നിങ്ങളുടെ കഴിവുകൾ നിങ്ങളുടെ ബലഹീനത ആകാതിരിക്കട്ടെ
വെള്ളം കടക്കാത്ത 16 കമ്പാർട്ടുമെന്റുകളുള്ള ആഡംബരക്കപ്പൽ ആയിരുന്നു ടൈറ്റാനിക്. അത് ഒരിക്കലും മുങ്ങുകയില്ലെന്നു കരുതപ്പെട്ടിരുന്നു. 1912-ലെ അതിന്റെ കന്നിയാത്രയിൽ, ആവശ്യമായിരുന്നതിന്റെ പകുതി ലൈഫ് ബോട്ടുകളേ അതിൽ ഉണ്ടായിരുന്നുള്ളൂ. ഒരു മഞ്ഞുമലയിൽ ഇടിച്ച് ആ കപ്പൽ മുങ്ങി—1,500-ലധികം പേരുടെ ജീവൻ അപഹരിച്ചുകൊണ്ട്.
പുരാതന യെരൂശലേമിലെ ദൈവഭയം ഉണ്ടായിരുന്ന ഉസ്സീയാ രാജാവ് സമർഥനായ ഒരു സൈനിക മേധാവി ആയിരുന്നു. യഹോവയുടെ സഹായത്താൽ അവൻ ശത്രുക്കളെ ഒന്നൊന്നായി പരാജയപ്പെടുത്തി. “[ഉസ്സീയാവ്] പ്രബലനായിത്തീരുവാന്തക്കവണ്ണം അതിശയ[കര]മായി അവന്നു സഹായം ലഭിച്ചതുകൊണ്ടു അവന്റെ ശ്രുതി ബഹുദൂരം പരന്നു.” എന്നാൽ, “അവന്റെ ഹൃദയം . . . നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുററം ചെയ്തു.” ഗർവം നിമിത്തം ഉസ്സീയാവിനു കുഷ്ഠം ബാധിച്ചു.—2 ദിനവൃത്താന്തം 26:15-21; സദൃശവാക്യങ്ങൾ 16:18.
മേൽപ്പരാമർശിച്ച രണ്ടു വിവരണങ്ങളും നമ്മെ ഒരു സംഗതി പഠിപ്പിക്കുന്നു: ജ്ഞാനം, എളിമ, താഴ്മ എന്നീ ഗുണങ്ങളുമായി സമനിലയിൽ നിർത്താത്തപക്ഷം നമ്മുടെ കഴിവുകൾ എളുപ്പത്തിൽ ഒരു ബലഹീനതയോ ന്യൂനതയോ ആയിത്തീർന്നേക്കാം. അതു ഗൗരവമുള്ള ഒരു സംഗതിയാണ്. കാരണം, ഏതെങ്കിലും തരത്തിലുള്ള കഴിവുകളോ പ്രാപ്തികളോ നമുക്കോരോരുത്തർക്കും ഉണ്ട്. നമുക്കും മറ്റുള്ളവർക്കും—പ്രത്യേകിച്ച് നമ്മുടെ സ്രഷ്ടാവിന്—സന്തോഷം പ്രദാനം ചെയ്യുന്ന വിധത്തിൽ അവ ഒരു മുതൽക്കൂട്ട് ആയിരിക്കാൻ നാം ആഗ്രഹിക്കുന്നു. ദൈവം നമുക്കു നൽകിയിരിക്കുന്ന ഏതൊരു പ്രാപ്തിയും നാം പരമാവധി പ്രയോജനപ്പെടുത്തുകയും അതേസമയം വിലയേറിയ ഒരു മുതൽക്കൂട്ട് ആയി തുടരത്തക്കവണ്ണം അതിനെ നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്.
