എങ്ങനെ ഉത്തരം പറയണമെന്ന് അറിയുക
മഞ്ഞുമലകൾ പോലെയാണ് ചില ചോദ്യങ്ങൾ. പ്രധാന ഭാഗം ഉപരിതലത്തിന് അടിയിൽ മറഞ്ഞുകിടക്കും. പലപ്പോഴും പ്രത്യക്ഷത്തിലുള്ള ചോദ്യത്തെക്കാളും പ്രാധാന്യം അർഹിക്കുന്നത് അതിനടിയിൽ മറഞ്ഞുകിടക്കുന്ന ഒരു കാര്യമായിരിക്കും.
ചോദ്യകർത്താവ് ഉത്തരം അറിയാൻ ആകാംക്ഷയുള്ളയാൾ ആയിരിക്കുമ്പോൾ പോലും, എങ്ങനെ ഉത്തരം പറയണമെന്ന് അറിയുന്നതിൽ എത്രമാത്രം വിവരങ്ങൾ പറയണമെന്നും വിഷയത്തെ ഏതു കോണിൽനിന്നു സമീപിക്കണമെന്നും വിവേചിക്കുന്നത് ഉൾപ്പെട്ടിരിക്കാം. (യോഹ. 16:12) യേശു തന്റെ അപ്പൊസ്തലന്മാരോടു സൂചിപ്പിച്ചതുപോലെ, ചിലപ്പോൾ ഒരു വ്യക്തി അറിയാൻ തനിക്ക് അവകാശമില്ലാത്തതോ തനിക്കു യഥാർഥത്തിൽ പ്രയോജനം ചെയ്യാത്തതോ ആയ കാര്യങ്ങളെ കുറിച്ചു ചോദിച്ചേക്കാം.—പ്രവൃ. 1:6, 7.
തിരുവെഴുത്തുകൾ നമ്മെ ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” (കൊലൊ. 4:6) അതുകൊണ്ട്, ഉത്തരം നൽകുന്നതിനു മുമ്പ് നാം എന്താണു പറയാൻ പോകുന്നത് എന്നു മാത്രമല്ല എങ്ങനെയാണ് അതു പറയാൻ പോകുന്നത് എന്നു കൂടി പരിചിന്തിക്കേണ്ടതുണ്ട്.
ചോദ്യകർത്താവിന്റെ വീക്ഷണഗതി വിവേചിച്ചറിയുക
പല തവണ വിവാഹം കഴിച്ച ഒരു സ്ത്രീയുടെ പുനരുത്ഥാനത്തെ കുറിച്ച് ഒരു ചോദ്യം ഉന്നയിച്ചുകൊണ്ടു സദൂക്യർ യേശുവിനെ കുരുക്കാൻ ശ്രമിച്ചു. എന്നാൽ, വാസ്തവത്തിൽ അവർക്കു പുനരുത്ഥാനത്തിൽ വിശ്വാസമില്ലെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട്, പ്രസ്തുത ചോദ്യം ഉന്നയിക്കുന്നതിന് അവരെ യഥാർഥത്തിൽ പ്രേരിപ്പിച്ച അവരുടെ തെറ്റായ വീക്ഷണഗതിയെ ഖണ്ഡിക്കുന്ന വിധത്തിൽ അവൻ ഉത്തരം നൽകി. സമർഥമായ വാദഗതിയും പരിചിതമായ ഒരു തിരുവെഴുത്തു വിവരണവും ഉപയോഗിച്ചുകൊണ്ട് യേശു മുമ്പൊരിക്കലും അവർ ചിന്തിച്ചിട്ടില്ലാഞ്ഞ ഒരു കാര്യം, അതായത് ദൈവം തീർച്ചയായും മരിച്ചവരെ ഉയിർപ്പിക്കാൻ പോകുന്നു എന്നതിന്റെ വ്യക്തമായ തെളിവ്, അവരുടെ ശ്രദ്ധയിൽപ്പെടുത്തി. അവന്റെ മറുപടി എതിരാളികളെ അങ്ങേയറ്റം ആശ്ചര്യപ്പെടുത്തി. അതുകൊണ്ട് അവനോടു കൂടുതൽ ഒന്നും ചോദിക്കാൻ അവർ തുനിഞ്ഞില്ല.—ലൂക്കൊ. 20:27-40.
