“വ്യാജമായ കഥകളെ പുറന്തള്ളുക”
ബൈബിൾ ആളുകളെക്കുറിച്ചുള്ള അനുഭവങ്ങളും കഥകളും കൊണ്ടു നിറഞ്ഞതാണ്. നാം അവ വായിക്കുന്നത് ആസ്വദിക്കുന്നതു കൂടാതെ അവയിൽനിന്നു പ്രയോജനം നേടുകയും ചെയ്യുന്നു. റോമിലെ ക്രിസ്തീയ സഭയ്ക്ക് അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴുതി: “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.”—റോമർ 15:4.
പൗലോസ്തന്നെ അനുഭവങ്ങൾ വിവരിക്കുന്നതിൽ പങ്കുപററി. തങ്ങളുടെ ആദ്യത്തെ മിഷനറി യാത്രയുടെ അവസാനത്തിൽ പൗലോസിനെയും ബർന്നബാസിനെയും സംബന്ധിച്ചു ബൈബിൾ ഇപ്രകാരം പറയുന്നു: “അവിടെ [സിറിയൻ അന്ത്യോക്യയിൽ] എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും . . . അറിയിച്ചു.” (പ്രവൃത്തികൾ 14:27) ഈ അനുഭവങ്ങൾ സഹോദരങ്ങളെ വളരെയധികം പ്രോത്സാഹിപ്പിച്ചു എന്നതിനു സംശയമില്ല.
എന്നാൽ, എല്ലാ അനുഭവങ്ങളും പരിപുഷ്ടിപ്പെടുത്തുന്നതല്ല. നിശ്വസ്തതയിൻ കീഴിൽ പൗലോസ് തിമൊഥെയോസിന് ഇങ്ങനെ മുന്നറിയിപ്പു നൽകി: “ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴി”വാക്കുക. (1 തിമൊഥെയൊസ് 4:7) വിശ്വസ്ത ക്രിസ്ത്യാനികൾ “യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരി”ക്കണമെന്ന് അദ്ദേഹം തീത്തൊസിന് എഴുതി.—തീത്തൊസ് 1:14.
ഈ വ്യാജമായ കഥകൾ അഥവാ കെട്ടുകഥകൾ എന്തായിരുന്നു? ഈ രണ്ടു പദപ്രയോഗങ്ങളും ഗ്രീക്കിലെ മൈതോസ് (“സങ്കൽപ്പം”) എന്ന പദത്തിൽനിന്നു വരുന്നു. ഈ പദം, “യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത (മതപരമായ) ഒരു കഥ”യെ വർണിക്കുന്നുവെന്ന് ദി ഇൻറർനാഷണൽ സ്ററാൻഡേർഡ് ബൈബിൾ എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു.
