യേശുവിനെ അനുകരിക്കുക: ധൈര്യസമേതം പ്രസംഗിക്കുക
“ദൈവത്തിൽനിന്നുള്ള സുവിശേഷം അറിയിക്കാൻ . . . ഞങ്ങൾ ധൈര്യപ്പെട്ടു.”—1 തെസ്സ. 2:2.
1. ദൈവരാജ്യസുവാർത്ത അത്യാകർഷകമായിരിക്കുന്നത് എന്തുകൊണ്ട്?
സന്തോഷവാർത്തകൾ കേൾക്കുന്നത് ഹൃദയോഷ്മളമായ അനുഭവമല്ലേ! എന്നാൽ കേൾക്കാവുന്നതിലേക്കും ഏറ്റവും നല്ല വാർത്ത ഏതാണ്? സംശയമില്ല, ദൈവരാജ്യത്തിന്റെ സുവാർത്ത. യേശു അറിയിച്ച ഈ സുവാർത്ത, കഷ്ടത, രോഗം, വേദന, ദുഃഖം, മരണം ഇവയിൽനിന്നെല്ലാം വിടുതൽ ലഭിക്കുമെന്ന ഉറപ്പ് മനുഷ്യവർഗത്തിനു നൽകുന്നു. അത് നിത്യജീവനിലേക്കുള്ള വഴി തുറക്കുകയും ദൈവോദ്ദേശ്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു. ദൈവവുമായി ഒരു ഗാഢബന്ധത്തിലേക്കു വരാൻ കഴിയുന്നത് എങ്ങനെയെന്നും അത് നമ്മെ അറിയിക്കുന്നു. ഈ സുവാർത്ത സകലരും ഇരുകയ്യുംനീട്ടി സ്വീകരിക്കുമെന്ന് നിങ്ങൾ സ്വാഭാവികമായും ചിന്തിച്ചേക്കാം. എന്നാൽ അങ്ങനെയല്ല എന്നതാണ് വാസ്തവം.
2. ഞാൻ “ഭിന്നിപ്പിക്കുവാൻ” വന്നു എന്ന യേശുവിന്റെ പ്രസ്താവനയുടെ അർഥമെന്ത്?
2 യേശു ശിഷ്യന്മാരോട് പറഞ്ഞു: “ഞാൻ ഭൂമിയിൽ സമാധാനം വരുത്താൻ വന്നു എന്നു ചിന്തിക്കരുത്. സമാധാനമല്ല, വാളത്രേ വരുത്താൻ ഞാൻ വന്നത്; മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മായിയമ്മയോടും ഭിന്നിപ്പിക്കുവാൻതന്നെ. മനുഷ്യന്റെ വീട്ടുകാർതന്നെ അവന്റെ ശത്രുക്കളാകും.” (മത്താ. 10:34-36) സുവാർത്തയെ മനസ്സോടെ കൈക്കൊള്ളുന്നതിനുപകരം അധികമാളുകളും അതിനെ തിരസ്കരിക്കുന്നു. ചിലരാകട്ടെ സുവാർത്ത ഘോഷിക്കുന്നവരെ ശത്രുതയോടെ കാണുന്നു, അവർ സ്വന്തം കുടുംബാംഗങ്ങളാണെങ്കിൽപ്പോലും.
3. പ്രസംഗനിയോഗം നിറവേറ്റാൻ നമുക്ക് എന്താണ് ആവശ്യമായിരിക്കുന്നത്?
3 യേശു പ്രസംഗിച്ച അതേ സത്യങ്ങളാണ് നാമും പ്രസംഗിക്കുന്നത്. യേശുവിന്റെ കാലത്ത് ആളുകൾ എങ്ങനെ പ്രതികരിച്ചോ അതുപോലെയാണ് ആളുകൾ ഇന്നും പ്രതികരിക്കുന്നത്. നാം അതു പ്രതീക്ഷിക്കുന്നുണ്ട്. കാരണം യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞിരുന്നു: “അടിമ തന്റെ യജമാനനെക്കാൾ വലിയവനല്ലെന്നു ഞാൻ പറഞ്ഞ വാക്ക് ഓർത്തുകൊള്ളുക. അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും.” (യോഹ. 15:20) പല ദേശങ്ങളിലും നമ്മൾ, നേരിട്ടുള്ള ഉപദ്രവത്തിനും ആക്രമണത്തിനും ഇരയാകുന്നില്ലായിരിക്കാം. എന്നിരുന്നാലും ആ ദേശങ്ങളിലും നമുക്ക് പരിഹാസവും നിസംഗതയും നേരിടേണ്ടിവരുന്നുണ്ട്, അതൊരു യാഥാർഥ്യമാണ്. അതുകൊണ്ട് സുവാർത്താപ്രസംഗവേല നിർഭയം തുടരാൻ നമുക്ക് വിശ്വാസവും ധൈര്യവും കൂടിയേതീരൂ.—2 പത്രോസ് 1:5-8 വായിക്കുക.
