നിങ്ങൾക്ക് ഈ പ്രതിബന്ധങ്ങളെ മറികടക്കാൻ കഴിയും!
ഒരു ജംബോ ജറ്റു വിമാനം നൂറു കണക്കിനു യാത്രക്കാരും ടൺ കണക്കിനു സാധനങ്ങളുമായി പറന്നുയർന്നേക്കാം. ഭീമാകാരമായ ആ വിമാനത്തിന് എങ്ങനെ വായുവിലേക്കു പറന്നുയരാൻ കഴിയും? സംഗതി ലളിതമാണ്, ഒരു ഉത്തോലനം (lift) മൂലം.
വിമാനം റൺവേയിലൂടെ അതിവേഗം പായുമ്പോൾ അതിന്റെ വക്രതലമുള്ള പക്ഷങ്ങളുടെ മുകൾഭാഗത്തുകൂടെയും അടിഭാഗത്തുകൂടെയും വായു അതി സമ്മർദശക്തിയോടെ കടന്നുപോകുന്നു. അതു മേൽപ്പോട്ടുള്ള ഒരു ബലം ഉത്പാദിപ്പിക്കുന്നു. അതിന് ഉത്തോലനം എന്നു പറയുന്നു. ആവശ്യത്തിന് ഉത്തോലനം ഉത്പാദിപ്പിക്കപ്പെടുമ്പോൾ വിമാനത്തിന് ഭൂഗുരുത്വാകർഷണത്തെ മറികടന്നു പറന്നുയരാൻ കഴിയും. എന്നാൽ തീർച്ചയായും അമിതഭാരം കയറ്റിയ വിമാനത്തിനു വായുവിലേക്കു പറന്നുയരാൻ കഴിയുകയില്ല.
നാമും അമിതഭാരം പേറുന്നവരായിത്തീർന്നേക്കാം. നൂറ്റാണ്ടുകൾക്കുമുമ്പു ദാവീദ് രാജാവ് തന്റെ ‘അകൃത്യങ്ങൾ . . . ഭാരമുള്ള ചുമടുപോലെ തനിക്ക് അതിഘനമായിരിക്കുന്ന’തായി പറഞ്ഞു. (സങ്കീർത്തനം 38:4) സമാനമായി, ജീവിതത്തിന്റെ ഉത്കണ്ഠകളാൽ ഭാരപ്പെടുന്നതിനെതിരെ യേശുക്രിസ്തു മുന്നറിയിപ്പു നൽകി. (ലൂക്കൊസ് 21:34) “വായുവിലേക്കു പറന്നുയരാൻ” ബുദ്ധിമുട്ടാണെന്നു തോന്നത്തക്കവിധത്തിൽ നിഷേധാത്മക ചിന്തകളും വിചാരങ്ങളും നമ്മെ ഭാരപ്പെടുത്തിയേക്കാം. നിങ്ങൾ ആ വിധത്തിൽ ഭാരപ്പെടുന്നുണ്ടോ? അല്ലെങ്കിൽ നിങ്ങളുടെ കൂടുതലായ ആത്മീയ പുരോഗതിക്ക് എന്തെങ്കിലും പ്രതിബന്ധം അനുഭവപ്പെട്ടിട്ടുണ്ടോ? അങ്ങനെയെങ്കിൽ എന്തു സഹായകമാകും?
നിങ്ങൾക്കു വിരസത തോന്നുന്നുണ്ടോ?
വിരസത—അത് ഇന്നത്തെ ഒരു സാധാരണ പരാതിയാണ്. യഹോവയുടെ ജനത്തിൽ ചിലർക്കുപോലും ഒരു മാനസിക പ്രതിബന്ധമായിരിക്കാൻ അതിനു കഴിയും. തങ്ങൾക്കു വിരസമെന്നു തോന്നുന്ന ചില പ്രവർത്തനങ്ങൾ അവഗണിക്കാനുള്ള പ്രവണത ചെറുപ്പക്കാരിൽ പ്രത്യേകിച്ചും ഉണ്ട്. ക്രിസ്തീയ യോഗങ്ങളെക്കുറിച്ചു നിങ്ങൾക്കു ചിലപ്പോൾ അപ്രകാരം തോന്നാറുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ യോഗങ്ങൾ പ്രോത്സാഹജനകമാക്കുന്നതിനു നിങ്ങൾക്ക് എന്തു ചെയ്യാനാവും?
