അധ്യായം എട്ട്
‘ദുഷ്ടാത്മസേനകളോടുള്ള പോരാട്ടം’
1. ദുഷ്ടാത്മാക്കളുടെ പ്രവർത്തനം നമുക്കു പ്രത്യേക താത്പര്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
ദുഷ്ടാത്മാക്കൾ ഉണ്ടെന്നുള്ള ആശയത്തെ പലരും പരിഹസിച്ചുതള്ളുന്നു. എന്നാൽ അതു തമാശയല്ല. ആളുകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ദുഷ്ടാത്മസേനകൾ ഉണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. അവർ എല്ലാവരുടെയുംമേൽ സമ്മർദം ചെലുത്തുന്നു. യഹോവയുടെ ആരാധകരും അതിൽനിന്ന് ഒഴിവുള്ളവരല്ല. യഥാർഥത്തിൽ അവരാണു ദുഷ്ടാത്മാക്കളുടെ മുഖ്യലക്ഷ്യം. അപ്പൊസ്തലനായ പൗലൊസ് പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് ആ വസ്തുത സംബന്ധിച്ചു നമ്മെ ജാഗരൂകരാക്കുന്നു: “നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.” (എഫെസ്യർ 6:12) സാത്താൻ സ്വർഗത്തിൽനിന്നു പുറന്തള്ളപ്പെട്ടിരിക്കുന്നു. മാത്രമല്ല, തനിക്ക് അൽപ്പകാലമേയുള്ളുവെന്ന് അറിയാവുന്നതിനാൽ അവൻ അത്യന്തം കോപിഷ്ഠനുമാണ്. അതുകൊണ്ട് നമ്മുടെ നാളിൽ ദുഷ്ടാത്മസേനകൾ ചെലുത്തുന്ന സമ്മർദം എന്നത്തെക്കാളും രൂക്ഷമായിരിക്കുകയാണ്.—വെളിപ്പാടു 12:12.
2. നമുക്ക് അമാനുഷിക ആത്മവ്യക്തികളോടു പോരാടി വിജയിക്കുക സാധ്യമായിരിക്കുന്നത് എങ്ങനെ?
2 അമാനുഷിക ആത്മസേനകളോടു പോരാടി വിജയിക്കുക സാധ്യമാണോ? തീർച്ചയായും. എന്നാൽ, യഹോവയെ പൂർണമായി ആശ്രയിക്കുന്നെങ്കിൽ മാത്രം. നാം അവനെ ശ്രദ്ധിക്കുകയും അവന്റെ വചനം അനുസരിക്കുകയും വേണം. അങ്ങനെ ചെയ്യുന്നതിനാൽ, സാത്താന്യ നിയന്ത്രണത്തിൽ ഉള്ളവർ അനുഭവിക്കുന്ന ശാരീരിക, ധാർമിക, വൈകാരിക പ്രശ്നങ്ങൾ നമുക്ക് ഒഴിവാക്കാനാകും.—യാക്കോബ് 4:7.
സ്വർലോകങ്ങളിലെ ലോകഭരണാധിപന്മാർ
3. സാത്താൻ ഹീനമായ ഉപദ്രവങ്ങൾ അഴിച്ചുവിടുന്നത് ആർക്കെതിരെ, എങ്ങനെ?
3 യഹോവ സ്വർഗത്തിൽനിന്നു നിരീക്ഷിക്കുമ്പോൾ ദർശിക്കുന്ന ലോകാവസ്ഥയെ അവൻ വളരെ വ്യക്തമായി നമുക്കു വിവരിച്ചുതരുന്നു. അപ്പൊസ്തലനായ യോഹന്നാന് അവൻ നൽകിയ ദർശനത്തിൽ “തീ നിറമുള്ള മഹാസർപ്പ”മായി സാത്താനെ ചിത്രീകരിച്ചിരിക്കുന്നു. 1914-ൽ ദൈവത്തിന്റെ മിശിഹൈക രാജ്യം ജനിച്ച ഉടനെ, സാധ്യമെങ്കിൽ അതിനെ വിഴുങ്ങിക്കളയാൻ അവൻ ഒരുങ്ങിനിൽക്കുകയായിരുന്നു. ആ ശ്രമം പരാജയപ്പെട്ടപ്പോൾ സാത്താൻ ആ രാജ്യത്തിന്റെ ഭൗമിക പ്രതിനിധികൾക്കെതിരെ ഹീനമായ ഉപദ്രവങ്ങൾ അഴിച്ചുവിട്ടു. (വെളിപ്പാടു 12:3, 4, 13, 17) എങ്ങനെയാണു സാത്താൻ ഈ യുദ്ധം ചെയ്യുക? തന്റെ സ്വന്തം മാനുഷ പ്രതിനിധികളെ ഉപയോഗിച്ചുകൊണ്ട്.
