നിങ്ങൾക്ക് ആരോഗ്യാവഹമായ വിനോദം കണ്ടെത്താനാകും
വിനോദത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഉല്ലാസത്തെ ബൈബിൾ കുറ്റം വിധിക്കുകയോ കളികളിലെ ആസ്വാദനത്തെ ഒരു സമയനഷ്ടമായി പരിഗണിക്കുകയോ ചെയ്യുന്നില്ല. നേരേമറിച്ച്, “ചിരിപ്പാൻ ഒരു കാല”വും “നൃത്തം ചെയ്വാൻ [“തുള്ളിച്ചാടാൻ,” NW] ഒരു കാല”വും ഉണ്ടെന്നു സഭാപ്രസംഗി 3:4 പറയുന്നു.a പുരാതന ഇസ്രായേലിലെ ദൈവജനം സംഗീതവും നൃത്തവും കളികളും ഉൾപ്പെടെ പലതരത്തിലുള്ള വിനോദങ്ങൾ ആസ്വദിച്ചു. യേശുക്രിസ്തു ഒരു വലിയ വിവാഹ സത്കാരത്തിലും, മറ്റൊരവസരത്തിൽ, “ഒരു വലിയ വിരുന്നി”ലും സംബന്ധിച്ചു. (ലൂക്കൊസ് 5:29; യോഹന്നാൻ 2:1, 2) അതുകൊണ്ട് നല്ലൊരു വിനോദം ആസ്വദിക്കുന്നതിനെ ബൈബിൾ എതിർക്കുന്നില്ല.
എന്നാൽ, ഇന്നത്തെ ബഹുഭൂരിപക്ഷം വിനോദങ്ങളും ദൈവത്തിന് അനിഷ്ടകരമായ നടത്തയെ മഹത്ത്വീകരിക്കുന്നതിനാൽ ഒരു ചോദ്യമുയരുന്നു, വിനോദം തിരഞ്ഞെടുക്കുന്നതിനുള്ള നിങ്ങളുടെ നിലവാരങ്ങൾ ആരോഗ്യാവഹമായി തുടരുന്നുവെന്ന് നിങ്ങൾക്കെങ്ങനെ ഉറപ്പുവരുത്താനാകും? എന്ന ചോദ്യം ഉയർന്നുവരുന്നു.
തിരഞ്ഞെടുക്കൽ മനോഭാവമുള്ളവരായിരിക്കുക
വിനോദം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ബൈബിൾ തത്ത്വങ്ങളാൽ നയിക്കപ്പെടാൻ ക്രിസ്ത്യാനികൾ ആഗ്രഹിക്കും. ദൃഷ്ടാന്തത്തിന്, സങ്കീർത്തനക്കാരനായ ദാവീദ് എഴുതി: “യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും [“അക്രമത്തെ സ്നേഹിക്കുന്നവനെയും,” NW] അവന്റെ ഉള്ളം വെറുക്കുന്നു.” (സങ്കീർത്തനം 11:5) കൊലൊസ്സ്യർക്ക് പൗലൊസ് എഴുതി: “ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.”—കൊലൊസ്സ്യർ 3:5, 8.
ഇന്നു ലഭ്യമായിരിക്കുന്ന മിക്ക വിനോദങ്ങളും ഈ നിശ്വസ്ത ബുദ്ധ്യുപദേശത്തെ സ്പഷ്ടമായും ലംഘിക്കുന്നു. ‘എന്നാൽ സ്ക്രീനിൽ കാണുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും ചെയ്യുകയില്ല’ എന്നു ചിലർ തടസ്സവാദമുന്നയിച്ചേക്കാം. അത് അങ്ങനെ ആയിരിക്കാം. എന്നാൽ നിങ്ങൾ ഏതു തരത്തിലുള്ള വ്യക്തിയായിത്തീരും എന്ന് നിങ്ങളുടെ വിനോദം സൂചിപ്പിക്കുന്നില്ലെങ്കിൽപോലും, നിങ്ങൾ ഇപ്പോൾത്തന്നെ ഏതു തരത്തിലുള്ള വ്യക്തിയാണ് എന്നതു സംബന്ധിച്ച് അതു ചില കാര്യങ്ങൾ വെളിപ്പെടുത്തിയേക്കാം. ദൃഷ്ടാന്തത്തിന്, നിങ്ങൾ “അക്രമത്തെ സ്നേഹിക്കുന്ന”വരിൽ പെട്ടവനാണ്, അല്ലെങ്കിൽ ‘ദുർന്നടപ്പു, അതിരാഗം, അത്യാഗ്രഹം ദുർഭാഷണം’ എന്നിവ നിങ്ങളുടെ നിരന്തര മനോവ്യാപാരമാണ് എന്നോ നിങ്ങൾ യഥാർഥത്തിൽ ‘ദോഷത്തെ വെറുക്കുന്ന’വരിൽ പെട്ടവനാണ് എന്നോ അതു പറഞ്ഞേക്കാം.—സങ്കീർത്തനം 97:10.
