സ്നേഹത്തിന്റെ പൂർണബന്ധത്തിൽ ഏകീകൃതർ
“യോജിപ്പോടെ സ്നേഹത്തിൽ ഏകീഭവിക്കുവിൻ.”—കൊലോസ്യർ 2:2, NW.
1, 2. ഏതു ഭിന്നിപ്പിക്കുന്ന സ്വാധീനമാണ് ഇന്നു വിശേഷാൽ അനുഭവപ്പെടുന്നത്?
ശ്രദ്ധിക്കുവിൻ! ആകാശത്തെവിടെയും പ്രതിധ്വനിക്കുന്ന ഉച്ചത്തിലുള്ള ഒരു ശബ്ദം പറയുന്നു: “ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളൂ എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാടു 12:12) ഓരോ വർഷം കടന്നുപോകുന്നതോടെ ഭൂവാസികളെ സംബന്ധിച്ച് ഈ സന്ദേശം കൂടുതൽക്കൂടുതൽ അശുഭസൂചകമായിത്തീരുകയാണ്.
2 യഹോവയുടെ വലിയ പ്രതിയോഗി എതിരാളി (സാത്താൻ) എന്നും ദൂഷകൻ (പിശാച്) എന്നും അറിയപ്പെടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ ഇപ്പോൾ മറെറാരു ദുസ്സൂചക റോൾകൂടി എടുത്തിരിക്കുകയാണ് ഈ വഞ്ചകൻ—അവൻ ഒരു കുപിതദൈവമായിരിക്കുകയാണ്! എന്തുകൊണ്ട്? മീഖായേലും അവന്റെ ദൂതൻമാരും ചേർന്ന് 1914-ൽ സ്വർഗത്തിൽ തുടങ്ങിയ ഒരു യുദ്ധത്തിലൂടെ അവനെ സ്വർഗത്തിൽനിന്നു പുറത്താക്കിയതാണു കാരണം. (വെളിപ്പാടു 12:7-9) ദൈവത്തെ ആരാധിക്കുന്നതിൽനിന്നു സകല മനുഷ്യരെയും പിന്തിരിപ്പിക്കാൻ കഴിയുമെന്ന തന്റെ വെല്ലുവിളി തെളിയിക്കാൻ ഇനി ചുരുങ്ങിയ സമയമേയുള്ളൂ എന്ന് പിശാചിന് അറിയാം. (ഇയ്യോബ് 1:11; 2:4, 5) രക്ഷപെടാൻ യാതൊരു മാർഗവുമില്ലാതെ, അവനും അവന്റെ ഭൂതങ്ങളും അസ്വസ്ഥരായ മനുഷ്യക്കൂട്ടങ്ങൾക്കു നേരേ ആഞ്ഞടിക്കുകയാണ്, കോപാകുലമായ കടന്നൽക്കൂട്ടത്തെപ്പോലെ.—യെശയ്യാവു 57:20.
3. നമ്മുടെ നാളുകളിൽ സാത്താനെ താഴേക്കു വലിച്ചെറിഞ്ഞതിന്റെ ഫലം എന്തായിരിക്കുന്നു?
3 മനുഷ്യനേത്രങ്ങൾക്ക് അദൃശ്യമായ ഈ സംഭവങ്ങൾ ഇന്നു മനുഷ്യർക്കിടയിൽ പൊതുവേയുള്ള ധാർമികത്തകർച്ചയുടെ കാരണം വിശദമാക്കുന്നു. യോജിപ്പിൽ ജീവിക്കാനാവാത്ത രാഷ്ട്രങ്ങൾ കുത്തഴിഞ്ഞു വിഘടിച്ചുപോകുമ്പോൾ അവയെ ഒരുമിച്ചുനിർത്താനുള്ള മനുഷ്യരുടെ പരക്കംപാച്ചലുകളെയും ആ സംഭവങ്ങൾ വിശദമാക്കുന്നു. വ്യത്യസ്ത ഗോത്രങ്ങളും വംശജരും കൊടുംപകയോടെ പരസ്പരം തമ്മിലടിക്കുന്നു. ഫലമോ, വീടും നാടും നഷ്ടപ്പെട്ട് വഴിയാധാരമാകുന്ന ലക്ഷക്കണക്കിനാളുകൾ. മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം നിയമരാഹിത്യം കൂടിക്കൂടിവരുന്നതിൽ യാതൊരു അത്ഭുതവുമില്ല! യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, ‘അനേകരുടെയും സ്നേഹം തണുത്തുപോകുകയാണ്.’ എവിടെ നോക്കിയാലും യോജിപ്പില്ലായ്മയും സ്നേഹരാഹിത്യവും അസ്വസ്ഥരായ ഇന്നത്തെ മനുഷ്യരുടെ പ്രത്യേകതയാണെന്നു കാണാം.—മത്തായി 24:12.
4. ദൈവജനം വിശേഷാൽ അപകടത്തിലായിരിക്കുന്നത് എന്തുകൊണ്ട്?
