“വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക”
യുദ്ധം കൊടുമ്പിരികൊള്ളുന്ന നേരത്ത്, “താങ്കൾ വീട്ടിലേക്കു തിരിച്ചുപോയി ഭാര്യയോടും കുടുംബത്തോടുമൊപ്പം സമയം ചെലവിടുക” എന്നൊരു നിർദേശം ലഭിച്ചാൽ അസന്തുഷ്ടനാകുന്ന ഒരു യോദ്ധാവിനെ നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ?
ഇസ്രായേലിലെ ദാവീദു രാജാവിന്റെ കാലത്ത് ഒരു യോദ്ധാവിന് അത്തരമൊരു നിർദേശം ലഭിക്കുകയുണ്ടായി. ഹിത്യനായ ഊരീയാവിനെ രാജാവുതന്നെ ആളയച്ചു വരുത്തിയിട്ട് വീട്ടിൽ തിരികെ പോകാൻ പ്രോത്സാഹിപ്പിച്ചു. എന്നാൽ ഊരീയാവ് അതിനു വിസമ്മതിച്ചു. അസാധാരണമായ ആ പ്രതികരണത്തെ കുറിച്ചു ചോദിച്ചപ്പോൾ, ദൈവസാന്നിധ്യത്തെ പ്രതിനിധാനം ചെയ്യുന്ന നിയമപെട്ടകവും ഇസ്രായേല്യ സൈന്യവും പടനിലത്താണല്ലോ എന്ന് ഊരീയാവു മറുപടി പറഞ്ഞു. “അങ്ങനെയിരിക്കെ ഞാൻ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടിൽ കടക്കുമോ?” അവൻ ചോദിച്ചു. ഊരീയാവിനെ സംബന്ധിച്ചിടത്തോളം അത്തരമൊരു നിർണായക സമയത്ത് അങ്ങനെ ചെയ്യുന്നത് അചിന്തനീയമായിരുന്നു.—2 ശമൂവേൽ 11:8-11.
ഇന്ന് നമ്മളും ജീവിക്കുന്നത് ഒരു യുദ്ധകാലത്തായതുകൊണ്ട് ഊരീയാവിന്റെ പെരുമാറ്റം പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നു. ലോക രാഷ്ട്രങ്ങൾ നടത്തിയിട്ടുള്ള ഏതൊരു യുദ്ധത്തിൽനിന്നും വ്യത്യസ്തമായ ഒന്ന് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ മുമ്പിൽ രണ്ടു ലോകമഹായുദ്ധങ്ങളും ഒന്നുമല്ല, മാത്രമല്ല ആ യുദ്ധത്തിൽ നിങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ശത്രു ശക്തനാണ്, അപകടസാധ്യത വളരെ കൂടുതലും. ഈ യുദ്ധത്തിൽ തോക്കുകൾ ഗർജിക്കുന്നില്ല, ബോംബുകൾ വർഷിക്കപ്പെടുന്നില്ല, എങ്കിലും യുദ്ധതന്ത്രം തെല്ലും മോശമല്ല.
ആയുധമെടുക്കുംമുമ്പ്, അതു ധാർമികമായി ശരിയാണോ, എന്തിനുവേണ്ടിയാണ് നിങ്ങൾ പോരാടുന്നത് എന്നൊക്കെ നിങ്ങൾ അറിഞ്ഞിരിക്കണം. പോരാടാൻ തക്ക മൂല്യമുള്ളതാണോ ഈ യുദ്ധം? അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിനുള്ള തന്റെ ലേഖനത്തിൽ അനന്യമായ ഈ പോരാട്ടത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കി: “വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക.” അതേ, ഈ യുദ്ധത്തിൽ നിങ്ങളുടെ ചെറുത്തുനിൽപ്പിന്റെ ഉദ്ദേശ്യം ഏതെങ്കിലും കോട്ട സംരക്ഷിക്കുക എന്നതല്ല, പിന്നെയോ ‘വിശ്വാസം’—ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള മുഴു ക്രിസ്തീയ സത്യവും—കാത്തുരക്ഷിക്കുക എന്നതാണ്. ‘വിശ്വാസത്തിനായി’ പോരാടി വിജയിക്കണമെങ്കിൽ വ്യക്തമായും നിങ്ങൾക്ക് ആ വിശ്വാസം സംബന്ധിച്ച് പൂർണമായ ബോധ്യം ഉണ്ടായിരിക്കണം.—1 തിമൊഥെയൊസ് 6:12.
