നിങ്ങളുടെ കുടുംബത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനമുണ്ടോ?
“നിന്റെ ദൈവമായ യഹോവയെ നിന്റെ പൂർണ്ണഹൃദയത്താലും . . . സ്നേഹിക്ക.”—മാർക്ക. 12:29, 30, ഗുണ്ടർട്ട് ബൈബിൾ.
1. നാം യഹോവയെ സ്നേഹിക്കുന്നത് എത്രമാത്രം പ്രധാനമാണ്?
“എല്ലാറ്റിലും മുഖ്യകല്പന ആകുന്നതു ഏത്” എന്ന് ഒരു ശാസ്ത്രി യേശുവിനോടു ചോദിച്ചു. സ്വന്ത അഭിപ്രായം നൽകുന്നതിനു പകരം ദൈവവചനത്തിലുള്ള ആവർത്തനപുസ്തകം 6:4, 5-ൽനിന്ന് ഉദ്ധരിച്ചുകൊണ്ട് യേശു അയാളുടെ ചോദ്യത്തിന് ഉത്തരംനൽകി. “‘എല്ലാറ്റിലും മുഖ്യകല്പനയാവിതു: ഇസ്രയേലെ, കേൾക്ക! നമ്മുടെ ദൈവമായ യഹോവ ഏക കർത്താവ് ആകുന്നു. നിന്റെ ദൈവമായ യഹോവയെ നിന്റെ പൂർണ്ണഹൃദയത്താലും, പൂർണ്ണമനസ്സാലും, നിന്റെ സർവ്വവിചാരത്തോടും, സർവ്വശക്തിയോടും സ്നേഹിക്ക എന്നുള്ളത് ഒന്നാം കല്പന തന്നെ,” അവൻ മറുപടി നൽകി.—മാർക്ക. 12:29, 30, ഗുണ്ടർട്ട് ബൈ.
2. (എ) യേശുവിന് എന്ത് എതിർപ്പിനെയാണു നേരിടേണ്ടിവന്നത്? (ബി) യഹോവയെ പ്രീതിപ്പെടുത്തുന്നതു ചിലപ്പോഴൊക്കെ ദുഷ്കരമാക്കിത്തീർത്തേക്കാവുന്നതെന്ത്?
2 ഒന്നാമത്തേത്—ഏറ്റവും മുഖ്യമായത്—എന്ന് യേശു വിളിച്ച കൽപ്പന അനുസരിക്കുന്നതിനു നാം എല്ലായ്പോഴും യഹോവയെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യേണ്ട ആവശ്യമുണ്ട്. ഒരു സന്ദർഭത്തിൽ അപ്പോസ്തലനായ പത്രോസും മറ്റൊരു സന്ദർഭത്തിൽ തന്റെ ഉറ്റബന്ധുക്കളും യേശുവിന്റെ ഗതിയെ എതിർത്തിട്ടും യേശു അപ്രകാരം ചെയ്തു. (മത്തായി 16:21-23; മർക്കൊസ് 3:21; യോഹന്നാൻ 8:29) സമാനമായ ഒരു സാഹചര്യത്തിൽ നിങ്ങൾ അകപ്പെടുന്നുവെങ്കിലോ? നിങ്ങളുടെ ബൈബിളധ്യയനവും യഹോവയുടെ സാക്ഷികളോടൊത്തുള്ള സഹവാസവും നിർത്താൻ കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നുവെന്നിരിക്കട്ടെ. ദൈവത്തെ പ്രീതിപ്പെടുത്തുന്നതു ചെയ്തുകൊണ്ടു നിങ്ങൾ അവനെ ഒന്നാമതു നിർത്തുമോ? ദൈവത്തെ സേവിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങളെ കുടുംബാംഗങ്ങൾ എതിർക്കുമ്പോഴും ദൈവം ഒന്നാം സ്ഥാനത്തുണ്ടായിരിക്കുമോ?
കുടുംബത്തിൽനിന്നുള്ള എതിർപ്പെന്ന കെണി
3. (എ) കുടുംബത്തിൽ യേശുവിന്റെ പഠിപ്പിക്കലുകളുടെ പരിണതഫലങ്ങൾ എന്തായിരുന്നേക്കാം? (ബി) തങ്ങൾക്ക് ആരോടാണ് ഏറ്റവും കൂടുതൽ പ്രീതിയുള്ളതെന്നു കുടുംബാംഗങ്ങൾക്ക് എങ്ങനെ പ്രകടമാക്കാം?
3 യേശുവിന്റെ പഠിപ്പിക്കലുകൾ സ്വീകരിക്കുന്ന കുടുംബാംഗത്തെ കുടുംബത്തിലെ മറ്റുള്ളവർ എതിർക്കുന്നതുമൂലമുണ്ടായേക്കാവുന്ന കഷ്ടപ്പാടുകളെ അവൻ നിസ്സാരീകരിച്ചു പറഞ്ഞില്ല. “മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും” എന്ന് യേശു പറഞ്ഞു. എങ്കിലും, ദുഃഖകരമായ ആ പരിണതഫലത്തിന്മധ്യേയും ആദ്യ സ്ഥാനം ആർക്കായിരിക്കണമെന്നു കാണിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനേയോ മകളേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.” (മത്തായി 10:34-37) നാം യഹോവയാം ദൈവത്തെ അവന്റെ പുത്രനായ, “[ദൈവത്തിന്റെ] സത്തയുടെ കൃത്യമായ പ്രതിരൂപ”മായ, യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളെ പിൻപറ്റിക്കൊണ്ട് ഒന്നാം സ്ഥാനത്തു വയ്ക്കുന്നു.—എബ്രായർ 1:3, NW; യോഹന്നാൻ 14:9.
