അപകടം നിറഞ്ഞ ലോകത്തിൽ സുരക്ഷിതത്വം
കുഴിബോംബുകൾ പാകിയ സ്ഥലത്തുകൂടെ പോയാൽ ജീവൻ നഷ്ടമായേക്കാം. എന്നാൽ, കുഴിബോംബുകൾ എവിടെയെല്ലാമാണ് പാകിയിരിക്കുന്നത് എന്നു കാണിക്കുന്ന ഒരു മാപ്പ് ഉണ്ടെങ്കിൽ അത് സഹായകമായിരിക്കില്ലേ? ഇനിയും, വ്യത്യസ്തതരം കുഴിബോംബുകളെ തിരിച്ചറിയാനുള്ള പരിശീലനം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നു കരുതുക. എങ്കിൽ, നിങ്ങൾ അംഗഹീനനാകാനോ കൊല്ലപ്പെടാനോ ഉള്ള സാധ്യതയെ അതു കുറയ്ക്കും എന്നതിനു സംശയമില്ല.
ബൈബിളിനെ ആ മാപ്പിനോടും കുഴിബോംബുകളെ തിരിച്ചറിയാനുള്ള പരിശീലനത്തോടും താരതമ്യം ചെയ്യാൻ കഴിയും. ജീവിതത്തിലെ അപകടങ്ങൾ ഒഴിവാക്കാനും ജീവിത പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്ന അതിശ്രേഷ്ഠ ജ്ഞാനത്തിന്റെ ഉറവാണ് ബൈബിൾ.
സദൃശവാക്യങ്ങൾ 2:10, 11-ലെ ഉറപ്പേകുന്ന ഈ വാഗ്ദാനം ശ്രദ്ധിക്കുക: “ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.” ഇവിടെ പരാമർശിച്ചിരിക്കുന്ന ജ്ഞാനവും വകതിരിവും മാനുഷിക ഉറവിൽനിന്നുള്ളതല്ല, മറിച്ച് ദൈവത്തിൽനിന്നുള്ളതാണ്. “എന്റെ വാക്കു [ദൈവിക ജ്ഞാനം] കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.” (സദൃശവാക്യങ്ങൾ 1:33) നമ്മുടെ സുരക്ഷിതത്വം വർധിപ്പിക്കാനും അനവധിയായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നമ്മെ സഹായിക്കാനും ബൈബിളിന് എങ്ങനെ കഴിയുമെന്ന് നമുക്കു നോക്കാം.
മാരകമായ അപകടങ്ങൾ ഒഴിവാക്കൽ
ലോകാരോഗ്യ സംഘടനയുടെ (WHO) അടുത്തകാലത്തെ കണക്കുകൾ അനുസരിച്ച്, വാഹനാപകടങ്ങൾ മൂലം ലോകവ്യാപകമായി പ്രതിവർഷം 11,71,000 പേർ മരിക്കുന്നു. നാലു കോടിയോളം പേർക്ക് പരിക്കേൽക്കുന്നു, 80 ലക്ഷത്തിലധികം പേർ ദീർഘകാല വൈകല്യങ്ങൾക്ക് ഇരകളാകുകയും ചെയ്യുന്നു.
