സ്നേഹത്തിനും സത്പ്രവൃത്തികൾക്കും പ്രോത്സാഹിപ്പിക്ക—എങ്ങനെ?
“അന്യോന്യം പ്രോത്സാഹിപ്പിച്ചുകൊണ്ട് സ്നേഹത്തിനും സൽപ്രവൃത്തികൾക്കും വേണ്ടി പ്രചോദിപ്പിക്കാൻ നമുക്ക് അന്യോന്യം പരിഗണന കാണിക്കാം. നാൾ സമീപിക്കുന്നു എന്നു കാണുന്തോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു.”—എബ്രായർ 10:24, 25, NW.
1-2. (എ) ആദിമ ക്രിസ്ത്യാനികൾ തങ്ങളുടെ കൂടിവരവിൽനിന്ന് ആശ്വാസവും പ്രോത്സാഹനവും കണ്ടെത്തേണ്ടിയിരുന്നതു പ്രധാനമായിരുന്നത് എന്തുകൊണ്ട്? (ബി) പൗലോസിന്റെ ഏതു ബുദ്ധ്യുപദേശമാണ് കൂടിവരുന്നതിന്റെ ആവശ്യത്തെ അറിയിച്ചത്?
അവർ രഹസ്യത്തിൽ അടഞ്ഞ കതകുകൾക്കു പിന്നിൽ തിങ്ങിഞെരുങ്ങി കൂടിവന്നു. വെളിയിലെങ്ങും അപകടം പതിയിരുന്നു. അവരുടെ നേതാവായ യേശുക്രിസ്തു ഇപ്പോൾ പരസ്യമായി വധിക്കപ്പെട്ടതേയുള്ളൂ. താൻ അനുഭവിച്ചതിൽനിന്ന് ഒട്ടും മെച്ചമല്ലാത്ത പെരുമാററത്തിന് അവരും വിധേയരാകുമെന്ന് അവൻ തന്റെ ശിഷ്യൻമാർക്കു മുന്നറിയിപ്പു നൽകുകയും ചെയ്തു. (യോഹന്നാൻ 15:20; 20:19) എങ്കിലും തങ്ങളുടെ പ്രിയപ്പെട്ട യേശുവിനെക്കുറിച്ചു പതിഞ്ഞ സ്വരത്തിൽ സംസാരിക്കവേ ഒരുമിച്ചു കൂടിവന്നതിൽ അവർക്കു സുരക്ഷിതത്വം തോന്നിക്കാണണം.
2 വർഷങ്ങൾ കടന്നുപോയതോടെ ക്രിസ്ത്യാനികൾ എല്ലാ തരത്തിലുമുള്ള പരിശോധനയും പീഡനവും അഭിമുഖീകരിച്ചു. ആ ആദ്യകാല ശിഷ്യൻമാരെപ്പോലെ അവരും ഒരുമിച്ചു കൂടുന്നതിൽനിന്നു സാന്ത്വനവും പ്രോത്സാഹനവും കണ്ടെത്തിയിരിക്കുന്നു. അങ്ങനെ, അപ്പോസ്തലനായ പൗലോസ് എബ്രായർ 10:24, 25-ൽ [NW] ഇപ്രകാരം എഴുതി: “ചിലരുടെ പതിവുപോലെ നമ്മുടെ കൂടിവരവ് ഉപേക്ഷിക്കാതെ അന്യോന്യം പ്രോത്സാഹിപ്പിച്ചുകൊണ്ട് സ്നേഹത്തിനും സൽപ്രവൃത്തികൾക്കും വേണ്ടി പ്രചോദിപ്പിക്കാൻ നമുക്ക് അന്യോന്യം പരിഗണന കാണിക്കാം. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു.”
3. എബ്രായർ 10:24, 25-ഉം ക്രിസ്ത്യാനികൾ കൂടിവരണമെന്നതിൽ കവിഞ്ഞ ഒരു കൽപ്പനയാണെന്നു നിങ്ങൾ പറയുന്നത് എന്തുകൊണ്ട്?
3 ആ വാക്കുകൾ യോഗത്തിനു കൂടിവരുന്നതിൽ തുടരുന്നതിനുള്ള കൽപ്പനയിലും ഏറെ കവിഞ്ഞതാണ്. അവ എല്ലാ ക്രിസ്തീയ യോഗങ്ങൾക്കും ഒരു ദിവ്യ നിശ്വസ്ത നിലവാരം പ്രദാനംചെയ്യുന്നു—വാസ്തവത്തിൽ, ക്രിസ്ത്യാനികൾ ഒരുമിച്ചു കൂടുന്ന ഏതൊരു സന്ദർഭത്തിനും വേണ്ടിത്തന്നെ. എന്നത്തെക്കാളധികം ഇന്ന്, നാം യഹോവയുടെ ദിവസം സമീപിക്കുന്നതു വ്യക്തമായി കാണുമ്പോൾ, ഈ ദുഷ്ടവ്യവസ്ഥിതിയുടെ സമ്മർദവും അപകടവും നമ്മുടെ യോഗങ്ങൾ ഒരു സുരക്ഷിത സ്ഥാനംപോലെ, ബലത്തിനും പ്രോത്സാഹനത്തിനുമുള്ള ഒരു ഉറവിടംപോലെ ആയിരിക്കണമെന്നത് അനുപേക്ഷണീയമാക്കുന്നു. ഇതിന് ഉറപ്പുവരുത്താൻ നമുക്ക് എന്തു ചെയ്യാനാവും? കൊള്ളാം, പിൻവരുന്ന മൂന്നു പ്രധാന ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് നമുക്കു പൗലോസിന്റെ വാക്കുകൾ ശ്രദ്ധാപൂർവം പരിശോധിക്കാം: “അന്യോന്യം പരിഗണന കാണിക്കാം” എന്നതിന്റെ അർഥമെന്താണ്? ‘സ്നേഹത്തിനും സൽപ്രവൃത്തികൾക്കും വേണ്ടി അന്യോന്യം പ്രോത്സാഹിപ്പിക്കുക’ എന്നാൽ എന്താണ് അർഥമാക്കുന്നത്? ഒടുവിൽ, ഈ ദുർഘടനാളുകളിൽ നമുക്ക് എങ്ങനെ ‘അന്യോന്യം പ്രോത്സാഹിപ്പിക്കാൻ’ കഴിയും?
