ന്യായയുക്തത നട്ടുവളർത്തുക
“നിങ്ങളുടെ ന്യായയുക്തത സകല മനുഷ്യരും അറിയട്ടെ. കർത്താവ് അടുത്തെത്തിയിരിക്കുന്നു.”—ഫിലിപ്യർ 4:5, NW.
1. ഇന്നത്തെ ലോകത്തിൽ ന്യായയുക്തരായിരിക്കുക ഒരു വെല്ലുവിളിയായിരിക്കുന്നതെന്തുകൊണ്ട്?
“ന്യായയുക്തനായ മനുഷ്യൻ”—അതൊരു സാങ്കൽപ്പിക കഥാപാത്രമാണെന്നാണ് ഇംഗ്ലീഷ് പത്രപ്രവർത്തകനായ സർ അലൻ പാട്രിക് ഹെർബർട്ട് പറഞ്ഞത്. തീർച്ചയായും, ചിലപ്പോഴൊക്കെ തോന്നും, കലാപകലുഷിതമായ ഈ ലോകത്ത് ന്യായയുക്തരായ ആളുകളേയില്ല എന്ന്. ദുർഘടമായ ഈ “അന്ത്യനാളുകളിൽ” ആളുകൾ “ഉഗ്രൻമാരും” “വഴങ്ങാത്തവരും” “യോജിപ്പിലെത്താൻ മനസ്സില്ലാത്തവരും”—മററു വാക്കുകളിൽ പറഞ്ഞാൽ ന്യായയുക്തമായതൊഴിച്ച് എന്തും ചെയ്യുന്നവർ—ആയിരിക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (2 തിമോത്തി 3:1-5, NW) എന്നിരുന്നാലും, ദിവ്യജ്ഞാനത്തിന്റെ മുഖമുദ്രയാണ് ന്യായയുക്തത എന്ന് അറിഞ്ഞുകൊണ്ട് സത്യക്രിസ്ത്യാനികൾ അതിനെ വളരെ ഉത്കൃഷ്ടമായ ഒന്നായി കരുതുന്നു. (യാക്കോബ് 3:17) ന്യായയുക്തതയില്ലാത്ത ഒരു ലോകത്ത് ന്യായയുക്തരായിരിക്കുക എന്നത് അസാധ്യമാണെന്ന തോന്നൽ നമുക്കില്ല. മറിച്ച്, ഫിലിപ്യർ 4:5-ൽ കാണുന്ന അപ്പോസ്തലനായ പൗലോസിന്റെ നിശ്വസ്ത ബുദ്ധ്യുപദേശത്തിൽ അടങ്ങിയിരിക്കുന്ന വെല്ലുവിളിയെ നാം പൂർണമായും സ്വീകരിക്കുന്നു: “നിങ്ങളുടെ ന്യായയുക്തത സകല മനുഷ്യരും അറിയട്ടെ.”
2. ഫിലിപ്യർ 4:5-ലെ പൗലോസ് അപ്പോസ്തലന്റെ വാക്കുകൾ നാം ന്യായയുക്തരാണോ എന്നു നിർണയിക്കാൻ നമ്മെ സഹായിക്കുന്നതെങ്ങനെ?
2 നാം ന്യായയുക്തരാണോ എന്ന് പരിശോധിച്ചുനോക്കാൻ പൗലോസിന്റെ വാക്കുകൾ നമ്മെ എങ്ങനെ സഹായിക്കുന്നുവെന്ന് ശ്രദ്ധിക്കുക. നാം നമ്മെ എങ്ങനെ വീക്ഷിക്കുന്നു എന്നതല്ല പ്രശ്നം; മററുള്ളവർ നമ്മെ എങ്ങനെ വീക്ഷിക്കുന്നുവെന്നതും നാം എങ്ങനെ അറിയപ്പെടുന്നുവെന്നതുമാണ് പ്രശ്നം. ഫിലിപ്സിന്റെ പരിഭാഷയിൽ ഈ വാക്യം ഇങ്ങനെയാണ്: “ന്യായയുക്തരാണെന്നതിനു സൽപ്പേരുണ്ടായിരിക്കുക.” ‘ഞാൻ അറിയപ്പെടുന്നതെങ്ങനെയാണ്’ എന്ന് നമുക്ക് ഓരോരുത്തർക്കും ചോദിക്കാവുന്നതാണ്. ‘ന്യായയുക്തൻ, വഴങ്ങുന്നവൻ, കുലീനൻ എന്നൊക്കെയാണോ ഞാൻ നേടിയെടുത്തിരിക്കുന്ന പേര്? അല്ലെങ്കിൽ അയവില്ലാത്തവനെന്നോ പരുക്കനെന്നോ വഴങ്ങാത്തവനെന്നോ ആണോ ഞാൻ അറിയപ്പെടുന്നത്?’
3. (എ) “ന്യായയുക്ത”മെന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അർഥമെന്ത്, ഈ ഗുണം ആകർഷകമായിരിക്കുന്നതെന്തുകൊണ്ട്? (ബി) കൂടുതൽ ന്യായയുക്തനാകാൻ ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ പഠിക്കാനാവും?
3 ഇക്കാര്യത്തിൽ നാം നേടിയെടുത്തിരിക്കുന്ന പേര് നാം യേശുക്രിസ്തുവിനെ എത്രമാത്രം അനുകരിക്കുന്നു എന്നു പ്രതിഫലിപ്പിക്കുന്നു. (1 കൊരിന്ത്യർ 11:1) ഭൂമിയിലായിരുന്നപ്പോൾ തന്റെ സ്വർഗീയ പിതാവിന്റെ ന്യായയുക്തതയുടെ പരമോന്നത മാതൃകയെ യേശു പരിപൂർണമായി പ്രതിഫലിപ്പിച്ചു. (യോഹന്നാൻ 14:9) വാസ്തവത്തിൽ, ‘ക്രിസ്തുവിന്റെ സൗമ്യതയെയും ദയയെയും’ കുറിച്ചു പൗലോസ് എഴുതിയപ്പോൾ ദയയ്ക്ക് (എപ്പീക്കീയാസ്) ഉപയോഗിച്ച ഗ്രീക്കു പദത്തിനു “ന്യായയുക്തത,” അല്ലെങ്കിൽ അക്ഷരീയമായി “വഴങ്ങുന്ന സ്വഭാവം” എന്നും അർഥമുണ്ട്. (2 കൊരിന്ത്യർ 10:1, NW) “പു[തിയ] നി[യമത്തി]ൽ സ്വഭാവ വർണനയ്ക്ക് ഉപയോഗിച്ചിരിക്കുന്ന ഉത്കൃഷ്ട പദങ്ങളിൽ ഒന്ന്” എന്നാണ് ദി എക്സ്പോസിറേറഴ്സ് ബൈബിൾ കമെൻററി ഇതിനെ വിളിക്കുന്നത്. അത്യധികം ആകർഷണീയമായ ഒരു ഗുണത്തെയാണ് ഇത് വർണിക്കുന്നത്. കാരണം ഒരു പണ്ഡിതൻ ഈ പദത്തെ പരിഭാഷപ്പെടുത്തിയത് “മാധുര്യമുള്ള ന്യായയുക്തത” എന്നാണ്. അതുകൊണ്ട്, തന്റെ പിതാവായ യഹോവയെപ്പോലെ യേശു ന്യായയുക്തത പ്രകടമാക്കിയ മൂന്നു വിധങ്ങൾ നമുക്കു പരിശോധിക്കാം. അതുവഴി, നമുക്ക് എങ്ങനെ കൂടുതൽ ന്യായയുക്തരായിത്തീരാം എന്നു പഠിക്കാം.—1 പത്രൊസ് 2:21.