വാഹനമോടിക്കുമ്പോൾ പൂർണമായ സുരക്ഷിതത്വം അസാധ്യമാണെങ്കിലും, ഗതാഗത നിയമങ്ങൾ അനുസരിക്കുന്നത്, നമ്മുടെ വ്യക്തിപരമായ സുരക്ഷിതത്വം ഗണ്യമായ അളവിൽ വർധിപ്പിക്കുന്നു. ഗതാഗത നിയമങ്ങൾ നിർമിച്ച് പ്രാബല്യത്തിലാക്കുന്ന ഗവൺമെന്റ് അധികാരികളെക്കുറിച്ച് ബൈബിൾ പറയുന്നു: “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ.” (റോമർ 13:1) ഈ ബുദ്ധിയുപദേശം അനുസരിക്കുന്ന ഡ്രൈവർമാർ മിക്കപ്പോഴും ഗുരുതരമായ പരിണതഫലങ്ങൾക്ക് ഇടയാക്കുന്ന ഒരു അപകടത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
സുരക്ഷിതമായി വാഹനമോടിക്കാൻ പ്രേരിപ്പിക്കേണ്ട മറ്റൊരു സംഗതി ജീവനോടുള്ള ആദരവാണ്. യഹോവയാം ദൈവത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ.” (സങ്കീർത്തനം 36:9) അതുകൊണ്ട്, ജീവൻ ഒരു ദിവ്യദാനമാണ്. അക്കാരണത്താൽ, മറ്റൊരാളുടെ കാര്യത്തിലായാലും സ്വന്തം കാര്യത്തിലായാലും ആ ദാനം എടുത്തുകളയാനോ അതിനോട് അനാദരവ് കാണിക്കാനോ നമുക്കാർക്കും അവകാശമില്ല.—ഉല്പത്തി 9:5, 6.
സ്വാഭാവികമായും, മനുഷ്യജീവനോട് ആദരവ് ഉണ്ടായിരിക്കുന്നതിൽ നമ്മുടെ വാഹനവും ഭവനവും പരമാവധി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് ഉൾപ്പെടുന്നു. പുരാതന ഇസ്രായേലിൽ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സുരക്ഷിതത്വത്തിന് വളരെ പ്രാധാന്യം കൽപ്പിച്ചിരുന്നു. ഉദാഹരണത്തിന്, ഒരു വീടു പണിയുമ്പോൾ അതിന്റെ മേൽപ്പുരയ്ക്ക്—കുടുംബാംഗങ്ങൾ വളരെ സമയം അവിടെ ചെലവഴിച്ചിരുന്നു—കൈമതിൽ നിർമിക്കണമെന്ന് ദൈവനിയമം ആവശ്യപ്പെട്ടിരുന്നു. ‘ഒരു പുതിയ വീടു പണിതാൽ നിന്റെ വീട്ടിന്മുകളിൽനിന്നു വല്ലവനും . . . വീഴാതിരിക്കേണ്ടതിനു നീ അതിന്നു കൈമതിൽ ഉണ്ടാക്കേണം.’ (ആവർത്തനപുസ്തകം 22:8) സുരക്ഷിതത്വനിയമം ആവശ്യപ്പെടുന്നതനുസരിച്ച്, കൈമതിൽ പണിയാത്തതു നിമിത്തം ആരെങ്കിലും അവിടെനിന്നു വീണാൽ ദൈവം ആ വീട്ടുടമസ്ഥനെ അതിന് ഉത്തരവാദിയായി കണക്കാക്കുമായിരുന്നു. ഈ നിയമത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്നേഹപുരസ്സരമായ തത്ത്വത്തിന്റെ ബാധകമാക്കൽ ജോലിസ്ഥലത്തും വിനോദത്തിൽ ഏർപ്പെടുമ്പോഴും അപകടങ്ങൾ കുറയ്ക്കും എന്നതിന് സംശയമില്ല.
മാരകമായ ആസക്തികൾക്കെതിരെ പോരാടൽ
ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, ലോകത്തിൽ ഇപ്പോൾ നൂറുകോടിയിൽപ്പരം പുകവലിക്കാരുണ്ട്. കൂടാതെ, പുകയിലയുടെ ഉപയോഗത്താൽ ഏതാണ്ട് 40 ലക്ഷം പേർ ഓരോ വർഷവും മരണമടയുന്നു. അടുത്ത 20 മുതൽ 30 വർഷത്തിനുള്ളിൽ ഈ സംഖ്യ ഒരു കോടിയായി വർധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ദശലക്ഷക്കണക്കിന് വരുന്ന മറ്റു പുകവലിക്കാരും “വിനോദത്തിനുവേണ്ടി” മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരും തങ്ങളുടെ ആസക്തികൾ നിമിത്തം സ്വന്തം ആരോഗ്യവും ജീവിതത്തിന്റെ ഗുണമേന്മയും നശിപ്പിക്കും.