ഉദാഹരണത്തിന്, തന്റെ ജോലിയെ അതിയായി പ്രിയപ്പെടുന്ന ഒരാൾ ഒരു തൊഴിലാസക്തൻ ആകുകവഴി തന്റെ തൊഴിൽ പ്രിയത്തെ ഒരു ബലഹീനത ആക്കുകയായിരിക്കും ചെയ്യുന്നത്. അതുപോലെ, ജാഗരൂകനായ ഒരു വ്യക്തിയെ എളുപ്പം കബളിപ്പിക്കാനോ വഞ്ചിക്കാനോ കഴിയില്ല എന്നതു ശരിയാണെങ്കിലും അതിജാഗ്രത പുലർത്തുന്നതിനാൽ ആ വ്യക്തി ഒരിക്കലും തീരുമാനങ്ങൾ എടുക്കാതിരുന്നേക്കാം. കാര്യക്ഷമതയും വളരെ നല്ല ഒരു ഗുണമാണ്. എന്നാൽ, മാനുഷിക പരിമിതികൾ കണക്കിലെടുക്കാതെ അതിരു കടന്നുപോകാൻ അതിനെ അനുവദിക്കുന്നെങ്കിൽ അസന്തുഷ്ടി ഉളവാക്കുന്ന മരവിച്ച, കർക്കശമായ അന്തരീക്ഷമായിരുന്നേക്കാം ഫലം. അതുകൊണ്ട്, നിങ്ങളുടെ പ്രാപ്തികളെ കുറിച്ചു വിചിന്തനം ചെയ്യാൻ അൽപ്പം സമയമെടുക്കുക. നിങ്ങൾ അവയെ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നുവോ? അവ മറ്റുള്ളവർക്ക് ഒരു അനുഗ്രഹമാണോ? സർവോപരി, “എല്ലാ നല്ല ദാന”ങ്ങളുടെയും ഉറവിടമായ യഹോവയെ മഹത്ത്വപ്പെടുത്താൻ നിങ്ങൾ അവയെ ഉപയോഗിക്കുന്നുവോ? (യാക്കോബ് 1:17) ശ്രദ്ധിക്കാത്തപക്ഷം, ബലഹീനത—ഒരുപക്ഷേ ദോഷകരം പോലും—ആയിത്തീർന്നേക്കാവുന്ന ഏതാനും കഴിവുകളെ കുറിച്ചു നമുക്കു പരിചിന്തിക്കാം.
മാനസിക പ്രാപ്തികൾ ജ്ഞാനപൂർവം ഉപയോഗിക്കുക
നല്ല ഓർമശക്തി തീർച്ചയായും ഒരു മുതൽക്കൂട്ടാണ്. എന്നാൽ, നമ്മിൽ അമിതമായ ആത്മവിശ്വാസം ഉളവാക്കാനോ മറ്റുള്ളവർ നമ്മെ അങ്ങേയറ്റം പ്രശംസിക്കുന്നതിന്റെ അല്ലെങ്കിൽ നമ്മെ കുറിച്ചു മുഖസ്തുതി പറയുന്നതിന്റെ ഫലമായി നാം നമ്മെ കുറിച്ചു തന്നെ ഒരു ഉന്നതഭാവം വളർത്തിയെടുക്കാനോ ഇടയാക്കുന്നപക്ഷം അത് ഒരു ബലഹീനത ആയിത്തീർന്നേക്കാം. ദൈവവചനത്തെയും ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളെയും കുറിച്ച് ഒരു ബൗദ്ധിക വീക്ഷണം നാം വളർത്തിയെടുക്കുന്നു എന്നും വരാം.