“ക്ഷമിക്കാൻ മനസ്സുള്ളവൻ”
4. “ക്ഷമിക്കാൻ മനസ്സുള്ളവ”നാണു താനെന്ന് യേശു പ്രകടമാക്കിയതെങ്ങനെ?
4 തന്റെ പിതാവിനെപ്പോലെ, പലയാവർത്തി “ക്ഷമിക്കാൻ മനസ്സുള്ളവ”നായിരുന്നുകൊണ്ട് യേശു ന്യായയുക്തത പ്രകടമാക്കി. (സങ്കീർത്തനം 86:5, NW) യേശുവിനെ അറസ്ററുചെയ്തു വിസ്തരിച്ച രാത്രിയിൽ ആത്മമിത്രമായ പത്രോസ് യേശുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ സമയംതന്നെ എടുക്കുക. യേശുതന്നെ മുമ്പ് ഇങ്ങനെ പ്രസ്താവിച്ചിരുന്നു: “മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻമുമ്പിൽ ഞാനും തള്ളിപ്പറയും.” (മത്തായി 10:33) യാതൊരു അയവോ കരുണയോ കൂടാതെ യേശു ഈ നിയമം പത്രോസിന്റെ കാര്യത്തിൽ ബാധകമാക്കിയോ? ഇല്ല. തന്റെ പുനരുത്ഥാനത്തിനു ശേഷം യേശുതന്നെ പത്രോസിനെ സന്ദർശിച്ചു. നിസ്സംശയമായും, അതു മനസ്താപമുള്ള, ഹൃദയംതകർന്ന ഈ അപ്പോസ്തലനെ ആശ്വസിപ്പിച്ച് ധൈര്യം പകരാനായിരുന്നു. (ലൂക്കൊസ് 24:34; 1 കൊരിന്ത്യർ 15:5) അതു കഴിഞ്ഞു താമസിയാതെ, യേശു പത്രോസിനു വൻ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുത്തു. (പ്രവൃത്തികൾ 2:1-41) ഇതു മാധുര്യമുള്ള ന്യായയുക്തതയുടെ ഏററവും ഉത്കൃഷ്ടമായ വിധമായിരുന്നു! സകല മനുഷ്യവർഗത്തിൻമേലും യഹോവ യേശുവിനെ ന്യായാധിപനായി നിയമിച്ചിരിക്കുന്നു എന്നു ചിന്തിക്കുന്നത് ആശ്വാസദായകമല്ലേ?—യെശയ്യാവു 11:1-4; യോഹന്നാൻ 5:22.
5. (എ) ചെമ്മരിയാടുകൾക്കിടയിൽ മൂപ്പൻമാർക്ക് എന്തു സൽപ്പേരുണ്ടായിരിക്കണം? (ബി) നീതിന്യായ കേസുകൾ കൈകാര്യംചെയ്യുന്നതിനു മുമ്പ് മൂപ്പൻമാർ ഏതു വിവരങ്ങൾ പുനരവലോകനം ചെയ്തേക്കാം, എന്തുകൊണ്ട്?
5 മൂപ്പൻമാർ സഭയിൽ ന്യായാധിപൻമാരായി പ്രവർത്തിക്കുമ്പോൾ അവർ യേശുവിന്റെ ന്യായയുക്തമായ മാതൃക പിൻപററാൻ ശ്രമിക്കുന്നു. തങ്ങൾ ശിക്ഷിക്കുന്നവരാണെന്ന് ചെമ്മരിയാടുകൾ ഭയപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. അതിനുപകരം, അവർ യേശുവിനെ അനുകരിക്കാൻ ശ്രമിക്കുന്നു. അങ്ങനെ, സ്നേഹമുള്ള ഇടയൻമാരെന്ന നിലയിൽ അവരുമായി ഇടപെടുമ്പോൾ ചെമ്മരിയാടുകൾക്കു സുരക്ഷിതത്വബോധം തോന്നുന്നു. നീതിന്യായ കേസുകളിൽ ന്യായയുക്തരാകാനും ക്ഷമിക്കാൻ മനസ്സുള്ളവരാകാനും അവർ സർവ ശ്രമവും ചെയ്യുന്നു. അത്തരമൊരു കാര്യം കൈകാര്യംചെയ്യുന്നതിനു മുമ്പ്, 1992 ഒക്ടോബർ 1 വീക്ഷാഗോപുരത്തിലെ ‘യഹോവ, സർവഭൂമിയുടെയും നിഷ്പക്ഷ ന്യായാധിപൻ,’ “മൂപ്പൻമാരേ, നീതിയോടെ വിധിക്കുക” എന്നീ ലേഖനങ്ങൾ പുനരവലോകനം ചെയ്യുന്നതു സഹായകമാണെന്ന് ചില മൂപ്പൻമാർ മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനെ, യഹോവയുടെ ന്യായംവിധിക്കൽവിധത്തിന്റെ ഈ രത്നചുരുക്കം അവർ മനസ്സിൽ സൂക്ഷിക്കുന്നു: “ആവശ്യമായിരിക്കുന്നിടത്ത് ദൃഢത, സാധ്യമായിരിക്കുന്നിടത്ത് കരുണ.” ന്യായംവിധിക്കൽ നടത്തുമ്പോൾ കരുണ കാണിക്കാനുള്ള ചായ്വു തോന്നിയാൽ, ന്യായമായ അടിസ്ഥാനമുണ്ടെങ്കിൽ അപ്രകാരം ചെയ്യുന്നതിൽ തെററില്ല. (മത്തായി 12:7) പരുഷമോ നിർദയമോ ആയി ഇടപെടുന്നെങ്കിൽ അതു വലിയ അബദ്ധമായിരിക്കും. (യെഹെസ്കേൽ 34:4) അങ്ങനെ, നീതിയുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ട് ഏററവും സ്നേഹനിർഭരമായ, ദയാപൂർവകമായ ഗതി പിൻപററാൻ ആവുംവിധം സജീവമായി ശ്രമിച്ചുകൊണ്ട് മൂപ്പൻമാർ അബദ്ധം പററുന്നത് ഒഴിവാക്കുന്നു.—താരതമ്യം ചെയ്യുക: മത്തായി 23:23; യാക്കോബ് 2:13.
