നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി മുറിവേറ്റ യഹോവയുടെ ദാസൻ
“അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; . . . അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.”—യെശ. 53:5.
1. സ്മാരകം ആചരിക്കുമ്പോൾ നമ്മുടെ മനസ്സിൽ എന്തുണ്ടായിരിക്കണം, അങ്ങനെ ചെയ്യാൻ ഏതു പ്രവചനം നമ്മെ സഹായിക്കും?
സ്മാരകാചരണം ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ പുതുക്കലാണ്. അവന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും കൈവന്ന സകല അനുഗ്രഹങ്ങളെക്കുറിച്ചും നാം ആ സന്ദർഭത്തിൽ സ്മരിക്കുന്നു. യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യം, അവന്റെ നാമവിശുദ്ധീകരണം, മനുഷ്യകുലത്തിന്റെ രക്ഷയുൾപ്പെടെ അവന്റെ ഉദ്ദേശ്യസാക്ഷാത്കാരം; ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ധ്യാനിക്കാനുള്ള ഒരവസരം ഈ സന്ദർഭം നമുക്ക് ഒരുക്കിത്തരുന്നു. യെശയ്യാവ് 53-ാം അധ്യായത്തിന്റെ 3 മുതൽ 12 വരെയുള്ള വാക്യങ്ങളിൽ കോറിയിട്ടിരിക്കുന്ന യേശു അനുഷ്ഠിച്ച ത്യാഗത്തിന്റെ ചിത്രവും അതു സാധ്യമാക്കിയ കാര്യങ്ങളും മറ്റൊരു പ്രവചനവും ഇത്ര മനോഹരമായി അവതരിപ്പിച്ചിട്ടില്ല എന്നുതന്നെ പറയാം. ഈ പ്രവചനം യഹോവയുടെ ദാസനായ ക്രിസ്തു കടന്നുപോകേണ്ടിയിരുന്ന കഷ്ടാനുഭവങ്ങൾ വർണിക്കുന്നു. അവന്റെ മരണത്തെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങളും ഇതു നൽകുന്നു. അവന്റെ അഭിഷിക്ത സഹോദരങ്ങൾക്കും ‘വേറെ ആടുകൾക്കും’ ഈ മരണത്തിലൂടെ കൈവരുന്ന അനുഗ്രഹങ്ങളെക്കുറിച്ചും യെശയ്യാവ് ഇതിൽ പ്രവചിച്ചിരിക്കുന്നു.—യോഹ. 10:16.
2. യെശയ്യാ പ്രവചനം എന്തിനുള്ള തെളിവുനൽകുന്നു, അതിന് നമ്മെ എങ്ങനെ സ്വാധീനിക്കാനാകും?
2 തന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസനായ യേശു ഭൂജാതനാകുന്നതിനും ഏഴു നൂറ്റാണ്ടുമുമ്പ്, അവൻ മരണത്തോളം വിശ്വസ്തനായിരിക്കുമെന്ന് പ്രവചിക്കാൻ യഹോവ യെശയ്യാവിനെ നിശ്വസ്തനാക്കി. യഹോവയ്ക്ക് തന്റെ പുത്രനിലുള്ള ഉത്തമ വിശ്വാസത്തിന് ഇതിൽക്കൂടുതൽ എന്തു തെളിവാണു വേണ്ടത്? ഈ പ്രവചനം നാം ഓരോ തവണ വായിക്കുമ്പോഴും അതു നമ്മുടെ ഹൃദയത്തെ തരളിതമാക്കുകയും നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യും.
‘നിന്ദിതനായിരുന്നു; അവനെ ആദരിച്ചതുമില്ല’
3. യഹൂദന്മാർ യേശുവിനെ സ്വീകരിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്, പക്ഷേ അവർ എന്താണു ചെയ്തത്?
