ബൈബിളിന്റെ വീക്ഷണം
ബ്രഹ്മചര്യം ക്രിസ്തീയ ശുശ്രൂഷകർക്കുള്ള ഒരു നിബന്ധനയോ?
കൃത്യമായി പറഞ്ഞാൽ, വിവാഹം കഴിക്കാതിരിക്കുന്ന അവസ്ഥയാണു ബ്രഹ്മചര്യം. എന്നിരുന്നാലും ദ ന്യൂ ബ്രിട്ടാനിക്കാ എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച്, ആ പദം “ഒരു മതാധികാരിയോ മതകാര്യങ്ങളിൽ വിദഗ്ധനോ ഒരു മതഭക്തനോ ആയ ബ്രഹ്മചാരിയായ ഒരു വ്യക്തിയോടു ബന്ധപ്പെടുത്തിയാണ് സാധാരണ ഉപയോഗിക്കുന്നത്.” “ഒരു പാവന വ്രതത്തിന്റെയോ പരിത്യജനത്തിന്റെയോ അല്ലെങ്കിൽ ഒരുവന്റെ മതപരമായ സ്ഥാനമോ മതഭക്തിയുടെ അളവോ നിമിത്തം അഭികാമ്യമാണെന്നുള്ള വിശ്വാസത്തിന്റെയോ ഫലമായി അവിവാഹിത അവസ്ഥയിൽ കഴിയുന്നവരെ” സൂചിപ്പിക്കുന്നതാണ് “ബ്രഹ്മചാരി” എന്ന പദം.
മതശുശ്രൂഷകർക്കുള്ള ഒരു നിബന്ധനയായി ചില പ്രമുഖ മതങ്ങൾ ബ്രഹ്മചര്യത്തെ ഏതെങ്കിലും കാലത്തു സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, കത്തോലിക്കാ മതത്തിലേതുപോലെ ക്രൈസ്തവലോകത്തിലെ മറ്റൊരു മതത്തിലും ബ്രഹ്മചര്യം അതിന്റെ മുഖമുദ്രയായിരുന്നിട്ടില്ല. കത്തോലിക്കാ മതത്തിലെ ഈ ബ്രഹ്മചര്യത്തെച്ചൊല്ലി ഇന്ന് വലിയ തർക്കങ്ങൾതന്നെയുണ്ട്. “12-ാം നൂറ്റാണ്ടു മുതൽ കത്തോലിക്കാ പുരോഹിതന്മാർക്കുള്ള ഒരു നിബന്ധനയെന്ന നിലയിലുള്ള നിർബന്ധിത ബ്രഹ്മചര്യം പുതിയവരെ പുരോഹിതവൃത്തിയിലേക്കു കൊണ്ടുവരുന്നതിലും അവരെ അതിൽ നിലനിർത്തുന്നതിലും സഭ നേരിടുന്ന പ്രശ്നങ്ങളുടെ കാതലാണെന്ന് അനേകം സമീപകാല പഠനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു” എന്ന് ദ വിൽസൺ ക്വാർട്ടേർലി അഭിപ്രായപ്പെട്ടു. സാമൂഹിക ശാസ്ത്രജ്ഞനായ റിച്ചാർഡ് എ. ഷ്യോൻഹെർ പറയുന്നപ്രകാരം, “പ്രസക്തമായ ചരിത്ര വസ്തുതകളും സാമൂഹിക പരിവർത്തനവും ബ്രഹ്മചാരികളായ പുരുഷന്മാരെ മാത്രം കത്തോലിക്കാ പൗരോഹിത്യത്തിലേക്ക് എടുക്കുന്നതിന് എതിരായി തിരിയുകയാണ്.” ബ്രഹ്മചര്യം സംബന്ധിച്ച് ബൈബിളിന്റെ വീക്ഷണം എന്താണ്?
വിവാഹമോ ഏകാകിത്വമോ?