4. മാനുഷ ഗവൺമെന്റുകളുടെ അധികാരത്തിന്റെ ഉറവ് ആരാണ്, നാം ഇത് അറിയുന്നത് എങ്ങനെ?
4 അടുത്തതായി, യോഹന്നാൻ ദർശനത്തിൽ ഏഴു തലയും പത്തു കൊമ്പുമുള്ള ഒരു കാട്ടുമൃഗത്തെ കാണുന്നു. “സകലഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും” അധികാരമുള്ള ഒരു മൃഗമാണ് അത്. ആ മൃഗം ആഗോള രാഷ്ട്രീയ വ്യവസ്ഥിതിയെ പ്രതിനിധാനം ചെയ്യുന്നു. “അതിന്നു മഹാസർപ്പം [പിശാചായ സാത്താൻ] തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു” എന്നു യോഹന്നാനോടു പറയപ്പെടുന്നു. (വെളിപ്പാടു 13:1, 2, 7) അതേ, സാത്താനാണു മനുഷ്യ ഭരണകൂടങ്ങളുടെ ശക്തിയുടെയും അധികാരത്തിന്റെയും ഉറവ്. അതുകൊണ്ട് അപ്പൊസ്തലനായ പൗലൊസ് എഴുതിയതുപോലെ യഥാർഥ ‘ലോകഭരണാധിപതികൾ’ “സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേന”യാണ്. അവരാണു മനുഷ്യഗവൺമെന്റുകളെ നിയന്ത്രിക്കുന്നത്. യഹോവയെ ആരാധിക്കാൻ ആഗ്രഹിക്കുന്ന സകലരും അതിന്റെ പൂർണമായ അർഥം ഗ്രഹിക്കേണ്ടതുണ്ട്.—ലൂക്കൊസ് 4:5, 6.
5. രാഷ്ട്രീയ ഭരണാധികാരികൾ ഇപ്പോൾ എന്തിലേക്കു കൂട്ടിച്ചേർക്കപ്പെടുന്നു?
5 പല രാഷ്ട്രീയ ഭരണാധികാരികളും മതഭക്തരെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു രാഷ്ട്രവും യഹോവയുടെ ഭരണാധിപത്യത്തിനോ അവന്റെ നിയമിത രാജാവായ യേശുക്രിസ്തുവിന്റെ ഭരണാധിപത്യത്തിനോ കീഴ്പെടുന്നില്ല. തങ്ങൾക്കുള്ള അധികാരം കൈവിട്ടുപോകാതിരിക്കാൻ അവർ ഉഗ്രമായി പോരാടുകയാണ്. ഇന്ന്, വെളിപ്പാടിലെ വിവരണം പ്രകടമാക്കുന്നതുപോലെ, “ഭൂതനിശ്വസ്തമൊഴികൾ” ലോകഭരണാധിപന്മാരെ അർമഗെദോനിലെ “സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു” കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ്.—വെളിപ്പാടു 16:13, 14, 16; 19:17-19.
