ബൈബിളിന്റെ വീക്ഷണം
വിവാഹം ആജീവനാന്ത ബന്ധമായിരിക്കണമോ?
ഇങ്ങനെയൊരു ചോദ്യംതന്നെ ആവശ്യമുണ്ടോ? പാശ്ചാത്യ വിവാഹ പ്രതിജ്ഞ അനുസരിച്ച്, ‘മരണംവരെ സുഖത്തിലും ദുഃഖത്തിലും’ പരസ്പരം സ്നേഹിച്ചു കഴിയാനുള്ളതല്ലേ വിവാഹം? അതേ, വധൂവരന്മാർ ഒരു ആജീവനാന്ത പ്രതിബദ്ധതയിലേക്കു പ്രവേശിക്കുകയാണെന്ന് വിവാഹ പ്രതിജ്ഞകൾ സാധാരണമായി പ്രസ്താവിക്കാറുണ്ട്. എന്നാൽ ആ ഗൗരവമേറിയ പ്രതിജ്ഞയാൽ തങ്ങൾ ബദ്ധരാണെന്ന് അനേകരും കരുതുന്നേയില്ല. അതിനാൽ, ഭീതിദമായ അളവിൽ വിവാഹബന്ധങ്ങൾ തകർന്നുകൊണ്ടിരിക്കുകയാണ്—ചിലത് ഏതാനും മാസങ്ങൾക്കുള്ളിൽ, മറ്റു ചിലത് ദശാബ്ദങ്ങൾ കഴിഞ്ഞ്. ദാമ്പത്യത്തോടുള്ള ആദരവ് കുറഞ്ഞുവരുന്നത് എന്തുകൊണ്ടാണ്? ബൈബിൾ അതിന് ഉത്തരം നൽകുന്നുണ്ട്.
ദയവായി, 2 തിമൊഥെയൊസ് 3:1-3 പരിശോധിക്കുകയും ഇന്നു നിങ്ങൾ ലോകത്തിൽ കാണുന്ന കാര്യങ്ങളുമായി അതിനെ താരതമ്യപ്പെടുത്തുകയും ചെയ്യുക. ആ വാക്യങ്ങൾ ഭാഗികമായി ഇങ്ങനെ പറയുന്നു: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും . . . നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും . . . അജിതേന്ദ്രിയന്മാരും” ആയിരിക്കും. ഈ പ്രവചനം വളരെ കൃത്യതയോടെ നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്. മേൽപ്പറഞ്ഞ വിധമുള്ള മനോഭാവങ്ങൾ ലോകവ്യാപകമായി വിവാഹബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുകയും അവയെ ദുർബലമാക്കുകയും ചെയ്തിരിക്കുന്നു. വർധിച്ച വിവാഹമോചന നിരക്കുകൾ അതാണ് തെളിയിക്കുന്നത്.
വ്യക്തമായും, അനേകർക്കും ഇന്ന് വിവാഹത്തോടുള്ള ആദരവ് നഷ്ടപ്പെട്ടിരിക്കുന്നു. ഇതിന്റെ വീക്ഷണത്തിൽ നിങ്ങൾ ചോദിച്ചേക്കാം: വിവാഹത്തെ അത്ര ഗൗരവമുള്ളതായി കണക്കാക്കണമോ? വിവാഹത്തിന്റെ പവിത്രത എന്ന ഒന്ന് ഉണ്ടോ? ക്രിസ്ത്യാനികൾ വിവാഹബന്ധത്തെ എങ്ങനെ വീക്ഷിക്കണം? വിവാഹിത ദമ്പതികൾക്ക് ഇന്ന് ബൈബിൾ എന്തു സഹായമാണു നൽകുന്നത്?
ദൈവത്തിന്റെ വീക്ഷണത്തിന് മാറ്റം വന്നിട്ടുണ്ടോ?
വിവാഹം ഒരു താത്കാലിക ബന്ധമാണെന്ന് ആരംഭത്തിൽ ദൈവം പറഞ്ഞില്ല. അവൻ ആദ്യ മനുഷ്യനെയും സ്ത്രീയെയും കൂട്ടിച്ചേർത്തതിനെക്കുറിച്ച് ഉല്പത്തി 2:21-24 വിവരിക്കുന്നു. വിവാഹമോചനമോ വേർപിരിയലോ സംബന്ധിച്ച യാതൊരു സൂചനയും ആ വിവരണത്തിൽ ഇല്ല. പകരം 24-ാം വാക്യം പറയുന്നു: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.” ആ തിരുവെഴുത്തിന്റെ അർഥം എന്താണ്?
