പഠനലേഖനം 26
യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കുക
‘രാത്രിയിൽ കള്ളൻ വരുന്നതുപോലെയാണ് യഹോവയുടെ ദിവസം വരുന്നത്.’—1 തെസ്സ. 5:2.
ഗീതം 143 പ്രവർത്തിച്ചുകൊണ്ടിരിക്കാം, ഉണർന്നിരിക്കാം, കാത്തിരിക്കാം
ചുരുക്കംa
1. യഹോവയുടെ ദിവസത്തെ അതിജീവിക്കാൻ നമ്മൾ എന്തു ചെയ്യണം?
“യഹോവയുടെ ദിവസം” എന്ന പദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നതു ദൈവം ശത്രുക്കളെ നശിപ്പിക്കുകയും തന്റെ ജനത്തെ രക്ഷിക്കുകയും ചെയ്യുന്ന സമയത്തെ കുറിക്കാനാണ്. യഹോവ മുമ്പും പല ജനതകളുടെമേൽ ശിക്ഷ നടപ്പാക്കിയിട്ടുണ്ട്. (യശ. 13:1, 6; യഹ. 13:5; സെഫ. 1:8) നമ്മുടെ കാലത്ത് “യഹോവയുടെ ദിവസം” തുടങ്ങുന്നതു രാഷ്ട്രങ്ങൾ ബാബിലോൺ എന്ന മഹതിയെ നശിപ്പിക്കുന്നതോടെയായിരിക്കും. അത് അർമഗെദോൻ യുദ്ധത്തിൽ അവസാനിക്കുകയും ചെയ്യും. ആ ‘ദിവസത്തെ’ അതിജീവിക്കണമെങ്കിൽ നമ്മൾ ഇപ്പോൾത്തന്നെ തയ്യാറാകേണ്ടതുണ്ട്. ‘മഹാകഷ്ടതയെ’ നേരിടാൻ നമ്മൾ “ഒരുങ്ങിയിരിക്കണം” എന്നാണു യേശു പറഞ്ഞത്. അതിലൂടെ നമ്മൾ അങ്ങനെ ചെയ്യുന്നതിൽ തുടരണമെന്നു യേശു സൂചിപ്പിക്കുകയായിരുന്നു.—മത്താ. 24:21; ലൂക്കോ. 12:40.
2. തെസ്സലോനിക്യർക്ക് എഴുതിയ ആദ്യത്തെ കത്തു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
2 പൗലോസ് അപ്പോസ്തലൻ ദൈവപ്രചോദിതനായി തെസ്സലോനിക്യർക്ക് എഴുതിയ ആദ്യത്തെ കത്തിൽ യഹോവയുടെ ദിവസത്തെക്കുറിച്ച് പറയാൻ പല ദൃഷ്ടാന്തങ്ങളും ഉപയോഗിച്ചു. ആ മഹാദിവസത്തിനായി ഒരുങ്ങിയിരിക്കാൻ ക്രിസ്ത്യാനികളെ സഹായിക്കുന്നവയായിരുന്നു അവ. ആ ദിവസം അപ്പോൾത്തന്നെ വരില്ലെന്നു പൗലോസിന് അറിയാമായിരുന്നു. (2 തെസ്സ. 2:1-3) എന്നിട്ടും അതു തൊട്ടടുത്ത ദിവസം വരും എന്നതുപോലെ ഒരുങ്ങിയിരിക്കാൻ പൗലോസ് സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു. നമുക്കും ആ ഉപദേശം അനുസരിക്കാം. ഇപ്പോൾ പിൻവരുന്ന കാര്യങ്ങളെക്കുറിച്ച് പൗലോസ് നൽകിയ വിശദീകരണം നോക്കാം. (1) യഹോവയുടെ ദിവസം വരുന്നത് എങ്ങനെയാണ്? (2) ആരൊക്കെ അതിനെ അതിജീവിക്കില്ല? (3) ആ ദിവസത്തിനായി നമുക്ക് എങ്ങനെ ഒരുങ്ങാം?
യഹോവയുടെ ദിവസം വരുന്നത് എങ്ങനെയാണ്?
3. യഹോവയുടെ ദിവസം കള്ളൻ രാത്രിയിൽ വരുന്നതുപോലെയായിരിക്കുന്നത് എങ്ങനെ? (ചിത്രവും കാണുക.)