6. സാത്താന്റെ വ്യവസ്ഥിതിക്കു പിന്തുണ കൊടുക്കുന്നതിലേക്കു തന്ത്രപരമായി നയിക്കപ്പെടുന്നത് ഒഴിവാക്കാൻ ശ്രദ്ധ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
6 മനുഷ്യ കുടുംബത്തെ ശിഥിലമാക്കുന്ന രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, മത പോരാട്ടങ്ങൾ ദിവസവും ആളുകളുടെ ജീവിതത്തെ ബാധിക്കുന്നു. ഈ പോരാട്ടങ്ങളിൽ ആളുകൾ, വാക്കാലോ പ്രവൃത്തിയാലോ, തങ്ങൾ ഉൾപ്പെടുന്ന രാഷ്ട്രത്തിന്റെയോ ഗോത്രത്തിന്റെയോ ഭാഷാക്കൂട്ടത്തിന്റെയോ സാമൂഹിക വർഗത്തിന്റെയോ പക്ഷം പിടിക്കുന്നതു സാധാരണമാണ്. ഒരു പോരാട്ടത്തിൽ നേരിട്ട് ഉൾപ്പെടാത്തപ്പോൾ പോലും പലപ്പോഴും ആളുകൾ ഇങ്ങനെ പക്ഷം ചേരുന്നു. എന്നാൽ ആരെ അല്ലെങ്കിൽ ഏതു പ്രസ്ഥാനത്തെ പിന്താങ്ങിയാലും യഥാർഥത്തിൽ ആർക്കാണ് അവർ പിന്തുണ കൊടുക്കുന്നത്? “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്നു ബൈബിൾ വ്യക്തമായി പ്രസ്താവിക്കുന്നു. (1 യോഹന്നാൻ 5:19) അപ്പോൾ ഒരു വ്യക്തിക്ക് ശേഷിച്ച മനുഷ്യവർഗത്തോടൊപ്പം വഴിതെറ്റിക്കപ്പെടുന്നത് എങ്ങനെ ഒഴിവാക്കാനാകും? ദൈവരാജ്യത്തിനു പൂർണ പിന്തുണ കൊടുക്കുന്നതിനാലും ലോക പോരാട്ടങ്ങളിൽ തികഞ്ഞ നിഷ്പക്ഷത പാലിക്കുന്നതിനാലും മാത്രം.—യോഹന്നാൻ 17:15, 16.
ദുഷ്ടന്റെ കുതന്ത്രങ്ങൾ
7. സാത്താൻ വ്യാജമതത്തെ കൗശലപൂർവം ഉപയോഗിക്കുന്നത് എങ്ങനെ?
7 ചരിത്രത്തിലെ എല്ലാ കാലഘട്ടങ്ങളിലും, വ്യക്തികളെ സത്യാരാധനയിൽനിന്ന് അകറ്റാൻ സാത്താൻ വാചികവും ശാരീരികവുമായ പീഡനത്തെ ഉപയോഗിച്ചിട്ടുണ്ട്. അവൻ കുറേക്കൂടെ കുടിലമായ മാർഗങ്ങളും—കൗശലങ്ങളും കുതന്ത്രങ്ങളും—ഉപയോഗിച്ചിട്ടുണ്ട്. വ്യാജമതം മുഖേന മനുഷ്യവർഗത്തിന്റെ ഒരു വലിയ ഭാഗത്തെ, തങ്ങൾ ദൈവത്തെ സേവിക്കുകയാണെന്നു ചിന്തിക്കാൻ ഇടയാക്കിക്കൊണ്ട്, വിദഗ്ധമായി അവൻ അജ്ഞതയിൽ വെച്ചിരിക്കുകയാണ്. സൂക്ഷ്മമായ ദൈവപരിജ്ഞാനവും സത്യത്തോടുള്ള സ്നേഹവും ഇല്ലാത്തതിനാൽ അവർ നിഗൂഢവും വികാരംകൊള്ളിക്കുന്നതുമായ മതശുശ്രൂഷകളിലേക്കോ വീര്യപ്രവൃത്തികളിലേക്കോ ആകർഷിക്കപ്പെട്ടേക്കാം. (2 തെസ്സലൊനീക്യർ 2:9, 10) എന്നാൽ ഒരിക്കൽ സത്യാരാധനയിൽ പങ്കുപറ്റിയിരുന്ന ചിലർ പോലും “വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു . . . വിശ്വാസം ത്യജിക്കും” എന്നു നമുക്കു മുന്നറിയിപ്പു ലഭിച്ചിരിക്കുന്നു. (1 തിമൊഥെയൊസ് 4:1) അത് എങ്ങനെ സംഭവിക്കാം?
8. നാം യഹോവയെ ആരാധിക്കുന്നെങ്കിൽ പോലും സാത്താനു നമ്മെ വ്യാജമതത്തിലേക്ക് എങ്ങനെ വശീകരിക്കാൻ കഴിയും?