അപ്പോസ്തലനായ പൗലൊസ് ഫിലിപ്പിയർക്ക് എഴുതി: “സത്യമായതു ഒക്കെയും ഘനമായതു [“ഗൗരവമുള്ള കാര്യങ്ങൾ,” NW] ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.”—ഫിലിപ്പിയർ 4:8.
എന്നാൽ, ഏതെങ്കിലും തരത്തിലുള്ള നീതികേട്, ഒരുപക്ഷേ ഒരു കുറ്റകൃത്യം ഉൾപ്പെടുന്ന ഒരു ഭാഗമുള്ള എല്ലാ ചലച്ചിത്രങ്ങളും പുസ്തകങ്ങളും ടിവി പ്രദർശനങ്ങളും അതിനാൽത്തന്നെ ചീത്തയാണെന്ന് ഈ തിരുവെഴുത്ത് അർഥമാക്കുന്നുണ്ടോ? അല്ലെങ്കിൽ, “ഗൗരവമുള്ള കാര്യങ്ങൾ” അല്ല എന്ന കാരണത്താൽ എല്ലാ ഫലിത പരിപാടികളും ഒഴിവാക്കണമോ? വേണ്ട, വിനോദത്തെക്കുറിച്ചല്ല മറിച്ച് ഹൃദയത്തിന്റെ ധ്യാനത്തെക്കുറിച്ചാണ് പൗലൊസ് ചർച്ചചെയ്തിരുന്നതെന്നു സാഹചര്യം പ്രകടമാക്കുന്നു. അവ യഹോവയെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങളിൽ കേന്ദ്രീകരിക്കണം. (സങ്കീർത്തനം 19:14) എന്നിരുന്നാലും, വിനോദം തിരഞ്ഞെടുക്കേണ്ടിവരുമ്പോൾ പൗലൊസ് പറഞ്ഞതിനു നമ്മെ സഹായിക്കാനാവും. ഫിലിപ്പിയർ 4:8-ലെ തത്ത്വം ഉപയോഗിച്ച് നമുക്കിങ്ങനെ സ്വയം ചോദിക്കാം, ‘ഞാൻ തിരഞ്ഞെടുക്കുന്ന വിനോദം നിർമലമല്ലാത്ത കാര്യങ്ങൾ ധ്യാനിക്കാൻ എന്നെ പ്രേരിപ്പിക്കുന്നുവോ?’ അങ്ങനെയെങ്കിൽ, അപ്പോൾ നാം ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ട്.
എന്നാൽ, വിനോദത്തെ വിലയിരുത്തുന്നതിൽ ‘തങ്ങളുടെ ന്യായബോധം സകല മനുഷ്യരും അറിയാൻ’ ക്രിസ്ത്യാനികൾ അനുവദിക്കണം. (ഫിലിപ്പിയർ 4:5, NW) ക്രിസ്ത്യാനികൾക്കു തീർത്തും അനുചിതമായ അമിതത്വങ്ങൾ വിനോദങ്ങളിൽ ഉണ്ടെന്നുള്ളതു സ്പഷ്ടമാണ്. അതിനുപുറമേ, ഓരോ വ്യക്തിയും കാര്യങ്ങൾ ശ്രദ്ധാപൂർവം തൂക്കിനോക്കി ദൈവത്തിനും മനുഷ്യനും മുമ്പാകെ തനിക്ക് ഒരു ശുദ്ധ മനസ്സാക്ഷി അവശേഷിപ്പിക്കുന്ന തീരുമാനങ്ങൾ എടുക്കണം. (1 കൊരിന്ത്യർ 10:31-33; 1 പത്രൊസ് 3:21) നിസ്സാര കാര്യങ്ങളിൽ മറ്റുള്ളവരെ വിധിക്കുകയോ അവർ എന്തു ചെയ്യണമെന്നു നിഷ്കർഷിക്കുന്ന സ്വേച്ഛാധിപത്യ ചട്ടങ്ങൾ വെക്കുകയോ ചെയ്യുന്നത് ഉചിതമായിരിക്കില്ല.b—റോമർ 14:4; 1 കൊരിന്ത്യർ 4:6.