4. (എ) തന്റെ അനുഗാമിയായിരിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നുവെന്നാണ് യേശു പറഞ്ഞത്? (ബി) ക്രിസ്ത്യാനികൾ കുടുംബാംഗങ്ങളെ വെറുക്കണമെന്നു പറയുന്നത് എന്തർഥത്തിലാണ്?
4 തന്റെ യഥാർഥ അനുഗാമിയായിരിക്കുന്നതിൽ വാസ്തവത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത് എന്നു ചർച്ചചെയ്തുകൊണ്ടിരുന്ന ഒരു സന്ദർഭത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയുംകൂടെ പകെക്കാതിരിക്കയും ചെയ്യുന്നവനു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.” (ലൂക്കൊസ് 14:26) തങ്ങളുടെ ശത്രുക്കളെപോലും സ്നേഹിക്കണമെന്ന് യേശു ജനത്തോടു കൽപ്പിച്ച സ്ഥിതിക്ക്, തന്റെ അനുഗാമികൾ അക്ഷരാർഥത്തിൽ തങ്ങളുടെ കുടുംബാംഗങ്ങളെ വെറുക്കണമെന്ന് യേശു അർഥമാക്കിയില്ലെന്നതു സ്പഷ്ടമാണ്. (മത്തായി 5:44) മറിച്ച്, തന്റെ അനുഗാമികൾക്കു ദൈവത്തോടുള്ള സ്നേഹത്തെക്കാൾ കുറഞ്ഞ സ്നേഹമേ കുടുംബാംഗങ്ങളോടു പാടുള്ളൂ എന്നാണ് യേശു ഇവിടെ അർഥമാക്കിയത്. (മത്തായി 6:24 താരതമ്യം ചെയ്യുക.) ആ അറിവിനു ചേർച്ചയിൽ, യാക്കോബ് ലേയയെ “പകച്ചു” എന്നും റാഹേലിനെ സ്നേഹിച്ചു എന്നും ബൈബിൾ പറയുമ്പോൾ അവൻ ലേയയെ അവളുടെ സഹോദരിയായ റാഹേലിനെ സ്നേഹിച്ച അത്രയും സ്നേഹിച്ചില്ല എന്നാണ് അത് അർഥമാക്കുന്നത്. (ഉല്പത്തി 29:30-32, NW) നമ്മുടെ “ദേഹി”യെ അഥവാ ജീവനെപോലും വെറുക്കണം അല്ലെങ്കിൽ യഹോവയോടുള്ളതിനെക്കാൾ കുറഞ്ഞ സ്നേഹമേ അതിനോടു പാടുള്ളൂ എന്ന് യേശു പറഞ്ഞു!
5. സാത്താൻ കൗശലപൂർവം കുടുംബക്രമീകരണത്തെ മുതലെടുക്കുന്നത് എങ്ങനെ?
5 സ്രഷ്ടാവും ജീവദാതാവുമെന്ന നിലയിൽ യഹോവ തന്റെ സകല ദാസരിലുംനിന്നുള്ള സമ്പൂർണ ഭക്തിക്ക് അർഹനാണ്. (വെളിപ്പാടു 4:11) “ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (എഫെസ്യർ 3:14, 15) കുടുംബാംഗങ്ങൾക്കു പരസ്പരം സ്വാഭാവിക പ്രിയം ഉണ്ടായിരിക്കാൻ തക്കവണ്ണം അത്ര മഹനീയമായ വിധത്തിലാണു യഹോവ കുടുംബ ക്രമീകരണത്തെ ഉളവാക്കിയിരിക്കുന്നത്. (1 രാജാക്കന്മാർ 3:25, 26; 1 തെസ്സലൊനീക്യർ 2:7) എന്നിരുന്നാലും, പ്രിയപ്പെട്ടവരെ പ്രീതിപ്പെടുത്താനുള്ള ആഗ്രഹമുൾപ്പെടെയുള്ള ഈ സ്വാഭാവിക കുടുംബസ്നേഹത്തെ പിശാചായ സാത്താൻ കൗശലപൂർവം മുതലെടുക്കുന്നു. അവൻ കുടുംബത്തിൽനിന്നുള്ള എതിർപ്പിന്റെ എരിതീയിൽ എണ്ണയൊഴിക്കുന്നു. അതിനെ നേരിടുമ്പോൾ ബൈബിൾ സത്യത്തിനുവേണ്ടി ഉറച്ചു നിലകൊള്ളുന്നത് ഒരു വെല്ലുവിളിയായി അനേകർക്കും തോന്നിയേക്കാം.—വെളിപ്പാടു 12:9, 12.
വെല്ലുവിളിയെ നേരിടൽ
6, 7. (എ) ബൈബിൾ പഠനത്തിന്റെയും ക്രിസ്തീയ സഹവാസത്തിന്റെയും പ്രാധാന്യത്തെ വിലമതിക്കുന്നതിനു കുടുംബാംഗങ്ങളെ എങ്ങനെ സഹായിക്കാനാവും? (ബി) നമ്മുടെ കുടുംബാംഗങ്ങളെ നാം വാസ്തവമായും സ്നേഹിക്കുന്നുവെന്ന് നമുക്കെങ്ങനെ പ്രകടമാക്കാൻ കഴിയും?
6 ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനും ഒരു കുടുംബാംഗത്തെ പ്രീതിപ്പെടുത്തുന്നതിനുമിടയിൽ ഒരു തിരഞ്ഞെടുപ്പു നടത്താൻ നിർബന്ധിതരാകുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും? ദൈവവചനത്തിന്റെ പഠനവും അതിലെ തത്ത്വങ്ങളുടെ ബാധകമാക്കലും കുടുംബകലഹം സൃഷ്ടിക്കുന്നപക്ഷം അപ്രകാരം ചെയ്യാൻ ദൈവം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നില്ലെന്നു നിങ്ങൾ യുക്തിവാദം ചെയ്യുമോ? എന്നാൽ ഇതേപ്പറ്റി ചിന്തിക്കുക. നിങ്ങൾ ബൈബിൾ പഠനം നിർത്തുകയോ യഹോവയുടെ സാക്ഷികളുമായുള്ള സഹവാസം ഉപേക്ഷിക്കുകയോ ചെയ്യുന്നപക്ഷം ബൈബിളിലെ സൂക്ഷ്മപരിജ്ഞാനം ജീവന്മരണ പ്രാധാന്യമുള്ളതാണെന്നു പ്രിയപ്പെട്ടവർക്ക് എങ്ങനെ മനസ്സിലാകും?—യോഹന്നാൻ 17:3; 2 തെസ്സലൊനീക്യർ 1:6-8.