“അന്യോന്യം പരിഗണന കാണിക്ക”
4. ‘അന്യോന്യം പരിഗണന കാണിക്കുക’ എന്നതിന്റെ അർഥമെന്ത്?
4 “അന്യോന്യം പരിഗണന കാണിക്കാ”ൻ പൗലോസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചപ്പോൾ അവൻ കട്ടാനോയിയോ [ka·ta·no·eʹo] എന്ന ഗ്രീക്കു ക്രിയാപദമാണ് ഉപയോഗിച്ചത്. അത് “ഗ്രഹിക്കുക” എന്ന സാധാരണ പദത്തിന്റെ ശക്തമായ ഉച്ചാരണരൂപമാണ്. അതിന്റെ അർഥം “ഒരുവന്റെ മനസ്സു മുഴുവൻ ഒരു വസ്തുവിൽ കേന്ദ്രീകരിക്കുക” എന്നാണെന്ന് ദ തിയോളജിക്കൽ ഡിക്ഷ്നറി ഓഫ് ദ ന്യൂ ടെസ്ററമെൻറ് പറയുന്നു. ഡബ്ലിയൂ. ഇ. വൈൻ പറയുന്നപ്രകാരം “മുഴുവനായി മനസ്സിലാക്കുക, അടുത്തു പരിഗണിക്കുക എന്നും അത് അർഥമാക്കാം. തൻമൂലം, ക്രിസ്ത്യാനികൾ “അന്യോന്യം പരിഗണന കാണി”ക്കുമ്പോൾ അവർ പുറമേയുള്ളതു മാത്രമല്ല കാണുന്നത് മറിച്ച്, തങ്ങളുടെ സകല മാനസിക പ്രാപ്തികളും ഉപയോഗിച്ചുകൊണ്ട് ആഴമായ ഗ്രാഹ്യത്തിനുവേണ്ടി അവർ ശ്രമിക്കുന്നു.—താരതമ്യം ചെയ്യുക: എബ്രായർ 3:1.
5. ഒരു വ്യക്തിയിൽ പ്രഥമദൃഷ്ട്യാ വെളിപ്പെടാതിരുന്നേക്കാവുന്ന ചില സവിശേഷതകൾ ഏവ, നാം അവ പരിഗണിക്കേണ്ടത് എന്തുകൊണ്ട്?
5 ഒരുവന്റെയോ ഒരുവളുടെയോ ആകാരത്തിലേക്കോ വേലയിലേക്കോ ഉള്ള എത്തിനോട്ടമോ വ്യക്തിത്വമോ വെളിപ്പെടുത്തുന്നതിനെക്കാൾ അധികം ഒരു വ്യക്തിയിൽ അടങ്ങിയിരിക്കുന്നു എന്നു നാം ഓർമിക്കണം. (1 ശമൂവേൽ 16:7) മിക്കപ്പോഴും പുറമേയുള്ള ഒരു ശാന്തപ്രകൃതം ഒരുവന്റെ ആഴമായ വികാരങ്ങളെയോ ആസ്വാദ്യമായ നർമബോധത്തെയോ മറച്ചുകളയുന്നു. കൂടാതെ, പശ്ചാത്തലവും തികച്ചും വിഭിന്നമാണ്. ചിലർ ജീവിതത്തിൽ ഭയാനകമായ അഗ്നിപരീക്ഷകളെ അഭിമുഖീകരിച്ചിട്ടുള്ളവരാണ്; മററു ചിലർ നമുക്ക് ഊഹിക്കാൻപോലും കഴിയാത്ത സാഹചര്യങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കയാണ്. ഒരു സഹോദരന്റെയോ സഹോദരിയുടെയോ എന്തെങ്കിലും ഒരു പ്രത്യേക സ്വഭാവവിശേഷത്തിൽ നമുക്കുള്ള നീരസം ആ വ്യക്തിയുടെ പശ്ചാത്തലവും സാഹചര്യങ്ങളും മനസ്സിലാക്കുമ്പോൾ അലിഞ്ഞുപോകുന്നതു വളരെ സാധാരണമാണ്.—സദൃശവാക്യങ്ങൾ 19:11.
6. നമുക്ക് അന്യോന്യം മെച്ചമായി അറിയാൻ പററിയ ചില വിധങ്ങൾ ഏവ, അത് എന്തു നൻമ ചെയ്തേക്കാം?
