“നീതി ചെയ്യുന്നതിൽനിന്ന് പിൻമാറരുത്”
രണ്ടു തെസ്സലോനീക്യരിൽനിന്നുള്ള സവിശേഷാശയങ്ങൾ
മാസിഡോണിയൻ നഗരമായ തെസ്സലോനീക്യയിലെ ക്രിസ്ത്യാനികളോടുള്ള അപ്പോസ്തലനായ പൗലോസിന്റെ പരിഗണന ക്രി.വ. ഉദ്ദേശം 51-ാം ആണ്ടിൽ അവർക്കുള്ള തന്റെ രണ്ടാമത്തെ ലേഖനം എഴുതുന്നതിന് അവനെ പ്രേരിപ്പിച്ചു. സഭയിലെ ചിലർ യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യം ആസന്നമായിരുന്നുവെന്ന് തെററായി പറഞ്ഞിരുന്നു. ഒരുപക്ഷേ പൗലോസ് എഴുതിയെന്ന് തെററിദ്ധരിച്ച ഒരു എഴുത്ത് “യഹോവയുടെ ദിവസം” വന്നെത്തിയെന്ന് സൂചിപ്പിക്കത്തക്കവണ്ണം വ്യാഖ്യാനിക്കപ്പെട്ടിരുന്നു.—2 തെസ്സലോനീക്യർ 2:1, 2.
അതുകൊണ്ട് തെസ്സലോനീക്യയിലെ ചിലരുടെ ചിന്തയെ ക്രമീകരിക്കേണ്ടതാവശ്യമായിരുന്നു. പൗലോസ് തന്റെ രണ്ടാമത്തെ ലേഖനത്തിൽ വിശ്വാസത്തിലുള്ള അവരുടെ വളർച്ചക്കും വർദ്ധിച്ച സ്നേഹത്തിനും വിശ്വസ്തമായ സഹിഷ്ണുതക്കും വേണ്ടി അവരെ അഭിനന്ദിച്ചു. എന്നാൽ യേശുവിന്റെ സാന്നിദ്ധ്യത്തിനുമുമ്പ് വിശ്വാസത്യാഗം വരും എന്നും അവൻ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് ഭാവിയിൽ പ്രയാസകരമായ സമയങ്ങൾ വരാനിരുന്നു, അപ്പോസ്തലന്റെ ലേഖനം, “നീതി ചെയ്യുന്നതിൽനിന്നു പിൻമാറരുത്” എന്ന തന്റെ ബുദ്ധിയുപദേശം പിൻപററുന്നതിന് അവരെ സഹായിച്ചു. (2 തെസ്സലോനീക്യർ 3:13) പൗലോസിന്റെ വാക്കുകൾക്ക് അതേ വിധത്തിൽതന്നെ നമ്മെയും സഹായിക്കാൻ കഴിയും.
ക്രിസ്തുവിന്റെ വെളിപ്പാടും സാന്നിദ്ധ്യവും
പൗലോസ് ആദ്യം ഉപദ്രവത്തിൽനിന്നുള്ള വിടുതലിനെക്കുറിച്ച് സംസാരിച്ചു. (1:1-12) ഇത് “കർത്താവായ യേശുവിന്റെ വിശുദ്ധദൂതൻമാരുമായുള്ള സ്വർഗ്ഗത്തിൽനിന്നുള്ള വെളിപ്പാടിങ്കൽ” വരും. അപ്പോൾ സുവാർത്ത അനുസരിക്കാത്തവർക്ക് നിത്യനാശം കൈവരുത്തപ്പെടും. നാം പീഡിപ്പിക്കുന്നവരുടെ കൈയാൽ ഉപദ്രവം സഹിക്കുമ്പോൾ ഇത് ഓർമ്മിക്കുന്നത് നമുക്ക് ആശ്വാസം പ്രദാനം ചെയ്യുന്നതാണ്.