സാഹചര്യമാററത്തിനൊത്തുള്ള വഴക്കം
6. ഭൂതബാധയുള്ള മകളുണ്ടായിരുന്ന വിജാതീയ സ്ത്രീയുമായി ഇടപെട്ടപ്പോൾ യേശു എങ്ങനെയാണ് ന്യായയുക്തത പ്രകടിപ്പിച്ചത്?
6 പുതിയ സ്ഥിതിവിശേഷം ഉടലെടുത്തപ്പോൾ യഹോവയെപ്പോലെ യേശു ശീഘ്രം ഗതിമാററുകയോ അനുരൂപപ്പെടുകയോ ചെയ്തു. ഒരു സന്ദർഭത്തിൽ, ഒരു വിജാതീയ സ്ത്രീ ഭൂതബാധ നിമിത്തം ശരിക്കും വിഷമിക്കുകയായിരുന്ന തന്റെ മകളെ സുഖപ്പെടുത്തണമേയെന്ന് അവനോടു യാചിച്ചു. താൻ അവളെ സഹായിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആദ്യമേതന്നെ യേശു അവളോടു മൂന്നു വിധത്തിൽ സൂചിപ്പിച്ചു. ഒന്ന്, അവളോട് ഉത്തരം പറയാൻ കൂട്ടാക്കാതിരുന്നുകൊണ്ട്; രണ്ട്, തന്നെ അയച്ചിരിക്കുന്നത് വിജാതീയരുടെ അടുത്തേക്കല്ല, യഹൂദരുടെ അടുത്തേക്കാണ് എന്നു വളച്ചുകെട്ടില്ലാതെ പ്രസ്താവിച്ചുകൊണ്ട്; മൂന്ന്, അതേ ആശയം ദയാപുരസ്സരം വ്യക്തമാക്കുന്ന ഒരു ദൃഷ്ടാന്തംകൊണ്ട്. എന്നുവരികിലും, ആ സ്ത്രീ പിൻമാറിയില്ല. അതാകട്ടെ, അസാധാരണ വിശ്വാസത്തിന്റെ തെളിവു നൽകുകയും ചെയ്തു. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്തപ്പോൾ യേശുവിനു മനസ്സിലായി, അത് ഒരു പൊതുനിയമം നടപ്പാക്കാനുള്ള സമയമല്ല, മറിച്ച് കൂടുതൽ ഉത്കൃഷ്ടമായ തത്ത്വങ്ങളെപ്രതി വഴക്കമുള്ളവനായിരിക്കേണ്ട സമയമാണ് എന്ന്.a അങ്ങനെ, താൻ ചെയ്യില്ല എന്നു മൂന്നു പ്രാവശ്യം സൂചിപ്പിച്ചതുതന്നെ യേശു കൃത്യമായും ചെയ്തു. ആ സ്ത്രീയുടെ മകളെ അവൻ സുഖപ്പെടുത്തി!—മത്തായി 15:21-28.
7. മാതാപിതാക്കൾ ഏതെല്ലാം വിധങ്ങളിൽ ന്യായയുക്തത പ്രകടിപ്പിച്ചേക്കാം, എന്തുകൊണ്ട്?
7 അതുപോലെ, ഉചിതമായിരിക്കുമ്പോൾ വഴക്കമുള്ളവരാകാൻ മനസ്സുള്ളവരാണു നാം എന്നുള്ള ഒരു ധാരണ നമ്മെക്കുറിച്ചു മററുള്ളവർക്കുണ്ടോ? മാതാപിതാക്കൾ അത്തരം ന്യായയുക്തത കൂടെക്കൂടെ പ്രകടമാക്കേണ്ടതുണ്ട്. ഓരോ കുട്ടിയും വ്യത്യസ്തമായിരിക്കുന്നതുകൊണ്ട് ഒരാളുടെ കാര്യത്തിൽ വിജയകരമായിരുന്ന സംഗതി മറെറാരാളുടെ കാര്യത്തിൽ അനുചിതമായിരുന്നേക്കാം. അതിലുമുപരി, കുട്ടികൾ വളരുന്തോറും അവരുടെ ആവശ്യങ്ങൾക്കും മാററംവരുന്നു. വീട്ടിലെത്തിച്ചേരാൻ ഒരു സമയം നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അതിന് അൽപ്പസ്വൽപ്പമൊക്കെ മാററം വരുത്തണമോ? കൂടുതൽ ഊർജസ്വലമായ വിധം അവലംബിച്ചാൽ കുടുംബാധ്യയനം പ്രയോജനപ്രദമാകുമോ? ഏതെങ്കിലും നിസ്സാര ലംഘനങ്ങളോട് ഒരു മാതാവോ പിതാവോ ആവശ്യത്തിലേറെ പ്രതികരിക്കുന്നെങ്കിൽ ആ മാതാവോ പിതാവോ താഴ്മയുള്ളവരായി കാര്യങ്ങൾ നേരെയാക്കാനുള്ള മനസ്സൊരുക്കമാണോ പ്രകടമാക്കുന്നത്? അത്തരം സന്ദർഭങ്ങളിൽ വഴക്കമുള്ളവരായിരിക്കുന്ന മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അനാവശ്യമായി പ്രകോപിപ്പിക്കുന്നതും അവർ യഹോവയിൽനിന്ന് അകന്നുപോകുന്നതും ഒഴിവാക്കുന്നു.—എഫേസ്യർ 6:4.
8. പ്രദേശത്തിന്റെ ആവശ്യങ്ങളുമായി അനുരൂപപ്പെടുന്നതിൽ മൂപ്പൻമാർക്ക് എങ്ങനെ നേതൃത്വമെടുക്കാനാവും?