7 നമുക്ക് ആ സാഹചര്യത്തെ ഇപ്രകാരം ദൃഷ്ടാന്തീകരിക്കാം: ഒരു കുടുംബാംഗത്തിനു മദ്യത്തോട് അത്യാസക്തി ഉണ്ടായിരുന്നേക്കാം. അയാളുടെ മദ്യപാനപ്രശ്നം അവഗണിക്കുകയോ അതിനുനേരെ കണ്ണടയ്ക്കുകയോ ചെയ്യുന്നതു യഥാർഥത്തിൽ അയാൾക്കു പ്രയോജനം ചെയ്യുമോ? അയാൾക്ക് അതിനിടം കൊടുത്തുകൊണ്ടും അതു സംബന്ധിച്ച് എന്തെങ്കിലും ചെയ്യാതിരുന്നുകൊണ്ടും സമാധാനം നിലനിർത്തുന്നതു മെച്ചമാണോ? അല്ല, അയാളുടെ കോപവും ഭീഷണിയും സധൈര്യം നേരിടേണ്ടി വരുന്നെങ്കിൽപോലും മദ്യപാനപ്രശ്നത്തെ തരണംചെയ്യുന്നതിന് അയാളെ സഹായിക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും മെച്ചമെന്ന് ഒരുപക്ഷേ നിങ്ങൾ സമ്മതിച്ചേക്കും. (സദൃശവാക്യങ്ങൾ 29:25) സമാനമായി, നിങ്ങൾ കുടുംബാംഗങ്ങളെ യഥാർഥത്തിൽ സ്നേഹിക്കുന്നുവെങ്കിൽ ബൈബിൾ പഠിക്കുന്നതിൽനിന്നു നിങ്ങളെ തടയാനുള്ള അവരുടെ ശ്രമങ്ങൾക്കു നിങ്ങൾ വശംവദരാകുകയില്ല. (പ്രവൃത്തികൾ 5:29) ക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ അനുസരിച്ചു ജീവിക്കുന്നതു നമ്മുടെ ജീവനെ അർഥമാക്കുന്നുവെന്നു വിലമതിക്കുന്നതിന് അവരെ സഹായിക്കാൻ ഉറച്ച നിലപാടു സ്വീകരിക്കുന്നതിലൂടെ മാത്രമേ നിങ്ങൾക്കു കഴിയുകയുള്ളൂ.
8. യേശു വിശ്വസ്തതയോടെ ദൈവഹിതം ചെയ്തുവെന്ന വസ്തുതയിൽനിന്നു നമ്മൾ പ്രയോജനമനുഭവിക്കുന്നതെങ്ങനെ?
8 ദൈവത്തെ ഒന്നാമതു വയ്ക്കുന്നതു ചിലപ്പോഴൊക്കെ പ്രയാസകരമായിരുന്നേക്കാം. എന്നാൽ ദൈവഹിതം ചെയ്യുന്നത് യേശുവിനും സാത്താൻ ബുദ്ധിമുട്ടുള്ളതാക്കിത്തീർത്തുവെന്ന് ഓർക്കുക. എങ്കിലും യേശു അതിൽനിന്നു പിൻമാറിയില്ല; അവൻ നമുക്കുവേണ്ടി ദണ്ഡനസ്തംഭത്തിലെ പീഡനംപോലും സഹിച്ചു. ‘നമ്മുടെ രക്ഷിതാവ് യേശുക്രിസ്തു’വാണെന്നു ബൈബിൾ പറയുന്നു. അവൻ ‘നമുക്കുവേണ്ടി മരിച്ചു.’ (തീത്തൊസ് 3:6; 1 തെസ്സലൊനീക്യർ 5:10) യേശു എതിർപ്പിനു വശംവദനാകാഞ്ഞതിൽ നാം നന്ദിയുള്ളവരല്ലേ? അവൻ ബലിമരണം സഹിച്ചതുകൊണ്ട് അവൻ ചൊരിഞ്ഞ രക്തത്തിൽ വിശ്വാസമർപ്പിക്കുന്നതിലൂടെ സമാധാനപൂർണമായ, നീതിയുള്ള പുതിയലോകത്തിലെ നിത്യജീവന്റെ പ്രത്യാശ നമുക്കുണ്ട്.—യോഹന്നാൻ 3:16, 36; വെളിപ്പാടു 21:3, 4.
സാധ്യതയുള്ള ഒരു സമൃദ്ധമായ പ്രതിഫലം
9. (എ) മറ്റുള്ളവരെ രക്ഷിക്കുന്നതിൽ ക്രിസ്ത്യാനികൾക്ക് എങ്ങനെ പങ്കുപറ്റാം? (ബി) തിമോത്തിയുടെ കുടുംബത്തിലെ അവസ്ഥ എന്തായിരുന്നു?
