യഥാർഥ പ്രത്യാശ നിങ്ങൾക്ക് എവിടെ കണ്ടെത്താനാകും?
നിങ്ങളുടെ വാച്ച് നിന്നുപോയി, അത് പൊട്ടിയിട്ടുമുണ്ട്. വാച്ച് നന്നാക്കിക്കൊടുക്കുന്ന ധാരാളം സ്ഥലങ്ങൾ നിങ്ങളുടെ ചുറ്റുവട്ടത്തുതന്നെ ഉണ്ട്. വാച്ച് നന്നാക്കിത്തരാമെന്ന് അവരെല്ലാം നിങ്ങൾക്ക് ഉറപ്പു നൽകുന്നെങ്കിലും അവർ പറയുന്ന പല കാര്യങ്ങളും തമ്മിൽ ഒരു പൊരുത്തമില്ല. അപ്പോഴാണ് നിങ്ങൾ ഒരു കാര്യം അറിയുന്നത്, വർഷങ്ങൾക്കു മുമ്പ് നിങ്ങളുടെ വാച്ച് നിർമിച്ച വിദഗ്ധ വാച്ച് നിർമാതാവ് നിങ്ങളുടെ അയൽപക്കത്തുതന്നെയുണ്ട്. അയാൾ സൗജന്യമായി അതു നന്നാക്കിത്തരാനും തയ്യാറാണ്. ഇത്തരമൊരു സാഹചര്യത്തിൽ എന്തു ചെയ്യണം എന്നതിനെ കുറിച്ച് നിങ്ങൾക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വരുമോ?
ഇനി, ആ വാച്ചിനെ പ്രത്യാശ വെച്ചുപുലർത്താനുള്ള നിങ്ങളുടെ പ്രാപ്തിയോടു താരതമ്യപ്പെടുത്തുക. ഈ ദുർഘടനാളുകളിലെ അനേകരെയും പോലെ, പ്രത്യാശ കൈവിട്ടുപോകുകയാണെന്നു നിങ്ങൾ മനസ്സിലാക്കുന്നു എന്നിരിക്കട്ടെ. സഹായത്തിനായി നിങ്ങൾ എങ്ങോട്ടു തിരിയും? ഈ പ്രശ്നം പരിഹരിക്കാമെന്നുള്ള അവകാശവാദവുമായി പലരും മുന്നോട്ടു വരുന്നുണ്ട്. പക്ഷേ അവരുടെ എണ്ണമറ്റ നിർദേശങ്ങൾ കുഴപ്പിക്കുന്നതും പരസ്പരവിരുദ്ധവും ആയിരുന്നേക്കാം. അതുകൊണ്ട് പ്രത്യാശ വെച്ചുപുലർത്താനുള്ള കഴിവോടെ മനുഷ്യവർഗത്തെ രൂപകൽപ്പന ചെയ്ത സ്രഷ്ടാവിനെ സമീപിക്കുന്നതായിരിക്കില്ലേ ഏറ്റവും മെച്ചം? “അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല” എന്നു ബൈബിൾ പറയുന്നു. മാത്രവുമല്ല, അവൻ നമ്മെ സഹായിക്കാൻ തികച്ചും മനസ്സൊരുക്കം ഉള്ളവനുമാണ്.—പ്രവൃത്തികൾ 17:27; 1 പത്രൊസ് 5:7.
പ്രത്യാശയുടെ കൂടുതൽ ഗഹനമായ നിർവചനം
പ്രത്യാശയെ കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം ഇന്നത്തെ ഡോക്ടർമാർ, ശാസ്ത്രജ്ഞർ, മനശ്ശാസ്ത്രജ്ഞർ എന്നിവരുടേതിനെക്കാൾ ആഴവും പരപ്പുമുള്ളതാണ്. “പ്രത്യാശ” എന്നു പരിഭാഷ ചെയ്തിരിക്കുന്ന, ബൈബിളിലെ മൂലഭാഷാ പദങ്ങളുടെ അർഥം അതിവാഞ്ഛയോടെ കാത്തിരിക്കുകയും നല്ലതു പ്രതീക്ഷിക്കുകയും ചെയ്യുക എന്നാണ്. അടിസ്ഥാനപരമായി പ്രത്യാശ രണ്ടു ഘടകങ്ങൾ ചേർന്നതാണ്. നല്ല എന്തോ ഒന്നിനായുള്ള അഭിവാഞ്ഛയും അതു സംഭവിക്കും എന്നു വിശ്വസിക്കാനുള്ള അടിസ്ഥാനവും അതിൽ ഉൾപ്പെട്ടിരിക്കുന്നു. ബൈബിൾ വാഗ്ദാനം ചെയ്യുന്ന പ്രത്യാശ വെറും അടിസ്ഥാനരഹിതമായ ആഗ്രഹങ്ങളല്ല. അത് വസ്തുതയിലും തെളിവിലും അധിഷ്ഠിതമാണ്.