4 ലോകസ്ഥിതിവിശേഷം കണക്കിലെടുക്കുമ്പോൾ, തന്റെ അനുഗാമികൾക്കുവേണ്ടിയുള്ള യേശുവിന്റെ പ്രാർഥനക്കു പ്രാധാന്യമേറിവരുന്നു: “അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്. ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികൻമാരല്ല [‘ലോകത്തിന്റെ ഭാഗമല്ല,’ NW].” (യോഹന്നാൻ 17:15, 16) “ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ള”വരുമായവർക്ക് എതിരെയാണ് ഇന്നു “ദുഷ്ട”നായവൻ വിശേഷിച്ചും ക്രോധം ചൊരിയുന്നത്. (വെളിപ്പാടു 12:17) ജാഗ്രതയോടെയുള്ള സ്നേഹാർദ്രപരിപാലനം യഹോവയുടെ ഭാഗത്തുനിന്നു ലഭിച്ചില്ലായിരുന്നെങ്കിൽ, അവന്റെ വിശ്വസ്ത സാക്ഷികൾ ഇവിടെനിന്നും തുടച്ചുനീക്കപ്പെടുമായിരുന്നു. നമ്മുടെ ആത്മീയ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി ദൈവം ചെയ്തുതരുന്ന സകല കരുതലുകളും നാം പ്രയോജനപ്പെടുത്തുന്നതിലാണു നമ്മുടെ ജീവൻ ആശ്രയിച്ചിരിക്കുന്നത്. കൊലൊസ്സ്യർ 1:29-ൽ അപ്പോസ്തലൻ ഉദ്ബോധിപ്പിച്ചതുപോലെ, ക്രിസ്തുവിലൂടെയുള്ള അവന്റെ ശക്തിയുടെ പ്രവർത്തനത്തിനു ചേർച്ചയിൽ നാം സ്വയം അധ്വാനിക്കുന്നത് അതിലുൾപ്പെടുന്നു.
5, 6. കൊലോസ്യയിലുള്ള ക്രിസ്ത്യാനികളെക്കുറിച്ച് അപ്പോസ്തലനായ പൗലോസിന് എങ്ങനെ തോന്നി, 1995-ലേക്കുള്ള വിഷയവാക്യം ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
5 പൗലോസ് കൊലോസ്യയിലുള്ള തന്റെ സഹോദരൻമാരെ ഒരുപക്ഷേ ഒരിക്കലും മുഖാമുഖം കണ്ടിട്ടുണ്ടാവില്ല. എങ്കിലും, അവൻ അവരെ സ്നേഹിച്ചു. “നിങ്ങളെക്കുറിച്ചുള്ള എന്റെ ഉത്കണ്ഠ എത്ര ആഴത്തിലുള്ളതാണെന്നു നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു” എന്ന് അവൻ അവരോടു പറഞ്ഞു. (കൊലോസ്യർ 2:1, ദ ന്യൂ ടെസ്ററമെൻറ് ഇൻ മോഡേൺ ഇംഗ്ലീഷ്, ജെ. ബി. ഫിലിപ്സിനാലുള്ളത്) യേശുവിന്റെ അനുഗാമികൾ ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട്, അവർക്കിടയിൽ ലോകത്തിന്റെ ആത്മാവിനെ വിതച്ചുകൊണ്ട് “ദുഷ്ട”നായവൻ സഹോദരങ്ങളുടെ ഐക്യം തകർക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇതു കുറച്ചൊക്കെ സംഭവിക്കുന്നുണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്നതായിരുന്നു കൊലോസ്യയിൽനിന്ന് എപ്പഫ്രാസ് കൊണ്ടുവന്ന വിവരം.
6 ക്രിസ്തീയ സഹോദരങ്ങളോടുള്ള പൗലോസിന്റെ ഒരു മുഖ്യ താത്പര്യം ഈ വാക്കുകളിൽ സംഗ്രഹിക്കാം: “യോജിപ്പോടെ സ്നേഹത്തിൽ ഏകീഭവിപ്പിൻ.” ഐക്യവും സ്നേഹവും ഇല്ലാത്ത ലോകത്തിൽ ഇന്ന് അവന്റെ വാക്കുകൾക്കു പ്രത്യേക അർഥമുണ്ട്. പൗലോസിന്റെ ഉപദേശം ആത്മാർഥമായി പിന്തുടരുന്നെങ്കിൽ നാം യഹോവയുടെ പരിപാലനം ആസ്വദിക്കുന്നതായിരിക്കും. അതോടൊപ്പം ലോകത്തിന്റെ സമ്മർദങ്ങളെ ചെറുത്തുനിൽക്കാൻ നമ്മെ സഹായിക്കുന്ന അവന്റെ ആത്മാവിന്റെ ശക്തിയും നമ്മുടെ ജീവിതത്തിൽ നാം അനുഭവിച്ചറിയും. എത്ര ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശം! അതുകൊണ്ട്, 1995-ലേക്കുള്ള നമ്മുടെ വിഷയവാക്യമായിരിക്കും കൊലോസ്യർ 2:2.
7. സത്യക്രിസ്ത്യാനികളുടെ ഇടയിൽ എന്തു യോജിപ്പുണ്ടായിരിക്കണം?
7 കൊരിന്ത്യർക്ക് എഴുതിയ ഒരു മുൻലേഖനത്തിൽ, അപ്പോസ്തലൻ ദൃഷ്ടാന്തമായി മനുഷ്യശരീരത്തെ ഉപയോഗിച്ചു. അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയിൽ “ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ട”താണെന്ന് അവൻ എഴുതി. (1 കൊരിന്ത്യർ 12:12, 24, 25) എന്തൊരു വിസ്മയാവഹമായ ദൃഷ്ടാന്തം! നമ്മുടെ കാലുകൾ പരസ്പരാശ്രിതങ്ങളാണ്. അവ ഓരോന്നും ശരീരത്തിന്റെ ശേഷംഭാഗവുമായി ചേർന്നിരിക്കുന്നു. അഭിഷിക്തരും പറുദീസാ ഭൂമിയിൽ ജീവിക്കാൻ പ്രത്യാശിക്കുന്ന ലക്ഷക്കണക്കിനു വ്യക്തികളും ഉൾപ്പെട്ട സഹോദരങ്ങളുടെ ലോകവ്യാപക സഹവർത്തിത്വത്തിന്റെ കാര്യത്തിലും ഇതേ തത്ത്വം ബാധകമാണ്. സ്വതന്ത്രമായി ജീവിക്കാൻവേണ്ടി നാം സഹക്രിസ്ത്യാനികളുടെ സംഘത്തെ വിട്ടുപിരിയരുത്! യേശുക്രിസ്തുവിലൂടെ പ്രവർത്തിക്കുന്ന ദൈവാത്മാവ് സഹോദരങ്ങളുമായുള്ള നമ്മുടെ സഹവർത്തിത്വത്തിലൂടെയാണു നമ്മിലേക്കു വലിയ അളവിൽ ഒഴുകിയെത്തുന്നത്.
