യഹോവയുടെ ദിവസം എന്തു വെളിപ്പെടുത്തും?
“യഹോവയുടെ ദിവസമോ കള്ളനെപ്പോലെ വരും. . . . ഭൂമിയും അതിലെ പണികളും അനാവൃതമാക്കപ്പെടുകയും ചെയ്യും.”—2 പത്രോ. 3:10.
1, 2. (എ) ഇന്നത്തെ ദുഷ്ടവ്യവസ്ഥിതിയുടെ നാശം എങ്ങനെ സംഭവിക്കും? (ബി) ഏതെല്ലാം ചോദ്യങ്ങൾ നാം ചർച്ചചെയ്യും?
യഹോവയെ കൂടാതെ മനുഷ്യർക്ക് വിജയകരമായി ഭരിക്കാനാകും എന്ന ഒരു വലിയ നുണയെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ഈ ദുഷ്ടലോകത്തെ പണിതുയർത്തിയിരിക്കുന്നത്. (സങ്കീ. 2:2, 3) നുണയിൽ അധിഷ്ഠിതമായ എന്തെങ്കിലും ശാശ്വതമാണോ? ഒരിക്കലുമല്ല! അങ്ങനെയെങ്കിൽ, സാത്താന്റെ ഈ ലോകം തനിയെ തകർന്നു വീഴുന്നതു കാണാൻ നാം കാത്തിരിക്കേണ്ടതുണ്ടോ? ഇല്ല. ദൈവം അതിനെ തക്കസമയത്ത് തന്റേതായ വിധത്തിൽ നശിപ്പിക്കും. ഇന്നത്തെ ദുഷ്ടവ്യവസ്ഥിതിക്ക് എതിരെയുള്ള ദൈവത്തിന്റെ ആ നടപടി അവന്റെ നീതിയുടെയും സ്നേഹത്തിന്റെയും തികവാർന്ന പ്രകടനമായിരിക്കും.—സങ്കീ. 92:7; സദൃ. 2:21, 22.
2 അപ്പൊസ്തലനായ പത്രോസ് എഴുതി: “യഹോവയുടെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന് ആകാശം കൊടുംമുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർഥങ്ങൾ വെന്തഴിയും; ഭൂമിയും അതിലെ പണികളും അനാവൃതമാക്കപ്പെടുകയും ചെയ്യും.” (2 പത്രോ. 3:10) ഇവിടെ പരാമർശിച്ചിരിക്കുന്ന ‘ആകാശവും’ “ഭൂമിയും” എന്തിനെ കുറിക്കുന്നു? വെന്തഴിയുന്ന “മൂലപദാർഥങ്ങൾ” എന്താണ്? “ഭൂമിയും അതിലെ പണികളും അനാവൃത”മാക്കപ്പെടും എന്നതുകൊണ്ട് പത്രോസ് എന്താണ് ഉദ്ദേശിച്ചത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയുന്നത്, സമീപഭാവിയിൽ അരങ്ങേറാനിരിക്കുന്ന ഭയാനകമായ സംഭവങ്ങൾ നേരിടാൻ നമ്മെ സജ്ജരാക്കും.
ഒഴിഞ്ഞുപോകുന്ന ആകാശവും ഭൂമിയും
3. എന്താണ് 2 പത്രോസ് 3:10-ൽ പറയുന്ന “ആകാശം,” അത് എപ്രകാരം ഒഴിഞ്ഞുപോകും?
3 പ്രജകളോടുള്ള താരതമ്യത്തിൽ ഭരണാധികാരികൾ ഉന്നതസ്ഥാനീയരായതിനാൽ ബൈബിൾ മിക്കപ്പോഴും “ആകാശം” എന്ന് ആലങ്കാരികമായി വിളിക്കുന്നത് ഭരണാധികാരങ്ങളെയാണ്. (യെശ. 14:12-14) ‘ഒഴിഞ്ഞുപോകുന്ന ആകാശം,’ ഇന്നത്തെ ഭക്തികെട്ട സമൂഹത്തിന്മേലുള്ള മനുഷ്യഭരണത്തെ അർഥമാക്കുന്നു. അത് “കൊടുംമുഴക്കത്തോടെ” ഒഴിഞ്ഞുപോകുന്നത് അതിന്റെ അതിശീഘ്രമായ നാശത്തെയായിരിക്കാം സൂചിപ്പിക്കുന്നത്.