3 യെശയ്യാവു 53:3 വായിക്കുക. ഒന്നു ചിന്തിക്കൂ! പാപത്തിൽനിന്നും മരണത്തിൽനിന്നും മനുഷ്യരെ മോചിപ്പിക്കുന്നതിനായി ദൈവത്തിന്റെ ഏകജാതപുത്രൻ സ്വർഗത്തിൽ തന്റെ പിതാവിനൊപ്പം പ്രവർത്തിക്കുന്നതിന്റെ എല്ലാ സന്തോഷവും പിന്നിൽവിട്ട് ഭൂമിയിൽവന്ന് തന്റെ ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി! (ഫിലി. 2:5-8) അവന്റെ ഈ ജീവത്യാഗം മനുഷ്യവർഗത്തിന് പാപത്തിൽനിന്നുള്ള ശാശ്വതമായ വിടുതൽ സാധ്യമാക്കിത്തീർത്തു. മോശൈകന്യായപ്രമാണത്തിലെ മൃഗയാഗങ്ങൾ ഇതിന്റെ നിഴൽ മാത്രമായിരുന്നു. (എബ്രാ. 10:1-4) ചുരുങ്ങിയപക്ഷം, വാഗ്ദത്ത മിശിഹായെ കാത്തിരുന്ന യഹൂദരെങ്കിലും അവനെ സ്വീകരിച്ച് ആദരിക്കേണ്ടതല്ലായിരുന്നോ? (യോഹ. 6:14) പക്ഷേ യെശയ്യാ പ്രവചിച്ചിരുന്നതുപോലെ, അവർ ക്രിസ്തുവിനെ ‘ആദരിച്ചില്ലെന്നു’ മാത്രമല്ല ‘നിന്ദിക്കുകയും’ ചെയ്തു. അപ്പൊസ്തലനായ യോഹന്നാൻ എഴുതി: “അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.” (യോഹ. 1:11) അപ്പൊസ്തലനായ പത്രൊസ് യഹൂദന്മാരോടായി പറഞ്ഞു: “നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറകയും ചെയ്തു. പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു.”—പ്രവൃ. 3:13, 14.
4. യേശു ‘രോഗം ശീലിച്ചവനായിരുന്നത്’ എങ്ങനെ?
4 ‘രോഗം ശീലിച്ചവനായിരുന്നു’ എന്ന് യേശുവിനെക്കുറിച്ചു പ്രവചിച്ചതിൽനിന്ന് നാം എന്താണു മനസ്സിലാക്കേണ്ടത്? ശുശ്രൂഷയിലായിരിക്കെ യേശുവിന് ക്ഷീണം അനുഭവപ്പെട്ടിട്ടുണ്ട് എന്നതു സത്യമാണ്, പക്ഷേ അവനൊരു രോഗിയായിരുന്നതിന്റെ യാതൊരു സൂചനയുമില്ല. (യോഹ. 4:6) എന്നാൽ ജനങ്ങളെ ബാധിക്കുന്ന നാനാവ്യാധികളെക്കുറിച്ച് കണ്ടും കേട്ടും അവനു നല്ല അറിവുണ്ടായിരുന്നു; മനസ്സലിവു തോന്നിയ അവൻ അനേകരെ സൗഖ്യമാക്കി. (മർക്കൊ. 1:32-34) അങ്ങനെ, “സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു” എന്ന പ്രവചനം യേശുവിൽ നിറവേറി.—യെശ. 53:4എ; മത്താ. 8:16, 17.
‘ദൈവം അവനെ അടിച്ചു’ എന്ന് അവർ വിചാരിച്ചു
5. യേശുവിന്റെ മരണത്തെ പല യഹൂദരും വീക്ഷിച്ചത് എങ്ങനെ, ഇത് അവന്റെ വേദന ഇരട്ടിപ്പിച്ചത് എന്തുകൊണ്ട്?