പരിജ്ഞാനത്തിനു ചേർച്ചയിലുള്ള യോജിപ്പ്
8, 9. (എ) നാം സഭയിൽ യോജിപ്പു വളർത്തിയെടുക്കുന്നതിനുള്ള അടിസ്ഥാനമായിരിക്കുന്നത് എന്ത്? (ബി) നിങ്ങൾ യേശുവിനെക്കുറിച്ചു പരിജ്ഞാനം നേടിയിരിക്കുന്നത് എങ്ങനെ?
8 ക്രിസ്തീയ യോജിപ്പ്, പരിജ്ഞാനത്തോട്, വിശേഷിച്ചും ക്രിസ്തുവിനെ സംബന്ധിച്ച പരിജ്ഞാനത്തോട്, ബന്ധപ്പെട്ടിരിക്കുന്നു എന്നതു പൗലോസിന്റെ മുഖ്യ ആശയങ്ങളിൽ ഒന്നായിരുന്നു. ക്രിസ്ത്യാനികൾ “തികച്ചും സുനിശ്ചിതമായ ഗ്രാഹ്യത്തിന്റെ പൂർണസമ്പത്തും ദൈവത്തിന്റെ പാവനരഹസ്യമായ ക്രിസ്തുവിനെക്കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനവും സഹിതം യോജിപ്പോടെ സ്നേഹത്തിൽ ഏകീഭവി”ക്കണം എന്ന് പൗലോസ് എഴുതി. (കൊലോസ്യർ 2:2, NW) ദൈവവചനം പഠിക്കാൻ തുടങ്ങിയ സമയംമുതൽ നാം പരിജ്ഞാനം—വസ്തുതകൾ—നേടിയിട്ടുണ്ട്. ഈ വസ്തുതകളിൽ എത്രയെണ്ണം ദൈവോദ്ദേശ്യവുമായി ഒത്തുവരുന്നു എന്നു മനസ്സിലാക്കുന്നതിനിടയിൽ നാം യേശുവിന്റെ നിർണായക പങ്കു മനസ്സിലാക്കാൻ ഇടവരുന്നു. “അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.”—കൊലൊസ്സ്യർ 2:3.
9 യേശുവിനെയും ദൈവോദ്ദേശ്യത്തിലുള്ള അവന്റെ പങ്കിനെയും കുറിച്ചു നിങ്ങൾക്ക് അങ്ങനെയാണോ തോന്നുന്നത്? അവനെ സ്വീകരിച്ചു രക്ഷിക്കപ്പെട്ടിരിക്കുന്നതായി അവകാശപ്പെട്ടുകൊണ്ട് ക്രൈസ്തവലോകത്തിലെ അനേകരും യേശുവിനെക്കുറിച്ചു പെട്ടെന്നു സംസാരിച്ചുതുടങ്ങും. എന്നാൽ അവർക്കു വാസ്തവത്തിൽ അവനെ അറിയാമോ? ഇല്ല. കാരണം തിരുവെഴുത്തുപരമല്ലാത്ത ത്രിത്വോപദേശത്തിൽ വിശ്വസിക്കുന്നവരാണ് അവർ മിക്കവരും. എന്നാൽ നിങ്ങൾക്ക് ഇക്കാര്യത്തിലുള്ള സത്യം അറിയാമെന്നു മാത്രമല്ല, യേശു പറഞ്ഞതും ചെയ്തതുമായ സംഗതികളെക്കുറിച്ച് വളരെ വിശദമായ അറിവുമുണ്ടായിരുന്നേക്കാം. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകം ഉപയോഗിച്ചുകൊണ്ടു നടത്തിയ വിജ്ഞാനപ്രദമായ ഒരു പഠനത്തിലൂടെ ലക്ഷക്കണക്കിനാളുകൾക്ക് ഇക്കാര്യത്തിൽ സഹായം ലഭിച്ചു. എന്നാലും, യേശുവിനെയും അവന്റെ വഴികളെയും കുറിച്ചുള്ള നമ്മുടെ പരിജ്ഞാനത്തിൽ കൂടുതൽക്കൂടുതൽ അവഗാഹം നേടാൻ നാം പരിശ്രമിക്കേണ്ടയാവശ്യമുണ്ട്.
10. ഗൂഢമായിരിക്കുന്ന പരിജ്ഞാനം നമുക്ക് ഏതു വിധം ലഭ്യമായിരിക്കുന്നു?