4. എന്താണ് “ഭൂമി,” അത് എങ്ങനെ നശിപ്പിക്കപ്പെടും?
4 ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യവർഗലോകത്തെയാണ് “ഭൂമി” ചിത്രീകരിക്കുന്നത്. നോഹയുടെ നാളിൽ അത്തരമൊരു ലോകം ഉണ്ടായിരുന്നു. ദിവ്യന്യായവിധിയുടെ ഫലമായി, ജലപ്രളയത്തോടെ അത് അവസാനിച്ചു. “ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു; ന്യായവിധിയുടെയും ഭക്തികെട്ട മനുഷ്യരുടെ നാശത്തിന്റെയും ദിവസത്തിലേക്കുതന്നെ.” (2 പത്രോ. 3:7) ജലപ്രളയം അന്നുണ്ടായിരുന്ന ഭക്തികെട്ട മനുഷ്യരെയെല്ലാം ഒറ്റയടിക്ക് നശിപ്പിക്കുകയായിരുന്നു; എന്നാൽ ഇന്നത്തെ ലോകം ഘട്ടംഘട്ടമായിട്ടായിരിക്കും “മഹാകഷ്ട”ത്തിൽ അവസാനിക്കുക. (വെളി. 7:14) മഹാകഷ്ടത്തിന്റെ ആദ്യഘട്ടത്തിൽ, “മഹതിയാം ബാബിലോൺ” എന്ന മതവേശ്യയോടുള്ള തന്റെ വെറുപ്പിന്റെ പ്രതീകമെന്ന നിലയിൽ, അവളെ നശിപ്പിക്കാൻ യഹോവ രാഷ്ട്രീയ നേതാക്കളെ പ്രചോദിപ്പിക്കും. (വെളി. 17:5, 16; 18:8) മഹാകഷ്ടത്തിന്റെ അന്തിമഘട്ടമായ അർമ്മഗെദ്ദോനിൽ സാത്താന്യലോകത്തിന്റെ ശേഷിച്ച ഭാഗത്തെ യഹോവതന്നെ തുടച്ചുനീക്കും.—വെളി. 16:14, 16; 19:19-21.
“മൂലപദാർഥങ്ങൾ വെന്തഴിയും”
5. ‘മൂലപദാർഥങ്ങളിൽ’ എന്ത് ഉൾപ്പെടുന്നു?
5 ‘വെന്തഴിയുന്ന’ “മൂലപദാർഥങ്ങൾ” എന്താണ്? ഈ ലോകത്തിന്റെ ഭക്തികെട്ട സ്വഭാവവിശേഷങ്ങൾ, മനോഭാവങ്ങൾ, വഴികൾ, ലക്ഷ്യങ്ങൾ എന്നിവയ്ക്കൊക്കെ രൂപം നൽകുന്നത് എന്താണോ അവയെയാണ് പത്രോസ് “മൂലപദാർഥങ്ങൾ” എന്നതുകൊണ്ട് അർഥമാക്കിയത്. “അനുസരണക്കേടിന്റെ മക്കളിൽ . . . വ്യാപരിക്കുന്ന” ‘ലോകത്തിന്റെ ആത്മാവ്’ ഈ ‘മൂലപദാർഥങ്ങളിൽ’ ഉൾപ്പെടും. (1 കൊരി. 2:12; എഫെസ്യർ 2:1-3 വായിക്കുക.) ഈ ആത്മാവ് അഥവാ “വായു” സാത്താന്റെ ലോകത്തിലെങ്ങും വ്യാപിച്ചിരിക്കുന്നു. അഹങ്കാരിയും ധാർഷ്ട്യക്കാരനുമായ അവനാണ് ഈ ‘വായുവിന്റെ അധികാരത്തിന് അധിപതി.’ അവന്റെ ചിന്താരീതി പകർത്താനാണ് ‘ലോകത്തിന്റെ ആത്മാവ്’ ആളുകളെ പ്രചോദിപ്പിക്കുന്നത്. അങ്ങനെ അവർ അവനെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും സംസാരിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു.