ഈ കാര്യത്തിൽ, പ്രത്യാശ വിശ്വാസത്തോടു സമാനത പുലർത്തുന്നു. വിശ്വാസം തെളിവിൽ അടിസ്ഥാനപ്പെട്ടതായിരിക്കണം, അല്ലാതെ അന്ധമായ ഒന്നായിരിക്കരുത്. (എബ്രായർ 11:1, NW) എങ്കിലും, ബൈബിൾ വിശ്വാസവും പ്രത്യാശയും തമ്മിൽ വ്യത്യാസം കൽപ്പിക്കുന്നുണ്ട്.—1 കൊരിന്ത്യർ 13:13.
ഉദാഹരണത്തിന്, നിങ്ങൾ ഒരു പ്രിയ സുഹൃത്തിനോട് ഒരു സഹായം ചോദിക്കുന്നു എന്നിരിക്കട്ടെ. സുഹൃത്തു നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾ പ്രത്യാശിക്കുന്നു. ആ പ്രത്യാശ അടിസ്ഥാനരഹിതമല്ല, കാരണം നിങ്ങൾക്ക് ആ വ്യക്തിയിൽ വിശ്വാസമുണ്ട്. നിങ്ങൾക്ക് അയാളെ നന്നായി അറിയാം, ഔദാര്യത്തോടും ദയയോടും കൂടിയ അയാളുടെ പ്രവർത്തനങ്ങൾ നിങ്ങൾ മുമ്പ് കണ്ടിട്ടുമുണ്ട്. നിങ്ങളുടെ വിശ്വാസവും പ്രത്യാശയും അടുത്തു ബന്ധപ്പെട്ടിരിക്കുന്നു, അവ പരസ്പരാശ്രിതങ്ങൾ പോലുമാണ്, എന്നാൽ അതേസമയം അവ ഒന്നല്ല. നിങ്ങൾക്കു ദൈവത്തിൽ അത്തരം പ്രത്യാശ ഉണ്ടായിരിക്കാൻ കഴിയുന്നത് എങ്ങനെയാണ്?
പ്രത്യാശയ്ക്കുള്ള അടിസ്ഥാനം
യഥാർഥ പ്രത്യാശയുടെ അടിസ്ഥാനം ദൈവമാണ്. ബൈബിൾ കാലങ്ങളിൽ യഹോവയെ “യിസ്രായേലിന്റെ പ്രത്യാശ” എന്നു വിളിച്ചിരുന്നു. (യിരെമ്യാവു 14:8) അവന്റെ ജനത്തിന് ഉണ്ടായിരുന്ന ആശ്രയയോഗ്യമായ ഏതു പ്രത്യാശയും അവനിൽനിന്നായിരുന്നു വന്നത്. അതിനാൽ അവൻ ആയിരുന്നു അവരുടെ പ്രത്യാശ. അത്തരം പ്രത്യാശ കേവലം എന്തെങ്കിലും ആശിക്കുന്നതിനെയല്ല അർഥമാക്കിയത്. പ്രത്യാശയ്ക്കുള്ള ഉറച്ച ഒരു അടിസ്ഥാനം ദൈവം അവർക്കു നൽകി. നൂറ്റാണ്ടുകളിൽ ഉടനീളമുള്ള അവരുമായുള്ള ഇടപെടലുകളിലൂടെ വാഗ്ദാനങ്ങൾ നൽകുകയും അതു നിവർത്തിക്കുകയും ചെയ്യുന്നവൻ എന്ന കീർത്തി അവൻ സമ്പാദിച്ചു. ഇസ്രായേലിന്റെ നായകനായിരുന്ന യോശുവ ആ ജനതയോടു പറഞ്ഞതു ശ്രദ്ധിക്കുക: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങൾക്കു . . . ബോധമായിരിക്കുന്നു.”—യോശുവ 23:14.