4. പ്രസംഗിക്കാൻ പൗലോസിന് ‘ധൈര്യം’ സംഭരിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്?
4 ചിലപ്പോഴൊക്കെ ശുശ്രൂഷയിൽ ഏർപ്പെടുന്നതിന് നിങ്ങൾക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം, ഇനി അതല്ലെങ്കിൽ ശുശ്രൂഷയുടെ ചില വശങ്ങളിൽ പങ്കെടുക്കാൻ നിങ്ങൾക്ക് പേടി തോന്നിയേക്കാം. എന്നാൽ ഇങ്ങനെയൊന്നു ചിന്തിക്കൂ, വിശ്വസ്തരായിരുന്ന പലരും ഇങ്ങനെയൊക്കെയുള്ള അനുഭവങ്ങളിലൂടെ കടന്നു പോയിട്ടില്ലേ? പൗലോസിന്റെ കാര്യംതന്നെയെടുക്കാം. സത്യത്തെക്കുറിച്ച് അവഗാഹമുള്ള, ധൈര്യശാലിയായ ഒരു സുവിശേഷകനായിരുന്നിട്ടുപോലും ചിലപ്പോഴൊക്കെ പ്രസംഗപ്രവർത്തനം അവനു ദുഷ്കരമായിരുന്നു. തെസ്സലോനിക്യയിലെ ക്രിസ്ത്യാനികൾക്ക് അവൻ എഴുതി: “നിങ്ങൾക്കറിവുള്ളതുപോലെ, മുമ്പു ഞങ്ങൾ ഫിലിപ്പിയിൽവെച്ച് കഷ്ടവും അപമാനവും സഹിച്ചെങ്കിലും, നിങ്ങളോട് നമ്മുടെ ദൈവത്തിൽനിന്നുള്ള സുവിശേഷം അറിയിക്കാൻ വലിയ എതിർപ്പുകൾക്കു മധ്യേയും അവന്റെ സഹായത്താൽ ഞങ്ങൾ ധൈര്യപ്പെട്ടു.” (1 തെസ്സ. 2:2) ഫിലിപ്പിയിൽവെച്ച് അധികാരികൾ പൗലോസിനെയും ശീലാസിനെയും ദണ്ഡുകൊണ്ട് അടിച്ച് കാരാഗൃഹത്തിലാക്കി ആമത്തിലിട്ടു. (പ്രവൃ. 16:16-24) എന്നിട്ടും പൗലോസും ശീലാസും ‘ധൈര്യപ്പെട്ട്’ സുവിശേഷവേല തുടർന്നു. ഇവരെപ്പോലെ സധൈര്യം ശുശ്രൂഷയിൽ തുടരാൻ നമുക്കും സാധിക്കും. എങ്ങനെ? ഉത്തരത്തിനായി, ബൈബിൾക്കാലങ്ങളിലെ ദൈവദാസർക്ക് യഹോവയെക്കുറിച്ചുള്ള സത്യം നിർഭയം സംസാരിക്കാൻ സാധിച്ചതെങ്ങനെയെന്നും അവരുടെ മാതൃകയിൽനിന്ന് നമുക്കെന്തു പഠിക്കാമെന്നും നോക്കാം.
ശത്രുത നേരിടാൻ ധൈര്യം ആവശ്യം
5. യഹോവയോട് വിശ്വസ്തരായിരിക്കുന്നവർ എല്ലായ്പോഴും ധൈര്യശാലികളായിരിക്കേണ്ടത് എന്തുകൊണ്ട്?
5 ധീരതയുടെയും നിർഭയത്വത്തിന്റെയും അതിശ്രേഷ്ഠമാതൃക വെച്ചത് യേശുക്രിസ്തുവാണ് എന്നതിന് രണ്ടു പക്ഷമില്ല. എന്നിരുന്നാലും മനുഷ്യചരിത്രത്തിന്റെ തുടക്കംമുതലുള്ള സകല വിശ്വസ്ത ദൈവദാസർക്കും ധൈര്യം ആവശ്യമായിരുന്നു. എന്തുകൊണ്ട്? ഏദെനിലെ മത്സരത്തെത്തുടർന്ന് ദൈവത്തെ സേവിക്കുന്നവർക്കും സാത്താനെ സേവിക്കുന്നവർക്കുമിടയിൽ ശത്രുത്വം ഉടലെടുക്കുമെന്ന് യഹോവ പ്രവചിച്ചിരുന്നു. (ഉല്പ. 3:15) നീതിമാനായ ഹാബേലിനെ അവന്റെ സഹോദരൻ കൊലചെയ്തപ്പോൾ ആ ശത്രുത രംഗപ്രവേശം ചെയ്തു. പിന്നീട്, ജലപ്രളയത്തിനുമുമ്പ് ജീവിച്ചിരുന്ന വിശ്വസ്തനായ ഹാനോക്കും ആ ശത്രുതയ്ക്കു പാത്രമായി. ഭക്തികെട്ടവർക്കെതിരെ ന്യായവിധി നടപ്പാക്കാൻ യഹോവ തന്റെ ആയിരമായിരം വിശുദ്ധദൂതന്മാരുമായി വരും എന്ന് അവൻ പ്രവചിച്ചു. (യൂദാ 14, 15) ആളുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു സന്ദേശമല്ലായിരുന്നു അത്. യഹോവ ഹാനോക്കിനെ ‘എടുത്തില്ലായിരുന്നെങ്കിൽ,’ അവർ അവനെ വകവരുത്തുമായിരുന്നു. അത്രയ്ക്കു വിദ്വേഷമായിരുന്നു ജനത്തിനു ഹാനോക്കിനോട്. അങ്ങനെയൊരു ജനത്തിനിടയിൽ പ്രവചിക്കുന്നതിന് ഹാനോക്കിന് അപാരമായ ധൈര്യം ആവശ്യമായിരുന്നില്ലേ?—ഉല്പ. 5:21-24.
