-
നമുക്ക് എങ്ങനെ ശുദ്ധിയുള്ളവരായിരിക്കാം?ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
പാഠം 40
നമുക്ക് എങ്ങനെ ശുദ്ധിയുള്ളവരായിരിക്കാം?
ഒരു അമ്മ തന്റെ കുഞ്ഞുമകനെ എങ്ങനെയായിരിക്കും സ്കൂളിലേക്കു വിടുക? കുളിപ്പിച്ച്, നല്ല വൃത്തിയുള്ള ഉടുപ്പ് ഇട്ടുകൊടുത്ത്, ഒരുക്കി വിടും. അങ്ങനെ ചെയ്യുന്നതു കുട്ടിയുടെ ആരോഗ്യത്തിനു നല്ലതാണ്. മാത്രമല്ല, മാതാപിതാക്കൾ കുട്ടിയെ സ്നേഹിക്കുന്നുണ്ടെന്നും നന്നായി നോക്കുന്നുണ്ടെന്നും മറ്റുള്ളവർക്കു മനസ്സിലാകും. ഇതുപോലെ നമ്മളും വൃത്തിയും ശുദ്ധിയും ഉള്ളവരായിരിക്കാനാണു നമ്മുടെ സ്വർഗീയ പിതാവായ യഹോവയും ആഗ്രഹിക്കുന്നത്. നമ്മൾ ശാരീരികശുദ്ധി മാത്രം നോക്കിയാൽ പോരാ, നമ്മുടെ ചിന്തയും സംസാരവും പ്രവൃത്തികളും എല്ലാം ശുദ്ധമായിരിക്കണം. അതായതു നമ്മൾ ധാർമികമായും ശുദ്ധരായിരിക്കണം. നമ്മൾ ശുദ്ധിയുള്ളവരാണെങ്കിൽ അതു നമുക്കു ഗുണം ചെയ്യും. കൂടാതെ, യഹോവയെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.
1. നമുക്ക് എങ്ങനെ ശുചിത്വം പാലിക്കാം?
‘നിങ്ങൾ വിശുദ്ധരായിരിക്കണം’ എന്ന് യഹോവ തന്റെ ജനത്തോടു പറയുന്നു. (1 പത്രോസ് 1:16) വിശുദ്ധരായിരിക്കണമെങ്കിൽ നമ്മൾ ധാർമികമായും ശാരീരികമായും ശുദ്ധരായിരിക്കണം. ശാരീരികശുദ്ധിയിൽ വൃത്തിയുള്ളവരായിരിക്കുന്നത് ഉൾപ്പെടുന്നു. പതിവായി കുളിക്കുകയും തുണി അലക്കുകയും വീടും പരിസരവും വാഹനവും ഒക്കെ വൃത്തിയായി സൂക്ഷിക്കുകയും വേണം. രാജ്യഹാൾ വൃത്തിയാക്കുന്നതിലും നമുക്കു സഹായിക്കാം. ഇങ്ങനെ ശുചിത്വശീലങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് യഹോവയെ ബഹുമാനിക്കാം.—2 കൊരിന്ത്യർ 6:3, 4.
2. ശുദ്ധിയുള്ളവരായിരിക്കാൻ ഏതൊക്കെ ശീലങ്ങൾ ഒഴിവാക്കണം?
‘ശരീരത്തെയും ചിന്തകളെയും മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെ ശുദ്ധീകരിക്കാൻ’ ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 7:1) അതുകൊണ്ട് ശരീരത്തിനും മനസ്സിനും ദോഷം വരുത്തിയേക്കാവുന്ന എല്ലാ കാര്യങ്ങളും നമ്മൾ ഒഴിവാക്കണം. നമ്മൾ ചിന്തിക്കുന്ന കാര്യങ്ങൾപോലും ദൈവത്തിന് ഇഷ്ടമുള്ളതായിരിക്കണം. അതുകൊണ്ട് മോശമായ ചിന്തകൾ വന്നാൽ പെട്ടെന്നുതന്നെ അതു മനസ്സിൽനിന്ന് മാറ്റിക്കളയേണ്ടതുണ്ട്. (സങ്കീർത്തനം 104:34) അതുപോലെ നമ്മുടെ സംസാരവും മാന്യമായിരിക്കണം.—കൊലോസ്യർ 3:8 വായിക്കുക.