8 പുതിയ സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ മൂപ്പൻമാരും അനുരൂപപ്പെടേണ്ടയാവശ്യമുണ്ട്. എന്നാൽ അതേസമയം ദൈവത്തിന്റെ വ്യക്തമായ നിയമങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും വേണം. പ്രസംഗവേലയിൽ മേൽനോട്ടം വഹിക്കുമ്പോൾ പ്രദേശത്തെ മാററങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ചുററുപാടുമുള്ള ആളുകളുടെ ജീവിതരീതിക്കു മാററംവരുമ്പോൾ ഒരുപക്ഷേ സായാഹ്ന സാക്ഷീകരണമോ തെരുവു സാക്ഷീകരണമോ ടെലിഫോൺ സാക്ഷീകരണമോ പ്രോത്സാഹിപ്പിക്കേണ്ടിവരും. ആ വിധങ്ങളിൽ അനുരൂപപ്പെടുന്നെങ്കിൽ നമ്മുടെ പ്രസംഗനിയോഗം ഫലപ്രദമായി നിവർത്തിക്കാൻ അതു നമ്മെ സഹായിക്കും. (മത്തായി 28:19, 20; 1 കൊരിന്ത്യർ 9:26) തന്റെ ശുശ്രൂഷയിൽ സകലതരത്തിലുമുള്ള ആളുകളോട് അനുരൂപപ്പെടാൻ പൗലോസും പ്രത്യേകം ശ്രദ്ധിച്ചു. ദൃഷ്ടാന്തമായി, ആളുകളെ സഹായിക്കാനായി പ്രാദേശിക മതങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചു വേണ്ടപോലെ പഠിച്ചുകൊണ്ട് നാമും അതേപോലെ ചെയ്യുന്നുണ്ടോ?—1 കൊരിന്ത്യർ 9:19-23.
9. പ്രശ്നങ്ങൾ കൈകാര്യംചെയ്യുമ്പോൾ താൻ പണ്ടു ചെയ്തിരുന്നപോലെ മാത്രമേ ചെയ്യുകയുള്ളൂ എന്ന് ഒരു മൂപ്പൻ നിർബന്ധം പിടിക്കരുതാത്തത് എന്തുകൊണ്ട്?
9 ഈ അന്ത്യനാളുകൾ എക്കാലത്തെക്കാളും കൂടുതലായി ദുർഘടമായിത്തീരുകയാണ്. അതുകൊണ്ട്, തങ്ങളുടെ ചെമ്മരിയാടുകളെ ഇപ്പോൾ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളുടെ അന്ധാളിപ്പിക്കുന്ന സങ്കീർണതയോടും മുഷിച്ചിലിനോടും ഇടയൻമാരും അനുരൂപപ്പെടേണ്ടയാവശ്യം വന്നേക്കാം. (2 തിമൊഥെയൊസ് 3:1) മൂപ്പൻമാരേ, കർക്കശരായിരിക്കാനുള്ള സമയമല്ല ഇത്! വിഷയങ്ങൾ കൈകാര്യം ചെയ്ത പണ്ടത്തെ വിധങ്ങൾ ഫലപ്രദമല്ലാതായിത്തീർന്നിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ അത്തരം വിഷയങ്ങൾ സംബന്ധിച്ച് അനുയോജ്യമെന്നു കണ്ട് “വിശ്വസ്തനും വിവേകിയുമായ അടിമ” പുതിയ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും, താൻ മുമ്പു ചെയ്തിരുന്നപോലെതന്നെ കാര്യങ്ങൾ കൈകാര്യംചെയ്യാൻ ഒരു മൂപ്പൻ നിർബന്ധം പിടിക്കില്ല. (മത്തായി 24:45, NW; താരതമ്യം ചെയ്യുക: സഭാപ്രസംഗി 7:10; 1 കൊരിന്ത്യർ 7:31.) വിഷാദമഗ്നയായ ഒരു സഹോദരിക്കു തന്റെ കാര്യങ്ങൾ തുറന്നുപറയാൻ പററിയ ഒരാളുടെ ആവശ്യം കലശലായി തോന്നിയ ഒരു സമയത്ത് വിശ്വസ്തനായ ഒരു മൂപ്പൻ അവരെ ആത്മാർഥമായി സഹായിക്കാൻ ശ്രമിച്ചു. പക്ഷേ, അവരുടെ വിഷാദത്തെ നിസ്സാരമട്ടിൽ കണ്ട അദ്ദേഹം ലളിതമായ പരിഹാരങ്ങൾ നിർദേശിക്കുകയാണു ചെയ്തത്. അങ്ങനെയിരിക്കുമ്പോഴാണ്, ആ സഹോദരിയുടെ അതേ പ്രശ്നം കൈകാര്യംചെയ്യുന്ന ബൈബിളധിഷ്ഠിത വിവരങ്ങൾ വാച്ച് ടവർ സൊസൈററി പ്രസിദ്ധീകരിച്ചത്. ഒരിക്കൽക്കൂടെ അവരുമായി സംസാരിക്കാൻ ഉറച്ച മൂപ്പൻ ഇപ്രാവശ്യം പുതിയ വിവരങ്ങൾ ബാധകമാക്കുകയും അവരുടെ ദുരിതാവസ്ഥയിൽ സമാനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു. (താരതമ്യം ചെയ്യുക: 1 തെസ്സലൊനീക്യർ 5:14, 15.) ന്യായയുക്തതയുടെ എന്തൊരു നല്ല ദൃഷ്ടാന്തം!
10. (എ) തമ്മിൽത്തമ്മിലും മൂപ്പൻമാരുടെ മുഴു സംഘത്തോടും വഴങ്ങുന്ന ഒരു മനോഭാവം മൂപ്പൻമാർ പ്രകടിപ്പിക്കേണ്ടതെന്തുകൊണ്ട്? (ബി) ന്യായയുക്തതയില്ലാത്തവരെ മൂപ്പൻമാരുടെ സംഘം എങ്ങനെയാണ് വീക്ഷിക്കേണ്ടത്?