5 യെശയ്യാവു 53:4ബി വായിക്കുക. യേശു കഷ്ടമനുഭവിച്ചു മരിച്ചതിന്റെ കാരണം അവന്റെ സമകാലികരിൽ പലർക്കും മനസ്സിലാക്കാനായില്ല. അറപ്പുളവാക്കുന്ന ഒരു രോഗംകൊണ്ടു ദണ്ഡിപ്പിച്ചാലെന്നപോലെ ദൈവം അവനെ ശിക്ഷിക്കുകയായിരുന്നെന്ന് അവർ കരുതി. (മത്താ. 27:38-44) യേശു ദൈവദൂഷണം പറയുന്നതായി യഹൂദന്മാർ ആരോപിച്ചെങ്കിലും അവൻ ഒരു പാപിയോ ദൈവദൂഷകനോ അല്ലായിരുന്നു. (മർക്കൊ. 14:61-64; യോഹ. 10:33) പിതാവിനോടുള്ള അവന്റെ സ്നേഹം കണക്കിലെടുക്കുമ്പോൾ, ദൈവദൂഷകനെന്ന മുദ്രയേറ്റു മരിക്കേണ്ടിവരുമല്ലോ എന്ന ചിന്തപോലും യഹോവയുടെ ഈ ദാസന്റെ വേദനയോടു വേദന കൂട്ടിയിരിക്കണം എന്ന കാര്യത്തിൽ തർക്കമില്ല. എന്നിരുന്നാലും ദൈവേച്ഛയ്ക്കു കീഴ്പെടാൻ അവൻ ഒരുക്കമായിരുന്നു.—മത്താ. 26:39.
6, 7. ഏതർഥത്തിലാണ് തന്റെ വിശ്വസ്ത ദാസനെ യഹോവ ‘തകർത്തത്,’ അതിൽ അവന് ‘ഇഷ്ടം തോന്നിയത്’ എന്തുകൊണ്ട്?
6 ‘ദൈവം അവനെ [ക്രിസ്തുവിനെ] അടിച്ചു’ എന്ന് ആളുകൾ വിചാരിക്കുമെന്ന് യെശയ്യാവു പ്രവചിക്കുമ്പോൾ നമുക്കത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ “അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടം തോന്നി” എന്ന് പ്രവാചകൻ പറയുമ്പോൾ നമുക്കത് അവിശ്വസനീയമായി തോന്നിയേക്കാം. (യെശ. 53:10) ‘ഇതാ, എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ’ എന്ന് യഹോവതന്നെ അവനെക്കുറിച്ചു പറഞ്ഞിട്ടുണ്ടല്ലോ, അപ്പോൾ “അവനെ തകർത്തുകളവാൻ” യഹോവയ്ക്ക് എങ്ങനെ “ഇഷ്ടം തോന്നി?” (യെശ. 42:1) നാം എന്താണ് ഇതിൽനിന്നു മനസ്സിലാക്കേണ്ടത്?
7 ഇതു മനസ്സിലാക്കുന്നതിന് നാം ഒരു കാര്യം ഓർക്കേണ്ടതുണ്ട്, യഹോവയുടെ പരമാധികാരത്തെ ചോദ്യംചെയ്ത സാത്താൻ സ്വർഗത്തിലും ഭൂമിയിലുമുള്ള സകല ദൈവദാസരുടെയും വിശ്വസ്തതയുടെമേൽ നിഴൽവീഴ്ത്തി. (ഇയ്യോ. 1:9-11; 2:3-5) എന്നാൽ മരണത്തോളം വിശ്വസ്തത പുലർത്തിക്കൊണ്ട് യേശു, സാത്താനു തക്ക മറുപടികൊടുത്തു. തന്റെ വിശ്വസ്ത ദാസനെ വധിക്കാൻ ദൈവം ശത്രുക്കളെ അനുവദിച്ചെങ്കിലും അവൻ മരണത്തിനു കീഴ്പെടുന്നതുകണ്ട് യഹോവയുടെ ഉള്ളം എത്ര നൊന്തുകാണും! പക്ഷേ തന്റെ പുത്രന്റെ വിശ്വസ്തത യഹോവയെ എത്ര സന്തോഷിപ്പിച്ചിരിക്കണം! (സദൃ. 27:11) അനുതപിക്കുന്ന മനുഷ്യർക്ക് ഈ മരണത്തിലൂടെ മഹത്തായ അനുഗ്രഹങ്ങൾ ലഭിക്കുമെന്ന അറിവും യഹോവയെ സന്തുഷ്ടനാക്കി.—ലൂക്കൊ. 15:7.
