വായനയ്ക്കും പഠനത്തിനുമായി സമയം വിലയ്ക്കു വാങ്ങൽ
‘ഇതു ദുഷ്കാലമാകയാൽ അവസരോചിത സമയം വിലയ്ക്കു വാങ്ങുവിൻ.’ —എഫെസ്യർ 5:16, Nw.
1. സമയം പട്ടികപ്പെടുത്തുന്നതു ജ്ഞാനപൂർവകമായിരിക്കുന്നത് എന്തുകൊണ്ട്, നാം സമയം വിനിയോഗിക്കുന്ന വിധം നമ്മെക്കുറിച്ചു പൊതുവെ എന്തു വെളിപ്പെടുത്തുന്നു?
“സമയം പട്ടികപ്പെടുത്തിയാൽ സമയം ലാഭിക്കാം” എന്ന് പൊതുവെ പറയാറുണ്ട്. ചെയ്യേണ്ട ഓരോ കാര്യത്തിനും ഒരു നിശ്ചിത സമയം നീക്കിവെക്കുന്ന വ്യക്തി തനിക്കുള്ള സമയത്തിൽനിന്നു കൂടുതൽ നേട്ടമുണ്ടാക്കുന്നു. ജ്ഞാനിയായ ശലോമോൻ രാജാവ് ഇങ്ങനെ എഴുതി: “എല്ലാററിന്നും ഒരു സമയമുണ്ടു [“നിയമിത സമയമുണ്ട്,” NW]; ആകാശത്തിൻകീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.” (സഭാപ്രസംഗി 3:1) നമുക്ക് എല്ലാവർക്കും ദിവസത്തിൽ 24 മണിക്കൂർതന്നെയാണ് ഉള്ളത്. എന്നാൽ അത് എങ്ങനെ ചെലവഴിക്കുന്നു എന്നത് ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കുന്നു. നാം വെക്കുന്ന മുൻഗണനകളും ഓരോ പ്രവർത്തനത്തിനും നീക്കിവെക്കുന്ന സമയവും നാം ഏറ്റവുമധികം വിലയുള്ളതായി കരുതുന്നത് എന്താണെന്ന് വലിയൊരു അളവുവരെ വെളിപ്പെടുത്തുന്നു.—മത്തായി 6:21.
2. (എ) നമ്മുടെ ആത്മീയ ആവശ്യത്തെ കുറിച്ച് ഗിരിപ്രഭാഷണത്തിൽ യേശു എന്തു പറഞ്ഞു? (ബി) ഏത് ആത്മപരിശോധന ഉചിതമാണ്?
2 ഭക്ഷണം കഴിക്കാനും ഉറങ്ങാനും വേണ്ടി സമയം ചെലവഴിക്കാൻ നാം നിർബന്ധിതരാണ്. കാരണം അവ ശാരീരിക ആവശ്യങ്ങളാണ്. എന്നാൽ ആത്മീയ ആവശ്യങ്ങളുടെ കാര്യമോ? അവയെയും തൃപ്തിപ്പെടുത്തേണ്ടതാണെന്ന് നമുക്ക് അറിയാം. യേശു തന്റെ ഗിരിപ്രഭാഷണത്തിൽ ഇങ്ങനെ പ്രഖ്യാപിച്ചു: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു.” (മത്തായി 5:3, NW) അതുകൊണ്ടാണ് ബൈബിൾ വായിക്കാനും പഠിക്കാനും വേണ്ടി സമയം ചെലവിടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് “വിശ്വസ്തനും വിവേകിയുമായ അടിമ” നമ്മെ കൂടെക്കൂടെ ഓർമിപ്പിക്കുന്നത്. (മത്തായി 24:45, NW) ഇത് എത്ര പ്രധാനമാണെന്ന് നിങ്ങൾ ഒരുപക്ഷേ തിരിച്ചറിയുന്നുണ്ടാകും. എന്നാൽ ബൈബിൾ പഠിക്കാനോ വായിക്കാനോ ഒട്ടും സമയമില്ലെന്നു നിങ്ങൾക്കു തോന്നിയേക്കാം. അങ്ങനെയെങ്കിൽ, ദൈവചനത്തിന്റെ വായനയ്ക്കും വ്യക്തിപരമായ പഠനത്തിനും ധ്യാനത്തിനും നമ്മുടെ ജീവിതത്തിൽ കൂടുതൽ സമയം കണ്ടെത്താനുള്ള മാർഗങ്ങൾ നമുക്കു പരിശോധിക്കാം.