6. ലോകത്തിന്റെ ആത്മാവ് പ്രകടമാകുന്നത് എങ്ങനെ?
6 ലോകത്തിന്റെ ആത്മാവിനാൽ ബാധിക്കപ്പെടുന്നവർ അറിഞ്ഞോ അറിയാതെയോ തങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും സ്വാധീനിക്കാൻ സാത്താനെ അനുവദിക്കുകയാണ്. ഫലമോ? അവന്റെ ചിന്താരീതികളും മനോഭാവവും അവർ പ്രതിഫലിപ്പിക്കാനിടയാകുന്നു. ദൈവേഷ്ടത്തിന് ഒരു വിലയും കൽപ്പിക്കാതെ സ്വന്തം ഇഷ്ടങ്ങൾക്കു ചേർച്ചയിലായിരിക്കും അവർ പ്രവർത്തിക്കുക. ഓരോ സാഹചര്യങ്ങളോടും അവർ പ്രതികരിക്കുന്ന വിധത്തിൽ അഹങ്കാരവും സ്വാർഥതയും നിഴലിക്കും, അധികാരത്തിനുനേരെ മത്സരിക്കാനുള്ള ചായ്വായിരിക്കും അവർക്കുണ്ടായിരിക്കുക, ‘ജഡമോഹത്തിനും കണ്മോഹത്തിനും’ ഒരു മടിയും കൂടാതെ അവർ വഴങ്ങിക്കൊടുക്കും.—1 യോഹന്നാൻ 2:15-17 വായിക്കുക.a
7. നമ്മുടെ ‘ഹൃദയത്തെ കാത്തുകൊള്ളേണ്ടത്’ എന്തുകൊണ്ട്?
7 സുഹൃത്തുക്കളെ കണ്ടെത്തുന്ന കാര്യത്തിലും അതുപോലെതന്നെ വിനോദങ്ങൾ, വായിക്കുന്ന പ്രസിദ്ധീകരണങ്ങൾ, ഇന്റർനെറ്റിൽ നാം സന്ദർശിക്കുന്ന വെബ്സൈറ്റുകൾ എന്നിവ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ദൈവികജ്ഞാനം പ്രകടമാക്കിക്കൊണ്ട് നമ്മുടെ ‘ഹൃദയത്തെ കാത്തുകൊള്ളുന്നത്’ എത്ര പ്രധാനമാണ്! (സദൃ. 4:23) അപ്പൊസ്തലനായ പൗലോസ് എഴുതി: “സൂക്ഷിക്കുവിൻ! തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതുമായ ആശയഗതികളാലും ആരും നിങ്ങളെ വശീകരിച്ച് കുടുക്കിലാക്കരുത്. അവയ്ക്ക് ആധാരം മാനുഷികപാരമ്പര്യങ്ങളും ലോകത്തിന്റെ ആദിപാഠങ്ങളുമാണ്; ക്രിസ്തുവിന്റെ ഉപദേശങ്ങളല്ല.” (കൊലോ. 2:8) യഹോവയുടെ ദിവസം സമീപിക്കവെ ഈ നിർദേശത്തിനു ചെവികൊടുക്കുന്നത് അതിപ്രധാനമാണ്; കാരണം, സാത്താന്റെ വ്യവസ്ഥിതിയുടെ “മൂലപദാർഥങ്ങൾ” എല്ലാം ആ ദിവസത്തിലെ അതിശക്തമായ ‘ചൂടിൽ’ “വെന്തഴിയും.” തീയെ ചെറുക്കാൻ ശേഷിയില്ലാത്തവയാണ് ആ “മൂലപദാർഥങ്ങൾ” എന്ന കാര്യം അന്ന് വ്യക്തമാകും. ഇത് മലാഖി 4:1-ലെ വാക്കുകൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു: “ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകലദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും.”
‘ഭൂമിയും അതിലെ പണികളും അനാവൃതമാക്കപ്പെടും’
8. ഭൂമിയും അതിലെ പണികളും ‘അനാവൃതമാക്കപ്പെടുന്നത്’ എങ്ങനെ?