9 പ്രിയപ്പെട്ട ബന്ധുക്കളുൾപ്പെടെ മറ്റുള്ളവരെ സഹായിക്കുന്നതിൽ നിങ്ങൾക്കും ഒരു പങ്കുണ്ടായിരിക്കാൻ കഴിയുമെന്നു നിങ്ങൾ തിരിച്ചറിഞ്ഞിരുന്നോ? “ഇതിൽ [നിന്നെ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങളിൽ] ഉറെച്ചുനില്ക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും” എന്ന് അപ്പോസ്തലനായ പൗലോസ് തിമോത്തിയെ ഉദ്ബോധിപ്പിച്ചു. (1 തിമൊഥെയൊസ് 4:16, ചെരിച്ചെഴുത്തു ഞങ്ങളുടേത്.) തിമോത്തിയുടെ പിതാവ് അവിശ്വാസിയായ ഒരു ഗ്രീക്കുകാരനായിരുന്നതിനാൽ ഒരു ഭിന്നിച്ച കുടുംബത്തിലാണ് അവൻ ജീവിച്ചിരുന്നത്. (പ്രവൃത്തികൾ 16:1; 2 തിമൊഥെയൊസ് 1:5; 3:14) തിമോത്തിയുടെ പിതാവ് എന്നെങ്കിലും വിശ്വാസിയായോ എന്നു നമുക്കറിഞ്ഞുകൂടാ. എങ്കിലും അദ്ദേഹം തന്റെ ഭാര്യ യൂനീക്കയുടെയും തിമോത്തിയുടെയും വിശ്വസ്തമായ നടത്തയിൽ വളരെയധികം ആകർഷിതനായിരുന്നിരിക്കാൻ സാധ്യതയുണ്ട്.
10. ക്രിസ്ത്യാനികൾക്കു തങ്ങളുടെ അവിശ്വാസിയായ ഇണകൾക്കുവേണ്ടി എന്തു ചെയ്യാൻ കഴിയും?
10 ബൈബിൾ സത്യം ദൃഢമായി ഉയർത്തിപ്പിടിക്കുന്ന ഭാര്യാഭർത്താക്കന്മാർക്കു തങ്ങളുടെ ക്രിസ്തീയേതര ഇണകളെ വിശ്വാസികളാകാൻ സഹായിച്ചുകൊണ്ട് അവരെ രക്ഷിക്കുന്നതിനു കഴിയുമെന്നു തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു. “ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു. അവിശ്വാസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർപ്പാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുതു. സ്ത്രീയേ, നീ ഭർത്താവിന്നു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?” എന്ന് അപ്പോസ്തലായ പൗലോസ് എഴുതി. (1 കൊരിന്ത്യർ 7:12, 13, 16) ഫലത്തിൽ, ഭാര്യമാർക്കു ഭർത്താക്കന്മാരെ എങ്ങനെ രക്ഷിക്കാമെന്നു വിവരിച്ചുകൊണ്ട് അപ്പോസ്തലായ പത്രോസ് ഇങ്ങനെ എഴുതി: “നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.”—1 പത്രൊസ് 3:1.
11, 12. (എ) എന്തു പ്രതിഫലമാണ് ആയിരക്കണക്കിനു ക്രിസ്ത്യാനികൾ കൈപ്പറ്റിയിരിക്കുന്നത്, അതിനായി അവർ എന്താണു ചെയ്തത്? (ബി) വിശ്വസ്ത സഹിഷ്ണുതയ്ക്കു പ്രതിഫലം നേടിയ ഒരു കുടുംബാംഗത്തിന്റെ അനുഭവം വിവരിക്കുക.
11 സമീപവർഷങ്ങളിൽ ആയിരക്കണക്കിനാളുകൾ തങ്ങളുടെ സാക്ഷികളായ ബന്ധുക്കളുടെ ക്രിസ്തീയ പ്രവർത്തനങ്ങളെ മാസങ്ങളോളം, വർഷങ്ങളോളവും എതിർത്തശേഷം യഹോവയുടെ സാക്ഷികളായിരിക്കുന്നു. ദൃഢചിത്തരായിരുന്ന ക്രിസ്ത്യാനികൾക്ക് അത് എന്തൊരു പ്രതിഫലമാണ്, കൂടാതെ ഒരിക്കൽ എതിർത്തുകൊണ്ടിരുന്നവരെ സംബന്ധിച്ചിടത്തോളം എന്തൊരനുഗ്രഹവും! 74 വയസ്സുള്ള ഒരു മൂപ്പൻ വികാരഭരിതനായി വിവരിക്കുന്നു: “എന്റെ ഭാര്യയെയും കുട്ടികളെയും ഞാൻ എതിർത്തിരുന്ന വർഷങ്ങളിൽ അവർ സത്യത്തോടു പറ്റിനിന്നതിനു ഞാൻ അവർക്കു മിക്കപ്പോഴും നന്ദി പറയാറുണ്ട്.” മൂന്നു വർഷത്തോളം ബൈബിളിനെപ്പറ്റി തന്നോടു സംസാരിക്കാൻപോലും ഭാര്യയെ ദുശ്ശാഠ്യപൂർവം അനുവദിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. “എന്നാൽ അവൾ അവസരത്തെ പ്രയോജനപ്പെടുത്തി, എന്റെ പാദങ്ങൾ തിരുമ്മുന്നതിനിടയിൽ എനിക്കു സാക്ഷ്യം നൽകാൻ തുടങ്ങി. അവൾ എന്റെ എതിർപ്പിനു വശംവദയാകാതിരുന്നതിൽ ഞാൻ എത്ര നന്ദിയുള്ളവനാണ്!”