ബൈബിൾ വായനയ്ക്കും പഠനത്തിനും സമയം കണ്ടെത്തൽ
3, 4. (എ) സമയം ഉപയോഗിക്കുന്നതിനെ കുറിച്ച് പൗലൊസ് അപ്പൊസ്തലൻ എന്തു ബുദ്ധിയുപദേശമാണു നൽകിയത്, അതിൽ എന്തെല്ലാം ഉൾപ്പെടുന്നു? (ബി) “അവസരോചിത സമയം വിലയ്ക്കു വാങ്ങുവിൻ” എന്നു നമ്മെ ബുദ്ധിയുപദേശിച്ചപ്പോൾ പൗലൊസ് എന്താണ് അർഥമാക്കിയത്?
3 നാം ജീവിച്ചിരിക്കുന്ന ഈ കാലത്തിന്റെ വീക്ഷണത്തിൽ, നാമെല്ലാവരും പൗലൊസ് അപ്പൊസ്തലന്റെ പിൻവരുന്ന വാക്കുകൾക്കു ശ്രദ്ധ കൊടുക്കേണ്ടതാണ്: “ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ [“അവസരോചിത സമയം വിലയ്ക്കു വാങ്ങുവിൻ,” NW]. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ.” (എഫെസ്യർ 5:15-17) ഈ ബുദ്ധിയുപദേശം സമർപ്പിത ക്രിസ്ത്യാനികൾ എന്ന നിലയിലുള്ള നമ്മുടെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ബാധകമാണ്. പ്രാർഥനയ്ക്കും പഠനത്തിനും യോഗങ്ങൾക്കും സമയം കണ്ടെത്തുന്നതും ‘രാജ്യത്തിന്റെ സുവിശേഷം’ പ്രസംഗിക്കുന്നതിൽ സാധിക്കുന്നത്ര പങ്കുപറ്റുന്നതുമൊക്കെ അതിൽ ഉൾപ്പെടുന്നു.—മത്തായി 24:14; 28:19, 20.
4 ബൈബിൾ വായനയ്ക്കും ആഴമായ പഠനത്തിനും ജീവിതത്തിൽ ഇടമുണ്ടാക്കാൻ യഹോവയുടെ അനേകം ദാസന്മാർക്ക് ഇന്നു ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി തോന്നുന്നു. ഒരു ദിവസത്തോട് ഒരു മണിക്കൂർ കൂട്ടിച്ചേർക്കാൻ നമുക്കാർക്കും സാധിക്കില്ല. അതുകൊണ്ട് പൗലൊസിന്റെ ബുദ്ധിയുപദേശത്തിൽ ഉൾപ്പെട്ടിരിക്കുന്നത് മറ്റെന്തെങ്കിലും ആയിരിക്കണം. “അവസരോചിത സമയം വിലയ്ക്കു വാങ്ങുവിൻ” എന്നതിന് ഗ്രീക്കിൽ, മറ്റെന്തെങ്കിലും ത്യജിച്ച് വാങ്ങുക എന്ന അർഥമാണ് ഉള്ളത്. “നഷ്ടപ്പെട്ട അവസരങ്ങൾ വീണ്ടെടുക്കാൻ സാധിക്കാത്തതിനാൽ ഓരോ അവസരവും പരമാവധി പ്രയോജനപ്പെടുത്തുക” എന്ന അർഥമാണ് ഡബ്ല്യു. ഇ. വൈൻ തന്റെ എക്സ്പോസിറ്ററി ഡിക്ഷണറിയിൽ നൽകുന്നത്. ബൈബിൾ വായനയ്ക്കും പഠനത്തിനുമായി എന്തിൽനിന്ന് അഥവാ എവിടെ നിന്നാണ് നമുക്ക് അവസരോചിത സമയം വിലയ്ക്കു വാങ്ങാൻ കഴിയുക?
നാം മുൻഗണനകൾ വെക്കണം
5. നാം ‘കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടുത്തേണ്ടത്’ എന്തുകൊണ്ട്, നമുക്കത് എങ്ങനെ ചെയ്യാനാകും?