മാതാപിതാക്കളുടെ പങ്ക്
വിനോദത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ സുപ്രധാനമായൊരു പങ്കു വഹിക്കുന്നു. പൗലൊസ് എഴുതി: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” (1 തിമൊഥെയൊസ് 5:8) അതുകൊണ്ട്, കുടുംബാംഗങ്ങൾക്കു വേണ്ടി ഭൗതികമായി മാത്രമല്ല ആത്മീയമായും വൈകാരികമായും കരുതാനുള്ള കടപ്പാട് മാതാപിതാക്കൾക്കുണ്ട്. ആരോഗ്യാവഹമായ വിശ്രമത്തിനുവേണ്ടി കരുതൽ ചെയ്യുന്നതും ഇതിൽ ഉൾപ്പെടും.—സദൃശവാക്യങ്ങൾ 24:27.
കുടുംബ ജീവിതത്തിന്റെ ഈ വശം ചിലപ്പോൾ അവഗണിക്കപ്പെടുന്നു. നൈജീരിയയിലെ ഒരു മിഷനറി പറയുന്നു: “നിർഭാഗ്യകരമെന്നു പറയട്ടെ, ചില മാതാപിതാക്കൾ വിനോദത്തെ ഒരു സമയനഷ്ടമായി പരിഗണിക്കുന്നു. തത്ഫലമായി, ചില കുട്ടികൾ മാതാപിതാക്കളുടെ മാർഗനിർദേശമില്ലാത്തവരായി തീർന്നിരിക്കുന്നു. അവർ മോശമായ തരത്തിലുള്ള സുഹൃത്തുക്കളെയും തെറ്റായ തരം വിനോദവും കണ്ടെത്തുന്നു.” മാതാപിതാക്കളേ, ഇതു സംഭവിക്കാൻ അനുവദിക്കരുത്! നിങ്ങളുടെ കുട്ടികൾക്ക് അവരെ നവോന്മേഷിതരാക്കുന്ന ആരോഗ്യാവഹമായ വിനോദമുണ്ടെന്ന് ഉറപ്പുവരുത്തുക.
എന്നാൽ ജാഗ്രത അത്യാവശ്യമാണ്. “ദൈവസ്നേഹികൾ ആയിരിക്കുന്നതിനു പകരം ഉല്ലാസ സ്നേഹികളായിരിക്കുന്ന” ഇന്നത്തെ അനേകരെയും പോലെയായിത്തീരരുത് ക്രിസ്ത്യാനികൾ. (2 തിമൊഥെയൊസ് 3:1-4, NW) അതേ, വിനോദത്തെ അതിന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കണം. അത് ഒരുവന്റെ ജീവിതത്തെ നവോന്മേഷപ്രദമാക്കണം—നിയന്ത്രിക്കരുത്. അതുകൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യമായിരിക്കുന്നത് ഉചിതമായ തരത്തിലുള്ള വിനോദം മാത്രമല്ല ഉചിതമായ അളവിലുള്ളതും ആണ്.—എഫെസ്യർ 5:15, 16.