ബുദ്ധിശാലിയായ ഒരു യോദ്ധാവ് തന്റെ ശത്രുവിനെ പഠിക്കാൻ പരിശ്രമിക്കും. ഈ യുദ്ധത്തിൽ ശത്രുവിനു യുദ്ധതന്ത്രങ്ങൾ സംബന്ധിച്ച് അനേകവർഷത്തെ അനുഭവപരിചയമുണ്ട്. വമ്പിച്ച ആയുധ ശേഖരവും ആളും അർഥവും അവന്റെ പക്കലുണ്ട്. പോരാത്തതിന് അവൻ അമാനുഷനാണുതാനും. അവൻ നീചനും അക്രമാസക്തനും തത്ത്വദീക്ഷയില്ലാത്തവനുമാണ്; ആ ശത്രു സാത്താനാണ്. (1 പത്രൊസ് 5:8) ഈ ശത്രുവിനെതിരെ അക്ഷരീയ ആയുധങ്ങളും മനുഷ്യന്റെ കൗശലവും സൂത്രവും ഒന്നും വിലപ്പോവില്ല. (2 കൊരിന്ത്യർ 10:4) ഈ യുദ്ധംചെയ്യാൻ നിങ്ങൾക്ക് എന്ത് ഉപയോഗിക്കാൻ കഴിയും?
“ദൈവവചനം എന്ന ആത്മാവിന്റെ വാളാ”ണ് മുഖ്യായുധം. (എഫെസ്യർ 6:17) അത് എത്ര ഫലപ്രദമാണ് എന്ന് അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കുന്നു: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രായർ 4:12) സൂക്ഷ്മമായി ഒരുവന്റെ ഹൃദയത്തിലെ ചിന്തനങ്ങളോളവും ആന്തരങ്ങളോളവും തുളച്ചുചെല്ലാൻതക്ക മൂർച്ചയുള്ള ഒരു ആയുധം തീർച്ചയായും വൈദഗ്ധ്യത്തോടും ശ്രദ്ധയോടുംകൂടെ വേണം ഉപയോഗിക്കാൻ.
അത്യാധുനിക പടക്കോപ്പുകളുള്ള സൈന്യങ്ങളെ കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടാകാം, എന്നാൽ പട്ടാളക്കാർക്ക് അവ ഉപയോഗിക്കാനുള്ള വൈദഗ്ധ്യമില്ലെങ്കിൽ അവയെല്ലാം നിഷ്പ്രയോജനകരമാണ്. സമാനമായി, നിങ്ങളുടെ വാൾ ഫലപ്രദമായി ഉപയോഗിക്കാൻ നിങ്ങൾക്കും നിർദേശങ്ങൾ ആവശ്യമാണ്. സന്തോഷകരമെന്നു പറയട്ടെ, ഏറ്റവും അനുഭവസമ്പന്നരായ പോരാളികളിൽനിന്നുള്ള പരിശീലനം നിങ്ങൾക്കു ലഭ്യമാണ്. പരിശീലകരായ ഈ പോരാളികളെ യേശു “വിശ്വസ്തനും വിവേകിയുമായ അടിമ” എന്നു വിളിച്ചു. തന്റെ അനുഗാമികൾക്ക് തക്കസമയത്തെ ആത്മീയ ആഹാരം അഥവാ പ്രബോധനം നൽകാനുള്ള ഉത്തരവാദിത്വം അവൻ അവരെ ഭരമേൽപ്പിച്ചിരിക്കുന്നു. (മത്തായി 24:45, NW) ഒരു കൂട്ടമെന്ന നിലയിൽ വർത്തിക്കുന്ന ഈ അടിമയെ, അതിന്റെ ശുഷ്കാന്തിയോടെയുള്ള പഠിപ്പിക്കലിനാലും ശത്രുവിന്റെ തന്ത്രങ്ങളെ കുറിച്ചുള്ള സമയോചിത മുന്നറിയിപ്പുകളാലും തിരിച്ചറിയാൻ കഴിയും. യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ സഭയിലെ ആത്മാഭിഷിക്ത അംഗങ്ങളിലേക്കാണ് തെളിവുകൾ വിരൽ ചൂണ്ടുന്നത്.—വെളിപ്പാടു 14:1.