അമിതമായ ആത്മവിശ്വാസം പല വിധങ്ങളിൽ തലപൊക്കിയേക്കാം. ഉദാഹരണത്തിന്, നല്ല ഓർമശക്തിയുള്ള ഒരു വ്യക്തി, ക്രിസ്തീയ സഭയിൽ പരസ്യ പ്രസംഗമോ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ ഒരു പ്രസംഗ നിയമനമോ ലഭിക്കുമ്പോൾ അതിനുള്ള തയ്യാറെടുപ്പ് അവസാന നിമിഷത്തേക്കു മാറ്റിവെച്ചേക്കാം, അല്ലെങ്കിൽ യഹോവയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുക പോലും ചെയ്യാതിരുന്നേക്കാം. പകരം, സ്വന്തം അറിവിലും തത്ക്ഷണം കാര്യങ്ങൾ അവതരിപ്പിക്കാനുള്ള സ്വന്തം പ്രാപ്തിയിലും അയാൾ ആശ്രയിക്കുന്നു. അയാളുടെ സ്വതസിദ്ധമായ പ്രാപ്തി ഒരു സമയം വരെ ആ അനാസ്ഥയെ മറച്ചുവെച്ചേക്കാം. എന്നാൽ, യഹോവയുടെ പൂർണ അനുഗ്രഹം ലഭിക്കാതാകുമ്പോൾ അയാളുടെ ആത്മീയ പുരോഗതി മന്ദഗതിയിൽ ആകും, ഒരുപക്ഷേ പാടേ നിലച്ചുപോകും. അപ്പോൾ എത്ര നല്ല ഒരു പ്രാപ്തിയാണ് പാഴായിപ്പോകുന്നത്!—സദൃശവാക്യങ്ങൾ 3:5, 6; യാക്കോബ് 3:1.
ബുദ്ധികൂർമതയുള്ള ഒരുവൻ ബൈബിളിനെയും ബൈബിൾ അധ്യയന സഹായികളെയും കുറിച്ച് ബൗദ്ധികമായ വീക്ഷണം പുലർത്തിയേക്കാം. എന്നാൽ, അത്തരം അറിവ് “പൊങ്ങച്ച”ത്തിനോ ദുരഭിമാനം ഒരു ബലൂൺ പോലെ വീർക്കാനോ മാത്രമേ ഇടയാക്കുകയുള്ളൂ; സ്നേഹനിർഭരമായ ക്രിസ്തീയ ബന്ധങ്ങൾ ‘പടുത്തുയർത്താൻ’ ഉതകുകയില്ല. (1 കൊരിന്ത്യർ 8:1, ഓശാന ബൈബിൾ; ഗലാത്യർ 5:26) നേരെ മറിച്ച്, ഒരു ആത്മീയ പുരുഷൻ തനിക്ക് എന്തെല്ലാം മാനസിക പ്രാപ്തികൾ ഉണ്ടായിരുന്നാലും എല്ലായ്പോഴും ദൈവാത്മാവിൽ ആശ്രയിക്കുകയും അതിനായി പ്രാർഥിക്കുകയും ചെയ്യുന്നു. സ്നേഹം, താഴ്മ, അറിവ്, ജ്ഞാനം എന്നീ ഗുണങ്ങളിലെല്ലാം സമനില കൈവരിച്ചുകൊണ്ടു വളരുമ്പോൾ അയാളുടെ കഴിവ് ഒരു മുതൽക്കൂട്ട് ആയിത്തീരുന്നു.—കൊലൊസ്സ്യർ 1:9, 10.
എളിമയുള്ളവർ ആയിരിക്കാതെ, നമുക്കുള്ള പ്രാപ്തി നിമിത്തം നമ്മെ കുറിച്ചുതന്നെ ഒരു ഉന്നതഭാവം വളർത്തിയെടുത്തിട്ടുണ്ടെങ്കിൽ ആ പ്രാപ്തി ഒരു ബലഹീനത ആയിത്തീർന്നേക്കാം. വ്യക്തമായും, കഴിവുറ്റ ഒരു വ്യക്തി—അദ്ദേഹത്തെ അമിതമായി പുകഴ്ത്തുന്നവരും—ഒരു വസ്തുത മറന്നുപോയേക്കാം: എത്രതന്നെ കഴിവുറ്റവർ ആയിരുന്നാലും, “ജ്ഞാനികളെന്നു ഭാവിക്കുന്നവരെ [യഹോവ] കടാക്ഷിക്കുന്നില്ല.” (ഇയ്യോബ് 37:23ബി) ‘താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്’ എന്നു ദൈവവചനം പറയുന്നു. (സദൃശവാക്യങ്ങൾ 11:2) അതീവ ബുദ്ധിശാലിയും വിദ്യാസമ്പന്നനും ആയിരുന്നെങ്കിലും പൗലൊസ് അപ്പൊസ്തലൻ കൊരിന്ത്യരോട് ഇങ്ങനെ പറഞ്ഞു: “ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ . . . വന്നതു. . . . ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു. നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു.”—1 കൊരിന്ത്യർ 2:1-5.