6 മററുള്ളവരുടെ വ്യക്തിപരമായ കാര്യത്തിൽ നാം കൈകടത്തണമെന്ന് തീർച്ചയായും ഇത് അർഥമാക്കുന്നില്ല. (1 തെസ്സലൊനീക്യർ 4:11) അപ്പോഴും അന്യോന്യം വ്യക്തിപരമായ താത്പര്യം കാണിക്കാനാവുമെന്നതു തീർച്ചയാണ്. രാജ്യഹാളിൽവച്ചുള്ള വെറും അഭിവാദനത്തെക്കാളധികം ഇതിൽ അടങ്ങിയിരിക്കുന്നു. നിങ്ങൾ മെച്ചമായി അറിയാൻ ആഗ്രഹിക്കുന്ന ഒരാളുമായി യോഗത്തിനു മുമ്പോ ശേഷമോ ഏതാനും നിമിഷം സംഭാഷണത്തിലേർപ്പെടുന്നതിന് എന്തുകൊണ്ടു ലക്ഷ്യമിട്ടുകൂടാ? ലളിതമായ സത്കാരത്തിനായി ഒന്നോ രണ്ടോ സുഹൃത്തുക്കളെ നിങ്ങളുടെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ട് “അതിഥിസല്ക്കാരം ആചരി”ക്കുന്നത് അതിലും നന്നാണ്. (റോമർ 12:13) താത്പര്യം പ്രകടിപ്പിക്കുക. ചെവിചായ്ക്ക. ഒരു വ്യക്തി യഹോവയെ എങ്ങനെ അറിയാനും സ്നേഹിക്കാനും ഇടയായി എന്ന് ചോദിക്കുന്നതു മാത്രം അയാളെപ്പററി അനേകം കാര്യങ്ങൾ വെളിപ്പെടുത്തിയേക്കാം. വീടുതോറുമുള്ള സേവനത്തിൽ ഒരുമിച്ചു പ്രവർത്തിച്ചുകൊണ്ടു നിങ്ങൾക്കു വീണ്ടും അയാളെപ്പററി കൂടുതൽ കാര്യങ്ങൾ അറിയാവുന്നതാണ്. ആ വിധത്തിൽ അന്യോന്യം പരിഗണന കാണിക്കുന്നത് യഥാർഥ സഹാനുഭൂതിയും സമാനുഭാവവും വളർത്തിയെടുക്കാൻ നമ്മെ സഹായിക്കും.—ഫിലിപ്പിയർ 2:4; 1 പത്രൊസ് 3:8.
‘അന്യോന്യം പ്രചോദിപ്പിക്ക’
7. (എ) യേശുവിന്റെ പഠിപ്പിക്കലുകൾ ആളുകളെ എങ്ങനെ ബാധിച്ചു? (ബി) അവന്റെ പഠിപ്പിക്കലിനെ വളരെ ശക്തമാക്കിത്തീർത്തത് എന്ത്?
7 നാം അന്യോന്യം പരിഗണന കാണിക്കുമ്പോൾ പ്രവർത്തനത്തിലേർപ്പെടുന്നതിന് അന്യോന്യം പ്രചോദിപ്പിക്കാൻ, പ്രേരിപ്പിക്കാൻ നാം സുസജ്ജരായിരിക്കും. ഇക്കാര്യത്തിൽ ക്രിസ്തീയ മൂപ്പൻമാർ പ്രത്യേകിച്ചും ഒരു സുപ്രധാന പങ്കുവഹിക്കുന്നു. യേശു പരസ്യമായി പ്രസംഗിച്ച ഒരു സന്ദർഭത്തെപ്പററി നാം ഇങ്ങനെ വായിക്കുന്നു: “പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.” (മത്തായി 7:28) മറെറാരു സന്ദർഭത്തിൽ യേശുവിനെ അറസ്ററു ചെയ്യാൻ അയയ്ക്കപ്പെട്ട പടയാളികൾ, “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല” എന്നു പറഞ്ഞുകൊണ്ട് അവനെ വിട്ടുപോന്നു. (യോഹന്നാൻ 7:46) യേശുവിന്റെ പഠിപ്പിക്കൽ ഇത്രമാത്രം ശക്തമായിത്തീരാൻ കാരണമെന്താണ്? വൈകാരിക പ്രകടനമോ? അല്ല; യേശു മാന്യതയോടെയാണു സംസാരിച്ചത്. എന്നുവരികിലും, കേൾവിക്കാരുടെ ഹൃദയത്തെ സ്പർശിക്കുന്നതിന് അവൻ എല്ലായ്പോഴും ലാക്കുവച്ചു. കാരണം അവൻ ആളുകളിൽ പരിഗണന കാണിച്ചു. അവരെ പ്രചോദിപ്പിക്കേണ്ടതെങ്ങനെയെന്ന് അവൻ ശരിക്കും അറിഞ്ഞിരുന്നു. ദൈനംദിന ജീവിതത്തിന്റെ യാഥാർഥ്യം പ്രതിഫലിപ്പിക്കുന്ന സുവ്യക്തമായ, ലളിതമായ ദൃഷ്ടാന്തങ്ങൾ അവൻ ഉപയോഗിച്ചു. (മത്തായി 13:34) സമാനമായി, നമ്മുടെ യോഗങ്ങളിൽ നിയമനം നിർവഹിക്കുന്നവർ പ്രചോദനമേകുന്ന ഊഷ്മളവും ആവേശം ഉണർത്തുന്നതുമായ അവതരണങ്ങൾ നടത്തിക്കൊണ്ട് യേശുവിനെ അനുകരിക്കണം. യേശുവിനെപ്പോലെ നാമും നമ്മുടെ സദസ്യർക്കനുയോജ്യമായതും അവരുടെ ഹൃദയങ്ങളെ സ്പർശിക്കുന്നതുമായ ദൃഷ്ടാന്തങ്ങൾ കണ്ടെത്താൻ ശ്രമം ചെലുത്തണം.
8. യേശു മാതൃകയിലൂടെ പ്രചോദിപ്പിച്ചത് എങ്ങനെ, ഇക്കാര്യത്തിൽ നാം അവനെ എങ്ങനെ അനുകരിച്ചേക്കാം?
