ചൂതാട്ടത്തെ ബൈബിൾ കുറ്റംവിധിക്കുന്നുണ്ടോ?
സമ്പന്നരുടെയും പ്രശസ്തരുടെയും ഇഷ്ടവിനോദമായാണ് സിനിമകളും ടെലിവിഷനും ചൂതാട്ടത്തെ, വിശേഷിച്ചും കാസിനോകളിലെ ചൂതാട്ടത്തെ ചിത്രീകരിക്കുന്നത്. എന്നാൽ കാസിനോ ചൂതാട്ടങ്ങൾ ചൂതാട്ടത്തിന്റെ ഒരു രൂപം മാത്രമാണെന്ന് കാഴ്ചക്കാർക്ക് അറിയാം.
കാസിനോയിലെ ചൂതാട്ടത്തെയും വെല്ലുന്ന ചൂതാട്ടങ്ങൾ ഇന്ന് സർവസാധാരണമാണ്—ലോട്ടറി, സ്പോർട്സ് പന്തയങ്ങൾ, ഓൺലൈൻ ഗാംബ്ലിങ് അങ്ങനെ പലതും. “അതിവേഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഒരു ആഗോള തിന്മയാണ്” ചൂതാട്ടം എന്ന് ഇന്റർനെറ്റ് ഗാംബ്ലിങ് എന്ന പുസ്തകം പറയുന്നു. ഉദാഹരണത്തിന്, ടെലിവിഷനിലും ഇന്റർനെറ്റിലും ഏറെ പ്രചാരം ആർജിച്ചുവരുന്ന ചീട്ടുകളിയാണ് പോക്കർ. 18 മാസത്തിനുള്ളിൽ ഐക്യനാടുകളിൽ പോക്കർ കളിക്കാരുടെ എണ്ണം ഇരട്ടിയായതായി അടുത്തയിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നുവെന്ന് ഒരു പത്രം റിപ്പോർട്ടു ചെയ്യുന്നു.
നിശ്ചയമില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് വാതുവെക്കുക എന്നാണ് ചൂതാട്ടത്തെ നിർവചിച്ചിരിക്കുന്നത്. കളിക്കാരൻ സ്വന്തം പണംവെച്ച് കളിക്കുകയും ചൂതാട്ടത്തിന് അടിമയാകാതിരിക്കുകയും ചെയ്യുന്നിടത്തോളം ചൂതാട്ടത്തിൽ തെറ്റില്ലെന്നാണ് പൊതുവെയുള്ള ധാരണ. “സ്വന്തം ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന് തടസ്സമായി വരുന്നില്ലെങ്കിൽ (ചൂതാട്ടത്തെ) ഒരു പാപമായി കണക്കാക്കേണ്ടതില്ല” എന്നാണ് ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ പറയുന്നത്. എന്നാൽ അതിനെ പിന്താങ്ങുന്ന തിരുവെഴുത്തു പരാമർശമൊന്നും അതു നൽകുന്നില്ല. ആ സ്ഥിതിക്ക്, ഒരു ക്രിസ്ത്യാനി ഇതിനെ എങ്ങനെ കാണണം? ബൈബിൾ ചൂതാട്ടം അനുവദിച്ചു കൊടുക്കുന്നുണ്ടോ? അതോ അതിനെ കുറ്റംവിധിക്കുകയാണോ?