മറ്റു പ്രവർത്തനങ്ങൾ ആസ്വദിക്കുക
ജനരഞ്ജകമായ മിക്ക വിനോദങ്ങളും ആളുകളെ നിഷ്ക്രിയരായിരിക്കാനാണു പഠിപ്പിക്കുന്നത്, ഊർജസ്വലരായിരിക്കാനല്ല. ദൃഷ്ടാന്തത്തിന്, ടെലിവിഷന്റെ കാര്യമെടുക്കുക. ടിവി ഓഫാക്കിയ ശേഷം നിങ്ങൾ എന്തു ചെയ്യണം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “[ടെലിവിഷൻ] തികച്ചും പ്രകൃത്യാതന്നെ നിഷ്ക്രിയരായിരിക്കാൻ നമ്മെ പഠിപ്പിക്കുന്നു: വിനോദം, പഠനംപോലും ശ്രമരഹിതമായി നമുക്കു ലഭിക്കുന്നതായിത്തീരുന്നു, അത് നമ്മുടെ സജീവ സൃഷ്ടിയല്ല.” തീർച്ചയായും, നിഷ്ക്രിയമായ വിനോദത്തിനുപോലും ഒരു സ്ഥാനമുണ്ട്. എന്നാൽ അതിനായി ഒരു വ്യക്തിയുടെ വളരെയേറെ വിശ്രമസമയം ചെലവഴിക്കുന്നെങ്കിൽ, അത് അയാൾക്ക് പുളകപ്രദമായ അവസരങ്ങൾ നിഷേധിക്കുന്നു.
താൻ “ടെലിവിഷൻ വരുന്നതിനു മുമ്പുള്ള തലമുറയിലെ ഒരംഗമാണെന്നു” പറയുന്ന ഗ്രന്ഥകർത്താവായ ജെറി മാൻഡെർ തന്റെ ബാല്യകാലത്ത് ഇടയ്ക്കിടെ അനുഭവിച്ച വിരസ സമയങ്ങളെക്കുറിച്ചു വിവരിക്കുന്നു: “വിരസതയോടൊപ്പം ഉത്കണ്ഠയും ഉണ്ടായിരുന്നു. അത് അങ്ങേയറ്റം അസുഖകരമായിരുന്നു, ഒടുവിൽ പ്രവർത്തിക്കാൻ, എന്തെങ്കിലും ചെയ്യാൻ ഞാൻ തീരുമാനമെടുക്കുമായിരുന്ന ഘട്ടത്തോളം അസുഖകരമായിരുന്നു. ഞാൻ ഒരു സുഹൃത്തിന് ഫോൺ ചെയ്യുകയോ പുറത്തു പോകുകയോ പന്തുകളിക്കുകയോ വായിക്കുകയോ മറ്റെന്തെങ്കിലുമൊക്കെയോ ചെയ്യുമായിരുന്നു. പിന്തിരിഞ്ഞുനോക്കുമ്പോൾ, വിരസമായ, ‘യാതൊന്നും ചെയ്യാനില്ലാത്ത സമയത്തെ,’ സർഗാത്മ പ്രവർത്തനം ഉത്ഭവിക്കുന്ന ഒരു അവസ്ഥാവിശേഷമായി ഞാൻ വീക്ഷിക്കുന്നു.” കുട്ടികൾ ഇന്ന് ടിവി-യെ വിരസതയ്ക്കുള്ള ഒരു അനായാസ പരിഹാരമായി ഉപയോഗിക്കുന്നുവെന്നു മാൻഡെർ അഭിപ്രായപ്പെടുന്നു. “വിരസതയെ തുടർന്ന് ഉണ്ടായേക്കാവുന്ന ഉത്കണ്ഠയെയും സർഗാത്മകതയെയും ടിവി ഇല്ലാതാക്കുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അങ്ങനെ, നിഷ്ക്രിയതയല്ല മറിച്ച് ക്രിയാത്മകത ആവശ്യമാക്കുന്ന പ്രവർത്തനങ്ങൾ തങ്ങൾ വിചാരിച്ചതിനെക്കാളും സംതൃപ്തിദായകം ആയിരിക്കാവുന്നതാണെന്ന് അനേകർ കണ്ടെത്തിയിരിക്കുന്നു. മറ്റുള്ളവരോടൊപ്പം ഉച്ചത്തിൽ വായിക്കുന്നത് ആസ്വാദനത്തിന്റെ ഒരു ഉറവാണെന്ന് ചിലർ മനസ്സിലാക്കിയിരിക്കുന്നു. മറ്റു ചിലർ ഒരു സംഗീതോപകരണം വായിക്കുന്നതോ ഒരു ചിത്രം വരയ്ക്കുന്നതോപോലുള്ള ഹോബികളിൽ ഏർപ്പെടുന്നു. കൂടാതെ, ആരോഗ്യാവഹമായ കൂടിവരവുകൾ ക്രമീകരിക്കാനുള്ള അവസരങ്ങൾ ഉണ്ട്.c (ലൂക്കൊസ് 14:12-14) വീടിനു വെളിയിൽ പോയുള്ള വിനോദങ്ങൾക്കും പ്രയോജനങ്ങൾ ഉണ്ട്. സ്വീഡനിലെ ഒരു ഉണരുക! ലേഖകൻ റിപ്പോർട്ടു ചെയ്യുന്നു: “വെറുതേ തമ്പടിക്കൽ, മീൻപിടുത്തം, കാട്ടിലൂടെയുള്ള വിനോദയാത്രകൾ, ബോട്ടുയാത്രകൾ, മലമുകളിലൂടെ നടക്കുന്നത് തുടങ്ങിയവയ്ക്കായി ചില കുടുംബങ്ങൾ പോകുന്നു. കുട്ടികൾ വളരെ ആഹ്ലാദഭരിതരാണ്.”