8 നമ്മുടെ ദൈവമായ യഹോവയുടെ സേവനത്തിലെ നമ്മുടെ മാതൃകയിലൂടെ നാമെല്ലാം അന്യോന്യം പ്രചോദിപ്പിക്കുന്നവരായിരിക്കട്ടെ. യേശു തീർച്ചയായും തന്റെ കേൾവിക്കാരെ പ്രചോദിപ്പിച്ചു. അവൻ ക്രിസ്തീയ ശുശ്രൂഷയെ സ്നേഹിക്കുകയും ഉയർത്തിപ്പിടിക്കയും ചെയ്തു. അതു തനിക്കു ഭക്ഷണം പോലെയാണെന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 4:34; റോമർ 11:3) അത്തരം ആവേശം മററുള്ളവരിലേക്കു പകരാൻ കഴിയും. അതേപോലെ നിങ്ങളുടെ ശുശ്രൂഷയിലുള്ള സന്തോഷം മററുള്ളവരുടെ മുമ്പാകെ പ്രകടിപ്പിക്കാൻ നിങ്ങൾക്കു സാധിക്കുമോ? ശ്രദ്ധാപൂർവം പൊങ്ങച്ചത്തിന്റെ ധ്വനി ഒഴിവാക്കിക്കൊണ്ട് നിങ്ങൾക്കുണ്ടായ നല്ല അനുഭവങ്ങൾ സഭയിലുള്ള മററുള്ളവരുമായി പങ്കിടുക. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ മററുള്ളവരെ ക്ഷണിക്കുമ്പോൾ നമ്മുടെ മഹദ് സ്രഷ്ടാവായ യഹോവയെപ്പററി മററുള്ളവരോട് ആത്മാർഥമായ സന്തോഷത്തോടെ സംസാരിക്കുന്നതിന് അവരെ സഹായിക്കാൻ കഴിയുമോ എന്നു നോക്കുക.—സദൃശവാക്യങ്ങൾ 25:25.
9. (എ) മററുള്ളവരെ പ്രചോദിപ്പിക്കുന്ന കാര്യത്തിൽ നാം ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ചില രീതികൾ ഏവ, എന്തുകൊണ്ട്? (ബി) യഹോവയുടെ സേവനത്തിൽ സ്വയം സമർപ്പിക്കുന്നതിന് നമ്മെ എന്താണു പ്രേരിപ്പിക്കേണ്ടത്?
9 എങ്കിലും, തെററായ വിധത്തിൽ മററുള്ളവരെ പ്രചോദിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉദാഹരണത്തിന്, നാം അശ്രദ്ധമായി, തങ്ങൾ കൂടുതൽ ചെയ്യുന്നില്ല എന്ന് അവർക്കു തോന്നാൻ ഇടയാക്കിയേക്കാം. കൂടുതൽ സജീവമായി പ്രവർത്തിക്കുന്നവരുമായി അനുചിതമായി തുലനം ചെയ്തുകൊണ്ടു നാം മനഃപൂർവമല്ലാതെ അവരെ ലജ്ജിപ്പിച്ചെന്നു വരാം, അതല്ല, നമുക്കൊപ്പം എത്താത്തവരെപ്രതി നാം കർക്കശമായ നിലവാരം പടുത്തുയർത്തി അവരുടെ മുഖത്തു കരിവാരിത്തേച്ചെന്നുവരാം. ഈ വിധത്തിലുള്ള ഏതൊരു രീതിയും ചുരുങ്ങിയ സമയത്തേക്കു പ്രവർത്തനത്തിനു പ്രചോദിപ്പിച്ചേക്കാം. എന്നാൽ, ‘കുററബോധത്തിനും സൽപ്രവൃത്തികൾക്കും പ്രചോദിപ്പിക്കുക’ എന്നു പൗലോസ് എഴുതിയില്ല. പകരം, നാം സ്നേഹത്തിനു പ്രചോദിപ്പിക്കണം, അങ്ങനെയാകുമ്പോൾ സദുദ്ദേശ്യത്തോടെയുള്ള പ്രവൃത്തികൾ പിന്തുടരും. പ്രതീക്ഷകൾക്കൊത്ത് ഉയരാത്തതുമൂലം തന്നെപ്പററി സഭയിലുള്ള മററുള്ളവർ എന്തു വിചാരിക്കുമെന്ന ചിന്തയായിരിക്കരുത് ഒരുവനെ പ്രചോദിപ്പിക്കുന്ന മുഖ്യ ഘടകം.—താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 9:6, 7.
10. നാം മററുള്ളവരുടെ വിശ്വാസത്തിൻമേൽ കർത്തൃത്വം നടത്തുന്നവർ അല്ല എന്ന് ഓർമിക്കേണ്ടതെന്തുകൊണ്ട്?
10 അന്യോന്യം പ്രചോദിപ്പിക്കുകയെന്നാൽ അന്യോന്യം നിയന്ത്രിക്കുകയെന്ന് അർഥമാക്കുന്നില്ല. തനിക്കു ദൈവദത്ത അധികാരമെല്ലാം ലഭിച്ചിട്ടും അപ്പോസ്തലനായ പൗലോസ് കൊരിന്ത്യ സഭയെ, “നിങ്ങളുടെ വിശ്വാസത്തിൻമേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവരല്ല” എന്നു താഴ്മയോടെ ഓർമിപ്പിച്ചു. (2 കൊരിന്ത്യർ 1:24) യഹോവയുടെ സേവനത്തിൽ മററുള്ളവർ എത്രത്തോളം ചെയ്യണമെന്നു നിർണയിക്കുന്നതു നമ്മുടെ തൊഴിലല്ലെന്നും വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് അവരുടെ മനസ്സാക്ഷിയെ നിയന്ത്രിക്കരുതെന്നും നാം അവനെപ്പോലെ താഴ്മയോടെ തിരിച്ചറിയുന്നപക്ഷം നാം ‘അതി നീതിമാനും’ സന്തോഷരഹിതനും കർക്കശനും നിഷേധാത്മക ചിന്തയുള്ളവനും നിയമത്തിൽ കടിച്ചുതൂങ്ങുന്നവനും ആയിരിക്കുന്നത് ഒഴിവാക്കും. (സഭാപ്രസംഗി 7:16) അത്തരം ഗുണങ്ങൾ പ്രചോദിപ്പിക്കുന്നില്ല; മറിച്ച് മർദിക്കുകയാണു ചെയ്യുന്നത്.
11. ഇസ്രായേല്യരുടെ തിരുനിവാസ നിർമാണത്തിനു സംഭാവനചെയ്യാൻ പ്രേരണയേകിയതെന്ത്, അതു നമ്മുടെ നാളിൽ സത്യമായേക്കാവുന്നത് എങ്ങനെ?