5 നമ്മുടെ ലൗകിക ഉത്തരവാദിത്വങ്ങൾക്കു പുറമേ, അനേകം ആത്മീയ കാര്യങ്ങളും നമുക്കു ചെയ്യാനുണ്ട്. യഹോവയുടെ സമർപ്പിത ദാസന്മാർ എന്ന നിലയിൽ നമുക്ക് “കർത്താവിന്റെ വേലയിൽ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്.” (1 കൊരിന്ത്യർ 15:58, NW) ആയതിനാൽ, ‘കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടുത്താൻ’ പൗലൊസ് ഫിലിപ്പിയയിലെ ക്രിസ്ത്യാനികളെ പ്രബോധിപ്പിച്ചു. (ഫിലിപ്പിയർ 1:10, NW) അതിന്റെ അർഥം മുൻഗണനകൾ വെക്കണമെന്നാണ്. എല്ലായ്പോഴും ആത്മീയ കാര്യങ്ങൾക്ക് ആയിരിക്കണം ഭൗതിക കാര്യങ്ങളെക്കാൾ പ്രാധാന്യം. (മത്തായി 6:31-33) എന്നാൽ, ആത്മീയ കടമകൾ നിർവഹിക്കുന്നതിലും സമനില ആവശ്യമാണ്. നമ്മുടെ ക്രിസ്തീയ ജീവിതത്തിലെ വ്യത്യസ്ത കാര്യങ്ങൾക്കായി നാം എങ്ങനെയാണു സമയം നീക്കിവെക്കുന്നത്? ഒരു ക്രിസ്ത്യാനി ശ്രദ്ധ പതിപ്പിക്കേണ്ട “കൂടുതൽ പ്രാധാന്യമുള്ള സംഗതിക”ളിൽ മിക്കപ്പോഴും അവഗണിക്കപ്പെടുന്നത് വ്യക്തിപരമായ പഠനവും ബൈബിൾ വായനയുമാണെന്ന് സഞ്ചാരമേൽവിചാരകന്മാർ റിപ്പോർട്ടു ചെയ്യുന്നു.
6. ലൗകിക ജോലിയുടെയോ വീട്ടുജോലിയുടെയോ കാര്യത്തിൽ, അവസരോചിത സമയം വിലയ്ക്കു വാങ്ങുന്നതിൽ എന്ത് ഉൾപ്പെടുന്നു?
6 നാം കണ്ടുകഴിഞ്ഞതു പോലെ, അവസരോചിത സമയം വിലയ്ക്കു വാങ്ങുന്നതിൽ “ഓരോ അവസരവും പരമാവധി പ്രയോജനപ്പെടുത്തു”ന്നത് ഉൾപ്പെടുന്നു. അതുകൊണ്ട് നമ്മുടെ ബൈബിൾ വായനാ-പഠന ശീലങ്ങൾ മോശമാണെങ്കിൽ, നാം സമയം ചെലവഴിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ ഒരു വ്യക്തിഗത അപഗ്രഥനം നടത്തുന്നതു നന്നായിരിക്കും. ലൗകിക ജോലിക്കു വേണ്ടി വളരെയേറെ സമയവും ഊർജവും ചെലവഴിക്കേണ്ടി വരുന്നെങ്കിൽ അതു സംബന്ധിച്ച് നാം യഹോവയോടു പ്രാർഥിക്കേണ്ടതാണ്. (സങ്കീർത്തനം 55:22) ബൈബിൾ വായനയും പഠനവും പോലുള്ള, യഹോവയുടെ ആരാധനയോടു ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾക്കായി കൂടുതൽ സമയം ലഭിക്കത്തക്ക വിധത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നമുക്കു കഴിഞ്ഞേക്കും. ഒരു സ്ത്രീയുടെ ജോലി ഒരിക്കലും അവസാനിക്കുന്നില്ല എന്നു പൊതുവെ പറയാറുണ്ട്, ഒരു പരിധിവരെ അതു ശരിയുമാണ്. അതുകൊണ്ട് മുൻഗണനകൾ വെച്ചുകൊണ്ട് ക്രിസ്തീയ സഹോദരിമാരും ബൈബിൾ വായനയ്ക്കും ഗഹനമായ പഠനത്തിനും വേണ്ടി നിശ്ചിത സമയം മാറ്റിവെക്കണം.
7, 8. (എ) വായനയ്ക്കും പഠനത്തിനും വേണ്ടി മിക്കപ്പോഴും ഏതെല്ലാം പ്രവർത്തനങ്ങളിൽനിന്നു സമയം വിലയ്ക്കു വാങ്ങാനാകും? (ബി) വിനോദ പ്രവർത്തനങ്ങളുടെ ഉദ്ദേശ്യം എന്താണ്, അതു മനസ്സിൽ പിടിക്കുന്നത് മുൻഗണനകൾ വെക്കാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
7 അത്യാവശ്യമില്ലാത്ത കാര്യങ്ങൾക്കായി സമയം ചെലവഴിക്കാതിരുന്നുകൊണ്ട് നമ്മിൽ മിക്കവർക്കും പഠനത്തിനായി സമയം വിലയ്ക്കു വാങ്ങാൻ കഴിയും. നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കേണ്ടതാണ്: ‘ലൗകിക പത്രമാസികകൾ വായിക്കാനോ ടെലിവിഷൻ പരിപാടികൾ കാണാനോ സംഗീതം കേൾക്കാനോ വീഡിയോ ഗെയിമുകളിൽ ഏർപ്പെടാനോ വേണ്ടി ഞാൻ എത്രമാത്രം സമയം ചെലവഴിക്കുന്നുണ്ട്? ബൈബിൾ വായനയ്ക്കു ചെലവഴിക്കുന്നതിനെക്കാൾ സമയം ഞാൻ കമ്പ്യൂട്ടറിന്റെ മുന്നിൽ ചെലവഴിക്കുന്നുണ്ടോ?’ പൗലൊസ് ഇങ്ങനെ പറയുന്നു: “ബുദ്ധിഹീനരാകാതെ [“ന്യായബോധമില്ലാത്തവർ ആയിരിക്കാതെ,” NW] കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ.” (എഫെസ്യർ 5:17) അനേകം സാക്ഷികൾ വ്യക്തിപരമായ പഠനത്തിനും ബൈബിൾ വായനയ്ക്കും വേണ്ടത്ര സമയം ചെലവഴിക്കാത്തതിന്റെ ഒരു പ്രധാന കാരണം ടെലിവിഷന്റെ ന്യായബോധമില്ലാത്ത ഉപയോഗമാണെന്നു പറയാവുന്നതാണ്.—സങ്കീർത്തനം 101:3; 119:37, 47, 48.