6. ഫറവോനോടു സംസാരിക്കാൻ മോശയ്ക്കു ധൈര്യം ആവശ്യമായിരുന്നത് എന്തുകൊണ്ട്?
6 ഈജിപ്റ്റിലെ ഫറവോന്റെ മുമ്പിൽ കയറിച്ചെല്ലാൻ മോശയ്ക്കും ധൈര്യം ആവശ്യമായിരുന്നു. എന്തുകൊണ്ട്? ദേവന്റെ വെറും പ്രതിനിധിയായിട്ടല്ല, ദേവനായിട്ട്, അതായത് സൂര്യദേവനായ റായുടെ പുത്രനായിട്ടുതന്നെയാണ് ഫറവോനെ കണക്കാക്കിയിരുന്നത്. മറ്റു ഫറവോന്മാരെപ്പോലെതന്നെ ഇവനും സ്വന്തം പ്രതിമയെ ആരാധിച്ചുപോന്നിരിക്കാം. ഫറവോന്റെ വാക്കുകളായിരുന്നു നിയമം, രാജശാസനങ്ങളായിരുന്നു ഭരണത്തിന്റെ അടിസ്ഥാനം. ശക്തനും നിഷ്ഠുരനും ധാർഷ്ട്യക്കാരനുമായ ഈ രാജാവ് മറ്റുള്ളവരുടെ വാക്കുകൾ കേട്ടു ശീലിച്ചിട്ടില്ല. ഈ വ്യക്തിയുടെ അടുക്കലേക്കാണ് സൗമ്യപ്രകൃതമുള്ള ആട്ടിടയനായ മോശ പലവട്ടം കയറിച്ചെന്നത്, അതും ക്ഷണിക്കപ്പെടാതെ. പോരാത്തതിന് അവൻ പറയാൻ പോകുന്നത് വിനാശകരമായ ബാധകളെക്കുറിച്ചും. മാത്രമല്ല അവൻ ആവശ്യപ്പെട്ടതോ? ഫറവോന്റെ ലക്ഷക്കണക്കിനുവരുന്ന അടിമകളെ രാജ്യം വിട്ടുപോകാൻ അനുവദിക്കുക! ഇതിന് മോശയ്ക്ക് അസാമാന്യ ധൈര്യം ആവശ്യമായിരുന്നില്ലേ?—സംഖ്യാ. 12:3; എബ്രാ. 11:27.
7, 8. (എ) പുരാതനകാല വിശ്വസ്തർക്ക് എന്തെല്ലാം പരിശോധനകളെ നേരിടേണ്ടിവന്നു?(ബി) സത്യാരാധനയ്ക്കുവേണ്ടി ധൈര്യസമേതം നിലകൊള്ളാൻ അവരെ സഹായിച്ചത് എന്ത്?