11 യഹോവയുടെ സേവനത്തിലുള്ള നമ്മുടെ ശ്രമങ്ങളെല്ലാം, തിരുനിവാസം പണിയുന്നതിനു സംഭാവനകൾ ആവശ്യമായിരുന്നപ്പോൾ പുരാതന ഇസ്രായേലിൽ നിലനിന്നിരുന്ന അതേ മനോഭാവത്തോടെ ചെയ്യാൻ നാം ആഗ്രഹിക്കും. “ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പര്യവും തോന്നിയവൻ എല്ലാം . . . യഹോവെക്കു വഴിപാടു കൊണ്ടുവന്നു” എന്നു പുറപ്പാടു 35:21-ൽ നാം വായിക്കുന്നു. അവർ പുറമേനിന്നുള്ള പ്രേരണനിമിത്തമല്ല മറിച്ച്, ഉൾപ്രേരണയാൽ, ഹൃദയത്തിൽനിന്ന്, നിർബന്ധിതരാവുകയാണുണ്ടായത്. വാസ്തവത്തിൽ ഇവിടെ, ‘ഹൃദയം ഉയർത്തപ്പെട്ട എല്ലാവരും’ അത്തരം സമ്മാനങ്ങൾ നൽകിയെന്ന് എബ്രായ ഭാഷയിൽ അക്ഷരാർഥത്തിൽ വായിക്കുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) തൻമൂലം, മേലിൽ നാം ഒരുമിച്ചായിരിക്കുമ്പോഴെല്ലാം നമ്മുടെ ഹൃദയങ്ങൾ അന്യോന്യം ഉയർത്തുന്നതിനു നമുക്കു ശ്രമം ചെലുത്താം. ബാക്കി യഹോവയുടെ ആത്മാവിനു ചെയ്യാൻ കഴിയും.
‘അന്യോന്യം പ്രോത്സാഹിപ്പിക്കുക’
12. (എ) “പ്രോത്സാഹിപ്പിക്കുക” എന്നു തർജമചെയ്തിരിക്കുന്ന ഗ്രീക്കു പദത്തിന്റെ ചില അർഥങ്ങൾ ഏവ? (ബി) ഇയ്യോബിന്റെ സുഹൃത്തുക്കൾ അവനെ പ്രോത്സാഹിപ്പിക്കാൻ പരാജയപ്പെട്ടതെങ്ങനെ? (സി) അന്യോന്യം വിധിക്കുന്നതിൽനിന്നു നാം അകന്നുനിൽക്കേണ്ടത് എന്തുകൊണ്ട്?
12 നാം ‘അന്യോന്യം പ്രോത്സാഹിപ്പിക്ക’ണം എന്ന് എഴുതിയപ്പോൾ പാരാക്കലിയോ [pa·ra·ka·leʹo] എന്ന ഗ്രീക്കു പദത്തിന്റെ ഒരു രൂപമാണ് പൗലോസ് ഉപയോഗിച്ചത്. അതിന് ‘ശക്തിപ്പെടുത്താൻ, സാന്ത്വനപ്പെടുത്താൻ’ എന്ന് അർഥമാക്കാൻ കഴിയും. ഗ്രീക്കു സെപ്ററുവജിൻറ് വേർഷനിൽ ഇയ്യോബ് 29:25-ൽ ഒരുവനെ സാന്ത്വനപ്പെടുത്തുന്നവൻ എന്നനിലയിൽ ഇയ്യോബിനെ വർണിക്കവേ ഇതേ പദമാണ് ഉപയോഗിച്ചത്. ഇയ്യോബ് തന്നെയും കഠിനമായ ക്ലേശത്തിൻകീഴിലായിരുന്നപ്പോൾ അവന് അത്തരമൊരു സാന്ത്വനവും ലഭിച്ചില്ലെന്നതു വിരോധാഭാസംതന്നെ. അവന്റെ മൂന്ന് “ആശ്വാസകർ” അവനെ ന്യായം വിധിക്കുന്നതിലും അവനു ഭാഷണം നൽകുന്നതിലും വളരെ തിരക്കുള്ളവരായിരുന്നതിനാൽ അവനെ മനസ്സിലാക്കുന്നതിലും അവനോടു സമാനുഭാവം പ്രകടിപ്പിക്കുന്നതിലും പരാജയപ്പെട്ടു. വാസ്തവത്തിൽ, അവരുടെ സംസാരത്തിൽ ഒരിക്കൽപ്പോലും അവർ ഇയ്യോബിനെ പേരുവിളിച്ച് അഭിസംബോധന ചെയ്തില്ല. (വിപരീത താരതമ്യം ചെയ്യുക: ഇയ്യോബ് 33:1, 31) അവർ അവനെ ഒരു വ്യക്തി എന്നതിനെക്കാൾ ഒരു പ്രശ്നമായാണു വീക്ഷിച്ചത്. “എനിക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ” എന്ന് ഇയ്യോബ് ഭഗ്നാശനായി അവരോടു പറഞ്ഞതിൽ ഒട്ടും അതിശയിക്കാനില്ല. (ഇയ്യോബ് 16:4) അതേപോലെ ഇന്ന്, നിങ്ങൾ ഒരാളെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ സമാനുഭാവം പ്രകടിപ്പിക്കുക! ന്യായം വിധിക്കരുത്. റോമർ 14:4 പറയുന്നതുപോലെ “മറെറാരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്ത യജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ.”
13-14. (എ) നമ്മുടെ സഹോദരീസഹോദരൻമാരെ ആശ്വസിപ്പിക്കുമ്പോൾ അടിസ്ഥാനപരമായ ഏതു സത്യം അവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമുണ്ട്? (ബി) ദാനിയേൽ ഒരു ദൂതനാൽ എങ്ങനെ ശക്തനാക്കപ്പെട്ടു?