പുകയിലയുടെ ഉപയോഗത്തെയും മയക്കുമരുന്നിന്റെ ദുരുപയോഗത്തെയും കുറിച്ച് ബൈബിൾ പ്രത്യേകം പറയുന്നില്ലെങ്കിലും, അതിലെ തത്ത്വങ്ങൾക്ക് ഇവയിൽനിന്നൊക്കെ നമ്മെ സംരക്ഷിക്കാൻ കഴിയും. ഉദാഹരണമായി, 2 കൊരിന്ത്യർ 7:1 ബുദ്ധിയുപദേശിക്കുന്നു: ‘ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കാം.’ പുകയിലയും മയക്കുമരുന്നുകളും നമ്മുടെ ജഡത്തെ ഹാനികരമായ അനേകം രാസവസ്തുക്കൾകൊണ്ട് അശുദ്ധമാക്കുന്നു അഥവാ മലിനമാക്കുന്നു എന്നതിനു യാതൊരു സംശയവുമില്ല. കൂടാതെ, നമ്മുടെ ശരീരങ്ങൾ “വിശുദ്ധ”മായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അതിന്റെ അർഥം ശരീരം ശുദ്ധവും നിർമലവും ആയിരിക്കണം എന്നാണ്. (റോമർ 12:1) ഈ തത്ത്വങ്ങൾ ബാധകമാക്കിയാൽ ജീവൻ അപകടത്തിലാകാനുള്ള സാധ്യത കുറയും എന്നതിനോട് നിങ്ങൾ യോജിക്കില്ലേ?
ആപത്കരമായ ശീലങ്ങളെ കീഴടക്കൽ
മിക്കവർക്കും തീറ്റിയിലും കുടിയിലും യാതൊരു നിയന്ത്രണവുമില്ല. അമിത ഭക്ഷണത്തിന്റെ ഫലമായി പ്രമേഹം, കാൻസർ, ഹൃദ്രോഗം എന്നിവ ഉണ്ടായേക്കാം. മദ്യം ദുരുപയോഗം ചെയ്യുന്നത് സാധാരണഗതിയിൽ മദ്യാസക്തി, കരൾദ്രവീകരണം, തകർന്ന കുടുംബങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. അതേസമയം, ആഹാര ക്രമത്തിൽ അനാവശ്യ നിയന്ത്രണങ്ങൾ പാലിക്കുന്നത്, ഹാനികരവും ജീവനു ഭീഷണി ഉയർത്തുന്നതുമായ അനൊറെക്സിയ നെർവോസ പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്തേക്കാം.
ബൈബിൾ ഒരു വൈദ്യശാസ്ത്ര പാഠപുസ്തകം അല്ലെങ്കിലും, തീറ്റിയിലും കുടിയിലും മിതത്വം പാലിക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച ബുദ്ധിയുപദേശം അത് വളച്ചുകെട്ടില്ലാതെ നൽകുന്നുണ്ട്. “മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊൾക. നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു. കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും.” (സദൃശവാക്യങ്ങൾ 23:19-21) അതേസമയം, തിന്നുകയും കുടിക്കുകയും ചെയ്യുന്നത് ആസ്വാദ്യമായിരിക്കേണ്ടതാണെന്ന് ബൈബിൾ പറയുന്നു. “ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.”—സഭാപ്രസംഗി 3:13.