8 ‘ഭൂമിയും അതിലെ പണികളും അനാവൃതമാക്കപ്പെടും’ എന്നു പറഞ്ഞപ്പോൾ പത്രോസ് എന്താണ് അർഥമാക്കിയത്? മഹാകഷ്ടത്തിന്റെ സമയത്ത് യഹോവ സാത്താന്റെ ലോകത്തെ ‘അനാവൃതമാക്കും,’ അതായത് അത് തനിക്കും തന്റെ രാജ്യത്തിനും എതിരാണെന്നും അതുകൊണ്ടുതന്നെ നാശം അർഹിക്കുന്നെന്നും അവൻ തുറന്നുകാട്ടും. യെശയ്യാവു 26:21 ആ സമയത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദർശിപ്പാൻ തന്റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താൻ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല.”
9. (എ) നാം എന്തു വർജിക്കണം, എന്തുകൊണ്ട്? (ബി) നാം എന്തു വളർത്തിയെടുക്കണം, എന്തുകൊണ്ട്?
9 ഈ ലോകത്താലും അതിന്റെ ദുഷിച്ച ആത്മാവിനാലും സ്വാധീനിക്കപ്പെട്ടിരിക്കുന്നവർ യഹോവയുടെ ദിവസത്തിൽ അവരുടെ തനിസ്വഭാവം കാണിക്കും, പരസ്പരം കൊന്നൊടുക്കിക്കൊണ്ടുപോലും. ഇന്ന് പ്രചുരപ്രചാരം നേടിയിരിക്കുന്ന അക്രമാസക്തമായ വിനോദപരിപാടികൾ, “ഒരുവന്റെ കൈ മറ്റവന്റെ നേരെ” പൊങ്ങുന്ന സമയത്തിനായി ആളുകളുടെ മനസ്സിനെ പാകപ്പെടുത്തുകയല്ലേ ചെയ്യുന്നത്? (സെഖ. 14:13) ആ സ്ഥിതിക്ക്, അഹങ്കാരവും ‘അക്രമത്തോടുള്ള’ പ്രിയവും പോലെ ദൈവം വെറുക്കുന്ന സ്വഭാവവിശേഷങ്ങൾക്കു വളംവെക്കുന്ന എന്തും നാം വർജിക്കേണ്ടത് എത്ര പ്രധാനമാണ്! അത്തരം സിനിമകൾ, പുസ്തകങ്ങൾ, വീഡിയോ ഗെയിമുകൾ തുടങ്ങിയവയെല്ലാം നാം ഒഴിവാക്കണം. (2 ശമൂ. 22:28; സങ്കീ. 11:5, പി.ഒ.സി. ബൈബിൾ) പകരം നമുക്ക് ദൈവാത്മാവിന്റെ ഫലം വളർത്താം; ആ ഗുണങ്ങൾ യഹോവയുടെ കോപദിവസത്തിലെ ‘ചൂടിൽ’ വെന്തഴിയാതിരിക്കാൻ നമ്മെ സഹായിക്കും.—ഗലാ. 5:22, 23.
‘പുതിയ ആകാശവും പുതിയ ഭൂമിയും’
10, 11. എന്താണ് ‘പുതിയ ആകാശം,’ എന്താണ് “പുതിയ ഭൂമി?”