3 “രാത്രിയിൽ കള്ളൻ വരുന്നതുപോലെ.” (1 തെസ്സ. 5:2) യഹോവയുടെ ദിവസത്തെ വർണിക്കാൻ പൗലോസ് ഉപയോഗിച്ച മൂന്നു ദൃഷ്ടാന്തങ്ങളിൽ ആദ്യത്തേതാണ് ഇത്. കള്ളന്മാർ സാധാരണ രാത്രിയിൽ ആളുകൾ പ്രതീക്ഷിക്കാത്ത സമയത്ത് പെട്ടെന്നായിരിക്കും വരുന്നത്. യഹോവയുടെ ദിവസം വരുന്നതും മിക്കവരും പ്രതീക്ഷിക്കാത്ത സമയത്ത് വളരെ പെട്ടെന്നായിരിക്കും. മുൻകൂട്ടി പറഞ്ഞ കാര്യങ്ങളൊക്കെ എത്ര വേഗത്തിലാണു നടക്കുന്നതെന്നു കണ്ട് ദൈവജനംപോലും അതിശയിച്ചുപോയേക്കാം. പക്ഷേ, ദുഷ്ടന്മാരെപ്പോലെ നമ്മൾ നശിപ്പിക്കപ്പെടില്ല.
4. യഹോവയുടെ ദിവസം പ്രസവവേദനപോലെയായിരിക്കുന്നത് എങ്ങനെ?
4 “ഗർഭിണിക്കു പ്രസവവേദന വരുന്നതുപോലെ.” (1 തെസ്സ. 5:3) തനിക്കു പ്രസവവേദന വരുന്നത് എപ്പോഴായിരിക്കുമെന്നു കൃത്യമായി പറയാൻ ഒരു ഗർഭിണിക്കു പറ്റില്ല. പക്ഷേ, അതു വരുമെന്ന കാര്യം അവർക്ക് ഉറപ്പാണ്. വേദന വരുമ്പോൾ സാധ്യതയനുസരിച്ച് അതു വളരെ പെട്ടെന്നായിരിക്കും, അതിശക്തവുമായിരിക്കും. അതിനെ തടഞ്ഞുനിറുത്താൻ സാധിക്കുകയും ഇല്ല. അതുപോലെതന്നെ യഹോവയുടെ ദിവസം തുടങ്ങുന്ന സമയമോ മണിക്കൂറോ നമുക്ക് അറിയില്ല. എങ്കിലും ആ ദിവസം വരുമെന്ന് ഉറപ്പാണ്. മാത്രമല്ല ദുഷ്ടന്മാരുടെ ആ നാശം വളരെ പെട്ടെന്നായിരിക്കും. ആർക്കും അതിനെ തടയാനുമാകില്ല.
5. മഹാകഷ്ടത വരുന്നത് പകൽവെളിച്ചം വരുന്നതുപോലെയായിരിക്കുന്നത് എങ്ങനെ?
5 രാത്രി മാറി പകൽവെളിച്ചം വരുന്നതുപോലെ. പൗലോസ് ഉപയോഗിച്ച മൂന്നാമത്തെ ദൃഷ്ടാന്തത്തിലും രാത്രിയിൽ മോഷ്ടിക്കാൻ വരുന്ന കള്ളന്മാരെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ പൗലോസ് ഇത്തവണ സാധ്യതയനുസരിച്ച് യഹോവയുടെ ദിവസത്തെ പകൽവെളിച്ചത്തോടാണു താരതമ്യപ്പെടുത്തിയിരിക്കുന്നത്. (1 തെസ്സ. 5:4) കള്ളന്മാർ മോഷണത്തിൽ മുഴുകിപ്പോയിട്ടു നേരം വെളുക്കുന്നത് അറിയാതെപോയേക്കാം. അങ്ങനെ അവർ ഓർക്കാപ്പുറത്തു പിടിക്കപ്പെടാനും കള്ളത്തരമൊക്കെ വെളിച്ചത്തുവരാനും ഇടയാകും. യഹോവയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്തുകൊണ്ട് കള്ളന്മാരെപ്പോലെ ഇരുട്ടിൽ കഴിയുന്നവരെ മഹാകഷ്ടത വെളിച്ചത്തുകൊണ്ടുവരും. നമുക്ക് അവരെപ്പോലെ ആകാതിരിക്കാം. പകരം യഹോവയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കിക്കൊണ്ടും “എല്ലാ തരം നന്മയും നീതിയും സത്യവും” പിന്തുടർന്നുകൊണ്ടും ഒരുങ്ങിയിരിക്കാം. (എഫെ. 5:8-12) അടുത്തതായി പൗലോസ് യഹോവയുടെ ദിവസത്തെ അതിജീവിക്കാത്തവരെക്കുറിച്ച് പറയാൻ പരസ്പരബന്ധമുള്ള രണ്ടു ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നു.