ശാരീരിക വ്യായാമം സംബന്ധിച്ച സന്തുലിത വീക്ഷണത്തെയും ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. അതു പറയുന്നു: “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ.” എന്നാൽ അത് പിൻവരുന്നവിധം കൂട്ടിച്ചേർക്കുന്നു: “ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.” (1 തിമൊഥെയൊസ് 4:8) ‘ഇപ്പോൾപ്പോലും ദൈവഭക്തി പ്രയോജനം ചെയ്യുന്നത് എങ്ങനെ?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. അനേക വിധങ്ങളിൽ അത് പ്രയോജനം ചെയ്യുന്നുണ്ട്. ദൈവഭക്തി, ഒരുവന്റെ ജീവിതത്തിന് അതിപ്രധാനമായ ആത്മീയ മാനം കൈവരുത്തുന്നതിനു പുറമേ സ്നേഹം, സന്തോഷം, സമാധാനം, ഇന്ദ്രിയജയം എന്നിങ്ങനെയുള്ള പ്രയോജനകരമായ ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ശുഭാപ്തി വിശ്വാസത്തോടുകൂടിയ ഒരു വീക്ഷണവും നല്ല ആരോഗ്യവും ഉണ്ടായിരിക്കാൻ സഹായിക്കുന്നു.—ഗലാത്യർ 5:22, 23.
അധാർമികതയുടെ കയ്പേറിയ അനന്തരഫലങ്ങൾ
ഇന്ന് ദശലക്ഷക്കണക്കിനാളുകൾ ധാർമികതയുടെ സകല അതിർവരമ്പുകളും ലംഘിച്ചിരിക്കുന്നു. അതിന്റെ തിക്തഫലങ്ങളിൽ ഒന്നാണ് എയ്ഡ്സ് എന്ന പകർച്ച വ്യാധി. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, എയ്ഡ്സ് ഇതുവരെ 1.6 കോടിയിലധികം ജീവൻ അപഹരിച്ചു കഴിഞ്ഞു. മാത്രമല്ല ഇപ്പോൾ 3.4 കോടി ആളുകൾ എയ്ഡ്സ് വൈറസ് ബാധിതരുമാണ്. ഇവരിൽ അനേകരും എയ്ഡ്സ് ബാധിതരാകാൻ കാരണം പലരുമായുള്ള ലൈംഗിക ബന്ധം, മയക്കുമരുന്ന് ആസക്തർക്കിടയിലെ അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, എയ്ഡ്സ് വൈറസ് അടങ്ങിയ രക്തം സ്വീകരിക്കൽ എന്നിവയാണ്.
കുത്തഴിഞ്ഞ ധാർമികതയുടെ മറ്റ് അനന്തരഫലങ്ങളാണ് ഹെർപെസ്, ഗൊണോറിയ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, സിഫിലിസ് എന്നിവ. ബൈബിൾ കാലങ്ങളിൽ അത്തരം വൈദ്യശാസ്ത്ര പദങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ലെങ്കിലും, അന്ന് സാധാരണമായിരുന്ന ലൈംഗിക രോഗങ്ങൾ ഏതെല്ലാം അവയവങ്ങളെയാണ് ബാധിക്കുന്നതെന്ന് അക്കാലത്ത് തിരിച്ചറിഞ്ഞിരുന്നു. ഉദാഹരണമായി, സദൃശവാക്യങ്ങൾ 7:23 പരസംഗത്തിന്റെ ഭയാനകമായ അനന്തരഫലത്തെ ‘കരളിൽ തറയ്ക്കുന്ന ഒരു അസ്ത്രമായി’ വർണിക്കുന്നു. കരൾവീക്കത്തെ പോലെതന്നെ സിഫിലിസും സാധാരണമായി കരളിനെയാണ് ബാധിക്കുന്നത്. അതേ, ‘പരസംഗത്തിൽനിന്നും രക്തത്തിൽനിന്നും ഒഴിഞ്ഞിരിക്കുക’ എന്നു ബൈബിൾ പറയുമ്പോൾ എത്ര സ്നേഹപുരസ്സരവും കാലോചിതവുമായ ബുദ്ധിയുപദേശമാണ് അത് ക്രിസ്ത്യാനികൾക്കു നൽകുന്നത്!—പ്രവൃത്തികൾ 15:28, 29.
