നിങ്ങളുടെ ആത്മനിയന്ത്രണം നിലനിൽക്കുകയും കവിഞ്ഞൊഴുകുകയും ചെയ്യട്ടെ
“നിങ്ങളുടെ വിശ്വാസത്തിന് . . . ആത്മനിയന്ത്രണവും . . . പ്രദാനം ചെയ്യുക.”—2 പത്രോസ് 1:5, 6, NW.
1. ഒരു ക്രിസ്ത്യാനി ഏത് അസാധാരണമായ സാഹചര്യത്തിൽ സാക്ഷ്യം കൊടുത്തേക്കാം?
യേശു പറഞ്ഞു: “എനിക്കുവേണ്ടി നിങ്ങൾ നാടുവാഴികളുടെയും രാജാക്കൻമാരുടെയും മുമ്പാകെ അവർക്ക് ഒരു സാക്ഷ്യത്തിനായി വിളിച്ചുവരുത്തപ്പെടും.” (മത്തായി 10:18, NW) നിങ്ങളെ ഒരു നാടുവാഴിയുടെയോ ന്യായാധിപന്റെയോ പ്രസിഡണ്ടിന്റെയോ മുമ്പാകെ വിളിച്ചുവരുത്തിയാൽ നിങ്ങൾ എന്തിനെക്കുറിച്ചു സംസാരിക്കും? ആദ്യം ഒരുപക്ഷേ നിങ്ങൾ അവിടെ ചെന്നതിന്റെ കാരണത്തെക്കുറിച്ച്, നിങ്ങൾക്കെതിരെയുള്ള കുററാരോപണത്തെക്കുറിച്ചു സംസാരിച്ചേക്കാം. അങ്ങനെ ചെയ്യാൻ ദൈവാത്മാവു നിങ്ങളെ സഹായിക്കും. (ലൂക്കൊസ് 12:11, 12) എന്നാൽ ആത്മനിയന്ത്രണത്തെക്കുറിച്ചു സംസാരിക്കുന്നതായി നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? അതു നമ്മുടെ ക്രിസ്തീയ സന്ദേശത്തിന്റെ ഒരു പ്രധാന ഭാഗമായി നിങ്ങൾ കരുതുന്നുണ്ടോ?
2, 3. (എ) പൗലോസ് ഫേലിക്സിനോടും ദ്രുസില്ലയോടും സാക്ഷ്യം നൽകാൻ എങ്ങനെ ഇടയായി? (ബി) പൗലോസിന് ആ സാഹചര്യത്തിൽ സംസാരിക്കാൻ ആത്മനിയന്ത്രണം പററിയ വിഷയമായിരുന്നത് എന്തുകൊണ്ട്?
2 ഒരു യഥാർഥ-ജീവിത ദൃഷ്ടാന്തം പരിചിന്തിക്കുക. യഹോവയുടെ സാക്ഷികളിൽ ഒരുവനെ അറസ്ററു ചെയ്ത് ന്യായവിസ്താരത്തിനു കൊണ്ടുവന്നു. സംസാരിക്കാൻ ഒരവസരം നൽകിയപ്പോൾ അദ്ദേഹം ഒരു ക്രിസ്ത്യാനി, ഒരു സാക്ഷി, എന്ന നിലയിലുള്ള തന്റെ വിശ്വാസങ്ങൾ വിവരിക്കാൻ ആഗ്രഹിച്ചു. ആ രേഖ നിങ്ങൾക്കു പരിശോധിക്കാൻ കഴിയും, അപ്പോൾ അദ്ദേഹം “നീതി, ആത്മനിയന്ത്രണം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു” വാദയോഗ്യമായ സാക്ഷ്യം നൽകിയെന്നു നിങ്ങൾ കണ്ടെത്തും. നാം ഇവിടെ അപ്പോസ്തലനായ പൗലോസിന്റെ കൈസര്യയിലെ ഒരു അനുഭവത്തെയാണു പരാമർശിക്കുന്നത്. അവിടെ ഒരു പ്രാരംഭ ചോദ്യം ചെയ്യലുണ്ടായിരുന്നു. കുറേ നാൾ കഴിഞ്ഞിട്ടു ഫേലിക്സ് യഹൂദ സ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയുമായി വന്ന്, പൗലോസിനെ വരുത്തി, ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ച് അവന്റെ പ്രസംഗം കേട്ടു.” (പ്രവൃത്തികൾ 24:24) ഫേലിക്സ് “ഒരു അടിമയുടെ സകല സഹജവാസനകളോടുംകൂടെ രാജാവിന്റെ അധികാരം കൈയാളിക്കൊണ്ട് സകലവിധ ക്രൂരതകളും ഭോഗേച്ഛകളും പ്രവർത്തിച്ചു” എന്നു ചരിത്രം പറയുന്നു. മുമ്പു രണ്ടു തവണ വിവാഹം ചെയ്തശേഷമാണ് അയാൾ ദ്രുസില്ലയെ അവരുടെ ഭർത്താവിനെ (ദൈവനിയമം ലംഘിച്ച്) ഉപേക്ഷിച്ച് തന്റെ മൂന്നാമത്തെ ഭാര്യയാകാൻ പ്രലോഭിപ്പിച്ചത്. ഒരുപക്ഷേ അവരായിരിക്കാം പുതിയ മതത്തെക്കുറിച്ച്, ക്രിസ്ത്യാനിത്വത്തെക്കുറിച്ച് അറിയാനാഗ്രഹിച്ചത്.
