ഈ അന്ത്യകാലത്ത് ഉത്തരവാദിത്വത്തോടുകൂടിയ മക്കളെ ജനിപ്പിക്കൽ
“മക്കളെ നല്ല രീതിയിൽ ഭരിക്കുന്നവർ”.—1 തിമൊഥെയോസ് 3:12
1.മിക്ക സ്ത്രീകളുടെയും ഒരു സ്വാഭാവിക ആഗ്രഹം എന്താണ്, ഇത് ജീവിതത്തിന്റെ ആദിമഘട്ടത്തിൽത്തന്നെ പ്രകടമാകുന്നതെങ്ങനെ?
പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും സന്തോഷം അനിഷേധ്യമാണ്. മാതൃത്വത്തിനുള്ള സഹജവാസന ചില സ്ത്രീകളിൽ മററുള്ളവരെ അപേക്ഷിച്ച് കൂടുതൽ ശക്തമാണെങ്കിലും അത് എല്ലാവരിലും സ്വാഭാവികമാണ്. അനേകം പാശ്ചാത്യരാജ്യങ്ങളിൽ ആൺകുഞ്ഞുങ്ങൾ യന്ത്രകളിപ്പാട്ടങ്ങൾ കൊണ്ടു കളിക്കാൻ കൂടുതൽ തൽപ്പരരാണ്, അതേസമയം കൊച്ചു പെൺകുഞ്ഞുങ്ങൾ സാധാരണയായി പാവക്കുട്ടികളെ ഇഷ്ടപ്പെടുന്നു. കളിപ്പാട്ടനിർമ്മാതാക്കൾ അവയെ സാദ്ധ്യമാകുന്നടത്തോളം യഥാർത്ഥമാക്കാൻ ശ്രമിക്കുന്നു. അനേകം പെൺകുട്ടികൾ ഒരു പാവക്കുട്ടിയെ അല്ല, പിന്നെയോ ഊഷ്മളരായ, കുടുകുടെ ചിരിക്കുന്ന, ജീവനുള്ള, തങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളെ ലാളിക്കാൻ പ്രാപ്തരാകുന്ന നാളിനുവേണ്ടിത്തന്നെ ജീവിക്കുന്നു.
സന്തോഷങ്ങളും ഉത്തരവാദിത്തങ്ങളും
2.മാതാപിതാക്കൻമാർ ഒരു നവജാതശിശുവിനെ എങ്ങനെ പരിഗണിക്കണം, അവർ എന്തു കയ്യേൽക്കാൻ ഒരുങ്ങിയിരിക്കണം?
2 ഉത്തരവാദിത്തമുള്ള മക്കളെജനിപ്പിക്കൽ മാതാപിതാക്കൾ ഒരു നവജാതശിശുവിനെ ഒരു കളിവസ്തുവായിട്ടല്ല, ഒരു ജീവിയായി—അതിന്റെ ജീവനും ഭാവിക്കും തങ്ങൾ സ്രഷ്ടാവിനോട് കണക്കുബോധിപ്പിക്കേണ്ടവരാണെന്ന്—പരിഗണിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. മാതാപിതാക്കൾ ലോകത്തിലേക്ക് ഒരു കുട്ടിയെ ആനയിക്കുമ്പോൾ അവർ ഒരു വലിയ ഉത്തരവാദിത്തം കയ്യേൽക്കാനും അതനുസരിച്ച് കാര്യങ്ങൾ ക്രമീകരിക്കാനും ഒരുങ്ങിയിരിക്കണം. അവർ 20 വർഷത്തെ ഒരു പോഷിപ്പിക്കലിന്റെയും ഉടുപ്പിക്കലിന്റെയും ആരോഗ്യപരിപാലനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പരിപാടിയിലേക്ക് പ്രവേശിക്കുകയാണ്, അന്തിമഫലമാണെങ്കിൽ മുൻകൂട്ടിപ്പറയാനും കഴിയാത്തതാണ്.
3.സദൃശവാക്യങ്ങൾ 23:24, 25 അനേകം ക്രിസ്തീയമാതാപിതാക്കൻമാർക്ക് ബാധകമാക്കാവുന്നതെന്തുകൊണ്ട്?
3 ഒട്ടനവധി ക്രിസ്തീയ മാതാപിതാക്കൾ യഹോവയുടെ വിശ്വസ്തരും സമർപ്പിതരുമായ ദാസരായിത്തീർന്നിട്ടുള്ള മക്കളെ വളർത്തിയിട്ടുണ്ടെന്നുള്ളത് സന്തോഷകരമാണ്. ചിലർ തങ്ങളുടെ മക്കൾ വളർന്ന് പയനിയർമാരോ മിഷനറിമാരോ ബഥേൽ കുടുംബാംഗങ്ങളോ ആയി മുഴുസമയ സേവനത്തിൽ പ്രവേശിക്കുന്നത് കണ്ടിരിക്കുന്നു. അങ്ങനെയുള്ള മാതാപിതാക്കൻമാരെക്കുറിച്ച് സത്യമായി ഇങ്ങനെ പറയാൻകഴിയും: “ഒരു നീതിമാന്റെ പിതാവ് കണിശമായും സന്തോഷമുള്ളവനായിരിക്കും; ഒരു ജ്ഞാനിയുടെ പിതാവായിത്തീരുന്നവനും അവനിൽ സന്തോഷിക്കും. നിന്റെ പിതാവും മാതാവും സന്തോഷിക്കും, നിന്നെ പ്രസവിച്ചവൾ സന്തുഷ്ടയുമായിരിക്കും.”—സദൃശവാക്യങ്ങൾ 23:24, 25.