ഈ സംയുക്ത അടിമ പ്രബോധിപ്പിക്കുക മാത്രമല്ല, തെസ്സലൊനീക്യർക്ക് പിൻവരുന്ന പ്രകാരം എഴുതിയ അപ്പൊസ്തലനായ പൗലൊസിന്റെ മനോഭാവം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു: “ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോററുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു. ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.” (1 തെസ്സലൊനീക്യർ 2:7, 8) അവർ നൽകുന്ന സ്നേഹപൂർവമായ പരിശീലനം പ്രയോജനപ്പെടുത്തുക എന്നത് ഓരോ ക്രിസ്തീയ പോരാളിയുടെയും കടമയാണ്.
സർവായുധവർഗം
നിങ്ങളുടെ സംരക്ഷണത്തിനായി ആലങ്കാരിക സർവായുധവർഗം പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു. എഫെസ്യർ 6:13-18-ൽ ഈ ആയുധവർഗത്തിന്റെ ഇനവിവരം നിങ്ങൾക്കു കാണാവുന്നതാണ്. തന്റെ ആത്മീയ ആയുധവർഗത്തിൽ ചിലത് ഇല്ലാത്തപക്ഷം, അല്ലെങ്കിൽ അവ കേടുപോക്കേണ്ട ഒരവസ്ഥയിൽ ആണെങ്കിൽ ജാഗ്രതയുള്ള ഒരു യോദ്ധാവ് പുറത്തിറങ്ങാൻ മുതിരുകയില്ല.
ഒരു ക്രിസ്ത്യാനിക്ക് തന്നെ സംരക്ഷിക്കുന്ന സർവായുധവർഗത്തിന്റെ എല്ലാഭാഗവും ആവശ്യമാണ്, എന്നാൽ വിശ്വാസം എന്ന വലിയ പരിച വിശേഷാൽ മൂല്യവത്താണ്. അതുകൊണ്ടാണ് പൗലൊസ് ഇപ്രകാരം എഴുതിയത്: “എല്ലാററിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെയൊക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ.”—എഫെസ്യർ 6:16.
മുഴു ശരീരത്തെയും മറയ്ക്കാൻ പോന്ന വലിയ പരിച, വിശ്വാസം എന്ന ഗുണത്തെ പ്രതിനിധാനം ചെയ്യുന്നു. യഹോവയുടെ സകല വാഗ്ദാനങ്ങളും സംശയലേശമെന്യേ നിവൃത്തിയേറും എന്ന് അംഗീകരിച്ചുകൊണ്ട് നിങ്ങൾ അവന്റെ മാർഗനിർദേശത്തിൽ ദൃഢമായ വിശ്വാസം പ്രകടമാക്കണം. ആ വാഗ്ദാനങ്ങൾ ഇപ്പോൾത്തന്നെ നിവൃത്തിയേറിക്കഴിഞ്ഞതുപോലെ നിങ്ങൾക്ക് അനുഭവപ്പെടണം. സാത്താന്റെ മുഴു ലോകവ്യവസ്ഥിതിയും പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടും, ഭൂമി ഒരു പറുദീസയായി രൂപാന്തരം പ്രാപിക്കും, ദൈവത്തോടു വിശ്വസ്തത പാലിക്കുന്നവർ വീണ്ടും പൂർണതയിൽ എത്തിച്ചേരും എന്നീ സംഗതികൾ സംബന്ധിച്ച് ലവലേശം സംശയം ഉണ്ടായിരിക്കരുത്.—യെശയ്യാവു 33:24; 35:1, 2; വെളിപ്പാടു 19:17-21.
