യഹോവയുടെ സ്വന്തം പുസ്തകത്തെ നിങ്ങൾ വിലയേറിയതായി കാണുന്നുണ്ടോ?
“ദൈവവചനം നിങ്ങൾ സ്വീകരിച്ചത് . . . അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെതന്നെ വചനമായിട്ടാണ്.”—1 തെസ്സ. 2:13.
1-3. യുവൊദ്യയും സുന്തുകയും തമ്മിലുള്ള പ്രശ്നങ്ങൾ എങ്ങനെയായിരിക്കാം ആരംഭിച്ചത്, അത്തരം പ്രശ്നങ്ങൾ എങ്ങനെ ഒഴിവാക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
യഹോവയുടെ ദാസർ ദൈവത്തിന്റെ സ്വന്തം പുസ്തകമായ ബൈബിളിനെ വിലയേറിയതായി കാണുന്നു. അപൂർണരായതുകൊണ്ട് നമുക്കെല്ലാം ചിലപ്പോഴൊക്കെ തിരുവെഴുത്തിന്റെ അടിസ്ഥാനത്തിൽ ഉപദേശം ലഭിക്കാറുണ്ട്. അപ്പോൾ നമ്മൾ അതു ചെവിക്കൊള്ളുന്നുണ്ടോ? ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളായ യുവൊദ്യയെയും സുന്തുകയെയും കുറിച്ച് ചിന്തിക്കുക. അഭിഷിക്തരായ ഈ സ്ത്രീകൾ തമ്മിൽ ഗൗരവമുള്ള എന്തോ ചില പ്രശ്നങ്ങളുണ്ടായി. അതു കൃത്യമായി എന്താണെന്നു ബൈബിൾ പറയുന്നില്ല. എങ്കിലും ദൃഷ്ടാന്തത്തിനുവേണ്ടി ഒരു സാധ്യത നമുക്കു നോക്കാം.
2 യുവൊദ്യ ചില സഹോദരങ്ങളെ അതിഥികളായി തന്റെ വീട്ടിലേക്കു വിളിച്ചെന്നു സങ്കൽപ്പിക്കുക. സുന്തുകയെ ക്ഷണിച്ചില്ല! പക്ഷേ ആ കൂടിവരവിന്റെ വിശേഷങ്ങളെല്ലാം സുന്തുക അറിഞ്ഞു. സുന്തുക ഇങ്ങനെ മനസ്സിൽ പറഞ്ഞുകാണും: ‘അടുത്ത കൂട്ടുകാരിയായിട്ടും യുവൊദ്യ എന്നെ വിളിച്ചില്ലല്ലോ.’ യുവൊദ്യയുടെ പ്രവൃത്തികൾ സുന്തുകയെ വിഷമിപ്പിച്ചു. പിന്നെ സുന്തുക യുവൊദ്യയെ വേറൊരു കണ്ണുകൊണ്ട് കാണാൻതുടങ്ങി. അതു കഴിഞ്ഞ് ഒരിക്കൽ സുന്തുക അതേ സഹോദരങ്ങളെ തന്റെ വീട്ടിലേക്കു ക്ഷണിച്ചു, പക്ഷേ യുവൊദ്യയെ ഒഴിവാക്കി. യുവൊദ്യക്കും സുന്തുകയ്ക്കും ഇടയിലുണ്ടായിരുന്ന പ്രശ്നം മുഴുസഭയുടെയും സമാധാനത്തെ ബാധിക്കുമായിരുന്നു. പിന്നീട് എന്തു സംഭവിച്ചെന്നു ബൈബിൾ പറയുന്നില്ല. പൗലോസിന്റെ സ്നേഹപൂർവമായ ഉപദേശത്തിന് അവർ ചെവി കൊടുത്തിരിക്കണം.—ഫിലി. 4:2, 3.
3 സമാനമായ സാഹചര്യങ്ങൾ ഇന്നു നമ്മുടെ സഭകളിലും ഉണ്ടാകാറുണ്ട്. എന്നാൽ ദൈവവചനമായ ബൈബിളിലെ ഉപദേശം നമ്മൾ അനുസരിക്കുന്നെങ്കിൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാകും, അവ ഉണ്ടാകുന്നത് ഒഴിവാക്കാൻപോലുമാകും. യഹോവയുടെ സ്വന്തം പുസ്തകത്തെ വിലയേറിയതായി കാണുന്നെങ്കിൽ, അതിലെ നിർദേശങ്ങൾ അനുസരിച്ചായിരിക്കും നമ്മൾ ജീവിക്കുന്നത്.—സങ്കീ. 27:11.