8 സർവനേരവും പഠിക്കാനാവില്ലെന്നും കുറെയൊക്കെ വിനോദം ആവശ്യമാണെന്നും ചിലർ പറഞ്ഞേക്കാം. വിനോദം വേണമെന്നതു ശരിതന്നെ. അതേസമയം, വിനോദ പ്രവർത്തനങ്ങൾക്കായി നാം ചെലവഴിക്കുന്ന സമയവും ബൈബിൾ പഠനത്തിനോ വായനയ്ക്കോ വേണ്ടി ചെലവഴിക്കുന്ന സമയവും തമ്മിൽ താരതമ്യം ചെയ്തു നോക്കുന്നതു നന്നായിരിക്കും. അതിന്റെ ഫലം നമ്മെ അതിശയിപ്പിച്ചേക്കാം. വിനോദവും വിശ്രമവും അത്യാവശ്യമാണെങ്കിലും, അവയെ ഉചിതമായ സ്ഥാനത്തു നിറുത്തേണ്ടതുണ്ട്. ആത്മീയ പ്രവർത്തനങ്ങളിൽ കൂടുതൽ ഊർജിതമായി ഏർപ്പെടത്തക്കവണ്ണം നമുക്കു നവോന്മേഷം പകരുക എന്നതാണ് അതിന്റെ ഉദ്ദേശ്യം. പല ടെലിവിഷൻ പരിപാടികളും വീഡിയോ ഗെയിമുകളും ഒരുവനെ കൂടുതൽ ക്ഷീണിപ്പിക്കുകയേ ഉള്ളൂ. അതേസമയം ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് നമുക്കു നവോന്മേഷവും ഊർജസ്വലതയും പ്രദാനം ചെയ്യുന്നു.—സങ്കീർത്തനം 19:7, 8.
ചിലർ പഠനത്തിനായി സമയം കണ്ടെത്തുന്ന വിധം
9. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—1999 എന്ന ചെറുപുസ്തകത്തിലെ ബുദ്ധിയുപദേശം പിന്തുടരുന്നതിന്റെ പ്രയോജനങ്ങൾ ഏവ?