ആയിരക്കണക്കിനു വർഷങ്ങൾക്കു ശേഷം ഇന്നും ഈ കാര്യത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ല. ദൈവത്തിന്റെ വിശിഷ്ടമായ വാഗ്ദാനങ്ങളും അവ നിവൃത്തിയായതിന്റെ കൃത്യമായ ചരിത്ര രേഖകളുംകൊണ്ടു സമ്പുഷ്ടമാണ് ബൈബിൾ. എഴുതപ്പെട്ട കാലത്തുതന്നെ സംഭവിച്ചു കഴിഞ്ഞു എന്നതുപോലെയാണ് ചില പ്രാവചനിക വാഗ്ദാനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതുതന്നെ. അത്രയ്ക്ക് ആശ്രയയോഗ്യമാണവ.
അതുകൊണ്ടാണ് ബൈബിളിനെ പ്രത്യാശയുടെ പുസ്തകം എന്നു വിളിക്കാൻ കഴിയുന്നത്. മനുഷ്യരുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെ കുറിച്ചുള്ള ബൈബിൾ രേഖകൾ പഠിക്കുന്തോറും അവനിൽ പ്രത്യാശ അർപ്പിക്കുന്നതിനുള്ള കാരണങ്ങൾ കൂടുതൽ ശക്തമായിത്തീരും. അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം എഴുതി: “എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.”—റോമർ 15:4.
ദൈവം നമുക്കു നൽകുന്ന പ്രത്യാശ എന്താണ്?
പ്രത്യാശ ഏറ്റവും ആവശ്യമായി നമുക്കു തോന്നുന്ന സന്ദർഭം ഏതാണ്? നാം മരണത്തെ അഭിമുഖീകരിക്കുമ്പോഴല്ലേ? എന്നാൽ അനേകരെയും സംബന്ധിച്ചിടത്തോളം അത്തരമൊരു സന്ദർഭത്തിലാണ്—ഉദാഹരണത്തിന്, മരണം പ്രിയപ്പെട്ട ഒരാളെ തട്ടിയെടുക്കുമ്പോഴാണ്—തങ്ങളുടെ പ്രത്യാശ ഏറ്റവും ചോർന്നു പോകുന്നതായി തോന്നുന്നത്. അതേ, മരണത്തെക്കാൾ നിരാശ ജനിപ്പിക്കുന്നതായി മറ്റെന്താണുള്ളത്? അതു നമ്മെ ഓരോരുത്തരെയും വിടാതെ പിന്തുടരുന്നു. അതിൽനിന്ന് എന്നേക്കുമായി ഒഴിഞ്ഞുമാറാൻ നമുക്കു കഴിയില്ല, അതു സംഭവിച്ചു കഴിഞ്ഞാൽ ഒരു വ്യക്തിയെ ജീവനിലേക്കു മടക്കിവരുത്താൻ നാം അപ്രാപ്തരാണ്. ഉചിതമായി, മരണത്തെ ബൈബിൾ “ഒടുക്കത്തെ ശത്രു” എന്നു വിളിക്കുന്നു.—1 കൊരിന്ത്യർ 15:26.
അങ്ങനെയെങ്കിൽ, മരണത്തിന്റെ മുന്നിലും നമുക്ക് പ്രത്യാശയുള്ളവരായിരിക്കാൻ എങ്ങനെ കഴിയും? മരണത്തെ ഒടുവിലത്തെ ശത്രു എന്നു വിളിക്കുന്ന അതേ ബൈബിൾ വാക്യത്തിൽ ഈ ശത്രു “നീങ്ങിപ്പോകും” എന്നും പറഞ്ഞിരിക്കുന്നു. യഹോവയാം ദൈവം മരണത്തെക്കാൾ ശക്തനാണ്. അനവധി സന്ദർഭങ്ങളിൽ അവൻ അതു തെളിയിച്ചിട്ടുണ്ട്. ഏതു വിധത്തിൽ? മരിച്ചുപോയവരെ ഉയിർപ്പിച്ചുകൊണ്ട്. മരിച്ചുപോയവരെ തിരികെ ജീവനിലേക്കു കൊണ്ടുവരാൻ അവൻ തന്റെ ശക്തി ഉപയോഗിച്ച ഒമ്പതു സന്ദർഭങ്ങളെ കുറിച്ചു ബൈബിൾ വിവരിക്കുന്നുണ്ട്.