എന്നിരുന്നാലും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ അസാധാരണമായ യുദ്ധത്തിൽ നിങ്ങൾക്കു മറ്റൊന്നുകൂടി ആവശ്യമാണ്, ഒരു സുഹൃത്തിനെ. യുദ്ധകാലത്ത്, സഹപോരാളികൾ പ്രോത്സാഹനവും, ചിലപ്പോൾ അന്യോന്യം മരണത്തിൽനിന്നു രക്ഷിച്ചുകൊണ്ടുപോലും പരസ്പര സംരക്ഷണവും പ്രദാനം ചെയ്യുമ്പോൾ ശക്തമായ സുഹൃദ്ബന്ധങ്ങൾ രൂപംകൊള്ളുന്നു. സുഹൃത്തുക്കളെയെല്ലാം നാം വിലമതിക്കുന്നെങ്കിലും ഈ പോരാട്ടത്തിൽ വിജയിക്കുന്നതിനു നിങ്ങൾക്ക് ആവശ്യമായിരിക്കുന്നത് യഹോവയുമായുള്ള സൗഹൃദമാണ്. അതുകൊണ്ടാണ് സർവായുധവർഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളുടെ പട്ടിക പൗലൊസ് ഈ വാക്കുകളോടെ ഉപസംഹരിച്ചത്: ‘സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിപ്പിൻ.’—എഫെസ്യർ 6:18.
ഒരു ഉറ്റസുഹൃത്തിനോടൊപ്പം ആയിരിക്കുന്നത് നാം വളരെയധികം ആസ്വദിക്കുന്നു. ഒന്നിച്ചായിരിക്കാൻ നാം അവസരങ്ങൾ അന്വേഷിക്കുന്നു. നാം പ്രാർഥനയിൽ ക്രമമായി യഹോവയോടു സംസാരിക്കുമ്പോൾ നമുക്ക് അവൻ ഒരു യഥാർഥ വ്യക്തി, ആശ്രയയോഗ്യനായ ഒരു സുഹൃത്ത് ആയിത്തീരുന്നു. ശിഷ്യനായ യാക്കോബ് നമ്മെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.”—യാക്കോബ് 4:8.
ശത്രുവിന്റെ തന്ത്രങ്ങൾ
ചിലപ്പോഴൊക്കെ ഈ ലോകവുമായുള്ള പോരാട്ടം കുഴിബോംബുകൾ പാകിയിരിക്കുന്ന പ്രദേശത്തുകൂടി നടക്കുന്നതു പോലെയാണ്. ആക്രമണം ഏതു ദിശയിൽനിന്നുമുണ്ടാകാം, നിനച്ചിരിക്കാത്തപ്പോൾ നിങ്ങളെ അപകടപ്പെടുത്താനാണ് ശത്രു ശ്രമിക്കുന്നത്. എന്നാൽ നിങ്ങൾക്ക് ആവശ്യമായ സകല സംരക്ഷണവും യഹോവ പ്രദാനം ചെയ്തിരിക്കുന്നു എന്ന് ഉറപ്പുള്ളവരായിരിക്കുക.—1 കൊരിന്ത്യർ 10:13.
നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായ ബൈബിൾ സത്യങ്ങളെ ആക്രമിച്ചുകൊണ്ട് ശത്രു ആഞ്ഞടിച്ചേക്കാം. നിങ്ങളെ പരാജയപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് വിശ്വാസത്യാഗികൾ കൗശലവാക്കുകളും മുഖസ്തുതിവചനങ്ങളും വളച്ചൊടിച്ച ന്യായവാദങ്ങളും ഉപയോഗിച്ചേക്കാം. എന്നാൽ വിശ്വാസത്യാഗിക്ക് നിങ്ങളുടെ ക്ഷേമത്തിൽ താത്പര്യമില്ല. സദൃശവാക്യങ്ങൾ 11:9 ഇപ്രകാരം കുറിക്കൊള്ളുന്നു: “വഷളൻ [“വിശ്വാസത്യാഗി,” NW] വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.”
വിശ്വാസത്യാഗികളുടെ വാദമുഖങ്ങളെ ഖണ്ഡിക്കുന്നതിന് അവരെ ശ്രദ്ധിക്കുകയോ അവരുടെ ലേഖനങ്ങൾ വായിക്കുകയോ ചെയ്യണമെന്നു ചിന്തിക്കുന്നത് വലിയ പിഴവായിരിക്കും. അവരുടെ വളച്ചൊടിച്ച വിഷതുല്യമായ വാദഗതികൾക്ക് ആത്മീയ ഹാനി വരുത്താനും പെട്ടെന്നു വ്യാപിക്കുന്ന അർബുദവ്യാധിപോലെ നിങ്ങളുടെ വിശ്വാസത്തെ ദുഷിപ്പിക്കാനും കഴിയും. (2 തിമൊഥെയൊസ് 2:16, 17) പകരം വിശ്വാസത്യാഗികളോടുള്ള ദൈവത്തിന്റെ പ്രതികരണം അനുകരിക്കുക. ഇയ്യോബ് യഹോവയെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “വഷളൻ [“വിശ്വാസത്യാഗി,” NW] അവന്റെ സന്നിധിയിൽ വരികയില്ല.”—ഇയ്യോബ് 13:16.
കുറേയൊക്കെ വിജയപ്രദമായിരുന്നിട്ടുള്ള മറ്റൊരു തന്ത്രം പ്രയോഗിക്കാൻ ശത്രു ശ്രമിച്ചേക്കാം. മാർച്ചുചെയ്യുന്ന ഒരു സൈന്യത്തെ കുത്തഴിഞ്ഞ അധാർമിക നടത്തയിലേക്കു വശീകരിച്ചുകൊണ്ട് അണിയിൽനിന്നു വ്യതിചലിപ്പിച്ചാൽ, അതിനു കാര്യങ്ങളെല്ലാം താറുമാറാക്കാനാകും.
അധാർമിക ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരിപാടികൾ, വന്യമായ സംഗീതം എന്നിവ പോലുള്ള ലൗകിക വിനോദം ഫലപ്രദമായ ഒരു കെണിയായിരുന്നേക്കാം. സ്വാധീനിക്കപ്പെടാതെ തങ്ങൾക്ക് അധാർമിക രംഗങ്ങൾ നിരീക്ഷിക്കാമെന്നോ അശ്ലീല സാഹിത്യം വായിക്കാമെന്നോ ചിലർ അവകാശപ്പെടുന്നു. എന്നാൽ ലൈംഗികത പച്ചയായി ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങൾ ക്രമമായി നിരീക്ഷിക്കുമായിരുന്ന ഒരു വ്യക്തി ഇപ്രകാരം തുറന്നു സമ്മതിച്ചു: “അത്തരം രംഗങ്ങൾ നിങ്ങൾ ഒരിക്കലും മറക്കുകയില്ല, നിങ്ങൾ എത്രത്തോളം അതിനെ കുറിച്ചു ചിന്തിക്കുന്നുവോ അത്രയധികം കണ്ട കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതായി നിങ്ങൾ കണ്ടെത്തും . . . നിങ്ങൾക്ക് വാസ്തവത്തിൽ എന്തൊക്കെയോ നഷ്ടമാവുകയാണ് എന്ന ചിന്ത ചലച്ചിത്രം നിങ്ങളിൽ ഉളവാക്കുന്നു.” കൗശലപൂർവമായ ഈ ആക്രമണത്തിൽ പരിക്കേറ്റേക്കാവുന്ന ഒരു സ്ഥാനത്തു നമ്മെത്തന്നെ ആക്കിവെക്കുന്നതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ?