യോഗങ്ങളിൽ പങ്കുപറ്റുന്നതാണു താക്കോൽ. പൗലോസ് യുവാവായിരുന്ന തിമോത്തിക്ക് എഴുതി: “ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനമുള്ളതാകുന്നു.” (1 തിമൊഥെയൊസ് 4:7, 8) കായബലത്തെപ്പറ്റിയുള്ള ഒരു പുസ്തകത്തിൽ നിർദേശിച്ചിരിക്കുന്ന വ്യായാമം നാം ചെയ്യാത്തപക്ഷം അതിന്റെ വായന വിരസത ഉളവാക്കുകയും അതുകൊണ്ടു പ്രയോജനമില്ലാതായിത്തീരുകയും ചെയ്യും. ക്രിസ്തീയ യോഗങ്ങൾ നമ്മുടെ മനസ്സിനു പരിശീലനം നൽകുന്നവിധത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. നാം തയ്യാറാവുകയും പങ്കുപറ്റുകയും ചെയ്താൽ മാത്രമേ അതുകൊണ്ടു പ്രയോജനമുള്ളൂ. ഈ പങ്കുപറ്റൽ യോഗങ്ങൾ കൂടുതൽ ഫലദായകവും രസകരവുമാക്കിത്തീർക്കും.
ഇതിനോടുള്ള ബന്ധത്തിൽ മാറ എന്നു പേരുള്ള ഒരു ക്രിസ്തീയ യുവതി ഇങ്ങനെ പറഞ്ഞു: “യോഗങ്ങൾക്കു തയ്യാറായില്ലെങ്കിൽ ഞാൻ അവ ആസ്വദിക്കാറില്ല. എന്നാൽ, കാലേകൂട്ടി തയ്യാറാകുമ്പോൾ എന്റെ മനസ്സും ഹൃദയവും കൂടുതൽ ഗ്രഹണക്ഷമതയുള്ളതാകുന്നു. യോഗങ്ങൾ കൂടുതൽ അർഥവത്തായിത്തീരുന്നുവെന്നു മാത്രമല്ല അഭിപ്രായം പറയാൻ ഞാൻ നോക്കിപ്പാർത്തിരിക്കുകയും ചെയ്യുന്നു.”
ശ്രദ്ധിക്കാൻ പഠിക്കുന്നതും സഹായകമാണ്. നല്ല സംഗീതം ശ്രവിക്കുന്നതു സുകരവും പെട്ടെന്ന് ആസ്വാദനം പകരുന്നതുമാണ്. എങ്കിലും സകല സംതൃപ്തിയും ഞൊടിയിടയിൽ ഉണ്ടാകുന്നില്ല. യോഗങ്ങളിലെ പരിപാടികളിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവം കേൾക്കുന്നെങ്കിൽ മാത്രമേ നാം അതിൽനിന്നു സംതൃപ്തിയടയുകയുള്ളൂ. റേച്ചൽ എന്നു പേരുള്ള ഒരു ക്രിസ്ത്യാനി പറയുന്നു: “പ്രസംഗകൻ ഊർജസ്വലനല്ലെങ്കിൽ ശ്രദ്ധചെലുത്താൻ എനിക്കു നന്നേ പാടുപെടേണ്ടി വരുന്നു. ‘എന്റെ പ്രമാണം പ്രസംഗം എത്ര രസകരമല്ലാത്തതോ അത്രയധികം ശ്രദ്ധകേന്ദ്രീകരിക്കണം’ എന്നതാണ്. . . . തിരുവെഴുത്തുകളിൽനിന്നു കഴിയുന്നത്ര കാര്യങ്ങൾ ഗ്രഹിക്കേണ്ടതിനു ഞാൻ പ്രത്യേക ശ്രദ്ധചെലുത്തുന്നു.” ശ്രദ്ധചെലുത്തുന്നതിനുവേണ്ടി റേച്ചലിനെപ്പോലെ നാം സ്വയം ശിക്ഷണം നൽകേണ്ടതുണ്ട്. “മകനേ, . . . ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക” എന്നു സദൃശവാക്യങ്ങൾ പറയുന്നു.—സദൃശവാക്യങ്ങൾ 5:1, 2.