എങ്ങനെയുള്ളവർ യഹോവയുടെ ദിവസത്തെ അതിജീവിക്കില്ല?
6. ഇന്നു മിക്കയാളുകളും ഉറക്കത്തിലായിരിക്കുന്നത് ഏത് അർഥത്തിലാണ്? (1 തെസ്സലോനിക്യർ 5:6, 7)
6 “ഉറങ്ങുന്നവർ.” (1 തെസ്സലോനിക്യർ 5:6, 7 വായിക്കുക.) യഹോവയുടെ ദിവസത്തെ അതിജീവിക്കാത്തവരെ ഉറക്കത്തിലായിരിക്കുന്നവരോടാണു പൗലോസ് താരതമ്യം ചെയ്തത്. അങ്ങനെയുള്ളവർ ചുറ്റും നടക്കുന്ന കാര്യങ്ങളോ സമയം കടന്നുപോകുന്നതോ അറിയുന്നില്ല. അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട എന്തെങ്കിലും നടന്നാൽ അതു തിരിച്ചറിയാനോ പ്രതികരിക്കാനോ അവർക്കു കഴിയില്ല. ഇന്നു മിക്ക ആളുകളും ആത്മീയമായി ഉറക്കത്തിലാണ്. (റോമ. 11:8) നമ്മൾ ജീവിക്കുന്നത് അവസാന കാലത്താണെന്നും മഹാകഷ്ടത ഉടനെ വരുമെന്നും ഉള്ളതിന്റെ തെളിവുകൾ അവർ വിശ്വസിക്കുന്നില്ല. ലോകത്തിൽ വലിയ മാറ്റങ്ങളൊക്കെ സംഭവിക്കുമ്പോൾ ചില ആളുകൾ ആത്മീയ ഉറക്കം വിട്ട് രാജ്യസന്ദേശത്തിൽ ചെറിയ താത്പര്യമൊക്കെ കാണിക്കാറുണ്ട്. എങ്കിലും അവരിൽ പലരും ഉണർന്നിരിക്കുന്നതിനു പകരം വീണ്ടും ഉറക്കത്തിലേക്കു പോകുന്നു. ഇനി, ഒരു ന്യായവിധിയുടെ ദിവസം ഉണ്ടാകുമെന്നു വിശ്വസിക്കുന്ന ചിലർപോലും അത് ഉടനെയെങ്ങും വരില്ലെന്നാണു ചിന്തിക്കുന്നത്. (2 പത്രോ. 3:3, 4) എന്നാൽ ഓരോ ദിവസം കഴിയുന്തോറും ഉണർന്നിരിക്കേണ്ടതിന്റെ പ്രാധാന്യം കൂടിക്കൂടി വരികയാണെന്നു നമുക്കറിയാം.
7. ദൈവകോപത്തിനിരയാകാനിരിക്കുന്നവർ കുടിയന്മാരെപ്പോലെയായിരിക്കുന്നത് എങ്ങനെ?
7 “കുടിയന്മാർ.” ദൈവകോപത്തിന് ഇരയാകാനിരിക്കുന്നവരെ കുടിച്ച് ലക്കുകെടുന്നവരോടു പൗലോസ് ഉപമിച്ചു. മദ്യലഹരിയിലായിരിക്കുന്നവർക്കു കാര്യങ്ങളോടു പെട്ടെന്നു പ്രതികരിക്കാനാകില്ല. അവർ എടുക്കുന്ന തീരുമാനങ്ങളും തെറ്റിപോകും. അതുപോലെ, ദുഷ്ടന്മാരും ദൈവത്തിന്റെ മുന്നറിയിപ്പുകളോടു പ്രതികരിക്കുന്നില്ല. അവർ തിരഞ്ഞെടുക്കുന്ന ജീവിതരീതി അവരെ നാശത്തിലേക്കാണു നയിക്കുന്നത്. എന്നാൽ ക്രിസ്ത്യാനികളോടു സുബോധത്തോടെയിരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. (1 തെസ്സ. 5:6) ഒരു ബൈബിൾപണ്ഡിതൻ സുബോധത്തെക്കുറിച്ച് പറഞ്ഞത്: “കാര്യങ്ങൾ കൃത്യമായി വിലയിരുത്തി ശരിയായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന ശാന്തവും സ്ഥിരതയുള്ളതും ആയ മാനസികാവസ്ഥ എന്നാണ്.” ശാന്തതയും സ്ഥിരതയും നമുക്കുണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണ്? അങ്ങനെയാകുമ്പോൾ ഇന്നത്തെ രാഷ്ട്രീയവും സാമൂഹികവും ആയ പ്രശ്നങ്ങളിൽ ഉൾപ്പെടാതെ നമ്മൾ മാറിനിൽക്കും. യഹോവയുടെ ദിവസം അടുക്കുന്തോറും ഈ കാര്യങ്ങളിൽ ഉൾപ്പെടാനുള്ള സമ്മർദം കൂടിക്കൂടി വരും. എങ്കിലും അങ്ങനെയുണ്ടായാൽ നമ്മൾ എന്തു ചെയ്യും എന്നോർത്ത് ഉത്കണ്ഠപ്പെടേണ്ട. കാരണം ശാന്തവും സ്ഥിരതയുള്ളതും ആയ ഒരു മനസ്സുണ്ടായിരിക്കാനും ശരിയായ തീരുമാനങ്ങളെടുക്കാനും ദൈവാത്മാവിനു നമ്മളെ സഹായിക്കാനാകും.—ലൂക്കോ. 12:11, 12.