12 തന്റെ കുടുംബാംഗങ്ങളെ എതിർത്ത മറ്റൊരു ഭർത്താവ് ഇങ്ങനെ എഴുതി: ‘എന്റെ ഭാര്യയുടെ കൊടിയ ശത്രു ഞാനായിരുന്നു, കാരണം അവൾക്കു സത്യം കിട്ടിക്കഴിഞ്ഞശേഷം ഞാൻ അവളെ ഭീഷണിപ്പെടുത്തി. ഞങ്ങൾ എന്നും വഴക്കിടുമായിരുന്നു, അതായത് എല്ലായ്പോഴും ഞാനാണു വഴക്കിനു തുടക്കമിട്ടത്. എന്നാൽ അതുകൊണ്ടൊന്നും ഒരു മെച്ചവുമുണ്ടായില്ല: ഭാര്യ ബൈബിളിനോടു പറ്റിനിന്നു. സത്യത്തിനെതിരെയും ഭാര്യയ്ക്കും കുട്ടിക്കുമെതിരെയുമുള്ള എന്റെ കാടൻ വഴക്കുമായി പന്ത്രണ്ടു വർഷം കൊഴിഞ്ഞുവീണു. അവരെ സംബന്ധിച്ചിടത്തോളം ഞാൻ പിശാചിന്റെ അവതാരമായിരുന്നു.’ ഒടുവിൽ ആ മനുഷ്യൻ തന്റെ ജീവിതത്തെക്കുറിച്ചു വിശകലനം ചെയ്യാൻ തുടങ്ങി. ‘എത്രമാത്രം ക്രൂരനായിരുന്നു ഞാനെന്ന് എനിക്കു കാണാൻ കഴിഞ്ഞു. ഞാൻ ബൈബിൾ വായിച്ചു, അതിലെ പ്രബോധനത്തിന്റെ ഫലമായി ഞാൻ ഇപ്പോൾ സ്നാപനമേറ്റ ഒരു സാക്ഷിയാണ്,’ അദ്ദേഹം വിശദീകരിച്ചു. അതേ, 12 വർഷത്തോളം വിശ്വസ്തതയോടെ എതിർപ്പു സഹിച്ചുകൊണ്ട് ‘തന്റെ ഭർത്താവിനു രക്ഷ വരുത്താൻ’ സഹായിച്ച ആ ഭാര്യയുടെ മഹത്തായ പ്രതിഫലത്തെപ്പറ്റി ചിന്തിച്ചുനോക്കൂ!
യേശുവിൽനിന്നു പഠിക്കൽ
13. (എ) യേശുവിന്റെ ജീവിതരീതിയിൽനിന്നു ഭാര്യാഭർത്താക്കന്മാർ പഠിക്കേണ്ട പ്രധാന പാഠമെന്ത്? (ബി) ദൈവഹിതത്തിനു കീഴ്പെട്ടിരിക്കാൻ ബുദ്ധിമുട്ടു തോന്നുന്ന ആളുകൾക്ക് യേശുവിന്റെ മാതൃകയിൽനിന്നു പ്രയോജനമനുഭവിക്കാവുന്നതെങ്ങനെ?
13 ഭാര്യാഭർത്താക്കന്മാർ യേശുവിന്റെ ജീവിതരീതിയിൽനിന്നു പഠിക്കേണ്ട പ്രധാന പാഠം ദൈവത്തോടുള്ള അനുസരണയാണ്. “ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യു”ന്നുവെന്ന് യേശു പറഞ്ഞു. “ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ ഇച്ഛിക്കുന്നതു.” (യോഹന്നാൻ 5:30; 8:29) ഒരിക്കൽ ദൈവഹിതത്തിന്റെ ഒരു പ്രത്യേക വശം അരുചികരമായി തോന്നിയിട്ടും യേശു അനുസരണയുള്ളവനായിരുന്നു. “നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ” എന്ന് അവൻ പ്രാർഥിച്ചു. എന്നാൽ പെട്ടെന്നുതന്നെ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നേ ആകട്ടെ.” (ലൂക്കൊസ് 22:42) ദൈവഹിതത്തിനു മാറ്റം വരുത്താൻ യേശു ദൈവത്തോട് ആവശ്യപ്പെട്ടില്ല; അവനെപ്രതി ദൈവത്തിന്റെ ഉദ്ദേശ്യം എന്തുതന്നെയായിരുന്നാലും അനുസരണപൂർവം അതിനു കീഴ്പെട്ടുകൊണ്ട് താൻ വാസ്തവമായും ദൈവത്തെ സ്നേഹിക്കുന്നുവെന്ന് അവൻ പ്രകടമാക്കി. (1 യോഹന്നാൻ 5:3) യേശു ചെയ്തതുപോലെ എല്ലായ്പോഴും ദൈവഹിതം ഒന്നാമതു വയ്ക്കുന്നത് അവിവാഹിത ജീവിതത്തിന്റെ മാത്രമല്ല വൈവാഹിക-കുടുംബജീവിതത്തിന്റെ വിജയത്തിനും മർമപ്രധാനമാണ്. അതെന്തുകൊണ്ടാണെന്നു പരിചിന്തിക്കുക.
14. ചില ക്രിസ്ത്യാനികൾ അനുചിതമായി ന്യായവാദം ചെയ്യുന്നതെങ്ങനെ?
14 നേരത്തെ കണ്ടതുപോലെ, വിശ്വാസികൾ ദൈവത്തെ ഒന്നാമതു നിർത്താൻ ശ്രമിക്കുമ്പോൾ അവർ തങ്ങളുടെ അവിശ്വാസികളായ ഇണകളോടൊപ്പം താമസിക്കുന്നതിനു തീരുമാനിക്കുന്നു, തന്മൂലം തങ്ങളുടെ ഇണകളെ രക്ഷപ്രാപിക്കേണ്ടതിനു സഹായിക്കാൻ അവർ പ്രാപ്തരാണ്. ഇണകൾ രണ്ടുപേരും വിശ്വാസികളായിരിക്കുമ്പോഴും അവരുടെ വിവാഹജീവിതം ആദർശപൂർണമാകണമെന്നില്ല. പാപപങ്കിലമായ പ്രവണതകൾ നിമിത്തം ഭാര്യാഭർത്താക്കന്മാർക്ക് എല്ലായ്പോഴും അന്യോന്യം സ്നേഹനിർഭരമായ ചിന്തകൾ ഉണ്ടായിരിക്കണമെന്നില്ല. (റോമർ 7:19, 20; 1 കൊരിന്ത്യർ 7:28) ചിലർ വിവാഹമോചനം നടത്തുന്നതിനു തിരുവെഴുത്തധിഷ്ഠിതമായ കാരണംകൂടാതെതന്നെ മറ്റൊരു ഇണയെ തേടി പുറപ്പെടുന്ന നിലവരെയെത്തുന്നു. (മത്തായി 19:9; എബ്രായർ 13:4) അതാണു തങ്ങൾക്ക് ഏറ്റവും നല്ലത്, ഭാര്യാഭർത്താക്കന്മാർ ഒരുമിച്ചു താമസിക്കണമെന്നുള്ള ദൈവഹിതം ഏറെ ദുഷ്കരമാണ്, അവർ ന്യായവാദം ചെയ്യുന്നു. (മലാഖി 2:16; മത്തായി 19:5, 6) ഒരുപക്ഷേ ഇതു ദൈവത്തിന്റെ ചിന്തകൾക്കു പകരം മനുഷ്യചിന്തകളെ താലോലിക്കുന്ന മറ്റൊരു സംഭവമാണെന്നതിൽ സംശയമില്ല.