അത്തരം ഒരു സവിശേഷ സംഭവത്തിൽ, തന്റെ പുത്രനായ യേശുക്രിസ്തുവിന്, മരിച്ചിട്ട് നാലു ദിവസമായിരുന്ന അവന്റെ പ്രിയ സുഹൃത്തായ ലാസറിനെ ഉയിർപ്പിക്കാൻ യഹോവ ശക്തി നൽകുകയുണ്ടായി. യേശു ഇതു രഹസ്യമായിട്ടല്ല, കാഴ്ചക്കാരുടെ ഒരു വലിയ കൂട്ടത്തിനു മുമ്പാകെ പരസ്യമായിട്ടാണു ചെയ്തത്.—യോഹന്നാൻ 11:38-48, 53; 12:9, 10.
അങ്ങനെയെങ്കിൽ നിങ്ങൾ ഇപ്രകാരം ചോദിച്ചേക്കാം, ‘എന്തിനാണ് അവരെ ഉയിർപ്പിച്ചത്? അവർ എന്തായാലും വാർധക്യം പ്രാപിക്കുകയും വീണ്ടും മരിക്കുകയും ചെയ്തില്ലേ?’ അതേ, അവർ എല്ലാവരും വീണ്ടും മരിച്ചു. എന്നാൽ, പുനരുത്ഥാനത്തെ കുറിച്ചുള്ള ഇത്തരം ആശ്രയയോഗ്യമായ വിവരണങ്ങൾ, മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർ വീണ്ടും ജീവനിലേക്കു വന്നിരുന്നെങ്കിൽ എന്നു വെറുതെ ആശിക്കുന്നതിനെക്കാൾ അവർ തീർച്ചയായും ജീവനിലേക്കു വരും എന്നു വിശ്വസിക്കാനുള്ള അടിസ്ഥാനം പ്രദാനം ചെയ്യുന്നു. മറ്റുവാക്കുകളിൽ പറഞ്ഞാൽ, ഇവ നമുക്ക് യഥാർഥ പ്രത്യാശ പകർന്നുതരുന്നു.
യേശു ഇപ്രകാരം പറഞ്ഞു: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു.” (യോഹന്നാൻ 11:25) ഗോളമെമ്പാടുമുള്ള ആളുകളെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ യഹോവ നിയോഗിക്കുന്നത് യേശുക്രിസ്തുവിനെയാണ്. യേശു ഇങ്ങനെ പറഞ്ഞു: “കല്ലറകളിൽ [“സ്മാരക കല്ലറകളിൽ,” NW] ഉള്ളവർ എല്ലാവരും അവന്റെ [ക്രിസ്തുവിന്റെ] ശബ്ദം കേട്ടു, . . . പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:28, 29) തീർച്ചയായും, ശവക്കുഴികളിൽ നിദ്രയിലായിരിക്കുന്ന എല്ലാവർക്കും ഒരു പറുദീസ ഭൂമിയിലേക്ക് പുനരുത്ഥാനം ചെയ്യാനുള്ള പ്രത്യാശയുണ്ട്.
പുനരുത്ഥാനത്തെ കുറിച്ചുള്ള ഹൃദയസ്പർശിയായ ഒരു ചിത്രം യെശയ്യാ പ്രവാചകൻ വരച്ചുകാട്ടുകയുണ്ടായി: “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ [“മൃതന്മാരെ”, NW] പ്രസവിക്കുമല്ലോ.”—യെശയ്യാവു 26:19.
ഇത് സാന്ത്വനം പകരുന്നില്ലേ? മരിച്ചുപോയവർ സങ്കൽപ്പിക്കാവുന്നതിൽ വെച്ച് ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ്, അമ്മയുടെ ഉദരത്തിൽ സുരക്ഷിതനായിരിക്കുന്ന കുഞ്ഞിനെപ്പോലെ. അതേ, ശവകുടീരങ്ങളിൽ നിദ്രകൊള്ളുന്നവർ സർവശക്തനായ ദൈവത്തിന്റെ അപരിമേയമായ ഓർമയിൽ സുരക്ഷിതരാണ് എന്നതിൽ സംശയമില്ല. (ലൂക്കൊസ് 20:37, 38) വളരെപ്പെട്ടെന്ന് അവൻ അവരെ ജീവനിലേക്ക് കൊണ്ടുവരും. സ്നേഹംകൊണ്ടു മൂടാൻ കാത്തിരിക്കുന്ന ഒരു കുടുംബാന്തരീക്ഷത്തിലേക്ക് ഒരു ശിശു പിറക്കുന്നതുപോലെ സന്തോഷഭരിതവും അവരെ എതിരേൽക്കാൻ കാത്തിരിക്കുകയും ചെയ്യുന്ന ഒരു ലോകത്തിലേക്ക് അവർ ജീവനോടെ തിരിച്ചുവരും! അതുകൊണ്ട്, മരണത്തിന്റെ മുന്നിലും നമുക്കു പ്രത്യാശയുണ്ട്.