ശാരീരികമായും ധാർമികമായും നമ്മളെ അശുദ്ധമാക്കുന്ന മറ്റ് എന്തൊക്കെ കാര്യങ്ങളുണ്ട്? ശരീരത്തിനു ദോഷം വരുത്തുന്ന ചില വസ്തുക്കളാണ് പുകയില, വെറ്റില, അടയ്ക്ക തുടങ്ങിയവ. മയക്കുമരുന്നിന്റെ ഉപയോഗവും ഇതിൽപ്പെടുന്നു. ഇതൊക്കെ ഒഴിവാക്കുമ്പോൾ നമുക്കു നല്ല ആരോഗ്യം കിട്ടും. കൂടാതെ ജീവൻ എന്ന സമ്മാനത്തോട് ആദരവ് കാണിക്കാനും പറ്റും. ധാർമികമായി ശുദ്ധിയുള്ളവരായിരിക്കാൻ നമ്മൾ അശ്ലീലം കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും ഒഴിവാക്കണം. (സങ്കീർത്തനം 119:37; എഫെസ്യർ 5:5) ഇത്തരം ശീലങ്ങൾ ഒഴിവാക്കാൻ ചിലപ്പോൾ നമുക്ക് വളരെ ബുദ്ധിമുട്ടാണെന്നു തോന്നിയേക്കാം. പക്ഷേ നമ്മളെ സഹായിക്കാൻ യഹോവയുണ്ട്.—യശയ്യ 41:13 വായിക്കുക.
ആഴത്തിൽ പഠിക്കാൻ
നമ്മൾ ശുദ്ധിയുള്ളവരായിരിക്കുമ്പോൾ യഹോവയ്ക്ക് എങ്ങനെയാണ് മഹത്ത്വം കിട്ടുന്നത്? മോശമായ ശീലങ്ങൾ എങ്ങനെ ഒഴിവാക്കാം? നമുക്കു നോക്കാം.
3. ശുചിത്വം പാലിക്കുന്നത് ദൈവത്തെ മഹത്ത്വപ്പെടുത്തും
ശുചിത്വം പാലിക്കുന്നതിനോടു ബന്ധപ്പെട്ട് പല കല്പനകളും യഹോവ ഇസ്രായേൽ ജനതയ്ക്കു കൊടുത്തിരുന്നു. അതു പരിശോധിച്ചാൽ ശുദ്ധിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം നമുക്കു മനസ്സിലാക്കാനാകും. പുറപ്പാട് 19:10; 30:17-19 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ശാരീരികശുദ്ധിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം എന്താണ്?
ശുചിത്വം പാലിക്കാൻ ഏതു നല്ല ശീലങ്ങൾ നമ്മളെ സഹായിക്കും?
എല്ലാം വൃത്തിയും വെടിപ്പും ആയി സൂക്ഷിക്കുന്നതിന്, കുറച്ചു സമയവും ശ്രമവും വേണമെന്നതു ശരിയാണ്. താമസിക്കുന്നത് എവിടെയായാലും സാമ്പത്തികസ്ഥിതി എന്തായാലും നമുക്കു ശുദ്ധിയുള്ളവരായിരിക്കാൻ കഴിയും. വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
നമുക്കുള്ളതെല്ലാം വൃത്തിയായി സൂക്ഷിക്കുമ്പോൾ അതു സന്തോഷവാർത്തയ്ക്കും യഹോവയ്ക്കും മഹത്ത്വം കൊടുക്കുന്നത് എങ്ങനെ?
4. ചീത്ത ശീലങ്ങൾ കീഴടക്കുക
ഒരു രസത്തിനുവേണ്ടി പുകവലിക്കാനും മയക്കുമരുന്ന് ഉപയോഗിക്കാനും തുടങ്ങിയവർ അതു നിറുത്താൻ ബുദ്ധിമുട്ടുന്നതിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമായിരിക്കും. ഈ ശീലം ഒഴിവാക്കാൻ എന്തു സഹായമാണുള്ളത്? ഈ ദുശ്ശീലങ്ങൾ നമ്മളെ എങ്ങനെയാണു ബാധിക്കുന്നത്? മത്തായി 22:37-39 വായിക്കുക. പുകയിലയുടെയും മയക്കുമരുന്നിന്റെയും ഉപയോഗം എങ്ങനെയാണ് . . .
യഹോവയുമായുള്ള സുഹൃദ്ബന്ധത്തെ ബാധിക്കുന്നത്?
കുടുംബാംഗങ്ങളുമായും മറ്റുള്ളവരുമായും ഉള്ള ബന്ധത്തെ ബാധിക്കുന്നത്?
ചീത്ത ശീലം നിറുത്തുന്നതിന് ഒരു പ്ലാൻ ഉണ്ടാക്കുക.a വീഡിയോ കാണുക.
