസക്തിയും മുഴുവനായി ഉൾക്കൊള്ളാൻ തനിക്ക് ഏറെ സമയവും ശ്രമവും വേണ്ടിവന്നതായി യഹോവയുടെ ആരാധകരായ മാതാപിതാക്കൾക്കു ജനിച്ച ഒരു സാക്ഷി സമ്മതിക്കുന്നു. (2 തിമൊഥെയൊസ് 3:14ബി, NW) പ്രായഭേദമന്യേ നാം ഏവരും യഹോവ വെളിപ്പെടുത്തിയിരിക്കുന്ന സത്യത്തിനായി അതീവ കൃതജ്ഞതയുള്ളവർ ആയിരിക്കണം.
18 ശൈശവം മുതൽ “തിരുവെഴുത്തുകളിൽ” അഭ്യസിപ്പിക്കപ്പെട്ടവൻ ആയിരുന്നു തിമൊഥെയൊസ്. എന്നാൽ ശുശ്രൂഷയിൽ സ്ഥിരോത്സാഹത്തോടെ ഏർപ്പെട്ടതിന്റെ ഫലമായാണ് ഒരു ക്രിസ്ത്യാനി എന്ന നിലയിൽ അവൻ പക്വത പ്രാപിച്ചത്. (2 തിമൊഥെയൊസ് 3:15) അങ്ങനെ അപ്പൊസ്തലനായ പൗലൊസിനെ പിന്തുണയ്ക്കാൻ അവൻ പ്രാപ്തി നേടി. പൗലൊസ് അവനെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്തുകൊണ്ട് ഒന്നിനെക്കുറിച്ചും ലജ്ജിപ്പാൻ വകയില്ലാത്ത ഒരു വേലക്കാരനായി, ദൈവത്തിന് അംഗീകാരമുള്ളവനായി സ്വയം അർപ്പിക്കാൻ നിന്റെ പരമാവധി പ്രവർത്തിക്കുക.” നമ്മെ ലജ്ജിപ്പിച്ചേക്കാവുന്ന—അല്ലെങ്കിൽ യഹോവ നമ്മെ കുറിച്ചു ലജ്ജിക്കാൻ ഇടയാക്കുന്ന—യാതൊന്നും ചെയ്യാതിരിക്കാൻ തിമൊഥെയൊസിനെ പോലെ നമുക്ക് ഏവർക്കും ശ്രമിക്കാം.—2 തിമൊഥെയൊസ് 2:15, NW.
19. (എ) ദാവീദിനെ പോലെ എന്തു പറയാൻ നമുക്ക് ഏവർക്കും കാരണമുണ്ട്? (ബി) അടുത്ത ലേഖനത്തിൽ എന്തു ചർച്ച ചെയ്യുന്നതാണ്?
19 സത്യത്തിന്റെ വെളിച്ചം നമുക്കു നൽകിയിരിക്കുന്ന യഹോവയെ സ്തുതിക്കാൻ നമുക്കു സകല കാരണവുമുണ്ട്. ദാവീദ് രാജാവിനെ പോലെ നാമും ഇങ്ങനെ പറയുന്നു: “യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.” (2 ശമൂവേൽ 22:29) എങ്കിലും നാം ഉദാസീനത കാട്ടരുത്, കാരണം ഒരിക്കൽ അന്ധകാരത്തിൽനിന്നു രക്ഷപ്രാപിച്ചവരായ നാം വീണ്ടും അതിലേക്കു വഴുതിവീഴാൻ അത് ഇടയാക്കും. അതുകൊണ്ട്, ദിവ്യ സത്യത്തിനു നാം ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം നൽകുന്നുവെന്നു സ്വയം തിട്ടപ്പെടുത്താൻ അടുത്ത ലേഖനം നമ്മെ സഹായിക്കും.
നിങ്ങൾ എന്തു പഠിച്ചിരിക്കുന്നു?
• യഹോവ ആത്മീയ വെളിച്ചം പ്രദാനം ചെയ്യുന്നത് എങ്ങനെ?
• നമുക്കു ചുറ്റുമുള്ള ആത്മീയ അന്ധകാരം എന്തു വെല്ലുവിളി ഉയർത്തുന്നു?
• നാം എന്തെല്ലാം അപകടങ്ങൾ ഒഴിവാക്കണം?
• സത്യത്തിന്റെ വെളിച്ചത്തിനായി നമുക്കു കൃതജ്ഞത പ്രകടമാക്കാൻ കഴിയുന്നത് എങ്ങനെ?
[8-ാം പേജിലെ ചിത്രം]
ഭൗതികവും ആത്മീയവുമായ വെളിച്ചത്തിന്റെ ഉറവിടം യഹോവയാണ്
[10-ാം പേജിലെ ചിത്രം]
യേശു അന്ധനായ മനുഷ്യനെ പടിപടിയായി സൗഖ്യമാക്കിയതുപോലെ, അവൻ നമ്മെ ആത്മീയ അന്ധകാരത്തിൽനിന്ന് പുറത്തുവരാൻ സഹായിക്കുന്നു
[11-ാം പേജിലെ ചിത്രം]
സാത്താന്റെ കപട വെളിച്ചത്താൽ വഴിതെറ്റിക്കപ്പെടുന്നത് നമ്മുടെ ആത്മീയത തകർന്നുപോകാൻ ഇടയാക്കും