പ്രത്യാശയ്ക്ക് നിങ്ങൾക്കുവേണ്ടി ചെയ്യാൻ കഴിയുന്നത്
പ്രത്യാശയുടെ മൂല്യത്തെ കുറിച്ച് പൗലൊസ് നമ്മെ ഏറെ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. ആത്മീയ പടച്ചട്ടയിലെ ഒരു സുപ്രധാന ഭാഗമായ ശിരസ്ത്രമെന്ന നിലയിൽ പ്രത്യാശയെ കുറിച്ച് അവൻ സംസാരിക്കുകയുണ്ടായി. (1 തെസ്സലൊനീക്യർ 5:8) അവൻ എന്താണ് അർഥമാക്കിയത്? ബൈബിൾ കാലങ്ങളിൽ യുദ്ധത്തിൽ ഏർപ്പെടുന്ന പടയാളി, രോമമോ തോലോ ഉപയോഗിച്ച് ഉണ്ടാക്കിയ തൊപ്പിക്കു മീതെ ലോഹംകൊണ്ടുള്ള ശിരസ്ത്രം ധരിക്കുമായിരുന്നു. പടയാളിയുടെ തലയ്ക്കു നേരെ വരുന്ന ആക്രമണങ്ങൾ, മാരകമായ ക്ഷതം ഏൽപ്പിക്കാതെ പാളിപ്പോകാൻ ശിരസ്ത്രം ഇടയാക്കുമായിരുന്നു. പൗലൊസ് പറയാൻ ഉദ്ദേശിച്ച ആശയം എന്തായിരുന്നു? ശിരസ്ത്രം തലയെ സംരക്ഷിക്കുന്ന അതേവിധത്തിൽ പ്രത്യാശ മനസ്സിനെ, ചിന്താപ്രാപ്തികളെ, സംരക്ഷിക്കുന്നു. നിങ്ങൾക്ക് ദൈവോദ്ദേശ്യങ്ങൾക്കു ചേർച്ചയിലുള്ള ഉറച്ച പ്രത്യാശ ഉണ്ടെങ്കിൽ കഷ്ടതകളുടെ മുന്നിൽ പരിഭ്രാന്തരോ ഹതാശരോ ആയിത്തീർന്ന് നിങ്ങളുടെ മനസ്സമാധാനം തകരുകയില്ല. നമ്മിലാർക്കാണ് അത്തരമൊരു ശിരസ്ത്രം ആവശ്യമില്ലാത്തത്?
ദൈവേഷ്ടത്തിനു ചേർച്ചയിലുള്ള പ്രത്യാശയെ വിവരിക്കാൻ പൗലൊസ് മനസ്സിൽ പതിയുന്ന മറ്റൊരു ദൃഷ്ടാന്തം ഉപയോഗിക്കുകയുണ്ടായി. അവൻ ഇപ്രകാരം എഴുതി: ‘ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും ആകുന്നു.’ (എബ്രായർ 6:19) ഒന്നിലേറെ തവണ കപ്പൽച്ചേതത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പൗലൊസിന് ഒരു നങ്കൂരത്തിന്റെ മൂല്യം വളരെ നന്നായി അറിയാമായിരുന്നു. കൊടുങ്കാറ്റ് ഉണ്ടാകുമ്പോൾ നാവികർ കപ്പലിന്റെ നങ്കൂരം വെള്ളത്തിലേക്കിടും. നങ്കൂരം കടൽത്തട്ടിൽ ചെന്ന് ഉറച്ചാൽ കപ്പലിനെ കൊടുങ്കാറ്റ് തീരത്തേക്ക് ഒഴുക്കിക്കൊണ്ടുപോയി അതു പാറക്കെട്ടിൽ ഇടിച്ചു തകരുന്നത് ഒഴിവാക്കാൻ കഴിയുമായിരുന്നു.