യഥാർഥത്തിൽ ജ്ഞാനി ആയിരിക്കുന്ന ഒരു വ്യക്തി, ബുദ്ധിവൈഭവത്തെ കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണത്താലോ വിജയത്തെ കുറിച്ചുള്ള അതിന്റെ നിർവചനത്താലോ കബളിപ്പിക്കപ്പെടുകയില്ല. തന്മൂലം, അയാൾ മനുഷ്യരുടെ അംഗീകാരം നേടാനോ സമ്പത്തു സ്വരുക്കൂട്ടാനോ തന്റെ പ്രാപ്തികൾ ഉപയോഗിക്കുന്നതിനു പകരം തനിക്കു ജീവനും പ്രാപ്തികളും നൽകിയവനു തന്റെ ജീവിതത്തിൽ പ്രഥമ സ്ഥാനം കൊടുക്കുന്നു. (1 യോഹന്നാൻ 2:15-17) ആ ലക്ഷ്യത്തിൽ, അയാൾ രാജ്യ താത്പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കുകയും “ആററരികത്തു നട്ടിരിക്കുന്ന,” ഫലം കായ്ക്കുന്ന “വൃക്ഷം” പോലെ ആയിത്തീരുകയും ചെയ്യുന്നു. സ്വന്തം കഴിവുകളാലല്ല മറിച്ച്, യഹോവയുടെ അനുഗ്രഹത്താൽ “അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.”—സങ്കീർത്തനം 1:1-3; മത്തായി 6:33.
ക്രിസ്ത്യാനിത്വം നിങ്ങൾക്കു ബലം പ്രദാനം ചെയ്യട്ടെ
ക്രിസ്ത്യാനിത്വം അതിൽത്തന്നെ വ്യത്യസ്ത ഗുണങ്ങളാൽ സമ്പുഷ്ടമാണ്, ലൗകിക തത്ത്വചിന്തകൾ അവയുടെ ഏഴയലത്തു പോലും എത്തുകയില്ല. ദൃഷ്ടാന്തത്തിന്, ക്രിസ്തീയ ജീവിതരീതി ഏറ്റവും നല്ല ഭർത്താക്കന്മാരെയും ഭാര്യമാരെയും ഏറ്റവും നല്ല അയൽക്കാരെയും ഏറ്റവും നല്ല തൊഴിലാളികളെയും—സത്യസന്ധരും ആദരണീയരും സമാധാനപ്രിയരും കഠിനാധ്വാനികളുമായവരെ—ഉളവാക്കുന്നു. (കൊലൊസ്സ്യർ 3:18-23) കൂടാതെ, പ്രസംഗ-പഠിപ്പിക്കൽ വേലയിൽ ലഭിക്കുന്ന ക്രിസ്തീയ പരിശീലനം നല്ല ആശയവിനിമയ പാടവം വളർത്തിയെടുക്കാൻ സഹായിക്കുന്നു. (1 തിമൊഥെയൊസ് 4:13-15) കൂടുതലായ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയോ സ്ഥാനക്കയറ്റം നൽകുകയോ ചെയ്യുന്ന കാര്യം വരുമ്പോൾ തൊഴിലുടമകൾ ക്രിസ്ത്യാനികൾക്കു മുൻഗണന നൽകുന്നതിൽ തെല്ലും അതിശയിക്കാനില്ല. എന്നാൽ, ശ്രദ്ധിക്കാത്തപക്ഷം അത്തരം കഴിവുകളും ദുർവിനിയോഗം ചെയ്യപ്പെട്ടേക്കാം. ഒരു വ്യക്തിയുടെ കാര്യത്തിൽ സ്ഥാനക്കയറ്റമോ ആകർഷകമായ തൊഴിലവസരമോ കമ്പനിക്കു സ്വയം അർപ്പിക്കുന്നതിനെ അർഥമാക്കിയേക്കാം. തന്മൂലം, പതിവായി ക്രിസ്തീയ യോഗങ്ങൾ മുടക്കുകയോ കുടുംബത്തോടൊത്തു ചെലവഴിക്കാനുള്ള വിലയേറിയ സമയം ബലികഴിക്കുകയോ ചെയ്യേണ്ടിവന്നേക്കാം.