ചരിത്രത്തിലുടനീളം അനേകം മതങ്ങളിൽപ്പെട്ട ഭക്തരായ നിരവധി സ്ത്രീപുരുഷന്മാർ ബ്രഹ്മചര്യം തിരഞ്ഞെടുത്തിട്ടുണ്ട്. എന്തുകൊണ്ട്? പല കേസുകളിലും, ജഡികവും ഭൗതികവുമായ സംഗതികൾ “തിന്മയുടെ ഇരിപ്പിടം” ആണെന്ന് അവർ വിശ്വസിച്ചിരുന്നതാണു കാരണം. അങ്ങനെ, ലൈംഗിക ബന്ധത്തിൽനിന്നു വിട്ടുനിൽക്കുന്നതിലൂടെ മാത്രമേ ആത്മീയ ശുദ്ധി സാധ്യമാകുകയുള്ളുവെന്ന തത്ത്വചിന്ത ഉടലെടുത്തു. എങ്കിലും, അതു ബൈബിളിന്റെ വീക്ഷണമല്ല. ബൈബിളനുസരിച്ച്, വിവാഹം എന്നത് ധാർമികശുദ്ധിയുള്ള, പാവനമായ ഒരു ദൈവദാനമാണ്. വിവാഹം ദൈവദൃഷ്ടിയിൽ ‘നല്ലതാ’ണെന്നും അതു ദൈവവുമായി ശുദ്ധമായ ഒരു ആത്മീയ ബന്ധം ഉണ്ടായിരിക്കുന്നതിന് തടസ്സമല്ലെന്നും ഉല്പത്തി വിവരണം വ്യക്തമായി പ്രകടമാക്കുന്നു.—ഉല്പത്തി 1:26-28, 31; 2:18, 22-24; കൂടാതെ സദൃശവാക്യങ്ങൾ 5:15-19-ഉം കാണുക.
ആദിമ ക്രിസ്തീയ സഭയിൽ അധികാര സ്ഥാനങ്ങൾ വഹിച്ചിരുന്ന പത്രൊസും മറ്റ് അംഗീകൃത ദൈവദാസന്മാരും വിവാഹിത പുരുഷന്മാർ ആയിരുന്നു. (മത്തായി 8:14; പ്രവൃത്തികൾ 18:2; 21:8, 9; 1 കൊരിന്ത്യർ 9:5) സഭാമേൽവിചാരകന്മാരെ അഥവാ ബിഷപ്പുമാരെ നിയമിക്കുന്നതു സംബന്ധിച്ച് പൗലൊസ് അപ്പോസ്തലൻ തിമൊഥെയൊസിനു നൽകിയ മാർഗനിർദേശങ്ങൾ ഇതു വ്യക്തമാക്കുന്നു. അവൻ എഴുതുന്നു: “ഒരു ബിഷപ്പ് അപവാദരഹിതനും ഏകഭാര്യയുടെ ഭർത്താവും ആയിരിക്കണം.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.) (1 തിമൊഥെയൊസ് 3:2, പരിഷ്കരിച്ച പ്രമാണ ഭാഷാന്തരം, കത്തോലിക്കാ പതിപ്പ്) “ഒരു ബിഷപ്പ്” വിവാഹിതനായിരിക്കുന്നത് ഏതെങ്കിലും വിധത്തിൽ അനുചിതമായിരിക്കുന്നതായി യാതൊരു പരാമർശവും ഇല്ലെന്നതു ശ്രദ്ധിക്കുക. പൗലൊസ് സൂചിപ്പിച്ചത് “ഒരു ബിഷപ്പ്” ബഹുഭാര്യനായിരിക്കരുത് എന്നാണ്; വിവാഹിതനെങ്കിൽ, അയാൾക്ക് ഒരു ഭാര്യ മാത്രമേ ഉണ്ടായിരിക്കാവൂ. വാസ്തവത്തിൽ, മക്ലിൻടോക്കിന്റെയും സ്ട്രോങ്ങിന്റെയും ബൈബിൾപരവും ദൈവശാസ്ത്രപരവും സഭാപരവുമായ സാഹിത്യ വിജ്ഞാനകോശം (ഇംഗ്ലീഷ്) ഇങ്ങനെ ഉപസംഹരിക്കുന്നു: “സുവിശേഷ നിയമവ്യവസ്ഥ അനുസരിച്ച് പുരോഹിതന്മാരുടെ വിവാഹത്തെ വിലക്കുന്നതെന്നു വ്യാഖ്യാനിക്കാൻ കഴിയുന്ന പാഠഭാഗങ്ങളൊന്നും [പുതിയ നിയമത്തിൽ] ഇല്ല.”