10 യേശുവിൽ “ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു” എന്നു പ്രസ്താവിച്ചിരിക്കുന്നതുകൊണ്ട്, അത്തരം പരിജ്ഞാനം നമ്മുടെ ഗ്രാഹ്യത്തിനപ്പുറമാണെന്ന് അർഥമില്ല. മറിച്ച്, അത് ഏതാണ്ട് ഒരു തുറന്ന ഖനിപോലെയാണ്. എവിടെ കുഴിച്ചുതുടങ്ങണമെന്നു നിശ്ചയമില്ലാതെ നമുക്ക് ഒരു വിശാലമേഖല മുഴുവൻ പരതേണ്ടതില്ല. യേശുക്രിസ്തുവിനെക്കുറിച്ചു ബൈബിൾ വെളിപ്പെടുത്തുന്നതിൽനിന്നാണു യഥാർഥ പരിജ്ഞാനം ആരംഭിക്കുന്നതെന്നു നമുക്ക് ഇതിനോടകംതന്നെ അറിയാം. യഹോവയുടെ ഉദ്ദേശ്യത്തിന്റെ പൂർത്തീകരണത്തിൽ യേശുവിനുള്ള പങ്കിനെപ്പററി കൂടുതൽ തികവിൽ മനസ്സിലാക്കുമ്പോൾ, ശരിയായ ജ്ഞാനത്തിന്റെയും സൂക്ഷ്മ പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ നമുക്കു ലഭിക്കുന്നു. അതുകൊണ്ട്, ഇതിനോടകം കുഴിച്ചിട്ടുള്ള ഈ ഉറവിൽനിന്നു ലഭിക്കുന്ന കൂടുതലായ രത്നങ്ങൾ അഥവാ വിലയേറിയ സംഗതികൾ ഇനിയും പുറത്തെടുത്തുകൊണ്ട് കൂടുതൽക്കൂടുതൽ ആഴത്തിൽ കുഴിക്കുകയേ നാം ചെയ്യേണ്ടതുള്ളൂ.—സദൃശവാക്യങ്ങൾ 2:1-5.
11. യേശുവിനെക്കുറിച്ചു ധ്യാനിച്ചുകൊണ്ട് നമ്മുടെ പരിജ്ഞാനവും ജ്ഞാനവും നമുക്ക് എങ്ങനെ വർധിപ്പിക്കാം? (യേശു ശിഷ്യൻമാരുടെ കാലുകൾ കഴുകിയതോ മറേറതെങ്കിലും ഉദാഹരണങ്ങളോ ഉപയോഗിച്ചു ദൃഷ്ടാന്തീകരിക്കുക.)
11 ഉദാഹരണത്തിന്, യേശു തന്റെ അപ്പോസ്തലൻമാരുടെ കാലുകൾ കഴുകിയെന്നു നമുക്ക് അറിയാമായിരിക്കും. (യോഹന്നാൻ 13:1-20) എന്നാൽ അതുവഴി അവൻ പഠിപ്പിക്കുകയായിരുന്ന പാഠത്തെയും അവൻ പ്രകടമാക്കിയ മനോഭാവത്തെയും കുറിച്ചു നാം ധ്യാനിച്ചിട്ടുണ്ടോ? അങ്ങനെ ചെയ്യുന്നെങ്കിൽ, നമുക്കു ലഭിച്ചേക്കാവുന്നത് ജ്ഞാനത്തിന്റെ ഒരു നിക്ഷേപമാവാം. നമ്മിൽ ദീർഘനാളായി അസ്വസ്ഥത സൃഷ്ടിച്ചിരുന്ന വ്യക്തിത്വമുള്ള ഒരു സഹോദരനോടോ സഹോദരിയോടോ നാം ഇടപെടുന്ന വിധത്തിനു മാററം വരുത്താൻ നമ്മെ സഹായിക്കുന്നതാവാം—അതേ, നിർബന്ധിക്കുന്നതാവാം—ചിലപ്പോൾ ആ നിക്ഷേപം. അല്ലെങ്കിൽ നമുക്ക് അത്ര രസിക്കാത്ത ഒരു നിയമനം ലഭിക്കുമ്പോൾ, യോഹന്നാൻ 13:14, 15-ന്റെ ശ്രേഷ്ഠമായ അർഥം പിടികിട്ടിയിട്ടുണ്ടെങ്കിൽ, നാം അതിനോടു പ്രതികരിക്കുന്നതു വ്യത്യസ്തമായിട്ടായിരിക്കും. അങ്ങനെയാണ് പരിജ്ഞാനവും ജ്ഞാനവും നമ്മെ ബാധിക്കുന്നത്. ക്രിസ്തുവിനെക്കുറിച്ചുള്ള വർധിച്ച പരിജ്ഞാനപ്രകാരം അവന്റെ മാതൃക നാം കൂടുതൽ അടുത്തു പിൻപററുമ്പോൾ അതു മററുള്ളവരുടെമേൽ എന്തു ഫലമുണ്ടാക്കും? സാധ്യതയനുസരിച്ച്, ‘ആട്ടിൻകൂട്ടം കൂടുതൽ യോജിപ്പോടെ സ്നേഹത്തിൽ ഏകീഭവി’ക്കും.a
ശ്രദ്ധാശൈഥില്യം യോജിപ്പിനു ഹാനിവരുത്തുന്നു
12. ഏത് അറിവിനെക്കുറിച്ചാണു നാം ജാഗ്രത പാലിക്കേണ്ടത്?
12 നാം ‘യോജിപ്പോടെ സ്നേഹത്തിൽ ഏകീഭവിക്കുന്നതിനു’ സൂക്ഷ്മ പരിജ്ഞാനം സഹായകമാകുന്നുവെങ്കിൽ, “ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതി”ൽനിന്ന് ഉണ്ടാകുന്നത് എന്താണ്? നേർവിപരീതം—വിവാദം, വിയോജിപ്പ്, വിശ്വാസത്തിൽനിന്നുള്ള വ്യതിചലനം. അതുകൊണ്ട്, പൗലോസ് തിമോത്തിക്കു മുന്നറിയിപ്പു കൊടുത്തതുപോലെ, അത്തരം വ്യാജ അറിവിനെതിരെ നാം ജാഗ്രത പാലിക്കണം. (1 തിമൊഥെയൊസ് 6:20, 21) “വശീകരണവാക്കുകൊണ്ടു ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇതു പറയുന്നു. തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല” എന്നും പൗലോസ് എഴുതുകയുണ്ടായി.—കൊലൊസ്സ്യർ 2:4, 8.