ഓസ്ട്രേലിയയിലെ ഒരു ക്രിസ്തീയ മൂപ്പനും കുടുംബനാഥനുമായ ഒരാൾ ബിസിനസ് രംഗത്ത് ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു. ബിസിനസ് രംഗത്ത് ഒരു സാമ്രാജ്യംതന്നെ കെട്ടിപ്പടുക്കാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. എന്നുവരികിലും, അതിനുള്ള പ്രലോഭനങ്ങളെയെല്ലാം അദ്ദേഹം നിരാകരിച്ചു. “കുടുംബത്തോടൊത്തും ക്രിസ്തീയ ശുശ്രൂഷയിലും കൂടുതൽ സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു. “അതുകൊണ്ട്, ബിസിനസ് കാര്യങ്ങൾക്കായി ചെലവഴിക്കുന്ന സമയം വെട്ടിച്ചുരുക്കാൻ ഞാനും ഭാര്യയും തീരുമാനിച്ചു. അത്യാവശ്യമില്ലാത്ത സ്ഥിതിക്ക് ആഴ്ചയിൽ അഞ്ചു ദിവസം ഞാൻ എന്തിനു ജോലി ചെയ്യണം?” അദ്ദേഹം കൂട്ടിച്ചേർത്തു. നന്നായി ആലോചിച്ച്, ജീവിതത്തിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തിയപ്പോൾ ആഴ്ചയിൽ മൂന്നോ നാലോ ദിവസം മാത്രം വേല ചെയ്തുകൊണ്ടു തന്റെ കുടുംബം പുലർത്താൻ സാധിക്കുമെന്ന് ആ മൂപ്പൻ മനസ്സിലാക്കി. ക്രമേണ, മറ്റു ചില സേവന പദവികളും ഏറ്റെടുക്കാൻ അദ്ദേഹത്തിനു ക്ഷണം ലഭിച്ചു. പ്രാദേശിക സമ്മേളന ഹാൾ കമ്മിറ്റിയിലും ഡിസ്ട്രിക്റ്റ് കൺവെൻഷൻ കാര്യനിർവഹണ സമിതിയിലും സേവിക്കുന്നത് അതിൽ ഉൾപ്പെട്ടിരുന്നു. ജ്ഞാനപൂർവകമായി കാര്യങ്ങൾ ക്രമീകരിച്ചത് അദ്ദേഹത്തിനും കുടുംബത്തിനും സന്തോഷവും സംതൃപ്തിയും കൈവരുത്തി.