വിവാഹത്തിന് ഉയർന്ന മാന്യത കൽപ്പിക്കുമ്പോൾതന്നെ, സ്വന്ത ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന ഏകാകിത്വത്തെ ബൈബിൾ തീർച്ചയായും കുറ്റം വിധിക്കുന്നുമില്ല. ചിലരുടെ കാര്യത്തിൽ അത് അഭികാമ്യ ഗതിയായിരിക്കുമെന്ന് ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 7:7, 8) ചില സ്ത്രീപുരുഷന്മാർ മനപ്പൂർവം ഏകാകിത്വഗതി തിരഞ്ഞെടുക്കുന്നതായി യേശുക്രിസ്തു പറഞ്ഞു. (മത്തായി 19:12) എന്തുകൊണ്ട്? അവരുടെ ആത്മീയ പുരോഗതിക്കു വിഘാതമായ, അശുദ്ധമായ എന്തെങ്കിലും വിവാഹത്തിൽ ഉള്ളതുകൊണ്ടല്ല. അടിയന്തിരമെന്നു തങ്ങൾ മനസ്സിലാക്കിയ കാലങ്ങളിൽ ദൈവേഷ്ടം ചെയ്യുന്നതിൽ തങ്ങളുടെ ശ്രമങ്ങൾ കേന്ദ്രീകരിക്കുന്നതിനു വേണ്ടി മാത്രമാണ് അവർ ആ ഗതി തിരഞ്ഞെടുക്കുന്നത്.
നിർബന്ധിത ബ്രഹ്മചര്യത്തിനു വഴിതെളിച്ചത്
എന്നാൽ, ക്രിസ്തുവിന്റെ കാലശേഷമുള്ള നൂറ്റാണ്ടുകളിൽ കാര്യങ്ങൾക്കു മാറ്റം വന്നു. പൊതുയുഗത്തിന്റെ ആദ്യത്തെ മൂന്നു ശതകങ്ങളിൽ “വിവാഹിതരും അവിവാഹിതരുമായ മതശുശ്രൂഷകർ ഉണ്ടായിരുന്നു” എന്ന് വിവാഹിതനാകാൻ പൗരോഹിത്യം ഉപേക്ഷിച്ച ഒരു ഡൊമിനിക്കൻ സഭാംഗമായ ഡേവിഡ് റൈസ് വിശദീകരിക്കുന്നു. “ഗ്രീക്ക്-ബൈബിൾ ആശയങ്ങളുടെ സമ്മിശ്രണം” എന്നു ഒരു മതലേഖകൻ വിളിച്ച സംഗതി ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടവരെ സ്വാധീനിക്കാൻ തുടങ്ങി. അത് ലൈംഗികതയും വിവാഹവും സംബന്ധിച്ച വികലമായ വീക്ഷണത്തിനു വഴിതെളിച്ചു.
ചിലർ തീർച്ചയായും “ദൈവരാജ്യവേലയ്ക്കു തങ്ങളെത്തന്നെ പൂർണമായി അർപ്പിക്കുന്നതിന്” വേണ്ടി മാത്രമാണ് ഏകാകിത്വം സ്വീകരിച്ചത്. എന്നാൽ മറ്റു ചിലരാകട്ടെ, തങ്ങൾ സ്വീകരിച്ച പുറജാതീയ തത്ത്വശാസ്ത്രങ്ങളുടെ പ്രേരണയാലാണ് അങ്ങനെ ചെയ്യുന്നത്. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ പറയുന്നു: “ലൈംഗികവേഴ്ച ദുഷിപ്പിക്കുന്നതും വിശുദ്ധിക്കു നിരക്കാത്തതുമാണെന്ന വിശ്വാസമാണ് [ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന സഭയ്ക്കുള്ളിൽ] ബ്രഹ്മചര്യനിഷ്ഠയ്ക്കുള്ള ശക്തമായ പ്രേരകഘടകമായി വർത്തിച്ചത്.”
നാലാം നൂറ്റാണ്ടിൽ, സഭ “തിരുവത്താഴകർമം ആഘോഷിക്കുന്നതിന്റെ തലേന്നു രാത്രി ലൈംഗികവേഴ്ചയിൽ ഏർപ്പെടുന്നതിൽനിന്നു വിവാഹിതനായ പുരോഹിതനെ വിലക്കി”യിരുന്നതായി റൈസ് പറയുന്നു. സഭ ദിവസവും തിരുവത്താഴകർമം ഏർപ്പെടുത്തിയപ്പോൾ പുരോഹിതന്മാർക്കു ലൈംഗികവേഴ്ച എന്നേക്കുമായി വർജിക്കേണ്ടിവന്നു. കാലക്രമേണ, പുരോഹിതന്മാരുടെ വിവാഹംതന്നെ പാടേ വിലക്കി. സഭയിൽ ശുശ്രൂഷകൻ ആയിത്തീരുന്ന ഏതൊരാൾക്കും ബ്രഹ്മചര്യം നിർബന്ധിതമായിത്തീർന്നു.
