ആളുകൾ ദുഷ്കൃത്യങ്ങൾ ചെയ്യുന്നത് എന്തുകൊണ്ട്?
തെറ്റുപറ്റാത്ത മനുഷ്യരില്ല. നമ്മളെല്ലാവരും അരുതാത്തത് പറയും, പ്രവർത്തിക്കും; പിന്നീട് അതോർത്ത് ദുഃഖിക്കുകയും ചെയ്യും. എന്നാൽ ദിവസേനയെന്നോണം നാം കാണുകയും കേൾക്കുകയും ചെയ്യുന്ന, ചെറുതും വലുതുമായ കുറ്റകൃത്യങ്ങളെ ഈ തെറ്റുകളുടെ ഗണത്തിൽ പെടുത്താനാകുമോ?
മനുഷ്യൻ അപൂർണനാണെങ്കിലും അവൻ ലംഘിക്കരുതാത്ത ചില ധാർമിക അതിർവരമ്പുകളുണ്ടെന്നും അവ ലംഘിക്കാതിരിക്കാനുള്ള കഴിവ് അവനുണ്ടെന്നും ഉള്ളത് പൊതുവെ അംഗീകരിക്കപ്പെടുന്ന ഒരു വസ്തുതയാണ്. അറിയാതെ വായിൽനിന്നു വീണുപോകുന്ന സത്യവിരുദ്ധമായ ഒരു പ്രസ്താവനയും മനപ്പൂർവം പറഞ്ഞുപരത്തുന്ന നുണക്കഥയും തമ്മിലുള്ള അന്തരം നമുക്ക് മനസ്സിലാകുന്നത് ഈ ധാർമികബോധം ഉള്ളതുകൊണ്ടാണ്. അബദ്ധത്തിൽ ഒരാളെ പരിക്കേൽപ്പിക്കുന്നതും കരുതിക്കൂട്ടി ഒരാളെ കൊലചെയ്യുന്നതും രണ്ടും രണ്ടാണെന്ന തിരിച്ചറിവ് നമുക്കുള്ളതും അതുകൊണ്ടുതന്നെ. എന്നിട്ടും വെറും സാധാരണ മനുഷ്യരെന്നു നാം കരുതുന്നവർ ഞെട്ടിക്കുന്ന പാതകങ്ങൾ ചെയ്യുന്നു. എന്തുകൊണ്ട്? അവർ എന്തിനത് ചെയ്യുന്നു?
ബൈബിളിൽ അതിനുള്ള ഉത്തരമുണ്ട്. തെറ്റുകൾ ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങളിലേക്ക് അതു വിരൽചൂണ്ടുന്നു:
▪ “പീഡനം ജ്ഞാനിയെ ഭ്രാന്തനാക്കുന്നു.”—സഭാപ്രസംഗി 7:7, വിശുദ്ധ സത്യവേദപുസ്തകം, മോഡേൺ മലയാളം വേർഷൻ.
ചിലപ്പോൾ സാഹചര്യങ്ങളാണ് ആളുകളെക്കൊണ്ട് അരുതാത്തത് ചെയ്യിക്കുന്നത്. ബൈബിളും ആ വസ്തുത അംഗീകരിക്കുന്നു. സമൂഹത്തിലെ അനീതിക്കും കഷ്ടപ്പാടിനും അറുതിവരുത്തുകയെന്ന ലക്ഷ്യത്തിലാണ് ചിലർ ദുഷ്കൃത്യങ്ങൾ ചെയ്യുന്നത്. “മിക്കപ്പോഴും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വ്യവസ്ഥിതിയിലുള്ള കടുത്ത അതൃപ്തിയാണ് ആളുകളെ തീവ്രവാദികളാക്കുന്നത്” എന്ന് നഗരങ്ങളിലെ ഭീകരപ്രവർത്തനം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
▪ “പണസ്നേഹം സകലവിധ ദോഷങ്ങൾക്കും മൂലമല്ലോ.”—1 തിമൊഥെയൊസ് 6:10.
‘പണമെന്നു കേട്ടാൽ പിണവും വായ് പിളർക്കും’ എന്നു കേട്ടിട്ടില്ലേ? പണത്തോടുള്ള മനുഷ്യന്റെ ആർത്തിയെ പ്രതിഫലിപ്പിക്കുന്ന ഒരു ചൊല്ലാണിത്. നല്ലവരായി കാണപ്പെടുന്നവർപോലും പണത്തിന്റെ കാര്യം വരുമ്പോൾ മാന്യതയും മര്യാദയുമൊക്കെ വിട്ടു പ്രവർത്തിക്കാൻ മടിക്കാറില്ല. പിടിച്ചുപറി, തട്ടിപ്പ്, കൊലപാതകം അങ്ങനെ എത്രയെത്ര അതിക്രമങ്ങളാണ് പണത്തോടുള്ള ആർത്തിമൂത്ത് മനുഷ്യൻ ചെയ്യുന്നത്!
▪ “ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്വാൻ ധൈര്യപ്പെടുന്നു.”—സഭാപ്രസംഗി 8:11.