ഫിലിപ്പിയർ 4:13 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ചീത്ത ശീലങ്ങൾക്കെതിരെ നല്ല പോരാട്ടം നടത്താൻ പതിവായി പ്രാർഥിക്കുന്നതും ബൈബിൾ പഠിക്കുന്നതും മീറ്റിങ്ങുകൾക്കു കൂടിവരുന്നതും ഒരു വ്യക്തിയെ സഹായിക്കുന്നത് എങ്ങനെയാണ്?
5. മോശമായ ചിന്തകൾക്കും ശീലങ്ങൾക്കും എതിരെ പോരാടുക
കൊലോസ്യർ 3:5 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
അശ്ലീലം, സെക്സ്റ്റിങ്,b സ്വയംഭോഗം ഇതൊക്കെ യഹോവ അശുദ്ധമായിട്ടാണോ കാണുന്നത്, എന്തുകൊണ്ട്?
ധാർമികമായി ശുദ്ധരായിരിക്കാൻ യഹോവ ആവശ്യപ്പെടുന്നതു ന്യായമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? എന്തുകൊണ്ട്?
മോശമായ ചിന്തകൾക്കെതിരെ എങ്ങനെ പോരാടാം എന്നു മനസ്സിലാക്കാൻ വീഡിയോ കാണുക.
ധാർമികമായി ശുദ്ധരായിരിക്കാൻ നമ്മൾ തീരുമാനിച്ചുറയ്ക്കണം. ഇക്കാര്യം വ്യക്തമാക്കാൻ യേശു ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. മത്തായി 5:29, 30 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
നമ്മുടെ ശരീരത്തെ ദ്രോഹിക്കണമെന്നല്ല യേശു പറഞ്ഞതിന്റെ അർഥം. നമ്മൾ പ്രധാനപ്പെട്ട ചില നടപടികൾ സ്വീകരിക്കണമെന്നാണ് യേശു ഉദ്ദേശിച്ചത്. മോശമായ ചിന്തകൾ ഒഴിവാക്കാൻ ഒരു വ്യക്തിക്കു ശക്തമായ എന്തൊക്കെ തീരുമാനങ്ങളെടുക്കാൻ കഴിയും?c
മോശമായ ശീലങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി നിങ്ങൾ പോരാടുന്നതു കാണുമ്പോൾ യഹോവയ്ക്ക് വലിയ സന്തോഷം തോന്നും. സങ്കീർത്തനം 103:13, 14 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
മോശമായ ഒരു ശീലവുമായി നിങ്ങൾ മല്ലിടുകയാണോ? മടുത്തുപോകാതെ പോരാട്ടം തുടരാൻ ഈ ബൈബിൾവാക്യം നിങ്ങളെ എങ്ങനെ സഹായിക്കും?
വീഴ്ചകൾ തോൽവിയല്ല!
ഏതെങ്കിലും ദുശ്ശീലം നിറുത്തിയ ഒരാൾ വീണ്ടും അതിലേക്കു വീണുപോയാൽ ‘ഇനി ഒരു രക്ഷയുമില്ല, എന്നെകൊണ്ട് പറ്റില്ല’ എന്ന് ഒരുപക്ഷേ ചിന്തിച്ചേക്കാം. എന്നാൽ ഇങ്ങനെ ചിന്തിക്കുക: ഒരു ഓട്ടക്കാരൻ മത്സരത്തിനിടെ തട്ടിവീണാൽ അദ്ദേഹം പരാജയപ്പെട്ടു എന്ന് അർഥമില്ല, തുടക്കംമുതൽ വീണ്ടും ഓടിത്തുടങ്ങണമെന്നുമില്ല. ഇതുപോലെ മോശമായ ചില ശീലങ്ങൾക്കെതിരെ പോരാടുമ്പോൾ നിങ്ങൾ വീണുപോയാൽ അതിനർഥം പരാജയപ്പെട്ടു എന്നല്ല. ഇതുവരെ ഈ ശീലത്തിൽനിന്ന് പുറത്തുവരാൻ ചെയ്ത എല്ലാ ശ്രമങ്ങളും അതോടെ പാഴായിപ്പോയി എന്നുമല്ല. വീഴ്ചകൾ സ്വാഭാവികമാണ്. വിജയത്തിലേക്കുള്ള പാതയിൽ അതൊക്കെ പതിവാണ്. നമ്മൾ മടുത്തുപോകരുത്. യഹോവയുടെ സഹായത്താൽ ചീത്ത ശീലത്തെ നമുക്കു തോൽപ്പിക്കാൻ കഴിയും.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “എനിക്ക് ഈ ശീലം ഉപേക്ഷിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.”