അടുത്തതായി, ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിനു മുമ്പ് “അധർമ്മ മനുഷ്യൻ” വെളിപ്പെടുത്തപ്പെടുമെന്ന് പൗലോസ് ചൂണ്ടിക്കാട്ടി. (2:1-17) “യഹോവയുടെ ദിവസം” വന്നുകഴിഞ്ഞുവെന്നു സൂചിപ്പിക്കുന്ന ഏതെങ്കിലും ദൂതാൽ തെസ്സലോനീക്യർ ആവേശിതരാകരുതായിരുന്നു. ആദ്യമായി, വിശ്വാസത്യാഗം സംഭവിക്കുകയും അധർമ്മമനുഷ്യൻ വെളിപ്പെടുത്തപ്പെടുകയും ചെയ്യുമായിരുന്നു. അതിനുശേഷം, യേശു തന്റെ സാന്നിദ്ധ്യത്തിന്റെ പ്രത്യക്ഷതയിങ്കൽ അവനെ നാസ്തിയാക്കും. ഇതിനിടയിൽ, ദൈവവും ക്രിസ്തുവും തെസ്സലോനീക്യരുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കാനും അവരെ “സകല സൽപ്രവൃത്തിയിലും വാക്കിലും ഉറച്ചവരാ”ക്കാനും പൗലോസ് പ്രാർത്ഥിച്ചു.
ക്രമം കെട്ടവരോട് ഇടപെടൽ
പൗലോസിന്റെ കൂടുതലായ വാക്കുകളിൽ ക്രമംകെട്ട വ്യക്തികളോട് ഇടപെടുന്നതുസംബന്ധിച്ച നിർദ്ദേശങ്ങൾ ഉൾപ്പെട്ടിരുന്നു. (3:1-18) കർത്താവ് തെസ്സലോനീക്യരെ ശക്തീകരിക്കുമെന്നും ദുഷ്ടനായ പിശാചായ സാത്താനിൽനിന്ന് അവരെ സംരക്ഷിക്കുമെന്നുമുള്ള ഉറപ്പ് അവൻ പ്രകടമാക്കി. എന്നാൽ അവർ തങ്ങളുടെ ആത്മീയ പ്രയോജനത്തിനുവേണ്ടി നടപടികൾ സ്വീകരിക്കണമായിരുന്നു. അവർ ക്രമംകെട്ടവരിൽനിന്ന്, തങ്ങളെ ബാധിക്കാത്ത കാര്യങ്ങളിൽ തലയിടുകയും വേലചെയ്യാൻ മടിക്കുകയും ചെയ്യുന്നവരിൽനിന്ന്, അകന്നുമാറണമായിരുന്നു. “ആരെങ്കിലും വേല ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവർ തിന്നാതെയുമിരിക്കട്ടെ” എന്ന് പൗലോസ് പറഞ്ഞു. അങ്ങനെയുള്ളവരെ നോട്ടപ്പുള്ളികളാക്കണമായിരുന്നു. അവരുമായി സൗഭ്രാത്രം പാടില്ലായിരുന്നു, എന്നിരുന്നാലും, സഹോദരങ്ങൾ എന്ന നിലയിൽ അവരെ ബുദ്ധിയുപദേശിക്കണമായിരുന്നു. വിശ്വസ്തരായ തെസ്സലോനീക്യക്രിസ്ത്യാനികൾ നീതിചെയ്യുന്നതിൽ നിന്നു പിൻമാറരുതായിരുന്നു, കർത്താവായ യേശുക്രിസ്തുവിന്റെ അനർഹദയ അവരോടെല്ലാവരോടുംകൂടെയിരിക്കാൻ പൗലോസ് ആഗ്രഹിച്ചു.