എങ്ങനെ ഉത്തരം പറയണമെന്ന് അറിയുന്നതിന്, നിങ്ങളും ഇതേപോലെ ചോദ്യകർത്താക്കളുടെ വീക്ഷണങ്ങളും ചിന്തകളും വിവേചിച്ചറിയേണ്ടതുണ്ട്. ഉദാഹരണത്തിന്, ക്രിസ്തുമസ്സ് ആഘോഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ഒരു സഹപാഠിയോ സഹജോലിക്കാരനോ നിങ്ങളോടു ചോദിച്ചേക്കാം. എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചോദിക്കുന്നത്? അതിന്റെ കാരണത്തെ കുറിച്ച് അറിയാൻ അയാൾക്ക് യഥാർഥത്തിൽ താത്പര്യമുണ്ടോ? അതോ ആഹ്ലാദവേളകൾ ആസ്വദിക്കുന്നതിനു നിങ്ങൾക്ക് അനുവാദമുണ്ടോ എന്ന് അറിയാൻ മാത്രമായിരിക്കുമോ അയാൾ ആഗ്രഹിക്കുന്നത്? ഇത് അറിയുന്നതിന്, അങ്ങനെയൊരു ചോദ്യം ചോദിക്കാനുള്ള കാരണമെന്താണെന്നു നിങ്ങൾ ചോദിക്കേണ്ടതുണ്ടായിരിക്കാം. എന്നിട്ട് അതിന് അനുസൃതമായി മറുപടി പറയുക. ബൈബിളിന്റെ മാർഗനിർദേശം പിൻപറ്റുന്നത് ആളുകൾക്കു നൈരാശ്യം വരുത്തിവെക്കുന്നതും ഒരു ഭാരമായിത്തീർന്നിരിക്കുന്നതും ആയ ആ വിശേഷദിവസത്തിന്റെ വിവിധ വശങ്ങളിൽനിന്നു നമ്മെ എങ്ങനെ സംരക്ഷിക്കുന്നു എന്നു കാണിച്ചുകൊടുക്കാനും നിങ്ങൾക്ക് ആ അവസരം ഉപയോഗിക്കാവുന്നതാണ്.
യഹോവയുടെ സാക്ഷികളെ കുറിച്ച് ഒരു കൂട്ടം വിദ്യാർഥികളോടു സംസാരിക്കുന്നതിനു നിങ്ങൾക്കു ക്ഷണം ലഭിക്കുന്നു എന്നു കരുതുക. നിങ്ങൾ സംസാരിച്ചു കഴിയുമ്പോൾ അവർ ചില ചോദ്യങ്ങൾ ഉന്നയിച്ചേക്കാം. ചോദ്യങ്ങൾ ആത്മാർഥതയോടു കൂടിയതും വളച്ചുകെട്ടില്ലാത്തതും ആയി കാണപ്പെടുന്നെങ്കിൽ, ലളിതവും നേരിട്ടുള്ളതുമായ ഉത്തരങ്ങളാണ് ഏറ്റവും നല്ലത്. ചോദ്യങ്ങൾ സാമൂഹിക മുൻവിധികളെ പ്രതിഫലിപ്പിക്കുന്നവ ആണെങ്കിൽ, ഉത്തരം നൽകുന്നതിനു മുമ്പ്, അത്തരം കാര്യങ്ങൾ സംബന്ധിച്ച് ജനങ്ങളുടെയിടയിൽ പരക്കെയുള്ള വീക്ഷണങ്ങളെ രൂപപ്പെടുത്തിയേക്കാവുന്നത് എന്താണെന്നും തങ്ങളുടെ മാനദണ്ഡമായി യഹോവയുടെ സാക്ഷികൾ ബൈബിളിനെ കാണുന്നത് എന്തുകൊണ്ടെന്നും ചുരുക്കമായി പറയുന്നതു കൂടുതൽ പ്രയോജനകരമായിരിക്കാം. മിക്കപ്പോഴും, അത്തരം ചോദ്യങ്ങളെ വെല്ലുവിളികളായി—ചോദിക്കുന്നതു വെല്ലുവിളിക്കും പോലെ ആയിരുന്നേക്കാമെങ്കിൽ പോലും—കാണുന്നതിനു പകരം സദസ്യർ അറിയാനുള്ള ആഗ്രഹം കൊണ്ടുതന്നെ ചോദിക്കുന്നവയാണെന്നു കരുതുന്നതു ഗുണം ചെയ്യും. ആ കാഴ്ചപ്പാടോടെ ഉത്തരം നൽകുമ്പോൾ, സദസ്യരുടെ വീക്ഷണം വിശാലമാക്കാനും അവർക്കു കൃത്യമായ വിവരങ്ങൾ നൽകാനും നമ്മുടെ വിശ്വാസങ്ങളുടെ തിരുവെഴുത്ത് അടിസ്ഥാനം വിശദീകരിക്കാനുമുള്ള അവസരം നിങ്ങൾക്കു ലഭിക്കുന്നു.