ദൈവത്തിന്റെ സ്വന്തം പുസ്തകവും മനുഷ്യവികാരങ്ങളും
4, 5. നീരസം വെച്ചുകൊണ്ടിരിക്കാതെ ക്ഷമിക്കുന്നതിനു ബൈബിൾ എന്ത് ഉപദേശം തരുന്നു?
4 നമ്മളെ അവഗണിച്ചെന്നോ നമ്മളോട് അന്യായമായി ഇടപെട്ടെന്നോ തോന്നുമ്പോൾ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. നമ്മുടെ വംശീയപശ്ചാത്തലമോ നിറമോ മറ്റ് ഏതെങ്കിലും ശാരീരികപ്രത്യേകതകളോ കാരണം ആളുകൾ മോശമായി പെരുമാറുന്നെങ്കിൽ അതു നമ്മളെ തീർച്ചയായും വേദനിപ്പിക്കും. എന്നാൽ അങ്ങനെ പെരുമാറുന്നതു നമ്മുടെ ഒരു സഹക്രിസ്ത്യാനിയാണെങ്കിലോ? അതു നമ്മളെ കൂടുതൽ വേദനിപ്പിക്കും. അപൂർണമനുഷ്യരിൽനിന്ന് ഇത്തരം മോശമായ കാര്യങ്ങൾ സഹിക്കേണ്ടിവരുമ്പോൾ നമ്മളെ സഹായിക്കാൻ ദൈവവചനത്തിനു കഴിയുമോ?
5 മനുഷ്യകുടുംബത്തിന്റെ തുടക്കംമുതൽ മനുഷ്യബന്ധങ്ങൾ യഹോവ നിരീക്ഷിച്ചിട്ടുണ്ട്. നമ്മുടെ വികാരങ്ങളും പ്രവൃത്തികളും എല്ലാം യഹോവ ശ്രദ്ധിക്കുന്നു. ദേഷ്യമോ സങ്കടമോ തോന്നുമ്പോൾ പിന്നീടു ദുഃഖിപ്പിച്ചേക്കാവുന്ന രീതിയിൽ സംസാരിക്കാനോ പ്രവർത്തിക്കാനോ ഇടയായേക്കാം. കോപം നിയന്ത്രിക്കാനും പെട്ടെന്നു നീരസപ്പെടാതിരിക്കാനും ഉള്ള ബൈബിളിന്റെ ഉപദേശം അനുസരിക്കുന്നത് എത്ര ജ്ഞാനമാണ്! (സദൃശവാക്യങ്ങൾ 16:32; സഭാപ്രസംഗി 7:9 വായിക്കുക.) പെട്ടെന്നു മുറിപ്പെടുന്ന സ്വഭാവം മാറ്റാനും പകരം ക്ഷമിക്കുന്ന കാര്യത്തിൽ പുരോഗമിക്കാനും നമ്മളെല്ലാം ശ്രമിക്കണം. ക്ഷമിക്കുന്നത് യഹോവയും യേശുവും വളരെ ഗൗരവമായി എടുക്കുന്നു. (മത്താ. 6:14, 15) നീരസം വെച്ചുകൊണ്ടിരിക്കാതെ ക്ഷമിക്കുന്ന കാര്യത്തിൽ നിങ്ങൾ പുരോഗമിക്കേണ്ടതുണ്ടോ?
6. വിദ്വേഷത്തിന് എതിരെ നമ്മൾ ജാഗ്രത പാലിക്കേണ്ടത് എന്തുകൊണ്ട്?