‘നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി മുറിവേറ്റിരിക്കുന്നു’
8, 9. (എ) യേശു ‘നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി മുറിവേറ്റത്’ എങ്ങനെ? (ബി) പത്രൊസ് ഇതു സ്ഥിരീകരിക്കുന്നത് എങ്ങനെ?
8 യെശയ്യാവു 53:6 വായിക്കുക. ആദാമിക പാപത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്നു മോചനം തേടി പാപികളായ മനുഷ്യർ കൂട്ടംതെറ്റി ഉഴലുന്ന ആടുകളെപ്പോലെ അലയുകയായിരുന്നു. (1 പത്രൊ. 2:25) അപൂർണരായതിനാൽ ആദാമിന്റെ പിൻഗാമികളിലാർക്കും അവൻ നഷ്ടപ്പെടുത്തിയതു തിരികെ വാങ്ങാനുള്ള ശേഷിയില്ലായിരുന്നു. (സങ്കീ. 49:7, 8) എന്നാൽ സ്നേഹനിധിയായ ‘യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം [തന്റെ പ്രിയ പുത്രനും തിരഞ്ഞെടുക്കപ്പെട്ട ദാസനുമായ യേശുവിന്റെ മേൽ] ചുമത്തി.’ ‘നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി മുറിവേൽക്കാനും’ “നമ്മുടെ അകൃത്യങ്ങൾനിമിത്തം” ക്ഷതമേൽക്കാനും തയ്യാറായ ക്രിസ്തു നമ്മുടെ പാപങ്ങൾ ചുമന്ന് സ്തംഭത്തിൽ നമുക്കു പകരം മരിച്ചു.
9 അപ്പൊസ്തലനായ പത്രൊസ് എഴുതി: “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. . . . നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി.” തുടർന്ന് യെശയ്യാ പ്രവചനം ഉദ്ധരിച്ചുകൊണ്ട് പത്രൊസ് എഴുതി: “അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.” (1 പത്രൊ. 2:21, 24; യെശ. 53:5) പത്രൊസ് പറയുന്നതുപോലെ, ഇതു പാപികളായ മനുഷ്യർക്ക് ദൈവവുമായി അനുരഞ്ജനപ്പെടുന്നതിനു വഴിതുറന്നുകൊടുത്തു. അവൻ എഴുതി: ‘ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിനു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏറ്റു.’—1 പത്രൊ. 3:18.
“കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ”
10. (എ) സ്നാപക യോഹന്നാൻ യേശുവിനെ വിശേഷിപ്പിച്ചത് എങ്ങനെ? (ബി) യോഹന്നാന്റെ ആ വാക്കുകൾ ഉചിതമായിരുന്നത് എന്തുകൊണ്ട്?