യോഗങ്ങളിൽ അവതരിപ്പിക്കുന്ന ചില വിവരങ്ങൾ ഏതാണ്ട് ആവർത്തകമാണെന്നു വരാം. അത് അത്യന്താപേക്ഷിതമാണ്! ദൈവത്തിന്റെ സകല ദാസൻമാർക്കും ഓർമിപ്പിക്കലിന്റെ ആവശ്യമുണ്ട്. വഴിപിഴച്ചു പോകുന്നതിനുള്ള പ്രവണതയും ഓർമക്കുറവുമുള്ള അപൂർണ ജഡത്തിനു ലഭ്യമായ ഏതു സഹായവും ആവശ്യമാണ്. അപ്പോസ്തലനായ പത്രോസ് ‘സഹക്രിസ്ത്യാനികൾ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറെച്ചു നിൽക്കുന്നവരും എന്നു വരികിലും അത് അവരെ എല്ലായ്പോഴും ഓർപ്പിക്കാൻ ഒരുങ്ങിയിരിക്കു’കയായിരുന്നു. (2 പത്രൊസ് 1:12) “ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു” എന്ന് യേശുവും വിശദീകരിച്ചു. (മത്തായി 13:52) തൻമൂലം, നമ്മുടെ യോഗങ്ങൾ പരിചയമുള്ള തിരുവെഴുത്തുപരമായ ആശയങ്ങൾ അഥവാ ‘പഴയ നിക്ഷേപങ്ങൾ’ പുറത്തുകൊണ്ടുവരുമ്പോൾ നമ്മെ ആനന്ദിപ്പിക്കുന്നതിന് എല്ലായ്പോഴും ചില ‘പുതിയ നിക്ഷേപങ്ങൾ’ ഉണ്ടാവും.
യോഗങ്ങളിൽനിന്നു മുഴു പ്രയോജനവും നേടുന്നതിനു ദൃഢനിശ്ചയം ചെയ്യുന്നത് ഒരു യഥാർഥ ആത്മീയ പുരോഗതിയിൽ കലാശിക്കും. “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ [ആത്മാവിനായി യാചിക്കുന്നവർ] സന്തുഷ്ടരാകുന്നു” എന്ന് യേശു പറഞ്ഞു. (മത്തായി 5:3, NW, അടിക്കുറിപ്പ്) യോഗങ്ങളിൽ പ്രദാനംചെയ്യുന്ന ആരോഗ്യാവഹമായ ആത്മീയ ആഹാരത്തെക്കുറിച്ചുള്ള അത്തരം മനോഭാവം നമ്മുടെ വിരസതയെ അകറ്റും.—മത്തായി 24:45-47.
ഒരു മോശമായ ദൃഷ്ടാന്തത്താൽ നിരുത്സാഹിതനോ?
നിങ്ങളുടെ സഭയിലുള്ള ഒരാളുടെ നടത്തയാൽ നിങ്ങൾ അസ്വസ്ഥനാണോ? ‘ഇങ്ങനെയൊക്കെ പെരുമാറിയിട്ടും ആ സഹോദരന് എങ്ങനെ സൽപ്പേരു നിലനിർത്താൻ കഴിയുന്നു?’ എന്നു നിങ്ങൾ ഒരുപക്ഷേ ചിന്തിച്ചിട്ടുണ്ടാവാം. അത്തരം ചിന്താഗതിക്ക്, ദൈവജനവുമായി നമുക്കുണ്ടായിരിക്കാവുന്ന ആസ്വാദ്യമായ സുഹൃദ്ബന്ധത്തിന്റെ മൂല്യം വിവേചിച്ചറിയാനാവാത്തവിധം ഒരു മാനസിക പ്രതിബന്ധമായി വർത്തിക്കാൻ കഴിയും.—സങ്കീർത്തനം 133:1.