ശത്രുവിന്റെ ആവനാഴിയിലെ മറ്റൊരു അസ്ത്രമാണ് ഭൗതികത്വത്തിന്റെ വശീകരണം. നമുക്കെല്ലാം ഭൗതിക ആവശ്യങ്ങൾ ഉള്ളതിനാൽ ഈ അപകടം തിരിച്ചറിയുക ബുദ്ധിമുട്ടായിരുന്നേക്കാം. നമുക്ക് ഭക്ഷണവും വസ്ത്രവും പാർപ്പിടവും ആവശ്യമാണ്; നല്ല വസ്തുക്കൾ ഉണ്ടായിരിക്കുന്നത് തെറ്റല്ലതാനും. ഒരുവന്റെ കാഴ്ചപ്പാടിലാണ് അപകടം കുടികൊള്ളുന്നത്. പണം ആത്മീയ കാര്യങ്ങളെക്കാൾ പ്രധാനപ്പെട്ടതായിത്തീർന്നേക്കാം. നമുക്ക് പണസ്നേഹികൾ ആയിത്തീരാൻ കഴിയും. ധനത്തിന്റെ പരിമിതികളെ കുറിച്ചു നമ്മെത്തന്നെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നതു നല്ലതാണ്. അതു താത്കാലികമാണ്, എന്നാൽ ആത്മീയധനം എന്നേക്കും നിലനിൽക്കുന്നു.—മത്തായി 6:19, 20.
ഒരു സൈന്യത്തിന്റെ ആത്മവിശ്വാസം കുറഞ്ഞുപോയാൽ, വിജയസാധ്യത കുത്തനെ താഴും. “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ [‘നിരുത്സാഹിതനായാൽ,’ NW] നിന്റെ ബലം നഷ്ടം തന്നേ.” (സദൃശവാക്യങ്ങൾ 24:10) നിരുത്സാഹം എന്നത് സാത്താൻ ഫലപ്രദമായി ഉപയോഗിച്ചിട്ടുള്ള ഒരു ആയുധമാണ്. “ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശ” അണിയുന്നത് നിരുത്സാഹത്തിനെതിരെ പോരാടാൻ നിങ്ങളെ സഹായിക്കും. (1 തെസ്സലൊനീക്യർ 5:8) നിങ്ങളുടെ പ്രത്യാശയെ അബ്രാഹാമിന്റേതുപോലെ ശക്തമായി നിലനിറുത്താൻ പരിശ്രമിക്കുക. തന്റെ ഏകപുത്രനായ യിസ്ഹാക്കിനെ ബലികഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ അബ്രാഹാം മടിച്ചുനിന്നില്ല. അബ്രാഹാമിന്റെ സന്തതി മുഖാന്തരം സകല ജാതികളെയും അനുഗ്രഹിക്കുമെന്ന തന്റെ ഉദ്ദേശ്യം ദൈവം നിവർത്തിക്കുമെന്നും അതിനായി യിസ്ഹാക്കിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കേണ്ടതുണ്ടെങ്കിൽ ദൈവത്തിന് അതും സാധിക്കും എന്നും അബ്രാഹാം വിശ്വസിച്ചു.—എബ്രായർ 11:17-19.