13, 14. (എ) പരിജ്ഞാനത്തോടുള്ള ബന്ധത്തിൽ കൊലോസ്യയിലെ സഹോദരങ്ങൾക്ക് അപകടസാധ്യതയുണ്ടായിരുന്നത് എന്തുകൊണ്ട്? (ബി) അതുപോലെ അപകടസാധ്യത തങ്ങൾക്കില്ലെന്ന് ഇന്നു ചിലർക്കു തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
13 പരിജ്ഞാനമെന്നു വ്യാജമായി പേർ പറയുന്നതിന്റെ വഞ്ചനാത്മക സ്വാധീനം വാസ്തവത്തിൽ കൊലോസ്യയിലുള്ള ക്രിസ്ത്യാനികൾക്കു ചുററുമുണ്ടായിരുന്നു. കൊലോസ്യയിലും പരിസരപ്രദേശങ്ങളിലും അനേകം ആളുകൾ ഗ്രീക്കു തത്ത്വശാസ്ത്രങ്ങളെ വളരെയധികം ആദരിച്ചിരുന്നു. ഉത്സവദിവസങ്ങളെയും ഭക്ഷണരീതികളെയും സംബന്ധിച്ച നിബന്ധനകൾ സഹിതം മോശൈക ന്യായപ്രമാണം ക്രിസ്ത്യാനികൾ പാലിക്കണമെന്ന് ശഠിച്ചിരുന്ന മോശേധർമാനുസാരികളും (Judaizers) ഉണ്ടായിരുന്നു. (കൊലൊസ്സ്യർ 2:11, 16, 17) തന്റെ സഹോദരൻമാർ സത്യപരിജ്ഞാനം നേടുന്നതിനു പൗലോസ് എതിരായിരുന്നില്ല. എന്നാൽ ജീവിതത്തിൻമേലും പ്രവർത്തനത്തിൻമേലും കേവലം ഒരു മാനുഷിക കാഴ്ചപ്പാടു വെച്ചുപുലർത്തിയാൽ മതിയെന്ന് അവരെ ബോധ്യപ്പെടുത്തുന്ന വശീകരണ വാദഗതികൾ ഉപയോഗിച്ചുകൊണ്ട് ആരും അവരെ തട്ടിയെടുക്കാതിരിക്കാൻ അവർ ശ്രദ്ധിക്കേണ്ടയാവശ്യമുണ്ടായിരുന്നു. ജീവിതത്തെ സംബന്ധിച്ച തിരുവെഴുത്തുപരമല്ലാത്ത അത്തരം ആശയങ്ങളുടെയും സമീപനങ്ങളുടെയും ചുവടുപിടിച്ച് സഭയിലെ ചിലർ തങ്ങളുടെ ചിന്തകളെയും തീരുമാനങ്ങളെയും കരുപ്പിടിപ്പിക്കുന്നെങ്കിൽ അതു സഭാംഗങ്ങൾക്കിടയിലെ യോജിപ്പിനെയും സ്നേഹത്തെയും തകർത്തുകളയുമെന്നു നിങ്ങൾക്കു മനസ്സിലാവും.
14 നിങ്ങൾ ഒരുപക്ഷേ ചിന്തിച്ചേക്കാം, ‘അതേ, കൊലോസ്യർ അഭിമുഖീകരിച്ച അപകടം എനിക്കു മനസ്സിലാകുന്നുണ്ട്. എന്നാൽ അമർത്ത്യദേഹി, ത്രിത്വദൈവം എന്നിവപോലുള്ള ഗ്രീക്ക് ആശയഗതികളാൽ സ്വാധീനിക്കപ്പെടുമെന്നതിന്റെ അപകടമൊന്നും എനിക്കില്ല. ഞാൻ വിട്ടെറിഞ്ഞ വ്യാജമതത്തിന്റെ പുറജാതീയ ആഘോഷദിനങ്ങളുടെ വശീകരണത്തിൽപ്പെട്ടുപോകുമെന്ന അപകടവും എനിക്കില്ല.’ കൊള്ളാം. യേശുവിലൂടെ വെളിപ്പെടുത്തപ്പെട്ട, തിരുവെഴുത്തുകളിൽ ലഭ്യമായിരിക്കുന്ന സത്യത്തിന്റെ ശ്രേഷ്ഠതയുടെ കാര്യത്തിൽ ദൃഢചിത്തരാവുന്നതു നല്ലതുതന്നെ. എങ്കിലും, ഇന്നു നിലവിലുള്ള മററു തത്ത്വശാസ്ത്രങ്ങളുടെയോ മാനുഷിക വീക്ഷണങ്ങളുടെയോ സ്വാധീനത്തിൽപ്പെട്ടുപോകാനുള്ള അപകടസാധ്യതയുണ്ടോ നമുക്ക്?
15, 16. ജീവിതത്തെക്കുറിച്ചുള്ള ഏതു കാഴ്ചപ്പാട് ഒരു ക്രിസ്ത്യാനിയുടെ ചിന്തയെ ബാധിച്ചേക്കാം?