സേവനപദവികൾ സംബന്ധിച്ച സമനിലയുള്ള വീക്ഷണം
സഭയിൽ സേവനപദവികൾ എത്തിപ്പിടിക്കുന്നതിനായി ക്രിസ്തീയ പുരുഷന്മാർ പ്രോത്സാഹിപ്പിക്കപ്പെടുന്നു. “ഒരുവൻ അദ്ധ്യക്ഷസ്ഥാനം [അല്ലെങ്കിൽ ശുശ്രൂഷാ ദാസന്റെ സ്ഥാനം] കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു.” (1 തിമൊഥെയൊസ് 3:1) നേരത്തെ സൂചിപ്പിച്ച പ്രാപ്തികളുടെ കാര്യത്തിലെന്ന പോലെ, ഉത്തരവാദിത്വങ്ങൾ സ്വീകരിക്കാനുള്ള മനസ്സൊരുക്കവും നല്ല ന്യായബോധത്തോടെ സമനിലയിൽ നിർത്തേണ്ടതുണ്ട്. യഹോവയുടെ സേവനത്തിലെ സന്തോഷം നഷ്ടപ്പെടുമാറ് ആരും ആവതിലധികം നിയമനങ്ങൾ സ്വീകരിക്കരുത്. സന്നദ്ധ മനോഭാവം പ്രശംസനീയം തന്നെ, അത് അത്യന്താപേക്ഷിതവുമാണ്. കാരണം, ഒഴിഞ്ഞുമാറുന്ന ഒരു മനോഭാവം യഹോവ വെറുക്കുന്നു. എന്നാൽ, മനസ്സൊരുക്കത്തോടൊപ്പം എളിമയും “സുബോധ”വും പ്രതിഫലിക്കേണ്ടതുണ്ട്.—തീത്തൊസ് 2:13; വെളിപ്പാടു 3:15, 16.
യേശുവിന്റെ ആർദ്രതയും ഉൾക്കാഴ്ചയും മറ്റുള്ളവരിലുള്ള താത്പര്യവും നിമിത്തം അവനോടൊപ്പം ആയിരിക്കുന്നതിനു സ്ഥാനമാനങ്ങൾ ഒന്നുമില്ലാത്തവർക്കു പോലും യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല. സമാനമായി ഇന്നും, സമാനുഭാവവും പരിഗണനാ മനോഭാവവും ഉള്ളവരോടൊപ്പം ആയിരിക്കാനാണ് ആളുകൾ താത്പര്യപ്പെടുന്നത്. ക്രിസ്തീയ സഭയിലെ ഊഷ്മളതയുള്ളവരും മറ്റുള്ളവർക്ക് എളുപ്പം സമീപിക്കാൻ കഴിയുന്നവരുമായ മൂപ്പന്മാർ യഥാർഥത്തിൽ “മനുഷ്യരാം ദാനങ്ങൾ” തന്നെ. അവർ “കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും” ആണ്.—എഫെസ്യർ 4:8, NW; യെശയ്യാവു 32:2.
എങ്കിലും, മൂപ്പന്മാർ മറ്റുള്ളവരെ സഹായിക്കുന്നതോടൊപ്പം തന്നെ തങ്ങളുടെ വ്യക്തിപരമായ പഠനം, ധ്യാനം, പ്രാർഥന, പരസ്യ ശുശ്രൂഷ തുടങ്ങിയ കാര്യങ്ങൾക്കും സമയം കണ്ടെത്തിക്കൊണ്ട് സമനിലയുള്ളവർ ആയിരിക്കേണ്ടതുണ്ട്. വിവാഹിതരായ മൂപ്പന്മാർ തങ്ങളുടെ കുടുംബത്തിനായും സമയം നീക്കിവെക്കണം, കുടുംബാംഗങ്ങൾക്ക് സമീപിക്കാനാകാത്ത വിധം അവർ അതിഗൗരവക്കാർ ആയിരിക്കരുത്.