മനുഷ്യ ശരീരത്തിന്റെ കാര്യമെടുക്കുക. അതിലെ വ്യത്യസ്ത കലകൾ യാതൊരു തുന്നൽപ്പാടുകളുമില്ലാതെ നെയ്തു ചേർക്കപ്പെട്ടിരിക്കുന്നതിനെ കുറിച്ചും ബലിഷ്ഠവും ഘർഷണരഹിതവുമായ സന്ധികളിൽ അസ്ഥികൾവന്നു യോജിക്കുന്നതിനെ കുറിച്ചും ചിന്തിക്കുക. എന്തൊരു ഐക്യം! എന്തൊരു ഈട്! എന്നാൽ അതുല്യമായ ഈ സംവിധാനത്തിന് ഗുരുതരമായ തകരാറ് സംഭവിച്ചാൽ അതെത്ര വേദനാകരമായിരിക്കും! അതുകൊണ്ട്, ഉല്പത്തി 2:24-ലെ ‘ഏകദേഹം’ എന്ന പദം ദാമ്പത്യ ബന്ധത്തിനുള്ളിലെ അടുപ്പത്തിനും അതിന്റെ സ്ഥിരതയ്ക്കുമാണ് ഊന്നൽ നൽകുന്നത്. ആ ബന്ധം തകരുന്നത് വലിയ വേദനയ്ക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പും അതിൽ അടങ്ങിയിരിക്കുന്നു.
കഴിഞ്ഞ സഹസ്രാബ്ദങ്ങളിലുടനീളം മാറിവന്ന പ്രവണതകൾ വിവാഹം സംബന്ധിച്ച മനുഷ്യ വീക്ഷണങ്ങളെ പലതവണ ഉടച്ചുവാർത്തിട്ടുണ്ടെങ്കിലും ദൈവം ഇപ്പോഴും വിവാഹത്തെ ഒരു ആജീവനാന്ത പ്രതിബദ്ധതയായിട്ടാണു വീക്ഷിക്കുന്നത്. ഏതാണ്ട് 2,400 വർഷം മുമ്പ്, തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ചിട്ട് ചെറുപ്പക്കാരികളെ വിവാഹം കഴിക്കുന്ന ഒരു രീതി ചില യഹൂദന്മാർക്ക് ഉണ്ടായിരുന്നു. പ്രവാചകനായ മലാഖി മുഖാന്തരം ഇതിനെ കുറ്റം വിധിച്ചുകൊണ്ട് ദൈവം പ്രഖ്യാപിച്ചു: “നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ; തന്റെ യൌവനത്തിലെ ഭാര്യയോടു ആരും അവിശ്വസ്തത കാണിക്കരുതു. ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.”—മലാഖി 2:15, 16.
നാലിലേറെ നൂറ്റാണ്ടുകൾക്കു ശേഷം, വിവാഹം സംബന്ധിച്ച ദൈവത്തിന്റെ ആദിമ വീക്ഷണത്തിനു മാറ്റമില്ലെന്ന് യേശു വെളിപ്പെടുത്തി. അവൻ ഉല്പത്തി 2:24 ഉദ്ധരിക്കുകയും തുടർന്ന് പിൻവരുന്ന പ്രകാരം പറയുകയും ചെയ്തു: “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു.” (മത്തായി 19:5, 6) വർഷങ്ങൾക്കു ശേഷം, ‘ഭാര്യ ഭർത്താവിനെ വേർപിരിയരുത്’ എന്നും ‘ഭർത്താവു ഭാര്യയെ ഉപേക്ഷിക്കരുത്’ എന്നും അപ്പൊസ്തലനായ പൗലൊസ് പ്രബോധിപ്പിച്ചു. (1 കൊരിന്ത്യർ 7:10, 11) വിവാഹം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം ഈ തിരുവെഴുത്തുകൾ വളരെ വ്യക്തമായി പ്രസ്താവിക്കുന്നു.
വിവാഹബന്ധം അവസാനിക്കുന്ന ഏതെങ്കിലും സാഹചര്യത്തെ കുറിച്ച് ബൈബിൾ പറയുന്നുണ്ടോ? ഉവ്വ്, ഇണകളിൽ ആരെങ്കിലും മരിക്കുമ്പോൾ വിവാഹബന്ധം അവസാനിക്കുന്നു. (1 കൊരിന്ത്യർ 7:39) പരസംഗം നിമിത്തവും വിവാഹബന്ധം വേർപെടുത്താം, നിരപരാധിയായ ഇണ അപ്രകാരം തീരുമാനിക്കുന്നെങ്കിൽ. (മത്തായി 19:9) അങ്ങനെയല്ലാത്ത സാഹചര്യത്തിൽ ദമ്പതികൾ ഒരുമിച്ചു ജീവിക്കാനാണ് ബൈബിൾ പ്രോത്സാഹിപ്പിക്കുന്നത്.