8 പിശാച് നമ്മുടെ ദൗർബല്യങ്ങളെ വിദഗ്ധമായി ചൂഷണം ചെയ്യുന്നു. മാനുഷഭയത്തിന് ഇപ്പോഴും നമ്മുടെമേൽ സ്വാധീനമുണ്ടോ? ഉണ്ടെങ്കിൽ, വ്യാജമതത്തിൽനിന്ന് ഉടലെടുത്ത ആചാരങ്ങളിൽ പങ്കെടുക്കാൻ ബന്ധുക്കളിൽനിന്നോ അയൽക്കാരിൽനിന്നോ ഉള്ള സമ്മർദത്തിനു നാം വഴങ്ങിയേക്കാം. നാം അഹങ്കാരികളാണോ? ആണെങ്കിൽ ബുദ്ധിയുപദേശം നൽകപ്പെടുമ്പോഴോ നമ്മൾ പിന്താങ്ങുന്ന ആശയങ്ങൾ മറ്റുള്ളവർ സ്വീകരിക്കാത്തപ്പോഴോ നാം നീരസപ്പെട്ടേക്കാം. (സദൃശവാക്യങ്ങൾ 15:10; 29:25; 1 തിമൊഥെയൊസ് 6:3, 4, NW) ക്രിസ്തുവിന്റെ മാതൃകയോട് അനുരൂപപ്പെടത്തക്കവിധം നമ്മുടെ വീക്ഷണഗതിക്കു ഭേദഗതി വരുത്തുന്നതിനു പകരം, കേവലം ബൈബിൾ വായിക്കുകയും ഒരു നല്ല ജീവിതം നയിക്കയും ചെയ്താൽ മതിയെന്നു പറഞ്ഞുകൊണ്ട് ‘കർണ്ണരസം’ പകരുന്നവരിലേക്കു നാം തിരിഞ്ഞേക്കാം. (2 തിമൊഥെയൊസ് 4:3) നാം മറ്റൊരു മതത്തിൽ ചേരുന്നുണ്ടോ അതോ സ്വന്തം ‘മത’ത്തെത്തന്നെ മുറുകെ പിടിക്കുകയാണോ എന്നതൊന്നും സാത്താനു പ്രശ്നമല്ല, ദൈവം തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും നിർദേശിക്കുന്ന വിധത്തിൽ നാം യഹോവയെ ആരാധിക്കാത്തിടത്തോളം കാലം അവൻ സന്തുഷ്ടനാണ്.
9. തന്റെ ലക്ഷ്യങ്ങൾ നേടാൻ സാത്താൻ ലൈംഗികതയെ കൗശലപൂർവം ഉപയോഗിക്കുന്നത് എങ്ങനെ?
9 സ്വാഭാവിക ആഗ്രഹങ്ങളെ തെറ്റായ വിധത്തിൽ തൃപ്തിപ്പെടുത്താനും സാത്താൻ ആളുകളെ തന്ത്രപൂർവം വശീകരിക്കുന്നു. ലൈംഗിക മോഹങ്ങളുടെ കാര്യത്തിൽ അവൻ ഇതു ചെയ്തിട്ടുണ്ട്. ലോകത്തിലുള്ള പലരും ബൈബിൾ ധാർമികതയെ തള്ളിക്കളഞ്ഞുകൊണ്ട് അവിവാഹിതർ തമ്മിലുള്ള ലൈംഗികബന്ധങ്ങളെ ന്യായമായ ഉല്ലാസമായോ തങ്ങൾ മുതിർന്നുകഴിഞ്ഞെന്നു തെളിയിക്കാനുള്ള ഒരു മാർഗമായോ വീക്ഷിക്കുന്നു. വിവാഹിതരെ സംബന്ധിച്ചെന്ത്? അനേകർ വ്യഭിചാരം ചെയ്യുന്നു. ഇണ അവിശ്വസ്തത കാട്ടിയിട്ടില്ലെങ്കിൽ പോലും, മറ്റൊരാളോടൊത്തു ജീവിക്കാൻവേണ്ടി മാത്രം നിരവധി വ്യക്തികൾ വിവാഹബന്ധം വേർപെടുത്തുകയോ വേർപിരിഞ്ഞു താമസിക്കുകയോ ചെയ്യുന്നു. ഇപ്പോഴത്തെ ഉല്ലാസത്തിനുവേണ്ടി ജീവിക്കാൻ ആളുകളെ സ്വാധീനിക്കാനാണു സാത്താൻ തന്ത്രപരമായി ലക്ഷ്യം വെക്കുന്നത്. തങ്ങളുടെയും മറ്റുള്ളവരുടെയും മേലുള്ള ദീർഘകാല ഫലങ്ങളെ മാത്രമല്ല, വിശേഷാൽ യഹോവയോടും അവന്റെ പുത്രനോടുമുള്ള തങ്ങളുടെ ബന്ധത്തെയും അവഗണിക്കാൻ അവൻ അവരെ പ്രേരിപ്പിക്കുന്നു.—1 കൊരിന്ത്യർ 6:9, 10; ഗലാത്യർ 6:7, 8.