ചൂതാട്ടത്തെക്കുറിച്ച് നേരിട്ടൊരു പരാമർശം ബൈബിളിൽ കാണുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ നമ്മെ നയിക്കാൻ പറ്റിയ ചില തത്ത്വങ്ങൾ ബൈബിളിൽ ഉണ്ടുതാനും. ഓരോ സാഹചര്യത്തോടും പ്രവർത്തനത്തോടും ബന്ധപ്പെട്ട് നിയതമായ നിയമങ്ങൾ നൽകുന്നതിനുപകരം ഓരോ വിഷയത്തിലും “യഹോവയുടെ ഹിതം എന്തെന്നു ഗ്രഹിച്ചുകൊള്ളുവിൻ” എന്നാണ് ബൈബിൾ നമ്മോട് ആവശ്യപ്പെടുന്നത്. (എഫെസ്യർ 5:17) ‘ഗ്രഹിച്ചുകൊള്ളുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്, എല്ലാ വശങ്ങളും ശ്രദ്ധാപൂർവം വിചിന്തനം ചെയ്ത് ഒരു വിഷയത്തെക്കുറിച്ച് മനസ്സിലാക്കുക എന്ന അർഥമാണുള്ളതെന്ന് ബൈബിൾ പണ്ഡിതനായ ഇ. ഡബ്ലിയു. ബുള്ളിങ്ങർ കുറിക്കൊള്ളുന്നു. ചൂതാട്ടത്തിന്റെ കാര്യത്തിലും ക്രിസ്ത്യാനികൾ ഇങ്ങനെ ചെയ്യാനാണ് പ്രതീക്ഷിക്കുന്നത്. അതായത്, ആ വിഷയത്തോടു ബന്ധപ്പെട്ട ബൈബിൾ തത്ത്വങ്ങൾ വിശകലനം ചെയ്ത് അതു സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം മനസ്സിലാക്കുക. ലേഖനത്തിന്റെ തുടർന്നുവരുന്ന ഭാഗത്ത് പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ വായിക്കവെ സ്വയം ചോദിക്കുക: ‘ഈ തിരുവെഴുത്ത് ചൂതാട്ടത്തെ പിന്താങ്ങുന്നുണ്ടോ? ഇതു സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണത്തെക്കുറിച്ച് അവന്റെ വചനം എന്തു സൂചനയാണ് നൽകുന്നത്?’
ഭാഗ്യത്തിന്റെ വശ്യത
ചൂതാട്ടം, നിശ്ചയമില്ലാത്ത കാര്യത്തെക്കുറിച്ചുള്ള വാതുവെപ്പായതിനാൽ ഭാഗ്യത്തിലുള്ള വിശ്വാസത്തിന്—അനിശ്ചിതത്വങ്ങളെ നിയന്ത്രിക്കുന്ന ഏതോ ഒരു നിഗൂഢശക്തിയുണ്ടെന്ന വിശ്വാസത്തിന്—ഇതിൽ വലിയ സ്ഥാനമുണ്ട്. ഉദാഹരണത്തിന്, ലോട്ടറിയുടെ കാര്യത്തിലാണെങ്കിൽ ആളുകൾ ഭാഗ്യനമ്പരുകളാണ് പ്രിയപ്പെടുക. മാ-ജോങ് (ഒരു ചൈനീസ് ചൂതുകളി) കളിക്കാർക്കിടയിലെ അന്ധവിശ്വാസികൾ കളിസമയത്ത് ചില വാക്കുകൾ ഉച്ചരിക്കുന്നത് അപശകുനമായി കണക്കാക്കുന്നു. അതുപോലെ ചൂതുകട്ട കളത്തിലേക്ക് ഇടുന്നതിനുമുമ്പ് അതിന്മേൽ ഊതുന്ന രീതിയും സാധാരണമാണ്. ചൂതാട്ടത്തിൽ ഏർപ്പെടുന്ന പലരും ഭാഗ്യത്തിൽ വിശ്വസിക്കുന്നവരാണെന്നാണ് ഇതെല്ലാം കാണിക്കുന്നത്.
ഭാഗ്യത്തിൽ വിശ്വസിക്കുന്നതിനെ വെറുമൊരു നേരമ്പോക്കായി കരുതാനാകുമോ? പുരാതന ഇസ്രായേലിലെ ചിലർക്ക് അങ്ങനെ തോന്നി. അവർക്ക് അതിന്റെ ഗൗരവം മനസ്സിലായില്ല. ഭാഗ്യം ഐശ്വര്യം കൊണ്ടുവരുമെന്ന് അവർ വിശ്വസിച്ചു. എന്നാൽ യഹോവയാം ദൈവം അതിനെ എങ്ങനെയാണ് കണ്ടത്? യെശയ്യാ പ്രവാചകനിലൂടെ ദൈവം ആ ജനത്തോട് പറഞ്ഞു: “നിങ്ങൾ കർത്താവിനെ (യഹോവയെ) ഉപേക്ഷിക്കുകയും എന്റെ വിശുദ്ധഗിരിയെ മറക്കുകയും ഭാഗ്യദേവനു പീഠമൊരുക്കുകയും വിധിയുടെ ദേവനു വീഞ്ഞുകലർത്തി പാനപാത്രം നിറയ്ക്കുകയും ചെയ്തു.” (യെശയ്യാവു 65:11) അതെ, ദൈവത്തിന്റെ ദൃഷ്ടിയിൽ, ഭാഗ്യത്തിലുള്ള വിശ്വാസം വിഗ്രഹാരാധനയ്ക്കു സമമായിരുന്നു; സത്യാരാധനയ്ക്ക് കടകവിരുദ്ധം! സത്യദൈവത്തിൽ വിശ്വസിക്കുന്നതിനു പകരം ഒരു നിഗൂഢശക്തിയിലുള്ള വിശ്വാസത്തെയാണ് അതു പ്രതിഫലിപ്പിച്ചത്. ദൈവത്തിന്റെ വീക്ഷണത്തിന് മാറ്റം വന്നിട്ടുണ്ടോ? അങ്ങനെ വിശ്വസിക്കാൻ യാതൊരു കാരണവുമില്ല.