10 യെശയ്യാവു 53:7, 8 വായിക്കുക. യേശു അടുത്തേക്കു വരുന്നതു കണ്ടപ്പോൾ സ്നാപക യോഹന്നാൻ, “ഇതാ ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നു വിളിച്ചുപറഞ്ഞു. (യോഹ. 1:29) “കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ . . . ” എന്ന യെശയ്യാവിന്റെ വാക്കുകളായിരിക്കാം യേശുവിനെ കുഞ്ഞാട് എന്നു സംബോധന ചെയ്തപ്പോൾ യോഹന്നാന്റെ മനസ്സിലുണ്ടായിരുന്നത്. (യെശ. 53:7) ‘അവൻ തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളയും’ എന്നും യെശയ്യാവ് പ്രവചിച്ചു. (യെശ. 53:12) തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയ രാത്രിയിൽ, വിശ്വസ്തരായ 11 അപ്പൊസ്തലന്മാർക്കു വീഞ്ഞുനിറച്ച പാനപാത്രം നൽകിക്കൊണ്ട് യേശു പറഞ്ഞു: “ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്റെ രക്തം.”—മത്താ. 26:28.
11, 12. (എ) യാഗമായി അർപ്പിക്കപ്പെടാനുള്ള യിസ്ഹാക്കിന്റെ മനസ്സൊരുക്കം യേശുവിന്റെ ത്യാഗത്തെ മുൻനിഴലാക്കിയത് എങ്ങനെ? (ബി) നാം സ്മാരകം ആചരിക്കുമ്പോൾ യഹോവയെക്കുറിച്ച് എന്ത് ഓർക്കണം?
11 യഹോവയുടെ ഇഷ്ടം നിറവേറ്റാനായി ജീവത്യാഗം ചെയ്യാൻ യേശു സന്നദ്ധനായിരുന്നു, പുരാതന കാലത്തെ യിസ്ഹാക്കിനെപ്പോലെ. (ഉല്പ. 22:1, 2, 9-13; എബ്രാ. 10:5-10) തന്റെ ജീവൻ ബലിയർപ്പിക്കാൻ യിസ്ഹാക്ക് അനുവദിച്ചുവെന്നതു വാസ്തവമാണെങ്കിലും, ആ യാഗമർപ്പിക്കാൻ ഒരുങ്ങിയത് അബ്രാഹാമാണ് എന്നു നാം മറക്കരുത്. (എബ്രാ. 11:17) സമാനമായി, സ്വജീവൻ ബലിയായി നൽകാൻ യേശുവിനു സമ്മതമായിരുന്നെങ്കിലും, മറുവില നൽകുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയത് യഹോവയാണ്. മനുഷ്യവർഗത്തോടുള്ള ദൈവസ്നേഹത്തിന്റെ ആഴം അവന്റെ പുത്രന്റെ ബലിമരണത്തിൽ നമുക്കു ദർശിക്കാനാകും.
12 “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” എന്ന് യേശു പറഞ്ഞു. (യോഹ. 3:16) പൗലൊസ് അപ്പൊസ്തലൻ എഴുതി: “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” (റോമ. 5:8) അതുകൊണ്ട് യേശുവിന്റെ മരണത്തിന്റെ സ്മാരകം ആചരിച്ചുകൊണ്ട് അവനെ ആദരിക്കുമ്പോൾ, മറുവില നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തിയ വലിയ അബ്രാഹാമായ യഹോവയെ നാം മറക്കരുത്. അതെ, യഹോവയുടെ സ്തുതിക്കായി നാം സ്മാരകം ആചരിക്കും.
“പലരെയും നീതീകരിക്കും”
13, 14. യഹോവയുടെ ദാസൻ ‘പലരെയും നീതീകരിച്ചത്’ എങ്ങനെ?
