-
കുട്ടികൾക്ക് ആവശ്യമായ ശ്രദ്ധ നൽകൽഉണരുക!—2005 | മാർച്ച് 8
-
-
അലോസരപ്പെടുത്താതെ പരിശീലനം നൽകൽ
ഒരു പ്രമുഖ അധ്യാപകനും മനഃശാസ്ത്ര ഗവേഷകനുമായ ഡോ. റോബെർട്ട് കോൾസ് ഒരിക്കൽ പറഞ്ഞു: “വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു ധാർമിക ബോധം കുട്ടികളിൽ ഉണ്ട്. ധാർമിക മാർഗനിർദേശത്തിനായി അവർ അതിയായി വാഞ്ഛിക്കുന്നു. എന്റെ അഭിപ്രായത്തിൽ ഈ ധാർമിക ബോധം ദൈവദത്തമാണ്.” ധാർമിക മാർഗനിർദേശത്തിനായുള്ള ഈ വിശപ്പും ദാഹവും ആരാണ് തൃപ്തിപ്പെടുത്തേണ്ടത്?
എഫെസ്യർ 6:4 ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.” ഈ തിരുവെഴുത്തിൽ, ദൈവത്തോടുള്ള സ്നേഹവും ദിവ്യ നിലവാരങ്ങളോടുള്ള വിലമതിപ്പും മക്കളിൽ ഉൾനടേണ്ട മുഖ്യ ചുമതല പിതാവിനാണെന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചോ? എഫെസ്യർ 6:1-ൽ അപ്പൊസ്തലനായ പൗലൊസ് ‘അമ്മയപ്പന്മാരെ അനുസരിക്കാൻ’a മക്കളെ ഉദ്ബോധിപ്പിച്ചപ്പോൾ അവൻ പിതാവിനെയും മാതാവിനെയും പരാമർശിക്കുകയുണ്ടായി.
പിതാവിന്റെ അസാന്നിധ്യത്തിൽ, തീർച്ചയായും മാതാവ് ഈ ചുമതല ഏറ്റെടുക്കണം. ഒറ്റയ്ക്കുള്ള പല അമ്മമാരും തങ്ങളുടെ മക്കളെ യഹോവയാം ദൈവത്തിന്റെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും വളർത്തിക്കൊണ്ടുവരുന്നതിൽ വിജയിച്ചിട്ടുണ്ട്. ഇനി, അമ്മ പുനർവിവാഹം ചെയ്യുന്നെങ്കിൽ, ആ ക്രിസ്തീയ ഭർത്താവാണ് കുട്ടികളെ പരിശീലിപ്പിക്കുന്നതിലും അവർക്കു ശിക്ഷണം നൽകുന്നതിലും നേതൃത്വമെടുക്കേണ്ടത്. മാതാവ് അപ്പോൾ മനസ്സോടെ അതിനെ പിന്തുണയ്ക്കണം.
കുട്ടികളെ “കോപിപ്പിക്കാതെ” അല്ലെങ്കിൽ അലോസരപ്പെടുത്താതെ അവർക്ക് ശിക്ഷണവും പരിശീലനവും നൽകാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും? അതിന് സൂത്രവാക്യങ്ങളൊന്നുമില്ല, വിശേഷിച്ച് ഓരോ കുട്ടിയുടെയും വ്യക്തിത്വം വ്യത്യസ്തമായിരിക്കുന്ന സ്ഥിതിക്ക്. എന്നാൽ മക്കൾക്കു ശിക്ഷണം നൽകുന്നത് എങ്ങനെയാണെന്നുള്ളതിന് മാതാപിതാക്കൾ വളരെയധികം ശ്രദ്ധ നൽകണം, സ്നേഹത്തോടും ആദരവോടുംകൂടെ അവർ എല്ലായ്പോഴും മക്കളോട് ഇടപെടണം. ശ്രദ്ധേയമായി, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുതെന്ന് കൊലൊസ്സ്യർ 3:21-ലും ആവർത്തിച്ചിരിക്കുന്നു. അവിടെ വീണ്ടും പിതാക്കന്മാരെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു: “പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുത്.”
ചില മാതാപിതാക്കൾ മക്കളുടെ നേരെ ആക്രോശിക്കാറുണ്ട്. നിസ്സംശയമായും ഇത് കുട്ടികളെ അലോസരപ്പെടുത്തും. എന്നാൽ ബൈബിൾ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും [ആക്രോശവും] ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.” (എഫെസ്യർ 4:31) ബൈബിൾ ഇങ്ങനെയും പറയുന്നു: ‘കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനായി അത്രേ ഇരിക്കേണ്ടത്.’—2 തിമൊഥെയൊസ് 2:24.
-
-
കുട്ടികൾക്ക് ആവശ്യമായ ശ്രദ്ധ നൽകൽഉണരുക!—2005 | മാർച്ച് 8
-
-
a ഇവിടെ പൗലൊസ് ‘മാതാവിനെയോ പിതാവിനെയോ’ അർഥമാക്കുന്ന ഗോണെഫ് എന്ന ഗ്രീക്ക് വാക്കിന്റെ ഒരു രൂപമായ ഗോണെഫ്സിൻ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ 4-ാം വാക്യത്തിൽ അവൻ ഉപയോഗിച്ചത് “പിതാക്കന്മാർ” എന്നർഥമുള്ള പാറ്റെറെസ് എന്ന ഗ്രീക്ക് പദമാണ്.
-