10 2 പത്രോസ് 3:13 വായിക്കുക. ദൈവത്തിന്റെ സ്വർഗീയ രാജ്യമാണ് ‘പുതിയ ആകാശം.’ 1914-ൽ, “വിജാതീയർക്കായി നിശ്ചയിച്ചിട്ടുള്ള കാലം” അവസാനിച്ചപ്പോൾ അതു സ്ഥാപിതമായി. (ലൂക്കോ. 21:24) യേശുക്രിസ്തുവും 1,44,000 സഹഭരണാധികാരികളും ചേർന്ന ഈ രാജകീയ ഗവണ്മെന്റിൽപ്പെട്ട മിക്കവർക്കും ഇതിനോടകം സ്വർഗീയ പ്രതിഫലം ലഭിച്ചുകഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ഈ സഹഭരണാധികാരികളെ, “ഭർത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ സ്വർഗത്തിൽനിന്ന്, ദൈവത്തിങ്കൽനിന്നുതന്നെ ഇറങ്ങിവരുന്ന” “പുതിയ യെരുശലേം എന്ന വിശുദ്ധനഗര”മായി വെളിപാട് പുസ്തകം ചിത്രീകരിക്കുന്നു. (വെളി. 21:1, 2, 22-24) പുരാതന ഇസ്രായേലിന്റെ ഭരണകേന്ദ്രം യെരുശലേം ആയിരുന്നതുപോലെ പുതിയ വ്യവസ്ഥിതിയുടെ ഭരണകൂടം പുതിയ യെരുശലേമും അവളുടെ മണവാളനും ചേർന്നതായിരിക്കും. ഈ സ്വർഗീയ നഗരം ‘സ്വർഗത്തിൽനിന്ന് ഇറങ്ങിവരും,’ അതായത് ഭൂമിയിലേക്കു ശ്രദ്ധതിരിക്കും.
11 ദൈവരാജ്യത്തിനു കീഴ്പെടാൻ മനസ്സുകാണിക്കുന്ന പുതിയ ലോകത്തിലെ മനുഷ്യവർഗസമൂഹത്തെയാണ് “പുതിയ ഭൂമി” അർഥമാക്കുന്നത്. ദൈവജനമായ നാം ഇപ്പോൾത്തന്നെ ഒരു ആത്മീയപറുദീസയിലാണെങ്കിലും വരാനിരിക്കുന്ന ആ ‘ഭാവിലോകത്തിലെ’ മനോഹരമായ ചുറ്റുപാടുകളിൽ അത് ആസ്വദിക്കുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! (എബ്രാ. 2:5) ആ പുതിയ വ്യവസ്ഥിതിയുടെ ഭാഗമായിത്തീരാൻ നാം എന്തു ചെയ്യണം?
യഹോവയുടെ മഹാദിവസത്തിനായി ഒരുങ്ങുക
12. യഹോവയുടെ ദിവസത്തിന്റെ വരവ് ലോകത്തെ ഞെട്ടിക്കുന്നത് എന്തുകൊണ്ട്?
12 യഹോവയുടെ ദിവസം “കള്ളൻ രാത്രിയിൽ വരുന്നതുപോലെ” അപ്രതീക്ഷിതമായി, ആരുമറിയാതെ വരുമെന്ന് പത്രോസും പൗലോസും മുൻകൂട്ടിപ്പറയുകയുണ്ടായി. (1 തെസ്സലോനിക്യർ 5:1, 2 വായിക്കുക.) ആ ദിവസത്തിനായി കാത്തിരിക്കുന്ന സത്യക്രിസ്ത്യാനികൾപോലും അതിന്റെ പൊടുന്നനെയുള്ള വരവിൽ വിസ്മയിച്ചുപോകും. (മത്താ. 24:44) ഈ ലോകവും അമ്പരന്നുപോകും; പക്ഷേ അവിടംകൊണ്ട് അവസാനിക്കില്ല! പൗലോസ് എഴുതി: “‘സമാധാനം, സുരക്ഷിതത്വം’ എന്ന് അവർ (യഹോവയിൽനിന്ന് അകന്നുമാറിയവർ) പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുന്നതുപോലെ നിനയ്ക്കാത്ത നാഴികയിൽ അവർക്കു പെട്ടെന്നു നാശം വന്നുഭവിക്കും; അതിൽനിന്ന് അവർക്ക് ഒഴിഞ്ഞുമാറാനാവില്ല.”—1 തെസ്സ. 5:3.
13. “സമാധാനം, സുരക്ഷിതത്വം” എന്ന ഉദ്ഘോഷത്താൽ വഴിതെറ്റിക്കപ്പെടാതിരിക്കാൻ നാം എന്തു ചെയ്യണം?