മാതാപിതാക്കളുടെ ഹൃദയവേദനകൾ
4, 5.(എ) മക്കളുള്ള മൂപ്പൻമാരിൽനിന്നും ശുശ്രൂഷാദാസൻമാരിൽനിന്നും തിരുവെഴുത്തുപരമായി എന്താവശ്യപ്പെട്ടിരിക്കുന്നു?(ബി) ചില കുട്ടികൾ അവരുടെ പിതാവിന് വിപത്തുകൾ വരുത്തിയിരിക്കുന്നതെങ്ങനെ?
4 എന്നാൽ മക്കളുള്ള മൂപ്പൻമാരുടെ കാര്യത്തിൽപോലും എല്ലായ്പ്പോഴും വാസ്തവം ഇതായിരിക്കുന്നില്ല. അപ്പോസ്തലനായ പൗലോസ് എഴുതി: “മേൽവിചാരകൻ, തന്നിമിത്തം അനിന്ദ്യൻ, ഏകഭാര്യയുടെ ഭർത്താവ് . . . സകല ഗൗരവത്തോടുംകൂടെ കീഴ്പ്പെട്ടിരിക്കുന്ന മക്കളുള്ളവരായി സ്വന്തം കുടുംബത്തെ നല്ല രീതിയിൽ ഭരിക്കുന്ന ഒരു മനുഷ്യൻ ആയിരിക്കണം; (തീർച്ചയായും ഏതെങ്കിലും മനുഷ്യന് സ്വന്തം കുടുംബത്തെ ഭരിക്കാൻ അറിയാൻപാടില്ലെങ്കിൽ അയാൾ ദൈവത്തിന്റെ സഭയെ എങ്ങനെ പരിപാലിക്കും?)” പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “ശുശ്രൂഷാദാസൻമാർ സ്വന്തം മക്കളെയും സ്വന്തം കുടുംബങ്ങളെയും നല്ല രീതിയിൽ ഭരിക്കുന്നവരായി ഏക ഭാര്യയുടെ ഭർത്താക്കൻമാരായിരിക്കട്ടെ.”—1 തിമൊഥെയോസ് 3:2-5, 12.
5 തീർച്ചയായും ക്രിസ്തീയ മൂപ്പൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും മക്കൾക്ക് പ്രായമായിക്കഴിയുമ്പോൾ യഹോവയെ സേവിക്കുന്നതിൽ തുടരുന്നതിന് അവർ വിസമ്മതിക്കുന്നുവെങ്കിൽ അവരുടെ മാതാപിതാക്കൻമാരെ ഉത്തരവാദികളാക്കാവുന്നതല്ല. എന്നാൽ അവരുടെ വീട്ടിൽത്തന്നെ വസിക്കുന്ന ഇളയ കുട്ടികളുടെയും പ്രായമുള്ള കുട്ടികളുടെയും കാര്യത്തിൽ അവർ ഉത്തരവാദികളാണ്. മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും ഉദാസീനരായിത്തീരുകയോ “മക്കളെയും തങ്ങളുടെ സ്വന്തം കുടുംബങ്ങളെയും നല്ല രീതിയിൽ ഭരിക്കുക”യെന്ന തിരുവെഴുത്തുവ്യവസ്ഥ പാലിക്കുന്നതിൽ ഗൗരവമായി പരാജയപ്പെടുകയോ ചെയ്തതുകൊണ്ട് അവർക്ക് വിലയേറിയ പദവികൾ നഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ളവർക്കും മററനേകർക്കും മക്കൾ സന്തോഷത്തിനു പകരം കൂടുതലായി ക്ലേശമാണ് കൈവരുത്തിയിരിക്കുന്നത്. “ഒരു മൂഢനായ പുത്രൻ അവന്റെ പിതാവിന് വിപത്തുകളെ അർത്ഥമാക്കുന്നു” എന്ന സദൃശവാക്യം എത്ര കൂടെക്കൂടെ സത്യമെന്ന് തെളിഞ്ഞിരിക്കുന്നു!—സദൃശവാക്യങ്ങൾ 19:13.
ഉത്തരവാദിത്തമുള്ള പിതൃത്വം
6.ക്രിസ്തീയഭർത്താക്കൻമാർ തങ്ങളോടുതന്നെ ഏതു ചോദ്യം ചോദിക്കണം?
6 സഭാപരമായ ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും എല്ലാ ക്രിസ്തീയഭർത്താക്കൻമാരും കൊച്ചുകുട്ടികളുടെ പരിപാലനത്തിന് തങ്ങളുടെ ഭാര്യമാരുടെ ആത്മീയതയുടെമേലുണ്ടാകാവുന്ന ഫലത്തെക്കുറിച്ചും പരിഗണിക്കേണ്ടതാണ്. ഒരു ഭാര്യ ആത്മീയമായി ശക്തയല്ലെങ്കിൽ ഒരു ശിശുവോ പല കുട്ടികളോ അവളുടെ വ്യക്തിപരമായ പഠനത്തെയും പ്രസംഗവേലയിൽ പങ്കെടുക്കാനുള്ള അവസരങ്ങളെയും എങ്ങനെ ബാധിക്കും?