13 പാരാക്കലിയോയുടെ ഒരു രൂപവും അതിനോടുബന്ധപ്പെട്ട നാമവും 2 തെസ്സലൊനീക്യർ 2:16, 17-ൽ ‘ആശ്വാസം’ എന്നു തർജമ ചെയ്യപ്പെട്ടിരിക്കുന്നു: “നമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.” യഹോവ നമ്മെ സ്നേഹിക്കുന്നു എന്ന അടിസ്ഥാന സത്യവുമായി നമ്മുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്നുവെന്ന ചിന്താഗതിയെ പൗലോസ് ബന്ധപ്പെടുത്തുന്നുവെന്നതു ശ്രദ്ധിക്കുക. അതുകൊണ്ട്, ആ സുപ്രധാന സത്യത്തിന് ഉറപ്പുവരുത്തിക്കൊണ്ട് നാം അന്യോന്യം പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നവരായിരിക്കട്ടെ.
14 ഒരു സന്ദർഭത്തിൽ പ്രവാചകനായ ദാനിയേൽ താൻ കണ്ട ഭീതിജനകമായ ഒരു ദർശനത്താൽ സംഭ്രാന്തനായി ഇങ്ങനെ പറഞ്ഞു: “എന്നിൽ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി.” ദൈവത്തിന്റെ ദൃഷ്ടിയിൽ “പ്രിയ”പ്പെട്ടവനാണു ദാനിയേൽ എന്നു യഹോവ അയച്ച ഒരു ദൂതൻ അവനെ പലപ്രാവശ്യം ഓർപ്പിച്ചു. ഫലമോ? “നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ” എന്നു ദാനിയേൽ ദൂതനോടു പറഞ്ഞു.—ദാനീയേൽ 10:8, 11, 19.
15. മൂപ്പൻമാരും സഞ്ചാരമേൽവിചാരകൻമാരും പ്രശംസയെ തിരുത്തലുമായി എങ്ങനെ സമനിലയിൽ നിർത്തണം?
15 മററുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറെറാരു വിധമിതാ. അവരെ പ്രശംസിക്കുക! കർക്കശ വിമർശന മനോഭാവത്തിലേക്കു വഴുതിവീഴുന്നതു വളരെ എളുപ്പമാണ്. തിരുത്തൽ, പ്രത്യേകിച്ചും മൂപ്പൻമാരുടെയും സഞ്ചാര മേൽവിചാരകൻമാരുടെയും പക്കൽനിന്ന്, ആവശ്യമുള്ള സമയങ്ങളുണ്ടെന്നതു ശരിതന്നെ. എന്നാൽ ന്യായംവിധിക്കുന്ന ഒരു മനോഭാവത്തിനു പകരം ഊഷ്മളമായ പ്രോത്സാഹനത്തെപ്രതി അവർ ഓർമിപ്പിക്കപ്പെടുന്നുവെങ്കിൽ അത് അവർക്കു പ്രയോജനം ചെയ്യും.
16. (എ) വിഷാദമഗ്നരെ പ്രോത്സാഹിപ്പിക്കുമ്പോൾ യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ കേവലം അവരെ പ്രേരിപ്പിക്കുന്നതു മിക്കപ്പോഴും മതിയായിരിക്കുന്നില്ലാത്തത് എന്തുകൊണ്ട്? (ബി) ഏലിയാവ് വിഷാദമഗ്നനായിരുന്നപ്പോൾ യഹോവ അവനെ എങ്ങനെയാണു സഹായിച്ചത്?
16 വിഷാദമഗ്നർക്കു പ്രത്യേകിച്ചും പ്രോത്സാഹനത്തിന്റെ ആവശ്യമുണ്ട്. കൂടാതെ, സഹക്രിസ്ത്യാനികൾ എന്നനിലയിൽ—മൂപ്പൻമാരാണെങ്കിൽ വിശേഷിച്ചും—നാം സഹായത്തിനുള്ള ഒരു ഉറവായിരിക്കാൻ യഹോവ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നുണ്ട്. (സദൃശവാക്യങ്ങൾ 21:13) നമുക്ക് എന്തു ചെയ്യാൻ കഴിയും? യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യുക എന്നു പറയുന്നപോലെ അത്ര ലളിതമാണെന്നുവരില്ല ഉത്തരം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ തങ്ങൾ മതിയായ അളവിൽ ചെയ്യാത്തതിന്റെ ഫലമാണു വിഷാദം എന്ന് അവർക്കു തോന്നാൻ അത് ഇടയാക്കിയേക്കാം. മിക്കപ്പോഴും അതല്ല കാര്യം. പ്രവാചകനായ ഏലിയാവ് താൻ ഒന്നു മരിച്ചാൽ മതിയെന്നു തോന്നത്തക്കവണ്ണം ഒരിക്കൽ വിഷാദമഗ്നനായി; എന്നാൽ യഹോവയുടെ സേവനത്തിൽ അത്യന്തം തിരക്കുള്ള ഒരു സമയത്താണ് അവന് അങ്ങനെ അനുഭവപ്പെട്ടത്. യഹോവ അവനോടു പെരുമാറിയത് എങ്ങനെയാണ്? പ്രായോഗിക സഹായം നൽകുന്നതിന് അവൻ ഒരു ദൂതനെ അയച്ചു. തന്റെ മരിച്ചുപോയ പൂർവപിതാക്കൻമാരെപ്പോലെ താൻ വിലയില്ലാത്തവനായി തനിക്കു തോന്നുന്നുവെന്നും തന്റെ വേലയെല്ലാം വ്യർഥമായെന്നും താൻ തികച്ചും ഏകനാണെന്നും വെളിപ്പെടുത്തിക്കൊണ്ട് ഏലിയാവ് തന്റെ ആഴമായ ഹൃദയ വികാരങ്ങൾ യഹോവയുടെ മുമ്പാകെ തുറന്നുവച്ചു. യഹോവ ശ്രദ്ധിച്ചുകേട്ടു, ഭയവിഹ്വലമായ തന്റെ ശക്തി പ്രദർശിപ്പിച്ചുകൊണ്ട്, അവൻ തീർച്ചയായും ഒററയ്ക്കല്ലെന്നും അവൻ തുടങ്ങിവെച്ചവേല പൂർത്തിയാക്കുമെന്നുമുള്ള ഉറപ്പുനൽകിക്കൊണ്ട്, യഹോവ അവനെ ആശ്വസിപ്പിച്ചു. ക്രമേണ തനിക്കുശേഷം തന്റെ പിൻഗാമിയായിത്തീരുന്ന ഒരു സുഹൃത്തിനെ പരിശീലിപ്പിക്കുന്നതിന് നൽകുമെന്നും യഹോവ ഏലിയാവിനോടു വാഗ്ദാനം ചെയ്തു.—1 രാജാക്കൻമാർ 19:1-21.