13 യെശയ്യാവു 53:11, 12 വായിക്കുക. തന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസനെക്കുറിച്ച് യഹോവ പ്രസ്താവിച്ചു: “നീതിമാനായ എന്റെ ദാസൻ . . . പലരെയും നീതീകരിക്കും.” അത് എങ്ങനെയായിരിക്കും? ‘അവൻ അതിക്രമക്കാർക്കു വേണ്ടി ഇട നിന്നു’ എന്ന് 12-ാം വാക്യം പറയുന്നതു ശ്രദ്ധിക്കുക. ആദാമിന്റെ സന്തതികളെല്ലാം ജന്മനാ പാപികളാണ്, ‘അതിക്രമക്കാരാണ്.’ അതുകൊണ്ട് ‘പാപത്തിന്റെ ശമ്പളമായ’ മരണം അവരെല്ലാം കൈപ്പറ്റുന്നു. (റോമ. 5:12; 6:23) പാപികളായ മനുഷ്യർ യഹോവയുമായി അനുരഞ്ജനപ്പെടേണ്ട ആവശ്യമുണ്ട്. “നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെ മേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് യെശയ്യാ പ്രവചനം, നമുക്കുവേണ്ടി യേശു ‘ഇട നിന്നത്’ എങ്ങനെയെന്നു മനോഹരമായി വർണിക്കുന്നു.—യെശ. 53:5.
14 നമ്മുടെ പാപങ്ങൾ സ്വന്തം ചുമലിലേറ്റി നമുക്കു പകരം മരിച്ചുകൊണ്ട് ക്രിസ്തു ‘പലരെയും നീതീകരിച്ചു.’ പൗലൊസ് എഴുതി: “അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻമുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.”—കൊലൊ. 1:19, 20.
15. (എ) ‘സ്വർഗ്ഗത്തിലുള്ളത്’ എന്ന് പൗലൊസ് പരാമർശിച്ചിരിക്കുന്നത് ആരെയാണ്? (ബി) സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റാൻ ആർക്കു മാത്രമാണ് അവകാശമുള്ളത്, എന്തുകൊണ്ട്?
15 ‘സ്വർഗ്ഗത്തിലുള്ളതോ നിരപ്പിൽവന്നു’ എന്നു പറയുന്നത്, ക്രിസ്തുവിന്റെ രക്തം മുഖേന യഹോവയുമായി അനുരഞ്ജനത്തിൽവന്ന അഭിഷിക്ത ക്രിസ്ത്യാനികളെക്കുറിച്ചാണ്. രാജാക്കന്മാരായി സ്വർഗത്തിൽ വാഴാൻ വിളിക്കപ്പെട്ടവരാണ് അവർ. ‘ജീവകാരണമായ നീതീകരണം ലഭിച്ചവരാണ്’ ‘സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ള’ ആ ക്രിസ്ത്യാനികൾ. (എബ്രാ. 3:1; റോമ. 5:1, 18) അങ്ങനെ നീതിമാന്മാരെന്നു പ്രഖ്യാപിക്കപ്പെട്ട അവരെ ആത്മീയ മക്കളായി യഹോവ കൈക്കൊള്ളുന്നു. സ്വർഗീയ രാജ്യത്തിൽ രാജാക്കന്മാരും പുരോഹിതന്മാരും ആയിരിക്കേണ്ടതിന് അവർ ‘ക്രിസ്തുവിനു കൂട്ടവകാശികളാണെന്ന്’ പരിശുദ്ധാത്മാവ് അവരോടു സാക്ഷ്യം പറയുന്നു. (റോമ. 8:15-17; വെളി. 5:9, 10) ആത്മീയ ഇസ്രായേലിന്റെ അഥവാ ‘ദൈവത്തിന്റെ ഇസ്രായേലിന്റെ’ ഭാഗമായ അവരെ പുതിയ ഉടമ്പടിയിൽ കക്ഷിചേർത്തിരിക്കുന്നു. (യിരെ. 31:31-34; ഗലാ. 6:16) പുതിയ ഉടമ്പടിയിലെ കക്ഷികളെന്ന നിലയിൽ ചുവന്ന വീഞ്ഞ് ഉൾപ്പെടെയുള്ള സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റാനുള്ള അവകാശം അവർക്കുണ്ട്. യേശു അവരോടു പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.”—ലൂക്കൊ. 22:20.
16. ‘ഭൂമിയിലുള്ളത്’ എന്താണ്, ആരായാണ് യഹോവയുടെ മുമ്പാകെ അവർ നീതീകരിക്കപ്പെടുന്നത്?