7.ചില ക്രിസ്തീയഭാര്യമാർക്ക് എന്തു സംഭവിച്ചിരിക്കുന്നു, മിക്കപ്പോഴും ഈ സാഹചര്യത്തിന്റെ കാരണമെന്താണ്?
7 ഒരു ശിശുവിനെയോ ഒരു കൊച്ചുകുട്ടിയെയോ നോക്കുന്നത് മിക്കപ്പോഴും സഭാപുസ്തകാദ്ധ്യയനത്തിൽനിന്നും രാജ്യഹാൾ മീററിംഗുകളിൽനിന്നും സർക്കിട്ട് സമ്മേളനങ്ങളിൽനിന്നും ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽനിന്നും പൂർണ്ണപ്രയോജനംകിട്ടുന്നതിൽനിന്ന് തടയുന്നുവെന്ന് ഭർത്താക്കൻമാർ എല്ലായ്പ്പോഴും തിരിച്ചറിയുന്നുണ്ടോ? ഒന്നിനു പിറകേ ഒന്നായി ശിശുക്കൾ പിറക്കുമ്പോൾ അത്തരമൊരു അവസ്ഥക്ക് മാസങ്ങളിലും വർഷങ്ങളിൽപോലും നീണ്ടുനിൽക്കാൻകഴിയും. ഈ കാര്യത്തിലുള്ള ഭാരം മുഖ്യമായി പിതാവിൻമേലല്ല, മാതാവിൻമേൽ സ്വാഭാവികമായി വരുന്നു. ചില ക്രിസ്തീയപുരുഷൻമാർ സഭയിൽ പദവികളിൽ നിയമിക്കപ്പെടുന്ന ഘട്ടം വരെ ആത്മീയമായി പുരോഗമിക്കുന്നതായി ചിലപ്പോൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും അവരുടെ ഭാര്യമാർ ആത്മീയമായി ദുർബലരായിത്തീരുന്നു. എന്തുകൊണ്ട്? മിക്കപ്പോഴും അത് യോഗങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽനിന്നും ആഴമായ ബൈബിൾപഠനം നടത്തുന്നതിൽനിന്നും അല്ലെങ്കിൽ ഒരു വലിയ അളവിൽ സാക്ഷ്യവേലയിൽ പങ്കുപററുന്നതിൽനിന്നും ഭാര്യമാരെ അവരുടെ കൊച്ചുകുട്ടികൾ തടയുന്നതുകൊണ്ടാണ്. അത്തരം അവസ്ഥ വികാസംപ്രാപിക്കാൻ അനുവദിക്കുന്നുവെങ്കിൽ ആ പിതൃത്വത്തെ ഉത്തരവാദിത്വമുള്ളതെന്ന് പറയാൻകഴിയുമോ?
8.അനേകം പിതാക്കൻമാർ മക്കളെ നോക്കുന്നതിന്റെ ചുമടിൽ പങ്കുവഹിക്കുന്നതെങ്ങനെ, അത് അവരുടെ ഭാര്യമാർക്ക് എന്തു പ്രയോജനം കൈവരുത്തുന്നു?
8 അനുഗ്രഹവശാൽ എല്ലായ്പ്പോഴും ഇതല്ല വാസ്തവം. അനേകം ക്രിസ്തീയഭർത്താക്കൻമാർ മക്കളെ നോക്കുന്നതിന്റെ ഭാരത്തിൽ തങ്ങളുടെ പങ്കുവഹിക്കുന്നതിന് പരമാവധി പ്രവർത്തിക്കുന്നുണ്ട്. തങ്ങളുടെ കുട്ടികൾ സഭാമീററിംഗുകളുടെ സമയത്ത് ശാന്തമായിരിക്കുന്നതിൽ ശ്രദ്ധിക്കുന്നതിൽ അവർ പൂർണ്ണ പങ്കു വഹിക്കുന്നു. അവരുടെ ശിശു കരയാൻതുടങ്ങുകയോ കുട്ടി ബഹളംവെക്കുകയോ ചെയ്യുന്നുവെങ്കിൽ അവർ തങ്ങളുടെ തവണകളിൽ ഉചിതമായ ശിക്ഷണം കൊടുക്കാൻ അതിനെ പുറത്തുകൊണ്ടുപോകും. യോഗഭാഗങ്ങൾ നഷ്ടപ്പെടുന്നത് എല്ലായ്പ്പോഴും മാതാവിനായിരിക്കുന്നതെന്തിന്? വീട്ടിൽ പരിഗണനയുള്ള ഭർത്താക്കൻമാർ വീട്ടുജോലിയിലും കുട്ടികളെ ഉറങ്ങാൻകിടത്തുന്നതിലും ഭാര്യമാരെ സഹായിക്കുന്നു, തന്നിമിത്തം ഭാര്യാഭർത്താക്കൻമാർക്ക് ആത്മീയകാര്യങ്ങളിൽ ശാന്തമായി ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് ഇരിക്കാൻകഴിയും.
9.കുട്ടികൾ എല്ലായ്പ്പോഴും ഒരു തടസ്സമല്ലെന്ന്എന്തു തെളിയിക്കുന്നു?