പൗലോസിന്റെ നാളിൽ ലോകം അത്തരം കഥകളാൽ നിറഞ്ഞിരുന്നു. ഒരു ഉദാഹരണം തോബിത്ത് എന്ന ഉത്തരകാനോനിക [അപ്പോക്രിഫാ] പുസ്തകമാണ്. പൗലോസിന്റെ കാലത്തിന് ഇരുനൂറ് വർഷങ്ങൾക്കു മുമ്പ് ഇത് എഴുതപ്പെട്ടിരിക്കാനിടയുണ്ട്. ഈ കഥ കണ്ണിൽ ഒരു പക്ഷിയുടെ കാഷ്ഠം വീണപ്പോൾ അന്ധനായിത്തീർന്ന ഒരു യഹൂദാ ഭക്തനായ തോബിത്തിനെക്കുറിച്ചുള്ളതാണ്. പിന്നീട് അയാൾ കടം കൊടുത്തത് വാങ്ങാനായി തന്റെ മകൻ തോബിയാസിനെ അയയ്ക്കുന്നു. ഒരു ദൂതന്റെ നിർദേശപ്രകാരം പോയ തോബിയാസിന് ഒരു മത്സ്യത്തിന്റെ ചങ്കും കരളും കയ്പയും കിട്ടുന്നു. അടുത്തതായി അവൻ എതിർപ്പെടുന്നത്, ഏഴു തവണ വിവാഹം കഴിച്ചെങ്കിലും കന്യകയായി തുടരുന്ന ഒരു വിധവയെയാണ്. വിവാഹരാത്രിയിൽ ഭർത്താക്കൻമാർ ഓരോരുത്തരും ഒരു ദുഷ്ടാത്മാവിനാൽ കൊല്ലപ്പെട്ടു. ദൂതന്റെ പ്രോത്സാഹനം അനുസരിച്ച് തോബിയാസ് ആ സ്ത്രീയെ വിവാഹം കഴിക്കുകയും മത്സ്യത്തിന്റെ ചങ്കും കരളും കത്തിച്ചുകൊണ്ട് ഭൂതത്തെ ആട്ടിപ്പായിക്കുകയും ചെയ്യുന്നു. മത്സ്യത്തിന്റെ കയ്പകൊണ്ട് തോബിയാസ് പിന്നീട് തന്റെ പിതാവിന്റെ കാഴ്ച യഥാസ്ഥാനപ്പെടുത്തുന്നു.
ഈ കഥ സത്യമല്ലെന്നു വ്യക്തമാണ്. അതിന്റെ സാങ്കൽപ്പിക സ്വഭാവവും അന്ധവിശ്വാസത്തോടുള്ള ആഭിമുഖ്യവും മാററിനിർത്തിയാൽത്തന്നെ അതിൽ തെററ് അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, വടക്കൻ ഗോത്രങ്ങളുടെ വിപ്ലവത്തിനും ഇസ്രായേല്യരുടെ നിനവെയിലേക്കുള്ള നാടുകടത്തലിനും തോബിത്ത് സാക്ഷ്യം വഹിച്ചതായി വിവരണം പറയുന്നു. ഇസ്രായേലിന്റെ ചരിത്രത്തിലെ ഈ സംഭവങ്ങൾ തമ്മിൽ 257 വർഷത്തെ അകലമുണ്ട്. എന്നിട്ടും തന്റെ മരണസമയത്ത് തോബിത്ത് 112 വയസ്സു പ്രായമുള്ളവനായിരുന്നുവെന്നാണു കഥ പറയുന്നത്.—തോബിത്ത് 1:4, 11; 14:1, ദ ജറൂസലേം ബൈബിൾ.
അത്തരം കെട്ടുകഥകൾ വിശ്വസ്തരായ ദൈവദാസൻമാർ പ്രഘോഷിക്കുന്ന നേരായ, “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക”യിൽനിന്നും വളരെ അന്യമാണ്. (2 തിമൊഥെയോസ് 1:13, NW) അവ സങ്കൽപ്പസൃഷ്ടികളാണ്, അവ ചരിത്രവസ്തുതയ്ക്കു വിരുദ്ധവും ഭക്തികെട്ട കിഴവികൾ പറയാറുള്ളതരം കാര്യങ്ങളുമാണ്. ക്രിസ്ത്യാനികൾ പുറന്തള്ളേണ്ട കഥകളായിരുന്നു ഇവ.
സത്യത്തിന്റെ പരിശോധനാ വാക്കുകൾ
അത്തരം കഥകൾ ഇന്നു ധാരാളമാണ്. പൗലോസ് ഇപ്രകാരം എഴുതി: ‘[ആളുകൾ] പത്ഥ്യോപദേശം [“ആരോഗ്യാവഹമായ പഠിപ്പിക്കൽ,” NW] പൊറുക്കാതെ, . . . സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരിയുന്ന കാലം വരും.’ (2 തിമൊഥെയൊസ് 4:3, 4) ഭൂമിയുടെ ചില ഭാഗങ്ങളിൽ, പ്രകൃതാതീത കഴിവുള്ളവരെക്കുറിച്ചുള്ള കഥകൾ വ്യാപകവും ജനപ്രീതിയുള്ളതുമാണ്. അതുകൊണ്ടു ക്രിസ്ത്യാനികൾ ജ്ഞാനപൂർവം, മതപരമായ കഥകൾ ബൈബിളിനോടു ചേർച്ചയിലാണോ എന്നു കാണാൻ അവയുടെ “വാക്കുകളെ പരിശോധിക്കു”ന്നു.—ഇയ്യോബ് 12:11.