15. ദൈവത്തെ ഒന്നാമതു വയ്ക്കുന്നത് ഒരു സംരക്ഷണമായിരിക്കുന്നത് എന്തുകൊണ്ട്?
15 ദൈവത്തെ ഒന്നാമതു വയ്ക്കുന്നത് എന്തൊരു സംരക്ഷണമാണ്! അപ്രകാരം ചെയ്യുന്ന വിവാഹദമ്പതികൾ പറ്റിനിൽക്കുകയും ദൈവവചനത്തിലെ ബുദ്ധ്യുപദേശം ബാധകമാക്കിക്കൊണ്ടു പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. ദൈവഹിതം അവഗണിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന സകലവിധ ഹൃദയവേദനകളും അവർ അങ്ങനെ ഒഴിവാക്കുന്നു. (സങ്കീർത്തനം 19:7-11) വിവാഹമോചനത്തിന്റെ വക്കോളമെത്തിയപ്പോൾ ബൈബിളിന്റെ ബുദ്ധ്യുപദേശം ബാധകമാക്കാൻ തീരുമാനിച്ച ഒരു യുവ ദമ്പതികൾ അതു ദൃഷ്ടാന്തീകരിക്കുന്നു. വർഷങ്ങൾക്കു ശേഷം ഭാര്യ തന്റെ വിവാഹജീവിതത്തിലുണ്ടായിരുന്ന സന്തോഷം അയവിറക്കിയപ്പോൾ പറഞ്ഞു: “ഈ വർഷങ്ങളെല്ലാം ഞാനെന്റെ ഭർത്താവിനെ പിരിഞ്ഞു ജീവിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നു പരിഗണിക്കുമ്പോൾ ഞാൻ ഒരിടത്തിരുന്നു കരഞ്ഞേ മതിയാകൂ. ഞാൻ യഹോവയാം ദൈവത്തോടു പ്രാർഥിക്കുകയും ഇത്തരം സന്തുഷ്ടമായ ബന്ധത്തിലേക്കു ഞങ്ങളെ ഒരുമിപ്പിച്ച യഹോവയാം ദൈവത്തിന്റെ ബുദ്ധ്യുപദേശത്തിനും മാർഗദർശനത്തിനും അവനു നന്ദി കരേറ്റുകയും ചെയ്യുന്നു.”
ഭാര്യാഭർത്താക്കന്മാരേ—ക്രിസ്തുവിനെ അനുകരിക്കുവിൻ!
16. ഭാര്യാഭർത്താക്കന്മാർക്ക് യേശു എന്തു മാതൃകയാണു വെച്ചത്?
16 ദൈവത്തെ എല്ലായ്പോഴും ഒന്നാമതുവെച്ച യേശു ഭാര്യാഭർത്താക്കന്മാർക്ക് മഹത്തായ ഒരു മാതൃക വെച്ചു. അവർ അതിൽ സൂക്ഷ്മമായ ശ്രദ്ധചെലുത്തുന്നതു നന്നായിരിക്കും. ക്രിസ്തീയ സഭയിലെ അംഗങ്ങളുടെമേൽ യേശു ആർദ്രമായ ശിരഃസ്ഥാനം പ്രയോഗിക്കുന്ന വിധത്തെ അനുകരിക്കാൻ ഭർത്താക്കന്മാർ പ്രചോദിപ്പിക്കപ്പെടുന്നു. (എഫെസ്യർ 5:23) ദൈവത്തോടുള്ള യേശുവിന്റെ ന്യൂനതയില്ലാത്ത കീഴ്പെടലിന്റെ മാതൃകയിൽനിന്നു ക്രിസ്തീയ ഭാര്യമാർക്കു പഠിക്കാൻ കഴിയും.—1 കൊരിന്ത്യർ 11:3.
17, 18. ഏതു വിധത്തിലാണ് യേശു ഭർത്താക്കന്മാർക്കു മാതൃകവെച്ചത്?
17 “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോല നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ . . . തന്നെത്താൻ അവൾക്കുവേണ്ടി ഏല്പിച്ചുകൊടുത്തു” എന്നു ബൈബിൾ കൽപ്പിക്കുന്നു. (എഫെസ്യർ 5:25, 27) തന്റെ അനുഗാമികളുടെ സഭയോട് യേശു സ്നേഹം പ്രകടമാക്കിയ ഒരു സുപ്രധാന വിധം അവരുടെ ഉറ്റസുഹൃത്തായിരുന്നുകൊണ്ടാണ്. “ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതുകൊണ്ടു നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു.” (യോഹന്നാൻ 15:15) യേശു തന്റെ ശിഷ്യന്മാരോടൊപ്പം സംസാരിച്ചുകൊണ്ട്—അവരോടൊപ്പം അനേകമനേകം ചർച്ചകൾ നടത്തിക്കൊണ്ട്—ചെലവഴിച്ച സമയത്തെയും അവൻ അവരിൽവെച്ച ആത്മവിശ്വാസത്തെയും കുറിച്ചു ചിന്തിക്കുക! അതു ഭർത്താക്കന്മാർക്കുള്ള ഒരു ഉത്തമ മാതൃകയല്ലേ?