പണസ്നേഹം എന്ന കെണി
പെട്ടെന്നു ധനികരാകാനുള്ള ശ്രമത്തിൽ അനേകമാളുകൾ തങ്ങളുടെ പണംകൊണ്ട് ഭാഗ്യപരീക്ഷണം നടത്തുന്നു. സങ്കടകരമെന്നു പറയട്ടെ, മിക്കപ്പോഴും അത് സാമ്പത്തിക നഷ്ടത്തിലോ നാശത്തിലോ കലാശിക്കുന്നു. എന്നിരുന്നാലും, ദൈവത്തിന്റെ ദാസന്മാരോട് ബൈബിൾ പറയുന്നു: “മുട്ടുള്ളവന്നു ദാനം ചെയ്വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.” (എഫെസ്യർ 4:28) കഠിനാധ്വാനി എല്ലായ്പോഴും സമ്പന്നനാകുകയില്ല എന്നതു സത്യംതന്നെ. എങ്കിലും, മനസ്സമാധാനവും ആത്മാഭിമാനവും മാത്രമല്ല, യഥാർഥത്തിൽ ആവശ്യമുള്ളവർക്ക് സംഭാവന ചെയ്യാനുള്ള പണവും അയാളുടെ കൈവശം കണ്ടേക്കാം.
ബൈബിൾ ഈ മുന്നറിയിപ്പ് നൽകുന്നു: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു . . . ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.” (1 തിമൊഥെയൊസ് 6:9, 10) “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്ന” പലർക്കും അതിനു കഴിയുകതന്നെ ചെയ്യുന്നു എന്നത് ശരിതന്നെ. പക്ഷേ, അവർ അതിനായി ഒടുക്കുന്ന വിലയെന്താണ്? അത് അവരുടെ ആരോഗ്യത്തെയും കുടുംബ ജീവിതത്തെയും ആത്മീയതയെയും ഉറക്കത്തെയും ബാധിക്കുമെന്നത് ശരിയല്ലേ?—സഭാപ്രസംഗി 5:12.
“വസ്തുവകയല്ല [തന്റെ] ജീവന്നു ആധാരമായിരിക്കുന്നതു” എന്നു ജ്ഞാനിയായ ഒരുവൻ തിരിച്ചറിയും. (ലൂക്കൊസ് 12:15) പണവും കുറെ വസ്തുവകകളും മിക്ക സ്ഥലങ്ങളിലും അവശ്യ സംഗതികളാണ്. വാസ്തവത്തിൽ ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “ദ്രവ്യവും ഒരു ശരണം.” എന്നാൽ അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.” (സഭാപ്രസംഗി 7:12) പണത്തിൽനിന്ന് വ്യത്യസ്തമായി ശരിയായ അറിവിനും ജ്ഞാനത്തിനും ഏതൊരു സാഹചര്യത്തിലും നമ്മെ സഹായിക്കാനാകും, പ്രത്യേകിച്ചും നമ്മുടെ ജീവനെ ബാധിക്കുന്ന സന്ദർഭങ്ങളിൽ.—സദൃശവാക്യങ്ങൾ 4:5-9.
ജ്ഞാനം മാത്രം നമ്മെ സംരക്ഷിക്കുമ്പോൾ
യഥാർഥ ജ്ഞാനം, പുതിയൊരു വിധത്തിൽ—അതിവേഗം സമീപിച്ചുകൊണ്ടിരിക്കുന്ന ‘മഹോപദ്രവത്തിൽ’ ദൈവം ദുഷ്ടരെ നശിപ്പിക്കുമ്പോൾ സംരക്ഷണം നൽകിക്കൊണ്ട്—താമസിയാതെ ‘ജ്ഞാനിയുടെ ജീവനെ പരിപാലിക്കും.’ (മത്തായി 24:21, NW) ആ സമയത്ത് ആളുകൾ തങ്ങളുടെ പണം ‘മലം’ പോലെ വീഥികളിൽ എറിഞ്ഞുകളയും എന്നു ബൈബിൾ പറയുന്നു. എന്താണ് കാരണം? യഹോവയുടെ കോപദിവസത്തിൽ പൊന്നോ വെള്ളിയോ അവരെ വിടുവിക്കുകയില്ലെന്ന് കയ്പേറിയ അനുഭവത്തിലൂടെ അവർ പഠിച്ചിരിക്കും. (യെഹെസ്കേൽ 7:19) അതേസമയം, ജീവിതത്തിൽ രാജ്യതാത്പര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് ബുദ്ധിപൂർവം സ്വർഗത്തിൽ നിക്ഷേപം സ്വരൂപിച്ചിരിക്കുന്ന “മഹാപുരുഷാരം,” അവരുടെ ആ ഉറപ്പുള്ള നിക്ഷേപത്തിൽനിന്ന് പ്രയോജനം അനുഭവിക്കുകയും ഭൂമിയിലെ പറുദീസയിൽ നിത്യജീവൻ നേടുകയും ചെയ്യും.—വെളിപ്പാടു 7:9, 14; 21:3, 4; മത്തായി 6:19, 20.