17. തന്നോടുതന്നെ അത്യന്തം പരുഷമായിരിക്കുന്ന ഒരുവനെ ഒരു മൂപ്പൻ എങ്ങനെ പ്രോത്സാഹിപ്പിച്ചേക്കാം?
17 എത്ര പ്രോത്സാഹജനകം! നമ്മുടെയിടയിൽ വൈകാരികമായി കുഴഞ്ഞിരിക്കുന്നവരെ നമുക്കും അതുപോലെ പ്രോത്സാഹിപ്പിക്കാം. അവർക്കു ചെവിചായ്ച്ചുകൊണ്ട് അവരെ മനസ്സിലാക്കാൻ ശ്രമിക്കുക. (യാക്കോബ് 1:19) അവരുടെ വ്യക്തിപരമായ ആവശ്യത്തിനുതകുന്ന തിരുവെഴുത്തധിഷ്ഠിതമായ ആശ്വാസം പ്രദാനം ചെയ്യുക. (സദൃശവാക്യങ്ങൾ 25:11; 1 തെസ്സലൊനീക്യർ 5:14) തങ്ങളോടുതന്നെ അത്യന്തം പരുഷമായിരിക്കുന്നവരെ മൂപ്പൻമാർക്കു പ്രോത്സാഹിപ്പിക്കാവുന്നതാണ്. യഹോവ സ്നേഹിക്കുകയും വിലകൽപ്പിക്കുകയും ചെയ്യുന്നുവെന്നതിന്റെ തിരുവെഴുത്തു തെളിവുകൾ അവർക്കു ദയാപുരസ്സരം നൽകാവുന്നതാണ്.a മറുവിലയെപ്പററി ചർച്ച നടത്തുന്നത്, ഒന്നിനും കൊള്ളുകയില്ലെന്ന തോന്നലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു മാധ്യമമായിരിക്കാൻ കഴിയും. കഴിഞ്ഞകാല പാപത്തെപ്പററി ദുഃഖിക്കുന്ന ഒരുവനെ, അയാൾ യഥാർഥമായി അനുതപിക്കുകയും അത്തരം പ്രവൃത്തികളിൽനിന്നു പൂർണമായി അകന്നു നിൽക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ മറുവില അയാളെ കഴുകിവെടിപ്പാക്കിയിരിക്കുന്നുവെന്നു കാണിച്ചുകൊടുക്കേണ്ടതുണ്ട്.—യെശയ്യാവു 1:18.
18. ബലാൽസംഗത്തിന്റെ കാര്യത്തിലെന്നപോലെ മറെറാരുവന് ബലിയാടായ ഒരാളെ പ്രോത്സാഹിപ്പിക്കുന്നതിനു മറുവിലയെപ്പററിയുള്ള പഠിപ്പിക്കൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്?
18 ഉൾപ്പെട്ടിരിക്കുന്ന വിഷയം നന്നായി പഠിപ്പിക്കാൻ കഴിയേണ്ടതിനു മൂപ്പൻ ആ വിഷയത്തിനു നല്ല ശ്രദ്ധ നൽകും. ഒരു ഉദാഹരണം പരിചിന്തിക്കുക: ക്രിസ്തുവിന്റെ മറുവിലയാഗം സകല പാപങ്ങളുടെയും പാപപരിഹാരത്തിന് ആവശ്യമായിരുന്ന മോശൈക ന്യായപ്രമാണത്തിലെ മൃഗബലിയാൽ മുൻനിഴലാക്കിയിരുന്നു. (ലേവ്യപുസ്തകം 4:27, 28) എന്നുവരികിലും, ബലാൽസംഗത്തിന് ഇരയായ ഒരാൾ പാപയാഗം നടത്തണമെന്ന യാതൊരു നിബന്ധനയുമില്ലായിരുന്നു. അവളെ ശിക്ഷിക്കുന്നതിന് “ഒന്നും ചെയ്യരുത്” എന്നു ന്യായപ്രമാണം അനുശാസിച്ചിരുന്നു. (ആവർത്തനപുസ്തകം 22:25-27) അതുകൊണ്ട്, ഇന്ന് ഒരു സഹോദരി ആക്രമിക്കപ്പെടുകയും ബലാൽസംഗത്തിനിരയാകുകയും, അത് അവളിൽ താൻ അശുദ്ധയും ഒന്നിനും കൊള്ളാത്തവളുമാണെന്ന തോന്നൽ ഉളവാക്കുകയും ചെയ്യുന്നപക്ഷം, ആ പാപത്തിൽനിന്നു തന്നെ കഴുകിവെടുപ്പാക്കുവാൻ അവൾക്കു മറുവിലയുടെ ആവശ്യമുണ്ടെന്ന് ഊന്നിപ്പറയുന്നത് ഉചിതമായിരിക്കുമോ? തീർച്ചയായും അല്ല. ആക്രമിക്കപ്പെട്ടതിൽ അവൾ പാപം ചെയ്തില്ല. ബലാൽസംഗക്കാരനാണു പാപം ചെയ്തത്, അയാളാണു പാപം കഴുകിവെടുപ്പാക്കേണ്ടത്. എന്നിരുന്നാലും, മറുവില പ്രദാനം ചെയ്യുന്നതിൽ യഹോവയും ക്രിസ്തുവും കാണിച്ച സ്നേഹം, മറെറാരാളുടെ പാപം നിമിത്തം അവൾ ദൈവദൃഷ്ടിയിൽ കളങ്കപ്പെട്ടിട്ടില്ല മറിച്ച്, അവൾ യഹോവക്കു വിലയേറിയവളും അവന്റെ സ്നേഹത്തിൽ നിലകൊള്ളുന്നവളുമാണ് എന്നതിന്റെ തെളിവായി ഉപയോഗിക്കാവുന്നതാണ്.—താരതമ്യം ചെയ്യുക: മർക്കൊസ് 7:18-23; 1 യോഹന്നാൻ 4:16.