10. അധാർമികതയും അക്രമവും സംബന്ധിച്ച നമ്മുടെ മനോഭാവത്തെ ദുഷിപ്പിക്കാൻ സാത്താൻ ഉപയോഗിക്കുന്ന ഉപായമെന്ത്?
10 മറ്റൊരു സ്വാഭാവിക ആഗ്രഹം വിനോദത്തിനു വേണ്ടിയുള്ളതാണ്. ആരോഗ്യാവഹമായ വിനോദത്തിന് ശാരീരികവും മാനസികവും വൈകാരികവുമായ നവോന്മേഷം കൈവരുത്താനാകും. എന്നാൽ നമ്മുടെ ചിന്തയെ ദൈവത്തിന്റെ ചിന്തയിൽനിന്ന് അകറ്റാൻ സാത്താൻ വിനോദാവസരങ്ങളെ വിദഗ്ധമായി ഉപയോഗിക്കുമ്പോൾ നാം എങ്ങനെയാണു പ്രതികരിക്കുന്നത്? ദൃഷ്ടാന്തത്തിന്, ലൈംഗിക അധാർമികതയെയും അക്രമത്തെയും യഹോവ വെറുക്കുന്നുവെന്നു നമുക്കറിയാം. ചലച്ചിത്രങ്ങളിലോ ടെലിവിഷൻ പരിപാടികളിലോ നാടകങ്ങളിലോ ഒക്കെ ഇത്തരം രംഗങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ നാം അവ നിരീക്ഷിച്ചുകൊണ്ടിരിക്കുമോ? സാത്താനെ അഗാധത്തിൽ അടയ്ക്കാനുള്ള സമയം അടുത്തുവരവേ അത്തരം കാര്യങ്ങൾ കൂടുതൽ വഷളാകാൻ അവൻ ശ്രദ്ധിക്കുമെന്നും ഓർത്തിരിക്കുക, “ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും” എന്ന് ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (2 തിമൊഥെയൊസ് 3:13, 14; വെളിപ്പാടു 20:1-3) അതുകൊണ്ട് സാത്താന്റെ കുതന്ത്രങ്ങൾക്കെതിരെ നാം നിരന്തരം ജാഗരൂകരായിരിക്കേണ്ടതുണ്ട്.—ഉല്പത്തി 6:13; സങ്കീർത്തനം 11:5; റോമർ 1:24-32.
11. ആത്മവിദ്യയെ കുറിച്ചുള്ള സത്യം അറിയാവുന്ന ഒരാൾപോലും ജാഗ്രത പുലർത്തുന്നില്ലെങ്കിൽ ഏതു വിധങ്ങളിൽ കെണിയിൽ അകപ്പെട്ടേക്കാം?
11 ഏതു തരത്തിലുള്ള ആത്മവിദ്യയിൽ ഏർപ്പെടുന്നവരെയും—ആഭിചാരവും മന്ത്രവാദവും നടത്തുന്നവരെയും മരിച്ചവരുമായി സംസാരിക്കാൻ ശ്രമിക്കുന്നവരെയും എല്ലാം—യഹോവയാം ദൈവം വെറുക്കുന്നുവെന്നു നമുക്കറിയാം. (ആവർത്തനപുസ്തകം 18:10-12) അതു മനസ്സിൽ പിടിക്കുമ്പോൾ ആത്മമധ്യവർത്തികളുമായി ആലോചന കഴിക്കുന്നതിനെ കുറിച്ചു നാം ചിന്തിക്കുകയില്ല. അവരുടെ ഭൂതവിദ്യകൾ ആചരിക്കാൻ തീർച്ചയായും നാം അവരെ നമ്മുടെ ഭവനത്തിലേക്കു സ്വാഗതം ചെയ്യുകയുമില്ല. എന്നാൽ അവർ നമ്മുടെ ടെലിവിഷൻ സ്ക്രീനിലോ ഇന്റർനെറ്റിലോ പ്രത്യക്ഷപ്പെട്ടാൽ നാം അവരെ ശ്രദ്ധിക്കുമോ? ഒരു മന്ത്രവാദ വൈദ്യനിൽനിന്ന് ഒരിക്കലും നാം ചികിത്സ സ്വീകരിക്കുകയില്ലെങ്കിലും നമ്മുടെ കുഞ്ഞിനെ ആപത്തിൽനിന്നു സംരക്ഷിക്കുമെന്ന ചിന്തയിൽ അതിന്റെ കണങ്കൈയിൽ ഒരു ഏലസോ മറ്റോ നാം കെട്ടിക്കൊടുക്കുമോ? മറ്റുള്ളവരെ മാന്ത്രിക വിദ്യകൊണ്ടു മയക്കുന്നതിനെ ബൈബിൾ കുറ്റം വിധിക്കുന്നുവെന്ന് അറിയാമായിരിക്കെ നമ്മുടെ മനസ്സിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ നമ്മൾ ഒരു ഹിപ്നോട്ടിസ്റ്റിനെ അനുവദിക്കുമോ?—ഗലാത്യർ 5:19-21.