9 ഒരു സഭയിൽ കാര്യങ്ങൾ ഉചിതമായി ക്രമീകരിക്കുമ്പോൾ കുട്ടികളുള്ള യുവമാതാക്കൾക്ക് സഹായപയനിയർസേവനത്തിൽ പങ്കുപററാൻകഴിയും. ചിലർ സാധാരണപയനിയർമാർപോലുമാണ്. അതുകൊണ്ട് കുട്ടികൾ എല്ലായ്പ്പോഴും ഒരു തടസ്സമല്ല. അനേകം ക്രിസ്തീയമാതാപിതാക്കൾ നല്ല പയനിയർആത്മാവ് പ്രകടമാക്കുന്നു.
കുട്ടിയില്ലെങ്കിലും സന്തുഷ്ടർ
10.ചില വിവാഹിത ഇണകൾ എന്തു തീരുമാനിച്ചിരിക്കുന്നു, അവർ എങ്ങനെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു?
10 ചില യുവദമ്പതികൾ കുട്ടികളില്ലാതെ കഴിയാൻ തീരുമാനിച്ചിട്ടുണ്ട്. മററു സ്ത്രീകളെപ്പോലെതന്നെ ആ ഭാര്യമാർക്ക് ശക്തമായ മാതൃത്വവാസനകൾ ഉണ്ടായിരുന്നിട്ടും ഭർത്താക്കൻമാരുമായി യോജിച്ച് യഹോവയെ മുഴുസമയം സേവിക്കുന്നതിന് തങ്ങളെത്തന്നെ അർപ്പിക്കുന്നതിന് മക്കളുണ്ടായിരിക്കുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കാൻ അവർ തീരുമാനിച്ചിരിക്കുന്നു. അവരിൽ അനേകർ പയനിയർമാരായോ മിഷനറിമാരായോ സേവിച്ചിരിക്കുന്നു. അവർക്ക് ഇപ്പോൾ നന്ദിയോടെ വർഷങ്ങളിലേക്ക് പിന്തിരിഞ്ഞുനോക്കാൻകഴിയും. തീർച്ചയായും അവർ ജഡികമക്കളെ ഉളവാക്കിയിട്ടില്ല. എന്നാൽ അവർ യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടർന്നിരിക്കുന്ന പുതിയ ശിഷ്യൻമാരെ ഉളവാക്കിയിട്ടുണ്ട്. ‘വിശ്വാസത്തിലെ ഈ യഥാർത്ഥ മക്കൾ’ തങ്ങൾക്ക് “സത്യത്തിന്റെ വചനം” എത്തിച്ചുതരുന്നതിന് മുഖാന്തരമായിരുന്നയാളെ ഒരിക്കലും മറക്കുകയില്ല.—1 തിമൊഥെയോസ് 1:2; എഫേസ്യർ 1:13; 1 കൊരിന്ത്യർ 4:14, 17; 1 യോഹന്നാൻ 2:1 താരതമ്യപ്പെടുത്തുക.
11.(എ) കുട്ടികൾ ഇല്ലാത്ത അനേകം ഇണകൾ എവിടെ യഹോവയെ സേവിക്കുന്നു, അവർക്ക് യാതൊരു സങ്കടവുമില്ലാത്തതെന്തുകൊണ്ട്? (ബി) “രാജ്യംനിമിത്തം” മക്കളില്ലാതെ നിന്നിട്ടുള്ള എല്ലാ ഇണകൾക്കും ഏതു തിരുവെഴുത്തു ബാധകമാക്കാൻകഴിയും?
11 മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും സന്തോഷങ്ങൾ പരിത്യജിച്ച ലോകത്തുടനീളമുള്ള അനേകം വിവാഹിത ഇണകൾക്ക് സർക്കിട്ട് വേലയിലോ ഡിസ്ട്രിക്ററ് വേലയിലോ ബെഥേലിലോ യഹോവയെ സേവിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. അവരും അതുപോലെതന്നെ ഈ പ്രത്യേകപദവികളിൽ യഹോവയെയും അവരുടെ സഹോദരൻമാരെയും സേവിച്ചുകൊണ്ടു ചെലവഴിച്ച തങ്ങളുടെ ജീവിതത്തെ സംതൃപ്തിയോടെ പിന്തിരിഞ്ഞുനോക്കുന്നു. അവർക്ക് സങ്കടമില്ല. ലോകത്തിലേക്ക് മക്കളെ ആനയിക്കുന്ന സന്തോഷം അവർക്ക് ലഭിച്ചില്ലെങ്കിലും അവരുടെ വിവിധപ്രവർത്തനമണ്ഡലങ്ങളിൽ അവർ രാജ്യതാൽപര്യങ്ങളെ പുരോഗമിപ്പിക്കുന്നതിൽ മർമ്മപ്രധാനമായ ഒരു പങ്കു വഹിച്ചിരിക്കുന്നു. “രാജ്യം നിമിത്തം” മക്കളില്ലാതെ നിന്നിട്ടുള്ള ഈ ഇണകളെക്കുറിച്ചെല്ലാം തീർച്ചയായും ഈ തിരുവെഴുത്തു ബാധകമാകുന്നു: “ദൈവം നിങ്ങളുടെ വേലയെയും നിങ്ങൾ വിശുദ്ധൻമാരെ ശുശ്രൂഷിച്ചിരിക്കുന്നതിലും ശുശ്രൂഷിക്കുന്നതിൽ തുടരുന്നതിലും അവന്റെ നാമത്തോടു പ്രകടമാക്കിയ സ്നേഹവും മറക്കാൻതക്കവണ്ണം നീതികെട്ടവനല്ല.”—മത്തായി 19:12; എബ്രായർ 6:10.