3 പൗലോസ് “നീതി, ആത്മനിയന്ത്രണം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു” തുടർന്നു സംസാരിച്ചു. (പ്രവൃത്തികൾ 24:25, NW) ഇതു ദൈവത്തിന്റെ നീതിപ്രമാണങ്ങളും ഫേലിക്സും ദ്രുസില്ലയും ഉൾപ്പെട്ടിരുന്ന ക്രൂരതയും അനീതിയും തമ്മിലുള്ള അന്തരം വ്യക്തമാക്കുമായിരുന്നു. അപ്പോഴത്തെ കേസിൽ നീതി പ്രകടമാക്കാൻ ഫേലിക്സിനെ പ്രേരിപ്പിക്കാമെന്നു പൗലോസ് പ്രതീക്ഷിച്ചിരിക്കാം. എന്നാൽ “ആത്മനിയന്ത്രണവും വരുവാനുള്ള ന്യായവിധിയും” എന്തിന് ഉന്നയിക്കണം? ദുർമാർഗികളായ ഈ രണ്ടുപേരും “ക്രിസ്തുയേശുവിലുള്ള വിശ്വാസം” എന്തർഥമാക്കുന്നുവെന്നു ചോദിക്കുകയായിരുന്നു. അതുകൊണ്ട്, അവിടുത്തെ അനുകരിക്കുന്നതിന് ഒരുവന്റെ ചിന്തകളെയും സംസാരത്തെയും പ്രവൃത്തികളെയും നിയന്ത്രിക്കണമെന്ന് അവർ അറിയേണ്ടിയിരുന്നു. അതു തന്നെയാണ് ആത്മനിയന്ത്രണത്തിന്റെ അർഥവും. സകല മനുഷ്യരും തങ്ങളുടെ ചിന്തക്കും വാക്കുകൾക്കും പ്രവൃത്തികൾക്കും ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടവരാണ്. അതുകൊണ്ട്, പൗലോസിന്റെ കേസിലെ ഫേലിക്സിൽനിന്നുള്ള ഏതു ന്യായവിധിയെക്കാളും പ്രധാനപ്പെട്ടതായിരുന്നു ആ ഗവർണറും ഭാര്യയും ദൈവമുമ്പാകെ അഭിമുഖീകരിച്ച ന്യായവിധി. (പ്രവൃത്തികൾ 17:30, 31; റോമർ 14:10-12) നമുക്കു മനസ്സിലാക്കാവുന്നതുപോലെ, പൗലോസിന്റെ സന്ദേശം കേട്ട് “ഫേലിക്സ് ഭയപരവശനായി.”
അതു പ്രധാനമാണ് എന്നാൽ എളുപ്പമല്ല
4. ആത്മനിയന്ത്രണം സത്യക്രിസ്ത്യാനിത്വത്തിന്റെ ഒരു പ്രധാന ഭാഗമായിരിക്കുന്നത് എന്തുകൊണ്ട്?
4 ആത്മനിയന്ത്രണം ക്രിസ്ത്യാനിത്വത്തിന്റെ അനിവാര്യമായ ഒരു ഭാഗമാണെന്ന് അപ്പോസ്തലനായ പൗലോസ് തിരിച്ചറിഞ്ഞു. യേശുവിന്റെ അടുത്ത സഹചാരികളിൽ ഒരാളായ അപ്പോസ്തലനായ പത്രോസ് ഇത് ഉറപ്പിച്ചു പറഞ്ഞു. സ്വർഗത്തിൽ “ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരു”മായിരുന്നവർക്ക് എഴുതവെ, വിശ്വാസം, സ്നേഹം, ആത്മനിയന്ത്രണം എന്നിങ്ങനെ അത്യന്താപേക്ഷിതമായിരുന്ന ചില ഗുണങ്ങൾ പ്രകടിപ്പിക്കാൻ പത്രോസ് പ്രേരണയേകി. തന്നിമിത്തം, “ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലൻമാരും ആയിരിക്കയില്ല” എന്ന ഈ ഉറപ്പിൽ ആത്മനിയന്ത്രണം ഉൾപ്പെട്ടിരുന്നു.—2 പത്രൊസ് 1:1, 4-8.
5. നാം ആത്മനിയന്ത്രണത്തെക്കുറിച്ചു വിശേഷാൽ ചിന്തയുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
5 എന്നിരുന്നാലും, നമ്മുടെ അനുദിന ജീവിതത്തിൽ ആത്മനിയന്ത്രണം പാലിക്കുന്നതിനെക്കാൾ വളരെ എളുപ്പമാണ് അങ്ങനെ ചെയ്യണമെന്നു പറയുന്നത് എന്നു നിങ്ങൾക്കറിയാം. അതിന്റെ ഒരു കാരണം ആത്മനിയന്ത്രണം താരതമ്യേന വിരളമാണെന്നതാണ്. രണ്ടു തിമൊഥെയൊസ് 3:1-5-ൽ (NW)പൗലോസ് നമ്മുടെ കാലത്ത്, “അന്ത്യനാളുകളിൽ,” പ്രബലപ്പെടുന്ന മനോഭാവങ്ങൾ വിവരിച്ചു. അവയിൽ നമ്മുടെ കാലഘട്ടത്തിന്റെ സ്വഭാവവിശേഷമായിരിക്കുന്ന ഒരു ലക്ഷണം, അനേകർ “ആത്മനിയന്ത്രണമില്ലാത്തവർ” ആയിരിക്കും എന്നതാണ്. ഇതു നമുക്കു ചുററുമെല്ലാം സത്യമെന്നു തെളിയുന്നതായി നാം കാണുന്നുണ്ട്, ഇല്ലേ?
6. ആത്മനിയന്ത്രണത്തിന്റെ അഭാവം ഇന്ന് എപ്രകാരം പ്രകടമാണ്?