വ്യക്തമായും പല കഥകളും ബൈബിളിനോടു ചേർച്ചയുള്ളവയല്ല. ഉദാഹരണത്തിന്, ഭൂമിയുടെ പല ഭാഗങ്ങളിലും മനുഷ്യദേഹി അമർത്ത്യമാണെന്ന ആശയത്തെ പിന്താങ്ങുന്ന കഥകൾ സാധാരണമായി കേൾക്കാറുണ്ട്. ഒരു വ്യക്തി മരിച്ചശേഷം ഒരു നവജാതശിശുവിന്റെ രൂപമെടുത്തോ ഒരു ആത്മാവായോ ഒരു മൃഗമായോ വേറൊരു സ്ഥലത്തെ ഒരു വ്യക്തിയായോ വീണ്ടും പ്രത്യക്ഷപ്പെടുന്നതെങ്ങനെ എന്ന് ഈ കഥകൾ വർണിക്കുന്നു.
എന്നിരുന്നാലും, മനുഷ്യദേഹികൾ അമർത്ത്യമല്ലെന്ന്, ദേഹികൾ മരിക്കുന്നുവെന്നു ദൈവവചനം കാട്ടിത്തരുന്നു. (യെഹെസ്കേൽ 18:4) മാത്രമല്ല, മരിച്ചവർ ശവക്കുഴിയിൽ നിർജീവരാണെന്നും അവർക്കു ചിന്തിക്കാനോ സംസാരിക്കാനോ എന്തെങ്കിലും ചെയ്യാനോ കഴിയില്ലെന്നും ബൈബിൾ പറയുന്നു. (സഭാപ്രസംഗി 9:5, 10; റോമർ 6:23) അതുകൊണ്ട്, ദേഹി അമർത്ത്യമാണെന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യാജമായ കഥകളാൽ വശീകരിക്കപ്പെടുന്നവർ, പൗലോസ് പറഞ്ഞതുപോലെ, ബൈബിളിന്റെ “ആരോഗ്യാവഹമായ പഠിപ്പിക്ക”ലിൽനിന്ന് ‘തിരിഞ്ഞു’പോയിരിക്കുന്നു.
പ്രകൃതാതീത ശക്തികളെക്കുറിച്ചുള്ള കഥകൾ
മററുള്ള കഥകൾ മന്ത്രവാദിനികളുടെയും മായാവികളുടെയും ചെയ്തികളെ ചുററിപ്പററിയുള്ളതാണ്. ഉദാഹരണത്തിന്, ആഫ്രിക്കയിലെ ഈ തിൻമയുടെ പിണയാളികൾ ഭയങ്കരമായ ശക്തികൾ സിദ്ധിച്ചിട്ടുള്ളവരാണെന്ന് പറയപ്പെടുന്നു. തങ്ങളെത്തന്നെയോ മററുള്ളവരെയോ ഇഴജീവികൾ, കുരങ്ങൻമാർ, പക്ഷികൾ എന്നിവയാക്കി മാററാനും തങ്ങളുടെ ദൗത്യനിർവഹണത്തിനു വായുവിലൂടെ പറക്കാനും പ്രത്യക്ഷപ്പെടാനും അപ്രത്യക്ഷപ്പെടാനും ഭിത്തികളിൽ കൂടി നടക്കാനും നിലത്തു മറഞ്ഞു കിടക്കുന്ന വസ്തുക്കൾ കാണാനും അവർക്കു ശക്തിയുള്ളതായി പറയപ്പെടുന്നു.