യഹോവയുടെ ദിവസത്തിനായി നമുക്ക് എങ്ങനെ ഒരുങ്ങാം?
8. ഉണർന്നിരിക്കാനും സുബോധമുള്ളവരായിരിക്കാനും നമ്മളെ സഹായിക്കുന്ന ഗുണങ്ങളെ 1 തെസ്സലോനിക്യർ 5:8-ൽ എങ്ങനെയാണ് വർണിച്ചിരിക്കുന്നത്? (ചിത്രവും കാണുക.)
8 ‘മാർച്ചട്ട ധരിക്കുക, പടത്തൊപ്പി അണിയുക.’ പടക്കോപ്പുകളൊക്കെ അണിഞ്ഞ് ജാഗ്രതയോടെ നിൽക്കുന്ന പടയാളികളോടാണു പൗലോസ് നമ്മളെ താരതമ്യം ചെയ്തത്. (1 തെസ്സലോനിക്യർ 5:8 വായിക്കുക.) യുദ്ധമേഖലയിലുള്ള ഒരു പടയാളി ആക്രമണത്തെ നേരിടാൻ എപ്പോഴും ഒരുങ്ങിയിരിക്കേണ്ടതുണ്ട്. നമ്മുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മാർച്ചട്ട ധരിച്ചും പ്രത്യാശ എന്ന പടത്തൊപ്പി അണിഞ്ഞും യഹോവയുടെ ദിവസത്തിനായി നമ്മൾ എപ്പോഴും ഒരുങ്ങിയിരിക്കുകയാണ്. ഈ ഗുണങ്ങൾ നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്?
9. വിശ്വാസം ഏതെല്ലാം വിധങ്ങളിൽ നമ്മളെ സംരക്ഷിക്കുന്നു?
9 ഒരു മാർച്ചട്ട പടയാളിയുടെ ഹൃദയത്തെ സംരക്ഷിക്കുന്നു. അതുപോലെ വിശ്വാസവും സ്നേഹവും നമ്മുടെ ആലങ്കാരിക ഹൃദയത്തെ സംരക്ഷിക്കുന്നു. ദൈവത്തെ സേവിക്കുന്നതിൽ തുടരാനും യേശുവിനെ അനുഗമിക്കാനും ആ ഗുണങ്ങൾ നമ്മളെ സഹായിക്കും. വിശ്വാസമുണ്ടെങ്കിൽ ആത്മാർഥമായി തന്നെ അന്വേഷിക്കുന്നവർക്ക് യഹോവ പ്രതിഫലം തരുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കും. (എബ്രാ. 11:6) പ്രശ്നങ്ങളൊക്കെ സഹിക്കേണ്ടി വന്നാലും നേതാവായ യേശുക്രിസ്തുവിനോടു ചേർന്നുനിൽക്കാനും ആകും. ഇനി, ഉപദ്രവമോ സാമ്പത്തികബുദ്ധിമുട്ടോ പോലുള്ള പ്രശ്നങ്ങൾ നേരിടുമ്പോഴും പിടിച്ചുനിൽക്കാൻ വിശ്വാസം നമ്മളെ സഹായിക്കും. ഇതുപോലുള്ള പ്രശ്നങ്ങളുണ്ടായപ്പോഴും വിശ്വസ്തതയോടെ സഹിച്ചുനിന്ന ഇക്കാലത്തെ സഹോദരങ്ങളുടെ മാതൃക അനുകരിക്കുന്നതു നമ്മുടെ വിശ്വാസം ശക്തമാക്കും. വിശ്വാസമുണ്ടെങ്കിൽ പണത്തോടും വസ്തുവകകളോടുമുള്ള സ്നേഹം എന്ന കെണി ഒഴിവാക്കാനും നമുക്കാകും. ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കാൻ, ജീവിതം ലളിതമാക്കിക്കൊണ്ട് ആ കെണി ഒഴിവാക്കിയ ധാരാളം സഹോദരങ്ങളുടെ മാതൃകകൾ നമുക്ക് ഇന്നുണ്ട്.b