വിവാഹത്തെ ഒരു ദീർഘകാല ബന്ധമാക്കാവുന്ന വിധം
അതിജീവിക്കാനുള്ള ഒരു പോരാട്ടം പോലെയല്ല, സന്തോഷകരമായ ഒരു യാത്രപോലെ വിവാഹബന്ധം നിലനിൽക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് അന്യോന്യമുള്ള സൗഹൃദം ആഴമായി ആസ്വദിക്കണം എന്ന് അവൻ ആഗ്രഹിക്കുന്നു. വിവാഹബന്ധം സന്തുഷ്ടവും ദീർഘകാലം നിലനിൽക്കുന്നതുമാക്കിത്തീർക്കാൻ സഹായിക്കുന്ന മാർഗനിർദേശങ്ങൾ ദൈവവചനം നൽകുന്നുണ്ട്. ദയവായി പിൻവരുന്ന തിരുവെഴുത്തുകൾ ശ്രദ്ധിക്കുക.
എഫെസ്യർ 4:26: “സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു.”a അസ്വാരസ്യങ്ങൾ ഉണ്ടായാൽ ഉടൻതന്നെ അവ പരിഹരിക്കാൻ ഈ തിരുവെഴുത്ത് തന്നെയും ഭാര്യയെയും സഹായിക്കുന്നുണ്ടെന്നു സന്തുഷ്ട ദാമ്പത്യം ആസ്വദിക്കുന്ന ഒരാൾ വിശ്വസിക്കുന്നു. “പ്രശ്നം ഉണ്ടായശേഷം നിങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ, എവിടെയോ കുഴപ്പം പറ്റിയിട്ടുണ്ട് എന്നാണ് അതു കാണിക്കുന്നത്. പ്രശ്നം വെച്ചുകൊണ്ടിരിക്കാൻ നിങ്ങൾക്കാവില്ല” എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹവും ഭാര്യയും ചിലപ്പോഴൊക്കെ രാത്രി വളരെ വൈകുന്നതുവരെ ഇരുന്ന് പ്രശ്നങ്ങൾ വിശദമായി ചർച്ചചെയ്തിട്ടുണ്ട്. അത് ഫലകരമാണ്. അദ്ദേഹം തുടർന്നു പറയുന്നു: “ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിന് അത്ഭുതകരമായ ഫലങ്ങളുണ്ട്.” ഇങ്ങനെ ചെയ്യുന്നതു മുഖാന്തരം അദ്ദേഹവും ഭാര്യയും കഴിഞ്ഞ 42 വർഷമായി സന്തുഷ്ടമായ ഒരു വിവാഹജീവിതം ആസ്വദിച്ചിരിക്കുന്നു.
കൊലൊസ്സ്യർ 3:13: “അന്യോന്യം പൊറുക്കയും . . . തമ്മിൽ ക്ഷമിക്കയും ചെയ്വിൻ.” താനും ഭാര്യയും ഇത് എങ്ങനെയാണു ബാധകമാക്കിയത് എന്ന് ഒരു ഭർത്താവ് പറയുന്നു: “മറ്റുള്ളവർക്ക് അരോചകമായിത്തീരുന്ന ശീലങ്ങളും ദൗർബല്യങ്ങളും എല്ലാവർക്കും ഉള്ളതിനാൽ, അവശ്യം തെറ്റായ എന്തെങ്കിലും ചെയ്യാതെതന്നെ ഇണകൾക്കിടയിൽ പ്രശ്നം ഉടലെടുത്തേക്കാം. ഇത്തരം കാര്യങ്ങളൊക്കെ ഞങ്ങളെ അകറ്റാൻ അനുവദിക്കാതെ ഞങ്ങൾ പരസ്പരം സഹിച്ചും ക്ഷമിച്ചും മുന്നോട്ടു പോകുന്നു.” ഈ മനോഭാവം 54 വർഷക്കാലത്തെ വിവാഹജീവിതത്തിൽ ഈ ദമ്പതികളെ സഹായിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല.
അത്തരം തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കുന്നത് ഭാര്യാഭർത്താക്കന്മാരെ ചേർത്തുനിർത്തുന്ന ബന്ധത്തിനു കരുത്തേകുന്നു. അങ്ങനെ ചെയ്യുന്നത്, വിവാഹത്തെ സന്തുഷ്ടവും സംതൃപ്തവുമായ ഒരു ആജീവനാന്ത ബന്ധമാക്കിത്തീർക്കാൻ സഹായിക്കും. (g01 2/08)
[അടിക്കുറിപ്പ്]
a ഒന്നാം നൂറ്റാണ്ടിലെ മധ്യപൂർവ ദേശത്തെ രീതി അനുസരിച്ച് സൂര്യൻ അസ്തമിക്കുമ്പോഴാണ് ഒരു ദിവസം അവസാനിക്കുന്നത്. അതുകൊണ്ട് ഓരോ ദിവസവും അവസാനിക്കുന്നതിനു മുമ്പ് മറ്റുള്ളവരുമായി സമാധാനത്തിലാകാൻ പൗലൊസ് വായനക്കാരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.