അത്തരം കഥകളുടെ പെരുപ്പവും ഒപ്പം അവയിലുള്ള വ്യാപകമായ വിശ്വാസവും അവ സത്യമാണെന്നു വിശ്വസിക്കാൻ ക്രിസ്തീയ സഭയിലുള്ള ചിലരെയും സ്വാധീനിച്ചേക്കാം. സാധാരണ മനുഷ്യർക്ക് അത്തരം കാര്യങ്ങൾ ചെയ്യാനാവില്ലെന്നിരിക്കെ ആത്മജീവികളിൽനിന്ന്, ഭൂതങ്ങളിൽനിന്ന് മനുഷ്യാതീത കഴിവുകൾ ലഭിക്കുന്നവർക്ക് അവ ചെയ്യാൻ കഴിയുമെന്ന് അവർ ന്യായവാദം ചെയ്തേക്കാം. ഈ നിഗമനത്തിന് അടിസ്ഥാനമെന്നു തോന്നുന്ന വാക്യം 2 തെസ്സലൊനീക്യർ 2:9, 10 ആണ്. അത് ഇങ്ങനെ പറയുന്നു: “അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകലവഞ്ചനയോടുംകൂടെ ആയിരിക്കും; അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.”
ശക്തമായ പ്രവൃത്തികൾ ചെയ്യാൻ സാത്താൻ പ്രാപ്തനാണെന്ന് ഈ തിരുവെഴുത്തു പ്രകടമാക്കുന്നു എന്നതു സത്യമായിരിക്കെ, സാത്താൻ ‘വ്യാജമായ അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും’ അതുപോലെതന്നെ ‘അനീതിയുടെ വഞ്ചന’യുടെയും കാരണഭൂതനാണ് എന്നും അതു സൂചിപ്പിക്കുന്നു. അതിനോടുള്ള പൊരുത്തത്തിൽ, “ഭൂതലത്തെ മുഴുവനും തെററിച്ചുകളയുന്ന” മുഖ്യ വഞ്ചകനാണു സാത്താനെന്നു ബൈബിൾ പ്രകടമാക്കുന്നു. (വെളിപ്പാടു 12:9) സത്യമല്ലാത്ത കാര്യങ്ങൾ ആളുകളെക്കൊണ്ടു വിശ്വസിപ്പിക്കുന്നതിൽ അവൻ വിദഗ്ധനാണ്.
ഇതുനിമിത്തം, ആത്മവിദ്യയിലും മന്ത്രവാദത്തിലും ഉൾപ്പെട്ടിട്ടുള്ളവരുടെ സാക്ഷ്യവും തുറന്ന സമ്മതങ്ങളും മിക്കപ്പോഴും ഒട്ടുംതന്നെ വിശ്വസനീയമല്ല. ചില സംഗതികൾ തങ്ങൾ കാണുകയോ കേൾക്കുകയോ അനുഭവിക്കുകയോ ചെയ്തിട്ടുള്ളതായി അത്തരമാളുകൾ ആത്മാർഥമായി വിശ്വസിച്ചേക്കാം; എന്നാൽ വാസ്തവത്തിൽ അവർ അങ്ങനെ ചെയ്തിട്ടില്ല. ഉദാഹരണത്തിന്, മരിച്ചവരുടെ ആത്മാക്കളുമായി തങ്ങൾ ആശയവിനിയമം നടത്തിയിട്ടുണ്ടെന്നു കരുതുന്നവരുണ്ട്. എന്നാൽ അവർക്കു തെററുപററിയിരിക്കുന്നു, വഞ്ചിക്കപ്പെട്ടിരിക്കുന്നു, അവർ സാത്താന്യ വഞ്ചനയുടെ ഇരകളാണ്. മരിച്ചവർ “മൗനതയിലേക്കു പോകുന്നു”വെന്നു ബൈബിൾ പറയുന്നു.—സങ്കീർത്തനം 115:17, NW.