അതുപോലെതന്നെ, ദൈവത്തിന്റെ വാഗ്ദാനങ്ങൾ നമുക്ക് “നിശ്ചയവും സ്ഥിരവും” ആയ പ്രത്യാശ ആണെങ്കിൽ, പ്രക്ഷുബ്ധമായ ഈ നാളുകളെ വിജയപൂർവം നേരിടാൻ ആ പ്രത്യാശ നമ്മെ സഹായിക്കും. മാനവരാശിയെ ഗ്രസിച്ചിരിക്കുന്ന യുദ്ധം, കുറ്റകൃത്യം, ദുഃഖം, എന്തിന് മരണംപോലും ഇല്ലാത്ത ഒരു കാലം സമീപിച്ചിരിക്കുകയാണെന്ന് യഹോവ ഉറപ്പു നൽകുന്നു. (10-ാം പേജിലെ ചതുരം കാണുക.) ഈ പ്രത്യാശ മുറുകെപ്പിടിക്കുന്നത് അപകടങ്ങളുടെ പാതയിൽനിന്ന് അകന്നുമാറാൻ നമ്മെ സഹായിക്കും. അതുപോലെ ഈ പ്രത്യാശ, ഇന്നത്തെ ലോകത്തിൽ പ്രബലമായ കുത്തഴിഞ്ഞ അധാർമിക ചിന്താഗതിക്ക് വശംവദരാകാതെ ദൈവിക നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ആവശ്യമായ പ്രചോദനം നമുക്കു നൽകുകയും ചെയ്യുന്നു.
വ്യക്തിപരമായും നിങ്ങൾ യഹോവ നൽകുന്ന പ്രത്യാശയിൽ ഉൾപ്പെട്ടിരിക്കുന്നു. അവൻ ഉദ്ദേശിച്ചതുപോലുള്ള ഒരു ജീവിതം നിങ്ങൾ ആസ്വദിക്കാൻ അവൻ ആഗ്രഹിക്കുന്നു. ‘സകലമനുഷ്യരും രക്ഷപ്രാപിപ്പാൻ’ അവൻ അതിയായി വാഞ്ഛിക്കുന്നു. രക്ഷപ്രാപിക്കാൻ എങ്ങനെ കഴിയും? ആദ്യംതന്നെ, ഓരോ വ്യക്തിയും “സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തേണ്ടതുണ്ട്.’ (1 തിമൊഥെയൊസ് 2:4) ദൈവവചനത്തിലെ സത്യത്തെ കുറിച്ചുള്ള ജീവദായകമായ പരിജ്ഞാനം കൈക്കൊള്ളാൻ ഈ ലേഖനത്തിന്റെ പ്രസാധകർ നിങ്ങളോട് അഭ്യർഥിക്കുകയാണ്. അതിലൂടെ ദൈവം നിങ്ങൾക്കു നൽകുന്ന പ്രത്യാശ, ഈ ലോകത്തിൽ നിങ്ങൾക്കു കണ്ടെത്താൻ കഴിയുന്ന ഏതുതരം പ്രത്യാശയെക്കാളും വളരെയേറെ ഉദാത്തമായിരിക്കും.
അത്തരം പ്രത്യാശയുണ്ടെങ്കിൽ നിങ്ങൾക്ക് ഒരിക്കലും നിസ്സഹായത അനുഭവപ്പെടില്ല. കാരണം ദൈവേഷ്ടത്തോടുള്ള ചേർച്ചയിൽ നിങ്ങൾക്ക് ഉണ്ടായിരുന്നേക്കാവുന്ന ഏതു ലക്ഷ്യങ്ങളും നിവർത്തിക്കാനുള്ള ശക്തി നൽകാൻ ദൈവത്തിനു കഴിയും. (2 കൊരിന്ത്യർ 4:7; ഫിലിപ്പിയർ 4:13) വാസ്തവത്തിൽ ഇത്തരത്തിലുള്ള പ്രത്യാശയല്ലേ നിങ്ങൾക്കു വേണ്ടത്? അതുകൊണ്ട്, നിങ്ങൾക്ക് പ്രത്യാശയുടെ ആവശ്യമുണ്ടെങ്കിൽ, നിങ്ങൾ അതിനായി തിരഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ ധൈര്യപ്പെടുക. അത് കൈയെത്തും ദൂരത്താണ്. നിങ്ങൾക്ക് അതു കണ്ടെത്താൻ കഴിയും! (g04 4/22)
[10-ാം പേജിലെ ചതുരം/ചിത്രം]
പ്രത്യാശയ്ക്കുള്ള കാരണങ്ങൾ
നിങ്ങളുടെ പ്രത്യാശ ദൃഢമാക്കാൻ ഈ തിരുവെഴുത്തു വിവരങ്ങൾ നിങ്ങളെ സഹായിക്കും:
◼ ദൈവം ഒരു സന്തുഷ്ടഭാവി വാഗ്ദാനം ചെയ്യുന്നു.