7 സത്യാരാധനയ്ക്കുവേണ്ടി ധീരമായ നിലപാടെടുത്തവരാണ് പിന്നീടുവന്ന പ്രവാചകന്മാരും മറ്റു വിശ്വസ്ത ദൈവദാസരും. സാത്താന്റെ ലോകം അവരോടു കരുണകാണിച്ചില്ല. പൗലോസ് പറയുന്നത് ശ്രദ്ധിക്കൂ: “അവർ കല്ലേറേറ്റു; പരീക്ഷിക്കപ്പെട്ടു; ഈർച്ചവാളാൽ അറുക്കപ്പെട്ടു; വാളിനിരയായി; അവർ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു; ഞെരുക്കവും കഷ്ടതയും ഉപദ്രവും സഹിച്ചു.” (എബ്രാ. 11:37) എന്നാൽ ധീരചിത്തരായി നിലകൊള്ളാൻ ഈ വിശ്വസ്ത ദാസരെ സഹായിച്ചത് എന്താണ്? അപ്പൊസ്തലന്റെ വാക്കുകൾതന്നെ നമുക്കു നോക്കാം. ഹാബേൽ, അബ്രാഹാം, സാറാ എന്നിങ്ങനെയുള്ള വിശ്വസ്തരെ സഹിച്ചുനിൽക്കാൻ സഹായിച്ചതെന്താണെന്ന് അവൻ പറയുന്നു: ‘വാഗ്ദാനനിവൃത്തി പ്രാപിച്ചില്ലെങ്കിലും [വിശ്വാസത്താൽ] അവ ദൂരത്തുനിന്ന് കണ്ട് സന്തോഷിച്ചു.’ (എബ്രാ. 11:13) ഏലിയാവ്, യിരെമ്യാവ് തുടങ്ങിയ പ്രവാചകന്മാരും ക്രിസ്തീയപൂർവ കാലഘട്ടത്തിലെ മറ്റ് വിശ്വസ്തരും സത്യാരാധനയ്ക്കുവേണ്ടി ഉറച്ചനിലപാടു കൈക്കൊണ്ടവരാണ്. യഹോവയുടെ വാഗ്ദാനങ്ങൾ നിറവേറുമെന്ന ഉറച്ചബോധ്യമാണ് സഹിച്ചുനിൽക്കാൻ ഇവരെയും സഹായിച്ചത്.—തീത്തൊ. 1:2.
8 ക്രിസ്തീയപൂർവകാലത്തെ ഈ വിശ്വസ്തദാസർ ശോഭനവും മഹത്തരവുമായ ഒരു ഭാവിക്കായി കാത്തിരുന്നവരാണ്. പുനരുത്ഥാനശേഷം അവർ പൂർണതയിലേക്കു നടന്നടുക്കുകയും ക്രിസ്തുയേശുവിന്റെയും അവന്റെ 1,44,000 ഉപപുരോഹിതന്മാരുടെയും പുരോഹിതശുശ്രൂഷയുടെ ഫലമായി ‘ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രരാക്കപ്പെടുകയും’ ചെയ്യും. (റോമ. 8:20) യിരെമ്യാവിനും അവനെപ്പോലെ ധീരരായി നിലകൊണ്ട മറ്റ് ദൈവദാസർക്കും ധൈര്യം പകർന്നത് യഹോവ നൽകിയ ഒരു ഉറപ്പായിരുന്നു. യിരെമ്യാവിനോടുള്ള അവന്റെ വാക്കുകളിൽ ആ ഉറപ്പു നമുക്കു കാണാനാകും: “അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.” (യിരെ. 1:19) നമ്മുടെ ഭാവി സംബന്ധിച്ച് യഹോവ നൽകിയിരിക്കുന്ന വാഗ്ദാനങ്ങളെക്കുറിച്ചും നമുക്ക് ആത്മീയ സംരക്ഷണം നൽകുമെന്ന അവന്റെ ഉറപ്പിനെക്കുറിച്ചും ചിന്തിക്കുന്നെങ്കിൽ ഇന്നു നമുക്കും നിർഭയരായിരിക്കാൻ സാധിക്കും.—സദൃ. 2:7; 2 കൊരിന്ത്യർ 4:17, 18 വായിക്കുക.
സ്നേഹത്താൽ, സധൈര്യം പ്രസംഗിച്ച യേശു
9, 10. പിൻവരുന്ന സാഹചര്യങ്ങളിൽ യേശു ധൈര്യം പ്രകടമാക്കിയത് എങ്ങനെ? (എ) മതാധ്യക്ഷന്മാരുടെ മുമ്പാകെ, (ബി) ഭടന്മാർ പിടിക്കാൻ വന്നപ്പോൾ, (സി) മഹാപുരോഹിതന്റെ മുമ്പാകെ, (ഡി) പീലാത്തൊസിന്റെ മുമ്പാകെ.
