‘മററുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്ക’
ഒരു കൊടുങ്കാററിനെ ചെറുത്തശേഷം തല കുമ്പിട്ടെന്നപോലെ നിൽക്കുന്ന ഒരു പുഷ്പത്തെ നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ? ഒരർഥത്തിൽ കരളലിയിക്കുന്ന കാഴ്ചയാണത്. പേമാരി ഏതായാലും അസംഖ്യം മൃഗങ്ങളെയും മനുഷ്യരെയും—ഏതു തരം പുഷ്പത്തെക്കാളും ബലമുള്ള സൃഷ്ടികളാണല്ലോ അവ—അഭയസ്ഥാനങ്ങളിലേക്ക് ഓടിച്ചിരിക്കുമല്ലോ. എന്നാൽ ആ പുഷ്പം കലിതുള്ളുന്ന കാലാവസ്ഥയിലും അവിടെത്തന്നെ ചുവടുറപ്പിച്ചുനിന്നു. ഊനംതട്ടാതെ, തല കുമ്പിട്ടെങ്കിലും യാതൊരു കേടും സംഭവിക്കാതെ, അതിന്റെ മൃദുലമായ ആകാരത്തിനു തക്കതല്ലാത്ത ഊററത്തോടെ അത് ഇവിടെയതാ അങ്ങനെ നിൽക്കുന്നു. ശക്തി വീണ്ടെടുത്ത് അത് അതിന്റെ ചേതോഹരമായ ശിരസ്സ് ആകാശത്തേക്ക് ഒരിക്കൽക്കൂടി ഉയർത്തുമോ എന്ന് അതിന്റെ ഭംഗിയാസ്വദിച്ചുകൊണ്ട് നിങ്ങൾ ചിന്തിച്ചുപോയേക്കാം.
ഏതാണ്ട് ഇതുപോലൊക്കെത്തന്നെയാണ് ആളുകളുടെ കാര്യവും. പ്രയാസകരമായ ഈ കാലങ്ങളിൽ നാം എല്ലാത്തരം കൊടുങ്കാററുകളെയും അഭിമുഖീകരിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ, വിഷാദം, ക്ഷയിക്കുന്ന ആരോഗ്യം, പ്രിയപ്പെട്ട ഒരാളുടെ മരണം—ഇത്തരം കൊടുങ്കാററുകൾ ഒരിക്കൽ അല്ലെങ്കിൽ മറെറാരിക്കൽ നമ്മിലോരോരുത്തരുടെമേലും ആഞ്ഞടിക്കുന്നു. സ്വയം ഞെട്ടററ് ഓടിയൊളിക്കാൻ പുഷ്പത്തിനു കഴിയാത്തതുപോലെ നമുക്കും ചിലപ്പോഴൊക്കെ അവയെ ഒഴിവാക്കാൻ കഴിഞ്ഞെന്നു വരില്ല. വളരെ ദുർബലരെന്നു തോന്നിക്കുന്ന വ്യക്തികൾ അതിശയകരമായ ശക്തികാട്ടി അത്തരം അതിക്രമങ്ങളെ സഹിച്ചുനിൽക്കുന്നതു കാണുമ്പോൾ അതു നമ്മുടെ ഹൃദയത്തെ തൊട്ടുണർത്തുകതന്നെ ചെയ്യും. അവർക്ക് എങ്ങനെയാണ് അതിനു സാധിക്കുന്നത്? മിക്കപ്പോഴും അതിന്റെ താക്കോൽ വിശ്വാസമാണ്. യേശുക്രിസ്തുവിന്റെ സഹോദരനായ യാക്കോബ് എഴുതി: “അത്തരം പരിശോധനകളെ നേരിടുന്നതിൽ നിങ്ങളുടെ വിശ്വാസം വിജയിക്കുമ്പോൾ അത് സഹനശക്തിയെ അർഥമാക്കുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.”—യാക്കോബ് 1:3, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
മറെറാരു താക്കോൽ പ്രത്യാശയാണ്. ഉദാഹരണത്തിന്, പ്രിയപ്പെട്ട ഒരാളെ മരണം അപഹരിക്കുമ്പോൾ അതിജീവിക്കുന്നവരിൽ ഗണ്യമായ വ്യത്യാസം ഉളവാക്കാൻ പ്രത്യാശക്കു കഴിയും. അപ്പോസ്തലനായ പൗലോസ് തെസലോനിക്യയിലുള്ള ക്രിസ്ത്യാനികൾക്ക് എഴുതി: “നിങ്ങൾ പ്രത്യാശയില്ലാത്ത മററുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.” (1 തെസ്സലൊനീക്യർ 4:13) മരണം മൂലം ക്രിസ്ത്യാനികൾ ദുഃഖിക്കുന്നുവെങ്കിലും അതിനൊരു വ്യത്യാസമുണ്ട്. അവർക്ക് മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച് സൂക്ഷ്മമായ അറിവുണ്ട്. കൂടാതെ അവർക്കു പുനരുത്ഥാന പ്രത്യാശയുമുണ്ട്.—യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15.
ഈ അറിവ് അവർക്കു പ്രത്യാശ പകരുന്നു. തത്ഫലമായി ആ പ്രത്യാശ അവരുടെ ദുഃഖത്തെ ലഘൂകരിക്കുന്നു. ഇത് സഹിക്കുന്നതിന് അവർക്കു സഹായമേകുന്നു. അത് അതിലും കൂടുതൽ ചെയ്യുന്നു. കൊടുങ്കാററിനെ ചെറുത്ത പുഷ്പത്തെപ്പോലെ അവർ തങ്ങളുടെ ദുഃഖത്തിൽനിന്നെണീററ് ജീവിതത്തിൽ വീണ്ടുമൊരിക്കൽക്കൂടി സന്തോഷവും തികവും അനുഭവിക്കുന്നു.