ഭൂമി ഒരു ആഗോള പറുദീസ ആയിത്തീരുമെന്നും സന്തുഷ്ടരും ഏകീകൃതരുമായ ഒരു മാനവ കുടുംബം അവിടെ അധിവസിക്കുമെന്നും അവന്റെ വചനം പറയുന്നു.—സങ്കീർത്തനം 37:11, 29; യെശയ്യാവു 25:8; വെളിപ്പാടു 21:3-5.
◼ ദൈവത്തിന് ഭോഷ്കു പറയാൻ കഴിയില്ല.
ഏതുതരത്തിലുമുള്ള നുണയെ അവൻ വെറുക്കുന്നു. യഹോവ അത്യന്തം വിശുദ്ധനും സകലവിധ മലിനതകളിൽനിന്നും വിമുക്തനുമാണ്. അതിനാൽ ഭോഷ്കു പറയാൻ അവനു കഴിയില്ല.—സദൃശവാക്യങ്ങൾ 6:16-19; യെശയ്യാവു 6:2, 3; തീത്തൊസ് 1:2; എബ്രായർ 6:18.
◼ ദൈവത്തിന് അപരിമേയമായ ശക്തിയുണ്ട്.
യഹോവ മാത്രമാണ് സർവശക്തൻ. വാഗ്ദാനങ്ങൾ നിവർത്തിക്കുന്നതിൽനിന്ന് അവനെ തടയാൻ പ്രപഞ്ചത്തിലുള്ള യാതൊന്നിനും കഴിയില്ല.—പുറപ്പാടു 15:11; യെശയ്യാവു 40:25, 26.
◼ നിങ്ങൾ എന്നേക്കും ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു.
—യോഹന്നാൻ 3:16; 1 തിമൊഥെയൊസ് 2:3, 4.
◼ ദൈവം നമ്മെ പ്രത്യാശയോടെ നോക്കുന്നു.
അവൻ നമ്മുടെ കുറ്റങ്ങളിലും കുറവുകളിലും അല്ല നമ്മുടെ സൽഗുണങ്ങളിലും ശ്രമങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. (സങ്കീർത്തനം 103:12-14; 130:3; എബ്രായർ 6:10) നാം ശരി ചെയ്യുമെന്ന് അവൻ പ്രത്യാശിക്കുകയും നാം അതു ചെയ്യുമ്പോൾ അതിൽ പ്രസാദിക്കുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 27:11.
◼ ദൈവിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സഹായിക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു.
അവന്റെ ദാസന്മാർക്ക് ഒരിക്കലും നിസ്സഹായത തോന്നേണ്ടതില്ല. നമ്മെ സഹായിക്കാൻ, ഏറ്റവും വലിയ ശക്തിയായ തന്റെ പരിശുദ്ധാത്മാവിനെ ദൈവം ഉദാരമായി നൽകുന്നു.—ഫിലിപ്പിയർ 4:13.
◼ ദൈവത്തിൽ അർപ്പിക്കുന്ന പ്രത്യാശ ഒരിക്കലും അസ്ഥാനത്താകുകയില്ല.
അവൻ പൂർണമായും ആശ്രയയോഗ്യനും വിശ്വസ്തനും ആയതിനാൽ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. —സങ്കീർത്തനം 25:3.
[12-ാം പേജിലെ ചിത്രം]
ശിരസ്ത്രം തലയെ സംരക്ഷിക്കുന്നതുപോലെ പ്രത്യാശ മനസ്സിനെ സംരക്ഷിക്കുന്നു
[12-ാം പേജിലെ ചിത്രം]
ഒരു നങ്കൂരംപോലെ, ഉറച്ച അടിസ്ഥാനമുള്ള പ്രത്യാശയ്ക്ക് സ്ഥിരത പ്രദാനം ചെയ്യാൻ കഴിയും
[കടപ്പാട്]
Courtesy René Seindal/Su concessione del Museo Archeologico Regionale A. Salinas di Palermo