കൊലോസ്യ സഭയിലെ ചില അംഗങ്ങൾക്കു സമാനമായ പ്രശ്നമുണ്ടായിരുന്നിരിക്കാൻ ഇടയുണ്ട്. പൗലോസ് അവരെ ഇങ്ങനെ അനുശാസിച്ചു: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ.” (കൊലൊസ്സ്യർ 3:13) കൊലോസ്യയിലെ ചില ക്രിസ്ത്യാനികൾ മോശമായി പെരുമാറുകയും അങ്ങനെ മറ്റുള്ളവർക്കു പരാതിക്കു വകനൽകുകയും ചെയ്തിരിക്കാനിടയുണ്ടെന്നു പൗലോസ് തിരിച്ചറിഞ്ഞു. അതുകൊണ്ട് നമ്മുടെ സഹോദരീസഹോദരന്മാരിൽ ഒരാൾ വല്ലപ്പോഴുമൊക്കെ ചില ക്രിസ്തീയ ഗുണങ്ങളിൽ പോരായ്മ കാണിക്കുന്നുവെങ്കിൽ നാം അനാവശ്യമായി വിസ്മയംകൊള്ളരുത്. ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു യേശു നല്ല ബുദ്ധ്യുപദേശം നൽകി. (മത്തായി 5:23, 24; 18:15-17) എന്നാൽ മിക്കവാറും എല്ലാസമയത്തും നമുക്ക് നമ്മുടെ സഹവിശ്വാസികളുടെ പരിമിതികൾ കേവലം പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യാം. (1 പത്രൊസ് 4:8) വാസ്തവത്തിൽ, അത്തരം സമീപനം നമ്മുടെതന്നെയും മറ്റുള്ളവരുടെയും ഗുണത്തിൽ കലാശിച്ചേക്കാം. അതെന്തുകൊണ്ട്?
“സദ്ബുദ്ധി ക്ഷിപ്രകോപത്തെ നിയന്ത്രിക്കും; തെറ്റു പൊറുക്കുന്നത് അവനു ഭൂഷണം,” എന്ന് സദൃശവാക്യങ്ങൾ 19:11 (പി.ഒ.സി. ബൈബിൾ) പറയുന്നു. കോപവും വിദ്വേഷവും തിങ്ങിവിങ്ങാൻ അനുവദിക്കുന്നതിനെക്കാൾ എത്രയോ ഭേദമാണു ക്ഷമിക്കുന്നത്! സ്നേഹനിർഭരമായ സ്വഭാവത്തിനു പേരുകേട്ട സാൽവഡോർ എന്നു പേരുള്ള ഒരു മൂപ്പൻ ഇങ്ങനെ പറഞ്ഞു: “ഒരു സഹോദരൻ എന്നോടു മോശമായി പെരുമാറുകയോ നിർദയമായി എന്തെങ്കിലും സംസാരിക്കുകയോ ചെയ്യുമ്പോൾ ഞാൻ സ്വയം ചോദിക്കും: ‘എന്റെ സഹോദരനെ എനിക്കെങ്ങനെ സഹായിക്കാനാവും? അദ്ദേഹവുമായുള്ള എന്റെ വിലയേറിയ ബന്ധം എനിക്കെങ്ങനെ നഷ്ടപ്പെടുത്താതിരിക്കാൻ കഴിയും?’ തെറ്റായ സംഗതി പറയുക എത്ര എളുപ്പമാണെന്ന കാര്യത്തിൽ ഞാൻ എപ്പോഴും ബോധവാനാണ്. ഒരാൾ വീണ്ടുവിചാരമില്ലാതെ സംസാരിക്കുന്നുവെങ്കിൽ ഉത്തമ പരിഹാരമാർഗം അയാൾ താൻ പറഞ്ഞകാര്യം തിരിച്ചെടുത്ത് ഒരു പുതിയ തുടക്കം കുറിക്കുകയാണ്. എന്നാൽ അതു നടപ്പുള്ള കാര്യമല്ല. അതുകൊണ്ട് ഞാൻ അടുത്ത മികച്ച പടി സ്വീകരിക്കുകയും ആ അഭിപ്രായം അവഗണിക്കുകയും ചെയ്യുന്നു. അത് എന്റെ സഹോദരന്റെ യഥാർഥ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണെന്നു ധരിക്കുന്നതിനു പകരം അപൂർണ ജഡത്തിന്റെ ഒരു പൊട്ടിത്തെറിക്കൽ മാത്രമായി ഞാൻ അതിനെ കാണുന്നു.”