നിങ്ങൾക്കു കൺവെൻഷനിൽ സംബന്ധിക്കുന്നതിന് അവധി തരാൻ വിസമ്മതിക്കുന്ന തൊഴിലുടമയോടു നിങ്ങൾ എങ്ങനെ പ്രതികരിക്കും? ഒന്നാമതായി, കാര്യങ്ങളെ അദ്ദേഹത്തിന്റെ വീക്ഷണകോണിലൂടെ കാണാൻ ശ്രമിക്കുക. മറ്റൊരു സമയത്ത് ഓവർടൈം ചെയ്തുകൊള്ളാം എന്നു പറഞ്ഞാൽ അദ്ദേഹം സമ്മതിക്കുമോ? നമ്മുടെ കൺവെൻഷനുകളിൽ ലഭിക്കുന്ന പ്രബോധനം സത്യസന്ധരും ആശ്രയയോഗ്യരും ആയ ജോലിക്കാരായിരിക്കാൻ നമ്മെ സഹായിക്കുന്നു എന്ന് അദ്ദേഹത്തോടു വിശദീകരിക്കുന്ന പക്ഷം എന്തെങ്കിലും ഫലമുണ്ടായേക്കുമോ? നിങ്ങൾ അദ്ദേഹത്തിന്റെ താത്പര്യങ്ങൾ കണക്കിലെടുക്കുന്നുവെന്നു പ്രകടിപ്പിക്കുന്ന പക്ഷം, നിങ്ങളുടെ ജീവിതത്തിൽ പ്രധാനമെന്നു തിരിച്ചറിയുന്ന കാര്യത്തോട് അനുകൂലമായി പ്രതികരിക്കാൻ അദ്ദേഹവും തയ്യാറായേക്കാം. എന്നാൽ സത്യസന്ധമല്ലാത്ത എന്തെങ്കിലും ചെയ്യാൻ അദ്ദേഹം നിങ്ങളോട് ആവശ്യപ്പെടുന്നെങ്കിലോ? തനിക്ക് അതിനാവില്ലെന്നു വ്യക്തമായി പ്രസ്താവിക്കുന്നതും അതിനെ പിന്താങ്ങുന്ന ഒരു തിരുവെഴുത്ത് ആശയം ചൂണ്ടിക്കാണിക്കുന്നതും നിങ്ങളുടെ നിലപാടു വ്യക്തമാക്കാൻ സഹായിക്കും. എന്നാൽ അതിനു മുമ്പായി, അദ്ദേഹത്തിനു വേണ്ടി നുണപറയാനും മോഷ്ടിക്കാനും തയ്യാറാകുന്നവർ അദ്ദേഹത്തോടു നുണപറയാനും അദ്ദേഹത്തിന്റെ പക്കൽനിന്നു മോഷ്ടിക്കാനും മടിക്കില്ല എന്ന കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതു കൂടുതൽ പ്രയോജനകരമായിരുന്നേക്കുമോ?