ഒരു വ്യക്തിപരമായ കാര്യം
12.(എ) മക്കളെ ജനിപ്പിക്കൽ ഒരു അനുപമ പദവിയായിരിക്കുന്നതെന്തുകൊണ്ട്? (ബി) ഏതു കാലഘട്ടങ്ങളിൽ മക്കളെ ജനിപ്പിക്കൽ ഒരു ദൈവദത്തമായ നിയമനമായിരുന്നു?
12 ഈ ചർച്ചയുടെ തുടക്കത്തിൽ നാം കണ്ടതുപോലെ, മക്കളെ ജനിപ്പിക്കൽ ദൈവത്തിന്റെ ഒരു ദാനമാണ്. (സങ്കീർത്തനം 127:3) അത് യഹോവയുടെ ആത്മജീവികൾക്കില്ലാത്ത ഒരു അനുപമമായ പദവിയാണ്. (മത്തായി 22:30) മക്കളെ ജനിപ്പിക്കൽ യഹോവ ഭൂമിയിലെ തന്റെ ദാസൻമാർക്ക് നിയോഗിച്ചുകൊടുത്ത വേലയുടെ ഭാഗമായിരുന്ന സമയങ്ങളുണ്ട്. ആദാമിന്റെയും ഹവ്വായുടെയും കാര്യത്തിൽ ഇതു സത്യമായിരുന്നു. (ഉൽപ്പത്തി 1:28) പ്രളയത്തെ അതിജീവിച്ചവരെസംബന്ധിച്ച് അതു സത്യമായിരുന്നു. (ഉൽപ്പത്തി 9:1) മക്കളെ ജനിപ്പിക്കലിലൂടെ യിസ്രായേൽപുത്രൻമാർ നിരവധിയായിത്തീരണമെന്ന് യഹോവ ഇച്ഛിച്ചു.—ഉൽപ്പത്തി 46:1-3; പുറപ്പാട് 1:7, 20; ആവർത്തനം 1:10.
13, 14.(എ) ഇന്നത്തെ മക്കളെ ജനിപ്പിക്കലിനെക്കുറിച്ച് എന്തു പറയാൻകഴിയും, ഏതു വിമർശനം അനുചിതമായിരിക്കും? (ബി) ഈ അന്ത്യകാലത്തെ മക്കളെ ജനിപ്പിക്കൽ വ്യക്തിപരമായ ഒരു കാര്യമായിരിക്കെ ഏതു ബുദ്ധിയുപദേശം നൽകപ്പെട്ടിരിക്കുന്നു?
13 ഇന്ന്, മക്കളെ ജനിപ്പിക്കൽ പ്രത്യേകമായി യഹോവ തന്റെ ജനത്തെ ഭരമേൽപ്പിച്ചിരിക്കുന്ന വേലയുടെ ഭാഗമായിരിക്കുന്നില്ല. എന്നിരുന്നാലും, വിവാഹിതർ ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോഴും അവൻ അവർക്ക് അനുവദിക്കുന്ന ഒരു പദവിയാണത്. അതുകൊണ്ട് ഒരു കുടുംബം തുടങ്ങാൻ തീരുമാനിക്കുന്ന ഇണകളെ വിമർശിക്കരുത്; മക്കളെ ജനിപ്പിക്കുന്നതിൽനിന്ന് പിൻമാറിനിൽക്കുന്നവരെയും വിമർശിക്കരുത്.
14 ഈ അന്ത്യകാലത്ത് മക്കളെ ജനിപ്പിക്കുന്ന സംഗതി ഓരോ ദമ്പതികളും സ്വയം തീരുമാനിക്കേണ്ട വ്യക്തിപരമായ ഒരു കാര്യമാണ്. എന്നിരുന്നാലും, “ശേഷിച്ച സമയം കുറഞ്ഞിരിക്കുന്ന”തിനാൽ ഈ കാലങ്ങളിൽ വിവാഹിത ഇണകൾ മക്കളെ ജനിപ്പിക്കുന്നതിന്റെ അനുകൂലന്യായങ്ങളും പ്രതികൂലന്യായങ്ങളും ശ്രദ്ധാപുർവവും പ്രാർത്ഥനാപൂർവവും തൂക്കിനോക്കുന്നതുകൊള്ളാം. (1 കൊരിന്ത്യർ 7:29) മക്കളെ ജനിപ്പിക്കാനിഷ്ടപ്പെടുന്നവർക്ക് മക്കളെ ജനിപ്പിക്കൽ കൈവരുത്തുന്ന സന്തോഷത്തെക്കുറിച്ചുമാത്രമല്ല ഉൾപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങളെയും അവർക്കും അവർ ലോകത്തിലേക്കാനയിക്കുന്ന മക്കൾക്കും സംജാതമായേക്കാവുന്ന പ്രശ്നങ്ങളെയുംകുറിച്ചും പൂർണ്ണബോധമുണ്ടായിരിക്കണം.
ആസൂത്രണം ചെയ്യാത്തപ്പോൾ
15, 16.(എ) ഒരു അവിചാരിതമായ ഗർഭധാരണം സംഭവിക്കുമ്പോൾ ഏതു മാനോഭാവം ഒഴിവാക്കണം, എന്തുകൊണ്ട്? (ബി) ഏതു കുട്ടിയെയും എങ്ങനെ പരിഗണിക്കണം, ഏതു ഉത്തരവാദിത്തങ്ങൾ ഉൾപ്പെട്ടിരിക്കുന്നു?