6 “നിയന്ത്രണം കൂടാതെ വികാരങ്ങൾ പ്രകടമാക്കു”ന്നത് അല്ലെങ്കിൽ “ചൂടാകുന്നത്” ആരോഗ്യകരമാണെന്ന് അനേകർ വിശ്വസിക്കുന്നു. യാതൊരു വിധ ആത്മനിയന്ത്രണവുമില്ലാത്ത, കേവലം തോന്ന്യാസം കാട്ടുന്ന, പൊതുജനത്തിന്റെ ദൃഷ്ടിയിൽ പ്രശസ്തരായ ആളുകളാൽ അവരുടെ വീക്ഷണം ഊട്ടി ഉറപ്പിക്കപ്പെടുന്നു. ദൃഷ്ടാന്തത്തിന്, മത്സരക്കളികൾ ആസ്വദിക്കുന്ന അനേകർ വന്യമായ വികാരപ്രകടനങ്ങളോട്, അക്രമാസക്തമായ കോപാവേശത്തോടുപോലും, പരിചിതരായിത്തീർന്നിരിക്കുന്നു. മത്സരവേദികളിൽ മൃഗീയ പോരാട്ടങ്ങളോ കൂട്ടപ്രക്ഷോഭണങ്ങളോ പൊട്ടിപ്പുറപ്പെട്ടിട്ടുള്ളതിന്റെ ദൃഷ്ടാന്തങ്ങൾ കുറഞ്ഞപക്ഷം പത്രങ്ങളിൽ നിന്നെങ്കിലും നിങ്ങൾക്ക് ഓർക്കാൻ കഴിയുന്നില്ലേ? എന്നിരുന്നാലും നമ്മുടെ ആശയം ആത്മനിയന്ത്രണമില്ലായ്മയുടെ ദൃഷ്ടാന്തങ്ങൾ പുനരവലോകനം ചെയ്യാൻ വളരെയധികം സമയം വിനിയോഗിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നില്ല. നാം ആത്മനിയന്ത്രണം പാലിക്കേണ്ട അനേകം മണ്ഡലങ്ങൾ—നമ്മുടെ ഭക്ഷണ-പാനീയങ്ങളുടെ ഉപയോഗത്തിലും, എതിർലിംഗവർഗത്തിൽ പെട്ടവരോടുള്ള നമ്മുടെ പെരുമാററത്തിലും, ഹോബികൾക്കായി ചെലവഴിക്കുന്ന സമയത്തിലും പണത്തിലും—നിങ്ങൾക്ക് അക്കമിട്ടുപറയാൻ കഴിയും. എങ്കിലും ഇത്തരത്തിലുള്ള നിരവധി മണ്ഡലങ്ങൾ ഉപരിപ്ലവമായി പരിശോധിക്കാതെ നാം ആത്മനിയന്ത്രണം പാലിക്കേണ്ട ഒരു പ്രാഥമിക മണ്ഡലം നമുക്കൊന്നു പരിശോധിക്കാം.
നമ്മുടെ വികാരങ്ങൾ സംബന്ധിച്ച ആത്മനിയന്ത്രണം
7. ആത്മനിയന്ത്രണത്തിന്റെ ഏതു വശം പ്രത്യേക ശ്രദ്ധയർഹിക്കുന്നു?
7 നമ്മിലനേകരും സ്വന്തം പ്രവൃത്തികളെ ക്രമപ്പെടുത്തുന്നതിൽ അഥവാ നിയന്ത്രിക്കുന്നതിൽ ന്യായമായി വിജയപ്രദരായിരുന്നിട്ടുണ്ട്. നാം മോഷ്ടിക്കുകയോ, ദുർമാർഗത്തിനു വഴിപ്പെടുകയോ, കൊലപാതകം നടത്തുകയോ ചെയ്യുന്നില്ല; ഇത്തരം തെററുകൾ സംബന്ധിച്ച ദൈവത്തിന്റെ നിയമം എന്താണെന്നു നമുക്കറിയാം. എന്നുവരികിലും നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ നാം എത്രമാത്രം വിജയപ്രദരാണ്? വൈകാരിക ആത്മനിയന്ത്രണം വളർത്തിയെടുക്കുന്നതിൽ പരാജയപ്പെടുന്നവർ കാലക്രമത്തിൽ മിക്കപ്പോഴും തങ്ങളുടെ പ്രവൃത്തികൾ സംബന്ധിച്ച് ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുന്നു. അതിനാൽ നമുക്കു നമ്മുടെ വികാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.
8. നമ്മുടെ വികാരങ്ങൾ സംബന്ധിച്ചു നമ്മിൽനിന്ന് എന്താണു യഹോവ പ്രതീക്ഷിക്കുന്നത്?
8 നമുക്കു വികാരങ്ങൾ ഇല്ലാതിരിക്കയോ പ്രകടമാക്കാതിരിക്കയോ ചെയ്യാൻ തക്കവണ്ണം നാം സ്വയംപ്രവർത്തക യന്ത്രങ്ങളായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നില്ല. ലാസറിന്റെ കല്ലറെക്കൽവെച്ചു യേശുവിന്റെ “ഉള്ളം നൊന്തു കലങ്ങി.” എന്നിട്ടു “യേശു കണ്ണുനീർ വാർത്തു.” (യോഹന്നാൻ 11:32-38) തന്റെ ചെയ്തികളുടെമേൽ പൂർണമായ നിയന്ത്രണമുണ്ടായിരിക്കെ, പണം കൈമാററക്കാരെ ആലയത്തിൽനിന്ന് അടിച്ചോടിച്ചപ്പോൾ യേശു തികച്ചും വ്യത്യസ്തമായ ഒരു വികാരം പ്രകടമാക്കി. (മത്തായി 21:12, 13; യോഹന്നാൻ 2:14-17) അവിടുത്തെ വിശ്വസ്തരായ ശിഷ്യൻമാരും ആഴമായ വികാരം പ്രകടമാക്കി. (ലൂക്കൊസ് 10:17; 24:41; യോഹന്നാൻ 16:20-22; പ്രവൃത്തികൾ 11:23; 12:12-14; 20:36-38; 3 യോഹന്നാൻ 4) എന്നിരുന്നാലും, തങ്ങളുടെ വികാരങ്ങൾ തങ്ങളെ പാപത്തിലേക്കു നയിക്കാതിരിക്കാൻ ആത്മനിയന്ത്രണം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം അവർ തിരിച്ചറിഞ്ഞു. എഫെസ്യർ 4:26 ഇതു സുവ്യക്തമാക്കുന്നു: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ; സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്.”
9. നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
9 തന്റെ വികാരങ്ങൾ യഥാർഥത്തിൽ നിയന്ത്രണാതീതമായിത്തീരവേ, ഒരു ക്രിസ്ത്യാനി ആത്മനിയന്ത്രണം പാലിക്കുന്നതായി തോന്നിയേക്കുന്നതിന്റെ ഒരു അപകടമുണ്ട്. ആബേലിന്റെ യാഗം ദൈവം അംഗീകരിച്ചപ്പോഴത്തെ പ്രതികരണം ശ്രദ്ധിക്കൂ: “കയീന്നു ഏററവും കോപമുണ്ടായി. അവന്റെ മുഖം വാടി. എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു? നീ നൻമ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നൻമ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു. അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു.” (ഉല്പത്തി 4:5-7) കയീൻ തന്റെ വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു, അതു ഹാബേലിനെ കൊല്ലുന്നതിലേക്ക് അവനെ നയിച്ചു. നിയന്ത്രിക്കപ്പെടാഞ്ഞ വികാരങ്ങൾ ഒരു അനിയന്ത്രിത പ്രവർത്തനത്തിലേക്കു നയിച്ചു.
10. ഹാമാന്റെ ദൃഷ്ടാന്തത്തിൽനിന്നു നിങ്ങൾ എന്തു പഠിക്കുന്നു?
10 മൊർദേഖായിയുടെയും എസ്ഥേറിന്റെയും നാളുകളിൽനിന്നുള്ള ഒരു ദൃഷ്ടാന്തംകൂടി പരിശോധിക്കുക. മൊർദേഖായി തന്നെ കുമ്പിടുകയില്ലാഞ്ഞതിനാൽ ഹാമാൻ എന്നു പേരുള്ള ഒരു അധികാരി കുപിതനായി. പിന്നീട്, താൻ പ്രീതിപാത്രമാകുമെന്നു ഹാമാൻ തെററായി വിചാരിച്ചു. “അന്നു ഹാമാൻ സന്തോഷവും ആനന്ദവുമുള്ളവനായി പുറപ്പെട്ടുപോയി. എന്നാൽ രാജാവിന്റെ വാതിൽക്കൽ മൊർദ്ദെഖായി എഴുന്നേൽക്കാതെയും തന്നെ കൂശാതെയും ഇരിക്കുന്നതു കണ്ടു ഹാമാൻ മൊർദ്ദെഖായിയുടെ നേരെ കോപം നിറഞ്ഞു. എങ്കിലും ഹാമാൻ തന്നെത്താൻ അടക്കിക്കൊണ്ടു തന്റെ വീട്ടിൽ ചെന്നു.” (എസ്ഥേർ 5:9, 10) അവനു സന്തോഷത്തിന്റെ വികാരം പെട്ടെന്നാണ് അനുഭവപ്പെട്ടത്. എന്നുവരികിലും തനിക്കു വിദ്വേഷമുണ്ടായിരുന്ന ഒരുവനെ കണ്ട മാത്രയിൽത്തന്നെ അവനു കോപവും പെട്ടെന്നാണ് അനുഭവപ്പെട്ടത്. “തന്നെത്താൻ അടക്കിക്കൊണ്ടു” എന്നു ബൈബിൾ പറഞ്ഞപ്പോൾ ആത്മനിയന്ത്രണത്തിൽ ഹാമാൻ മാതൃകായോഗ്യനാണെന്ന് അത് അർഥമാക്കുന്നതായി നിങ്ങൾ വിചാരിക്കുന്നുണ്ടോ? അശേഷമില്ല. തൽക്കാലത്തേക്ക് ഹാമാൻ തന്റെ പ്രവൃത്തികളെയും എന്തെങ്കിലും വികാരപ്രകടനത്തെയും നിയന്ത്രിച്ചു, എന്നാൽ അയാൾ തന്റെ അസൂയ നിറഞ്ഞ കോപത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു. കൊലപാതകത്തിനു ഗൂഢാലോചന നടത്തുന്നതിലേക്ക് അയാളുടെ വികാരങ്ങൾ അയാളെ നയിച്ചു.
11. ഫിലിപ്പി സഭയിൽ എന്തു പ്രശ്നം സ്ഥിതി ചെയ്തിരുന്നു, അതിലേക്കു നയിച്ചത് എന്തായിരിക്കാം?
11 സമാനമായി, വികാരങ്ങളുടെ നിയന്ത്രണക്കുറവിന് ഇന്നു ക്രിസ്ത്യാനികൾക്കു സാരമായ ഹാനി വരുത്താൻ കഴിയും. ‘ഓ, സഭയിൽ അതൊരു പ്രശ്നമായിരിക്കയില്ല’ എന്നു ചിലർക്കു തോന്നിയേക്കാം. എന്നാൽ അതു പ്രശ്നമായിട്ടുണ്ട്. ഫിലിപ്പിയിലെ രണ്ട് അഭിഷിക്ത ക്രിസ്ത്യാനികൾക്കു ഗൗരവമുള്ള ഒരു ഭിന്നത ഉണ്ടായിരുന്നു, അതു ബൈബിൾ വിവരിക്കുന്നില്ല. അതിന്റെ ഒരു സാധ്യതയെന്നോണം ഇതു സങ്കൽപ്പിക്കുക: യുവോദ്യ ചില സഹോദരൻമാരെയും സഹോദരിമാരെയും ഒരു ഭക്ഷണത്തിനോ ഒരു ഉല്ലാസപ്രദമായ കൂടിവരവിനോ ക്ഷണിച്ചു. സുന്തുകയെ ക്ഷണിക്കാഞ്ഞതിനാൽ അവൾ ദുഃഖിതയായി. ഒരുപക്ഷേ, പിന്നീടൊരവസരത്തിൽ യുവോദ്യയെ ക്ഷണിക്കാതിരുന്നുകൊണ്ട് അവൾ പ്രതികരിച്ചു. അതിനുശേഷം ഇരുവരും അന്യോന്യം കുററങ്ങൾ നോക്കിക്കൊണ്ടിരുന്നു. കാലക്രമേണ അവർ പരസ്പരം സംസാരിച്ചതേയില്ല. അങ്ങനെയുള്ള ഒരു സംഭവത്തിൽ അടിസ്ഥാന പ്രശ്നം ഒരു ഭക്ഷണത്തിനു ക്ഷണിക്കപ്പെടാഞ്ഞതായിരിക്കുമോ? അല്ല. അതു വെറുമൊരു തീപ്പൊരിയേ ആകുമായിരുന്നുള്ളൂ. ഈ രണ്ട് അഭിഷിക്ത സഹോദരിമാർ തങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ തീപ്പൊരി ഒരു കാട്ടുതീ ആയി മാറി. പ്രശ്നം തുടരുകയും ഒരു അപ്പോസ്തലൻ ഇടപെടേണ്ടിവരുന്നതുവരെ അതു വളരുകയും ചെയ്തു.—ഫിലിപ്പിയർ 4:2, 3.