9 നമ്മുടെ മാതൃകാപുരുഷനായ യേശു പലവിധങ്ങളിൽ ധൈര്യം പ്രകടമാക്കുകയുണ്ടായി. അധികാരികളുടെയും മറ്റു പ്രമാണികളുടെയും എതിർപ്പുണ്ടായിരുന്നിട്ടും, ജനങ്ങൾ അറിയണമെന്ന് ദൈവം ആഗ്രഹിച്ച കാര്യങ്ങൾ അവൻ അവരെ അറിയിക്കുകതന്നെ ചെയ്തു; അതിന്റെ ശക്തി ചോർത്തിക്കളയാതെയും പ്രാധാന്യം നഷ്ടപ്പെടുത്താതെയും. ശക്തരായ മതനേതാക്കളുടെ വ്യാജപഠിപ്പിക്കലുകളും സ്വയനീതിപരമായ നിലപാടുകളും അവൻ സധൈര്യം തുറന്നുകാണിച്ചു. അവരെ കുറ്റംവിധിച്ചപ്പോൾ, അത് വ്യക്തമായി അവരുടെ മുഖത്തുനോക്കി പറയാനുള്ള ധൈര്യം കാണിച്ചു അവൻ. ഒരു സന്ദർഭത്തിൽ അവൻ പറഞ്ഞു: “കപടഭക്തരായ ശാസ്ത്രിമാരും പരീശന്മാരും ആയുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ വെള്ളതേച്ച ശവക്കല്ലറകളോട് ഒക്കുന്നു. അവ പുറമേ ഭംഗിയുള്ളതായി കാണപ്പെടുന്നു. അകമേയോ മരിച്ചവരുടെ അസ്ഥികളും സകലവിധ മാലിന്യങ്ങളുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അങ്ങനെതന്നെ, നിങ്ങളും പുറമേ നീതിമാന്മാരായി കാണപ്പെടുന്നു; അകമേയോ കാപട്യവും അധർമവും നിറഞ്ഞവരത്രേ.”—മത്താ. 23:27, 28.
10 ഗെത്ത്ശെമന തോട്ടത്തിൽവെച്ച് പടയാളികളോട് താൻ ആരാണെന്നു വെളിപ്പെടുത്താൻ അവൻ ഭയപ്പെട്ടില്ല. (യോഹ. 18:3-8) ചോദ്യം ചെയ്യുന്നതിനായി പിന്നീട് അവനെ സൻഹെദ്രിമിൽ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുചെന്നു. മഹാപുരോഹിതൻ തന്നെ കൊല്ലാൻ ഒരു വഴി തേടുകയാണെന്നറിയാമായിരുന്നിട്ടും താനാണ് ക്രിസ്തുവും ദൈവപുത്രനും എന്ന് അവൻ ഭയലേശമെന്യേ പ്രഖ്യാപിച്ചു. മാത്രമല്ല താൻ “ശക്തനായവന്റെ വലത്തുഭാഗത്തിരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും” എന്നും അവൻ പറഞ്ഞു. (മർക്കോ. 14:53, 57-65) തുടർന്ന് അവനെ പീലാത്തൊസിന്റെ മുമ്പിൽ ഹാജരാക്കി. അവനെ വിട്ടയയ്ക്കാനുള്ള അധികാരം പീലാത്തൊസിനുണ്ടായിരുന്നു. ഇത് അറിയാമായിരുന്നിട്ടും തനിക്കെതിരെ വർഷിച്ച ആരോപണങ്ങൾക്കു മറുപടികൊടുക്കാതെ നിശ്ശബ്ദനായി നിന്നു യേശു. (മർക്കോ. 15:1-5) ഇതിനെല്ലാം നല്ല ധൈര്യം ആവശ്യമായിരുന്നു.
11. സ്നേഹവും ധൈര്യവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
11 എന്നാൽ, “ഞാൻ ഒരു രാജാവാണെന്നു നീതന്നെ പറയുന്നുവല്ലോ. സത്യത്തിനു സാക്ഷിനിൽക്കേണ്ടതിനു ഞാൻ ജനിച്ചു; ഞാൻ ലോകത്തിലേക്കു വന്നിരിക്കുന്നതും അതിനായിട്ടുതന്നെ. സത്യത്തിന്റെ പക്ഷത്തുള്ള ഏവനും എന്റെ സ്വരം ശ്രദ്ധിക്കുന്നു” എന്ന് പീലാത്തൊസിനോട് അവൻ പറയുകതന്നെ ചെയ്തു. (യോഹ. 18:37) സുവാർത്ത പ്രസംഗിക്കാനുള്ള നിയോഗം യഹോവ യേശുവിനു നൽകി, അതു ചെയ്യാൻ അവന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ, കാരണം അവന് തന്റെ സ്വർഗീയ പിതാവിനോടു സ്നേഹമുണ്ടായിരുന്നു. (ലൂക്കോ. 4:18, 19) അവൻ ജനങ്ങളെയും സ്നേഹിച്ചിരുന്നു; ബുദ്ധിമുട്ടുകൾ നിറഞ്ഞ അവരുടെ ജീവിതം കണ്ടുകൊണ്ടാണല്ലോ അവൻ വളർന്നത്. അതുപോലെ, ദൈവത്തോടും അയൽക്കാരനോടുമുള്ള ആഴമായ സ്നേഹമാണ് ധൈര്യപൂർവം സാക്ഷ്യം നൽകാൻ നമ്മെയും പ്രേരിപ്പിക്കുന്നത്.—മത്താ. 22:36-40
സധൈര്യം പ്രസംഗിക്കാൻ പരിശുദ്ധാത്മാവ് ശക്തി നൽകുന്നു
12. ആദിമശിഷ്യന്മാരുടെ സന്തോഷത്തിനു ഹേതുവായത് എന്ത്?