15 പണ്ടുമുതലേ നിലനിൽക്കുന്ന അത്തരം ഒരു മനോഭാവമുണ്ട്. “അവന്റെ വരവിന്റെ വാഗ്ദാനമെവിടെ ഇപ്പോൾ? നമ്മുടെ പിതാക്കൻമാർ നിദ്രപ്രാപിച്ചിരിക്കുന്നു. എന്നാൽ എല്ലായ്പോഴും ആയിരുന്നതുപോലെതന്നെ സംഗതികൾ ഇപ്പോഴും തുടരുന്നു.” (2 പത്രോസ് 3:4, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) പ്രസ്തുത വികാരം വേറെ വാക്കുകളിൽ പുറത്തുവന്നേക്കാമെങ്കിലും, കാഴ്ചപ്പാടിൽ വ്യത്യാസമൊന്നുമില്ല. ഉദാഹരണത്തിന്, ഒരാൾ ഇങ്ങനെ ന്യായവാദം ചെയ്തേക്കാം, ‘പതിററാണ്ടുകൾക്കുമുമ്പു ഞാൻ ആദ്യമായി സത്യം പഠിച്ചപ്പോൾ അന്ത്യം “ഇതാ എത്തിക്കഴിഞ്ഞു” എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെയും എത്തിയില്ല. ഇനി എപ്പോൾ വരുമെന്ന് ആർക്കറിയാം?’ ശരിയാണ്, അന്ത്യം എപ്പോൾ വരുമെന്നതു യാതൊരു മനുഷ്യനും അറിയില്ല. എങ്കിലും, നമുക്കുണ്ടായിരിക്കണമെന്ന് യേശു ഉദ്ബോധിപ്പിച്ച കാഴ്ചപ്പാട് എന്താണെന്നു ശ്രദ്ധിക്കുക: “ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ.”—മർക്കൊസ് 13:32, 33.
16 അന്ത്യം എപ്പോൾ വരുമെന്ന് അറിയാത്തതുകൊണ്ട് മുഴു അനുഭവങ്ങളും നേടുന്ന “സാധാരണ” ജീവിതത്തിനായി പ്ലാൻ ചെയ്യണം എന്ന കാഴ്ചപ്പാടു സ്വീകരിക്കുന്നത് എന്തൊരു അപകടമായിരിക്കും! ആ സമീപനം ഇത്തരമൊരു ന്യായവാദത്തിലൂടെ പ്രതിഫലിച്ചേക്കാം, ‘എനിക്ക് (അല്ലെങ്കിൽ മക്കൾക്ക്) ഒരു അന്തസ്സായ ജീവിതവൃത്തിയുണ്ടാക്കിത്തരുന്ന, അങ്ങനെ ഉല്ലാസകരമായ ഒരു ജീവിതം ആസ്വദിക്കാൻ എന്നെ സഹായിക്കുന്ന ഏതെങ്കിലും കാര്യത്തിൽ ഏർപ്പെടുന്നതാണ് നല്ലത്. തീർച്ചയായും, ഞാൻ ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുകയും പ്രസംഗവേലയിൽ കുറച്ചൊക്കെ പങ്കുപററുകയും ചെയ്യും. എന്നാൽ അതിനായി കാര്യമായ ശ്രമം ചെയ്യേണ്ടതിന്റെയോ വലിയ ത്യാഗങ്ങൾ അനുഷ്ഠിക്കേണ്ടതിന്റെയോ ആവശ്യമൊന്നുമില്ല.’—മത്തായി 24:38-42.
17, 18. നമുക്ക് ഏതു കാഴ്ചപ്പാടുണ്ടായിരിക്കാനാണു യേശുവും അപ്പോസ്തലൻമാരും ഉദ്ബോധിപ്പിച്ചത്?
17 എന്നാൽ, കാര്യമായ ശ്രമം ചെയ്തുകൊണ്ടും ത്യാഗങ്ങൾ ചെയ്യാൻ ഒരുങ്ങിക്കൊണ്ടും സുവാർത്താപ്രസംഗം സാധിച്ചെടുക്കണം എന്ന ഒരു അടിയന്തരബോധത്തോടെ നാം ജീവിക്കണമെന്ന് യേശുവും അവന്റെ അപ്പോസ്തലൻമാരും ശുപാർശ ചെയ്തിട്ടുണ്ടെന്ന കാര്യം നിഷേധിക്കാനാവില്ല. പൗലോസ് ഇങ്ങനെ എഴുതി: “സഹോദരൻമാരേ, ഇതൊന്നു ഞാൻ പറയുന്നു. കാലം ചുരുങ്ങിയിരിക്കുന്നു; ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും . . . വിലെക്കു വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.”—1 കൊരിന്ത്യർ 7:29-31; ലൂക്കൊസ് 13:23, 24; ഫിലിപ്പിയർ 3:13-15; കൊലൊസ്സ്യർ 1:29; 1 തിമൊഥെയൊസ് 4:10; 2 തിമൊഥെയൊസ് 2:4; വെളിപ്പാടു 22:20.
18 ഉല്ലാസകരമായ ഒരു ജീവിതം നമ്മുടെ ലക്ഷ്യമാക്കാനുള്ള സൂചനയേ തരുന്നില്ല. മറിച്ച്, നിശ്വസ്തതയിൽ പൗലോസ് എഴുതിയതാകട്ടെ ഇങ്ങനെയും: “ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. . . . വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം [‘പരസ്യപ്രഖ്യാപനം,’ NW] കഴിച്ചുവല്ലോ.”—1 തിമൊഥെയൊസ് 6:7-12.
19. ജീവിതത്തെക്കുറിച്ചു യേശു പ്രോത്സാഹിപ്പിച്ച കാഴ്ചപ്പാട് സഭാംഗങ്ങൾ സ്വീകരിക്കുമ്പോൾ അതു സഭയെ എങ്ങനെ ബാധിക്കും?
19 ‘നല്ല പരസ്യപ്രഖ്യാപനം’ നടത്താൻ അശ്രാന്ത പരിശ്രമം ചെയ്യുന്ന തീക്ഷ്ണതയുള്ള ക്രിസ്ത്യാനികൾ സഭാംഗങ്ങളായി ഉള്ളപ്പോൾ അവിടെ സ്വാഭാവികമായും യോജിപ്പുണ്ടായിരിക്കും. ‘നിങ്ങൾ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക’ എന്ന മനോഭാവം അവർ സ്വീകരിക്കില്ല. (ലൂക്കൊസ് 12:19) നേരേമറിച്ച്, ഇനി ഒരിക്കലും ആവർത്തിക്കേണ്ടതില്ലാത്ത ഈ വേലയിൽ സാധ്യമാകുന്നിടത്തോളം ഒരു പൂർണപങ്കുണ്ടായിരിക്കാൻ ത്യാഗങ്ങൾ ചെയ്യാൻ തയ്യാറായിക്കൊണ്ട് അവർ ഒരേ ഉദ്യമത്തിൽ ഏകീകൃതരാണ്.—താരതമ്യം ചെയ്യുക: ഫിലിപ്പിയർ 1:27, 28.
