4 സംശയങ്ങൾ ദൂരികരിക്കുക
“അൽപ്പവിശ്വാസിയേ, നീ എന്തിനു സംശയിച്ചു?” —മത്തായി 14:31.
പ്രതിബന്ധം: യേശുവിന്റെ ശിഷ്യന്മാർക്കുപോലും ചിലപ്പോഴൊക്കെ സംശയങ്ങളുണ്ടായിട്ടുണ്ട്. (മത്തായി 14:30; ലൂക്കോസ് 24:36-39; യോഹന്നാൻ 20:24, 25) വിശ്വാസമില്ലായ്മയെ ‘മുറുകെച്ചുറ്റുന്ന പാപം’ എന്നാണ് ബൈബിൾ വിശേഷിപ്പിക്കുന്നത്. (എബ്രായർ 12:1) “വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ” എന്നും അപ്പൊസ്തലനായ പൗലോസ് എഴുതി. (2 തെസ്സലോനിക്യർ 3:2) ഈ ഗുണം പ്രകടിപ്പിക്കാനുള്ള പ്രാപ്തി ചിലർക്ക് ഇല്ലെന്നല്ല അതിനർഥം. വിശ്വാസം വളർത്തിയെടുക്കാൻ അവർ ശ്രമിക്കുന്നില്ല എന്നേയുള്ളൂ. എന്നാൽ അതിന് ശ്രമിക്കുന്നവരെ ദൈവം അനുഗ്രഹിക്കുകതന്നെ ചെയ്യും.
എങ്ങനെ മറികടക്കാം? നിങ്ങളുടെ സംശയത്തിനു പിന്നിലെ കാരണം കണ്ടെത്തുക. ഉദാഹരണത്തിന് തോമാസ് എന്ന ക്രിസ്തുശിഷ്യന്റെ കാര്യമെടുക്കുക. മറ്റു ശിഷ്യന്മാർ ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടതായി അറിയിച്ചെങ്കിലും അവനത് വിശ്വസിച്ചില്ല. തോമാസിനെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാൻ തെളിവുകൾ ആവശ്യമായിരുന്നു. വിശ്വാസം ശക്തിപ്പെടുത്താൻ ആവശ്യമായ തെളിവ് യേശു അവനു നൽകി.—യോഹന്നാൻ 20:24-29.
നമ്മുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ യഹോവയാം ദൈവം ബൈബിളിലൂടെ നൽകിയിട്ടുണ്ട്. ചിലരെ അലട്ടുന്ന ഒരു സംശയത്തെക്കുറിച്ച് നമുക്കിപ്പോൾ ചിന്തിക്കാം. പലർക്കും ദൈവത്തിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നതിന്റെ കാരണം, യുദ്ധത്തിനും രക്തച്ചൊരിച്ചിലിനും ദുരിതത്തിനുമെല്ലാം കാരണക്കാരൻ ദൈവമാണെന്നു കരുതുന്നതുകൊണ്ടാണ്. എന്നാൽ ഇക്കാര്യത്തിൽ ബൈബിൾ നൽകുന്ന വിശദീകരണം എന്താണ്?
ദൈവമല്ല ഭൂമിയെ ഭരിക്കുന്നത്. അദൃശ്യ വ്യക്തിയായ സാത്താനാണ് ഈ “ലോകത്തിന്റെ അധിപതി” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 14:30) ഭൂമിയിലെ സകല രാജ്യങ്ങളും യേശുവിനെ കാണിച്ചുകൊണ്ട് സാത്താൻ പറഞ്ഞു: “ഈ സകല അധികാരവും അവയുടെ മഹത്ത്വവും ഞാൻ നിനക്കു തരാം; എന്തെന്നാൽ ഇതെല്ലാം എനിക്കു നൽകപ്പെട്ടിരിക്കുന്നു; എനിക്ക് ഇഷ്ടമുള്ളവനു ഞാൻ അതു കൊടുക്കുകയും ചെയ്യുന്നു. ആകയാൽ നീ എന്റെ മുമ്പാകെ വീണ് എന്നെയൊന്നു നമസ്കരിച്ചാൽ ഇതെല്ലാം നിന്റേതാകും.” സകല രാജ്യങ്ങളുടെയുംമേൽ അധികാരമുണ്ടെന്ന സാത്താന്റെ അവകാശവാദത്തെ യേശു നിഷേധിച്ചില്ല. അവൻ സാത്താനോടു പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്; അവനെ മാത്രമേ നീ സേവിക്കാവൂ’ എന്ന് എഴുതിയിരിക്കുന്നു.” (ലൂക്കോസ് 4:5-8) ഈ ലോകത്തിലെ ദുരിതങ്ങൾക്കു കാരണക്കാർ സാത്താനും അവന്റെ കീഴിലുള്ള മനുഷ്യ ഗവൺമെന്റുകളുമാണ്, അല്ലാതെ ദൈവമല്ല.—വെളിപാട് 12:9, 12.