12 യേശുവിന്റെ മരണത്തെത്തുടർന്നുള്ള ആഴ്ചകളിൽ കൂടുതൽ ആളുകൾ സഭയോടു ചേർന്നുകൊണ്ടിരുന്നതിൽ ശിഷ്യന്മാർ അതിയായി സന്തോഷിച്ചു. പെന്തെക്കൊസ്ത് ഉത്സവത്തിനായി യെരുശലേമിലെത്തിയ യഹൂദരും യഹൂദമതത്തിലേക്കു പരിവർത്തനം ചെയ്തവരുമായ 3,000 പേർ ഒരേ ദിവസം സ്നാനമേറ്റതായി നാം കാണുന്നു. യഹൂദർക്കിടയിൽ തീർച്ചയായും ഇത് ഒരു സംസാരവിഷയമായി. അതേക്കുറിച്ച് ബൈബിൾ പറയുന്നു: “എല്ലാവരിലും ഭയം നിറഞ്ഞു. അപ്പൊസ്തലന്മാരിലൂടെ അനേകം അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടിരുന്നു.”—പ്രവൃ. 2:41, 43.
13. ധൈര്യത്തിനായി ഒന്നാം നൂറ്റാണ്ടിലെ സഹോദരങ്ങൾ പ്രാർഥിച്ചതെന്തുകൊണ്ട്, ഫലം എന്തായിരുന്നു?
13 കോപാക്രാന്തരായ മതനേതാക്കന്മാർ പത്രോസിനെയും യോഹന്നാനെയും ഒരുരാത്രി തടവിൽ പാർപ്പിക്കുകയും യേശുവിന്റെ നാമത്തിൽ സംസാരിക്കരുതെന്ന് താക്കീതു നൽകുകയും ചെയ്തു. വിട്ടയയ്ക്കപ്പെട്ടശേഷം സംഭവിച്ച കാര്യങ്ങൾ അവരിരുവരും സഹോദരന്മാരോടു പറഞ്ഞു. നേരിട്ടുകൊണ്ടിരുന്ന എതിർപ്പുകളെപ്രതി അവരെല്ലാവരും ഒരുമിച്ച് യഹോവയോട്, “നിന്റെ വചനം പൂർണ ധൈര്യത്തോടെ ഘോഷിച്ചുകൊണ്ടിരിക്കാൻ അടിയങ്ങളെ പ്രാപ്തരാക്കേണമേ” എന്നു പ്രാർഥിച്ചു. ഫലമോ? “അവർ എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.”—പ്രവൃ. 4:24-31.
14. പ്രസംഗപ്രവർത്തനത്തിൽ പരിശുദ്ധാത്മാവ് സഹായമേകുന്നത് എങ്ങനെ?
14 ദൈവവചനം ധൈര്യത്തോടെ പ്രസംഗിക്കാൻ ശിഷ്യന്മാരെ പ്രാപ്തരാക്കിയത് യഹോവയുടെ പരിശുദ്ധാത്മാവാണെന്ന കാര്യം ശ്രദ്ധിക്കുക. മറ്റുള്ളവരോട്, വിശേഷിച്ചും എതിരാളികളോട് സുവാർത്ത അറിയിക്കണമെങ്കിൽ നമുക്ക് യഹോവ നൽകുന്ന ശക്തി കൂടിയേ തീരൂ, സ്വന്തശക്തിയാൽ നമുക്കതിനാവില്ല. യഹോവയുടെ പരിശുദ്ധാത്മാവിനായി നാം അപേക്ഷിക്കുന്നെങ്കിൽ അവൻ നിശ്ചയമായും അതു നമുക്കു നൽകും. നാം നേരിടുന്ന എതിർപ്പുകൾ എന്തുതന്നെ ആയിരുന്നാലും വിശ്വസ്തരായി സധൈര്യം നിലകൊള്ളാൻ യഹോവയുടെ സഹായത്താൽ നമുക്കാകും.—സങ്കീർത്തനം 138:3 വായിക്കുക.
ഇന്ന് ക്രിസ്ത്യാനികൾ സധൈര്യം പ്രസംഗിക്കുന്നു
15. സത്യം ആളുകളെ ഭിന്നിപ്പിക്കുന്നത് എങ്ങനെ?