6 ക്ഷമിക്കാനും ദേഷ്യവും അരിശവും ഒക്കെ നിയന്ത്രിച്ചുനിറുത്താനും ഒരാൾക്കു കഴിയുന്നില്ലെങ്കിൽ അയാളുടെ ഉള്ളിൽ അതൃപ്തിയും വെറുപ്പും വളർന്നുവരാൻ ഇടയുണ്ട്. എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കാൻ തുടങ്ങിയേക്കാം. അത്തരം ഒരാളുടെ കൂടെയായിരിക്കാൻ മറ്റുള്ളവർ ആഗ്രഹിക്കുകയില്ല. അങ്ങനെയുള്ള ഒരു വ്യക്തി സഭയെ മോശമായി സ്വാധീനിച്ചേക്കാം. വിദ്വേഷമോ പകയോ മറച്ചുവെക്കാൻ അയാൾ ശ്രമിച്ചേക്കാമെങ്കിലും അയാളുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന അത്തരം മോശമായ ചിന്തകൾ “സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.” (സദൃ. 26:24-26) വിദ്വേഷവും പകയും നീരസവും ഒന്നും ദൈവത്തിന്റെ സംഘടനയിലുള്ള ആർക്കും ചേരുന്നതല്ലെന്ന കാര്യം അത്തരം വ്യക്തികളെ ബോധ്യപ്പെടുത്താൻ മൂപ്പന്മാർക്കു കഴിഞ്ഞേക്കും. യഹോവയുടെ വില തീരാത്ത പുസ്തകം ആ കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്. (ലേവ്യ 19:17, 18; റോമ. 3:11-18) നിങ്ങൾ അതിനോടു യോജിക്കുന്നുണ്ടോ?
യഹോവ നമ്മളെ നയിക്കുന്നു
7, 8. (എ) തന്റെ സംഘടനയുടെ ഭൗമികഭാഗത്തെ യഹോവ എങ്ങനെയാണു നയിക്കുന്നത്? (ബി) ദൈവവചനം തരുന്ന ചില നിർദേശങ്ങൾ എന്തൊക്കെയാണ്, നമ്മൾ അത് അനുസരിക്കേണ്ടത് എന്തുകൊണ്ട്?
7 സഭയുടെ ശിരസ്സായ ക്രിസ്തുവിന്റെ മാർഗനിർദേശത്തിനു കീഴിലുള്ള ‘വിശ്വസ്തനും വിവേകിയുമായ അടിമയിലൂടെയാണ്’ യഹോവ തന്റെ സംഘടനയുടെ ഭൂമിയിലെ അംഗങ്ങളെ നയിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നത്. (മത്താ. 24:45-47; എഫെ. 5:23) ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തെപ്പോലെ ഈ അടിമയും ദൈവത്തിന്റെ നിശ്വസ്തവചനത്തെ അല്ലെങ്കിൽ സന്ദേശത്തെ സ്വീകരിക്കുകയും അതിനെ വിലയേറിയതായി കാണുകയും ചെയ്യുന്നു. (1 തെസ്സലോനിക്യർ 2:13 വായിക്കുക.) നമ്മുടെ പ്രയോജനത്തിനായി ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില നിർദേശങ്ങൾ ഏതൊക്കെയാണ്?
8 മീറ്റിങ്ങുകൾക്കു ക്രമമായി കൂടിവരാൻ ബൈബിൾ നമ്മളോടു പറയുന്നു. (എബ്രാ. 10:24, 25) ബൈബിളുപദേശങ്ങൾ വിശ്വസിക്കുന്ന കാര്യത്തിൽ നമ്മുടെ ഇടയിൽ ഭിന്നത കാണരുതെന്ന് അത് ആവശ്യപ്പെടുന്നു. (1 കൊരി. 1:10) അതുപോലെ, നമ്മുടെ ജീവിതത്തിൽ ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കണമെന്നു ദൈവവചനം ആഹ്വാനം ചെയ്യുന്നു. (മത്താ. 6:33) വീടുതോറും പരസ്യമായും അനൗപചാരികമായും പ്രസംഗിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെയും പദവിയെയും കുറിച്ച് തിരുവെഴുത്തുകൾ ഊന്നിപ്പറയുന്നു. (മത്താ. 28:19, 20; പ്രവൃ. 5:42; 17:17; 20:20) അതുപോലെ, സംഘടനയെ ശുദ്ധമായി നിലനിറുത്താൻ ക്രിസ്തീയമൂപ്പന്മാർക്കു ദൈവത്തിന്റെ സ്വന്തം പുസ്തകം നിർദേശം നൽകുന്നു. (1 കൊരി. 5:1-5, 13; 1 തിമൊ. 5:19-21) ഇനി, തന്റെ സംഘടനയിലുള്ള എല്ലാവരും ശാരീരികമായും ആത്മീയമായും ശുദ്ധരായിരിക്കാനും യഹോവ ആവശ്യപ്പെടുന്നു.—2 കൊരി. 7:1.
9. ദൈവവചനം മനസ്സിലാക്കാൻ ഏതു മാർഗം മാത്രമാണുള്ളത്?