16 ഭൂമിയിൽ നിത്യമായി ജീവിക്കാൻ പ്രത്യാശയുള്ള ക്രിസ്തുവിന്റെ വേറെ ആടുകളെയാണ് ‘ഭൂമിയിലുള്ളത്’ എന്നു പരാമർശിച്ചിരിക്കുന്നത്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസൻ ഇവർക്കും ദൈവമുമ്പാകെ നീതിയുള്ള ഒരു നില സാധ്യമാക്കുന്നു. ക്രിസ്തുവിന്റെ മറുവിലയാഗത്തിൽ വിശ്വസിച്ചുകൊണ്ട് അവർ “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.” യഹോവ അവരെ ആത്മീയ മക്കളായല്ല നീതീകരിക്കുന്നത്, മറിച്ച് ‘മഹാകഷ്ടത്തെ’ അതിജീവിക്കാനുള്ള പ്രത്യാശ നൽകിക്കൊണ്ട് സ്നേഹിതന്മാർ എന്നനിലയിലാണ്. (വെളി. 7:9, 10, 14; യാക്കോ. 2:23) പുതിയ ഉടമ്പടിയിൽ കക്ഷികൾ അല്ലാത്തതിനാൽ അവർ സ്വർഗീയ പ്രത്യാശയുള്ളവരല്ല, അതുകൊണ്ടുതന്നെ അവർ സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റുന്നുമില്ല. എന്നാൽ ആദരവുള്ള നിരീക്ഷകരായി അവർ ഈ ആചരണത്തിനു സന്നിഹിതരാകുന്നു.
നന്ദി യഹോവയ്ക്കും അവന്റെ ദാസനും!
17. യഹോവയുടെ ദാസനെ കേന്ദ്രീകരിച്ചുള്ള യെശയ്യാവിന്റെ പ്രവചനങ്ങളുടെ പരിചിന്തനം സ്മാരകത്തിനായി നമ്മെ ഒരുക്കുന്നത് എങ്ങനെ?
17 ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാചരണത്തിനായി നമ്മുടെ മനസ്സൊരുക്കുന്നതിനുള്ള ഒരു നല്ല മാർഗമായിരുന്നു യഹോവയുടെ ദാസനെ കേന്ദ്രീകരിച്ചുള്ള യെശയ്യാവിന്റെ പ്രവചനങ്ങളുടെ ഈ പരിചിന്തനം. ‘വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിലേക്കു നോക്കാൻ,’ അവനിൽ ദൃഷ്ടി ഉറപ്പിക്കാൻ അതു നമ്മെ സഹായിച്ചിരിക്കുന്നു. (എബ്രാ. 12:2) ദൈവേഷ്ടത്തിനു മറുത്തുനിൽക്കുന്നവനായിരുന്നില്ല അവൻ. സാത്താൻ ചെയ്തതിനു വിപരീതമായി, പരമാധികാര കർത്താവായി യഹോവയെ അംഗീകരിച്ച് അവനിൽനിന്നു പഠിക്കാൻ യേശു അങ്ങേയറ്റം താത്പര്യപ്പെട്ടിരുന്നു. അനുകമ്പയുള്ളവനായിരുന്ന അവൻ അനേകരെ ആത്മീയമായും ശാരീരികമായും സുഖപ്പെടുത്തി. മിശിഹൈക രാജാവായി ‘ഭൂമിയിൽ ന്യായം സ്ഥാപിക്കുമ്പോൾ’ താൻ എങ്ങനെ പ്രവർത്തിക്കും എന്ന് അതിലൂടെ കാണിക്കുകയായിരുന്നു യേശു. (യെശ. 42:4) ‘ജാതികളുടെ പ്രകാശമായ’ അവൻ ദൈവരാജ്യം പ്രസംഗിക്കാൻ കാണിച്ച തീക്ഷ്ണത, ഭൂമിയിലെമ്പാടും തീക്ഷ്ണതയോടെ സുവാർത്ത പ്രസംഗിക്കാൻ അവന്റെ അനുഗാമികളെ പ്രേരിപ്പിക്കണം.—യെശ. 42:7.