19. നമ്മുടെ സഹോദരീസഹോദരൻമാരുമായുള്ള എല്ലാ സഹവാസവും പ്രോത്സാഹജനകമായിരിക്കുമെന്നു നാം പ്രതീക്ഷിക്കരുതാത്തത് എന്തുകൊണ്ട്, എന്നാൽ നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
19 അതേ, ഒരു വ്യക്തിയുടെ ജീവിത ചുററുപാടുകൾ എന്തുതന്നെയായിരുന്നാലും, എത്രതന്നെ വേദനാജനകമായ സാഹചര്യങ്ങൾ അയാളുടെ കഴിഞ്ഞകാലത്തെ ഇരുട്ടിലാഴ്ത്തിയിരുന്നാലും, യഹോവയുടെ ജനത്തിന്റെ സഭയിൽ പ്രോത്സാഹനം കണ്ടെത്താൻ അയാൾക്കു കഴിയണം. നാം ഒന്നിച്ചുകൂടുമ്പോഴെല്ലാം വ്യക്തിപരമായി അന്യോന്യം പരിഗണന കാണിക്കുകയും അന്യോന്യം പ്രചോദിപ്പിക്കുകയും അന്യോന്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നപക്ഷം അയാൾ അതു കണ്ടെത്തുകതന്നെ ചെയ്യും. അപൂർണരെന്ന നിലയിൽ നാമെല്ലാം അപ്രകാരം ചെയ്യുന്നതിൽ ചിലപ്പോഴൊക്കെ പരാജയപ്പെടുന്നു. നാം ഇടയ്ക്കെല്ലാം അന്യോന്യം നിരാശപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ മററുള്ളവരുടെ വീഴ്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാൻ ശ്രമിക്കുക. നിങ്ങൾ പോരായ്മകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നെങ്കിൽ സഭയെപ്പററി അമിത വിമർശനമനോഭാവം ഉള്ളവരായിത്തീരാനിടയുണ്ട്. കൂടാതെ, കൂടിവരവുകൾ ഉപേക്ഷിക്കുക എന്ന കെണിയിൽ അകപ്പെട്ടെന്നുപോലും വരാം, ആ കെണിയിൽ അകപ്പെടാതിരിക്കേണ്ടതിനു നമ്മെ സഹായിക്കാൻ പൗലോസ് അത്യന്തം ഉത്സുകനായിരുന്നു. അതു നമുക്ക് ഒരിക്കലും സംഭവിക്കാതിരിക്കട്ടെ! ഈ പഴയ വ്യവസ്ഥിതി എന്നത്തെക്കാളധികം അപകടകരവും ക്ലേശകരവും ആയിക്കൊണ്ടിരിക്കെ, യോഗങ്ങളിൽ നമ്മുടെ സഹവാസം പരിപുഷ്ടിപ്പെടുത്താൻ നമുക്കു നിശ്ചയദാർഢ്യമുള്ളവരായിരിക്കാം, പ്രത്യേകിച്ചും യഹോവയുടെ ദിവസം സമീപിക്കുന്നു എന്നു നാം കാണുമ്പോൾ!
[അടിക്കുറിപ്പുകൾ]
a അത്തരം വ്യക്തിയോടൊത്ത് ഒരു മൂപ്പൻ പ്രോത്സാഹജനകമായ വീക്ഷാഗോപുരവും ഉണരുക!യും പഠിച്ചേക്കാം—ദൃഷ്ടാന്തത്തിന്, “നിങ്ങൾ അനർഹദയയിൽനിന്നു പ്രയോജനമനുഭവിക്കുമോ?,” “വിഷാദത്തിനെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കൽ.”—1990 ഫെബ്രുവരി 15-ലെയും മാർച്ച് 1-ലെയും വീക്ഷാഗോപുരം (ഇംഗ്ലീഷ്).
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
◻ ഈ അന്ത്യനാളുകളിൽ നമ്മുടെ യോഗങ്ങളും സഹവാസവും പ്രോത്സാഹജനകമായിരിക്കേണ്ടത് ജീവത്പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
◻ അന്യോന്യം പരിഗണന കാണിക്കുക എന്നാൽ എന്താണർഥമാക്കുന്നത്?
◻ അന്യോന്യം പ്രചോദിപ്പിക്കുക എന്നാൽ എന്താണർഥമാക്കുന്നത്?
◻ അന്യോന്യം പ്രോത്സാഹിപ്പിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
◻ വിഷാദമഗ്നരെയും ഹൃദയം തകർന്നവരെയും എങ്ങനെ പ്രോത്സാഹിപ്പിക്കാനാവും?
[16-ാം പേജിലെ ചിത്രം]
അന്യോന്യം മെച്ചമായി അറിയുവാൻ അതിഥിസത്കാരം നമ്മെ സഹായിക്കുന്നു
[18-ാം പേജിലെ ചിത്രം]
ഏലിയാവ് വിഷാദമഗ്നനായിരുന്നപ്പോൾ യഹോവ ദയാപുരസ്സരം അവനെ ആശ്വസിപ്പിച്ചു