9 ആരുടെയും സഹായം കൂടാതെ ബൈബിൾ തനിയെ മനസ്സിലാക്കിയെടുക്കാൻ കഴിയുമെന്നു ചിലർ വിചാരിക്കുന്നു. എന്നാൽ, ആത്മീയാഹാരം വിതരണം ചെയ്യാനുള്ള ഏകസരണിയായി യേശു ‘വിശ്വസ്തനായ അടിമയെയാണു’ നിയോഗിച്ചിരിക്കുന്നത്. 1919 മുതൽ ദൈവത്തിന്റെ സ്വന്തം പുസ്തകം മനസ്സിലാക്കാനും അതിലെ നിർദേശങ്ങൾ ബാധകമാക്കാനും തന്റെ ശിഷ്യരെ സഹായിക്കുന്നതിന്, മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തു ഈ അടിമയെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ബൈബിളിലെ നിർദേശങ്ങൾ അനുസരിക്കുമ്പോൾ നമ്മൾ സഭയുടെ ശുദ്ധിയും സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിൽ നമ്മുടെ പങ്കു ചെയ്യുകയായിരിക്കും. നമ്മൾ എല്ലാവരും സ്വയം ഇങ്ങനെ ചോദിക്കണം: ‘യേശു ഇന്ന് ഉപയോഗിക്കുന്ന ഈ സരണിയോടു ഞാൻ വിശ്വസ്തനാണോ?’
അതിവേഗം മുന്നേറുന്ന യഹോവയുടെ രഥം!
10. യഹസ്കേലിന്റെ പുസ്തകത്തിൽ യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗത്തെ എങ്ങനെയാണു വർണിച്ചിരിക്കുന്നത്?
10 യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗത്തെക്കുറിച്ച് ദൈവവചനം പല കാര്യങ്ങൾ നമുക്കു പറഞ്ഞുതരുന്നുണ്ട്. ഉദാഹരണത്തിന്, യഹസ്കേൽ പ്രവാചകന് ഒരു ദർശനം ലഭിച്ചു. അതിൽ ദൈവത്തിന്റെ സംഘടനയുടെ സ്വർഗീയഭാഗം ഒരു സ്വർഗീയരഥത്താൽ പ്രതിനിധീകരിച്ചിരിക്കുന്നത് യഹസ്കേൽ കണ്ടു. (യഹ. 1:4-28) യഹോവയാണ് ഈ രഥത്തെ നിയന്ത്രിക്കുന്നത്. ദൈവാത്മാവ് പ്രേരിപ്പിക്കുന്ന എല്ലായിടങ്ങളിലേക്കും അതു പോകുന്നു. യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗം അതിന്റെ ഭൗമികഭാഗത്തെ സ്വാധീനിക്കുന്നുണ്ട്. നിശ്ചയമായും ആ രഥം മുന്നേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഉണ്ടായിരിക്കുന്ന സംഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് ഒന്നു ചിന്തിക്കുക. യഹോവയാണ് ഈ മാറ്റങ്ങളുടെയെല്ലാം പിന്നിൽ എന്നതു മനസ്സിൽപ്പിടിക്കുക. ക്രിസ്തുവും വിശുദ്ധദൂതന്മാരും ഈ ദുഷ്ടലോകത്തെ നശിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഈ സമയത്ത്, യഹോവ ഭരിക്കുന്ന വിധമാണു ശരിയെന്നു തെളിയിക്കാനും യഹോവയുടെ നാമം വിശുദ്ധീകരിക്കാനും ഈ രഥം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു.
11, 12. യഹോവയുടെ സംഘടന കൈവരിച്ചിരിക്കുന്ന ചില കാര്യങ്ങൾ ഏതൊക്കെയാണ്?
