വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ക്രിസ്തീയ ഭാര്യമാരെക്കുറിച്ച് അവർ “മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും” എന്ന് പൗലൊസ് എഴുതിയത് എന്തുകൊണ്ട്?—1 തിമൊഥെയൊസ് 2:15.
പൗലൊസ് എന്താണ് അർഥമാക്കിയത് എന്നതു സംബന്ധിച്ച് ഈ വാക്യത്തിന്റെ സന്ദർഭം എന്താണു വെളിപ്പെടുത്തുന്നത്? നിശ്വസ്തതയിൻകീഴിൽ, സഭയിലെ ക്രിസ്തീയ സ്ത്രീകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചു ബുദ്ധിയുപദേശം നൽകുകയായിരുന്നു അവൻ. അവൻ ഇങ്ങനെ എഴുതി: “അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്.” (1 തിമൊഥെയൊസ് 2:9, 10) വിനയമുള്ളവരായിരിക്കാനും വ്യക്തിപരമായ അലങ്കാരത്തിന്റെ കാര്യത്തിൽ സമനില കാണിക്കാനും സത്പ്രവൃത്തികളാൽ ‘അലങ്കൃതരായിരിക്കാനും’ തന്റെ ക്രിസ്തീയ സഹോദരിമാരെ ഉദ്ബോധിപ്പിക്കുകയായിരുന്നു പൗലൊസ്.
അടുത്തതായി പൗലൊസ്, സഭയിലെ ശിരഃസ്ഥാന ക്രമീകരണത്തെക്കുറിച്ചു വിശദീകരിക്കുന്നു. അവൻ പറയുന്നു: “മൌനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല.” (1 തിമൊഥെയൊസ് 2:12; 1 കൊരിന്ത്യർ 11:3) ആദാമല്ല, ഹവ്വായാണ് സാത്താനാൽ “വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടത്” എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ശിരഃസ്ഥാന ക്രമീകരണത്തിന്റെ അടിസ്ഥാനം അവൻ വിശദീകരിക്കുന്നു. ഹവ്വായ്ക്കു സംഭവിച്ച തെറ്റിൽനിന്ന് ഒരു ക്രിസ്ത്രീയ സ്ത്രീക്ക് എങ്ങനെ സംരക്ഷിക്കപ്പെടാൻ കഴിയും? പൗലൊസ് ഉത്തരം നൽകുന്നു: “വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കുന്നു എങ്കിൽ അവൾ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും.” (1 തിമൊഥെയൊസ് 2:14, 15) പൗലൊസ് ഇതുകൊണ്ട് എന്താണ് അർഥമാക്കിയത്?
മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ, ഒരു സ്ത്രീയുടെ രക്ഷ അവൾക്കു മക്കളുണ്ടാകുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത് എന്നമട്ടിലാണ് ചിലർ ഈ ഭാഗം വിവർത്തനം ചെയ്തിട്ടുള്ളത്. മറ്റൊരു ഉദാഹരണമാണ് പിൻവരുന്ന പരിഭാഷ: “സ്ത്രീ . . . മാതൃത്വത്തിലൂടെ രക്ഷിക്കപ്പെടും.” (ഓശാന ബൈബിൾ) എന്നാൽ, പൗലൊസിന്റെ വാക്കുകളുടെ കൃത്യമായ വ്യാഖ്യാനമല്ല ഇത്. രക്ഷിക്കപ്പെടുന്നതിന് ഒരു വ്യക്തി യഹോവയെക്കുറിച്ച് അറിയുകയും യേശുവിൽ വിശ്വസിക്കുകയും ആ വിശ്വാസം പ്രവൃത്തികളാൽ പ്രകടമാക്കുകയും ചെയ്യണമെന്നു വ്യക്തമാക്കുന്ന ധാരാളം തിരുവെഴുത്തുകളുണ്ട്. (യോഹന്നാൻ 17:3; പ്രവൃത്തികൾ 16:30, 31; റോമർ 10:10; യാക്കോബ് 2:26) വിശ്വാസികളായ സ്ത്രീകൾക്ക് സുരക്ഷിതമായ പ്രസവം ഉറപ്പുനൽകിയിരിക്കുന്നെന്നും പൗലൊസ് അർഥമാക്കിയില്ല. വിശ്വാസികളും അല്ലാത്തവരുമായ സ്ത്രീകൾ അപകടമൊന്നും ഉണ്ടാകാതെതന്നെ കുഞ്ഞുങ്ങൾക്കു ജന്മംനൽകിയിട്ടുണ്ട്. സങ്കടകരമെന്നു പറയട്ടെ, വിശ്വാസികളും അല്ലാത്തവരും പ്രസവത്തോടെ മരിച്ചുപോയിട്ടുള്ള സന്ദർഭങ്ങളുമുണ്ട്.—ഉല്പത്തി 35:16-18.
പൗലൊസ് ഈ ലേഖനത്തിൽത്തന്നെ പിന്നീട് സ്ത്രീകൾക്കു നൽകുന്ന കൂടുതലായ ബുദ്ധിയുപദേശം, അവന്റെ വാക്കുകളുടെ അർഥം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ‘വീടുതോറും നടന്നു മിനക്കെടുകയും വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കുകയും ചെയ്യുന്ന’ ചെറുപ്പക്കാരികളായ ചില വിധവമാരെക്കുറിച്ച് അവൻ മുന്നറിയിപ്പു നൽകുന്നു. എന്തായിരുന്നു പൗലൊസിന്റെ ഉപദേശം? അവൻ തുടരുന്നു. “ആകയാൽ ഇളയവർ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും [‘കുടുംബകാര്യങ്ങൾ നടത്തുകയും,’ ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം] വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു.”—1 തിമൊഥെയൊസ് 5:13, 14.
കുടുംബ ക്രമീകരണത്തിൽ സ്ത്രീകൾക്കുള്ള ക്രിയാത്മകമായ പങ്ക് പൗലൊസ് ഊന്നിപ്പറയുന്നു. ‘പുത്രസമ്പത്തുണ്ടാക്കുകയും കുടുംബകാര്യങ്ങൾ നടത്തുകയും’ ചെയ്യുന്നതുപോലുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയും “വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കു”കയും ചെയ്യുന്ന ഒരു സ്ത്രീ കെട്ടുപണിചെയ്യാത്ത ഒരു നടത്തയിലേക്ക് ആകർഷിക്കപ്പെടുകയില്ല. അവളുടെ ആത്മീയത സംരക്ഷിക്കപ്പെടുമെന്ന അർഥത്തിലാണ് അവൾ “രക്ഷ പ്രാപിക്കും” എന്നു പറഞ്ഞിരിക്കുന്നത്. (1 തിമൊഥെയൊസ് 2:15) അത്തരമൊരു ഗതി പിൻപറ്റുന്നത് സാത്താന്റെ കെണികൾ ഒഴിവാക്കാൻ ചെറുപ്പക്കാരികളായ ധാരാളം പേരെ സഹായിക്കും.
പുരുഷന്മാരായാലും സ്ത്രീകളായാലും, നാമെല്ലാം സമയം പ്രയോജനപ്രദമായി ചെലവഴിക്കേണ്ടതുണ്ടെന്ന് തിമൊഥെയൊസിനുള്ള പൗലൊസിന്റെ വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു. ദൈവവചനം എല്ലാ ക്രിസ്ത്യാനികളെയും ഇങ്ങനെ ഉപദേശിക്കുന്നു: “സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ.”—എഫെസ്യർ 5:15.