9 തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന ചെറുപുസ്തകത്തിന്റെ 1999-ലെ പതിപ്പിന്റെ ആമുഖം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഈ ചെറുപുസ്തകത്തിൽ നിന്നുള്ള ദിനവാക്യവും അഭിപ്രായങ്ങളും രാവിലെ പരിചിന്തിക്കുന്നത് ഏറ്റവും പ്രയോജനകരം ആയിരിക്കും. മഹാ ഉപദേഷ്ടാവായ യഹോവ തന്റെ പഠിപ്പിക്കലുകൾകൊണ്ട് നിങ്ങളെ ഉണർത്തുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും. യഹോവയുടെ പഠിപ്പിക്കലുകളാൽ ദിവസവും രാവിലെ യേശു പ്രയോജനം അനുഭവിക്കുന്നതിനെക്കുറിച്ച് പ്രാവചനികമായി ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു: ‘അവൻ [യഹോവ] രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണർത്തുന്നു.’ ‘തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു’ അത്തരം പ്രബോധനം യേശുവിന് ‘പഠിപ്പിക്കപ്പെട്ടവരുടെ നാവു’ നൽകി. (യെശ. 30:20; 50:4, NW; മത്താ. 11:28-30) ദിവസവും രാവിലെ ദൈവവചനത്തിൽനിന്നുള്ള സമയോചിത ബുദ്ധിയുപദേശം പരിചിന്തിക്കുന്നത്, വ്യക്തിപരമായ പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനു നമ്മെ സഹായിക്കുക മാത്രമല്ല മറ്റുള്ളവരെ സഹായിക്കാൻ ‘പഠിപ്പിക്കപ്പെട്ടവരുടെ നാവു തന്ന്’ നമ്മെ സജ്ജരാക്കുകയും ചെയ്യും.”a
10. ബൈബിൾ വായനയ്ക്കും പഠനത്തിനും ചിലർ സമയം കണ്ടെത്തുന്നത് എങ്ങനെ, അതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
10 അതിരാവിലെ ദിനവാക്യവും അഭിപ്രായങ്ങളും വായിച്ചുകൊണ്ടും ബൈബിൾ വായിക്കുകയോ പഠിക്കുകയോ ചെയ്തുകൊണ്ടും മിക്ക ക്രിസ്ത്യാനികളും ഈ ബുദ്ധിയുപദേശം പിൻപറ്റുന്നു. ഫ്രാൻസിലെ ഒരു വിശ്വസ്ത പയനിയർ എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് 30 മിനിട്ട് ബൈബിൾ വായിക്കുന്നു. അനേകം വർഷം ഇപ്രകാരം ചെയ്യാൻ ആ സഹോദരിയെ സഹായിച്ചത് എന്താണ്? അവർ പറയുന്നു: “എനിക്ക് ശക്തമായ പ്രചോദനം തോന്നുന്നു, എന്തു സംഭവിച്ചാലും ഞാൻ എന്റെ വായനാ പട്ടികയോടു പറ്റിനിൽക്കുന്നു!” നാം ഏതു സമയം തിരഞ്ഞെടുക്കുന്നു എന്നതല്ല, മറിച്ച് നമ്മുടെ പട്ടികയോടു പറ്റിനിൽക്കുന്നുണ്ടോ എന്നതാണ് പ്രധാനമായിരിക്കുന്നത്. യൂറോപ്പിലും ഉത്തരാഫ്രിക്കയിലുമായി 40-ലധികം വർഷം പയനിയറിങ്ങ് ചെയ്തിട്ടുള്ള റെനെ മൈക്ക ഇങ്ങനെ പറയുന്നു: “ഓരോ വർഷവും ബൈബിൾ മുഴുവനും വായിച്ചു തീർക്കുക എന്നത് 1950 മുതലുള്ള എന്റെ ലക്ഷ്യമാണ്. അന്നുമുതൽ ഞാൻ 49 തവണ ബൈബിൾ വായിച്ചുതീർത്തിരിക്കുന്നു. സ്രഷ്ടാവുമായി ഒരു അടുത്ത ബന്ധം നിലനിറുത്തുന്നതിൽ ഇത് ഒരു സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നു ഞാൻ കരുതുന്നു. യഹോവയുടെ നീതിയും മറ്റു ഗുണങ്ങളും മെച്ചമായി മനസ്സിലാക്കാൻ ദൈവവചനത്തെ കുറിച്ചുള്ള ധ്യാനം എന്നെ സഹായിക്കുന്നു. അത് അസാധാരണമായ ശക്തിയുടെ ഉറവുമായിരുന്നിട്ടുണ്ട്.”b
‘തക്കസമയത്തെ ആഹാരം’
11, 12. (എ) എന്ത് ആത്മീയ “ആഹാരവീത”മാണ് ‘വിശ്വസ്ത ഗൃഹവിചാരകൻ’ പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നത്? (ബി) “ആഹാരവീതം” തക്കസമയത്തു പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നത് എങ്ങനെ?
11 ക്രമമായി ആഹാരം കഴിക്കുന്നതു നല്ല ശാരീരിക ആരോഗ്യം പ്രദാനം ചെയ്യുന്നതു പോലെ, ക്രമമായ പഠനവും ബൈബിൾ വായനയും നല്ല ആത്മീയ ആരോഗ്യം നേടാൻ നമ്മെ സഹായിക്കുന്നു. ലൂക്കൊസിന്റെ സുവിശേഷത്തിൽ യേശുവിന്റെ ഈ വാക്കുകൾ നാം കാണുന്നു: “തക്കസമയത്തു ആഹാരവീതം കൊടുക്കേണ്ടതിന്നു യജമാനൻ തന്റെ വേലക്കാരുടെമേൽ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ ആർ?” (ലൂക്കൊസ് 12:42) ഇപ്പോൾ 120 വർഷത്തിലധികമായി, വീക്ഷാഗോപുരത്തിലൂടെയും മറ്റു ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും “തക്കസമയത്തു” നമുക്ക് ആത്മീയ “ആഹാരവീതം” ലഭിച്ചുകൊണ്ടിരിക്കുന്നു.