10. യഹോവയോടും അയൽക്കാരോടും ഉള്ള സ്നേഹം പ്രസംഗപ്രവർത്തനത്തിൽ തുടരാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
10 ഉണർന്നിരിക്കാനും സുബോധത്തോടെയിരിക്കാനും സ്നേഹവും വളരെ ആവശ്യമാണ്. (മത്താ. 22:37-39) യഹോവയോടുള്ള സ്നേഹം പ്രശ്നങ്ങളുണ്ടായാലും പ്രസംഗപ്രവർത്തനം തുടരാൻ നമ്മളെ സഹായിക്കും. (2 തിമൊ. 1:7, 8) ഇനി, ആളുകളോടുള്ള സ്നേഹവും മടുത്തുപോകാതെ എല്ലാവരോടും സന്തോഷവാർത്ത അറിയിക്കാൻ നമ്മളെ പ്രേരിപ്പിക്കും. അതിനുവേണ്ടി കത്തിലൂടെയോ ടെലിഫോണിലൂടെയോ സാക്ഷീകരിച്ചുകൊണ്ടുപോലും പ്രദേശത്തുള്ള ആളുകളുടെ അടുത്ത് നമ്മൾ സന്തോഷവാർത്ത എത്തിക്കുന്നു. എന്നെങ്കിലും ഒരിക്കൽ ആളുകൾ മാറ്റം വരുത്തി ശരിയായ കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമെന്ന പ്രതീക്ഷയോടെ ഈ പ്രവർത്തനം തുടരാൻ നമ്മളെ സഹായിക്കുന്നതു സ്നേഹമാണ്.—യഹ. 18:27, 28.
11. സഹോദരങ്ങളോടു സ്നേഹമുണ്ടെങ്കിൽ നമ്മൾ എന്തു ചെയ്യും? (1 തെസ്സലോനിക്യർ 5:11)
11 നമ്മുടെ സഹോദരങ്ങളെയും നമ്മൾ സ്നേഹിക്കുന്നു. “പരസ്പരം പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും” ചെയ്തുകൊണ്ട് നമുക്ക് ആ സ്നേഹം തെളിയിക്കാനാകും. (1 തെസ്സലോനിക്യർ 5:11 വായിക്കുക.) ഒരു പോരാട്ടം നടക്കുമ്പോൾ തോളോടുതോൾ ചേർന്നു പ്രവർത്തിക്കുന്ന പടയാളികളെപ്പോലെ നമ്മളും പരസ്പരം പ്രോത്സാഹിപ്പിക്കുന്നു. യുദ്ധത്തിനിടെ ഒരു പടയാളി കൂടെയുള്ള ഒരാളെ അറിയാതെ മുറിവേൽപ്പിച്ചേക്കാം. പക്ഷേ, അദ്ദേഹം ഒരിക്കലും മനഃപൂർവ്വം അങ്ങനെ ചെയ്യില്ല. അതുപോലെ നമ്മളും സഹോദരങ്ങളെ അറിഞ്ഞുകൊണ്ട് വേദനിപ്പിക്കുകയോ അവർക്ക് എതിരെ തിന്മയ്ക്കു പകരം തിന്മ ചെയ്യുകയോ ഇല്ല. (1 തെസ്സ. 5:13, 15) ഇനി സഭയിൽ നേതൃത്വം എടുക്കുന്ന സഹോദരങ്ങളെ ബഹുമാനിച്ചുകൊണ്ടും നമ്മൾ സ്നേഹം തെളിയിക്കുന്നു. (1 തെസ്സ. 5:12) പൗലോസ് ഈ കത്ത് എഴുതിയപ്പോൾ തെസ്സലോനിക്യയിലെ സഭ സ്ഥാപിതമായിട്ട് ഒരു വർഷംപോലും ആയിട്ടില്ലായിരുന്നു. സാധ്യതയനുസരിച്ച് അവിടെ നേതൃത്വമെടുക്കുന്ന പുരുഷന്മാർക്ക് അനുഭവപരിചയം കുറവായിരുന്നതുകൊണ്ടു ചില തെറ്റുകളൊക്കെ പറ്റിയിട്ടുണ്ടായിരിക്കാം. എങ്കിലും, സഹോദരങ്ങൾ അവരെ ബഹുമാനിക്കണമായിരുന്നു. മഹാകഷ്ടത അടുത്തുവരുമ്പോൾ ഇപ്പോഴത്തെക്കാൾ അധികമായി നമ്മൾ മൂപ്പന്മാർ നൽകുന്ന നിർദേശങ്ങളിൽ ആശ്രയിക്കേണ്ടിവന്നേക്കാം. കാരണം, ആ സമയത്ത് ലോകാസ്ഥാനത്തും ബ്രാഞ്ചോഫീസിലും ഉള്ള സഹോദരങ്ങൾക്കു നമ്മളെ ബന്ധപ്പെടാൻ കഴിയാതെ വരാം. അതുകൊണ്ട് ഇപ്പോൾത്തന്നെ മൂപ്പന്മാരെ സ്നേഹിക്കാനും ആദരിക്കാനും പഠിക്കേണ്ടതു വളരെ പ്രധാനമാണ്. നമുക്ക് അവരുടെ കുറവുകളിലേക്കു നോക്കാതിരിക്കാം. പകരം യേശുവിനെ ഉപയോഗിച്ചുകൊണ്ട് യഹോവയാണ് ഈ വിശ്വസ്തപുരുഷന്മാരെ വഴിനയിക്കുന്നതെന്ന കാര്യം എപ്പോഴും ഓർക്കാം. അങ്ങനെ നമുക്കു സുബോധമുള്ളവരാണെന്നു തെളിയിക്കാം.
12. പ്രത്യാശ എങ്ങനെയാണു ശരിയായ വിധത്തിൽ ചിന്തിക്കാൻ നമ്മളെ സഹായിക്കുന്നത്?
12 ഒരു പടത്തൊപ്പി പടയാളിയുടെ തലയെ സംരക്ഷിക്കുന്നതുപോലെ രക്ഷയുടെ പ്രത്യാശ നമ്മുടെ മനസ്സിനെ സംരക്ഷിക്കുകയും ശരിയായ വിധത്തിൽ ചിന്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നമുക്ക് ഉറച്ച പ്രത്യാശയുള്ളതുകൊണ്ട് ഇന്നു ലോകം വെച്ചുനീട്ടുന്ന കാര്യങ്ങളെല്ലാം ഒരു വിലയും ഇല്ലാത്തതാണെന്നു തിരിച്ചറിയാനാകുന്നു. (ഫിലി. 3:8) പ്രശ്നങ്ങളൊക്കെയുണ്ടാകുമ്പോൾ ശാന്തരായിരിക്കാനും സ്ഥിരതയുള്ളവരായിരിക്കാനും നമ്മളെ സഹായിക്കുന്നതും ഈ പ്രത്യാശയാണ്. ആഫ്രിക്കയിലെ ബഥേലിൽ സേവിക്കുന്ന വാലസിന്റെയും ലൊറിന്റയുടെയും അനുഭവം അതാണു തെളിയിക്കുന്നത്. വെറും മൂന്ന് ആഴ്ചയ്ക്കുള്ളിലാണ് ഒരാൾക്ക് അമ്മയെയും മറ്റേയാൾക്ക് അപ്പനെയും നഷ്ടമായത്. കോവിഡ്-19 മഹാമാരി കാരണം അവർക്കു വീട്ടിൽപോകാനോ മറ്റു കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കാനോ പറ്റിയില്ല. വാലസ് ഇങ്ങനെ എഴുതി: “പുനരുത്ഥാനപ്രത്യാശ അവരെ നഷ്ടപ്പെട്ടതിന്റെ വേദനയും സങ്കടവും ഒക്കെ മറക്കാൻ എന്നെ സഹായിക്കുന്നു. കാരണം, പ്രത്യാശയുള്ളതുകൊണ്ട് ഈ ലോകത്തിലെ അവരുടെ അവസാന ദിവസങ്ങളെക്കുറിച്ചല്ല, പകരം, പുതിയ ലോകത്തിലെ അവരുടെ ആദ്യ ദിവസങ്ങളെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്.”
13. പരിശുദ്ധാത്മാവ് ലഭിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം?