18 യേശു തന്റെ ശിഷ്യന്മാരിൽ യഥാർഥ താത്പര്യമെടുക്കുകയും അവരോടു പ്രത്യേക വാത്സല്യം പ്രകടമാക്കുകയും ചെയ്തു. (യോഹന്നാൻ 13:1) യേശുവിന്റെ പഠിപ്പിക്കലുകൾ അവർക്കു മനസ്സിലാകാഞ്ഞപ്പോൾ കാര്യങ്ങൾ വ്യക്തമാക്കികൊടുക്കുന്നതിന് അവൻ ക്ഷമാപൂർവം സ്വകാര്യവേള ഉപയോഗിച്ചു. (മത്തായി 13:36-43) ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യയുടെ ആത്മീയക്ഷേമം നിങ്ങൾക്കു പ്രാധാന്യമർഹിക്കുന്നതാണോ? നിങ്ങളുടെ രണ്ടുപേരുടെയും മനസ്സിലും ഹൃദയത്തിലും ബൈബിൾ സത്യങ്ങൾ വ്യക്തമാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് നിങ്ങൾ അവളോടൊപ്പം സമയം ചെലവഴിക്കുന്നുണ്ടോ? യേശു തന്റെ ശിഷ്യന്മാരെ ശുശ്രൂഷയിൽ അനുഗമിച്ചു. ഒരുപക്ഷേ അവരെ ഓരോരുത്തരെയും വ്യക്തിപരമായി പരിശീലിപ്പിച്ചുകൊണ്ടായിരിക്കാം അവൻ അതു ചെയ്തത്. വീടുതോറുമുള്ള സന്ദർശനങ്ങളിൽ പങ്കെടുത്തുകൊണ്ടും ബൈബിളധ്യയനങ്ങൾ നടത്തിക്കൊണ്ടും ശുശ്രൂഷയിൽ നിങ്ങൾ ഭാര്യയെ അനുഗമിക്കാറുണ്ടോ?
19. യേശു തന്റെ അപ്പോസ്തലന്മാരുടെ ആവർത്തകമായ ബലഹീനതകളോട് ഇടപെട്ടവിധം ഭർത്താക്കന്മാർക്ക് ഒരു മാതൃകയായിരിക്കുന്നതെങ്ങനെ?
19 അപ്പോസ്തലന്മാരുടെ അപൂർണതകളുമായി ഇടപെടുന്നവിധത്തിൽ യേശു പ്രത്യേകിച്ചും ഭർത്താക്കന്മാർക്ക് ഒന്നാന്തരം മാതൃകവെച്ചു. അപ്പോസ്തലന്മാരുമായുള്ള അവന്റെ ഒടുവിലത്തെ ഭക്ഷണവേളയിൽ ആവർത്തകമായ ഒരു മത്സരാത്മക മനോഭാവം അവരുടെ ഇടയിൽ അവനു കാണാൻ കഴിഞ്ഞു. അവൻ അവരെ നിശിതമായി വിമർശിച്ചോ? ഇല്ല, മറിച്ച് അവൻ താഴ്മയോടെ ഓരോരുത്തരുടെയും പാദങ്ങൾ കഴുകി. (മർക്കൊസ് 9:33-37; 10:35-45; യോഹന്നാൻ 13:2-17) നിങ്ങൾ ഭാര്യയോട് അത്തരം ക്ഷമ കാണിക്കുന്നുണ്ടോ? ആവർത്തകമായ ഒരു ബലഹീനതയെപ്പറ്റി പരാതി പറയുന്നതിനു പകരം ക്ഷമാപൂർവം അവളെ സഹായിക്കുന്നതിനും നിങ്ങളുടെ മാതൃകയിലൂടെ അവളുടെ ഹൃദയത്തെ സ്പർശിക്കുന്നതിനും നിങ്ങൾ ശ്രമിക്കുന്നുണ്ടോ? അപ്പോസ്തലന്മാർ ഒടുവിൽ ചെയ്തതുപോലെ, അത്തരം സ്നേഹനിർഭരമായ അനുകമ്പയോടു ഭാര്യമാർ പ്രതികരിക്കാനിടയുണ്ട്.
20. ക്രിസ്തീയ ഭാര്യമാർ ഒരിക്കലും മറന്നുപോകരുതാത്തതെന്ത്, അവർക്ക് ആരാണു മാതൃക നൽകിയിരിക്കുന്നത്?
20 “ക്രിസ്തുവിന്റെ തല ദൈവ”മാണെന്ന് ഒരിക്കലും മറക്കാതിരുന്ന യേശുവിനെപ്പറ്റി ഭാര്യമാരും ചിന്തിക്കേണ്ട ആവശ്യമുണ്ട്. അവൻ എല്ലായ്പോഴും തന്റെ സ്വർഗീയ പിതാവിനു കീഴ്പെട്ടിരുന്നു. സമാനമായി, “സ്ത്രീയുടെ തല പുരുഷ”നാണെന്ന കാര്യം, അതേ, തങ്ങളുടെ ഭർത്താവ് തങ്ങളുടെ തലയാണെന്നകാര്യം ഭാര്യമാർ മറക്കരുത്. (1 കൊരിന്ത്യർ 11:3; എഫെസ്യർ 5:23) മുൻകാലങ്ങളിലെ “വിശുദ്ധ സ്ത്രീക”ളുടെ, പ്രത്യേകിച്ചും ‘അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു അനുസരിച്ചിരുന്ന’ സാറായുടെ, മാതൃക പരിചിന്തിക്കാൻ അപ്പോസ്തലനായ പത്രോസ് ക്രിസ്തീയ സ്ത്രീകളെ ഉദ്ബോധിപ്പിച്ചു.—1 പത്രൊസ് 3:5, 6.