വിനോദത്തിൽ ദുഷിപ്പിക്കുന്ന ഘടകങ്ങളുടെ സാന്നിധ്യം നമ്മെ അതിശയിപ്പിക്കരുത്. ജനതകളിലെ ആളുകൾ “തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നു”വെന്ന് അപ്പോസ്തലനായ പൗലൊസ് എഴുതി. (എഫെസ്യർ 4:17) അതുകൊണ്ട്, വിനോദമായി അവർക്കു തോന്നുന്ന മിക്കതും “ജഡത്തിന്റെ പ്രവൃത്തിക”ൾക്കു വളംവെച്ചുകൊടുക്കുമെന്നു പ്രതീക്ഷിക്കാവുന്നതേയുള്ളൂ. (ഗലാത്യർ 5:19-21) എന്നാൽ, തങ്ങളുടെ വിനോദത്തിന്റെ ഗുണവും അളവും സംബന്ധിച്ച് ആരോഗ്യാവഹമായ തീരുമാനങ്ങൾ എടുക്കാൻ ക്രിസ്ത്യാനികൾക്കു തങ്ങളെത്തന്നെ പരിശീലിപ്പിക്കാൻ കഴിയും. അവർക്കു വിനോദം ഒരു കുടുംബ വിഷയമാക്കാവുന്നതുമാണ്. നവോന്മേഷപ്രദവും വരുംവർഷങ്ങളിൽ പ്രിയങ്കരമായ ഓർമകൾ പ്രദാനം ചെയ്യുന്നതുമായ പുതിയ പ്രവർത്തനങ്ങൾ പരീക്ഷിച്ചുനോക്കാവുന്നതുമാണ്. അതേ, നിങ്ങൾക്ക് ആരോഗ്യാവഹമായ വിനോദം കണ്ടെത്താൻ കഴിയും!
[അടിക്കുറിപ്പുകൾ]
a “ചിരിപ്പാൻ” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തെ “കളിക്കാൻ,” “കുറച്ചു വിനോദം ഒരുക്കാൻ,” “ആഘോഷിക്കാൻ,” “നേരമ്പോക്ക് ഉണ്ടായിരിക്കാൻ” എന്നിങ്ങനെയൊക്കെ പരിഭാഷപ്പെടുത്താനാവും.
b കൂടുതലായ വിവരത്തിന്, ഉണരുക!യുടെ 1978 മാർച്ച് 22 (ഇംഗ്ലീഷ്) ലക്കത്തിലെ 16-21 പേജുകളും 1995 ഡിസംബർ 8 ലക്കത്തിലെ 6-8 പേജുകളും കാണുക.
c സാമൂഹിക കൂടിവരവുകൾ സംബന്ധിച്ച മാർഗനിർദേശങ്ങൾക്ക് 1992 ആഗസ്റ്റ് 15 വീക്ഷാഗോപുരത്തിന്റെ 15-20 പേജുകളും 1996 ഒക്ടോബർ 1 വീക്ഷാഗോപുരത്തിന്റെ 18-19 പേജുകളും കാണുക.
[9-ാം പേജിലെ ചിത്രങ്ങൾ]
ആരോഗ്യാവഹമായ വിനോദം പ്രതിഫലദായകം ആയിരിക്കാവുന്നതാണ്