13 “ദൈവാത്മാവിന്റെ തീ കെടുത്തിക്കളയരുത്.” (1 തെസ്സ. 5:19) പൗലോസ് പരിശുദ്ധാത്മാവിനെ നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരിക്കുന്ന തീയോടാണു താരതമ്യം ചെയ്തത്. നമുക്കു ദൈവാത്മാവുള്ളപ്പോൾ ശരിയായതു ചെയ്യാനുള്ള ഉത്സാഹവും തീക്ഷ്ണതയും ഒക്കെ ഉള്ളിൽ ജ്വലിച്ചുകൊണ്ടിരിക്കും. നമ്മൾ യഹോവയ്ക്കുവേണ്ടി ഊർജസ്വലരായി പ്രവർത്തിക്കുകയും ചെയ്യും. (റോമ. 12:11) എന്നാൽ പരിശുദ്ധാത്മാവ് ലഭിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം? അതിനുവേണ്ടി പ്രാർഥിക്കാം, ദൈവവചനം പഠിക്കാം, ദൈവാത്മാവ് നയിക്കുന്ന സംഘടനയോടു ചേർന്നുപ്രവർത്തിക്കാം. അങ്ങനെ ചെയ്യുമ്പോൾ “ദൈവാത്മാവിന്റെ ഫലം” വളർത്തിയെടുക്കാൻ നമുക്കാകും.—ഗലാ. 5:22, 23.
14. പരിശുദ്ധാത്മാവ് തുടർന്നും ലഭിക്കാൻ നമ്മൾ എന്ത് ഒഴിവാക്കണം? (ചിത്രവും കാണുക.)
14 നമുക്കു ലഭിച്ച ‘ദൈവാത്മാവിന്റെ തീ കെടുത്തിക്കളയാതിരിക്കാനും’ നമ്മൾ ശ്രദ്ധിക്കണം. ശരിയായ കാര്യങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്കു മാത്രമാണ് യഹോവ പരിശുദ്ധാത്മാവിനെ നൽകുന്നത്. നമ്മൾ മോശമായ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയും അത്തരം കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ യഹോവ തന്റെ ആത്മാവിനെ തരുന്നതു നിറുത്തും. (1 തെസ്സ. 4:7, 8) ഇനി, പരിശുദ്ധാത്മാവിനെ തുടർച്ചയായി കിട്ടണമെങ്കിൽ, നമ്മൾ ‘പ്രവചനങ്ങളെ നിന്ദിക്കുകയും അരുത്.’ (1 തെസ്സ. 5:20) “പ്രവചനങ്ങൾ” എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് യഹോവ തന്റെ ആത്മാവിലൂടെ നൽകിയിട്ടുള്ള സന്ദേശങ്ങളാണ്. അതിൽ, നമ്മൾ ജീവിക്കുന്ന കാലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും യഹോവയുടെ ദിവസത്തെക്കുറിച്ചും ഉള്ള കാര്യങ്ങൾ ഉൾപ്പെടുന്നു. ആ ദിവസം അല്ലെങ്കിൽ അർമഗെദോൻ ഉടനെയൊന്നും വരില്ലെന്നു നമ്മൾ ചിന്തിക്കുന്നില്ല. പകരം എന്നും ഭക്തിപൂർണമായ പ്രവൃത്തികൾ ചെയ്യുന്നതിൽ തിരക്കുള്ളവരായിരുന്നുകൊണ്ടും തെറ്റായ കാര്യങ്ങൾ ഒഴിവാക്കികൊണ്ടും ആ ദിവസം മനസ്സിൽ അടുപ്പിച്ചുനിറുത്തുന്നു.—2 പത്രോ. 3:11, 12.