പിശാചിന്റെ വഞ്ചനയുടെ കാഴ്ചപ്പാടിൽ പ്രകൃതാതീത ശക്തികളെക്കുറിച്ചുള്ള കഥകൾ ഏതുതന്നെയാണെങ്കിലും അവയെ സംശയത്തോടെ കാണേണ്ടിയിരിക്കുന്നു. അവയിൽ മിക്കതും നിരന്തരം പറഞ്ഞു പറഞ്ഞു വലുതാക്കിയ അബദ്ധ സങ്കൽപ്പങ്ങളുടെ സൃഷ്ടികളാണ്.
അത്തരം കെട്ടുകഥകൾ പരത്തുന്നത് ഭോഷ്കിന്റെ പിതാവായ പിശാചായ സാത്താന്റെ താത്പര്യങ്ങളെ പ്രോത്സാഹിപ്പിക്കലാണ്. (യോഹന്നാൻ 8:44) യഹോവക്ക് അറപ്പായ ഭൂതവിദ്യാചാരങ്ങളിലുള്ള താത്പര്യത്തെ അവ പ്രോത്സാഹിപ്പിക്കുന്നു. (ആവർത്തനപുസ്തകം 18:10-12) അവ ആളുകളെ ഭയത്തിന്റെയും അന്ധവിശ്വാസത്തിന്റെയും വലയിൽ കുരുക്കുന്നു. “കെട്ടുകഥകളെ . . . ശ്രദ്ധിക്കരുതെന്നു” പൗലോസ് ക്രിസ്ത്യാനികളെ ബുദ്ധ്യുപദേശിച്ചതിൽ അത്ഭുതപ്പെടാനില്ല.—1 തിമൊഥെയൊസ് 1:3.
ഭൂതങ്ങളുടെ സാക്ഷ്യം നിരാകരിക്കൽ
എന്നാൽ, കഥകൾ സത്യമാണെന്നു തോന്നുന്നെങ്കിലോ? യഹോവയുടെ പരമാധികാരത്തെയും അവിടുത്തെ സാക്ഷികളുടെ യഥാർഥ അവസ്ഥയെയും അംഗീകരിക്കുന്ന തരത്തിലുള്ളതായ അനുഭവങ്ങൾ ആത്മാക്കളെക്കുറിച്ചോ ആത്മവിദ്യ ആചരിക്കുന്നവരെക്കുറിച്ചോ ചിലപ്പോൾ വിവരിക്കപ്പെടാറുണ്ട്. ക്രിസ്ത്യാനികൾ അത്തരം കഥകൾ ആവർത്തിക്കണമോ?
ഇല്ല, അവർ അങ്ങനെ ചെയ്യാൻ പാടില്ല. യേശു ദൈവപുത്രനാണെന്ന് അശുദ്ധാത്മാക്കൾ വിളിച്ചുപറഞ്ഞപ്പോൾ “തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവൻ അവരെ വളരെ ശാസിച്ചു” എന്നു ബൈബിൾ പറയുന്നു. (മർക്കൊസ് 3:12) സമാനമായി, പൗലോസിനെയും ബർന്നബാസിനെയും “അത്യുന്നതനായ ദൈവത്തിന്റെ ദാസൻമാ”രായും “രക്ഷാമാർഗം” പ്രസിദ്ധമാക്കുന്നവരായും തിരിച്ചറിയിക്കാൻ ഭാവികഥനവിദ്യയുടെ ഒരു ഭൂതം ഒരു പെൺകുട്ടിയെ പ്രേരിപ്പിച്ചപ്പോൾ പൗലോസ് അവളിൽനിന്ന് ആ ഭൂതത്തെ ഒഴിപ്പിച്ചു. (പ്രവൃത്തികൾ 16:16-18) ദൈവോദ്ദേശ്യത്തെക്കുറിച്ചോ അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ദാസൻമാരെക്കുറിച്ചോ സാക്ഷ്യം വഹിക്കാൻ യേശുവോ പൗലോസോ ഏതെങ്കിലും ബൈബിളെഴുത്തുകാരോ ഭൂതങ്ങളെ അനുവദിച്ചില്ല.