15 ചിലർ ഇങ്ങനെ പറഞ്ഞേക്കാം: “അതൊക്കെ കൊള്ളാം, എന്നാൽ ‘ഒരു കുട്ടി അപ്രതീക്ഷിതമായി ഉണ്ടാകുന്നുവെങ്കിലോ?’ ലോകത്തിലേക്ക് മക്കളെ ജനിപ്പിക്കുന്നതിനുള്ള പററിയ സമയം ഇതല്ലെന്ന് പൂർണ്ണമായ അറിവുണ്ടായിരുന്ന അനേകം ഇണകൾക്ക് ഇതു സംഭവിച്ചിട്ടുണ്ട്. അവരിൽ ചിലർ വർഷങ്ങളായി മുഴുസമയസേവനത്തിലായിരുന്നു. അപ്രതീക്ഷിത നവാഗതന്റെ വരവിനെ അവർ എങ്ങനെ വീക്ഷിക്കണം?
16 ഇവിടെയാണ് ഉത്തരവാദിത്തമുള്ള പിതൃത്വം രംഗത്തു വരുന്നത്. ഒരു ഗർഭധാരണം അപ്രതീക്ഷിതമായിരിക്കാമെന്നതു സത്യംതന്നെ, എന്നാൽ ജനിക്കുന്ന കുട്ടിയെ ക്രിസ്തീയമാതാപിതാക്കൻമാർക്ക് ആവശ്യമില്ലാത്തതായി കരുതാവുന്നതല്ല. അതിന്റെ ജനനം അവരുടെ ജീവിതത്തിൽ എന്തെല്ലാം മാററങ്ങൾ വരുത്തിയാലും അവർക്ക് അതിനോട് തീർച്ചയായും നീരസം തോന്നരുത്. ഏതായാലും, അതിന്റെ ഗർഭധാരണത്തിന് അവർ ഉത്തരവാദികളായിരുന്നു. അതിപ്പോൾ ഇവിടെയുള്ളതുകൊണ്ട്, സകല മനുഷ്യർക്കും ഏതെങ്കിലും വിധത്തിൽ “കാലവും മുൻകൂട്ടിക്കാണാത്ത സംഭവവും നേരിടുന്നു” എന്ന് അറിഞ്ഞുകൊണ്ട് അവർ തങ്ങളുടെ മാററംവന്ന സാഹചര്യത്തെ സ്വീകരിക്കണം. (സഭാപ്രസംഗി 9:11) മനസ്സോടെയായാലും അല്ലെങ്കിലും യഹോവയാംദൈവം കാരണഭൂതനായിരിക്കുന്ന ഒരു ഉൽപ്പാദനപ്രക്രിയയിൽ അവർ പങ്കെടുത്തിരിക്കുന്നു. അവർ തങ്ങളുടെ കുട്ടിയെ ഒരു പാവനസൂക്ഷിപ്പുധനമായി സ്വീകരിക്കുകയും “കർത്താവിനോട് ഐക്യത്തിലായിരിക്കുന്ന മാതാപിതാക്കളെന്ന” നിലയിൽ തങ്ങളുടെ ഉത്തരവാദിത്തങ്ങളെ സ്നേഹപൂർവം ഏറെറടുക്കുകയും വേണം.—എഫേസ്യർ 6:1.
“സകലവും കർത്താവിന്റെ നാമത്തിൽ ചെയ്യുക”
17.അപ്പോസ്തലനായ പൗലോസ് കൊലോസ്യർക്ക് ഏതു ബുദ്ധിയുപദേശംകൊടുത്തു, ഇന്ന് ഈ ബുദ്ധിയുപദേശം എങ്ങനെ അനുസരിക്കാൻകഴിയും?
17 കുടുംബകാര്യങ്ങൾസംബന്ധിച്ച് ബുദ്ധിയുപദേശംകൊടുക്കുന്നതിനു തൊട്ടുമുമ്പ് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “നിങ്ങൾ വാക്കിലോ ക്രിയയിലോ ചെയ്യുന്നതെന്തായാലും, സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുക, അവൻ മുഖാന്തരം പിതാവായ ദൈവത്തിന് നന്ദികൊടുത്തുകൊണ്ടുതന്നെ.” (കൊലോസ്യർ 3:17-21) ക്രിസ്ത്യാനി ഏതവസ്ഥയിലായാലും അവൻ യഹോവയോട് നന്ദി പ്രകടമാക്കുകയും “സകലവും കർത്താവിന്റെ നാമത്തിൽ ചെയ്യാൻ” തന്റെ സാഹചര്യത്തെ പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
18, 19.(എ) അവിവാഹിതക്രിസ്ത്യാനികൾക്കും കുട്ടികളില്ലാത്ത ദമ്പതികൾക്കും “കർത്താവിന്റെ നാമത്തിൽ സകലവുംചെയ്യാൻ” എങ്ങനെ കഴിയും? (ബി) ക്രിസ്തീയമാതാപിതാക്കൾ തങ്ങളുടെ മക്കളെ എങ്ങനെ വീക്ഷിക്കണം, അവർ തങ്ങൾക്കായി എന്തു ലക്ഷ്യം വെക്കണം?