കഷ്ടപ്പാടുകൾക്ക് ഇടയാക്കുന്ന സകല കാരണങ്ങളും യഹോവയാം ദൈവം നീക്കംചെയ്യും. മനുഷ്യരെ ഭരിക്കുന്നതിന് ദൈവം ഇതിനോടകംതന്നെ ഒരു രാജ്യത്തിന് അഥവാ ഗവൺമെന്റിന് രൂപംനൽകിയിട്ടുണ്ട്. അത് യേശുക്രിസ്തുവിന്റെ നേതൃത്വത്തിലുള്ള ഒരു ഗവൺമെന്റാണ്. (മത്തായി 6:9, 10; 1 കൊരിന്ത്യർ 15:20-28) ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയായി, ഈ രാജ്യത്തെക്കുറിച്ചുള്ള സുവിശേഷം ഇന്ന് ഭൂമിയിലെമ്പാടും പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. (മത്തായി 24:14) പെട്ടെന്നുതന്നെ ഈ ഗവൺമെന്റ് അതിനെ എതിർക്കുന്ന എല്ലാവരെയും നശിപ്പിച്ചുകളയും; ദുരിതങ്ങൾക്ക് ഇടയാക്കുന്ന സകല കാരണങ്ങളും അത് നീക്കംചെയ്യും.—ദാനീയേൽ 2:44; മത്തായി 25:31-33, 46; വെളിപാട് 21:3, 4.
അനുഗ്രഹങ്ങൾ: സംശയങ്ങൾക്ക് അടിമപ്പെടുന്നവർ “മനുഷ്യരുടെ കൗശലങ്ങളിലും വഴിതെറ്റിക്കുന്ന ഉപായങ്ങളിലും കുടുങ്ങി ഉപദേശങ്ങളുടെ ഓരോ കാറ്റിനാലും അലഞ്ഞുഴലുന്നവരും തിരകളിൽപ്പെട്ടെന്നപോലെ ആടിയുലയുന്നവരും” ആണെന്ന് ബൈബിൾ പറയുന്നു. (എഫെസ്യർ 4:14; 2 പത്രോസ് 2:1) എന്നാൽ, തങ്ങളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ കണ്ടെത്തുന്നവർ ‘വിശ്വാസത്തിൽ ഉറച്ചുനിൽക്കും.’—1 കൊരിന്ത്യർ 16:13.
ദൈവത്തിലുള്ള വിശ്വാസം വളർത്തിയെടുക്കുന്നതിന് തടസ്സമായി നിൽക്കുന്ന സംശയങ്ങൾ നിവാരണംചെയ്യുന്നതിന് നിങ്ങളെ സഹായിക്കാൻ ഈ മാസികയുടെ പ്രസാധകരായ യഹോവയുടെ സാക്ഷികൾ സന്നദ്ധരാണ്. അവരുമായി സഹവസിക്കാനും അവർ പഠിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിച്ചുനോക്കാനും നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അത് ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തും.
കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?a എന്ന പുസ്തകത്തിലെ “ദൈവരാജ്യം എന്താണ്?” എന്ന എട്ടാമത്തെ അധ്യായവും “ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്?” എന്ന 11-ാം അധ്യായവും കാണുക.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[9 പേജിൽ ചിത്രം
തങ്ങളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്തുന്നവരുടെ വിശ്വാസത്തിന് ശക്തമായ അടിസ്ഥാനമുണ്ടായിരിക്കും