13 “സമാധാനം, സുരക്ഷിതത്വം” എന്ന ഉദ്ഘോഷം മറ്റൊരു ഭൂതനിശ്വസ്ത നുണയാണെന്ന് യഹോവയുടെ ദാസന്മാർ തിരിച്ചറിയും; അതുകൊണ്ട് അവർ വഴിതെറ്റിക്കപ്പെടുകയില്ല. ഇതേക്കുറിച്ച് പൗലോസ് എഴുതി: “ആ ദിവസം നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടത്തക്കവിധം കള്ളന്മാരെപ്പോലെ നിങ്ങൾ ഇരുട്ടിലുള്ളവരല്ല. നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെയും പകലിന്റെയും മക്കൾ ആകുന്നുവല്ലോ.” (1 തെസ്സ. 5:4, 5) സാത്താന്റെ ലോകത്തിലെ ഇരുട്ടിൽനിന്ന് അകന്നുമാറി നമുക്ക് വെളിച്ചത്തിൽ നിലകൊള്ളാം. പത്രോസ് എഴുതി: “പ്രിയരേ, നിങ്ങൾ ഇതു മുൻകൂട്ടി അറിഞ്ഞിരിക്കുകയാൽ ഈവകക്കാരായ അധർമികളുടെ (ക്രിസ്തീയ സഭയ്ക്കുള്ളിലെ വ്യാജ ഉപദേഷ്ടാക്കളുടെ) വഞ്ചനയിൽ കുടുങ്ങി അവരുടെ വഴിയിൽ നടന്നു സ്വന്തം സ്ഥിരത വിട്ട് വീണുപോകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.”—2 പത്രോ. 3:17.
14, 15. (എ) യഹോവ നമ്മെ എങ്ങനെയാണ് മാനിക്കുന്നത്? (ബി) ഏതു നിശ്വസ്തമൊഴികൾ നാം ഗൗരവമായി കാണണം?
14 “സൂക്ഷിച്ചുകൊള്ളുവിൻ” എന്നു പറയുക മാത്രമല്ല യഹോവ ചെയ്യുന്നത്. പകരം, അവൻ നമ്മെ മാനിച്ച്, കരുണാപൂർവം കാര്യങ്ങൾ ‘മുൻകൂട്ടി അറിയിക്കുകയും’ അങ്ങനെ, ഭാവിയിൽ സംഭവിക്കാനിരിക്കുന്നവയുടെ ആകമാനരൂപം നൽകുകയും ചെയ്യുന്നു.
15 സങ്കടകരമെന്നു പറയട്ടെ, ഉണർന്നിരിക്കാനുള്ള ഓർമിപ്പിക്കലുകൾ ചിലർ നിസ്സാരമായി എടുക്കുന്നു, ചിലർ അതിൽ സംശയം പ്രകടിപ്പിക്കുകപോലും ചെയ്യുന്നു. ‘ഇത് കേൾക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി’ എന്ന് അവർ പറഞ്ഞേക്കാം. അത്തരം അഭിപ്രായങ്ങൾ പറയുമ്പോൾ തങ്ങൾ ചോദ്യം ചെയ്യുന്നത് കേവലം വിശ്വസ്തനും വിവേകിയുമായ അടിമയെയല്ല, വാസ്തവത്തിൽ യഹോവയെയും അവന്റെ പുത്രനെയുമാണ് എന്ന കാര്യം അവർ മനസ്സിൽപ്പിടിക്കുന്നത് നന്നായിരിക്കും. എന്തെന്നാൽ, “അതിന്നായി കാത്തിരിക്ക” എന്ന് യഹോവതന്നെ പറഞ്ഞിരിക്കുന്നു. (ഹബ. 2:3) “സദാ ജാഗരൂകരായിരിക്കുവിൻ; നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുമെന്നു നിങ്ങൾ അറിയുന്നില്ലല്ലോ” എന്ന് യേശുവും പറയുകയുണ്ടായി. (മത്താ. 24:42) പത്രോസും ഇങ്ങനെ പറഞ്ഞു: “യഹോവയുടെ ദിവസത്തിന്റെ വരവിനായി കാത്തിരുന്നും അതിനെ സദാ മനസ്സിൽക്കണ്ടുംകൊണ്ട് വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം നയിക്കുന്നതിൽ നിങ്ങൾ എത്ര ശുഷ്കാന്തിയുള്ളവർ ആയിരിക്കണം!” (2 പത്രോ. 3:11, 12) വിശ്വസ്തനും വിവേകിയുമായ അടിമയും അതിന്റെ ഭരണസംഘവും ഗൗരവാവഹമായ ഈ വാക്കുകളെ ഒരിക്കലും നിസ്സാരമായി കാണില്ല!