12 “തക്കസമയത്തു” എന്ന പ്രയോഗം ശ്രദ്ധിക്കുക. ഉപദേശവും നടത്തയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നമ്മുടെ “മഹാ ഉപദേഷ്ടാവായ” യഹോവ തന്റെ പുത്രനിലൂടെയും അടിമവർഗത്തിലൂടെയും തന്റെ ജനത്തെ തക്കസമയത്തു വഴിനയിച്ചിരിക്കുന്നു. “വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ” എന്നൊരു ശബ്ദം ഒരു കൂട്ടമെന്ന നിലയിൽ നാം കേട്ടിരിക്കുന്നതുപോലെയാണ് അത്. (യെശയ്യാവു 30:20, 21) തന്നെയുമല്ല, വ്യക്തികൾ ബൈബിളും ബൈബിൾ പ്രസിദ്ധീകരണങ്ങളും ശ്രദ്ധാപൂർവം വായിക്കുമ്പോൾ, അവയിലെ ആശയങ്ങൾ വിശേഷാൽ തങ്ങൾക്കു വേണ്ടി എഴുതിയിരിക്കുന്നവ ആണെന്ന് അവർക്കു പലപ്പോഴും തോന്നുന്നു. അതേ, ദൈവിക ബുദ്ധിയുപദേശവും മാർഗനിർദേശവും നമുക്ക് തക്കസമയത്തുതന്നെ ലഭിക്കും. അങ്ങനെ പ്രലോഭനങ്ങളെ ചെറുക്കാൻ അല്ലെങ്കിൽ ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ അവ നമ്മെ പ്രാപ്തരാക്കുന്നു.
നല്ല ആഹാരശീലങ്ങൾ വളർത്തിയെടുക്കുക
13. മോശമായ ചില ആത്മീയ ആഹാരശീലങ്ങൾ ഏവ?
13 തക്കസമയത്തു പ്രദാനം ചെയ്യപ്പെടുന്ന അത്തരം “ആഹാരവീത”ത്തിൽനിന്നു പരമാവധി പ്രയോജനം നേടുന്നതിന് നമുക്കു നല്ല ഭക്ഷണശീലങ്ങൾ ഉണ്ടായിരിക്കണം. ബൈബിൾ വായനയ്ക്കും വ്യക്തിപരമായ പഠനത്തിനുമായി ക്രമമായ ഒരു പട്ടിക ഉണ്ടായിരിക്കുന്നതും അതിനോടു പറ്റിനിൽക്കുന്നതും പ്രധാനമാണ്. നിങ്ങൾക്ക് നല്ല ആത്മീയ ഭക്ഷണശീലങ്ങൾ ഉണ്ടോ? നിങ്ങൾ ക്രമമായ അടിസ്ഥാനത്തിൽ ആഴമായ വ്യക്തിഗത പഠനം നടത്താറുണ്ടോ? അതോ തിരക്കിട്ട് ആഹാരം കഴിക്കുന്നതുപോലെ, നമുക്കായി ശ്രദ്ധാപൂർവം തയ്യാർ ചെയ്തിരിക്കുന്ന വിഷയങ്ങൾ നിങ്ങൾ വെറുതെ ഓടിച്ചു വായിക്കുക മാത്രമേ ചെയ്യുന്നുള്ളോ? ഇനിയും, ചില നേരം ആഹാരം അപ്പാടെ മുടക്കുന്നവരെപ്പോലെയാണോ നിങ്ങൾ? മോശമായ ആത്മീയ ആഹാരശീലങ്ങൾ ചിലർ വിശ്വാസത്തിൽ ദുർബലരായിത്തീരാനും, വീണുപോകാൻ പോലും ഇടയാക്കിയിട്ടുണ്ട്.—1 തിമൊഥെയൊസ് 1:19; 4:15, 16.