ധനലാഭത്തിനു പിന്നിൽ. . .
ഓൺലൈൻ പന്തയങ്ങളോ ലോട്ടറിയോ സ്പോർട്സ് പന്തയങ്ങളോ കാസിനോ ചൂതാട്ടങ്ങളോ എന്തുമായിക്കൊള്ളട്ടെ, കളിക്കാർ മറന്നുപോകുന്ന ഒരു വസ്തുതയുണ്ട്—സ്വന്തമാക്കാൻ തങ്ങൾ ശ്രമിക്കുന്ന പണത്തിന്റെ ഉറവിടം ഏതാണെന്ന കാര്യം. നിയമാനുസൃതമായ കൊടുക്കൽ-വാങ്ങലുകളിൽനിന്ന് വ്യത്യാസമുണ്ട് ചൂതാട്ടത്തിന്. മറ്റുള്ളവർക്ക് നഷ്ടമുണ്ടാക്കിക്കൊണ്ട് പണം നേടാനാണ് ചൂതാട്ടക്കാരൻ ശ്രമിക്കുന്നത്.a “ലോട്ടറിയിൽ, ലക്ഷക്കണക്കിന് ആളുകൾക്ക് നഷ്ടമാകുന്ന പണംകൊണ്ടാണ് ഒരാൾ കോടിപതിയാകുന്നത്,” കാനഡയിലെ സെന്റർ ഫോർ അഡിക്ഷൻ ആൻഡ് മെന്റൽ ഹെൽത്ത് റിപ്പോർട്ടു ചെയ്യുന്നു. ഇക്കാര്യത്തിലുള്ള ദൈവത്തിന്റെ വീക്ഷണം മനസ്സിലാക്കാൻ ക്രിസ്ത്യാനികളെ സഹായിക്കുന്ന ബൈബിൾ തത്ത്വങ്ങൾ ഏതൊക്കെയാണ്?
പുരാതന ഇസ്രായേലിന് ദൈവം നൽകിയ പത്തു കൽപ്പനകളിൽ അവസാനത്തേത് ഇതായിരുന്നു: “കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുത്.” (പുറപ്പാടു 20:17) സഹമനുഷ്യന്റെ വസ്തുവകകളോ സമ്പത്തോ പണമോ ആഗ്രഹിക്കുന്നത് ഗുരുതരമായ ഒരു തെറ്റായിരുന്നു; അവന്റെ ഭാര്യയെ മോഹിക്കുന്നത്ര ഗുരുതരം! നൂറ്റാണ്ടുകൾക്കുശേഷം പൗലോസ് അപ്പൊസ്തലനും ഈ കൽപ്പന പരാമർശിക്കുകയുണ്ടായി: “മോഹിക്കരുത്.” (റോമർ 7:7) മറ്റൊരാളുടെ നഷ്ടത്തിൽനിന്ന് ധനലാഭം കാംക്ഷിക്കുന്ന ഒരു ക്രിസ്ത്യാനി വാസ്തവത്തിൽ ദുർമോഹിയായിത്തീരുകയല്ലേ?
“കൈവശമുള്ള പണം, അത് എത്ര ചെറിയ തുകയാണെങ്കിലും, ഒരു വൻതുകയായി തിരിച്ചുകിട്ടുന്നത് സ്വപ്നം കാണുന്നവരാണ് (മിക്ക ചൂതാട്ടക്കാരും); അവർ അക്കാര്യം സമ്മതിച്ചാലും ഇല്ലെങ്കിലും,” കോളമെഴുത്തുകാരനായ ജെ. ഫിലിപ്പ് വോഗെൽ പറയുന്നു. നൊടിയിടയിൽ പണക്കാരനാകുക! അതാണ് അവരുടെ ചിന്ത. “ഞെരുക്കത്തിലായിരിക്കുന്നവർക്കു ദാനം ചെയ്യാൻ വക ഉണ്ടാകേണ്ടതിന് സ്വന്തകൈകൊണ്ട് മാന്യമായ വേലചെയ്ത് അധ്വാനി”ക്കാനുള്ള ബൈബിളിന്റെ ഉദ്ബോധനത്തിന് നേർവിപരീതം. (എഫെസ്യർ 4:28) “വേല ചെയ്യാൻ മനസ്സില്ലാത്തവൻ ഭക്ഷിക്കുകയും അരുത്,” ‘വേലചെയ്ത് ഉപജീവനംകഴിക്കുക’ എന്നും പൗലോസ് അപ്പൊസ്തലൻ പറയുകയുണ്ടായി. (2 തെസ്സലോനിക്യർ 3:10, 12) എന്നാൽ ചൂതാട്ടത്തെ തൊഴിലിന്റെ ഗണത്തിൽപ്പെടുത്താനാകുമോ?