വശീകരണ വാദഗതികൾക്കെതിരെ ജാഗ്രത
20. ക്രിസ്ത്യാനികൾ വഴിതെററിക്കപ്പെടാവുന്ന മറെറാരു മേഖല ഏതാണ്?
20 ‘വശീകരണ വാദഗതികൾകൊണ്ടും’ അല്ലെങ്കിൽ ‘യോജിപ്പോടെ സ്നേഹത്തിൽ ഏകീഭവിക്കുന്നതിനു’ തടസ്സം സൃഷ്ടിക്കുന്ന ‘വെറും വഞ്ചനകൊണ്ടും’ ക്രിസ്ത്യാനികൾ ‘ചതിക്ക’പ്പെട്ടേക്കാവുന്ന വേറെ വിധങ്ങൾ തീർച്ചയായുമുണ്ട്. വാച്ച് ടവർ സൊസൈററിയുടെ ജർമനിയിലെ ഓഫീസ് ഇങ്ങനെ എഴുതി: “വിവാദം സൃഷ്ടിച്ച ഒരു സംഭവമുണ്ടായി. ഒരു സഹോദരൻ ഉപയോഗിച്ച ചികിത്സാരീതിയെക്കുറിച്ചായിരുന്നു വിവാദം. പ്രസാധകർ, എന്തിനു മൂപ്പൻമാർപോലും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പക്ഷം ചേർന്നു.” അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഒട്ടനവധി വിധങ്ങളുടെ ഉപയോഗം, രോഗികളുടെ വർധനവ് എന്നിവനിമിത്തം ഈ മേഖല വിവാദമുക്തമല്ല. ചികിത്സാവിധങ്ങൾക്ക് ആത്മവിദ്യാച്ചുവയുള്ളതാണെങ്കിൽ അത് അപകടവും ക്ഷണിച്ചുവരുത്തിയേക്കാം.”—എഫെസ്യർ 6:12.
21. ഇന്ന് ഒരു ക്രിസ്ത്യാനിയുടെ ശരിയായ ദൃഷ്ടികേന്ദ്രം നഷ്ടപ്പെട്ടേക്കാവുന്നതെങ്ങനെ?
21 ദൈവത്തെ ആരാധിക്കാൻ കഴിയേണ്ടതിന് ഊർജസ്വലരും ആരോഗ്യവാൻമാരുമായിരിക്കാൻ ക്രിസ്ത്യാനികൾ ആഗ്രഹിക്കുന്നു. എന്നുവരികിലും, ഈ വ്യവസ്ഥിതിയിൽ അപൂർണതയുടെ ഫലമായ വാർധക്യവും രോഗങ്ങളും നമുക്കു പിടിപെടുന്നു. ആരോഗ്യപ്രശ്നത്തിന് ഊന്നൽകൊടുക്കുന്നതിനു പകരം നമുക്കും മററുള്ളവർക്കും വേണ്ടിയുള്ള യഥാർഥ പരിഹാരത്തിൻമേലാണു നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. (1 തിമൊഥെയൊസ് 4:16) കൊലോസ്യർക്കുള്ള പൗലോസിന്റെ ബുദ്ധ്യുപദേശം ക്രിസ്തുവിനെ കേന്ദ്രീകരിച്ചായിരുന്നതുപോലെ, ആ പരിഹാരവും ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ളതാണ്. എന്നാൽ രോഗനിർണയ ഉപാധികളിലൂടെയോ ചികിത്സകളിലൂടെയോ ആഹാരക്രമങ്ങളിലൂടെയോ ക്രിസ്തുവിൽനിന്നുള്ള നമ്മുടെ ശ്രദ്ധ തെററിച്ചുകൊണ്ട് ചിലർ ‘വശീകരണ വാദഗതികളു’മായി വന്നേക്കാമെന്നു പൗലോസ് സൂചിപ്പിച്ചുവെന്ന് ഓർക്കുക.—കൊലൊസ്സ്യർ 2:2-4.
22. രോഗനിർണയോപാധികളെയും ചികിത്സാരീതികളെയും കുറിച്ചുള്ള എണ്ണമററ അവകാശവാദങ്ങളെ സംബന്ധിച്ചു നമുക്കു സമനിലയുള്ള ഏതു വീക്ഷണം ഉണ്ടായിരിക്കണം?