14. പരിചിതമെന്നു തോന്നിയേക്കാവുന്ന വിഷയങ്ങൾ പോലും ശ്രദ്ധാപൂർവം പരിശോധിക്കുന്നത് പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
14 തങ്ങൾക്ക് അടിസ്ഥാനപരമായ ഉപദേശങ്ങളൊക്കെ അറിയാമെന്നും എല്ലാ ലേഖനങ്ങളിലൂടെയും തികച്ചും പുതിയ കാര്യങ്ങളൊന്നും അവതരിപ്പിക്കുന്നില്ലെന്നും ചിലർ വിചാരിച്ചേക്കാം. അതുകൊണ്ട്, ക്രമീകൃതമായ പഠനത്തിന്റെയും യോഗങ്ങൾക്കു ഹാജരാകേണ്ടതിന്റെയും ആവശ്യമില്ലെന്ന് അവർക്കു തോന്നിയേക്കാം. എന്നിരുന്നാലും, നമുക്ക് അറിയാവുന്ന കാര്യങ്ങൾ വീണ്ടും നമ്മെ ഓർമിപ്പിക്കേണ്ട ആവശ്യമുണ്ടെന്നു ബൈബിൾ പ്രകടമാക്കുന്നു. (സങ്കീർത്തനം 119:95, 99, NW; 2 പത്രൊസ് 3:1; യൂദാ 5) ഒരു നല്ല പാചകക്കാരൻ ഒരേ അടിസ്ഥാന ചേരുവകൾകൊണ്ട് വ്യത്യസ്ത വിധങ്ങളിൽ രുചികരമായ ആഹാരം തയ്യാറാക്കുന്നതുപോലെ, അടിമ വർഗം അനേകം വ്യത്യസ്ത വിധങ്ങളിൽ പോഷകപ്രദമായ ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നു. മുമ്പ് പല തവണ ചർച്ച ചെയ്തിട്ടുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങളിൽ പോലും നാം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒന്നാന്തരം ആശയങ്ങളുണ്ട്. ലഭിക്കുന്ന പ്രസിദ്ധീകരണങ്ങളിൽനിന്ന് നാം എത്രമാത്രം വിവരങ്ങൾ ഉൾക്കൊള്ളുന്നുവെന്നത്, നാം അവ പഠിക്കാൻ വേണ്ടി എത്രമാത്രം സമയവും ശ്രമവും ചെലവഴിക്കുന്നു എന്നതിനെയാണ് മുഖ്യമായും ആശ്രയിച്ചിരിക്കുന്നത്.
വായിക്കുകയും പഠിക്കുകയും ചെയ്യുന്നതിൽനിന്നുള്ള ആത്മീയ പ്രയോജനങ്ങൾ
15. ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ മെച്ചപ്പെട്ട ശുശ്രൂഷകരായിരിക്കാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
15 ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നതിൽനിന്നു നമുക്കു ലഭിക്കുന്ന പ്രയോജനങ്ങൾ അസംഖ്യമാണ്. “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായിരി”ക്കുക എന്ന നമ്മുടെ അടിസ്ഥാന ക്രിസ്തീയ ഉത്തരവാദിത്വത്തിനു യോഗ്യരായിത്തീരാൻ അതു നമ്മെ സഹായിക്കുന്നു. (2 തിമൊഥെയൊസ് 2:15) നാം എത്രയധികമായി ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നുവോ, അത്രയധികമായി നമ്മുടെ മനസ്സുകൾ ദൈവത്തിന്റെ ചിന്തകൾകൊണ്ടു നിറയും. അപ്പോൾ നാം പൗലൊസിനെപ്പോലെ, ആളുകളോടു യഹോവയുടെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച അതിശയകരമായ സത്യങ്ങളെ കുറിച്ച് ‘തിരുവെഴുത്തുകളെ ആധാരമാക്കി വാദിക്കാൻ [“ന്യായവാദം ചെയ്യാൻ, NW]’ പ്രാപ്തരായിരിക്കും. (പ്രവൃത്തികൾ 17:2, 3) നമ്മുടെ പഠിപ്പിക്കൽ പ്രാപ്തി വർധിക്കും. നമ്മുടെ സംഭാഷണങ്ങളും പ്രസംഗങ്ങളും ബുദ്ധിയുപദേശങ്ങളും ആത്മീയമായി കൂടുതൽ പരിപുഷ്ടിപ്പെടുത്തുന്നവ ആയിത്തീരും.—സദൃശവാക്യങ്ങൾ 1:5.
16. ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യുന്നതിൽനിന്ന് വ്യക്തിപരമായി ഏതെല്ലാം വിധങ്ങളിൽ നാം പ്രയോജനം അനുഭവിക്കുന്നു?
16 തന്നെയുമല്ല, ദൈവവചനം പരിശോധിക്കാനായി ചെലവഴിക്കുന്ന സമയം നമ്മുടെ ജീവിതത്തെ യഹോവയുടെ വഴികളോടു കൂടുതൽ അനുയോജ്യമാക്കാൻ സഹായിക്കും. (സങ്കീർത്തനം 25:4; 119:9, 10; സദൃശവാക്യങ്ങൾ 6:20-23) താഴ്മ, വിശ്വസ്തത, സന്തുഷ്ടി തുടങ്ങിയ നമ്മുടെ ആത്മീയ ഗുണങ്ങളെ അതു പരിപുഷ്ടിപ്പെടുത്തും. (ആവർത്തനപുസ്തകം 17:19, 20; വെളിപ്പാടു 1:3, NW) ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നതിൽനിന്നു ലഭിക്കുന്ന അറിവ് നാം ബാധകമാക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ നാം ദൈവാത്മാവിന്റെ സ്വതന്ത്രമായ ഒഴുക്ക് ആസ്വദിക്കുന്നു. അങ്ങനെ, നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആത്മാവിന്റെ ഫലം അത്യന്തം സമൃദ്ധമായി പ്രകടമാകുന്നു.—ഗലാത്യർ 5:22, 23.