ചൂതാട്ടത്തിൽ, സമയവും ശ്രദ്ധയും ചെലവിട്ട് കളിക്കാരൻ കടുത്ത പോരാട്ടം നടത്തുന്നുണ്ടാകാം. പക്ഷേ അതിലൂടെ കൈവരുന്ന പണം മറ്റുള്ളവരെ തോൽപ്പിച്ച് നേടിയെടുക്കുന്നതാണ്, അല്ലാതെ ജോലി ചെയ്ത് സമ്പാദിക്കുന്നതല്ല. പണംകൊണ്ടുള്ള ഭാഗ്യപരീക്ഷണമാണ് ചൂതാട്ടം. ചുരുക്കിപ്പറഞ്ഞാൽ ‘കൈ നനയാതെ മീൻ പിടിക്കുക!’ അതാണ് ചൂതാട്ടക്കാരൻ ചെയ്യുന്നത്. എന്നാൽ മാന്യമായി ജോലിചെയ്ത് പണമുണ്ടാക്കാനാണ് ക്രിസ്ത്യാനികളോടു പറഞ്ഞിരിക്കുന്നത്. “തിന്നു കുടിച്ചു തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറ്റൊരു നന്മയുമില്ല” എന്ന് ജ്ഞാനിയായ ശലോമോൻ രാജാവ് എഴുതി. “(അത്) ദൈവത്തിന്റെ കയ്യിൽനിന്നുള്ളത്” എന്ന് അവൻ കൂട്ടിച്ചേർക്കുന്നു. (സഭാപ്രസംഗി 2:24) അതെ, ദൈവദാസന്മാർ പണക്കാരാകുന്നതിനെപ്പറ്റി മനോരാജ്യം കാണുകയോ പണമുണ്ടാക്കാൻ കുറുക്കുവഴികൾ തേടുകയോ ചെയ്യുന്നില്ല. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി അവർ ദൈവത്തെയാണ് ആശ്രയിക്കുന്നത്.
പതിയിരിക്കുന്ന ഒരു “കെണി”
ചൂതാട്ടത്തിൽ വിജയിക്കാൻ ഒരാൾക്കു കഴിഞ്ഞെന്നിരിക്കാം. പക്ഷേ വിജയത്തിന്റെ മാധുര്യം മാത്രമല്ല, ചൂതാട്ടത്തിന്റെ ഭവിഷ്യത്തുകളും ഒരുവൻ കണക്കിലെടുക്കണം. “ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല” എന്ന് സദൃശവാക്യങ്ങൾ 20:21 പറയുന്നു. വാരിക്കൂട്ടിയ പണം തങ്ങളെ സന്തുഷ്ടരാക്കിയില്ലെന്ന ദുഃഖകരമായ സത്യം പല ‘ഭാഗ്യശാലികളും’ തിരിച്ചറിഞ്ഞിരിക്കുന്നു. “അസ്ഥിരമായ ധനത്തിലല്ല, നമുക്ക് അനുഭവിക്കാനായി എല്ലാം ഉദാരമായി നൽകുന്ന ദൈവത്തിൽ പ്രത്യാശവെക്കാ”നുള്ള ബൈബിളിന്റെ ഉദ്ബോധനത്തിനു ചെവികൊടുക്കുന്നത് എത്രയോ ജ്ഞാനമാണ്!—1 തിമൊഥെയൊസ് 6:17.