18. യഹോവയോടും അവന്റെ വിശ്വസ്ത ദാസനോടും കൃതജ്ഞതയുള്ളവരായിരിക്കാൻ യെശയ്യാ പ്രവചനം നമ്മെ എങ്ങനെ സഹായിച്ചിരിക്കുന്നു?
18 നമുക്കുവേണ്ടി കഷ്ടമനുഭവിച്ചു മരിക്കാൻ തന്റെ പ്രിയ പുത്രനെ ഭൂമിയിലേക്ക് അയച്ച യഹോവയുടെ ആ വലിയ ത്യാഗത്തിന്റെ മിഴിവാർന്ന ഒരു ചിത്രം ലഭിക്കാൻ യെശയ്യാ പ്രവചനം നമ്മെ സഹായിച്ചിരിക്കുന്നു. തന്റെ പുത്രൻ അനുഭവിച്ച കഷ്ടതകളല്ല, മരണത്തോളമുള്ള അവന്റെ വിശ്വസ്തതയാണ് യഹോവയെ സന്തോഷിപ്പിച്ചത്. സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കാനും യഹോവയുടെ നാമം വിശുദ്ധീകരിക്കാനും അങ്ങനെ അവന്റെ പരമാധികാരത്തിന്റെ ഔചിത്യം ഉയർത്തിപ്പിടിക്കാനും വേണ്ടി യേശു ചെയ്ത സകലതും തിരിച്ചറിഞ്ഞുകൊണ്ട് നമുക്കും യഹോവയുടെ സന്തോഷത്തിൽ പങ്കുചേരാം. നമ്മുടെ പാപങ്ങൾ ചുമന്നുകൊണ്ട് നമുക്കു പകരം മരിച്ചവനാണ് ക്രിസ്തു. അങ്ങനെ, തന്റെ അഭിഷിക്ത സഹോദരന്മാരുടെ ചെറിയ ആട്ടിൻകൂട്ടത്തിനും വേറെ ആടുകൾക്കും ദൈവമുമ്പാകെ ‘നീതീകരണം’ സാധ്യമാക്കാൻ അവനു കഴിഞ്ഞു. സ്മാരകാചരണത്തിനായി കൂടിവരുമ്പോൾ നമ്മുടെ ഹൃദയങ്ങൾ യഹോവയോടും അവന്റെ വിശ്വസ്ത ദാസനോടുമുള്ള കൃതജ്ഞതയാൽ നിറഞ്ഞു കവിയട്ടെ!
പുനരവലോകനത്തിന്
• ഏത് അർഥത്തിലാണ് തന്റെ പുത്രനെ ‘തകർത്തുകളവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നിയത്’?
• യേശു ‘നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി മുറിവേറ്റത്’ എങ്ങനെ?
• നീതിമാനായ ദാസൻ ‘പലരെയും നീതീകരിച്ചത്’ എങ്ങനെ?
• യഹോവയുടെ ദാസനെക്കുറിച്ചുള്ള പ്രവചനങ്ങളുടെ പരിചിന്തനം സ്മാരകത്തിനായി നിങ്ങളെ ഒരുക്കിയിരിക്കുന്നത് എങ്ങനെ?
[26-ാം പേജിലെ ചിത്രം]
“അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല”
[28-ാം പേജിലെ ചിത്രം]
‘അവൻ തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളഞ്ഞു’
[29-ാം പേജിലെ ചിത്രം]
ആദരവുള്ള നിരീക്ഷകരായി ‘വേറെ ആടുകൾ’ സ്മാരകാചരണത്തിനു സന്നിഹിതരാകുന്നു