യഹോവയുടെ സഹായത്താൽ ഒരു ചീത്ത ശീലം നിറുത്താൻ കഴിയും എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ നിങ്ങൾ ഏതു ബൈബിൾവാക്യം ഉപയോഗിക്കും?
ചുരുക്കത്തിൽ
നമ്മുടെ ശരീരവും മനസ്സും പ്രവൃത്തികളും എല്ലാം ശുദ്ധമായി സൂക്ഷിച്ചുകൊണ്ട് നമ്മൾ യഹോവയെ സന്തോഷിപ്പിക്കുന്നു.
ഓർക്കുന്നുണ്ടോ?
ശുദ്ധരായിരിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്?
നമുക്ക് എങ്ങനെ ശുചിത്വം പാലിക്കാം?
നമുക്ക് എങ്ങനെ ചിന്തകളും പ്രവൃത്തികളും ശുദ്ധമായി സൂക്ഷിക്കാം?
കൂടുതൽ മനസ്സിലാക്കാൻ
സാമ്പത്തികമായി അധികമൊന്നും ഇല്ലാത്തവർക്കുപോലും ശുചിത്വം പാലിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും?
പുകവലി നിറുത്തുന്നതിന് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ മനസ്സിലാക്കുക.
“എങ്ങനെ പുകവലി നിറുത്താം?” (വെബ്സൈറ്റിലെ ലേഖനം, ഉണരുക! 2010 ഒക്ടോബർ-ഡിസംബർ)
അശ്ലീലം കാണുന്നതുകൊണ്ടുള്ള കുഴപ്പങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കുക.
“അശ്ലീലം—അതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്നാണോ?” (വെബ്സൈറ്റിലെ ലേഖനം)
അശ്ലീലം കാണുന്ന ശീലത്തിൽനിന്ന് ഒരു വ്യക്തി പുറത്തുവന്നത് എങ്ങനെയാണെന്നു മനസ്സിലാക്കുക.
“തോൽവികളിൽ പതറാതെ വിജയത്തിലേക്ക്” (വീക്ഷാഗോപുരം 2016 നമ്പർ 4)
a “കൂടുതൽ മനസ്സിലാക്കാൻ” എന്ന ഭാഗത്ത് “എങ്ങനെ പുകവലി നിറുത്താം?” എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം കാണാം. ചീത്ത ശീലങ്ങൾ മറികടക്കുന്നതിനുള്ള വഴികൾ ആ ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്.
b ലൈംഗികച്ചുവയുള്ള മെസേജുകളോ ഫോട്ടോകളോ വീഡിയോകളോ മൊബൈലിലൂടെയോ മറ്റോ അയച്ചുകൊടുക്കുന്നതിനെയാണ് സെക്സ്റ്റിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
-
-
എതിർപ്പും ഉപദ്രവവും നേരിട്ടാലും നിങ്ങൾക്ക് വിശ്വസ്തരായിരിക്കാനാകുംജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
6. സഹിച്ചുനിൽക്കാൻ യഹോവ നമ്മളെ സഹായിക്കും
എതിർപ്പുകളും ഉപദ്രവങ്ങളും നേരിടേണ്ടിവന്നിട്ടുപോലും പ്രായഭേദമെന്യേ യഹോവയുടെ സാക്ഷികൾ യഹോവയെ വിശ്വസ്തമായി ആരാധിച്ചിരിക്കുന്നു. അവർക്ക് അതിനു കഴിഞ്ഞത് എങ്ങനെയാണ്? വീഡിയോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.
വീഡിയോയിൽ കണ്ട സഹോദരീസഹോദരന്മാർക്ക് സഹിച്ചുനിൽക്കാൻ കഴിഞ്ഞത് എങ്ങനെയാണ്?
റോമർ 8:35, 37-39; ഫിലിപ്പിയർ 4:13 എന്നീ വാക്യങ്ങൾ വായിക്കുക. ഓരോ തിരുവെഴുത്തും വായിച്ചതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
ഏതൊരു പരിശോധനയും സഹിച്ചുനിൽക്കാൻ കഴിയുമെന്ന് ഈ വാക്യം നമുക്ക് ഉറപ്പുതരുന്നത് എങ്ങനെയാണ്?
മത്തായി 5:10-12 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
എതിർപ്പും ഉപദ്രവവും ഒക്കെ നേരിടേണ്ടിവന്നാലും നിങ്ങൾക്ക് സന്തോഷിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
-