15 മുൻകാലങ്ങളിലെന്നപോലെ സത്യം ഇന്നും ആളുകളെ ഭിന്നിപ്പിച്ചുകൊണ്ടാണിരിക്കുന്നത്. ചിലർ അനുകൂലമായി പ്രതികരിക്കുന്നു. മറ്റുചിലർക്ക് നമ്മുടെ ആരാധനാരീതി മനസ്സിലാക്കാനോ അംഗീകരിക്കാനോ ആകുന്നില്ല. യേശു പ്രവചിച്ചിരുന്നതുപോലെ, ചിലർ നമ്മെ വിമർശിക്കുകയും പരിഹസിക്കുകയും ദ്വേഷിക്കുകയും ചെയ്യുന്നു. (മത്താ. 10:22) മാധ്യമങ്ങൾ പലപ്പോഴും നമുക്കെതിരെ കുപ്രചാരണം നടത്തുകയും വാർത്തകൾ കെട്ടിച്ചമയ്ക്കുകയും ചെയ്യാറുണ്ട്. (സങ്കീ. 109:1-3) എന്നിരുന്നാലും യഹോവയുടെ ജനം ലോകവ്യാപകമായി സുവാർത്ത പ്രസിദ്ധമാക്കിക്കൊണ്ട് നിർഭയം മുന്നേറുന്നു.
16. നമ്മുടെ ധൈര്യത്തിന് ആളുകളുടെ മനോഭാവത്തിൽ മാറ്റം വരുത്താനാകുമെന്ന് ഏത് അനുഭവം കാണിക്കുന്നു?
16 നാം ധൈര്യസമേതം സുവാർത്ത അറിയിക്കുന്നെങ്കിൽ അത് ആളുകളുടെ മനോഭാവത്തിനു മാറ്റം വരുത്തിയേക്കാം. കിർഗിസ്ഥാനിലെ ഒരു സഹോദരിയുടെ അനുഭവം അതാണു തെളിയിക്കുന്നത്. സഹോദരി വിവരിക്കുന്നു: “പ്രസംഗവേലയിലായിരിക്കെ ഒരു ദിവസം ഒരാൾ എന്നോട് ഇങ്ങനെ പറഞ്ഞു: ‘ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട്, പക്ഷേ ക്രിസ്ത്യാനികളുടെ ദൈവത്തിൽ എനിക്കു വിശ്വാസമില്ല. ഇനി നിങ്ങൾ ഈ പടിക്കലെങ്ങാനും വന്നാൽ ഞാൻ പട്ടിയെ അഴിച്ചുവിടും!’ ശരിയായിരുന്നു, വലിയൊരു പട്ടി അദ്ദേഹത്തിന്റെ പിറകിലുണ്ടായിരുന്നു. എന്നാൽ, ‘മതത്തിന്റെ പേരിൽ ചെയ്യുന്ന ഹീനകൃത്യങ്ങൾ അവസാനിക്കുമോ?’ എന്ന രാജ്യവാർത്ത നമ്പർ 37-ന്റെ വിതരണ സമയത്ത് ആ വീട്ടിൽ വീണ്ടും ചെല്ലാൻ ഞാൻ തീരുമാനിച്ചു. ആ വീട്ടിലെ മറ്റാരെയെങ്കിലും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഞാൻ ചെന്നത്. പക്ഷേ വാതിൽ തുറന്നതോ? ആദ്യംകണ്ട ആ വ്യക്തി! പെട്ടെന്ന് യഹോവയോടു പ്രാർഥിച്ചിട്ട് ഞാൻ പറഞ്ഞു: ‘മൂന്നുദിവസംമുമ്പ് നമ്മൾ സംസാരിച്ച കാര്യം ഞാൻ ഓർക്കുന്നുണ്ട്, നിങ്ങളുടെ പട്ടിയേയും ഞാൻ മറന്നിട്ടില്ല. ഇതുവഴി പോയപ്പോൾ നിങ്ങൾക്കീ ലഘുലേഖ തരാതെപോകാൻ എന്റെ മനസ്സനുവദിച്ചില്ല. നിങ്ങളെപ്പോലെതന്നെ ഏകസത്യദൈവത്തിലാണ് ഞാനും വിശ്വസിക്കുന്നത്. തനിക്കു നിന്ദവരുത്തുന്ന മതങ്ങളെ ദൈവം ഉടൻതന്നെ നശിപ്പിക്കും. ഈ ലഘുലേഖയിൽനിന്ന് നിങ്ങൾക്കതിനെപ്പറ്റി വായിച്ചറിയാനാകും.’ അതിശയമെന്നുപറയട്ടെ അദ്ദേഹം അതു വാങ്ങി. പിന്നെ ഞാൻ അടുത്ത വീട്ടിലേക്കുപോയി. ഏതാനും മിനിട്ടു കഴിഞ്ഞുകാണും, ആ ലഘുലേഖയും കയ്യിൽപ്പിടിച്ചുകൊണ്ട് അദ്ദേഹം ഓടി എന്റെ അടുത്തേക്കുവന്നു. ‘ഞാനിതു വായിച്ചു, ദൈവകോപത്തിൽനിന്നു രക്ഷപ്പെടാൻ ഞാൻ എന്തു ചെയ്യണം?’ അയാൾ ചോദിച്ചു. അദ്ദേഹത്തിന് ഒരു അധ്യയനംതുടങ്ങി, അദ്ദേഹം യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി.”