നിങ്ങളുടെ വികാരങ്ങളും നിങ്ങളുടെ സഹോദരങ്ങളും
12. സഭാപ്രസംഗി 7:9-ൽ കാണുന്ന ബുദ്ധ്യുപദേശം ദൈവം നമുക്കു നൽകുന്നത് എന്തുകൊണ്ട്?
12 തന്നെ തുച്ഛീകരിക്കുകയോ വ്രണപ്പെടുത്തുകയോ മുൻവിധിയോടെ തന്നോടു പെരുമാറുകയോ ചെയ്തതായി തോന്നുമ്പോൾ ഒരുവനു തന്റെ വികാരങ്ങളെ നിയന്ത്രിക്കുക എളുപ്പമല്ലെന്നു സമ്മതിക്കുന്നു. യഹോവക്ക് അതറിയാം, കാരണം മമനുഷ്യന്റെ ആരംഭം മുതലുള്ള മാനുഷ ബന്ധങ്ങൾ അവിടുന്നു നിരീക്ഷിച്ചിരിക്കുന്നു. ദൈവം നമ്മെ ബുദ്ധ്യുപദേശിക്കുന്നു: “നിന്റെ മനസ്സിൽ അത്രവേഗം നീരസം ഉണ്ടാകരുതു; മൂഢൻമാരുടെ മാർവ്വിൽ അല്ലോ നീരസം വസിക്കുന്നതു.” (സഭാപ്രസംഗി 7:9) ദൈവം ഒന്നാമതു വികാരങ്ങൾക്കാണ്, പ്രവൃത്തികൾക്കല്ല, ശ്രദ്ധ നൽകുന്നത് എന്നതു ശ്രദ്ധിക്കുക. (സദൃശവാക്യങ്ങൾ 14:17; 16:32; യാക്കോബ് 1:19) നിങ്ങളോടുതന്നെ ചോദിക്കുക, ‘എന്റെ വികാരങ്ങളെ നിയന്ത്രിക്കുന്നതിനു ഞാൻ കൂടുതലായ ശ്രദ്ധ നൽകേണ്ടതുണ്ടോ?’
13, 14. (എ) ലോകത്തിൽ, വികാരങ്ങളെ നിയന്ത്രിക്കുന്നതിലുള്ള പരാജയത്തിൽനിന്നു പൊതുവെ എന്താണു വികാസം പ്രാപിക്കാറുള്ളത്? (ബി) ഏതു സംഗതികൾ വിദ്വേഷങ്ങൾ വെച്ചുപുലർത്തുന്നതിലേക്ക് ഒരു ക്രിസ്ത്യാനിയെ നയിച്ചേക്കാം?
13 തങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്ന ലോകത്തിലെ അനേകമാളുകൾ കുടിപ്പക—തങ്ങൾക്ക് അഥവാ തങ്ങളുടെ ബന്ധുക്കൾക്ക് എതിരെയുള്ള യഥാർഥമോ സാങ്കൽപ്പികമോ ആയ ദുഷ്പ്രവൃത്തിയുടെ പേരിൽ തീവ്രമോ അക്രമാസക്തം പോലുമോ ആയ തീരാപ്പക—തുടങ്ങുന്നു. വികാരങ്ങൾ ഒരിക്കൽ നിയന്ത്രണാതീതമായിക്കഴിഞ്ഞാൽ അവയ്ക്കു ദീർഘകാലത്തേക്കു ഹാനികരമായ സ്വാധീനം ചെലുത്താൻ കഴിയും. (ഉൽപ്പത്തി 34:1-7, 25-27; 49:5-7; 2 ശമൂവേൽ 2:17-23; 3:23-30; സദൃശവാക്യങ്ങൾ 26:24-26 എന്നിവ താരതമ്യം ചെയ്യുക.) തീർച്ചയായും ക്രിസ്ത്യാനികൾ, അവർ ദേശീയമോ സാംസ്കാരികമോ ആയ ഏതു പശ്ചാത്തലത്തിൽനിന്നു വന്നിട്ടുള്ളവരായിരുന്നാലും, ഇത്തരം കൊടിയ ശത്രുതകളെയും വിദ്വേഷങ്ങളെയും തെററായും മോശമായും ഒഴിവാക്കേണ്ടവയായും കാണേണ്ടതാണ്. (ലേവ്യപുസ്തകം 19:17) വിദ്വേഷങ്ങൾ ഒഴിവാക്കുന്നതിനെ വികാരങ്ങൾ സംബന്ധിച്ച നിങ്ങളുടെ ആത്മനിയന്ത്രണത്തിന്റെ ഭാഗമായി നിങ്ങൾ വീക്ഷിക്കുന്നുണ്ടോ?