ഈ സുരക്ഷിത ഭാവി നമുക്ക് എങ്ങനെ നേടാൻ കഴിയും? യേശു ഉത്തരം നൽകുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) ലക്ഷക്കണക്കിനാളുകൾ ദൈവവചനമായ ബൈബിളിൽ ഈ അറിവ് കണ്ടെത്തിയിരിക്കുന്നു. അവർക്ക് ഭാവിയെ സംബന്ധിച്ച മഹത്തായ പ്രത്യാശയുണ്ടെന്നു മാത്രമല്ല, ഒരളവുവരെയുള്ള സമാധാനവും സുരക്ഷിതത്വവും ഇപ്പോൾത്തന്നെ ആസ്വദിക്കാനും കഴിയുന്നു. ഇത് സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ തന്നെയാണ്: “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.”—സങ്കീർത്തനം 4:8.
ആരോഗ്യത്തിനും ജീവനും ഉള്ള അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നതിന് ബൈബിളിന്റെ അത്രയും വിവരങ്ങൾ നൽകാൻ മറ്റേതെങ്കിലും പുസ്തകത്തിന് കഴിയുമെന്ന് നിങ്ങൾക്കു ചിന്തിക്കാനാകുമോ? മറ്റൊരു ഗ്രന്ഥത്തിനും ബൈബിളിന്റെ അത്രയും ആധികാരികതയില്ല എന്നു മാത്രമല്ല, അപകടം നിറഞ്ഞ ഇന്നത്തെ ലോകത്തിൽ യഥാർഥ സുരക്ഷിതത്വം കണ്ടെത്താൻ നിങ്ങളെ സഹായിക്കാനും കഴിയില്ല. നിങ്ങൾക്ക് അത് കൂടുതലായി പരിശോധിച്ചുകൂടേ?