പോരാട്ടത്തിൽനിന്നു പിന്മാറരുത്
ധീരതയോടെ ദീർഘകാലം പോരാടിയ ചിലർക്കു ക്ഷീണം അനുഭവപ്പെടുന്നുണ്ടാകാം. തന്നിമിത്തം അവർ മുമ്പുണ്ടായിരുന്ന അത്രയും ജാഗ്രതയോടെ പോരാടുന്നില്ല. ഈ ലേഖനത്തിന്റെ പ്രാരംഭത്തിൽ പരാമർശിച്ച ഊരീയാവിന്റെ മാതൃക, പോരാട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരെയും ശരിയായ കാഴ്ചപ്പാടു നിലനിറുത്താൻ സഹായിക്കും. നമ്മുടെ സഹ ക്രിസ്തീയ യോദ്ധാക്കളിൽ അനേകർ ദാരിദ്ര്യവുമായി മല്ലിടുകയും അപകടങ്ങളെ നേരിടുകയും ശൈത്യവും പട്ടിണിയും മൂലം ക്ലേശം അനുഭവിക്കുകയുമൊക്കെ ചെയ്യുന്നവരാണ്. ആ സ്ഥിതിക്ക് ഇന്നു നമുക്ക് ആസ്വദിക്കാൻ സാധിച്ചേക്കാവുന്ന സുഖസൗകര്യങ്ങളെ കുറിച്ചു ചിന്തിക്കാനോ ഒരു അനായാസ ജീവിതം നയിക്കാനുള്ള പ്രലോഭനത്തിനു വശംവദരാകാനോ നാം ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തിൽ നാം ഊരീയാവിനെ അനുകരിക്കുന്നു. യഹോവയുടെ വിശ്വസ്ത പോരാളികളുടെ ആഗോള സൈന്യത്തോടൊപ്പം നിലനിൽക്കാനും നമുക്കുവേണ്ടി ഒരുക്കിയിട്ടുള്ള വിസ്മയകരമായ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയുന്നതുവരെ പോരാട്ടം തുടരാനും നാം ആഗ്രഹിക്കുന്നു.—എബ്രായർ 10:32-34.
അന്തിമ ആക്രമണം ഒരുപക്ഷേ ഇനിയും ഭാവിയിലാണ് എന്നു വിചാരിച്ചുകൊണ്ട് ജാഗ്രത വെടിയുന്നത് അപകടകരമായിരിക്കും. ദാവീദ് രാജാവിന്റെ ദൃഷ്ടാന്തം, ഉൾപ്പെട്ടിരിക്കുന്ന അപകടത്തെ എടുത്തുകാണിക്കുന്നു. ഏതോ കാരണത്താൽ അവൻ തന്റെ സൈന്യത്തോടൊപ്പം യുദ്ധക്കളത്തിലായിരുന്നില്ല. ഫലമോ? അവൻ തന്റെ ശേഷിച്ച ജീവിതകാലം മുഴുവൻ ഹൃദയവേദനയ്ക്കും യാതനയ്ക്കും ഇടയാക്കിയ ഗുരുതരമായ പാപം ചെയ്തു.—2 ശമൂവേൽ 12:10-14.
ഈ പോരാട്ടത്തിൽ ഉൾപ്പെടുന്നതും യുദ്ധത്തിന്റെ ക്ലേശങ്ങളെ നേരിടുന്നതും പരിഹാസം സഹിക്കുന്നതും ചോദ്യംചെയ്യത്തക്ക ലൗകിക സുഖഭോഗങ്ങൾ വെടിയുന്നതും ശ്രമത്തിനു തക്ക മൂല്യമുള്ളതാണോ? ലോകം വെച്ചുനീട്ടുന്ന കാര്യങ്ങൾ മിന്നിത്തിളങ്ങുന്ന പൊടിപ്പും തോരണവും പോലെ അത്യന്തം നയനാകർഷകമാണെന്ന് പോരാട്ടത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നവർ സമ്മതിക്കുന്നു. എന്നാൽ അടുത്തു പരിശോധിച്ചാൽ അവയെല്ലാം പൊള്ളയാണ്. (ഫിലിപ്പിയർ 3:7, 8) മാത്രമല്ല, അത്തരം സുഖോല്ലാസങ്ങൾ മിക്കപ്പോഴും വേദനയിലും നിരാശയിലും കലാശിക്കുകയും ചെയ്യുന്നു.