14 യുവോദ്യയുടെയും സുന്തുകയുടെയും കാര്യത്തിലെന്നപോലെ തന്നെ, വികാരങ്ങളെ നിയന്ത്രിക്കുന്നതിലെ പരാജയത്തിന് ഇപ്പോൾ പ്രശ്നങ്ങളിലേക്കു നയിക്കാൻ കഴിയും. ഒരു വിവാഹ സദ്യക്കു താൻ ക്ഷണിക്കപ്പെടാഞ്ഞതിന്റെ പേരിൽ ഒരു സഹോദരിക്കു താൻ തുച്ഛീകരിക്കപ്പെട്ടതായി തോന്നിയേക്കാം. അല്ലെങ്കിൽ തന്റെ കുട്ടിയെയോ ബന്ധുക്കളെയോ ആയിരിക്കാം ഉൾപ്പെടുത്താഞ്ഞത്. അല്ലെങ്കിൽ ഒരുപക്ഷേ, ഒരു സഹോദരൻ സഹക്രിസ്ത്യാനിയിൽനിന്ന് ഒരു പഴയ വാഹനം വാങ്ങിച്ചിട്ട് അധികം താമസിയാതെ അതിനു തകരാറു പററിയിരിക്കാം. കാരണമെന്തുതന്നെയായിരുന്നാലും, അതു വികാരങ്ങളെ വ്രണപ്പെടുത്തി, അവ നിയന്ത്രിക്കപ്പെട്ടില്ല, അതിന് ഇരയായവർ അസ്വസ്ഥരാകുകയും ചെയ്തു. അതിനുശേഷമെന്ത്?
15. (എ) ക്രിസ്ത്യാനികൾക്കിടയിലെ വിദ്വേഷങ്ങളിൽനിന്ന് എന്തു സങ്കടകരമായ പരിണതഫലങ്ങൾ ഉണ്ടായിട്ടുണ്ട്? (ബി) ഏതു ബൈബിൾബുദ്ധ്യുപദേശം വിദ്വേഷം വെച്ചുപുലർത്തുന്നതിനുള്ള ഒരു പ്രവണതക്കു ബാധകമാണ്?
15 അസ്വസ്ഥനായ ഒരു വ്യക്തി തന്റെ വികാരങ്ങളെ നിയന്ത്രിച്ച് സഹോദരനോടു സമാധാനത്തിലാകാൻ ശ്രമിക്കുന്നില്ലെങ്കിൽ ഒരു വൈരം വളർന്നുവന്നേക്കാം. ഒരു പ്രത്യേക സഭാ പുസ്തകാധ്യയനത്തിൽ പങ്കുപററുന്ന ഏതോ സഹോദരനെയോ കുടുംബത്തെയോ തനിക്ക് “ഇഷ്ടമില്ലാഞ്ഞതിനാൽ,” തന്നെ അവിടെ നിയമിക്കരുതെന്ന് ഒരു സാക്ഷി ആവശ്യപ്പെട്ടതായ കേസുകൾ ഉണ്ടായിട്ടുണ്ട്. എത്ര സങ്കടകരം! ക്രിസ്ത്യാനികൾ അന്യോന്യം ലൗകിക കോടതി കയററുന്നതു പോരായ്മയായിരിക്കുമെന്നു ബൈബിൾ പറയുന്നു, എന്നാൽ അതുപോലെതന്നെ പോരായ്മയായിരിക്കില്ലേ നമ്മെയോ നമ്മുടെ ഒരു ബന്ധുവിനെയോ കഴിഞ്ഞകാലത്തു തുച്ഛീകരിച്ചതിന്റെ പേരിൽ നാം ഒരു സഹോദരനെ ഒഴിവാക്കുന്നത്? നാം നമ്മുടെ സഹോദരീ-സഹോദരൻമാരുമായുള്ള സമാധാനത്തെക്കാൾ നമ്മുടെ രക്തബന്ധങ്ങൾക്കു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതായി നമ്മുടെ വികാരങ്ങൾ വെളിപ്പെടുത്തുന്നുണ്ടോ? നമ്മുടെ സഹോദരിക്കുവേണ്ടി നാം മരിക്കാൻ സന്നദ്ധരായിരിക്കുമെന്നു പറയുന്നെങ്കിലും ഇപ്പോൾ അവരോട് അശേഷം സംസാരിക്കാതിരിക്കാൻ നമ്മുടെ വികാരങ്ങൾ നമ്മെ സ്വാധീനിക്കുന്നുണ്ടോ? (യോഹന്നാൻ 15:13 താരതമ്യം ചെയ്യുക.) ദൈവം നമ്മോടു വ്യക്തമായി പറയുന്നു: “ആർക്കും തിൻമെക്കു പകരം തിൻമ ചെയ്യാതെ . . . കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ. പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടം കൊടുപ്പിൻ.”—റോമർ 12:17-19; 1 കൊരിന്ത്യർ 6:7.
16. വികാരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ അബ്രാഹാം ഏതു നല്ല ദൃഷ്ടാന്തം വെച്ചു?
16 വൈരാഗ്യങ്ങൾ തുടരാൻ അനുവദിക്കാതെ നമ്മുടെ വികാരങ്ങളുടെമേൽ വീണ്ടും നിയന്ത്രണം നേടുന്നതിലേക്കുള്ള ഒരു പടി സമാധാനത്തിലാക്കുന്നതാണ് അഥവാ പരാതിക്കുള്ള കാരണം പരിഹരിക്കുന്നതാണ്. ദേശത്തിന് അബ്രാഹാമിന്റെ വലിയ കന്നുകാലിക്കൂട്ടങ്ങളെയും ലോത്തിന്റെ കൂട്ടങ്ങളെയും പോററാൻ കഴിയാതെ വരുകയും തന്നിമിത്തം അവരുടെ കൂലിവേലക്കാർ വഴക്കടിക്കാൻ തുടങ്ങുകയും ചെയ്തത് ഓർമിക്കുക. തന്റെ വികാരങ്ങൾ തന്നെ കീഴടക്കാൻ അബ്രാഹാം അനുവദിച്ചോ? അതോ അദ്ദേഹം ആത്മനിയന്ത്രണം പ്രകടമാക്കിയോ? പ്രശംസാർഹമായി, അദ്ദേഹം ആ തൊഴിൽ തർക്കത്തിനു സമാധാനപൂർണമായ ഒരു പരിഹാരം നിർദേശിച്ചു; ഓരോരുത്തർക്കും പ്രത്യേകം പ്രദേശമുണ്ടായിരിക്കട്ടെ എന്നതുതന്നെ. ആദ്യം തിരഞ്ഞെടുക്കാൻ അദ്ദേഹം ലോത്തിനെ അനുവദിക്കുകയും ചെയ്തു. തനിക്കു യാതൊരു പാരുഷ്യവും വൈരവും ഇല്ലെന്നു തെളിയിച്ചുകൊണ്ട് അബ്രാഹാം പിൽക്കാലത്തു ലോത്തിനുവേണ്ടി യുദ്ധം ചെയ്വാൻ പോയി.—ഉൽപ്പത്തി 13:5-12; 14:13-16.