ഇനി, ഒരുപക്ഷേ നിങ്ങൾ സ്കൂളിലെ ചില തിരുവെഴുത്തു വിരുദ്ധമായ പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്ത ഒരു വിദ്യാർഥിയായിരിക്കും. അധ്യാപകന് ഒരുപക്ഷേ നിങ്ങളുടെ വീക്ഷണങ്ങൾ അല്ലായിരിക്കാം ഉള്ളതെന്നും ക്ലാസ്സിൽ അച്ചടക്കം നിലനിറുത്തേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ഉള്ള കാര്യം ഓർമയിൽ പിടിക്കുക. പിൻവരുന്ന കാര്യങ്ങൾ ചെയ്യുകയെന്ന വെല്ലുവിളി നിങ്ങൾക്കു നേരിട്ടേക്കാം: (1) അധ്യാപകന്റെ ആകുലതകളോടു പരിഗണന കാട്ടുക, (2) ആദരപൂർവം നിങ്ങളുടെ നിലപാടു വ്യക്തമാക്കുക, (3) യഹോവയെ പ്രസാദിപ്പിക്കുമെന്നു നിങ്ങൾക്ക് അറിയാവുന്ന കാര്യത്തിനായി ഉറച്ച നിലപാടു സ്വീകരിക്കുക. ഏറ്റവും മികച്ച ഫലം ലഭിക്കുന്നതിന്, നിങ്ങൾ എന്തു വിശ്വസിക്കുന്നു എന്നതു സംബന്ധിച്ച ലളിതവും നേരിട്ടുള്ളതുമായ ഒരു പ്രസ്താവന പോരായിരിക്കാം. (സദൃ. 15:28) നിങ്ങൾ ഒരു കുട്ടിയാണെങ്കിൽ, പറയാനുള്ള കാര്യങ്ങൾ തയ്യാറാകുന്നതിന് അച്ഛനോ അമ്മയോ നിങ്ങളെ സഹായിക്കും എന്നതിനു സംശയമില്ല.
ചിലപ്പോൾ നിങ്ങൾക്ക് അധികാരസ്ഥാനത്തുള്ള ആരുടെയെങ്കിലും മുന്നിൽവെച്ച്, നിങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെ ഖണ്ഡിക്കേണ്ടതായി വന്നേക്കാം. ഒരു പോലീസ് ഉദ്യോഗസ്ഥനോ ഗവൺമെന്റ് അധികാരിയോ ജഡ്ജിയോ, ഒരു പ്രത്യേക നിയമം അനുസരിക്കുന്നതു സംബന്ധിച്ചോ ക്രിസ്തീയ നിർമലത സംബന്ധിച്ച നിങ്ങളുടെ നിലപാടിനെ കുറിച്ചോ ദേശഭക്തിപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതു സംബന്ധിച്ച നിങ്ങളുടെ മനോഭാവത്തെ കുറിച്ചോ ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയണമെന്നു നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. എങ്ങനെ വേണം നിങ്ങൾ ഉത്തരം പറയാൻ? ‘സൌമ്യതയും ഭയഭക്തിയും [“ആഴമായ ആദരവും,” NW] പൂണ്ട്’ എന്നു ബൈബിൾ ബുദ്ധിയുപദേശിക്കുന്നു. (1 പത്രൊ. 3:15) കൂടാതെ, അവർ ഈ സംഗതികളിൽ ഇത്രയധികം താത്പര്യമെടുക്കുന്നത് എന്തുകൊണ്ടെന്നു സ്വയം ചോദിക്കുക. എന്നിട്ട് താൻ അതു മനസ്സിലാക്കുന്നുവെന്ന് ആദരപൂർവം അറിയിക്കുക. ഇനിയെന്ത്? അപ്പൊസ്തലനായ പൗലൊസ് റോമൻ നിയമം ഉറപ്പു നൽകുന്ന കാര്യങ്ങളെ കുറിച്ചു പരാമർശിക്കുകയുണ്ടായി. അതുപോലെതന്നെ നിങ്ങളുടെ പ്രശ്നത്തോടുള്ള ബന്ധത്തിൽ നിയമം എന്തെങ്കിലും ഉറപ്പു നൽകുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അതു ചൂണ്ടിക്കാണിക്കാവുന്നതാണ്. (പ്രവൃ. 22:25-29) ആദിമ ക്രിസ്ത്യാനികളും ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളും എടുത്തിട്ടുള്ള നിലപാടിനെ സംബന്ധിച്ച വസ്തുതകൾ അവതരിപ്പിക്കുന്നത് ഒരുപക്ഷേ അധികാരിയുടെ വീക്ഷണത്തെ വിശാലമാക്കിയേക്കാം. അല്ലെങ്കിൽ, ദൈവത്തിന്റെ അധികാരം തിരിച്ചറിയുന്നത് ഉചിതമായ മാനുഷിക നിയമങ്ങളോട് അനുസരണം പ്രകടമാക്കാൻ—അധികാരികൾ കാണുമ്പോഴും അല്ലാത്തപ്പോഴും—ആളുകളെ പ്രേരിപ്പിക്കുന്നത് എങ്ങനെയെന്നു നിങ്ങൾക്കു ചൂണ്ടിക്കാട്ടാവുന്നതാണ്. (റോമ. 13:1-14) ഇത്രയെല്ലാം പറഞ്ഞശേഷം, നിങ്ങളുടെ നിലപാടിനുള്ള തിരുവെഴുത്തു കാരണങ്ങൾ അവതരിപ്പിക്കുമ്പോൾ അനുകൂലമായ പ്രതികരണം ലഭിക്കാനിടയുണ്ട്.