പറയാനെളുപ്പമാണ്, പക്ഷേ ചെയ്യാനാണു പ്രയാസം എന്നു നിങ്ങൾക്കു തോന്നിയേക്കാം. എങ്കിലും അധികവും നമ്മുടെ ചിന്താഗതിയെ ആശ്രയിച്ചിരിക്കുന്നു. “പ്രിയങ്കരമായ ഏതു കാര്യങ്ങളും . . . പരിചിന്തിക്കുന്നതിൽ തുടരുക” എന്നു പൗലോസ് ബുദ്ധ്യുപദേശിച്ചു. (ഫിലിപ്യർ 4:8, NW) “പ്രിയങ്കര”മെന്നതിന്റെ അക്ഷരീയ അർഥം “പ്രിയം ജനിപ്പിക്കുന്ന” എന്നാണ്. നാം ആളുകളിലുള്ള നന്മ പരിഗണിക്കുകയും വിദ്വേഷത്തിനു പകരം സ്നേഹം ജനിപ്പിക്കുന്ന സ്വഭാവഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്നാണു യഹോവ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ ഏറ്റവും ശ്രേഷ്ഠമായ മാതൃക അവൻ തന്നെ നമുക്കു നൽകുന്നു. ഇതേപ്പറ്റി സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞുകൊണ്ടു നമ്മെ ഓർമിപ്പിക്കുന്നു: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?”—സങ്കീർത്തനം 103:12; 130:3.
ചിലപ്പോൾ ഒരു സഹോദരന്റെ നടത്ത നിരാശാജനകമായിരിക്കാം എന്നതു ശരിതന്നെ. എങ്കിലും, നമ്മുടെ സഹ ആരാധകരുടെ വലിയ പങ്കും ക്രിസ്തീയ ജീവിതത്തിന്റെ ജ്വലിക്കുന്ന മാതൃകകളാണ്. നാം ഇത് ഓർത്തിരിക്കുന്നുവെങ്കിൽ ദാവീദിനെപ്പോലെ നാമും ‘യഹോവയെ അത്യന്തം സ്തുതിക്കും; പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തു’ന്നതിൽ സന്തോഷമുള്ളവരുമായിരിക്കും.—സങ്കീർത്തനം 109:30.
ഒരു സാക്ഷിയായിരിക്കുന്നത് അത്യന്തം ബുദ്ധിമുട്ടായി തോന്നുന്നുവോ?
ദുഃഖകരമെന്നു പറയട്ടെ, മറ്റൊരു മാനസിക പ്രതിബന്ധം നിമിത്തം അനേകർ ഇതുവരെ യഹോവയെ സ്തുതിക്കാൻ തുടങ്ങിയിട്ടില്ല. യഹോവയുടെ സാക്ഷികളല്ലാത്ത ചില പുരുഷൻമാർ തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി ഉത്തരവാദിത്വപൂർവം കരുതുകയും ക്രിസ്തീയ ശുശ്രൂഷയിൽ ഭാര്യമാരെ പിന്തുണയ്ക്കുകയുംപോലും ചെയ്യുന്നു. അവർ സൗഹൃദരാണ്, സഭയുടെ കാര്യത്തിൽ താത്പര്യമെടുത്തുവെന്നും വരാം. എന്നാൽ ദൈവത്തിന്റെ സമർപ്പിത ദാസൻമാരായിരിക്കുന്നതിൽനിന്ന് അവർ പിൻമാറിനിൽക്കുന്നു. അവരെ തടഞ്ഞുനിർത്തുന്നത് എന്താണ്?