21. അബ്രഹാമിന്റെയും സാറായുടെയും വിവാഹം ഒരു വിജയവും ലോത്തിന്റെയും ഭാര്യയുടെയും വിവാഹം ഒരു പരാജയവുമാകാൻ കാരണമെന്ത്?
21 അന്യദേശത്തു കൂടാരങ്ങളിൽ പാർക്കുന്നതിനു സാറാ സമ്പൽസമൃദ്ധമായ നഗരത്തിലെ സൗകര്യപ്രദമായ ഭവനം ഉപേക്ഷിച്ചുവെന്നതു വ്യക്തമാണ്. എന്തുകൊണ്ട്? അവൾ അത്തരം ജീവിതരീതി ഏറെ ഇഷ്ടപ്പെട്ടതുകൊണ്ടാണോ? അതിനു സാധ്യതയില്ല. അവളുടെ ഭർത്താവ് അവളോടു പോകാൻ പറഞ്ഞതു കൊണ്ടാണോ? സംശയലേശമന്യേ അതായിരുന്നു ഒരു സംഗതി. കാരണം അബ്രഹാമിന്റെ ദൈവിക ഗുണങ്ങൾ നിമിത്തം സാറാ അവനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. (ഉല്പത്തി 18:12) എങ്കിലും അവൾ ഭർത്താവിനോടൊപ്പം പോകാനുണ്ടായ പ്രധാന കാരണം യഹോവയോടുള്ള അവളുടെ സ്നേഹവും ദൈവത്തിന്റെ മാർഗനിർദേശം പിൻപറ്റുന്നതിനുള്ള ഹൃദയംഗമമായ ആഗ്രഹവുമായിരുന്നു. (ഉല്പത്തി 12:1) ദൈവത്തോടുള്ള അനുസരണയിൽ അവൾ ആനന്ദം കണ്ടെത്തി. നേരേമറിച്ച്, ലോത്തിന്റെ ഭാര്യ ദൈവഹിതം ചെയ്യുന്നതിനു മടികാണിക്കുകയും അങ്ങനെ തന്റെ ജന്മനാടായ സോദോമിൽ ഉപേക്ഷിച്ചിട്ടുപോയ വസ്തുക്കളിലേക്ക് അതിവാഞ്ഛയോടെ തിരിഞ്ഞുനോക്കുകയും ചെയ്തു. (ഉല്പത്തി 19:15, 25, 26; ലൂക്കൊസ് 17:32) ആ വിവാഹത്തിനു സംഭവിച്ച എത്ര ദാരുണമായ അന്ത്യം—എല്ലാം ദൈവത്തോടുള്ള അനുസരണക്കേടിന്റെ ഫലമായിരുന്നു!
22. (എ) കുടുംബാംഗങ്ങൾ ജ്ഞാനപൂർവം എന്ത് ആത്മപരിശോധന നടത്തുന്നതാണ്? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പരിചിന്തിക്കും?
22 തന്മൂലം ഭർത്താവ് അല്ലെങ്കിൽ ഭാര്യ എന്നനിലയിൽ നിങ്ങൾ ഇങ്ങനെ ചോദിക്കുന്നതു ജീവത്പ്രധാനമാണ്, ‘ദൈവത്തിനു ഞങ്ങളുടെ കുടുംബത്തിൽ ഒന്നാം സ്ഥാനമുണ്ടോ? ദൈവം എനിക്കു കുടുംബത്തിൽ നൽകിയിരിക്കുന്ന പങ്കു നിർവഹിക്കുന്നതിനു ഞാൻ യഥാർഥത്തിൽ ശ്രമിക്കുന്നുണ്ടോ? എന്റെ ഇണയെ സ്നേഹിക്കുന്നതിനും യഹോവയുമായി ഒരു നല്ല ബന്ധം നേടിയെടുക്കുന്നതിനോ നിലനിർത്തുന്നതിനോവേണ്ടി എന്റെ ഇണയെ സഹായിക്കുന്നതിനും ഞാൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ടോ?’ മിക്ക കുടുംബങ്ങളിലും കുട്ടികളുമുണ്ട്. മാതാപിതാക്കളുടെ പങ്കിനെപ്പറ്റിയും അവരും കുട്ടികളും, ഇരുകൂട്ടരും, ദൈവത്തെ ഒന്നാമതു വയ്ക്കേണ്ട ആവശ്യം സംബന്ധിച്ചും നമുക്ക് അടുത്തതായി പരിചിന്തിക്കാം.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ അനേകം കുടുംബങ്ങളിലും യേശുവിന്റെ പഠിപ്പിക്കലുകളുടെ പരിണതഫലങ്ങൾ എന്തായിരുന്നേക്കാം?
◻ ദൃഢചിത്തരായ ആയിരക്കണക്കിനു ക്രിസ്ത്യാനികൾ എന്തു പ്രതിഫലമാണു കൈപ്പറ്റിയിരിക്കുന്നത്?
◻ അധാർമികതയും വിവാഹമോചനവും ഒഴിവാക്കാൻ വിവാഹ ഇണകളെ എന്തു സഹായിക്കും?
◻ യേശുവിന്റെ മാതൃകയിൽനിന്നു ഭർത്താക്കന്മാർക്ക് എന്തു പഠിക്കാൻ കഴിയും?
◻ സന്തുഷ്ടമായ ഒരു വിവാഹജീവിതത്തിനു ഭാര്യമാർക്ക് എങ്ങനെ സംഭാവനചെയ്യാൻ കഴിയും?
[10-ാം പേജിലെ ചിത്രം]
സാറാ തന്റെ വിവാഹവിജയത്തിനു സംഭാവന ചെയ്തതെങ്ങനെ?