11 ഈ അന്ത്യകാലത്ത് ദൈവത്തിന്റെ സംഘടനയുടെ ഭൗമികഭാഗം കൈവരിച്ചിരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ഒന്നു ചിന്തിക്കുക. നിർമാണപ്രവർത്തനം: അമേരിക്കയിലെ ന്യൂയോർക്കിലുള്ള വാർവിക്കിൽ യഹോവയുടെ സാക്ഷികളുടെ പുതിയ കാര്യാലയം പണിയുന്നതിനു നൂറുകണക്കിന് ആളുകളാണു തിരക്കിട്ട് പ്രവർത്തിക്കുന്നത്. ലോകവ്യാപക ഡിസൈൻ/നിർമാണ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ ആയിരക്കണക്കിനു സ്വമേധാസേവകരാണു പുതിയ രാജ്യഹാളുകൾ പണിയാനും ബ്രാഞ്ച് കെട്ടിടങ്ങൾ വികസിപ്പിക്കാനും ആയി കഠിനാധ്വാനം ചെയ്യുന്നത്. ആ നിർമാണപരിപാടികളിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന മനസ്സൊരുക്കമുള്ള സ്വമേധാസേവകരോടു നമ്മൾ നന്ദിയുള്ളവരല്ലേ? ഓർക്കുക: താഴ്മയോടെ, വിശ്വസ്തമായി ഈ നിർമാണപദ്ധതികളെ സാമ്പത്തികമായി പിന്തുണയ്ക്കാൻ തങ്ങളാലാകുന്നതു ചെയ്യുന്ന ഭൂമിയിലെമ്പാടുമുള്ള രാജ്യപ്രഘോഷകരെ യഹോവ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു.—ലൂക്കോ. 21:1-4.
12 വിദ്യാഭ്യാസം: ദൈവികവിദ്യാഭ്യാസം തരുന്ന വ്യത്യസ്തസ്കൂളുകളെക്കുറിച്ച് ചിന്തിക്കുക. (യശ. 2:2, 3) നമുക്കു മുൻനിരസേവനസ്കൂളുണ്ട്, രാജ്യസുവിശേഷകർക്കുള്ള സ്കൂളുണ്ട്, അതുപോലെ ഗിലെയാദ് സ്കൂൾ, നവാഗതരായ ബെഥേലംഗങ്ങൾക്കുള്ള സ്കൂൾ, സർക്കിട്ട് മേൽവിചാരകന്മാർക്കും ഭാര്യമാർക്കും ഉള്ള സ്കൂൾ, സഭാമൂപ്പന്മാർക്കുള്ള സ്കൂൾ, രാജ്യശുശ്രൂഷാസ്കൂൾ, പിന്നെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കും ഭാര്യമാർക്കും ഉള്ള സ്കൂളും. തീർച്ചയായും തന്റെ ജനത്തെ പഠിപ്പിക്കാൻ യഹോവ ഇഷ്ടപ്പെടുന്നു. നൂറു കണക്കിനു ഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ ലഭ്യമായിരിക്കുന്ന jw.org വെബ്സൈറ്റിലൂടെയും ബൈബിൾവിദ്യാഭ്യാസം നൽകുന്നു. കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പ്രത്യേകഭാഗങ്ങൾ ഈ സൈറ്റിലുണ്ട്. അതുപോലെ വാർത്തകൾ ലഭ്യമായിരിക്കുന്ന ഒരു ഭാഗവുമുണ്ട്. നിങ്ങളുടെ ശുശ്രൂഷയിലും കുടുംബാരാധനയിലും നിങ്ങൾ jw.org ഉപയോഗിക്കുന്നുണ്ടോ?
യഹോവയോടു വിശ്വസ്തത കാണിക്കുക, സംഘടനയെ പിന്തുണയ്ക്കുക
13. യഹോവയുടെ വിശ്വസ്തരായ ആരാധകർക്ക് എന്ത് ഉത്തരവാദിത്വമാണുള്ളത്?
13 യഹോവയുടെ സംഘടനയുടെ ഭാഗമായിരിക്കുന്നത് എത്ര വലിയ പദവിയാണ്! യഹോവ ആവശ്യപ്പെടുന്ന കാര്യങ്ങളെക്കുറിച്ചും നിലവാരങ്ങളെക്കുറിച്ചും നമ്മൾ അറിഞ്ഞിരിക്കുന്നതിനാൽ, ശരി ചെയ്യാനും യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കാനും ഉള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഈ ലോകം ധാർമികമായി കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ, യഹോവയെ അനുകരിച്ചുകൊണ്ട് നമ്മളും ‘ദോഷത്തെ വെറുക്കണം.’ (സങ്കീ. 97:10) “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും” പറയുന്ന ഭക്തിയില്ലാത്ത ആളുകളോടു നമ്മൾ ഒരിക്കലും ചേരുകയില്ല. (യശ. 5:20) ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നതിനാൽ നമ്മൾ ശാരീരികമായും ആത്മീയമായും ധാർമികമായും ശുദ്ധരായിരിക്കാൻ കഠിനശ്രമം ചെയ്യുന്നു. (1 കൊരി. 6:9-11) നമ്മൾ യഹോവയെ സ്നേഹിക്കുന്നു; യഹോവയിൽ പൂർണമായി ആശ്രയിക്കുന്നു. ദൈവത്തിന്റെ വിലയേറിയ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ട് ദൈവത്തോടുള്ള വിശ്വസ്തത കാണിക്കാൻ നമ്മൾ തീരുമാനിച്ചിരിക്കുന്നു. വീട്ടിലായാലും സഭയിലായാലും ജോലിസ്ഥലത്തായാലും സ്കൂളിലായാലും ഈ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ നമ്മൾ എല്ലാ ശ്രമവും ചെയ്യുന്നു. (സദൃ. 15:3) ദൈവത്തോടുള്ള വിശ്വസ്തത കാണിക്കാൻ കഴിയുന്ന കൂടുതലായ വിധങ്ങളെക്കുറിച്ച് നമുക്ക് ഇനി ചിന്തിക്കാം.