കഴിവുറ്റ സ്ത്രീകൾ—അത്ഭുതകരമായ അനുഗ്രഹം
കഴിവുറ്റ മൂപ്പന്മാരെ പോലെ, ആത്മീയ ചിന്താഗതിയുള്ള സ്ത്രീകളും യഹോവയുടെ സംഘടനയ്ക്കു വലിയ മുതൽക്കൂട്ടാണ്. സ്ത്രീകൾക്കു പൊതുവെ, മറ്റുള്ളവരിൽ താത്പര്യമെടുക്കാനുള്ള ഒരു പ്രത്യേക കഴിവുണ്ട്. അത് യഹോവ വിലമതിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ഗുണമാണ്. ഓരോരുത്തൻ സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും [“മറ്റുള്ളവരുടെ വ്യക്തിപരമായ താത്പര്യവും,” NW] കൂടെ നോക്കേണം” എന്നു പൗലൊസ് അപ്പൊസ്തലൻ എഴുതി. (ഫിലിപ്പിയർ 2:4) അതേസമയം, ഈ ‘വ്യക്തിപരമായ താത്പര്യ’ത്തിനു പരിമിതി ഉണ്ട്. എന്തുകൊണ്ടെന്നാൽ, ക്രിസ്ത്യാനികളാരും ‘പരകാര്യത്തിൽ ഇടപെടാനോ’ കുശുകുശുപ്പു നടത്താനോ ആഗ്രഹിക്കുകയില്ല.—1 പത്രൊസ് 4:15; 1 തിമൊഥെയൊസ് 5:13.
സ്ത്രീകൾക്കു വേറെ പല പ്രാപ്തികളും ഉണ്ട്. ഒരു ക്രിസ്തീയ ഭാര്യ, ഭർത്താവിനെക്കാൾ ബുദ്ധികൂർമത ഉള്ളവൾ ആയിരുന്നേക്കാം. എന്നിരുന്നാലും, യഹോവയെ ഭയപ്പെടുന്ന “സാമർത്ഥ്യമുള്ള ഭാര്യ” എന്ന നിലയിൽ അവൾ ഭർത്താവിനെ ആദരിക്കുകയും തന്റെ പ്രാപ്തികൾ ഭർത്താവിന്റെ പ്രാപ്തികൾക്കു പൂരകമായി—ഭർത്താവിനോടു മത്സരിക്കാനല്ല—ഉപയോഗിക്കുകയും വേണം. ഭാര്യയോട് അസൂയപ്പെടുകയോ നീരസപ്പെടുകയോ ചെയ്യുന്നതിനു പകരം ജ്ഞാനിയും താഴ്മയുള്ളവനും ആയ ഭർത്താവ് ഭാര്യയുടെ പ്രാപ്തികളെ വിലമതിക്കുകയും അവയിൽ ആനന്ദിക്കുകയും ചെയ്യും. ഭവനത്തെ കെട്ടുപണി ചെയ്യാനും തന്നെപ്പോലെതന്നെ ‘യഹോവയെ ഭയപ്പെടുന്നതിനു’ മക്കളെ സഹായിക്കാനും അവളുടെ കഴിവുകൾ ഉപയോഗിക്കാൻ ഭർത്താവ് ഭാര്യയെ പ്രോത്സാഹിപ്പിക്കും. (സദൃശവാക്യങ്ങൾ 31:10, 28-30; ഉല്പത്തി 2:18) എളിമയും താഴ്മയും ഉള്ള അത്തരം ഭർത്താക്കന്മാരുടെയും ഭാര്യമാരുടെയും വിവാഹ ജീവിതം ഭദ്രതയുള്ളത് ആയിരിക്കുകയും യഹോവയ്ക്കു മഹത്ത്വം കരേറ്റുകയും ചെയ്യും.
ശക്തമായ ഒരു വ്യക്തിത്വത്തെ നിയന്ത്രിക്കൽ
നീതിനിഷ്ഠവും മുഴു ദേഹിയോടെ യഹോവയുടെ ഹിതം ചെയ്യുന്നതിൽ അധിഷ്ഠിതവുമായ ശക്തമായ ഒരു വ്യക്തിത്വത്തോടൊപ്പം എളിമയും താഴ്മയും ഉണ്ടെങ്കിൽ അതൊരു മുതൽക്കൂട്ട് ആയിരിക്കും. എന്നാൽ, മറ്റുള്ളവരുടെമേൽ ആധിപത്യം പുലർത്താനോ അവരെ ഭയപ്പെടുത്താനോ ആണ് ആ വ്യക്തിത്വം വിനിയോഗിക്കുന്നതെങ്കിൽ അതൊരു ബലഹീനത ആയിത്തീർന്നേക്കാം. ക്രിസ്തീയ സഭയിൽ ഇതു പ്രത്യേകിച്ചും ശരിയാണ്. മറ്റുള്ളവരോടൊപ്പം—സഭാ മൂപ്പന്മാർ ഉൾപ്പെടെ—ആയിരിക്കുമ്പോൾ ക്രിസ്ത്യാനികൾക്ക് അസ്വാസ്ഥ്യം തോന്നാൻ പാടില്ലാത്തതാണ്.—മത്തായി 20:25-27.