12. (എ) തെറ്റാണെന്നു നമുക്കറിയാവുന്ന ആശയങ്ങളെക്കുറിച്ചു നാം ചിന്തിച്ചു തുടങ്ങാൻ സാത്താൻ സംഗീതത്തെ എങ്ങനെ ഉപയോഗിക്കുന്നു? (ബി) ഒരു വ്യക്തിയുടെ വസ്ത്രധാരണമോ കേശാലങ്കാരമോ സംസാരരീതിയോ യഹോവ അംഗീകരിക്കാത്ത ജീവിതശൈലി ഉള്ളവരോടുള്ള ആദരവിനെ സൂചിപ്പിച്ചേക്കാവുന്നത് എങ്ങനെ? (സി) സാത്താന്റെ കുതന്ത്രങ്ങൾക്ക് ഇരയാകാതിരിക്കാൻ നമ്മുടെ ഭാഗത്ത് എന്ത് ആവശ്യമാണ്?
12 പരസംഗവും യാതൊരുവിധ അശുദ്ധിയും (അശുദ്ധമായ ആന്തരത്തോടെ) നമ്മുടെ ഇടയിൽ പേർ പറയപ്പെടുകപോലും അരുതെന്നു ബൈബിൾ അനുശാസിക്കുന്നു. (എഫെസ്യർ 5:3-5) എന്നാൽ അത്തരം വിഷയങ്ങൾ ഹൃദ്യമായ സംഗീതത്തിന്റെയും വശ്യമായ താളത്തിന്റെയും നിലയ്ക്കാത്ത വാദ്യഘോഷത്തിന്റെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്നെങ്കിലോ? വിവാഹം കൂടാതെയുള്ള ലൈംഗികതയെയും ഉല്ലാസത്തിനു വേണ്ടിയുള്ള മയക്കുമരുന്ന് ഉപയോഗത്തെയും മറ്റു പാപപ്രവൃത്തികളെയും മഹത്ത്വീകരിക്കുന്ന ഗാനങ്ങൾ ഏറ്റുപാടാൻ നാം തുടങ്ങുമോ? അതുമല്ലെങ്കിൽ അത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവരുടെ ജീവിതശൈലി അനുകരിക്കരുതെന്നു നമുക്ക് അറിയാമെങ്കിലും അവരുടെ വേഷത്തെയോ കേശാലങ്കാരത്തെയോ സംസാരരീതിയെയോ അനുകരിച്ചുകൊണ്ട് അവരോടൊപ്പമാണു നാമെന്നു തിരിച്ചറിയിക്കാൻ നാം പ്രവണത കാട്ടുമോ? തന്റെ ദുഷിച്ച മനസ്സിനോട് അനുരൂപപ്പെടാൻ മനുഷ്യരെ വശീകരിക്കുന്നതിന് എത്ര വഞ്ചകമായ രീതികളാണു സാത്താൻ ഉപയോഗിക്കുന്നത്! (2 കൊരിന്ത്യർ 4:3, 4) അവന്റെ കുതന്ത്രങ്ങൾക്ക് ഇരയാകാതിരിക്കാൻ നാം ലോകത്തോടൊപ്പം ഒഴുകിനീങ്ങുന്നത് ഒഴിവാക്കണം. ഈ ‘അന്ധകാരത്തിന്റെ ലോകാധിപതികൾ’ ആരാണെന്നു നാം ഓർത്തിരിക്കുകയും അവരുടെ സ്വാധീനത്തിനെതിരെ ആത്മാർഥമായി പോരാടുകയും വേണം.—1 പത്രൊസ് 5:8.
ജേതാക്കളായിരിക്കാൻ സജ്ജർ
13. അപൂർണതകളുള്ള നമ്മിൽ ആർക്കും സാത്താൻ ഭരിക്കുന്ന ലോകത്തെ ജയിച്ചടക്കുക സാധ്യമായിരിക്കുന്നത് എങ്ങനെ?