‘എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തുക’
15. തെറ്റായ വിവരങ്ങളാലും ഭൂതങ്ങളിൽനിന്നുള്ള പ്രചാരണങ്ങളാലും വഴിതെറ്റിക്കപ്പെടുന്നതു നമുക്ക് എങ്ങനെ ഒഴിവാക്കാം? (1 തെസ്സലോനിക്യർ 5:21)
15 ഉടനെതന്നെ യഹോവയുടെ എതിരാളികൾ “സമാധാനം! സുരക്ഷിതത്വം!” എന്നതുപോലുള്ള പ്രഖ്യാപനങ്ങൾ നടത്തും. (1 തെസ്സ. 5:3) ഭൂതങ്ങളിൽനിന്നുള്ള ഇത്തരം പ്രചാരണങ്ങൾ ഭൂമി മുഴുവൻ നിറയും. അതു മിക്കവരെയും വഴിതെറ്റിക്കും. (വെളി. 16:13, 14) എന്നാൽ നമ്മുടെ കാര്യമോ? ‘എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തിയാൽ’ നമ്മൾ അവയാൽ വഞ്ചിക്കപ്പെടില്ല. (1 തെസ്സലോനിക്യർ 5:21 വായിക്കുക.) ‘പരിശോധിച്ച് ഉറപ്പുവരുത്തുക’ എന്നു പരിഭാഷ ചെയ്തിരിക്കുന്ന ഗ്രീക്കുപദം സ്വർണം, വെള്ളി പോലുള്ള വിലപ്പെട്ട ലോഹങ്ങളുടെ മാറ്റ് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനോടു ബന്ധപ്പെട്ട് ഉപയോഗിച്ചിരുന്നതാണ്. അതു കാണിക്കുന്നതു നമ്മൾ വായിക്കുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ ശരിയാണെന്നു പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ്. തെസ്സലോനിക്യരുടെ കാര്യത്തിൽ അങ്ങനെ ചെയ്യുന്നതു പ്രധാനമായിരുന്നു. എന്നാൽ മഹാകഷ്ടത അടുക്കുന്ന സമയത്ത് ജീവിച്ചിരിക്കുന്ന നമ്മുടെ കാര്യത്തിൽ അതിനു കൂടുതൽ പ്രാധാന്യമുണ്ട്. അതുകൊണ്ട് വായിക്കുകയും കേൾക്കുകയും ചെയ്യുന്നതെല്ലാം നമ്മൾ കണ്ണുമടച്ച് വിശ്വസിക്കുന്നില്ല. പകരം, നമ്മുടെ ചിന്താപ്രാപ്തി ഉപയോഗിച്ച് അവയെ ബൈബിളും യഹോവയുടെ സംഘടനയും പറയുന്നതുമായി ഒത്തുനോക്കും. അങ്ങനെ ചെയ്യുമ്പോൾ ഭൂതങ്ങളിൽനിന്ന് വരുന്ന പ്രചാരണങ്ങളാൽ നമ്മൾ വഴിതെറ്റിക്കപ്പെടില്ല.—സുഭാ. 14:15; 1 തിമൊ. 4:1.
16. ഉറപ്പുള്ള എന്തു പ്രത്യാശ നമുക്കുണ്ട്? എന്തു ചെയ്യാൻ നമ്മൾ തീരുമാനിച്ചിരിക്കുന്നു?
16 ദൈവജനം മഹാകഷ്ടതയെ അതിജീവിക്കുമെന്നു നമുക്ക് അറിയാം. എങ്കിലും നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിൽ നാളെ എന്തു സംഭവിക്കുമെന്നു നമുക്ക് അറിയില്ല. (യാക്കോബ് 4:14) ചിലപ്പോൾ നമ്മൾ മഹാകഷ്ടതയെ അതിജീവിച്ചേക്കാം. അല്ലെങ്കിൽ അതിനുമുമ്പ് മരിച്ചുപോയേക്കാം. എന്തുതന്നെയായാലും വിശ്വസ്തരായി തുടർന്നാൽ നമുക്ക് ഉറപ്പായും നിത്യജീവൻ ലഭിക്കും. അഭിഷിക്തർ ക്രിസ്തുവിനോടൊപ്പം സ്വർഗത്തിലായിരിക്കും. വേറെ ആടുകൾ ഭൂമിയിലെ പറുദീസയിലും. അതുകൊണ്ട് നമുക്കെല്ലാം മനോഹരമായ ആ പ്രത്യാശ മനസ്സിൽ അടുപ്പിച്ചുനിറുത്തികൊണ്ട് യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കാം.
ഗീതം 150 രക്ഷയ്ക്കായ് ദൈവത്തെ അന്വേഷിക്കാം
a 1 തെസ്സലോനിക്യർ 5-ാം അധ്യായത്തിൽ യഹോവയുടെ ദിവസത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന പല ദൃഷ്ടാന്തങ്ങളും നമുക്കു കാണാം. എന്താണ് യഹോവയുടെ “ദിവസം?” എപ്പോഴായിരിക്കും അതു വരുന്നത്? ആരായിരിക്കും ആ ദിവസത്തെ അതിജീവിക്കുന്നത്? ആരായിരിക്കും അതിജീവിക്കാത്തത്? ആ ദിവസത്തിനുവേണ്ടി നമുക്ക് എങ്ങനെ ഒരുങ്ങാം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ പൗലോസ് അപ്പോസ്തലന്റെ വാക്കുകൾ നമുക്കു നോക്കാം.
b “ആത്മാർപ്പണത്തിന്റെ മാതൃകകൾ” എന്ന പരമ്പര കാണുക.