ഈ ഭർത്താക്കൻമാർ ഭാര്യമാരുടെ തിരക്കുപിടിച്ച ദിവ്യാധിപത്യ പ്രവർത്തനം നിരീക്ഷിക്കുകയും ഒരു സാക്ഷിയായിരിക്കുക എന്നതു വളരെ ഭാരിച്ച സംഗതിയാണെന്നു ചിന്തിക്കുകയും ചെയ്യുന്നതായിരിക്കാം ഒരു പ്രശ്നം. അല്ലെങ്കിൽ, വീടുതോറുമുള്ള പ്രസംഗവേലയിൽ തങ്ങൾക്ക് ഒരിക്കലും ഏർപ്പെടാൻ കഴിയുകയില്ലെന്ന് അവർ ഭയപ്പെടുന്നു. അവരുടെ വീക്ഷണത്തിൽ അനുഗ്രഹങ്ങളെക്കാളധികമാണ് ഉത്തരവാദിത്വങ്ങൾ. ഈ മാനസിക പ്രതിബന്ധം എന്തുകൊണ്ടാണ്? മിക്ക ബൈബിൾ വിദ്യാർഥികളും ക്രമേണയാണു സത്യം പഠിച്ചു ബാധകമാക്കുന്നത്. എന്നാൽ അവിശ്വാസികളായ ഭർത്താക്കൻമാർ മിക്കപ്പോഴും സകല ക്രിസ്തീയ ഉത്തരവാദിത്വങ്ങളെ സംബന്ധിച്ചും അവ സ്വീകരിക്കാനുള്ള പ്രേരണ വളർത്തിയെടുക്കുന്നതിനു മുമ്പുതന്നെ വളരെയധികം അറിവുള്ളവരാണ്.
ഈ സാഹചര്യത്തിലായിരുന്ന മാനുവൽ വിശദീകരിക്കുന്നു: “പത്തു വർഷത്തോളം ഞാൻ ഭാര്യയോടൊപ്പം സമ്മേളനങ്ങൾക്കും യോഗങ്ങൾക്കും പോയിരുന്നു. വാസ്തവം പറഞ്ഞാൽ ലോകക്കാരായ ആളുകളെക്കാൾ സാക്ഷികളുമായുള്ള കൂട്ടുകെട്ടായിരുന്നു ഞാൻ കൂടുതൽ ഇഷ്ടപ്പെട്ടത്. എന്നാലാകുന്നപോലെ അവരെ സഹായിക്കുന്നതിൽ എനിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ ഇടയിൽ നിലനിന്ന സ്നേഹത്തിൽ എനിക്കു മതിപ്പുളവായി. എന്നാൽ വീടുതോറും പോവുക എന്ന സംഗതി എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രതിബന്ധം തന്നെയായിരുന്നു. സഹപ്രവർത്തകർ എന്നെ പരിഹസിക്കുമെന്ന ഭയവും എനിക്കുണ്ടായിരുന്നു.
“എന്റെ ഭാര്യ എന്നോടു വളരെ ക്ഷമയോടെ ഇടപെട്ടു. മാത്രമല്ല, ബൈബിൾ പഠിക്കാൻ അവൾ ഒരിക്കലും എന്റെമേൽ നിർബന്ധം ചെലുത്തിയുമില്ല. അവളും കുട്ടികളും മുഖ്യമായും തങ്ങളുടെ നല്ല മാതൃകയിലൂടെയാണു ‘പ്രസംഗിച്ചത്’. സഭയിലെ മൂപ്പനായിരുന്ന ഹോസേ എന്നിൽ പ്രത്യേകം താത്പര്യമെടുത്തു. ഗൗരവമായി അധ്യയനം തുടങ്ങുന്നതിന് ഒടുവിൽ ഇടയാക്കിയത് അദ്ദേഹത്തിന്റെ പ്രോത്സാഹനമായിരുന്നുവെന്ന് എനിക്കു തോന്നുന്നു. സ്നാപനമേറ്റശേഷം എനിക്കു കാര്യം പിടികിട്ടി, മറ്റെന്തിനെക്കാളും വലുത് മാനസിക പ്രതിബന്ധമായിരുന്നു. യഹോവയെ സേവിക്കാൻ തീരുമാനിച്ചതോടെ എന്റെ ഭയാശങ്കകൾ തരണം ചെയ്യുന്നതിൽ ഞാൻ അവന്റെ സഹായം അനുഭവിച്ചറിഞ്ഞു.”