14. ക്രിസ്തീയമാതാപിതാക്കൾക്കു ദൈവത്തോട് എങ്ങനെ വിശ്വസ്തത കാണിക്കാനാകും?
14 കുട്ടികളെ വളർത്തുമ്പോൾ: ദൈവത്തിന്റെ വചനത്തിനു ചേർച്ചയിൽ കുട്ടികളെ പരിശീലിപ്പിച്ചുകൊണ്ട് ക്രിസ്തീയമാതാപിതാക്കൾ യഹോവയോടുള്ള വിശ്വസ്തത കാണിക്കുന്നു. ദൈവഭക്തിയുള്ള മാതാപിതാക്കൾ ഇക്കാര്യത്തിൽ നാട്ടുനടപ്പുകൾ തങ്ങളെ സ്വാധീനിക്കാൻ അനുവദിക്കില്ല. ഒരു ക്രിസ്തീയഭവനത്തിൽ ഈ ലോകത്തിന്റെ ആത്മാവിനെ നമ്മൾ അനുവദിക്കുകയില്ല. (എഫെ. 2:2) സ്നാനമേറ്റ ഒരു പിതാവ് കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിൽ ‘എന്റെ രാജ്യത്ത് സ്ത്രീകളാണു കുട്ടികളെ പഠിപ്പിക്കുന്നത്’ എന്ന് ഒരിക്കലും ചിന്തിക്കില്ല. ഇതിനെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം വ്യക്തമാണ്. അത് ഇങ്ങനെ പറയുന്നു: ‘പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ യഹോവയുടെ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്ക് അനുസൃതമായും വളർത്തിക്കൊണ്ടുവരുക.’ (എഫെ. 6:4) ദൈവഭയമുള്ള അച്ഛനമ്മമാർ അവരുടെ കുട്ടികൾ ശമുവേലിനെപ്പോലെയായിരിക്കാൻ ആഗ്രഹിക്കുന്നു. കാരണം ചെറുപ്പംമുതൽ യഹോവ ശമുവേലിന്റെകൂടെയുണ്ടായിരുന്നു.—1 ശമു. 3:19.
15. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ യഹോവയോടുള്ള വിശ്വസ്തത എങ്ങനെ കാണിക്കാം?
15 തീരുമാനങ്ങളെടുക്കുമ്പോൾ: പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ദൈവത്തിന്റെ വചനത്തിന്റെയും സംഘടനയുടെയും സഹായം തേടിക്കൊണ്ട് നമുക്കു ദൈവത്തോടുള്ള വിശ്വസ്തത കാണിക്കാനാകും. അതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അനേകം മാതാപിതാക്കളെയും ബാധിക്കുന്ന ഒരു കാര്യം നോക്കാം. മറ്റു രാജ്യങ്ങളിലേക്കു കുടിയേറിപ്പാർക്കുന്നവർ സാധാരണ ചെയ്യുന്ന ഒരു കാര്യമാണു കുഞ്ഞുങ്ങളെ നോക്കാനായി സ്വന്തം രാജ്യത്തെ ബന്ധുക്കളെ ഏൽപ്പിക്കുകയെന്നത്. അങ്ങനെയാകുമ്പോൾ മാതാപിതാക്കൾക്കു മറുനാട്ടിൽത്തന്നെ ജോലി ചെയ്ത് പണമുണ്ടാക്കാൻ കഴിയും. ഇത് ഒരു വ്യക്തിപരമായ തീരുമാനമാണെന്നതു ശരിതന്നെ. പക്ഷേ നമ്മൾ ഒരു കാര്യം ഓർക്കണം: നമ്മൾ എടുക്കുന്ന തീരുമാനങ്ങൾക്കു ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും. (റോമർ 14:12 വായിക്കുക.) ബൈബിൾ പറയുന്നത് എന്താണെന്നു നോക്കാതെ കുടുംബത്തോടും വരുമാനമുണ്ടാക്കുന്നതിനോടും ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതു ബുദ്ധിയായിരിക്കുമോ? ഒരിക്കലുമല്ല! നമുക്കു സ്വന്തം കാലടികളെ നയിക്കാനുള്ള പ്രാപ്തിയില്ല. നമ്മുടെ സ്വർഗീയപിതാവിന്റെ സഹായം കൂടിയേ തീരൂ.—യിരെ. 10:23.