ഭൂമിയിൽ വരുന്നതിനു മുമ്പു യേശുക്രിസ്തു ആത്മമണ്ഡലത്തിൽ ജീവിച്ചിരുന്നു എന്നതു ശ്രദ്ധേയമാണ്. അവിടുന്ന് സാത്താനെ വ്യക്തിപരമായി അറിഞ്ഞിരുന്നു. എന്നിട്ടും, സാത്താന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കഥകളാൽ യേശു തന്റെ ശിഷ്യൻമാരെ രസിപ്പിക്കുകയോ, പിശാചിനു ചെയ്യാൻ കഴിയുന്നതും കഴിയാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ നൽകുകയോ ചെയ്തില്ല. സാത്താനും അവന്റെ ഭൂതങ്ങളും യേശുവിന്റെ സ്നേഹിതരല്ലായിരുന്നു. അവർ പുറത്താക്കപ്പെട്ടവരും മത്സരികളും വിശുദ്ധമായതിനെ വെറുക്കുന്നവരും ദൈവത്തിന്റെ ശത്രുക്കളുമായിരുന്നു.
നാം അറിഞ്ഞിരിക്കേണ്ടത് എന്താണെന്നു ബൈബിൾ നമ്മോടു പറയുന്നു. ഭൂതങ്ങൾ ആരാണെന്നും അവ ആളുകളെ എങ്ങനെ വഴിതെററിക്കുന്നുവെന്നും നമുക്ക് അവയെ എങ്ങനെ ഒഴിവാക്കാമെന്നും അതു വിശദമാക്കുന്നു. യഹോവയും യേശുവും ഭൂതങ്ങളെക്കാൾ ശക്തരാണെന്ന് അതു പ്രകടമാക്കുന്നു. കൂടാതെ, നാം യഹോവയെ വിശ്വസ്തമായി സേവിക്കുന്നെങ്കിൽ അവയ്ക്കു നിലനിൽക്കുന്ന യാതൊരു ദോഷവും നമ്മുടെമേൽ ഏൽപ്പിക്കാനാവില്ലെന്നും അതു നമ്മെ പഠിപ്പിക്കുന്നു.—യാക്കോബ് 4:7.
അപ്പോൾ നല്ല കാരണത്തോടെ ക്രിസ്ത്യാനികൾ വ്യാജമായ കഥകളെ, ദൈവത്തെ എതിർക്കുന്നവരുടെ താത്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രം ചെയ്യുന്ന കഥകളെ പുറന്തള്ളുന്നു. യേശു ‘സത്യത്തിനു സാക്ഷ്യം വഹിച്ചതു’ പോലെ ഇന്ന് അവിടുത്തെ അനുഗാമികളും അങ്ങനെ ചെയ്യുന്നു. (യോഹന്നാൻ 18:37) “സത്യമായതു ഒക്കെയും . . . ചിന്തിച്ചുകൊൾവിൻ” എന്ന ബൈബിളിന്റെ ബുദ്ധ്യുപദേശം അവർ ജ്ഞാനപൂർവം ചെവിക്കൊള്ളുന്നു.—ഫിലിപ്പിയർ 4:8.
[31-ാം പേജിലെ ചിത്രം]
സത്യക്രിസ്ത്യാനികൾ എല്ലാത്തരം ഭൂതവിദ്യാരൂപങ്ങളും കർശനമായി ഒഴിവാക്കണം