17. വ്യക്തിപരമായ ബൈബിൾ വായനയുടെയും പഠനത്തിന്റെയും അളവും ഗുണനിലവാരവും യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കുന്നത് എങ്ങനെ?
17 എല്ലാറ്റിലും പ്രധാനമായി, ദൈവവചനം വായിക്കാനും പഠിക്കാനും വേണ്ടി മറ്റു പ്രവർത്തനങ്ങളിൽനിന്നു നാം വിലയ്ക്കു വാങ്ങുന്ന സമയം, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ കാര്യത്തിൽ നമുക്ക് സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തും. സഹക്രിസ്ത്യാനികൾ “പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേ”ണ്ടതിനായി പൗലൊസ് പ്രാർഥിച്ചു. (കൊലൊസ്സ്യർ 1:9, 10) സമാനമായി, “കർത്താവിന്നു യോഗ്യമാകുംവണ്ണം” നടക്കുന്നതിന് നാം “ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം.” അപ്പോൾ വ്യക്തമായും, നമുക്കു ലഭിക്കുന്ന യഹോവയുടെ അംഗീകാരവും അനുഗ്രഹവും വലിയൊരു അളവുവരെ നമ്മുടെ വ്യക്തിപരമായ ബൈബിൾ വായനയുടെയും പഠനത്തിന്റെയും അളവിനെയും ഗുണനിലവാരത്തെയും ആശ്രയിച്ചിരിക്കുന്നു.
18. യോഹന്നാൻ 17:3-ലെ യേശുവിന്റെ വാക്കുകൾ നാം പിന്തുടരുന്നെങ്കിൽ നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിക്കാനാകും?
18 “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) ദൈവവചനം പഠിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾ ഏറ്റവും അധികം ഉപയോഗിക്കുന്ന തിരുവെഴുത്തുകളിൽ ഒന്നാണ് അത്. നാം ഓരോരുത്തരും വ്യക്തിപരമായി ദൈവവചനം പഠിക്കേണ്ടതും തീർച്ചയായും അത്രതന്നെ പ്രധാനമാണ്. എന്നേക്കും ജീവിക്കാനുള്ള നമ്മുടെ പ്രത്യാശ യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവിൽ വളരുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതിന്റെ അർഥമെന്താണെന്ന് ഒരു ചിന്തിച്ചു നോക്കൂ. യഹോവയെ കുറിച്ച് അറിവു നേടുന്നതിന് ഒരിക്കലും ഒരു അവസാനം ഉണ്ടായിരിക്കില്ല, അവനെ കുറിച്ചു പഠിക്കാൻ നിത്യതതന്നെയുണ്ടായിരിക്കും!—സഭാപ്രസംഗി 3:11; റോമർ 11:33.
[അടിക്കുറിപ്പുകൾ]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
b 1995 മേയ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 20-1 പേജുകളിലെ “അവർ അതു വായിക്കുന്ന സമയവും പ്രയോജനം നേടുന്ന വിധവും” എന്ന ലേഖനം കാണുക.
പുനരവലോകന ചോദ്യങ്ങൾ
• നാം സമയം ചെലവഴിക്കുന്ന വിധം എന്തു വെളിപ്പെടുത്തുന്നു?
• ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യാൻ ഏതു പ്രവർത്തനങ്ങളിൽനിന്ന് നമുക്കു സമയം വിലയ്ക്കു വാങ്ങാനാകും?
• ആത്മീയ ഭക്ഷണശീലങ്ങൾക്കു നാം ശ്രദ്ധ നൽകേണ്ടത് എന്തുകൊണ്ട്?
• തിരുവെഴുത്തുകൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നതിൽനിന്ന് എന്തു പ്രയോജനങ്ങൾ കൈവരുന്നു?
[20, 21 പേജിലെ ചിത്രങ്ങൾ]
ബൈബിൾ പതിവായി വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗി”ക്കാൻ നമ്മെ സഹായിക്കും
[23-ാം പേജിലെ ചിത്രങ്ങൾ]
നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിലെ മറ്റു പ്രവർത്തനങ്ങളെ ആത്മീയ അനുധാവനങ്ങളുമായി സമനിലയിൽ നിറുത്തുന്നത് സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തും