16. ഏതു മനോഭാവം നാം ഒഴിവാക്കണം, എന്തുകൊണ്ട്?
16 വാസ്തവത്തിൽ, യജമാനൻ വരാൻ താമസിക്കുന്നു എന്നു പറയുന്നത് ‘ദുഷ്ടനായിത്തീർന്ന’ അടിമയാണ്. (മത്താ. 24:48) ദുഷ്ടനായിത്തീർന്ന ഈ അടിമ 2 പത്രോസ് 3:3, 4-ൽ പറഞ്ഞിരിക്കുന്ന ആളുകളുടെ കൂട്ടത്തിൽപ്പെടും. “അന്ത്യകാലത്ത്, സ്വന്തം മോഹങ്ങൾ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ വരുമെന്ന്” പത്രോസ് അവിടെ എഴുതി. യഹോവയെ അനുസരിച്ചുകൊണ്ട് അവന്റെ ദിവസത്തെ മനസ്സിൽ അടുപ്പിച്ചുനിറുത്തുന്നവരെയാണ് ഇവർ പരിഹസിക്കുന്നത്. രാജ്യതാത്പര്യങ്ങൾക്കു പകരം ഈ പരിഹാസികൾ സ്വന്തം കാര്യങ്ങളിലും സ്വാർഥമോഹങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. നാം ഒരിക്കലും അനുസരണക്കേടിന്റെ അത്തരം മനോഭാവം വളർത്തിയെടുക്കരുത്, അത് അപകടമാണ്. യഹോവ സ്വന്തം അധികാരത്തിൽ വെച്ചിരിക്കുന്ന സമയങ്ങളെക്കുറിച്ച് അനാവശ്യമായി ഉത്കണ്ഠപ്പെടുന്നതിനു പകരം രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ നമുക്ക് തിരക്കോടെ ഏർപ്പെടാം. അങ്ങനെ “നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ” നമുക്ക് ‘രക്ഷ എന്നു കരുതാം.’—2 പത്രോ. 3:15; പ്രവൃത്തികൾ 1:6, 7 വായിക്കുക.
രക്ഷയുടെ ദൈവത്തിൽ ആശ്രയിക്കുക
17. യെരുശലേം വിട്ട് ഓടിപ്പോകാനുള്ള യേശുവിന്റെ ഉദ്ബോധനത്തോട് വിശ്വസ്ത ക്രിസ്ത്യാനികൾ പ്രതികരിച്ചത് എങ്ങനെ, എന്തുകൊണ്ട്?
17 എ.ഡി. 66-ൽ യെഹൂദ്യക്കുനേരെയുള്ള റോമൻസൈന്യത്തിന്റെ ആക്രമണത്തിനുശേഷം, വിശ്വസ്തരായ ക്രിസ്ത്യാനികൾ ചെയ്തത് എന്താണെന്ന് ഓർക്കുക: ലഭിച്ച അവസരം പാഴാക്കാതെ അവർ യേശു പറഞ്ഞതനുസരിച്ച് യെരുശലേം നഗരം വിട്ട് ഓടിപ്പോയി. (ലൂക്കോ. 21:20-23) മടിച്ചുനിൽക്കാതെ പെട്ടെന്നുതന്നെ ഓടിപ്പോകാൻ അവർക്ക് കഴിഞ്ഞത് എന്തുകൊണ്ടാണ്? യേശു നൽകിയ മുന്നറിയിപ്പ് അവരുടെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു. നഗരം വിട്ട് ഓടിപ്പോകുമ്പോൾ, യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെയുള്ള കഷ്ടപ്പാടുകൾ നേരിടേണ്ടിവരുമെന്ന് അവർക്ക് അറിയാമായിരുന്നെങ്കിലും, തന്റെ വിശ്വസ്തരെ യഹോവ ഒരുനാളും കൈവിടുകയില്ല എന്ന കാര്യത്തിൽ അവർക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല.—സങ്കീ. 55:22.