10 തമ്മിൽത്തമ്മിലും വഴങ്ങുന്ന ഒരു മനോഭാവം മൂപ്പൻമാർ പ്രകടിപ്പിക്കേണ്ടയാവശ്യമുണ്ട്. മൂപ്പൻമാരുടെ സംഘം യോഗം ചേരുമ്പോൾ ഏതെങ്കിലും ഒരു മൂപ്പൻ നടപടിക്രമങ്ങളിൽ മേധാവിത്വം പുലർത്താതിരിക്കുന്നത് എത്ര പ്രധാനമാണ്! (ലൂക്കൊസ് 9:48) അധ്യക്ഷം വഹിക്കുന്നയാൾക്ക് ഇക്കാര്യത്തിൽ വിശേഷാൽ സംയമനം ആവശ്യമാണ്. മൂപ്പൻമാരിൽ ഭൂരിഭാഗത്തിന്റെ തീരുമാനത്തോട് ഒന്നോ രണ്ടോ മൂപ്പൻമാർക്കു യോജിക്കാനാവുന്നില്ലെങ്കിൽ തങ്ങളുടെ വിധംതന്നെ നടത്തിക്കിട്ടാൻ അവർ നിർബന്ധം പിടിക്കില്ല. അതിനുപകരം, ബൈബിൾ തത്ത്വങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടില്ലെങ്കിൽ മൂപ്പൻമാർക്കു ന്യായയുക്തത ആവശ്യമാണ് എന്ന സംഗതി ഓർത്തുകൊണ്ട് അവർ അതിനു വഴങ്ങിക്കൊടുക്കും. (1 തിമൊഥെയൊസ് 3:2, 3) അതേസമയം, “അതിശ്രേഷ്ഠരായ അപ്പോസ്തലൻമാ”രായി സ്വയം ചമഞ്ഞ ‘ന്യായരഹിതരായ വ്യക്തികളോടു’ സഹിഷ്ണുത പുലർത്തിയതിനു കൊരിന്ത്യ സഭയെ പൗലോസ് ശാസിച്ചുവെന്ന് മൂപ്പൻമാരുടെ സംഘം ഓർക്കുകയും വേണം. (2 കൊരിന്ത്യർ 11:5, 19, 20, NW) അതുകൊണ്ട്, ശാഠ്യപൂർവവും ന്യായരഹിതവുമായ വിധത്തിൽ പെരുമാറുന്ന ഒരു സഹമൂപ്പനെ ബുദ്ധ്യുപദേശിക്കാൻ അവർ തയ്യാറാകണം. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ അവർതന്നെയും സൗമ്യരും ദയയുള്ളവരുമായിരിക്കണം.—ഗലാത്യർ 6:1.
അധികാരം പ്രയോഗിക്കുന്നതിൽ ന്യായയുക്തത
11. യേശുവിന്റെ നാളിലെ യഹൂദ മതനേതാക്കൻമാർ അധികാരം പ്രയോഗിച്ച വിധവും യേശു പ്രയോഗിച്ച വിധവും തമ്മിൽ എന്തു വൈരുദ്ധ്യമുണ്ട്?
11 യേശു ഭൂമിയിലായിരുന്ന സമയത്ത് ദൈവദത്തമായ തന്റെ അധികാരം പ്രയോഗിച്ച വിധത്തിൽ അവന്റെ ന്യായയുക്തത ശരിക്കും വെട്ടിത്തിളങ്ങുകയുണ്ടായി. അവന്റെ നാളിലെ മതനേതാക്കൻമാരിൽനിന്ന് അവൻ എത്ര വ്യത്യസ്തനായിരുന്നു! ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. ശബത്തു ദിവസം യാതൊരു വേലയും, വിറകു പെറുക്കൽപോലും, പാടില്ലെന്നു ദൈവനിയമം അനുശാസിച്ചിരുന്നു. (പുറപ്പാടു 20:10; സംഖ്യാപുസ്തകം 15:32-36) ആ നിയമം ജനങ്ങൾ ബാധകമാക്കിയ വിധത്തിൻമേൽ നിയന്ത്രണം ചെലുത്താൻ മതനേതാക്കൻമാർ ആഗ്രഹിച്ചു. അതുകൊണ്ട്, ശബത്തു ദിവസം ഒരു വ്യക്തിക്ക് എടുത്തുപൊക്കാൻ കഴിയുന്നത് എന്ത് എന്നതു സംബന്ധിച്ചു ചട്ടങ്ങൾ ഏർപ്പെടുത്താൻ അവർ സ്വയം തീരുമാനിച്ചു. അവർ വിധിച്ചു: രണ്ട് ഉണക്ക അത്തിയെക്കാൾ കൂടുതൽ ഭാരമുള്ള യാതൊന്നും പൊക്കാൻ പാടില്ല. ആണിയുടെ കൂടുതലായ ഭാരം പൊക്കുന്നത് ജോലിയായിത്തീരും എന്നു പറഞ്ഞുകൊണ്ട് ലാടം കെട്ടിയ വാർച്ചെരിപ്പിന്റെ കാര്യത്തിൽപ്പോലും അവർ നിരോധനം ഏർപ്പെടുത്തി! ശബത്തു സംബന്ധിച്ച ദൈവനിയമത്തോടൊപ്പം മൊത്തം 39 നിയമങ്ങൾകൂടി റബ്ബിമാർ കൂട്ടിച്ചേർക്കുകയും ആ നിയമങ്ങൾക്ക് എണ്ണമററവിധം ഉപനിയമങ്ങൾ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ അതേസമയം, അയവില്ലാത്ത, അപ്രായോഗികമായ കൂച്ചുവിലങ്ങിടുന്ന കണക്കററ നിയമങ്ങളോ നിലവാരങ്ങളോ വെച്ചുകൊണ്ട് ആളുകളെ നിയന്ത്രിക്കാൻ യേശു ശ്രമിച്ചില്ല.—മത്തായി 23:2-4; യോഹന്നാൻ 7:47-49.
12. യഹോവയുടെ നീതിനിഷ്ഠമായ നിലവാരങ്ങളുടെ കാര്യത്തിൽ യേശു അചഞ്ചലമായി നിലകൊണ്ടു എന്നു നമുക്കു പറയാനാവുന്നതെന്തുകൊണ്ട്?
12 അപ്പോൾ, ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങൾ യേശു അചഞ്ചലമായി ഉയർത്തിപ്പിടിച്ചില്ലെന്നു നാം വിചാരിക്കണമോ? അവൻ തീർച്ചയായും ഉയർത്തിപ്പിടിച്ചു! നിയമങ്ങൾക്കു പിന്നിലെ തത്ത്വങ്ങൾ മനുഷ്യർ ഗ്രഹിക്കുമ്പോൾ നിയമങ്ങൾ അങ്ങേയററം ഫലപ്രദമായിത്തീരുന്നു എന്ന് അവൻ മനസ്സിലാക്കി. പരീശൻമാർ കണക്കററ നിയമങ്ങളുമായി ജനങ്ങളെ നിയന്ത്രിക്കുന്നതിൽ മുഴുകിയിരുന്നപ്പോൾ യേശു ഹൃദയങ്ങളിലേക്കു കടക്കാനാണു ശ്രമിച്ചത്. ഉദാഹരണത്തിന്, “ദുർന്നടപ്പു വിട്ടു ഓടുവിൻ” എന്നതുപോലുള്ള ദിവ്യനിയമങ്ങളുടെ കാര്യം വരുമ്പോൾ വഴങ്ങിക്കൊടുക്കുന്ന പ്രശ്നമില്ലെന്ന് അവനു നന്നായി അറിയാമായിരുന്നു. (1 കൊരിന്ത്യർ 6:18) അതുകൊണ്ട്, അധാർമികതയിലേക്കു നയിച്ചേക്കാവുന്ന ചിന്തകളെ സംബന്ധിച്ചു യേശു ജനങ്ങൾക്കു മുന്നറിയിപ്പു കൊടുത്തു. (മത്തായി 5:28) അയവില്ലാത്ത, ചിട്ടയിലധിഷ്ഠിതമായ നിയമങ്ങൾ വയ്ക്കുന്നതിനെക്കാളും അത്യധികം ജ്ഞാനവും വിവേചനയും അത്തരം പ്രബോധനത്തിന് ആവശ്യമായിരുന്നു.