തെസ്സലോനീക്യർക്കുള്ള പൗലോസിന്റെ രണ്ടാമത്തെ ലേഖനം സുവാർത്ത അനുസരിക്കാത്തവരുടെമേൽ ക്രിസ്തുവും അവന്റെ ദൂതൻമാരും പ്രതികാരം നടത്തുമ്പോൾ തങ്ങളുടെ ക്ലേശങ്ങളിൽനിന്നുള്ള മോചനം ലഭിക്കുമെന്നുള്ള ഉറപ്പ് യഹോവയുടെ സാക്ഷികൾക്കു നൽകുന്നു. “അധർമ്മ മനുഷ്യനും” (ക്രൈസ്തവലോകത്തിലെ വൈദികവർഗ്ഗം) സകല വ്യാജമതവും പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടുമെന്നുള്ള അറിവും വിശ്വാസത്തെ ശക്തീകരിക്കുന്നതാണ്. ഇതിനിടയിൽ, നീതി ചെയ്യുന്നതിൽനിന്ന് പിൻമാറരുതെന്നുള്ള പൗലോസിന്റെ ബുദ്ധിയുപദേശം നമുക്കനുസരിക്കാം. (w91 1⁄15)
[32-ാം പേജിലെ ചതുരം/ചിത്രം]
യഹോവയുടെ വചനം സത്വരം നീങ്ങുന്നു: “യഹോവയുടെ വചനം സത്വരം നീങ്ങിക്കൊണ്ടിരിക്കാനും [“ഓടേണ്ടതിന്”] യഥാർത്ഥത്തിൽ നിങ്ങളിലെന്നപോലെ മഹത്വീകരിക്കപ്പെടാനും പ്രാർത്ഥന നടത്തുക” എന്ന് പൗലോസ് എഴുതി. (2 തെസ്സലോനീക്യർ 3:1; രാജ്യവരിമദ്ധ്യഭാഷാന്തരം) ഓട്ടക്കാർ ഒരു മത്സരയോട്ടത്തിൽ ശീഘ്രം നീങ്ങുന്നതിനെ അപ്പോസ്തലൻ പരാമർശിക്കുകയാണെന്ന് ചില പണ്ഡിതൻമാർ സൂചിപ്പിച്ചിട്ടുണ്ട്. അത് അനിശ്ചിതമായിരിക്കെ, താനും തന്റെ സഹപ്രവർത്തകരും അടിയന്തിരമായും നിർബാധവും സത്യത്തിന്റെ വചനം വ്യാപിപ്പിക്കേണ്ടതിന് പൗലോസ് തെസ്സലോനിക്യക്രിസ്ത്യാനികളുടെ പ്രാർത്ഥനകൾക്കപേക്ഷിച്ചു. അങ്ങനെയുള്ള പ്രാർത്ഥനകൾക്ക് ദൈവം ഉത്തരമരുളുന്നതുകൊണ്ട്, ഈ അവസാനനാളുകളിൽ അടിയന്തിരമായി സുവാർത്ത പ്രസംഗിക്കപ്പെടുമ്പോൾ അവന്റെ വചനം “സത്വരം നീങ്ങു”ന്നുണ്ട്. യഹോവയുടെ വചനം “മഹത്വീകരിക്കപ്പെടുന്നു”മുണ്ട്, അതു സ്വീകരിച്ച തെസ്സലോനീക്യക്കാരുടെ ഇടയിൽ എന്നപോലെ, “രക്ഷക്കുള്ള ദൈവശക്തി”യെന്ന നിലയിൽ വിശ്വാസികളാൽ അത്യധികം വിലമതിക്കപ്പെടുകയും ചെയ്യുന്നു. (റോമർ 1:16; 1 തെസ്സലോനീക്യർ 2:13) ദൈവം രാജ്യപ്രഘോഷകരെ അനുഗ്രഹിക്കുന്നതിലും തന്റെ ആരാധകരുടെ അണികളെ സത്വരം വർദ്ധിപ്പിക്കുന്നതിലും നാം എത്ര സന്തോഷമുള്ളവരാണ്!—യെശയ്യാവ് 60:22.