22 നൂറായിരം ചികിത്സാരീതികളെയും രോഗനിർണയോപാധികളെയും കുറിച്ചുള്ള പരസ്യങ്ങളും തെളിവുകളും കൊണ്ട് ഗോളമാസകലം മനുഷ്യർക്കു പൊറുതി മുട്ടുകയാണ്. ചിലതിനെല്ലാം വ്യാപകമായ ഉപയോഗവും അംഗീകാരവുമുണ്ട്; മററു ചിലതാകട്ടെ, വ്യാപകമായി വിമർശിക്കപ്പെടുകയോ സംശയത്തോടെ വീക്ഷിക്കപ്പെടുകയോ ചെയ്യുന്നു.b തന്റെ ആരോഗ്യം സംബന്ധിച്ച് എന്തു ചെയ്യണം എന്നു തീരുമാനിക്കാനുള്ള ഉത്തരവാദിത്വം ഓരോ വ്യക്തിക്കുമാണ്. എന്നാൽ കൊലൊസ്സ്യർ 2:4, 8-ൽ കാണുന്ന പൗലോസിന്റെ ബുദ്ധ്യുപദേശം സ്വീകരിക്കുന്നവർക്ക്, രോഗശമനത്തിനുവേണ്ടി അതിസാഹസപ്പെടുന്ന, രാജ്യപ്രത്യാശയില്ലാത്ത അനേകരെ വഴിതെററിക്കുന്ന ‘വശീകരണ വാദഗതിക’ളാലോ ‘വെറും വഞ്ചന’യാലോ ചതിക്കപ്പെടുന്നതിൽനിന്നുള്ള സംരക്ഷണമുണ്ടായിരിക്കും. ഒരു പ്രത്യേക ചികിത്സ തനിക്കു നല്ലതാണെന്ന ബോധ്യം ഒരു ക്രിസ്ത്യാനിക്കുണ്ടാകാം. എന്നാൽപ്പോലും ക്രിസ്തീയ സഹോദരങ്ങൾക്കിടയിൽ അയാൾ അതു പ്രചരിപ്പിക്കരുത്. കാരണം അതു വെറുതെ വ്യാപകമായ സംസാരത്തിനും വിവാദത്തിനും ഇടയാക്കാം. അങ്ങനെ, സഭയിൽ യോജിപ്പുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ താൻ അതിയായി ആദരിക്കുന്നുവെന്ന് അയാൾക്കു പ്രകടമാക്കാനാവും.
23. നമുക്ക് ആഹ്ലാദത്തിനു വിശേഷാൽ കാരണമുള്ളത് എന്തുകൊണ്ട്?
23 യഥാർഥ സന്തോഷത്തിനുള്ള ഒരു അടിസ്ഥാനമാണു ക്രിസ്തീയ യോജിപ്പ് എന്ന് പൗലോസ് ഊന്നിപ്പറയുകയുണ്ടായി. അവന്റെ നാളിൽ സഭകളുടെ എണ്ണം ഇന്നത്തെതിനെക്കാൾ തീർച്ചയായും കുറവായിരുന്നു. എന്നിട്ടും അവനു കൊലോസ്യർക്ക് ഇങ്ങനെ എഴുതാൻ സാധിച്ചു: “ഞാൻ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ടു നിങ്ങളോടുകൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ടു സന്തോഷിക്കുന്നു.” (കൊലൊസ്സ്യർ 2:5; ഇതുകൂടെ കാണുക: കൊലൊസ്സ്യർ 3:14.) ആഹ്ലാദിക്കാൻ നമുക്ക് എന്തൊരു വലിയ കാരണം! ഭൂവ്യാപകമായ ദൈവജനതയുടെ പൊതുവേയുള്ള സ്ഥിതിവിശേഷത്തെ പ്രതിഫലിപ്പിക്കുന്ന യോജിപ്പ്, നല്ല സ്വസ്ഥത, വിശ്വാസദൃഢത എന്നിവയുടെയൊക്കെ യഥാർഥ തെളിവു നമ്മുടെതന്നെ സഭയിലും കാണാൻ കഴിയും. അതുകൊണ്ട്, ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ ഇനി അവശേഷിക്കുന്ന ഹ്രസ്വമായ സമയത്ത്, “യോജിപ്പോടെ സ്നേഹത്തിൽ ഏകീഭവിക്കാൻ” നമുക്ക് ഓരോരുത്തർക്കും ദൃഢനിശ്ചയം ചെയ്യാം.
[അടിക്കുറിപ്പുകൾ]
a സാധ്യതകൾ അനന്തമാണെങ്കിലും, നിങ്ങളുടെ സഭയിൽ യോജിപ്പു വളർത്തിയെടുക്കുന്നതിനു യേശുവിനെക്കുറിച്ചു നിങ്ങൾക്കു വ്യക്തിപരമായി എന്തു പഠിക്കാനാവുമെന്ന് ഈ ദൃഷ്ടാന്തങ്ങളിൽനിന്നു കാണുക: മത്തായി 12:1-8; ലൂക്കൊസ് 2:51, 52; 9:51-55; 10:20; എബ്രായർ 10:5-9.
b 1982 ജൂൺ 15 വീക്ഷാഗോപുരം (ഇംഗ്ലീഷ്), 22-9 പേജുകൾ കാണുക.
നിങ്ങൾ ശ്രദ്ധിച്ചുവോ?
◻ യഹോവയുടെ സാക്ഷികൾക്കുള്ള 1995-ലെ വാർഷികവാക്യമേത്?
◻ കൊലോസ്യയിലുള്ള ക്രിസ്ത്യാനികൾ യോജിപ്പോടെ സ്നേഹത്തിൽ ഏകീഭവിക്കേണ്ടയാവശ്യമുണ്ടായിരുന്നത് എന്തുകൊണ്ട്, ഇന്നു നാമും അതു ചെയ്യേണ്ടത് എന്തുകൊണ്ട്?
◻ ജീവിതത്തെ സംബന്ധിച്ച ഏതു വഞ്ചനാത്മക വീക്ഷണത്തിനെതിരെയാണ് ഇന്നു ക്രിസ്ത്യാനികൾ വിശേഷാൽ ജാഗ്രത പാലിക്കേണ്ടത്?
◻ ആരോഗ്യത്തെയും രോഗനിർണയോപാധികളെയും കുറിച്ചുള്ള വശീകരണ വാദഗതികളാൽ വഴിതെററിക്കപ്പെടാതിരിക്കാൻ ക്രിസ്ത്യാനികൾ ജാഗ്രതയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
[17-ാം പേജിലെ ചിത്രം]
നിങ്ങളുടെ ഭാവിപദ്ധതികൾ യേശുവിന്റെ സാന്നിധ്യത്തെ കേന്ദ്രീകരിച്ചുള്ളതാണോ?