ജയപരാജയങ്ങൾക്കപ്പുറം ചൂതാട്ടത്തിന് ഒരു ഇരുണ്ടവശമുണ്ട്. “ധനികരാകാൻ നിശ്ചയിച്ചുറച്ചിരിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും വീഴുകയും മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന മൗഢ്യവും ഹാനികരവുമായ പല മോഹങ്ങൾക്കും ഇരകളായിത്തീരുകയും ചെയ്യുന്നു” എന്ന് ദൈവവചനം പറയുന്നു. (1 തിമൊഥെയൊസ് 6:9) ഇരയെ കുടുക്കാൻ പറ്റിയ വിധത്തിലാണല്ലോ സാധാരണ കെണി ഉണ്ടാക്കുക. ചെറിയ ഒരു തുക വെച്ച് കളിച്ചുതുടങ്ങിയ എത്രയോ പേരാണ് ഒടുവിൽ ചൂതാട്ടത്തിന്റെ കെണിയിൽ കുരുങ്ങി അതിന്റെ നിസ്സഹായ ഇരകളായിത്തീർന്നിരിക്കുന്നത്. ഒന്നു പരീക്ഷിച്ചു നോക്കാൻവേണ്ടിമാത്രം ചൂതിൽ കൈവെച്ചവർക്കും ഈ ദുർഗതിതന്നെ സംഭവിച്ചു. ചൂതാട്ടത്തിന് അടിമകളായി എത്രയെത്ര പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നത്! എത്ര കുടുംബബന്ധങ്ങളെയാണ് അത് പൊട്ടിച്ചെറിഞ്ഞിരിക്കുന്നത്!
ഈ വിഷയത്തോടു ബന്ധപ്പെട്ട പല തിരുവെഴുത്തുകൾ നാം ഇതിനോടകം കണ്ടുകഴിഞ്ഞു. ആകട്ടെ, ഇതു സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം മനസ്സിലാക്കാൻ നിങ്ങൾക്കു സാധിച്ചോ? പൗലോസ് അപ്പൊസ്തലൻ സഹക്രിസ്ത്യാനികൾക്ക് ഈ ഉപദേശം നൽകി: “ഈ ലോകത്തോട് അനുരൂപപ്പെടാതെ നല്ലതും സ്വീകാര്യവും പരിപൂർണവുമായ ദൈവഹിതം എന്തെന്നു തിരിച്ചറിയേണ്ടതിന് മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമർ 12:2) പൊതുജനത്തിന്റെ അഭിപ്രായമോ ജീവിതരീതിയോ അല്ല ഒരു ക്രിസ്ത്യാനിക്ക് വഴികാട്ടിയാകേണ്ടത്, പിന്നെയോ ദൈവഹിതം ആയിരിക്കണം. നാം സന്തോഷത്തോടെ ജീവിക്കുന്നതു കാണാനാണ് ‘സന്തുഷ്ട ദൈവമായ’ യഹോവ ആഗ്രഹിക്കുന്നത്, ചൂതാട്ടമെന്ന കെണിയിൽ കുരുങ്ങി നാം ക്ലേശിക്കുന്നതു കാണാനല്ല.—1 തിമൊഥെയൊസ് 1:11, അടിക്കുറിപ്പ്.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, 2000 നവംബർ 8 ലക്കം ഉണരുക!-യുടെ 27-29 പേജുകളിലെ വിവരങ്ങൾ, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങളും ചൂതാട്ടവും തമ്മിലുള്ള വ്യത്യാസം വിശകലനം ചെയ്യുന്നുണ്ട്.
[32-ാം പേജിലെ ആകർഷകവാക്യം]
ദൈവദാസന്മാർ മാന്യമായ ജോലി ചെയ്താണ് പണം സമ്പാദിക്കുന്നത്
[31-ാം പേജിലെ ചതുരം]
വിജയലഹരി
ആസക്തി ഉളവാക്കുന്ന ഒരു വിനോദമാണോ ചൂതാട്ടം? “കൊക്കെയ്ൻ ഉപയോഗിക്കുമ്പോൾ കൊക്കെയ്ൻ ആസക്തർക്ക് ഉണ്ടാകുന്നതുപോലുള്ള ഒരുതരം ഉദ്ദീപനമാണ് ചൂതാട്ടം പോലുള്ള ഭാഗ്യപരീക്ഷണങ്ങളിൽ വിജയിക്കുന്നവരുടെ തലച്ചോറിൽ ഉണ്ടാകുന്നത്.” ജയപരാജയങ്ങളോടുള്ള ചൂതാട്ടക്കാരുടെ പ്രതികരണത്തെക്കുറിച്ചു പഠനം നടത്തിയ ഡോ. ഹാൻസ് ബ്രൈട്ടറുടെ അഭിപ്രായമാണിത്.
[31-ാം പേജിലെ ചിത്രം]
ഈ പണമെല്ലാം ആരുടേതാണ്?