13 “ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” എന്ന് യേശു മരണത്തിനു മുമ്പ് തന്റെ അപ്പൊസ്തലന്മാരോടു പറഞ്ഞു. (യോഹന്നാൻ 16:33) അവർക്കും ജേതാക്കളായിരിക്കാൻ കഴിയുമായിരുന്നു. ഏതാണ്ട് 60 വർഷം കഴിഞ്ഞ് അപ്പൊസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?” (1 യോഹന്നാൻ 5:5) യേശുവിന്റെ കൽപ്പനകൾ അനുസരിക്കുന്നതിനാലും അവൻ ചെയ്തതുപോലെ, ദൈവവചനത്തിൽ ആശ്രയിക്കുന്നതിനാലും അത്തരം വിശ്വാസം നമുക്കു പ്രകടമാക്കാൻ കഴിയും. മറ്റെന്തും ആവശ്യമാണ്? യേശു ശിരസ്സായിരിക്കുന്ന സഭയോടു നാം പറ്റിനിൽക്കുകയും വേണം. നാം ഒരു പാപം ചെയ്യുമ്പോൾ ആത്മാർഥമായി അനുതപിക്കുകയും യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ ദൈവത്തിന്റെ ക്ഷമ തേടുകയും വേണം. ഈ വിധത്തിൽ, നാം അപൂർണരും തെറ്റുകൾ ചെയ്യുന്നവരുമാണെങ്കിലും നമുക്കും ജേതാക്കളായിരിക്കാൻ കഴിയും.—സങ്കീർത്തനം 130:3, 4.
14. എഫെസ്യർ 6:13-17 വായിച്ച് ആത്മീയ സർവായുധവർഗത്തിലെ ഓരോന്നിന്റെയും പ്രയോജനങ്ങൾ ചർച്ചചെയ്യുന്നതിനുള്ള അടിസ്ഥാനമായി, ഈ ഖണ്ഡികയിൽ നൽകിയിരിക്കുന്ന ചോദ്യങ്ങളും തിരുവെഴുത്തുകളും ഉപയോഗിക്കുക.
14 “ദൈവത്തിന്റെ സർവായുധവർഗ്ഗം” ധരിച്ചാലേ നമുക്കു വിജയിക്കാനാകൂ. അതിന്റെ ഒരു ഭാഗവും അവഗണിക്കാൻ നമുക്കു കഴിയില്ല. ദയവായി നിങ്ങളുടെ ബൈബിൾ എഫെസ്യർ 6:13-17-ലേക്കു തുറന്ന് ആ ആയുധവർഗത്തെ കുറിച്ചുള്ള വിവരണം വായിക്കുക. അനന്തരം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൊണ്ട് ആയുധവർഗത്തിൽ ഓരോന്നും നൽകുന്ന സംരക്ഷണത്തിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം അനുഭവിക്കാമെന്നു പരിചിന്തിക്കുക.
“അരെക്കു സത്യം കെട്ടിയും”
നമുക്കു സത്യം അറിയാമെങ്കിലും ക്രമമായ പഠനവും ബൈബിൾ സത്യം സംബന്ധിച്ച ധ്യാനവും യോഗഹാജരും നമ്മെ സംരക്ഷിക്കുന്നത് എങ്ങനെ? (1 കൊരിന്ത്യർ 10:12, 13; 2 കൊരിന്ത്യർ 13:5; ഫിലിപ്പിയർ 4:8, 9)
“നീതി എന്ന കവചം”
ഇത് ആരുടെ നീതിപ്രമാണം ആണ്? (വെളിപ്പാടു 15:3)
യഹോവയുടെ നീതിനിഷ്ഠമായ വഴികൾ പിന്തുടരുന്നതിൽ പരാജയപ്പെടുന്നത് ഒരുവന് ആത്മീയഹാനി വരുത്തിവെക്കുന്നത് എങ്ങനെയെന്നു വിശദമാക്കുക. (ആവർത്തനപുസ്തകം 7:3, 4; 1 ശമൂവേൽ 15:22, 23)
“സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം കാലിന്നു ചെരുപ്പാക്കിയും”