അതുപോലെതന്നെ, മൂപ്പന്മാർക്കും സഹമൂപ്പന്മാരുടെ സാന്നിധ്യത്തിൽ അസ്വസ്ഥത അനുഭവപ്പെടരുതാത്തതാണ്. അവർ കൂടിവരുമ്പോൾ, തീരുമാനങ്ങളെ നയിക്കേണ്ടത് ഒരു വ്യക്തിക്കുള്ള സ്വാധീനം ആയിരിക്കരുത്, പരിശുദ്ധാത്മാവ് ആയിരിക്കണം. മൂപ്പന്മാരുടെ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, വാചാലനല്ലാത്ത മൂപ്പൻ ഉൾപ്പെടെ ഏതൊരാളെയും പരിശുദ്ധാത്മാവിനു സ്വാധീനിക്കാൻ കഴിയും. തന്മൂലം, തങ്ങൾ പറയുന്നതാണു ശരി എന്നു ശക്തമായ വ്യക്തിത്വമുള്ളവർക്കു തോന്നിയാൽ പോലും, വഴങ്ങിക്കൊടുക്കാനുള്ള കഴിവു വികസിപ്പിച്ചെടുത്തുകൊണ്ടു തങ്ങളുടെ പ്രാപ്തിയെ നിയന്ത്രിക്കാൻ അവർ പഠിക്കണം. അങ്ങനെ സഹ മൂപ്പന്മാരെ “ബഹുമാനി”ക്കണം. (റോമർ 12:10) സഭാപ്രസംഗി 7:16 ദയാപുരസ്സരം ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?”
“എല്ലാ നല്ല ദാന”ങ്ങളുടെയും ഉറവിടമായ യഹോവ വിസ്മയാവഹമായ തന്റെ പ്രാപ്തികൾ തികഞ്ഞ പൂർണതയോടെയാണു വിനിയോഗിക്കുന്നത്. (യാക്കോബ് 1:17; ആവർത്തനപുസ്തകം 32:4) അവനാണു നമ്മുടെ ഉപദേഷ്ടാവ്! തന്മൂലം, നമ്മുടെ സ്വാഭാവിക പ്രാപ്തികളും കഴിവുകളും വികസിപ്പിച്ചെടുക്കുന്നതിലും അവ ജ്ഞാനത്തോടെ, എളിമയോടെ, സ്നേഹത്തോടെ വിനിയോഗിക്കുന്നതിലും നമുക്ക് അവന്റെ മാതൃക പിൻപറ്റിക്കൊണ്ടു കഠിനമായി അധ്വാനിക്കാം. അങ്ങനെയാകുമ്പോൾ നാം മറ്റുള്ളവർക്ക് എന്തൊരു അനുഗ്രഹം ആയിരിക്കും!
[27-ാം പേജിലെ ചിത്രങ്ങൾ]
പ്രാർഥനാപൂർവകമായ പഠനത്തിലും യഹോവയിലുള്ള ആശ്രയത്തിലും അധിഷ്ഠിതമാണ് ആത്മീയ അഭിവൃദ്ധി
[29-ാം പേജിലെ ചിത്രം]
എളിമയോടെയുള്ള വ്യക്തിഗത താത്പര്യം ഒരു അനുഗ്രഹമാണ്
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Courtesy of The Mariners’ Museum, Newport News, VA