17. പൗലോസും ബർന്നബാസും ഒരു സന്ദർഭത്തിൽ പരാജയപ്പെട്ടത് എങ്ങനെ, എന്നാൽ അതിനുശേഷം എന്തു സംഭവിച്ചു?
17 പൗലോസും ബർന്നബാസും ഉൾപ്പെട്ട ഒരു സംഭവത്തിൽനിന്നും നമുക്ക് ആത്മനിയന്ത്രണത്തെക്കുറിച്ചു പഠിക്കാൻ കഴിയും. വർഷങ്ങളായി സഹപ്രവർത്തകരായിരുന്നതിനുശേഷം മർക്കോസിനെ ഒരു യാത്രക്കു കൊണ്ടുപോകണമോ എന്നതിൽ അവർ വിയോജിച്ചു. “അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർപിരിഞ്ഞു, ബർന്നബാസ് മർക്കോസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ് ദ്വീപിലേക്കു പോയി.” (പ്രവൃത്തികൾ 15:38) പക്വതയുണ്ടായിരുന്ന ഈ പുരുഷൻമാർ ആ സന്ദർഭത്തിൽ തങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന വസ്തുത നമുക്ക് ഒരു മുന്നറിയിപ്പായിരിക്കേണ്ടതാണ്. അത് അവർക്കു സംഭവിക്കാമെങ്കിൽ നമുക്കും സംഭവിക്കാം. എങ്കിലും സ്ഥിരമായ ഒരു വിടവു വികാസം പ്രാപിക്കാനോ കുടിപ്പക വളർന്നുവരാനോ അവർ അനുവദിച്ചില്ല. ഉൾപ്പെട്ടിരുന്ന സഹോദരൻമാർ തങ്ങളുടെ വികാരങ്ങളുടെമേൽ വീണ്ടും നിയന്ത്രണം നേടുകയും പിന്നീട് സമാധാനത്തിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുകയും ചെയ്തതായി രേഖ തെളിയിക്കുന്നു.—കൊലൊസ്സ്യർ 4:10; 2 തിമൊഥെയൊസ് 4:11.
18. വികാരങ്ങൾ വ്രണപ്പെട്ടാൽ പക്വതയുള്ള ക്രിസ്ത്യാനിക്ക് എന്തു ചെയ്യാൻ കഴിയും?
18 ദൈവജനത്തിനിടയിൽ വ്രണിത വികാരങ്ങളോ വൈരങ്ങൾ പോലുമോ ഉണ്ടായിരിക്കാമെന്നു നമുക്കു പ്രതീക്ഷിക്കാൻ കഴിയും. അവ എബ്രായ കാലത്തും അപ്പോസ്തലൻമാരുടെ നാളുകളിലും ഉണ്ടായിരുന്നു. അവ നമ്മുടെ കാലത്തെ യഹോവയുടെ ദാസൻമാർക്കിടയിലും സംഭവിച്ചിട്ടുണ്ട്, കാരണം നാമെല്ലാവരും അപൂർണരാണ്. (യാക്കോബ് 3:2) സഹോദരൻമാർക്കിടയിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പെട്ടെന്നുതന്നെ നടപടിയെടുക്കാൻ യേശു തന്റെ അനുഗാമികളെ ബുദ്ധ്യുപദേശിച്ചു. (മത്തായി 5:23-25) എന്നാൽ നമ്മുടെ ആത്മനിയന്ത്രണം മെച്ചപ്പെടുത്തി അവയെ തടയുന്നതാണ് ഏറെ മെച്ചം. ഒരു സഹോദരനോ സഹോദരിയോ പറഞ്ഞതോ ചെയ്തതോ ആയ ആപേക്ഷികമായി നിസ്സാരമായ ഒരു കാര്യത്താൽ നിങ്ങൾ തുച്ഛീകരിക്കപ്പെടുകയോ ദ്രോഹിക്കപ്പെടുകയോ ചെയ്തതായിത്തോന്നിയാൽ നിങ്ങളുടെ വികാരങ്ങളെ കേവലം നിയന്ത്രിച്ച് അത് എന്തുകൊണ്ടു മറന്നുകൂടാ? മറേറ വ്യക്തി തന്റെ തെററു സമ്മതിക്കുംവരെ നിങ്ങൾ സംതൃപ്തനാവില്ലെന്ന മട്ടിൽ ആ വ്യക്തിയെ നേരിടേണ്ട യഥാർഥ ആവശ്യമുണ്ടോ? നിങ്ങളുടെ വികാരങ്ങളുടെമേൽ നിങ്ങൾക്ക് എത്രത്തോളം നിയന്ത്രണമാണുള്ളത്?
അതു സാധ്യമാണ്!
19. നമ്മുടെ ചർച്ച വികാരങ്ങളെ കേന്ദ്രീകരിച്ചത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
19 നാം മുഖ്യമായി ആത്മനിയന്ത്രണത്തിന്റെ ഒരു വശമാണ് ചർച്ച ചെയ്തത്, നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കൽ. അതൊരു മുഖ്യ മണ്ഡലമാണ്, കാരണം വികാരങ്ങളെ നിയന്ത്രിക്കുന്നതിലുള്ള നമ്മുടെ പരാജയത്തിനു നമ്മുടെ നാവിന്റെയും ലൈംഗികാവേശങ്ങളുടെയും തീററസ്വഭാവങ്ങളുടെയും നാം ആത്മനിയന്ത്രണം പാലിക്കേണ്ട ജീവിതത്തിലെ മററനവധി വശങ്ങളുടെയും നിയന്ത്രണം നഷ്ടപ്പെടുന്നതിലേക്കു നയിക്കാൻ കഴിയും. (1 കൊരിന്ത്യർ 7:8, 9; യാക്കോബ് 3:5-10) എങ്കിലും ധൈര്യമായിരിക്കുക, എന്തെന്നാൽ ആത്മനിയന്ത്രണം പാലിക്കുന്നതിൽ നിങ്ങൾക്കു മെച്ചപ്പെടാൻ കഴിയും.