17. ഒരു സഹോദരിയുടെ ധൈര്യം, പേടിയുണ്ടായിരുന്ന ഒരു ബൈബിൾ വിദ്യാർഥിയെ ശക്തിപ്പെടുത്തിയത് എങ്ങനെ?
17 നമ്മുടെ ധൈര്യം മറ്റുള്ളവർക്കു ധൈര്യം പകരും. റഷ്യയിലുള്ള ഒരു സഹോദരി ഒരിക്കൽ ബസ്സിൽ യാത്ര ചെയ്യുമ്പോൾ അടുത്തിരുന്ന സ്ത്രീക്ക് ഒരു മാസിക കൊടുക്കാനൊരുങ്ങി. അതു കണ്ടമാത്രയിൽ ഒരു മനുഷ്യൻ സീറ്റിൽനിന്ന് ചാടിയെഴുന്നേറ്റ് സഹോദരിയുടെ കയ്യിൽനിന്നതു തട്ടിപ്പറിച്ച് ചുരുട്ടിക്കൂട്ടി നിലത്തേക്കെറിഞ്ഞു. ശകാരവാക്കുകൾ ചൊരിഞ്ഞ അയാൾ സഹോദരിയുടെ മേൽവിലാസം ആവശ്യപ്പെട്ടു. മേലാൽ ആ പ്രദേശത്ത് പ്രസംഗിക്കരുതെന്ന് താക്കീതും നൽകി. സഹോദരി യഹോവയോടു പ്രാർഥിച്ചു. “ശരീരത്തെമാത്രം കൊല്ലുന്നവരെ ഭയപ്പെടേണ്ട” എന്ന മത്തായി 10:28-ലെ യേശുവിന്റെ വാക്കുകൾ ഓർത്തുകൊണ്ട്, ശാന്തമായി ആ മനുഷ്യനോട് പറഞ്ഞു: “ഞാൻ അഡ്രസ്സൊന്നും തരാൻപോകുന്നില്ല, ഞാനീ പ്രദേശത്ത് ഇനിയും പ്രസംഗിക്കും.” ഇതു പറഞ്ഞിട്ട് സഹോദരി ബസ്സിൽനിന്നിറങ്ങി. സഹോദരിക്കറിയില്ലായിരുന്നുവെങ്കിലും അവരുടെ ഒരു ബൈബിൾ വിദ്യാർഥിയും ആ ബസ്സിലുണ്ടായിരുന്നു. മറ്റുള്ളവരെ പേടിച്ച് ക്രിസ്തീയ യോഗങ്ങൾക്കു വരാതിരിക്കുകയായിരുന്നു ആ സ്ത്രീ. സഹോദരിയുടെ ഈ ധൈര്യംകണ്ട അവർ യോഗങ്ങൾക്കു പോകാൻ തീരുമാനിച്ചു.
18. യേശുവിനെപ്പോലെ നിർഭയം പ്രസംഗിക്കാൻ നിങ്ങളെ എന്തു സഹായിക്കും?
18 ദൈവത്തിൽനിന്ന് അന്യപ്പെട്ട ഈ ലോകത്തിൽ യേശുവിനെപ്പോലെ പ്രസംഗിക്കണമെങ്കിൽ ധൈര്യം കൂടിയേ തീരൂ. അതിന് നിങ്ങളെ എന്തു സഹായിക്കും? ഭാവിയിലേക്കു നോക്കുക. ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹം ദൃഢമാക്കി നിറുത്തുക. ധൈര്യത്തിനായി യഹോവയോടു പ്രാർഥിക്കുക. ഓർമിക്കുക, നിങ്ങൾ ഒറ്റയ്ക്കല്ല, യേശുവുണ്ട് കൂടെ. (മത്താ. 28:20) പരിശുദ്ധാത്മാവ് നിങ്ങളെ ശക്തീകരിക്കും. യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. അതുകൊണ്ട് ധൈര്യത്തോടെ നമുക്കിങ്ങനെ പറയാം: “യഹോവ എനിക്കു തുണ. ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?”—എബ്രാ. 13:6.
ഉത്തരം പറയാമോ?
• ദൈവദാസന്മാർക്ക് ധൈര്യം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
• ധൈര്യമുള്ളവരായിരിക്കാൻ പിൻവരുന്നവരുടെ മാതൃകകൾ നമ്മെ എങ്ങനെ സഹായിക്കുന്നു?
ക്രിസ്തീയപൂർവ ദാസർ,
യേശുക്രിസ്തു,
ആദിമക്രിസ്ത്യാനികൾ,
സഹക്രിസ്ത്യാനികൾ.
[21-ാം പേജിലെ ചിത്രം]
മതാധ്യക്ഷന്മാരെ യേശു നിർഭയം തുറന്നുകാട്ടി
[23-ാം പേജിലെ ചിത്രം]
പ്രസംഗിക്കാനുള്ള ധൈര്യം യഹോവ നമുക്കു നൽകും