തിരുവെഴുത്തുകൾ സംബന്ധിച്ച ചോദ്യകർത്താവിന്റെ വീക്ഷണം
ഉത്തരം പറയേണ്ടത് എങ്ങനെയെന്നു തീരുമാനിക്കുമ്പോൾ, വിശുദ്ധ തിരുവെഴുത്തുകൾ സംബന്ധിച്ച ചോദ്യകർത്താവിന്റെ വീക്ഷണവും നിങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടായിരിക്കാം. പുനരുത്ഥാനം സംബന്ധിച്ച സദൂക്യരുടെ ചോദ്യത്തിന് ഉത്തരം നൽകവേ യേശു അങ്ങനെ ചെയ്തു. അവർ മോശെയുടെ എഴുത്തുകൾ മാത്രമേ അംഗീകരിച്ചിരുന്നുള്ളു എന്ന് അറിയാമായിരുന്ന യേശു പഞ്ചഗ്രന്ഥങ്ങളിലെ ഒരു ഭാഗമെടുത്തു ന്യായവാദം ചെയ്തു. അവൻ ഇങ്ങനെ പറയുകയുണ്ടായി: “മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും . . . സൂചിപ്പിച്ചിരിക്കുന്നു.” (ലൂക്കൊ. 20:37) അതുപോലെതന്നെ നിങ്ങളുടെ ശ്രോതാവ് അംഗീകരിക്കുന്നതും അദ്ദേഹത്തിനു പരിചിതവുമായ ബൈബിൾ ഭാഗങ്ങൾ ഉദ്ധരിക്കുന്നതു പ്രയോജനകരമാണെന്നു നിങ്ങൾ മനസ്സിലാക്കാനിടയുണ്ട്.
നിങ്ങളുടെ ശ്രോതാവ് ബൈബിളിന് ആധികാരികത കൽപ്പിക്കുന്നില്ലെങ്കിലോ? അരയോപഗയിൽ വെച്ചു നടത്തിയ പ്രസംഗത്തിൽ അപ്പൊസ്തലനായ പൗലൊസ് എന്താണു ചെയ്തതെന്നു ശ്രദ്ധിക്കുക. പ്രവൃത്തികൾ 17:22-31-ൽ ആണ് അതു രേഖപ്പെടുത്തിയിരിക്കുന്നത്. ബൈബിളിൽനിന്നു നേരിട്ട് ഉദ്ധരിക്കാതെ അവൻ തിരുവെഴുത്തു സത്യങ്ങൾ പങ്കുവെച്ചു. ആവശ്യമായിരിക്കുമ്പോൾ, നിങ്ങൾക്കും അതുതന്നെ ചെയ്യാൻ കഴിയും. ചില സ്ഥലങ്ങളിൽ, ബൈബിളിനെ കുറിച്ചു നേരിട്ടു പരാമർശിക്കാതെതന്നെ ഒരു വ്യക്തിയുമായി പല തവണ ചർച്ചകൾ നടത്തേണ്ടിവന്നേക്കാം. ഒടുവിൽ നിങ്ങൾ ബൈബിൾ പരിചയപ്പെടുത്തുമ്പോൾ, ആദ്യംതന്നെ അതു ദൈവവചനമാണെന്നു ഉറപ്പിച്ചു പറയുന്നതിനു പകരം അതു പരിചിന്തനം അർഹിക്കുന്നത് എന്തുകൊണ്ട് എന്നതിന്റെ ചില കാരണങ്ങൾ മാത്രം അവതരിപ്പിക്കുന്നതു ബുദ്ധിയായിരുന്നേക്കാം. എങ്കിലും, നിങ്ങളുടെ ലക്ഷ്യം ദൈവോദ്ദേശ്യത്തെ കുറിച്ച് ഒരു വ്യക്തമായ സാക്ഷ്യം നൽകുക എന്നതും ക്രമേണ, ബൈബിൾ പറയുന്നതു നേരിൽ കാണാൻ ശ്രോതാവിനെ അനുവദിക്കുക എന്നതും ആയിരിക്കണം. നമ്മൾ വ്യക്തിപരമായി പറഞ്ഞേക്കാവുന്ന എന്തിനെക്കാളും വളരെയേറെ സ്വാധീനം ചെലുത്താൻ ബൈബിളിനു കഴിയും.—എബ്രാ. 4:12.