മനുഷ്യരിൽ കാണുന്ന ഒരു സ്വാഭാവിക പ്രവണതയെയാണ് ഈ തിരുവെഴുത്ത് എടുത്തുകാട്ടുന്നത്: ശിക്ഷാനടപടികൾ ഉണ്ടാവില്ലെന്നു കണ്ടാൽ എന്ത് അക്രമം കാണിക്കാനും ആളുകൾക്ക് മടിയില്ല; സാധാരണഗതിയിൽ നിയമം അനുസരിക്കുന്നവർപോലും വേഗപരിധി ലംഘിച്ച് വാഹനമോടിക്കുന്നതും പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതും പൊതുഫണ്ടുകളിൽ തിരിമറി നടത്തുന്നതുമൊക്കെ അതുകൊണ്ടാണ്. “പലപ്പോഴും, കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഹീനകൃത്യങ്ങൾ ചെയ്യാൻ മറ്റുള്ളവർക്കും പ്രേരണയാകുന്നു” എന്ന് ആർഗുമെന്റ്സ് ആൻഡ് ഫാക്റ്റ്സ് എന്ന മാസിക പറയുന്നു.
▪ “ഓരോരുത്തനും പരീക്ഷിക്കപ്പെടുന്നത് സ്വന്തമോഹത്താൽ ആകർഷിതനായി വശീകരിക്കപ്പെടുകയാലത്രേ. മോഹം ഗർഭംധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം വളർച്ചയെത്തിയിട്ട് മരണത്തെ ജനിപ്പിക്കുന്നു.”—യാക്കോബ് 1:14, 15.
മനുഷ്യർക്കെല്ലാംതന്നെ തെറ്റായ ചിന്തകളും വികാരങ്ങളും ഉണ്ടാകാറുണ്ട്. തെറ്റുചെയ്യാനുള്ള പ്രേരണകളും പ്രലോഭനങ്ങളും ദിവസേനയെന്നോണം നാം നേരിടുന്നു. “മനുഷ്യർക്കു നേരിട്ടിട്ടില്ലാത്ത ഒരു പ്രലോഭനവും നിങ്ങൾക്ക് ഉണ്ടായിട്ടില്ല” എന്ന് അപ്പൊസ്തലനായ പൗലോസ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളോട് പറയുകയുണ്ടായി. (1 കൊരിന്ത്യർ 10:13) എന്നാൽ മനസ്സിൽ തെറ്റായ ചിന്തകൾ ഉണ്ടാകുമ്പോൾ അതു പിഴുതെറിയണോ അല്ലെങ്കിൽ അതിനെ വേരുപിടിക്കാൻ അനുവദിക്കണോ എന്നു തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. യാക്കോബിന്റെ ലേഖനത്തിൽനിന്നുള്ള മേൽപ്പറഞ്ഞ തിരുവെഴുത്ത് കാണിക്കുന്നതുപോലെ, തെറ്റായ ഒരു ആഗ്രഹത്തെ മനസ്സിൽ താലോലിക്കുന്നത് തെറ്റായ പ്രവൃത്തിയിലേക്കു നയിക്കും.
▪ “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.”—സദൃശവാക്യങ്ങൾ 13:20.
നമ്മുടെ സുഹൃത്തുക്കൾക്ക് നമ്മെ സ്വാധീനിക്കാൻ കഴിയുമെന്നതിന് രണ്ടുപക്ഷമില്ല; അത് ഗുണത്തിനാകാം, ദോഷത്തിനാകാം. ചങ്ങാതിമാരുടെ സമ്മർദത്തിനു വഴിപ്പെട്ട് പലരും തെറ്റിലേക്ക് എടുത്തുചാടി ദാരുണമായ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. “ഭോഷന്മാർ” എന്നു ബൈബിൾ വിശേഷിപ്പിക്കുന്നത് ബുദ്ധിയില്ലാത്തവരെയല്ല, ദൈവവചനത്തിലെ ജ്ഞാനോപദേശങ്ങൾ അവഗണിക്കുന്നവരെയാണ്. പ്രായമായവരായാലും ചെറുപ്പക്കാരായാലും ശരി, ബൈബിൾ വെക്കുന്ന നിലവാരങ്ങൾക്കു ചേർച്ചയിലുള്ള സുഹൃത്തുക്കളെ തിരഞ്ഞെടുത്തില്ലെങ്കിൽ “വ്യസനിക്കേണ്ടിവരും.”
പ്രത്യക്ഷത്തിൽ സാധാരണ മനുഷ്യരെന്നു തോന്നുന്നവർ ഞെട്ടിക്കുന്ന ദുഷ്കൃത്യങ്ങൾ ചെയ്യുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കുന്ന ഇതുപോലുള്ള നിരവധി തിരുവെഴുത്തുകൾ ബൈബിളിലുണ്ട്. തെറ്റുചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചു മാത്രമല്ല ബൈബിൾ പറയുന്നത്. ദുഷ്കൃത്യങ്ങൾ ഇല്ലാതാകുന്ന ഒരു നല്ല കാലത്തെക്കുറിച്ചും അത് പറയുന്നു. ഇതു സംബന്ധിച്ച് ബൈബിൾ നൽകുന്ന വാഗ്ദാനങ്ങൾ എന്തെല്ലാമാണ്? അത് അറിയാൻ തുടർന്നുവായിക്കുക.