ഭാര്യമാർക്കും ക്രിസ്തീയ മൂപ്പൻമാർക്കും മാനസിക പ്രതിബന്ധങ്ങൾ തരണംചെയ്യുന്നതിനു മാനുവലിനെപ്പോലുള്ള ഭർത്താക്കൻമാരെ എങ്ങനെ സഹായിക്കാൻ കഴിയും? ഒരു ബൈബിളധ്യയനം വിലമതിപ്പും ദൈവഹിതം ചെയ്യാനുള്ള ആഗ്രഹവും നട്ടുവളർത്തിയേക്കാം. തിരുവെഴുത്തു സംബന്ധിച്ചുള്ള ഒരു ആകമാന അറിവാണു വിശ്വാസം പ്രകടിപ്പിക്കുന്നതിനും മുന്നിലുള്ള പ്രത്യാശയിൽ ദൃഢവിശ്വാസമുണ്ടായിരിക്കുന്നതിനുമുള്ള അടിസ്ഥാനം.—റോമർ 15:13.
ഒരു ബൈബിളധ്യയനത്തിനു സമ്മതം മൂളാൻ അത്തരം ഭർത്താക്കൻമാരെ പ്രോത്സാഹിപ്പിക്കുന്നത് എന്താണ്? സഭയിലെ സഹാനുഭൂതിയുള്ള ഒരു സഹോദരനുമായുള്ള സുഹൃദ്ബന്ധം ഒരു പ്രധാന സംഗതിയായിരിക്കാം. ഒരുപക്ഷേ ഒരു മൂപ്പനോ അനുഭവപരിചയമുള്ള മറ്റൊരു സഹോദരനോ ഭർത്താവിനെ അടുത്തറിയാൻ ശ്രമിക്കാവുന്നതാണ്. ഒരു നല്ല സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ ആവശ്യമായിരിക്കുന്ന ഏക സംഗതി ആരെങ്കിലും അദ്ദേഹത്തോടൊപ്പം അധ്യയനം നടത്താൻ വാഗ്ദാനം ചെയ്യുക മാത്രമായിരിക്കും. (1 കൊരിന്ത്യർ 9:19-23) അതിനിടയിൽ, തന്റെ അവിശ്വാസിയായ ഭർത്താവുമായി വിവേചനയുള്ള ക്രിസ്തീയ ഭാര്യക്ക് ആത്മീയ നുറുങ്ങുകൾ പങ്കുവയ്ക്കാവുന്നതാണ്, അദ്ദേഹം സമ്മർദത്തിനു വഴങ്ങുകയില്ലെന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെ.—സദൃശവാക്യങ്ങൾ 19:14.
ഒരു വ്യക്തി ആത്മീയമായി ബലം പ്രാപിച്ചു കഴിയുമ്പോൾ മലപോലുള്ള പ്രതിബന്ധങ്ങൾ ഏതാണ്ട് മൺകൂനപോലെ ആയിത്തീരും, അതാണു മാനുവൽ അനുഭവത്തിൽനിന്നു പഠിച്ചത്. തന്നെ സേവിക്കാനാഗ്രഹിക്കുന്നവരെ യഹോവ ബലപ്പെടുത്തുന്നു. (യെശയ്യാവു 40:29-31) ദൈവബലത്താലും പക്വമതികളായ സാക്ഷികളുടെ പിന്തുണയാലും പ്രതിബന്ധങ്ങൾ നീക്കാവുന്നതാണ്. അപ്പോൾ വീടുതോറുമുള്ള വേലയെക്കുറിച്ചുള്ള ആകുലതയും സഹപ്രവർത്തകരുടെ അധൈര്യപ്പെടുത്തലും ഏതുമല്ലാതായിത്തീരുമെന്നു മാത്രമല്ല മുഴു ദേഹിയോടെയുള്ള സേവനം ആസ്വാദ്യമായിത്തീരുകയും ചെയ്യും.—യെശയ്യാവു 51:12; റോമർ 10:10.