ഈ ആത്മീയ പോരാട്ടത്തിലായിരിക്കുന്ന ക്രിസ്ത്യാനി യഥാർഥ സുഹൃത്തുക്കളുമായുള്ള ഉറ്റ സഹവാസവും ശുദ്ധ മനസ്സാക്ഷിയും വിസ്മയകരമായ ഒരു പ്രത്യാശയും ആസ്വദിക്കുന്നു. ആത്മാഭിഷിക്ത ക്രിസ്ത്യാനികൾ യേശുക്രിസ്തുവിനോടൊപ്പമുള്ള സ്വർഗത്തിലെ അമർത്യ ജീവനായി നോക്കിപ്പാർത്തിരിക്കുന്നു. (1 കൊരിന്ത്യർ 15:54) ക്രിസ്തീയ യോദ്ധാക്കളിൽ ഭൂരിഭാഗവും പറുദീസ ഭൂമിയിലെ പൂർണ മനുഷ്യജീവനായി പ്രത്യാശിക്കുന്നു. തീർച്ചയായും അത്തരം പ്രതിഫലങ്ങൾ ഏതു ത്യാഗത്തിനും തക്ക മൂല്യമുള്ളതാണ്. ലൗകിക യുദ്ധങ്ങളിൽനിന്നു വ്യത്യസ്തമായി, നാം വിശ്വസ്തരായി നിലനിൽക്കുന്നിടത്തോളം ഈ യുദ്ധത്തിന്റെ അന്തിമഫലം നമ്മുടെ വിജയമായിരിക്കും എന്ന് ഉറപ്പുനൽകപ്പെട്ടിരിക്കുന്നു. (എബ്രായർ 11:1) എന്നിരുന്നാലും, സാത്താന്റെ നിയന്ത്രണത്തിലുള്ള ഈ വ്യവസ്ഥിതിയെ സംബന്ധിച്ചിടത്തോളം ഒടുവിൽ വരാനിരിക്കുന്നത് പരിപൂർണ നാശമാണ്.—2 പത്രൊസ് 3:10.
ഈ പോരാട്ടത്തിൽ നിങ്ങൾ മുന്നേറവേ, യേശുവിന്റെ ഈ വാക്കുകൾ ഓർക്കുക: “ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” (യോഹന്നാൻ 16:33) ജാഗ്രത പുലർത്തിക്കൊണ്ടും പരിശോധനകളിന്മധ്യേ ദൃഢവിശ്വസ്തത പാലിച്ചുകൊണ്ടും അവൻ ജയശാലിയായിത്തീർന്നു. നമുക്കും അതിനു കഴിയും.
[27-ാം പേജിലെ ആകർഷകവാക്യം]
തോക്കുകൾ ഗർജിക്കുന്നില്ല, ബോംബുകൾ വർഷിക്ക പ്പെടുന്നില്ല, എങ്കിലും യുദ്ധ തന്ത്രം തെല്ലും മോശമല്ല
[30-ാം പേജിലെ ആകർഷകവാക്യം]
നാം വിശ്വസ്തരായി നിലനിൽക്കുന്നിടത്തോളം ഈ യുദ്ധത്തിന്റെ അന്തിമഫലം നമ്മുടെ വിജയമായിരിക്കും എന്ന് ഉറപ്പുനൽകപ്പെട്ടിരിക്കുന്നു
[26-ാം പേജിലെ ചിത്രം]
നിരുത്സാഹത്തോടു പൊരുതാൻ രക്ഷയുടെ ശിരസ്ത്രം നമ്മെ സഹായിക്കും
സാത്താന്റെ “തീയമ്പുകളെ യൊക്കെയും” ചെറുക്കാൻ വിശ്വാസത്തിന്റെ വലിയ പരിച ഉപയോഗിക്കുക
[28-ാം പേജിലെ ചിത്രം]
“ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും”
[29-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ നിവൃത്തിയിൽ നമുക്കു വിശ്വാസം ഉണ്ടായിരിക്കണം