13. (എ) മൂപ്പൻമാർ വഴക്കമില്ലാത്ത നിയമങ്ങളും നിബന്ധനകളും ഉണ്ടാക്കരുതാത്തതെന്തുകൊണ്ട്? (ബി) വ്യക്തിയുടെ മനസ്സാക്ഷിയെ ആദരിക്കേണ്ടതു പ്രധാനമായിരിക്കുന്ന ചില മേഖലകൾ ഏതെല്ലാം?
13 ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിൽ ഇന്ന് ഉത്തരവാദിത്വബോധമുള്ള സഹോദരൻമാർ സമാനമായ താത്പര്യം കാട്ടുന്നു. അങ്ങനെ, തന്നിഷ്ടപ്രകാരമുള്ള, വഴക്കമില്ലാത്ത നിയമങ്ങൾ വയ്ക്കുന്നതോ തങ്ങളുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളെയോ അഭിപ്രായങ്ങളെയോ നിയമങ്ങളാക്കി മാററുന്നതോ അവർ ഒഴിവാക്കുന്നു. (താരതമ്യം ചെയ്യുക: ദാനീയേൽ 6:7-16.) വസ്ത്രധാരണം, ചമയം എന്നിങ്ങനെയുള്ള സംഗതികളെ സംബന്ധിച്ചു കാലാകാലങ്ങളിലുള്ള ദയാപുരസ്സരമായ ഓർമിപ്പിക്കലുകൾ ഉചിതവും സമയോചിതവുമായിരുന്നേക്കാം. എന്നാൽ ഒരു മൂപ്പൻ അത്തരം സംഗതികളിൻമേൽ കടിച്ചുതൂങ്ങുകയോ മുഖ്യമായും തന്റെ വ്യക്തിപരമായ അഭിരുചികളിലൂന്നിയ കാര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നെങ്കിൽ അദ്ദേഹം അപകടപ്പെടുത്തുന്നത് ന്യായയുക്തനാണെന്നുള്ള തന്റെ സൽപ്പേരിനെത്തന്നെയാവും. വാസ്തവത്തിൽ, സഭയിലെ സകലരും മററുള്ളവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കണം.—താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 1:24; ഫിലിപ്പിയർ 2:12.
14. മററുള്ളവരിൽനിന്നു പ്രതീക്ഷിക്കേണ്ടതു സംബന്ധിച്ചു താൻ ന്യായയുക്തനായിരുന്നു എന്ന് യേശു പ്രകടമാക്കിയതെങ്ങനെ?
14 സ്വയം പരിശോധന നടത്താൻ മൂപ്പൻമാർ ആഗ്രഹിച്ചേക്കാവുന്ന വേറൊരു സംഗതിയുണ്ട്: ‘മററുള്ളവരിൽനിന്നു ഞാൻ എന്തു പ്രതീക്ഷിക്കണമെന്ന കാര്യത്തിൽ എനിക്കു ന്യായയുക്തതയുണ്ടോ?’ തീർച്ചയായും യേശുവിനുണ്ടായിരുന്നു. മുഴുദേഹിയോടുകൂടിയുള്ള ശ്രമങ്ങളാണു താൻ പ്രതീക്ഷിക്കുന്നതെന്നും താൻ അവയെ വളരെയധികം വിലമതിക്കുന്നുവെന്നും അവൻ തന്റെ അനുഗാമികൾക്ക് യുക്തിസഹമാംവിധം വ്യക്തമാക്കിക്കൊടുത്തു. നിസ്സാര വിലയുള്ള നാണയങ്ങൾ നൽകിയതിന് അവൻ ദരിദ്രയായ വിധവയെ പുകഴ്ത്തി. (മർക്കൊസ് 12:42, 43) മറിയത്തിന്റെ വിലപിടിച്ച സംഭാവനയെ ശിഷ്യൻമാർ വിമർശിച്ചപ്പോൾ “ഇവളെ വിടുവിൻ; . . . അവൾ തന്നാൽ ആവതു ചെയ്തു” എന്നു പറഞ്ഞുകൊണ്ട് അവൻ അവരെ ശാസിച്ചു. (മർക്കൊസ് 14:6, 8) യേശുവിന്റെ അനുഗാമികൾ അവനെ തളർത്തിയപ്പോൾപ്പോലും അവനു ന്യായയുക്തതയുണ്ടായിരുന്നു. ഉദാഹരണത്തിന്, തന്നെ അറസ്ററു ചെയ്യാനിരുന്ന രാത്രിയിൽ തന്റെ ഏററവും അടുത്ത അപ്പോസ്തലൻമാരോട് ഉണർവോടെ ജാഗരൂകരായിരിക്കാൻ അവൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പലവട്ടം ഉറങ്ങിപ്പോയ അവർ അവനെ നിരാശപ്പെടുത്തി. എന്നിട്ടും അവൻ സഹതാപപൂർവം ഇങ്ങനെ അഭിപ്രായപ്പെട്ടു: “ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ.”—മർക്കൊസ് 14:34-38.
15, 16. (എ) ആടുകളുടെമേൽ സമ്മർദം പ്രയോഗിക്കാൻ അല്ലെങ്കിൽ അവരെ കണ്ണുരുട്ടി പേടിപ്പിക്കാതിരിക്കാൻ മൂപ്പൻമാർ ശ്രദ്ധാലുക്കളായിരിക്കേണ്ടത് എന്തുകൊണ്ട്? (ബി) മററുള്ളവരിൽനിന്നു പ്രതീക്ഷിക്കേണ്ടതു സംബന്ധിച്ച് ഒരു വിശ്വസ്ത സഹോദരി എങ്ങനെയാണ് ക്രമപ്പെടുത്തലുകൾ വരുത്തിയത്?