സമാധാനത്തിനുള്ള ദൈവത്തിന്റെ കരുതലുകളെ കുറിച്ച് ആളുകളോടു ചെന്നുപറയാൻ നമ്മുടെ പാദങ്ങളെ തിരക്കോടെ ഉപയോഗിക്കുന്നത് നമുക്ക് ഒരു സംരക്ഷണമായിരിക്കുന്നത് എങ്ങനെ? (സങ്കീർത്തനം 73:2, 3; റോമർ 10:15; 1 തിമൊഥെയൊസ് 5:13)
“വിശ്വാസം എന്ന പരിച”
ഉറച്ച അടിസ്ഥാനമുള്ള വിശ്വാസം നമുക്കുണ്ടെങ്കിൽ നമ്മിൽ സംശയമോ ഭയമോ ജനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ശ്രമങ്ങളുടെ മുമ്പിൽ നാം എങ്ങനെ പ്രതികരിക്കും? (2 രാജാക്കന്മാർ 6:15-17; 2 തിമൊഥെയൊസ് 1:12)
“രക്ഷ എന്ന ശിരസ്ത്രം”
ഭൗതിക സ്വത്തുക്കളിലുള്ള അമിത താത്പര്യത്തിന്റെ കെണിയിൽ അകപ്പെടുന്നത് ഒഴിവാക്കാൻ രക്ഷയുടെ പ്രത്യാശ ഒരുവനെ സഹായിക്കുന്നത് എങ്ങനെ? (1 തിമൊഥെയൊസ് 6:7-10, 19)
‘ആത്മാവിന്റെ വാൾ’
നമ്മുടെയോ മറ്റുള്ളവരുടെയോ ആത്മീയതയുടെമേലുള്ള ആക്രമണത്തോടു പോരാടി ജയിക്കാൻ നാം എല്ലായ്പോഴും എന്തിൽ ആശ്രയിക്കണം? (സങ്കീർത്തനം 119:98; സദൃശവാക്യങ്ങൾ 3:5, 6; മത്തായി 4:3, 4)
ആത്മീയ യുദ്ധത്തിൽ വിജയിക്കുന്നതിനു മറ്റെന്തും മർമപ്രധാനമാണ്? അത് എത്ര കൂടെക്കൂടെ ഉപയോഗിക്കണം? ആർക്കുവേണ്ടി? (എഫെസ്യർ 6:18-20)
15. ആത്മീയ പോരാട്ടത്തിൽ ആക്രമണത്തെ ചെറുക്കാൻ നമുക്ക് എങ്ങനെ കഴിയും?
15 ക്രിസ്തുവിന്റെ പടയാളികൾ എന്ന നിലയിൽ നാം ആത്മീയ യുദ്ധത്തിൽ ഏർപ്പെടുന്ന ഒരു വലിയ സൈന്യത്തിന്റെ ഭാഗമാണ്. നാം ഉണർന്നിരിക്കുകയും ദൈവത്തിന്റെ മുഴു സർവായുധവർഗവും നന്നായി ഉപയോഗിക്കുകയും ചെയ്യുന്നെങ്കിൽ ഈ യുദ്ധത്തിൽ പട്ടുപോകുകയില്ല. പകരം, നാം ദൈവത്തിന്റെ കൂട്ടുദാസന്മാർക്ക് കരുത്തുപകരുന്ന സഹായമായിരിക്കും. സാത്താൻ ഉഗ്രമായി എതിർക്കുന്ന സ്വർഗീയ ഗവൺമെന്റായ ദൈവത്തിന്റെ മിശിഹൈക രാജ്യത്തെ കുറിച്ചുള്ള സുവാർത്ത പ്രചരിപ്പിച്ചുകൊണ്ട് അവന്റെ ഏത് ആക്രമണത്തെയും നേരിടാൻ നാം ഒരുക്കവും ഉണർവും ഉള്ളവരായിരിക്കും.
പുനരവലോകന ചർച്ച
• ലോക പോരാട്ടങ്ങളിൽ യഹോവയുടെ ആരാധകർ തികഞ്ഞ നിഷ്പക്ഷത പാലിക്കുന്നത് എന്തുകൊണ്ട്?
• ക്രിസ്ത്യാനികളെ ആത്മീയ നാശത്തിൽ ചാടിക്കാൻ സാത്താൻ ഉപയോഗിക്കുന്ന ചില കുതന്ത്രങ്ങളേവ?
• ദൈവം പ്രദാനം ചെയ്തിരിക്കുന്ന ആത്മീയ സർവായുധവർഗം നമ്മുടെ ആത്മീയയുദ്ധത്തിൽ നമ്മെ സഹായിക്കുന്നത് എങ്ങനെ?
[76-ാം പേജിലെ ചിത്രങ്ങൾ]
രാഷ്ട്രങ്ങൾ അർമഗെദോനിലേക്കു കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്