18 അവിവാഹിതനായിരിക്കാൻ ഇഷ്ടപ്പെട്ടിരിക്കുന്ന ക്രിസ്ത്യാനി തന്റെ സ്വാതന്ത്ര്യത്തെ സുഖലോലുപതക്കല്ല, പിന്നെയോ “യഹോവക്കെന്നപോലെ മുഴുദേഹിയോടെ” പ്രവർത്തിക്കാൻ ഉപയോഗിക്കേണ്ടതാണ്, സാദ്ധ്യമെങ്കിൽ ഏതെങ്കിലും രൂപത്തിലുള്ള മുഴുസമയ സേവനത്തിൽ. (കൊലോസ്യർ 3:23; 1 കൊരിന്ത്യർ 7:32) അതുപോലെതന്നെ, മക്കളെ ജനിപ്പിക്കുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കാൻ തീരുമാനിക്കുന്ന ക്രിസ്തീയ ഇണകൾ സ്വാർത്ഥപൂർവം ‘ലോകത്തെ പൂർണ്ണമായി ഉപയോഗപ്പെടുത്താതെ’ തങ്ങളുടെ ജീവിതത്തിൽ രാജ്യസേവനത്തിന് സാദ്ധ്യമായ ഏററം വലിയ സ്ഥാനം കൊടുക്കുന്നതായിരിക്കും.—1 കൊരിന്ത്യർ 7:29-31.
19 കുട്ടികളുള്ള ക്രിസ്ത്യാനികളെസംബന്ധിച്ചടത്തോളം അവർ തങ്ങളുടെ പിതൃത്വത്തെയും മാതൃത്വത്തെയും ഉത്തരവാദിത്തത്തോടെ സ്വീകരിക്കണം. തങ്ങളുടെ കുട്ടികളെ യഹോവയെ സേവിക്കുന്നതിൽ ഒരു തടസ്സം എന്ന് അശേഷവും വീക്ഷിക്കാതെ, അവർ അവരെ ഒരു പ്രത്യേകനിയമനമെന്നപോലെ പരിഗണിക്കണം. ഇത് എന്തു അർത്ഥമാക്കും? ശരി, ഒരു സമർപ്പിതക്രിസ്ത്യാനി സത്യത്തിൽ താത്പര്യംപ്രകടമാക്കുന്ന ഒരാളെ കണ്ടുമുട്ടുന്നുവെങ്കിൽ, അയാൾ അയാളുമായി ഒരു നിരന്തര ബൈബിളദ്ധ്യയനം തുടങ്ങുന്നു. അദ്ധ്യയനം തുടങ്ങിക്കഴിയുമ്പോൾ സാക്ഷി വളരെ ഉത്സാഹപൂർവം ആത്മീയപുരോഗതിനേടാൻ താത്പര്യക്കാരനെസഹായിക്കുന്നതിന് വാരംതോറും മടങ്ങിച്ചെല്ലുന്നു. ഒരു ക്രിസ്ത്യാനിയുടെ കുട്ടികളുടെ കാര്യത്തിൽ ഒട്ടും കുറവല്ല ആവശ്യമായിരിക്കുന്നത്. എത്രയും വേഗം തുടങ്ങി ക്രമമായി നടത്തുന്ന സുചിന്തിതമായ ഒരു നിരന്തരബൈബിളദ്ധ്യയനം ചെറുപ്പക്കാരനെ ആത്മീയമായി വളരാനും അവന്റെ സ്രഷ്ടാവിനെ സ്നേഹിക്കാൻ പഠിക്കാനും സഹായിക്കുന്നതിനാവശ്യമാണ്. (2 തിമൊഥെയോസ് 3:14, 15 ) കൂടാതെ, മാതാപിതാക്കൾ രാജ്യഹാളിലെപ്പോലെതന്നെ ഭവനത്തിൽ ക്രിസ്തീയ നടത്തയുടെ നല്ല മാതൃകവെക്കാൻ ശ്രദ്ധിക്കുന്നതായിരിക്കും. സാദ്ധ്യമാകുന്നടത്ത് തങ്ങളുടെ കുട്ടികളെ വയൽസേവനംസംബന്ധിച്ച് പരിശീലിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം അവർ ഏറെറടുക്കും. ഈ വിധത്തിൽ മുതിർന്ന മററുള്ളവരോട് പ്രസംഗിക്കുന്നതിനു പുറമേ മാതാപിതാക്കൾ യഹോവയുടെ സഹായത്തോടെ തങ്ങളുടെ സ്വന്തം കുട്ടികളെ “ശിഷ്യരാക്കാൻ” ശ്രമിക്കും.—മത്തായി 28:19.
“മഹോപദ്രവ”കാലത്തെ കുട്ടികൾ
20.(എ) നമ്മുടെ മുമ്പാകെ എന്താണ് സ്ഥിതിചെയ്യുന്നത്, യേശു ഏതു പ്രയാസങ്ങളെക്കുറിച്ച് മുന്നറിയിപ്പുനൽകി? (ബി) അന്ത്യകാലത്ത് മക്കളെ വളർത്തുന്നതുസംബന്ധിച്ച് യേശുവിന്റെ വാക്കുകൾക്ക് എന്തു ബന്ധമുണ്ട്?