“എപ്പോഴും കൃപയോടുകൂടി”
യഹോവ കൃപാലുവായ ദൈവമാണ്. ആ സ്ഥിതിക്ക് അവന്റെ ദാസന്മാരോട് അവരുടെ സംസാരം “എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും” ആയിരിക്കണമെന്നു പറഞ്ഞിരിക്കുന്നത് എത്രയോ ഉചിതമാണ്! (കൊലൊ. 4:6; പുറ. 34:6) നാം ദയാപുരസ്സരം സംസാരിക്കേണ്ടതുണ്ട് എന്നാണ് അതിന്റെ അർഥം, ദയ അർഹിക്കുന്നില്ലെന്നു തോന്നുന്ന സാഹചര്യത്തിൽ പോലും. നമ്മുടെ സംസാരം ഉപ്പിനാൽ രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കണം, പരുക്കൻ മട്ടിലുള്ളതോ നയമില്ലാത്തതോ ആയിരിക്കരുത്.
പലരുടെയും ജീവിതം സമ്മർദപൂരിതമാണ്. ദിവസവും അവർക്കു ദ്രോഹകരമായ സംസാരം കേൾക്കേണ്ടി വരുന്നു. അത്തരം ആളുകളെ നാം സന്ദർശിക്കുമ്പോൾ അവർ നമ്മോടു പരുഷമായി സംസാരിച്ചേക്കാം. അപ്പോൾ നാം എങ്ങനെ പ്രതികരിക്കണം? “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു” എന്ന് ബൈബിൾ പറയുന്നു. അത്തരം ഒരു ഉത്തരത്തിന്, വിരുദ്ധ വീക്ഷണഗതിയുള്ള ഒരാളെ മയപ്പെടുത്താനും കഴിയും. (സദൃ. 15:1; 25:15) ദിവസവും പരുക്കൻ രീതിയിലുള്ള സംസാരവും പെരുമാറ്റവും സഹിച്ചു മടുത്തവർക്ക്, ആർദ്രതയോടുകൂടിയ പെരുമാറ്റവും ശബ്ദവും വളരെയേറെ ആകർഷകമായി തോന്നും. ഇത് നാം എത്തിക്കുന്ന സുവാർത്തയ്ക്കു ചെവി കൊടുക്കാൻ അവരെ പ്രേരിപ്പിച്ചേക്കാം.
സത്യത്തോടു യാതൊരു ആദരവും കാട്ടാത്തവരുമായി തർക്കിക്കാൻ നമുക്കു താത്പര്യമില്ല. പകരം, നമ്മുടെ ആഗ്രഹം തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യാൻ നമ്മെ അനുവദിക്കുന്നവരുമൊത്ത് അപ്രകാരം ചെയ്യുക എന്നതാണ്. നമ്മൾ ഏതു സാഹചര്യത്തെ നേരിട്ടാലും, ഉത്തരം പറയേണ്ടത് ദയയോടും ദൈവത്തിന്റെ അമൂല്യ വാഗ്ദാനങ്ങൾ ആശ്രയയോഗ്യം ആണെന്ന നിശ്ചയത്തോടും കൂടി ആയിരിക്കണമെന്ന സംഗതി മനസ്സിൽ പിടിക്കുന്നു.—1 തെസ്സ. 1:5.