16. കുഞ്ഞ് ഉണ്ടായപ്പോൾ ഒരു അമ്മ എന്തു തീരുമാനം എടുത്തു, ശരിയായ തീരുമാനമെടുക്കാൻ ആ അമ്മയെ എന്താണു സഹായിച്ചത്?
16 ഒരു വിദേശരാജ്യത്തായിരുന്ന സമയത്ത് ഒരു സ്ത്രീക്ക് ഒരു ആൺകുഞ്ഞു ജനിച്ചു. ആ കുഞ്ഞിനെ വളർത്തുന്നതിനു നാട്ടിൽ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് അയയ്ക്കാൻ തീരുമാനിച്ചു. ആ സമയത്ത് ആ സ്ത്രീ ഒരു യഹോവയുടെ സാക്ഷിയോടൊത്ത് ബൈബിൾ പഠിക്കാനും നല്ല പുരോഗതി വരുത്താനും തുടങ്ങി. കുട്ടിയെ യഹോവയെ ആരാധിക്കുന്ന ഒരാളായി വളർത്തിക്കൊണ്ടുവരാനുള്ള ദൈവദത്തമായ ഉത്തരവാദിത്വം തനിക്കുണ്ടെന്ന് ആ അമ്മ മനസ്സിലാക്കി. (സങ്കീ. 127:3; സദൃ. 22:6) തിരുവെഴുത്തുകൾ ആവശ്യപ്പെടുന്നതുപോലെ ആ യുവതി തന്റെ ഉള്ളിലുള്ളതു മുഴുവൻ യഹോവയോടു പറഞ്ഞു. (സങ്കീ. 62:7, 8) ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിയോടും സഭയിലെ മറ്റുള്ളവരോടും സ്ത്രീ കുഞ്ഞിനെ വളർത്തുന്നതിനെക്കുറിച്ച് സംസാരിച്ചു. കുഞ്ഞിനെ നാട്ടിലേക്ക് അയയ്ക്കാൻ ബന്ധുക്കളും കൂട്ടുകാരും കൂടെക്കൂടെ പറഞ്ഞെങ്കിലും അതു ശരിയല്ലെന്ന് ആ സ്ത്രീ മനസ്സിലാക്കി. ഭാര്യയെയും കുഞ്ഞിനെയും സഭ സഹായിക്കുന്നതു കണ്ട് സ്ത്രീയുടെ ഭർത്താവിനു വലിയ മതിപ്പു തോന്നി. അദ്ദേഹം ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. ഭാര്യയോടും കുട്ടിയോടും ഒപ്പം മീറ്റിങ്ങുകൾക്കു വരാനും തുടങ്ങി. തന്റെ ഹൃദയസ്പർശിയായ പ്രാർഥന യഹോവ കേട്ടെന്ന് ആ അമ്മയ്ക്കു തോന്നിക്കാണുമോ? ഒരു സംശയവുമില്ല, അവർക്ക് അങ്ങനെതന്നെ തോന്നി.
17. ബൈബിൾപഠനം നടത്തുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് എന്തെല്ലാം നിർദേശങ്ങളാണു ലഭിച്ചിരിക്കുന്നത്?