[6-ാം പേജിലെ ചതുരം/ചിത്രം]
ബൈബിളിന്റെ സഹായത്താൽ മെച്ചപ്പെട്ട ആരോഗ്യവും സുരക്ഷിതത്വവും
ജീവിത യാഥാർഥ്യങ്ങളിൽനിന്ന് ഒളിച്ചോടാനായി ജേൻa എന്ന യുവതി മരിജ്വാനയും പുകയിലയും കൊക്കെയ്നും ആംഫെറ്റാമൈനും എൽ എസ് ഡിയും മറ്റു മയക്കുമരുന്നുകളും പതിവായി ഉപയോഗിച്ചിരുന്നു. അവൾ അമിതമായി മദ്യപിക്കുകയും ചെയ്തിരുന്നു. ജേൻ പറയുന്നപ്രകാരം അവളുടെ ഭർത്താവിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അവരുടെ ഭാവി തികച്ചും ഇരുളടഞ്ഞതായിരുന്നു. അങ്ങനെയിരിക്കെ, ജേൻ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി. അവൾ അവരുടെ യോഗങ്ങൾക്ക് ഹാജരാവുകയും വീക്ഷാഗോപുരവും അതിന്റെ കൂട്ടുമാസികയായ ഉണരുക!യും വായിക്കാൻ തുടങ്ങുകയും ചെയ്തു. അവൾ ഭർത്താവിനും അവ വായിക്കാൻ കൊടുക്കുമായിരുന്നു. തുടർന്ന്, അവർ ഇരുവരും സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. യഹോവയുടെ ഉന്നത ധാർമിക നിലവാരങ്ങളോടുള്ള വിലമതിപ്പ് വർധിച്ചപ്പോൾ അവർ ലഹരിപദാർഥങ്ങളെല്ലാം ഉപേക്ഷിച്ചു. ഫലമോ? ഏതാനും വർഷങ്ങൾക്കു ശേഷം ജേൻ എഴുതി: “പുതിയ ജീവിതം ഞങ്ങൾക്കു വളരെ സന്തോഷം കൈവരുത്തിയിരിക്കുന്നു. ആളുകളെ നിർമലരാക്കാനുള്ള ദൈവവചനത്തിന്റെ ശക്തിക്കും ഇപ്പോൾ ആസ്വദിക്കുന്ന ആരോഗ്യകരവും സ്വസ്ഥവുമായ ജീവിതത്തിനും ഞങ്ങൾ യഹോവയോടു നന്ദിയുള്ളവരാണ്.”
തൊഴിലിൽ സത്യസന്ധർ ആയിരിക്കുന്നതിന്റെ മൂല്യം എടുത്തു കാട്ടുന്നതാണ് കുർട്ടിന്റെ അനുഭവം. കമ്പ്യൂട്ടർ സംബന്ധമായ ഒരു ജോലിയായിരുന്നു അദ്ദേഹത്തിന്റേത്. പുതിയ ഒരു ഉപകരണം ആവശ്യമായി വന്നപ്പോൾ, അതു ലാഭത്തിൽ വാങ്ങാനുള്ള ഉത്തരവാദിത്വം തൊഴിലുടമ അദ്ദേഹത്തെ ഏൽപ്പിച്ചു. കുർട്ട് ഒരു നല്ല വ്യാപാരിയെ കണ്ട് അതിന്റെ വില പറഞ്ഞൊത്തു. എങ്കിലും, വ്യാപാരിയുടെ കണക്കെഴുത്തുകാരന് സംഭവിച്ച പിശക് നിമിത്തം പറഞ്ഞൊത്ത തുകയെക്കാൾ 40,000 (യു.എസ്.) ഡോളർ താഴ്ത്തിയാണ് ക്വൊട്ടേഷനിൽ കാണിച്ചിരുന്നത്. ഈ പിശക് കണ്ടുപിടിച്ച കുർട്ട് കമ്പനിയെ വിവരമറിയിച്ചു. തന്റെ 25 വർഷക്കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇത്തരം സത്യസന്ധത താൻ കണ്ടിട്ടേയില്ല എന്ന് ഇതു നിരീക്ഷിച്ച കമ്പനി മാനേജർ പറയുകയുണ്ടായി. തന്റെ മനസ്സാക്ഷിയെ കരുപ്പിടിപ്പിച്ചത് ബൈബിളാണെന്ന് കുർട്ട് വിശദീകരിച്ചു. തത്ഫലമായി, മാനേജർ തന്റെ സഹപ്രവർത്തകർക്ക് നൽകാനായി ബിസിനസ്സിലെ സത്യസന്ധതയെക്കുറിച്ച് പ്രതിപാദിക്കുന്ന ഉണരുക!യുടെ 300 പ്രതികൾ ആവശ്യപ്പെട്ടു. കുർട്ടിന്റെ സത്യസന്ധത നിമിത്തം അദ്ദേഹത്തിന് സ്ഥാനക്കയറ്റവും ലഭിച്ചു.
[അടിക്കുറിപ്പ്]
a പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
[7-ാം പേജിലെ ചിത്രം]
‘ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.’—യെശയ്യാവു 48:17