20. മെച്ചപ്പെടൽ സാധ്യമാണെന്നു നമുക്കെങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
20 നമ്മെ സഹായിക്കാൻ യഹോവ ഒരുക്കമുള്ളവനാണ്. നമുക്കെങ്ങനെ തീർച്ചപ്പെടുത്താം? കൊള്ളാം, ആത്മനിയന്ത്രണം അവിടുത്തെ ആത്മാവിന്റെ ഫലങ്ങളിൽ ഒന്നാണ്. (ഗലാത്യർ 5:22, 23) അതുകൊണ്ട് ഏതളവിൽ നാം യോഗ്യത നേടി യഹോവയിൽനിന്നുള്ള പരിശുദ്ധാത്മാവിനെ പ്രാപിക്കാനും അതിന്റെ ഫലങ്ങൾ പ്രകടമാക്കാനും ശ്രമിക്കുന്നുവോ ആ അളവിൽ കൂടുതൽ ആത്മനിയന്ത്രണം ഉള്ളവരായിരിക്കാൻ നമുക്കു പ്രതീക്ഷിക്കാൻ കഴിയും. യേശുവിന്റെ ഉറപ്പ് ഒരിക്കലും മറക്കരുത്: “സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും!”—ലൂക്കൊസ് 11:13; 1 യോഹന്നാൻ 5:14, 15.
21. ആത്മനിയന്ത്രണത്തിന്റെയും നിങ്ങളുടെ വികാരങ്ങളുടെയും കാര്യത്തിൽ ഭാവിയിൽ എന്തു ചെയ്യാനാണു നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്?
21 അത് സുഗമമായിരിക്കുമെന്നു വിചാരിക്കരുത്. അതു തങ്ങളുടെ വികാരങ്ങളുടെ അനിയന്ത്രിതപ്രകടനം അനുവദിച്ച ആളുകളുടെ ഇടയിൽ വളർന്നവർക്ക് അല്ലെങ്കിൽ കൂടുതൽ ആവേശംകൊള്ളുന്ന പ്രകൃതമുള്ളവർക്ക് ആത്മനിയന്ത്രണം പ്രകടമാക്കാൻ കേവലം ഒരിക്കലും ശ്രമിക്കാത്തവർക്ക് ഏറെ ദുഷ്കരമായിരിക്കാം. അത്തരം ഒരു ക്രിസ്ത്യാനിക്ക് ആത്മനിയന്ത്രണം നിലനിൽക്കാനും കവിഞ്ഞൊഴുകാനും അനുവദിക്കുന്നത് ഒരു യഥാർഥ വെല്ലുവിളിയായിരിക്കാം. എന്നുവരികിലും അതു സാധ്യമാണ്. (1 കൊരിന്ത്യർ 9:24-27) ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ അന്ത്യത്തോട് നാം അധികമധികം അടുക്കുന്തോറും പിരിമുറുക്കങ്ങളും സമ്മർദങ്ങളും വർധിക്കും. നമുക്ക് ഇനി കുറഞ്ഞ ആത്മനിയന്ത്രണമല്ല, കൂടുതൽ, വളരെയധികം, ആണ് ആവശ്യമായിരിക്കുന്നത്! നിങ്ങളുടെ ആത്മനിയന്ത്രണം സംബന്ധിച്ചു സ്വയം പരിശോധന നടത്തുക. മെച്ചപ്പെടേണ്ട മണ്ഡലങ്ങൾ നിങ്ങൾ കാണുന്നെങ്കിൽ, അതിനു ശ്രമിക്കുക. (സങ്കീർത്തനം 139:23, 24) ദൈവത്തോട് അവിടുത്തെ ആത്മാവിനെ കൂടുതൽ തരാൻ അപേക്ഷിക്കുക. നിങ്ങളുടെ ആത്മനിയന്ത്രണം നിലനിൽക്കുകയും കവിഞ്ഞൊഴുകുകയും ചെയ്യേണ്ടതിന് അവിടുന്നു നിങ്ങളെ ശ്രദ്ധിക്കുകയും സഹായിക്കുകയും ചെയ്യും.—2 പത്രോസ് 1:5-8, NW.
വിചിന്തനത്തിനുള്ള ആശയങ്ങൾ
◻ നിങ്ങളുടെ വികാരങ്ങളുടെ നിയന്ത്രണം വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
◻ ഹാമാന്റെയും അതുപോലെ യുവോദ്യയുടെയും സുന്തുകയുടെയും ദൃഷ്ടാന്തങ്ങളിൽനിന്നു നിങ്ങൾ എന്തു പഠിച്ചിരിക്കുന്നു?
◻ നീരസപ്പെടാനുള്ള ഒരു കാരണമുണ്ടായാൽ എന്തു ചെയ്യാൻ നിങ്ങൾ സത്യസന്ധമായി ശ്രമിക്കും?
◻ ഏതു വിദ്വേഷവും വെച്ചുപുലർത്തുന്നത് ഒഴിവാക്കാൻ ആത്മനിയന്ത്രണത്തിനു നിങ്ങളെ സഹായിക്കാൻ കഴിയുന്നത് എങ്ങനെ?
[18-ാം പേജിലെ ചിത്രം]
ഫേലിക്സിന്റെയും ദ്രുസില്ലയുടെയും മുമ്പാകെ ആയിരുന്നപ്പോൾ പൗലോസ് നീതിയെയും ആത്മനിയന്ത്രണത്തെയും കുറിച്ചു സംസാരിച്ചു