17 നിർദേശങ്ങൾ അനുസരിക്കുന്ന കാര്യത്തിൽ: ദൈവത്തിന്റെ സംഘടന തരുന്ന മാർഗനിർദേശങ്ങൾ അനുസരിക്കുന്നതാണു ദൈവത്തോടു വിശ്വസ്തത കാണിക്കാൻ കഴിയുന്ന മറ്റൊരു പ്രധാന വഴി. ഉദാഹരണത്തിന്, നമ്മൾ മറ്റുള്ളവരോടൊപ്പം ബൈബിൾപഠനം നടത്തുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ലഭിച്ചിരിക്കുന്ന നിർദേശങ്ങൾ നോക്കാം. ഓരോ തവണയും ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം ഉപയോഗിച്ച് ബൈബിൾ പഠിപ്പിച്ചതിനു ശേഷം സംഘടനയെക്കുറിച്ച് മനസ്സിലാക്കുന്നതിന് അൽപ്പസമയമെടുക്കണമെന്നു നമുക്കു നിർദേശം ലഭിച്ചിട്ടുണ്ട്. അതിനുവേണ്ടി നമുക്കു രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോയും ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്? എന്ന ലഘുപത്രികയും ഉപയോഗിക്കാനാകും. അതുപോലെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർഥിയെ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം പഠിപ്പിച്ചതിനു ശേഷം ആ വ്യക്തി സ്നാനമേറ്റെങ്കിൽപ്പോലും “ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുസ്തകം പഠിപ്പിക്കാൻ നമുക്കു നിർദേശം ലഭിച്ചിട്ടുണ്ട്. പുതിയ ശിഷ്യർ ‘വിശ്വാസത്തിൽ സ്ഥിരചിത്തരായിരിക്കുന്നതിനുവേണ്ടിയാണ്’ സംഘടന ഈ നിർദേശം തന്നിരിക്കുന്നത്. (കൊലോ. 2:7) യഹോവയുടെ സംഘടന തരുന്ന ഇത്തരം നിർദേശങ്ങൾ നിങ്ങൾ അനുസരിക്കുന്നുണ്ടോ?
18, 19. യഹോവയ്ക്കു നന്ദി പറയാനുള്ള ചില കാരണങ്ങൾ ഏതെല്ലാം?
18 യഹോവയോടു നന്ദി പറയാൻ നമുക്ക് എത്രയെത്ര കാരണങ്ങളാണുള്ളത്! നമ്മുടെ ജീവനു നമ്മൾ ദൈവത്തോടു കടപ്പെട്ടിരിക്കുന്നു, ദൈവത്തെ കൂടാതെ നമുക്കു ചലിക്കാനോ നിലനിൽക്കാനോ കഴിയുകയില്ല. (പ്രവൃ. 17:27, 28) അമൂല്യമായ ഒരു സമ്മാനവും ദൈവം നമുക്കു നൽകിയിരിക്കുന്നു, ദൈവത്തിന്റെ സ്വന്തം പുസ്തകമായ ബൈബിൾ. തെസ്സലോനിക്യയിലെ ക്രിസ്ത്യാനികൾ ചെയ്തതുപോലെ നമ്മളും സന്തോഷത്തോടെ അതു ദൈവത്തിന്റെ സന്ദേശമായി സ്വീകരിക്കുന്നു.—1 തെസ്സ. 2:13.
19 ദൈവത്തിന്റെ എഴുതപ്പെട്ട വചനം നമ്മുടെ കൈയിലുള്ളതുകൊണ്ട് നമുക്ക് യഹോവയോട് അടുക്കാൻ കഴിഞ്ഞിരിക്കുന്നു, യഹോവ നമ്മളോടും അടുത്തിരിക്കുന്നു. (യാക്കോ. 4:8) യഹോവയുടെ സംഘടനയുടെ ഭാഗമായിരിക്കാനുള്ള ശ്രേഷ്ഠമായ പദവി നമ്മുടെ സ്വർഗീയപിതാവ് നമുക്കു നൽകിയിരിക്കുന്നു. ആ അനുഗ്രഹങ്ങൾക്കെല്ലാം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല! സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.” (സങ്കീ. 136:1) സങ്കീർത്തനം 136-ൽ “അവന്റെ ദയ എന്നേക്കുമുള്ളത്” എന്ന് 26 തവണ ആവർത്തിച്ചിരിക്കുന്നതു കാണാം. യഹോവയോടും സംഘടനയോടും വിശ്വസ്തരായിരിക്കുന്നെങ്കിൽ ആ ഹൃദയസ്പർശിയായ വാക്കുകളുടെ സത്യത അനുഭവിച്ചറിഞ്ഞുകൊണ്ട് നമ്മൾ എന്നും എന്നേക്കും ജീവിച്ചിരിക്കും!