ഗതിവേഗം നിലനിർത്തൽ
പ്രതിബന്ധങ്ങൾ മറികടക്കാൻ കഴിയും, അതിൽ മൂന്നെണ്ണം നാം പരിചിന്തിച്ചു. ഒരു വിമാനം നിലത്തുനിന്ന് ഉയരുമ്പോൾ എൻജിന്റെ പരമാവധി ശക്തിയും വിമാനത്തിലെ ജോലിക്കാരുടെ അവിഭാജ്യമായ ശ്രദ്ധയും സാധാരണഗതിയിൽ ആവശ്യമാണ്. നിലത്തുനിന്നു പൊങ്ങുമ്പോഴാണു യാത്രയിലെ മറ്റേതൊരു സമയത്തെക്കാളും ഗണ്യമായ അളവിൽ എൻജിൻ അധികം ഇന്ധനം കത്തിച്ചു തീർക്കുന്നത്. സമാനമായി, നിഷേധാത്മകമായ ചിന്തകളെയും വിചാരങ്ങളെയും മറികടക്കുന്നതിനു പരമാവധി ശ്രമവും ഏകാഗ്രതയും ആവശ്യമാണ്. തുടക്കമിടുക എന്നതായിരിക്കാം ഏറ്റവും പ്രയാസകരമായ ഘട്ടം, എന്നാൽ ഒരിക്കൽ ഗതിവേഗം നേടിക്കഴിഞ്ഞാൽ പുരോഗതി ശീഘ്രഗതിയിലാകും.—താരതമ്യം ചെയ്യുക: 2 പത്രൊസ് 1:10.
തിരുവെഴുത്തുപരമായ പ്രോത്സാഹനത്തിനു സത്വരം ശ്രദ്ധചെലുത്തിക്കൊണ്ടു തുടർന്നുള്ള പുരോഗതി നിലനിർത്താവുന്നതാണ്. (സങ്കീർത്തനം 119:60) സഭ സഹായിക്കാൻ സന്നദ്ധമാണെന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. (ഗലാത്യർ 6:2) എന്നിരുന്നാലും, യഹോവയിൽനിന്നുള്ള പിന്തുണയാണു സകലത്തിലും പ്രധാനമായിരിക്കുന്നത്. ദാവീദ് പറഞ്ഞപ്രകാരം, “നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു [“യഹോവ,” NW] വാഴ്ത്തപ്പെടുമാറാകട്ടെ.” (സങ്കീർത്തനം 68:19) നാം പ്രാർഥനയിൽ നമ്മുടെ ഭാരമിറക്കുമ്പോൾ നമ്മുടെ ചുമടു ലഘുവായിത്തീരുന്നു.
ചിലപ്പോഴെല്ലാം, മഴയും കാർമേഘവുമുള്ള കാലാവസ്ഥയിൽ പറന്നുയരുന്ന വിമാനം മേഘപടലത്തിലൂടെ തുളച്ചുകയറി നല്ല തെളിഞ്ഞ സൂര്യപ്രകാശമുള്ള ആകാശത്തേക്കു പറക്കുന്നു. നമുക്കും നിഷേധാത്മക ചിന്തകൾ പിന്നിലുപേക്ഷിക്കാം. ദിവ്യസഹായത്താൽ, പ്രതീകാത്മക അർഥത്തിൽ, കട്ടിയുള്ള മേഘപടലത്തിലൂടെ തുളച്ചുകയറുന്നതിനും യഹോവയുടെ ലോകവ്യാപകമായ ആരാധകരുടെ കുടുംബത്തിലെ തെളിഞ്ഞ, സന്തുഷ്ടകരമായ അന്തരീക്ഷത്തിൽ പ്രമോദിക്കുന്നതിനും നമുക്കു കഴിയും.
[23-ാം പേജിലെ ചിത്രം]
യഹോവയുടെ സഹായത്തോടെ നമുക്കു മാനസിക പ്രതിബന്ധങ്ങളെ മറികടക്കാനാവും