20 നമ്മുടെ മുമ്പാകെ “ലോകാരംഭംമുതൽ ഇപ്പോൾവരെ സംഭവിച്ചിട്ടില്ലാത്തതും വീണ്ടും സംഭവിക്കുകയില്ലാത്തതുമായ മഹോപദ്രവ”മാണ് സ്ഥിതിചെയ്യുന്നത്. (മത്തായി 24:21) അത് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഒരു പ്രയാസകാലമായിരിക്കും. ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ സമാപനത്തെക്കുറിച്ചുള്ള തന്റെ പ്രവചനത്തിൽ ക്രിസ്തീയസത്യം കുടുംബങ്ങളെ ഭിന്നിപ്പിക്കുമെന്ന് യേശു മുൻകൂട്ടിപ്പറയുകയുണ്ടായി. അവൻ ഇങ്ങനെ പ്രസ്താവിച്ചു: “തന്നെയുമല്ല, സഹോദരൻ സഹോദരനെയും അപ്പൻ കുട്ടിയെയും മരണത്തിന് ഏൽപ്പിച്ചുകൊടുക്കും, മക്കൾ മാതാപിതാക്കൾക്കെതിരെ എഴുന്നേററ് അവരെ കൊല്ലിക്കും.” (മർക്കോസ് 13:12) അന്ത്യകാലത്ത് മക്കളെ വളർത്തുന്നത് എല്ലായ്പ്പോഴും ശുദ്ധമായ സന്തോഷമായിരിക്കുകയില്ലെന്ന് പ്രകടമാണ്. മേലുദ്ധരിച്ച യേശുവിന്റെ വാക്കുകൾ പ്രകടമാക്കുന്നതുപോലെ അതിന് ഹൃദയവേദനയും നിരാശയും അപകടംപോലും വരുത്തിക്കൂട്ടാൻകഴിയും.
21.(എ) ഭാവിയെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെ പരിചിന്തിക്കുമ്പോൾ മാതാപിതാക്കൾ അനുചിതമായി ഉൽക്കൺഠപ്പെടേണ്ടതില്ലാത്തതെന്തുകൊണ്ട്? (ബി) അവർക്കും അവരുടെ മക്കൾക്കും എന്തു പ്രത്യാശ ഉണ്ടായിരിക്കാൻകഴിയും?
21 എന്നാൽ ഭാവിപ്രയാസങ്ങളെക്കുറിച്ച് പ്രായോഗികവീക്ഷണമുണ്ടായിരിക്കുമ്പോൾത്തന്നെ കൊച്ചുകുട്ടികൾ ഉള്ളവർ അനുചിതമായി ഭാവിയെക്കുറിച്ച് ഉൽക്കണ്ഠപ്പെടരുത്. അവർതന്നെ വിശ്വസ്തരായി നിലകൊള്ളുകയും തങ്ങളുടെ കുട്ടികളെ “യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവൽക്കരണത്തിലും” വളർത്തുന്നതിന് പരമാവധി യത്നിക്കുകയും ചെയ്യുന്നുവെങ്കിൽ അവരുടെ അനുസരണമുള്ള കുട്ടികളെ ആനുകൂല്യത്തോടെ പരിഗണിക്കുമെന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കാൻകഴിയും. (എഫേസ്യർ 6:4; 1 കൊരിന്ത്യർ 7:14 താരതമ്യപ്പെടുത്തുക.) “മഹാപുരുഷാര”ത്തിന്റെ ഭാഗമെന്ന നിലയിൽ അവർക്കും അവരുടെ കൊച്ചു കുട്ടികൾക്കും “മഹോപദ്രവ”ത്തെ അതിജീവിക്കുന്നതിന് പ്രത്യാശിക്കാൻ കഴിയും. അങ്ങനെയുള്ള കുട്ടികൾ യഹോവയുടെ വിശ്വസ്തദാസൻമാരായി വളർന്നുവരുന്നുവെങ്കിൽ അവർ തങ്ങൾക്ക് ഉത്തരവാദിത്തമുള്ള മാതാപിതാക്കളുണ്ടായിരുന്നതിൽ യഹോവയോട് നിത്യം നന്ദിയുള്ളവരായിരിക്കും.—വെളിപ്പാട് 7:9, 14; സദൃശവാക്യങ്ങൾ 4:1, 3, 10. (w88 3/1)
പുനരവലോകനചോദ്യങ്ങൾ
□ ഒരു കുട്ടിയുടെ ജനനത്തിൽ ഏതു ദീർഘകാലപരിപാടി ഉൾപ്പെട്ടിരിക്കുന്നു?
□ ചില മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും അവരുടെ പദവികൾ നഷ്ടപ്പെട്ടതെന്തുകൊണ്ട്?
□ ഒരു ക്രിസ്തീയഭർത്താവ് തന്റെ ഭാര്യ ഗർഭിണിയാകുന്നതുസംബന്ധിച്ച് ഏതു ഘടകങ്ങൾ പരിചിന്തിക്കണം?
□ ഒരു ക്രിസ്തീയ ദമ്പതിമാർക്ക് മക്കളില്ലാത്തവരും സന്തുഷ്ടരുമായിരിക്കാൻകഴിയുമെന്ന് എന്തു തെളിയിക്കുന്നു?
□ മാതാപിതാക്കൾ ഒരു കുട്ടിയുടെ ജനനത്തെ എങ്ങനെ പരിഗണിക്കണം, അവർ ഭാവിയെക്കുറിച്ച് അനുചിതമായി ഉൽക്കണ്ഠപ്പെടേണ്ടതില്ലാത്തതെന്തുകൊണ്ട്?
[25-ാം പേജിലെ ചിത്രം]
യോഗസമയങ്ങളിൽ കുട്ടികളെ ശാന്തരാക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽ പിതാക്കൻമാർക്ക് പങ്കുവഹിക്കാൻകഴിയും