18. ലൂക്കോസ് 21:25-28-ലെ യേശുവിന്റെ വാക്കുകൾ വരാനിരിക്കുന്ന മഹാകഷ്ടത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു?
18 മനുഷ്യചരിത്രത്തിൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്ത മഹാകഷ്ടത്തിലൂടെ ഈ വ്യവസ്ഥിതി കടന്നുപോകുമ്പോൾ നാമും യഹോവയിൽ പൂർണമായി ആശ്രയിക്കണം; കാരണം, നമ്മെ രക്ഷിക്കാൻ അവനു മാത്രമേ കഴിയൂ. മഹാകഷ്ടം ആരംഭിച്ചശേഷം, എന്നാൽ ഈ ദുഷ്ടലോകത്തിന്റെ ശേഷിച്ച ഭാഗത്തിന്മേൽ യഹോവ ന്യായവിധി നടപ്പാക്കുന്നതിനുമുമ്പ്, “ഭൂലോകത്തിന് എന്തു ഭവിക്കാൻ പോകുന്നു എന്ന ഭീതിയും ആശങ്കയുംനിമിത്തം മനുഷ്യർ ചേതനയറ്റു നിൽക്കും.” ദൈവത്തിന്റെ ശത്രുക്കൾ പേടിച്ച് വിറയ്ക്കുമ്പോഴും യഹോവയുടെ വിശ്വസ്ത ദാസന്മാർ ഭയപ്പെടുകയില്ല; തങ്ങളുടെ വിടുതൽ അടുത്തുവന്നിരിക്കുന്നു എന്ന് അറിയാവുന്നതിനാൽ അവർ സന്തോഷിക്കും.—ലൂക്കോസ് 21:25-28 വായിക്കുക.
19. അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
19 ലോകത്തിൽനിന്നും അതിന്റെ ‘മൂലപദാർഥങ്ങളിൽനിന്നും’ അകന്നിരിക്കുന്നവരെ കാത്തിരിക്കുന്നത് എത്ര മഹത്തായ ഭാവിയാണ്! എന്നാൽ ജീവൻ നേടണമെങ്കിൽ മോശമായ കാര്യങ്ങൾ ഒഴിവാക്കിയാൽ മാത്രം പോരാ; യഹോവയെ പ്രസാദിപ്പിക്കുന്ന ഗുണങ്ങൾ നാം വളർത്തിയെടുക്കുകയും അവനു സ്വീകാര്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വേണം. (2 പത്രോ. 3:11, 12എ) അതേക്കുറിച്ച് ചർച്ചചെയ്യുന്നതാണ് അടുത്ത ലേഖനം.
[അടിക്കുറിപ്പ്]
a ലോകത്തിന്റെ ആത്മാവ് ഊട്ടിവളർത്തുന്ന സ്വഭാവവിശേഷങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തിന്റെ 389-393 പേജുകൾ കാണുക.
വിശദീകരിക്കാമോ?
• പിൻവരുന്നവ എന്തിനെ പ്രതിനിധാനം ചെയ്യുന്നു:
ഇന്നത്തെ ‘ആകാശവും ഭൂമിയും?’
“മൂലപദാർഥങ്ങൾ?”
‘പുതിയ ആകാശവും പുതിയ ഭൂമിയും?’
• നാം ദൈവത്തിൽ പൂർണമായി ആശ്രയിക്കേണ്ടത് എന്തുകൊണ്ട്?
[5-ാം പേജിലെ ചിത്രം]
‘ഹൃദയത്തെ കാത്തുകൊണ്ട്’ ലോകത്തിൽനിന്ന് വേറിട്ടു നിൽക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
[6-ാം പേജിലെ ചിത്രം]
“കർത്താവിന്റെ ദീർഘക്ഷമയെ” നാം ‘രക്ഷയായി കരുതുന്നു’ എന്ന് എങ്ങനെ കാണിക്കാം?