വ്യക്തിപരമായ തീരുമാനങ്ങളും മനസ്സാക്ഷിപരമായ കാര്യങ്ങളും
ഒരു പ്രത്യേക സാഹചര്യത്തെ നേരിടുമ്പോൾ താൻ എന്തു ചെയ്യണമെന്ന് ഒരു ബൈബിൾ വിദ്യാർഥിയോ സഹവിശ്വാസിയോ ചോദിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണ് ഉത്തരം പറയേണ്ടത്? അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ വ്യക്തിപരമായി എന്തു ചെയ്യുമെന്നു നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ ഓരോ വ്യക്തിയും സ്വന്തം തീരുമാനങ്ങൾക്കുള്ള ഉത്തരവാദിത്വം വഹിക്കേണ്ടതുണ്ട്. (ഗലാ 6:5) താൻ സുവിശേഷമറിയിച്ച ആളുകളെ “വിശ്വാസത്താലുള്ള അനുസരണം” കാണിക്കാൻ താൻ പ്രോത്സാഹിപ്പിച്ചു എന്ന് അപ്പൊസ്തലനായ പൗലൊസ് പറയുകയുണ്ടായി. (റോമ. 16:26, NW) നമുക്ക് അനുകരിക്കാൻ പറ്റിയ ഒരു ഉത്തമ മാതൃകയാണ് അത്. ഒരു വ്യക്തി തീരുമാനങ്ങളെടുക്കുന്നത് മുഖ്യമായും, തന്നെ ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിയെ അല്ലെങ്കിൽ മറ്റൊരു മനുഷ്യനെ പ്രസാദിപ്പിക്കാനാണെങ്കിൽ അയാൾ മനുഷ്യരെയാണു സേവിക്കുന്നത്, അയാൾ വിശ്വാസത്താൽ ജീവിക്കുന്നുവെന്നു പറയാനാവില്ല. (ഗലാ. 1:10) അതുകൊണ്ട് ലളിതവും നേരിട്ടുള്ളതുമായ ഉത്തരം കൊടുക്കുന്നത് ചോദിക്കുന്നയാളിന്റെ നന്മയിൽ കലാശിച്ചെന്നു വരില്ല.
അപ്പോൾപ്പിന്നെ, ബൈബിളിന്റെ മാർഗനിർദേശങ്ങൾക്കു ചേർന്ന വിധത്തിൽ നിങ്ങൾക്ക് എങ്ങനെ മറുപടി പറയാനാകും? ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അനുയോജ്യമായ തത്ത്വങ്ങളിലേക്കും മാതൃകകളിലേക്കും നിങ്ങൾക്കു ശ്രദ്ധ ക്ഷണിക്കാവുന്നതാണ്. ചില സന്ദർഭങ്ങളിൽ, ആ തത്ത്വങ്ങളും മാതൃകകളും സ്വന്തമായി കണ്ടെത്താനായി ഗവേഷണം നടത്തേണ്ടത് എങ്ങനെയെന്നു നിങ്ങൾക്കു കാണിച്ചുകൊടുക്കാനാകും. നിങ്ങൾക്ക് ആ തത്ത്വങ്ങളും മാതൃകകളുടെ മൂല്യവും ചർച്ച ചെയ്യാൻ പോലും സാധിക്കും, എന്നാൽ ആ വ്യക്തി നേരിടുന്ന പ്രത്യേക സാഹചര്യത്തിൽ അവ ബാധകമാകുന്നത് എങ്ങനെയെന്നു പറയാൻ പാടില്ല എന്നു മാത്രം. ജ്ഞാനപൂർവകമായ ഒരു തീരുമാനം എടുക്കാൻ അദ്ദേഹത്തെ സഹായിച്ചേക്കാവുന്ന എന്തെങ്കിലും അവയിൽ കാണാൻ കഴിയുന്നുണ്ടോ എന്ന് ആ വ്യക്തിയോടു ചോദിക്കുക. യഹോവയ്ക്കു പ്രസാദകരമായ ഗതി ഏതായിരിക്കും എന്ന് ഈ തത്ത്വങ്ങളുടെയും മാതൃകകളുടെയും വെളിച്ചത്തിൽ പരിചിന്തിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. അപ്രകാരം ചെയ്യുമ്പോൾ, ‘നന്മതിന്മകളെ തിരിച്ചറിവാൻ ഇന്ദ്രിയങ്ങളെ [“ഗ്രഹണ പ്രാപ്തികളെ,” NW] അഭ്യസിപ്പിക്കുന്നതിന്’ നിങ്ങൾ അദ്ദേഹത്തെ സഹായിക്കുകയാണു ചെയ്യുന്നത്.—എബ്രാ. 5:14.