അത്തരമൊരു വികാസത്തെക്കുറിച്ച് അപ്പോസ്തലനായ പൗലൊസ് മുന്നറിയിപ്പു നൽകി. അവൻ എഴുതി: “വരുംകാലങ്ങളിൽ, ചിലർ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയർപ്പിച്ചുകൊണ്ട് വിശ്വാസത്തിൽനിന്നു വ്യതിചലിക്കുമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു. . . . അവർ വിവാഹം പാടില്ലെന്നു പറയുകയും . . . ചെയ്യുന്നു.”—1 തിമൊഥെയൊസ് 4:1, 3, പി.ഒ.സി. ബൈബിൾ.
“ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞു. (മത്തായി 11:19) ദൈവത്തിന്റെ നിലവാരങ്ങളിൽനിന്നു വ്യതിചലിക്കുന്നതിലെ മൗഢ്യം അതിന്റെ പ്രവൃത്തികളിൽ അഥവാ പരിണതഫലങ്ങളിൽനിന്നു വ്യക്തമാണ്. നിർബന്ധിത ബ്രഹ്മചര്യം എന്ന വിഷയത്തെക്കുറിച്ചു ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നുള്ള പുരോഹിതന്മാരുമായി ഡേവിഡ് റൈസ് അഭിമുഖം നടത്തി. അദ്ദേഹം സംസാരിച്ച ചിലർ ഇങ്ങനെ പറഞ്ഞു: “പൗരോഹിത്യത്തിൽ നിന്നുകൊണ്ട് ആവുന്ന നന്മയൊക്കെ ചെയ്യുക, ഒപ്പം അർപ്പിതരായ മതഭക്തകൾ ലൈംഗികബന്ധത്തിനു സന്നദ്ധരെങ്കിൽ അതും പ്രയോജനപ്പെടുത്തിക്കൊള്ളുക.”
മത്തായി 7:20 ഉദ്ധരിച്ചുകൊണ്ട് റൈസ് ഇങ്ങനെ പ്രസ്താവിക്കുന്നു: “‘അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയു’മെന്ന് യേശു പറഞ്ഞു.” തുടർന്ന്, അടിച്ചേൽപ്പിക്കുന്ന ബ്രഹ്മചര്യം നിമിത്തം ഉണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: “നിർബന്ധിത ബ്രഹ്മചര്യത്തിന്റെ ഫലങ്ങളോ: ആയിരക്കണക്കിനു പുരുഷന്മാർ കപടജീവിതം നയിക്കുന്നു, ആയിരക്കണക്കിനു സ്ത്രീകളുടെ ജീവിതം നശിക്കുന്നു, ആയിരക്കണക്കിനു കുട്ടികൾ പുരോഹിതരായ പിതാക്കന്മാരാൽ ത്യജിക്കപ്പെടുന്നു, പുരോഹിതന്മാരാകട്ടെ വ്രണിത മനസ്സും പേറി നടക്കുന്നു.”
മാന്യമായ വിവാഹം ദൈവത്തിൽനിന്നുള്ള ഒരു അനുഗ്രഹമാണ്. അടിച്ചേൽപ്പിക്കുന്ന ബ്രഹ്മചര്യം ആത്മീയമായി നാശകരമാണ്. നേരേമറിച്ച്, ചിലരെ സംബന്ധിച്ചിടത്തോളം സ്വന്ത ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന ഏകാകിത്വം, വിശുദ്ധിക്കോ രക്ഷയ്ക്കോ അനിവാര്യമല്ലാതിരിക്കെത്തന്നെ, പ്രതിഫലദായകവും ആത്മീയമായി തൃപ്തികരവുമായ ഒരു ജീവിതരീതിയാണെന്നു തെളിഞ്ഞിരിക്കുന്നു.—മത്തായി 19:12.
[16-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Life