15 ‘കഠിനമായി യത്നിക്കാൻ’ യേശു തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചു എന്നതു ശരിതന്നെ. (ലൂക്കോസ് 13:24, NW) എന്നാൽ അങ്ങനെ ചെയ്യാൻ അവൻ അവരുടെമേൽ സമ്മർദം ചെലുത്തിയില്ല! അവൻ അവരെ ഉത്തേജിപ്പിച്ചു, നേതൃത്വമെടുത്തു, അവരുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിച്ചു. സംഗതികളുടെ പൂർത്തീകരണത്തിനായി അവൻ യഹോവയുടെ ആത്മാവിന്റെ ശക്തിയിൽ ആശ്രയിച്ചു. സമാനമായി, യഹോവയെ മുഴുഹൃദയത്തോടെ സേവിക്കാൻ ഇന്നു മൂപ്പൻമാരും ആട്ടിൻകൂട്ടത്തെ പ്രോത്സാഹിപ്പിക്കണം. എന്നാൽ യഹോവയുടെ സേവനത്തിൽ അവർ ഇപ്പോൾ ചെയ്യുന്നത് ഏതെങ്കിലും വിധത്തിൽ പോരെന്നോ അസ്വീകാര്യമാണെന്നോ ധ്വനിപ്പിക്കുംവിധം കണ്ണുരുട്ടി പേടിപ്പിച്ച് അവരിൽ കുററബോധമോ ലജ്ജയോ ഉളവാക്കുന്നത് മൂപ്പൻമാർ ഒഴിവാക്കണം. “കൂടുതൽ ചെയ്യൂ, കൂടുതൽ ചെയ്യൂ, കൂടുതൽ ചെയ്യൂ!” എന്ന അയവില്ലാത്ത എരിവുകേററൽ സമീപനം തങ്ങളാൽ ആവുന്നതു ചെയ്യുന്നവരുടെ മനംമടുപ്പിച്ചേക്കാം. ന്യായയുക്തതയുമായി ഒരു ബന്ധവുമില്ലാത്ത “പ്രസാദിപ്പിക്കാൻ പ്രയാസകരമായ”വൻ എന്നാണ് ഒരു മൂപ്പൻ പേരെടുത്തിരിക്കുന്നതെങ്കിൽ അത് എത്ര സങ്കടകരമായിരിക്കും!—1 പത്രോസ് 2:18, NW.
16 മററുള്ളവരെ കുറിച്ചുള്ള നമ്മുടെ പ്രതീക്ഷയിൽ നമുക്കെല്ലാം ന്യായയുക്തതയുണ്ടായിരിക്കണം! രോഗിയായ അമ്മയെ ശുശ്രൂഷിക്കാൻ ഭർത്താവിനോടൊപ്പം മിഷനറി സേവനം നിർത്തിപ്പോന്നശേഷം ഒരു സഹോദരി എഴുതി: “പ്രസാധകരായ ഞങ്ങൾക്ക് ഇവിടെ സഭകളിൽ ശരിക്കും പ്രയാസമേറിയ സമയമാണ്. സർക്കിട്ട്, ഡിസ്ട്രികററ് വേലകളിലായിരുന്നപ്പോൾ ഇതുപോലുള്ള പല സമ്മർദങ്ങളും ഞങ്ങൾക്കുണ്ടായിരുന്നില്ല. എന്നാൽ പെട്ടെന്നിതാ വേദനാജനകമാംവിധം ഞങ്ങൾക്ക് ഇതിനെക്കുറിച്ചു ബോധംവന്നിരിക്കുന്നു. ഉദാഹരണത്തിന്, ഞാൻ എന്നോടുതന്നെ പറയുമായിരുന്നു, ‘ആ സഹോദരി എന്താ ഈ മാസത്തേക്കുള്ള ശരിയായ സാഹിത്യസമർപ്പണം നടത്താത്തത്? അവർ എന്താ രാജ്യ ശുശ്രൂഷ വായിക്കാറില്ലേ?’ എന്നാൽ അതിന്റെ കാരണം ഞാൻ ഇപ്പോഴല്ലേ അറിയുന്നത്. ചിലരെ സംബന്ധിച്ചു [സേവനത്തിന്] എത്തിച്ചേരുന്നതുതന്നെ അവർക്കു സാധിക്കുന്നതിന്റെ പരമാവധിയായിരിക്കും.” നമ്മുടെ സഹോദരങ്ങൾ ചെയ്യാത്ത സംഗതികൾക്ക് അവരെ കുററംവിധിക്കാതെ അവർ ചെയ്യുന്ന സംഗതികൾക്ക് അവരെ പ്രശംസിക്കുന്നെങ്കിൽ അത് എത്ര നന്നായിരിക്കും!
17. ന്യായയുക്തത സംബന്ധിച്ചു യേശു നമുക്കു മാതൃക വെച്ചതെങ്ങനെ?
17 ന്യായയുക്തമായ വിധത്തിൽ യേശു തന്റെ അധികാരം എങ്ങനെയാണ് പ്രയോഗിച്ചത് എന്നതിന്റെ ഒരു മാതൃക കൂടി പരിചിന്തിക്കുക. തന്റെ പിതാവിനെപ്പോലെ, യേശു തന്റെ അധികാരത്തെ ശങ്കാശീലതയോടെ മുറുകെപ്പിടിക്കുന്നില്ല. ചുമതലകൾ മററുള്ളവരെ ഭരമേൽപ്പിക്കുന്നതിൽ അവനും ഒന്നാന്തരം ദൃഷ്ടാന്തമാണ്. ഭൂമിയിൽ “തനിക്കുള്ള സകലത്തി”ന്റെയും പരിപാലനയ്ക്കുവേണ്ടി അവൻ വിശ്വസ്ത അടിമവർഗത്തെ നിയമിച്ചു. (മത്തായി 24:45-47) മററുള്ളവരുടെ ആശയങ്ങൾ ശ്രദ്ധിക്കുന്നതിന് അവന് ഒരു ഭയവുമില്ല. “നിങ്ങൾക്കു എന്തു തോന്നുന്നു?” എന്ന് അവൻ തന്റെ ശ്രോതാക്കളോടു പലപ്പോഴും ചോദിച്ചു. (മത്തായി 17:25; 18:12; 21:28; 22:42) ക്രിസ്തുവിന്റെ ഇന്നത്തെ അനുഗാമികളുടെ ഇടയിലും സംഗതി അങ്ങനെതന്നെ ആയിരിക്കണം. എത്രമാത്രം അധികാരം ഉണ്ടായിരുന്നാലും അത് അവരെ മററുള്ളവരെ ശ്രദ്ധിക്കാൻ വൈമനസ്സ്യമുള്ളവരാക്കരുത്. മാതാപിതാക്കളേ, ശ്രദ്ധിക്കുവിൻ! ഭർത്താക്കൻമാരേ, ശ്രദ്ധിക്കുവിൻ! മൂപ്പൻമാരേ, ശ്രദ്ധിക്കുവിൻ!