സഭായോഗങ്ങളിൽ ഉത്തരം പറയൽ
ക്രിസ്തീയ സഭായോഗങ്ങൾ പലപ്പോഴും നമ്മുടെ വിശ്വാസത്തിന്റെ പരസ്യ പ്രഖ്യാപനം നടത്താനുള്ള അവസരങ്ങൾ നമുക്ക് ഒരുക്കിത്തരുന്നു. നാം ഇതു ചെയ്യുന്ന ഒരു മാർഗം ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൊണ്ടാണ്. എങ്ങനെയാണ് നാം ഉത്തരം പറയേണ്ടത്? യഹോവയെ വാഴ്ത്താനുള്ള ആഗ്രഹത്തോടെ. “സഭകളിൽ” ആയിരിക്കെ സങ്കീർത്തനക്കാരനായ ദാവീദ് അതാണു ചെയ്തത്. (സങ്കീ. 26:12) നമ്മുടെ ഉത്തരങ്ങൾ, അപ്പൊസ്തലനായ പൗലൊസ് ഉദ്ബോധിപ്പിച്ചതുപോലെ, “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പി”ച്ചുകൊണ്ട്, സഹ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളവയും ആയിരിക്കേണ്ടതുണ്ട്. (എബ്രാ. 10:23-25) പാഠങ്ങൾ മുൻകൂട്ടി പഠിക്കുന്നത് അതിനു നമ്മെ സഹായിക്കും.
ഉത്തരം പറയാൻ അവസരം ലഭിക്കുമ്പോൾ ലളിതവും വ്യക്തവും ഹ്രസ്വവുമായ ഉത്തരങ്ങൾ പറയാൻ ശ്രദ്ധിക്കുക. ഖണ്ഡികയിലെ മുഴുവൻ ആശയങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കരുത്; ഒരു ആശയം മാത്രം പറയുക. ഉത്തരത്തിന്റെ ഒരു ഭാഗം മാത്രം നിങ്ങൾ പറയുന്നെങ്കിൽ കൂടുതലായ അഭിപ്രായങ്ങൾ പറയുന്നതിനു മറ്റുള്ളവർക്ക് അവസരം ലഭിക്കും. ചർച്ച ചെയ്യുന്ന ഭാഗത്തു പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തുകാട്ടുന്നതു വിശേഷിച്ചും പ്രയോജനകരമാണ്. അങ്ങനെ ചെയ്യുന്ന സമയത്ത്, തിരുവെഴുത്തിന്റെ ഏതു ഭാഗത്തിനാണോ ചർച്ച ചെയ്യുന്ന ആശയവുമായി ബന്ധമുള്ളത് അതിലേക്കു ശ്രദ്ധ ക്ഷണിക്കാൻ ശ്രമിക്കുക. ഖണ്ഡികയിൽനിന്നു നേരിട്ടു വായിക്കുന്നതിനു പകരം സ്വന്തം വാക്കുകളിൽ ഉത്തരം പറയാൻ പഠിക്കുക. ഒരു ഉത്തരം ഏറ്റവും കൃത്യമായി പറഞ്ഞു ഫലിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും വിഷമിക്കരുത്. ഉത്തരം പറയുന്ന എല്ലാവർക്കും ഇടയ്ക്കൊക്കെ അങ്ങനെ സംഭവിക്കാറുണ്ട്.
എങ്ങനെ ഉത്തരം പറയണമെന്ന് അറിയുന്നതിൽ, ഉത്തരം എന്താണെന്ന് അറിയുന്നതിലുമധികം കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു എന്നതു വ്യക്തമാണ്. വിവേചന ആവശ്യമാണ്. എന്നാൽ, നിങ്ങളുടെ ഹൃദയത്തിൽനിന്നു വരുന്ന, മറ്റുള്ളവരുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന, ഒരു ഉത്തരം നിങ്ങൾ പറയുമ്പോൾ അത് എത്ര സംതൃപ്തിദായകമാണ്!—സദൃ. 15:23.