18. (എ) ന്യായയുക്തത സംബന്ധിച്ചു നമുക്ക് ഒരു സൽപ്പേരുണ്ടോ എന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) നാമെല്ലാം എന്തു ചെയ്യാൻ ദൃഢനിശ്ചയം ചെയ്തേക്കാം?
18 “ന്യായയുക്തരാണെന്നതിനു സൽപ്പേരുണ്ടായിരിക്കാൻ” നാം ഓരോരുത്തരും ആഗ്രഹിക്കുന്നു എന്നതിന് ഒരു സംശയവുമില്ല. (ഫിലിപ്പിയർ 4:5, ഫിലിപ്സ്) എന്നാൽ അത്തരം സൽപ്പേരുണ്ടെന്ന് നാം എങ്ങനെ അറിയും? കൊള്ളാം, ആളുകൾ തന്നേപ്പററി എന്താണ് പറയുന്നതെന്ന് അറിയാൻ ആകാംക്ഷയുണ്ടായിരുന്ന യേശു തന്റെ വിശ്വസ്തരായ സഹകാരികളോട് അതേപ്പററി ചോദിച്ചു. (മത്തായി 16:13) എന്തുകൊണ്ട്, അവന്റെ മാതൃക പിൻപററിക്കൂടാ? ന്യായയുക്തനായ, വഴക്കമുള്ളവനായ ഒരു വ്യക്തിയാണ് താൻ എന്ന സൽപ്പേര് നിങ്ങൾക്ക് ഉണ്ടോയെന്ന് ഉള്ളത് ഉള്ളതുപോലെ പറയുന്ന, ആശ്രയയോഗ്യനായ ആരോടെങ്കിലും നിങ്ങൾക്കു ചോദിക്കാം. തീർച്ചയായും, യേശുവിന്റെ ന്യായയുക്തതയുടെ പൂർണതയുള്ള മാതൃക കൂടുതൽ അടുത്ത് അനുകരിക്കുന്നതിനു നമുക്കു ചെയ്യാൻ കഴിയുന്ന പല സംഗതികളുണ്ട്! വിശേഷിച്ച്, മററുള്ളവരുടെമേൽ കാര്യമായ അധികാരമുള്ളവരാണ് നാം എങ്കിൽ എല്ലായ്പോഴും ന്യായയുക്തമായ വിധത്തിൽ അധികാരം പ്രയോഗിച്ചുകൊണ്ട്, ഉചിതമായിരിക്കുന്ന എല്ലാ അവസരങ്ങളിലും ക്ഷമിക്കാൻ മനസ്സുള്ളവരായിരുന്നുകൊണ്ട്, ഇണങ്ങുകയോ വഴങ്ങുകയോ ചെയ്തുകൊണ്ട് യഹോവയുടെയും യേശുവിന്റെയും മാതൃക നമുക്ക് എല്ലായ്പോഴും പിൻപററാം. നിശ്ചയമായും, നാം ഓരോരുത്തരും “ന്യായയുക്തരായിരിക്കാൻ” കഠിനപ്രയത്നം ചെയ്യുന്നവരായിരിക്കട്ടെ!—തീത്തോസ് 3:2, NW.
[അടിക്കുറിപ്പ്]
a ന്യൂ ടെസ്ററമെൻറ് വേർഡ്സ് എന്ന പുസ്തകം അഭിപ്രായപ്പെടുന്നു: “ഒരു സംഗതി നിയമപരമായി പൂർണമായും ന്യായീകരിക്കാവുന്നതായിരിക്കെതന്നെ ധാർമികമായി പൂർണമായും തെററായിരിക്കുന്നതായ സമയങ്ങൾ ഉണ്ടെന്നു എപ്പീക്കെസ് [ന്യായയുക്തൻ] ആയ മനുഷ്യന് അറിയാം. നിയമത്തെക്കാൾ ഉയർന്നതും ഉത്കൃഷ്ടവുമായ ഒരു ശക്തിയുടെ നിർബന്ധത്തിൻ കീഴിൽ നിയമത്തിന് എപ്പോൾ അയവു വരുത്തണം എന്ന് എപ്പീക്കെസ് ആയ മനുഷ്യന് അറിയാം.”
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ക്രിസ്ത്യാനികൾ ന്യായയുക്തരാകാൻ ആഗ്രഹിക്കേണ്ടതെന്തുകൊണ്ട്?
◻ ക്ഷമിക്കാൻ മനസ്സുള്ളവരായിരിക്കുന്നതിൽ മൂപ്പൻമാർക്കു യേശുവിനെ അനുകരിക്കാനാവുന്നതെങ്ങനെ?
◻ യേശുവിനെപ്പോലെ നാമും വഴക്കമുള്ളവരാകാൻ കഠിന പ്രയത്നം ചെയ്യേണ്ടതെന്തുകൊണ്ട്?
◻ അധികാരം പ്രയോഗിക്കുന്ന വിധത്തിൽ നമുക്ക് എങ്ങനെ ന്യായയുക്തത പ്രകടിപ്പിക്കാനാവും?
◻ നാം വാസ്തവത്തിൽ ന്യായയുക്തരാണോ എന്ന് നമുക്കു സ്വയം പരിശോധിക്കാവുന്നതെങ്ങനെ?
[15-ാം പേജിലെ ചിത്രം]
മനസ്താപം പ്രകടമാക്കിയ പത്രോസിനോടു യേശു ക്ഷണത്തിൽ ക്ഷമിച്ചു
[16-ാം പേജിലെ ചിത്രം]
ഒരു സ്ത്രീ അസാധാരണ വിശ്വാസം കാട്ടിയപ്പോൾ ഒരു പൊതുനിയമം നടപ്പാക്കാനുള്ള സമയമല്ല അത് എന്ന് യേശു മനസ്സിലാക്കി
[18-ാം പേജിലെ ചിത്രം]
മാതാപിതാക്കളേ ശ്രദ്ധിക്കുവിൻ!
[18-ാം പേജിലെ ചിത്രം]
ഭർത്താക്കൻമാരേ ശ്രദ്ധിക്കുവിൻ!
[18-ാം പേജിലെ ചിത്രം]
മൂപ്പൻമാരേ ശ്രദ്ധിക്കുവിൻ!